Pages

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വൈറസ്(കഥ)

 പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല.എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

"സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്.നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. എന്നിട്ടും ഇത്രേ ഉള്ളൂ.നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?" 

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്.നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു. 


"ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതോന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ."


"എന്താ നിനക്ക് പറയാനുള്ളത്?"

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.


"പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു"


തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- " എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്.."


"ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ." അയാൾ വെറുപ്പോടെ മുരണ്ടു. "ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന്  കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം." 


"നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

 ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?"


"നിർത്ത്"- ക്രോധത്തോടെ അയാൾ അലറി. "മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? "


ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.


"ശരിയാണ്, വൈറസ് മന്ത്രിച്ചു."ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല."


"എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്.." 


ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി   ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.


കതകിനപ്പുറത്തു നിന്നും "മോനെ" എന്ന ക്ഷീണിച്ച സ്വരമുയർന്നു. 

"ഞാനെടുത്തോളാ ഉമ്മാ, അവിടെ നിൽക്കേണ്ട".


വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു-  "ബേജാറാകല്ലേ ഉമ്മാ, ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ." 


ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്.  "ഹലോ"- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.


"ഇക്കാ, ഭക്ഷണം കഴിച്ചോ? "

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു. 


"ഇല്ല, മോളെവിടെ?"

"ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ". 

"ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം".


അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്. 


ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ് ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. "റബ്ബേ, റബ്ബേ" എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.


"ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും."

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.


"എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു.."


ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി. "ഉമ്മാ, ഉമ്മാ.." ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ  അയാളുടെ ചുണ്ടുകൾ "വെള്ളം" എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.


എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. "ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ" എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.


അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു-  "മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്..."

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സങ്കല്പങ്ങൾ.(കഥ)


