Pages

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ഇവന്റ് മാനേജ്മെന്റ് [കഥ]




“നോക്ക് , റയ്നാ, എത്ര ഭംഗിയായിട്ടാണ് അവര്‍ ഒരുക്കിയിരിക്കുന്നതെന്ന്, അവരെ സമ്മതിക്കണം, അല്ലേ?”
റൈന തന്‍റെ അസൈന്‍മെന്‍റ് മാറ്റി വച്ച് റോഷന്‍റെ  ലാപ്പിന്‍റെ മുന്നില്‍ വന്നിരുന്നു. “അമ്പത് പേരെങ്കിലും ചുറ്റുമിരുന്നു കരയുന്നുണ്ടല്ലേ?”-റോഷന്‍ മോണിറ്ററില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു. “ഉം , ദേ സീം വെരി സിന്‍സിയര്‍..”റൈന ഒരല്പം അദ്ഭുതത്തോടെ അവരെ നോക്കി. തന്‍റെ ആരേലും മരിച്ചാല്‍ തനിക്കിത്രേം ആത്മാര്‍ഥമായി കരയാനാവുമോ? സാധ്യതയില്ല..കരച്ചില്‍ ഷെയിം ആണെന്നാണ്‌ ഡാഡിയും മമ്മിയും ആദ്യമേ പഠിപ്പിച്ചിരുക്കുന്നത്.

“ഹേയ് , സിന്‍സിയര്‍ ആയിട്ടൊന്നുമല്ല ,ദേ ആര്‍ ജസ്റ്റ് ആക്ടിംഗ്..”
റോഷന്‍ നിര്‍വികാരതയോടെ വാക്കുകളെ ചവച്ചു. അപ്പോള്‍ മുറ്റത്ത് വില കൂടിയ ഒരു കാര്‍ വന്നു നിന്നതിലേക്ക് ക്യാമറ ചലിച്ചു. കൊട്ടും സ്യൂട്ടുമണിഞ്ഞ ഒരാള്‍ കാറില്‍ നിന്നിറങ്ങി ധൃതിയില്‍ ശവത്തിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. “മകനാണ്..”കരയുന്നവര്‍ പരസ്പരം കുശുകുശുത്തു. “ക്യാനഡായില്‍ നിന്ന് വരികയാണ്”-മുറ്റത്തും അകത്തുമായി തടിച്ചു കൂടിയ ആണും പെണ്ണും അയാളെ തുറിച്ചു നോക്കി. ഇരുപത് കൊല്ലത്തിലേറെയായി ഇവിടത്തെ മകന്‍ നാട്ടില്‍ വന്നിട്ട്..ഇത് തന്നെയാകും മകന്‍. അവര്‍ ഉറപ്പിച്ചു. കുറെ നേരം കരഞ്ഞ ശേഷം അയാള്‍ അമ്മയെ കാണാനായി അകത്തേക്ക് പോയി.
റോഷന് ആകെ ത്രില്ലടിച്ചു. “നോക്ക് റൈന, എനിക്കൊരു അപരനെ പോലും അവര്‍ ഉണ്ടാക്കിയിരിക്കുന്നു. ഫന്ഡാസ്റ്റിക്..”

“പക്ഷെ”- റൈന മന്ത്രിച്ചു –“നിന്‍റെ സ്വത്തെല്ലാം അപരന്‍ തട്ടുന്നത് സൂക്ഷിച്ചോ.”

“ഓ , ഞാന്‍ വളരെ ഇന്റലിജന്‍ട് അല്ലേ , അതിന്‍റെ പേപ്പേഴ്സ് ഒക്കെ എന്നേ ഇവിടെ എത്തിക്കഴിഞ്ഞു. പപ്പയുടെ ഒപ്പ് കിട്ടാന്‍ കുറെ കഷ്ടപ്പെട്ടെണ്ണ്‍ മത്തായി പറഞ്ഞു. പപ്പയുടെ ഒരു അപ്പാപ്പന്റെ കഥ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ? സ്വത്തും കനത്ത പെന്‍ഷന്‍ പണവും കിട്ടാന്‍ മകന്‍ അങ്ങോരെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഒടുക്കം തള്ളവിരല്‍ വെട്ടി അപ്പാപ്പനെ റൂമില്‍ അടച്ചു. പിന്നെ എല്ലാ പേപ്പറും നിര്‍ജീവമായ ആ വിരലാ മുദ്ര  വച്ചത്. ഈ റോഷനും മോശമല്ല, വേണേല്‍ അതും ചെയ്യും.”

