Pages

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

വാനിഷിങ് (കഥ )

 വാനിഷിങ്(കഥ)

Shareefa mannisseri


തെരുവിൽ അവർ ഒരു നിത്യക്കാഴ്ചയാണ്.ഒരു ശ്രോതാവിനെ കിട്ടുകയേ വേണ്ടൂ അവർ മനസ്സിന്റെ ഭാണ്ഡം തുറക്കാൻ.


"ഓർക്കുന്നില്ലേ, എന്റെ മോൻ ശരത്തിനെ?എപ്പഴും  കറുത്ത ഷർട്ട് ഇടുന്ന..എത്ര കഷ്ടപ്പെട്ടാ ഞാനവന്റെ ആവശ്യങ്ങളൊക്കെ നടത്തീർന്നത്.ഞാനൊരു വീട്ടുവേലക്കാരിയല്ലേ.എന്റടുത്ത് എവിടാ ഇത്ര പെരുത്ത കാശ്.."


"ഇന്റെ കയ്യില് കാശ് ഇണ്ടാർന്നില്ല അവൻ അന്ന് മൊബൈൽ വാങ്ങിക്കൊടുക്കാൻ പറഞ്ഞപ്പോ."


"സാരല്യ അമ്മേ, ലീവ് കിട്ടുമ്പോ ഞാൻ പണിയെടുത്ത് വാങ്ങിക്കോളാം" എന്നും പറഞ്ഞു പോയതാ അവൻ ഹോസ്റ്റലിലേക്ക്.ഇന്റെ കൊച്ചിന് എന്തോരം മാർക്കാ.താണ ജാതിക്കാരായതോണ്ടു ഹോസ്റ്റലിൽ ഫീസ് വളരെ കൊറവാർന്നു..പിന്നെ ഇത് വരെ വന്നിട്ടില്ല.കാണാൻ കൊതിയാവാ.എത്രയായി ഞാനെന്റെ കൊച്ചിനെ കണ്ടിട്ട്. മോള് തിരോനന്തപുരത്തക്കാണോ? ഈ ഫോട്ടോല് കാണുന്ന ന്റെ കൊച്ചിനെ ഒന്നന്വേഷിക്കോ?"

നിസ്സഹായമായ അവരുടെ നോട്ടം എന്റെ മനസ്സിൽ പടക്കമായി പൊട്ടിച്ചിതറി. ഈ ചിത്രം എല്ലാവർക്കും പരിചിതമല്ലേ?എങ്ങോ അപ്രത്യക്ഷനായവൻ..ഹോസ്റ്റലിലെ പാർട്ടിവൈരത്തിന്റെ അഗ്നിയിൽ അന്തർധാനം ചെയ്തവൻ..പോലീസ് പൊടിയിലേക്ക് നീക്കി വച്ച ഒരു പഴയ കേസ്‌കെട്ട്. 


"മോളെ, അവർ വീണ്ടും എന്റെ കാലിൽ മുറുകെപിടിച്ചു. ഇന്റെ കുടുമ്മക്കാരു പറയണത് ഇന്റെ മനസ്സിന് സൂക്കേടാന്നാ. പോലീസ് പറയണത് ഒക്കെ ഇന്റെ തോന്നാലാന്നാ. ശരത് ന്ന് പറയണ ഒരാൾ ഈ ഭൂമീല് ണ്ടാർന്നില്ലന്നാ. ഇന്റെ അടിവയറില് ചെവി വച്ചു നോക്ക്- ശരത് മോനേന്നുള്ള വിളി കേൾക്ക്ണില്ലേ?"


മാസങ്ങളായി വെള്ളം കാണാത്ത അവരുടെ കീറവസ്ത്രങ്ങൾ എന്നെ എങ്ങനേലും അവിടുന്ന് രക്ഷപ്പെടാൻ ഉപദേശിച്ചു.പൊടിയും ചെളിയും നിറം മാറ്റിയ നാറുന്ന മുടി എന്നെ കൊഞ്ഞനം കുത്തി. ശുഷ്‌കിച്ച ശരീരം മടുപ്പിന്റെ ചുളിവുകളുമായി തുറിച്ചു നോക്കി. ചുറ്റും ആളുകൾ കൂടുന്നുണ്ട്.തമാശക്കാഴ്ച ആസ്വദിക്കുന്നുണ്ട്.


"ഞാൻ അന്വേഷിക്കാം.തിരക്കുണ്ട്.പോട്ടെ അമ്മച്ചീ."


പൊള്ളയായ വാക്കുകൾ അവരെ ഇടിച്ചു.അവർ ദീനമായി എന്നെ നോക്കി.പൊടുന്നനെ ആ ശൂന്യമായ മിഴികൾ ചുവന്നു.കനലുകൾ പുറത്തേക്ക് തെറിച്ചു.


"മദാമ്മ എങ്ങു പോണ്? എന്റെ കേസ് തീർത്തു തരാംന്നും പറഞ്ഞ് ഇന്റെ കയ്യിലുള്ളത് മുഴോൻ ഊറ്റിയ വക്കീലത്തിയല്ലേ നിയ്?ഇന്റെ മോനെ കണ്ടു കിട്ടാതെ നീ ഇവിടുന്ന് പോണ പ്രശ്നമില്ല."


അവരെന്നെ കാലിൽ വലിച്ചു തള്ളിയിട്ടു.പൊടിയിൽ ഇട്ടുരുട്ടി.എന്റെ നിലവിളി ആളുകളെ രസിപ്പിച്ചു.


പോലീസ് അവരെ തൂക്കിയെടുത്തു ജീപ്പിൽ ഇടുമ്പോഴും അവർ പുലമ്പി-


"ഇന്റെ മോൻ ഇവിടെ ണ്ടാർന്നുന്ന് ള്ളേയ്ന് ഞാൻ മാത്രാ സാക്ഷി.ഞാൻ പറയണത് കള്ളാച്ചാ ഇന്നേ ശിക്ഷിച്ചോളീ. ഇനിക്ക് ഇനീം ഈ നുണകള് കേട്ട് ജീവിക്കാൻ വയ്യ..."

Shareefa mannisseri

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