ദുർഗന്ധം നിറഞ്ഞ തന്റെ മുറിയെ ഒരു റിയാലിറ്റി ഷോ വേദിയാക്കി ,കയ്യിൽ കടലാസ് ചുരുട്ടി മൈക്കാക്കി അവൾ പാടിത്തിമർക്കുന്നത് അയാൾ വെറുപ്പോടെ നോക്കി പുറത്തേക്ക് കാർക്കിച്ചു തുപ്പി.രണ്ടു വർഷത്തോളം അയാളുടെ ഭാര്യയായിരുന്നവൾ, ഇപ്പോൾ ഒരു ബാധ്യത മാത്രമായി മാറിയവൾ..അവളുടെ പേരിലുള്ള മോശമല്ലാത്ത സ്വത്ത് നഷ്ടപ്പെടുമെന്ന ഭീതി മൂലം മാത്രമാണ് അപശകുനമായിട്ടും അവളെ വിറകുപുരയുടെ അടുത്തുള്ള, ഒറ്റജനലും വാതിലും മാത്രമുള്ള മുറിയിൽ പാർപ്പിച്ചിരിക്കുന്നത്. ഭ്രാന്ത് മൂക്കുമ്പോൾ ജനലിലൂടെ ദൂരേക്ക് നോക്കി നേടുവീർപ്പിടുന്നത് കാണാം.പറന്നു പോകുന്ന കിളികളെ നോക്കി കയ്യടിച്ച് "ഞാനുണ്ട് , ഞാനുണ്ട്" എന്നു പുലമ്പുന്നത് കേൾക്കാം.
പൊക്കത്തിലുള്ള മതിലാണ് വീടിന് ചുറ്റും. പാട്ടു പാടുക, ചിത്രം വരയ്ക്കുക, കടലാസുകളിൽ എന്തൊക്കെയോ എഴുതിക്കൂട്ടുക, തീർന്നു അവളുടെ ആവശ്യങ്ങൾ.വട്ട് വല്ലാതെ കൂടുമ്പോൾ നൃത്തം ചെയ്യുന്നതും കാണാം.ചിലങ്കയില്ലാത്ത, പാട്ടോ വാദ്യങ്ങളോ ഇല്ലാത്ത വെറും ആട്ടം. പേപ്പറും പേനയും കിട്ടിയാൽ അടങ്ങും. ഭക്ഷണം പോലും സമയത്തിന് വേണമെന്നില്ല. "പാവം"- അവളെ പരിചരിക്കുന്ന പാറുവമ്മ അയാളോട് പറയും.അയാൾക്കതൊന്നും കേൾക്കേണ്ട."പെണ്ണായാ ആണിന്റെ കൊതി തീർക്കുന്നവളാവണം. അവനു വേണ്ടുന്ന മക്കളെ പ്രസവിക്കണം.മച്ചിപശു പോലൊന്ന് തൊഴുത്തിനും കാണികൾക്കും ഭാരം.ആ സ്വത്തുള്ളതോണ്ടാ, അല്ലെങ്കിൽ എന്നേ.." തന്റെ രണ്ടാം ഭാര്യയുടെ ലാസ്യം വഴിയുന്ന ദേഹം ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ വൃത്തികെട്ട ഒരാംഗ്യത്തോടെ പറയും.
"പാറുവമ്മേ, കുയിലിനെ പാടാൻ വിടൂല, മയിലിനെ ആടാനും വിടൂല. വാക്കിൽ നിന്ന് കഥയും കവിതയും തീർക്കുന്നവനെ അതിനും സമ്മതിക്കൂല.മതം കൊമ്പും നഖവും ഉള്ളൊരു രാക്ഷസനാ.നമ്മളെ കുത്തിപ്പരിക്കേല്പിക്കും. ഒരു ആഹാരമെന്നോണം ചവച്ചരയ്ക്കും. പെണ്ണുങ്ങളാ അതിന് ഏറ്റം ഇഷ്ടള്ള ഇരകൾ. ഓളടെ കഴ്ത്ത്ലാ ഏത് നേരോം അതിന്റെ പിടുത്തം. ആണിന്റെ കൊതിയും വെറിയും നിറഞ്ഞ ആക്രമണങ്ങൾ സഹിക്കാൻ മാത്രാ ഓൾക്ക് ജന്മം കിട്ടുന്നത്."