റൈന വീണ്ടും വീഡിയോ ശ്രദ്ധിച്ചു. ഇപ്പോള്‍ കരച്ചിലൊക്കെ തീര്‍ന്നു കഴിഞ്ഞു. ശവം പള്ളിയിലേക്ക് എടുക്കുകയാണ്. “ഒന്നിനും ഒരു കുറവും വരരുതെന്ന് ഞാന്‍ മത്തായിയെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആളുകള്‍ എന്നെ സ്നേഹമില്ലാത്തവന്‍ എന്നു വിളിക്കരുത്. “
റോഷന്‍ ദൃശ്യങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
ശവപ്പെട്ടിയുടെ മുകളിലേക്ക് മണ്ണു വാരിയിടുമ്പോള്‍ അപരനായ മകന്‍ വീണ്ടും കരഞ്ഞു. പിന്നെ കരഞ്ഞു തളര്‍ന്ന അമ്മയെ ചേര്‍ത്തു പിടിച്ചു.

“നല്ല കിടിലന്‍ അഭിനയമാണല്ലോടീ ചെക്കന്‍റെത്.”

“ഉം, അതാ ഞാന്‍ പറഞ്ഞത്, അവനിന്ന് മുതല്‍ അവിടെ പാര്‍പ്പുറപ്പിക്കുമോ ആവോ...”റൈന പുച്ഛത്തോടെ ചിരിച്ചു.
“ഉം ,ഈ തിരക്കൊന്നു കഴിയട്ടെ, ഞാന്‍ മത്തായിയെ വിളിക്കുന്നുണ്ട്.”
വീണ്ടും ക്യാമറ വീട്ടിലേക്ക് തന്നെ കണ്ണ് തുറന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ വീട്ടില്‍ അമ്മയെ സാന്ത്വനിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ് മകന്‍. നേരത്തെ കരഞ്ഞിരുന്നവര്‍ അവിടെയും ഇവിടെയും ദുഖത്തോടെ ഇരിക്കുന്നു.

“എത്ര നേരമാണ് ഇവര്‍ ബുക്ക് ചെയ്തിരിക്കുന്നത്.” അസിസ്റ്റന്റ് മാനേജരോട് പതുക്കെ ചോദിച്ചു. “ത്രീ ഡെയ്സ്, ത്രീ ഡെയ്സ് വി വില്‍ ബി ഹിയര്‍ ..”പിന്നെ മറ്റൊരു ബുക്കിംഗ് ഉണ്ട്..”

“ഏതാ ഐറ്റം..”

“കല്യാണം, നെക്സ്റ്റ് സണ്‍ഡേ..ത്രീ ഡേ സെലിബ്രേഷന്‍..വി വില്‍ മെയ്ക് ഇറ്റ്‌ വണ്ടര്‍ഫുള്‍..”മാനേജര്‍ അകത്തിരിക്കുന്ന അപരനെ വിളിപ്പിച്ചു-“നോക്കൂ സുഭാഷ് , ഫോര്‍ ത്രീ ഡേയ്സ് യു വില്‍ ബി ഹിയര്‍. ഡോണ്ട് ഓവര്‍ ആക്റ്റ് ആന്‍ഡ്‌ ഡോണ്ട് സ്റ്റീല്‍ എനിതിംഗ്.ദെയര്‍ സണ്‍ ഈസ് വാച്ചിംഗ് ഫ്രം ക്യാനഡ..”

“ഓക്കേ സാര്‍..”സുഭാഷ് വീണ്ടും അകത്തെത്തി. തളര്‍ന്നിരിക്കുന്ന അമ്മ അയാളുടെ കൈ മുറുകെ പിടിച്ചു. “നിന്നെ കാണാന്‍ അച്ഛന്‍ എത്ര കൊതിച്ചിരുന്നു, നീ വന്നില്ലല്ലോ മോനെ..”അവര്‍ വിതുമ്പി..
“തിരക്കായിരുന്നു അമ്മെ, എല്ലാം ഒന്നൊതുക്കി ഞാന്‍ വന്നപ്പോഴേക്കും ..”അയാളുടെ  കണ്ണുകള്‍ കലങ്ങി. അയാളുടെ  ഓര്‍മകള്‍ താന്‍ വളര്‍ന്ന അനാഥാലയത്തിലേക്ക് ഓടിക്കിതച്ചു. അച്ഛന്‍ ,അമ്മ ,സഹോദരങ്ങള്‍ അങ്ങനെ ആരും ആ ഏടുകളില്‍ ഉണ്ടായിരുന്നില്ല. ഈ ജോലി കിട്ടിയതില്‍ പിന്നെയാണ് മൂന്നു ദിവസമെങ്കില്‍ മൂന്നു ദിവസം അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവുന്നത്. ഓരോ സ്ഥലത്തേക്ക്      പോകുമ്പോഴും ആകെ കോലം മാറും..:എങ്കിലേ ആക്ടിങ്ങിനു ഒരു ഒറിജിനാലിറ്റി വരൂ..”മാനേജര്‍ പറയും..പക്ഷെ തന്‍റെ ഉള്ളിലാകട്ടെ തന്‍റെ ആരോ മരിച്ചത് പോലെയാണ് തോന്നുക.ആരുമില്ലാതെ വളര്‍ന്നത്കൊണ്ടാവും..

അമ്മ അപരനെ കെട്ടിപ്പിടിക്കുകയും ഇനി നീ എങ്ങും പോകല്ലേ മോനെ എന്നു വിലപിക്കുകയും ചെയ്യുന്ന ഷോട്ടില്‍ ദൃശ്യങ്ങള്‍ അവസാനിച്ചപ്പോള്‍ റോഷന് ആകെക്കൂടി ഒരാശ്വാസം തോന്നി. അമ്മയെ ഇനി വല്ല വൃദ്ധസദനത്തിലും ആക്കണം. പൌരത്വം ഒക്കെ കിട്ടിയത്കൊണ്ട് ഇനിയീ നാട് വിട്ടുപോകാന്‍ തന്നെ ഉദ്ദേശിക്കുന്നില്ല. നോക്കാന്‍ നല്ല നല്ല ഓള്‍ഡേജ് ഹോമുകള്‍ ഉള്ളത് കൊണ്ട് കുട്ടികള്‍ തന്നെ വേണ്ടെന്നു വച്ചിരിക്കയാണ് തങ്ങള്‍. എന്തിനാണ് ആവശ്യമില്ലാത്ത ഓരോരോ ബാധ്യതകള്‍..

റൈന തന്‍റെ അസൈന്മെന്റിലേക്ക് തിരിച്ചു പോയിരിക്കുന്നു. രണ്ടാള്‍ക്കും ഏഴു മണിക്ക് ഇറങ്ങണം..അതിനു മുമ്പ് ചൂടോടെ എഫ്ബിയില്‍ ഒരു പോസ്റ്റ്‌ ഇട്ടേക്കാം..അച്ഛന്‍റെ ഫോട്ടോയോടൊപ്പം തന്‍റെ സെല്‍ഫിയെ ചേര്‍ത്തു വച്ച് ചേരാത്ത വിടവില്‍ രണ്ടു കണ്ണീര്‍തുള്ളിയുടെ ചിത്രം ഒട്ടിച്ച് അയാള്‍ ഇങ്ങനെ കുറിച്ചു..”എന്‍റെ അച്ഛന്‍ എന്നെ വിട്ടു പോയി.അതിന്‍റെ തിരക്കുകള്‍ കാരണമാണ് അറിയിക്കാന്‍ വൈകിയത്. സുകൃതവാനായ ആ അച്ഛന്‍റെ മകനാവാന്‍ കഴിഞ്ഞത് എന്‍റെ മാത്രം ഭാഗ്യം ..”

അത്രയും വരികള്‍ മലയാളത്തില്‍ കുറിച്ചപ്പോഴേക്കും അയാള്‍ ക്ഷീണിച്ചുപോയി. വരികള്‍ പോലും ഒരു സുഹൃത്ത് കടം തന്നതാണ്. മലയാളം പണ്ടേ അയാള്‍ക്കിഷ്ടമല്ല..
സങ്കടസ്മൈലികളുടെ അകമ്പടിയോടെ കമന്‍റുകള്‍ കുമിയാന്‍ തുടങ്ങി/അയാള്‍ ആഹ്ലാദത്തോടെ അതിലേക്ക് ഊളിയിട്ടു................