ചോറ് വാരിക്കൊടുക്കുമ്പോൾ അധികവും കേൾക്കുന്ന പ്രതിഷേധങ്ങളാണ് ഇതൊക്കെ.അന്ന് പറഞ്ഞത് മറ്റൊന്നായിരുന്നു. "പാറുവമ്മേ, ഞാൻ പാടിയത് കേട്ട് ജഡ്ജസിന് എത്ര സന്തോഷാ യെന്നോ. എത്രയാ എന്നെ പുകഴ്ത്തിയത്." ആഹ്ലാദംകൊണ്ട്  അവളുടെ കണ്ണുകൾ തിളങ്ങി.കവിളുകൾ റോസ് നിറം പൂണ്ടു. "അപ്പഴാ കഥ യെഴുതണതും ചിത്രം വരയ്ക്കണതും ഒക്കെ ഞാനവരോട് പറഞ്ഞത്. എന്തൊരു സന്തോഷായിരുന്നു അവർക്ക് .ദൈവത്തിന്റെ പ്രത്യേകവെളിച്ചം കിട്ടിയ ആളാണത്രെ ഞാൻ.ജഡ്ജസ് മൂന്നു പേരും എന്നെ അനുഗ്രഹിച്ചു.എന്റെ മൂർധാവിൽ ചുംബിച്ചു. അവര് പറയാ- സൃഷ്ടിക്കുമ്പം മാത്രാ ജീവിതത്തിനു അർത്ഥം ഉള്ളൂന്ന്. വെറുതെ തിന്നും കുടിച്ചും ഭോഗിച്ചും തീരുന്ന ജീവിതം മൃഗതുല്യമാണെന്ന്. മതം പറയണതോ- ദൈവത്തിനു മാത്രാ സൃഷ്ടിക്കാൻ  അവകാശംന്ന്. ചിത്രം വരച്ചാലും ശിൽപം ഉണ്ടാക്കിയാലും അന്ത്യനാളിൽ നമ്മളതിനു ജീവൻ കൊടുക്കേണ്ടി വരൂന്നാ പണ്ട് ഉസ്താദ് പറഞ്ഞത്."
അവളുടെ ശബ്ദം ഇടറി. കണ്ണീർ അതിനെ ചിതറിച്ചു. "അറിയോ പാറുവമ്മേ, ഇന്നുവരെ ആരും എന്നെ സ്നേഹത്തോടെ ഉമ്മവച്ചിട്ടില്ല. ഇന്ന് വരെ ഞാൻ സ്നേഹമറിഞ്ഞിട്ടില്ല. " അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്ത് കിടന്ന് ഉരുണ്ടു.
ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഈ കുട്ടിക്കാണോ ഭ്രാന്ത്? പാറുവമ്മ ആദ്‌ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് വട്ടാണെന്നാണോ നോക്കണത്? നിലാവുപോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. "ബെഡ്റൂമിലെ അയാളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടത് ഇപ്പഴാ. ഭ്രാന്തായാലെന്താ? എന്നും റിയാലിറ്റി ഷോയിൽ പാടാലോ. ജഡ്ജസിന്റെ നല്ല വാക്കുകൾ കേൾക്കാലോ. പണ്ട് മൂളിപ്പാട്ട് പാടുമ്പോ ഉമ്മൂമ്മ പറയേർന്ന്. -"പെണ്ണിന്റെ ഒച്ച അന്യഒരുത്തൻ കേക്കാമ്പറ്റൂല. അവളുടെ കെട്ട്യോനാ അവൾടെ മുഴോൻ അധിക്കാരം.അവന്റെ മുന്നിൽ അവൾക്ക് ആടാം, പാടാം.അല്ലാതെ അന്യഒരുത്തന് കേക്കാമ്പറ്റൂല മളേ..അതോണ്ട് ഇന്റെ കുട്ടി മനസ്സില് പാടിയാ മതീട്ടോ."
അന്ന് തുടങ്ങീതാ ഞാനെന്റെ പാട്ട് വിഴുങ്ങൽ. അതാവും എന്നും തൊണ്ടവേദന. സങ്കടമുള്ളുകൾ പഴുത്ത തൊണ്ടയിൽ എപ്പഴും കുത്തിപ്പറിക്കാ..
ഒരു പെണ്കുട്ടിയുടെ മുഖം നോട്ട്ബുക്കിൽ വരച്ചതിനാ അന്ന് ഉസ്താദ് തല്ലിയത്. ഒരാഴ്ച്ച ആ ചൂരൽചുവപ്പ് തുടയിൽ കല്ലിച്ചു കിടന്നു. പിന്നെപ്പിന്നെ ആരും കാണാതെ ആയിരുന്നു എന്റെ കുത്തിവരകൾ. പലതരം പാട്ടുകളാൽ ലോകത്തെ നിറച്ച പടച്ചോനല്ലേ ഏറ്റം വല്യ പാട്ടുകാരൻ.ഋതുഭേദങ്ങളിലൂടെ കാലത്തെ നൃത്തം ചെയ്യിക്കുന്ന അവനല്ലേ ഏറ്റം വല്യ നർത്തകൻ. ഇത്രേം ഭംഗിയായി ഭൂമിയെ ചിത്രീകരിച്ച അവനല്ലേ ഏറ്റം വല്യ ചിത്രകാരൻ. പക്ഷേ അതൊന്നും ആരും ചിന്തിക്കൂല.
എന്നാലും ഇപ്പൊ ഒന്നുണ്ട്- സമാധാനം. അതോണ്ട് ഭ്രാന്ത് തന്നെയാ നല്ലത്. " അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചിണുങ്ങി. "പാറുവമ്മേ, എനിക്ക് നല്ലൊരു ഫോണ് കൊണ്ടത്തരോ? ഇന്റെ പാട്ട് ഇന്നുണ്ടാവും . എനിക്കത് കേൾക്കണം." അവൾ വാശിയോടെ അവരുടെ സാരി പിടിച്ചു വലിച്ചു.
അയാളോട് പറഞ്ഞപ്പോൾ ഒരു ആട്ടാണ് മറുപടിയായി കിട്ടിയത്. "ഇനീപ്പോ ഫോണിന്റെ കുറവേ ഉള്ളൂ. ആ പ്രാന്തിയുടെ താളത്തിനു തുള്ളാനല്ല, വേണ്ടുമ്പം മടല്ടുത്തൊന്നു പൊട്ടിക്കാനാ ഇങ്ങളെ പണിക്ക് വെച്ചിരിക്കുന്നത്.അതിനു വയ്യെങ്കി പറ, ഞാൻ വേറെ ആളെ നോക്കിക്കോളാം."
മുമ്പ് അയാളുടെ മർദനം കാരണം കണ്ണ് വീങ്ങിയപ്പോൾ അവൾ പറഞ്ഞത് അവരുടെ ഓര്മയിലൂടെ തെന്നി നീങ്ങി."ഞാനിവിടുന്നു പോവാ.ഒരു പാട്ട് കേക്കണത് പോലും അയാൾക്ക് ഇഷ്ടല്യ. ശ്വാസം മുട്ടി ശ്വാസം മുട്ടി കൂട് പോലുള്ള ഈ വീട്ടിൽ ഞാൻ മരിച്ചു വീഴും."അവളുടെ വാപ്പയും ഉമ്മയും നേരത്തെ പോയത് അയാൾക്കും സൗകര്യമായി.അതാണല്ലോ ഇങ്ങനെ ചവിട്ടിയരയ്ക്കുന്നത്.
പൂട്ടിയ വാതിൽ മലർക്കെ തുറന്ന് പാറുവമ്മ അവളോട് പറഞ്ഞു- " മോള് പൊയ്ക്കോ.മോൾക്ക് യാതൊരു അസുഖവും ഇല്ല. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട് മോളേ. "
"എന്റെ കാലിലെ ചങ്ങല അഴിച്ചു താ. കണ്ടില്ലേ, കിലും കിലും കിലുങ്ങണത്. " അവൾ ഒരു നൃത്തച്ചുവടിലെന്നോണം ഓരോ കാലും ഉയർത്തിക്കാണിച്ചു. ഒരു ബൊമ്മയുടേത് പോലെ മനോഹരമായ കൈകാലുകൾ.
"ഇല്ല മോളേ, നിനക്ക് തോന്നുന്നതാ. ഒന്നൂല്യ."
"അല്ല, അല്ല ."-പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ നിലവിളിച്ചു. എനിക്ക് പോകാനാവില്ല.ഈ ചങ്ങല പൊട്ടിക്കാനുള്ള ശക്തി എന്റെ കാലുകൾക്കില്ല. എന്തു മാത്രം മെലിഞ്ഞതാ ഈ കൈകാലുകൾ.പശു കുറ്റിക്ക് ചുറ്റും നടക്കുമ്പോലെയാ ഞാനും."
അദൃശ്യമായ ആ ചങ്ങലയുടെ  പൂട്ട് തേടി പാറുവമ്മയുടെ കണ്ണുകൾ ഉഴറി. നിലയ്ക്കാത്ത കരച്ചിൽപ്പെയ്ത്തിൽ നിന്ന്‌  പൊടുന്നനെ ആ ഉന്മാദിനി കിലുങ്ങിയുതിരുന്ന പൊട്ടിച്ചിരിയിലേക്ക് മറിഞ്ഞു വീണു.മുഷിഞ്ഞ നിലത്ത് ഉരുണ്ടു മറിഞ്ഞ് അവൾ ചിരിച്ചുകൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി വന്ന കരച്ചിൽ വിഴുങ്ങിക്കൊണ്ട് പാറുവമ്മ അവളെ തലോടി..ആ കണ്ണുകൾ ഉറക്കത്തെ തൊട്ടുവിളിക്കും വരെ...