പാലിയേറ്റീവ് ദിനം (കഥ )
Shareefa mannisseri
വെറുപ്പിന്റെ ചീളുകൾ അകത്ത് നിന്ന് ശാപങ്ങളായി അയാളുടെ മേൽ പതിച്ചു.
"നാശം, മരിക്കുന്നുമില്ല. ഒരു കൊല്ലമായി സഹിക്കുന്നു. എന്തിനാ ഞാനിങ്ങനെ കഷ്ടപ്പെടുന്നത്. ഫൈഹാ, ഒന്ന് വേഗം എണീക്കുന്നുണ്ടോ. നീ സ്കൂളിൽ പോകുന്നില്ലേ? വാപ്പയും മോളും കൂടി മനുഷ്യനെ പഠിപഠിപ്പിക്കും."
അവരുടെ ഈർഷ്യ മുഴുവൻ മകളുടെ മുതുകിൽ ഊക്കൊടെ പതിച്ചു.
അയാൾ അനങ്ങാൻ വയ്യാതെ മൂത്രത്തിൽ കുളിച്ചു കിടന്നു. മുതുകിലെ പുണ്ണ് നീറിപ്പുകയുന്നു. കണ്ണീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു കൊല്ലം മുമ്പ് ഏവർക്കും ആവശ്യവും ആനന്ദവും ആയിരുന്നവൻ.. ജീവിതത്തിലേക്ക് കാലനായി കയറി വന്ന ആ ചുവന്ന ലോറി, ചുളുങ്ങിപ്പോയ തന്റെ കറുത്ത കാർ.. പടച്ചോനേ, അന്നേ തീർന്നിരുന്നെങ്കിൽ! എന്തിനാണ് തമ്പുരാനേ ഈ നീട്ടിയിടൽ.. വേദനയുടെ ഈ പാനപാത്രം എന്നാണ് എന്റെ വായിൽ നിന്ന് നീ നീക്കിക്കളയുക.. അതിലെ കയ്പ് കുടിച്ച് മതിയായല്ലോ തമ്പുരാനേ..അയ്യൂബ് നബിയെപ്പോലെ ക്ഷമിക്കാൻ എനിക്ക് ആവതില്ല നാഥാ..
അയാളുടെ ദീനവിലാപം തുടരവേ ഹോം കെയറിന്റെ വണ്ടി മുറ്റത്ത് നിർത്തിയ ശബ്ദം കേട്ടു. അയാൾക്ക് ആശ്വാസം തോന്നി. കുറച്ചു നേരം സംസാരിക്കാൻ കുറച്ചു പേര് എത്തിയല്ലോ..
മൂത്രത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ട് നഴ്സ് വീട്ടമ്മയെ വിളിച്ചു ശകാരിച്ചു. അവർ മുഖം കറുപ്പിച്ചു അകത്തേക്ക് പോയി.
"അവളെ കുറ്റം പറയണ്ട, അവൾക്ക് എന്നെ നോക്കി മടുത്തു. എന്റെ സമ്പാദ്യം ഭൂരിഭാഗവും ചികിത്സക്ക് പോയതിലാ അവൾക്ക് അധികം ദേഷ്യം. എഫ് ഡി ഇട്ട കുറച്ചു പൈസ കൊണ്ടാ ഇപ്പൊ ജീവിതം. നിങ്ങൾ എന്റെ ആയുസ്സ് തീരാനുള്ള എന്തേലും മരുന്ന് തരി. അല്ലെങ്കിൽ പാർപ്പിക്കണ ഏതേലും ശരണാലയത്തിൽ എന്നെ കൊണ്ടു വിടീ. ഓൾക്ക് സ്വൈര്യം കിട്ടൂലോ "
പിറ്റേ ആഴ്ച പാലിയേറ്റീവ് ആംബുലൻസ് അയാളെയും കൊണ്ട് അവരുടെ തണൽ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. ഇനിയെങ്കിലും അവളുടെ കറുത്ത മുഖം കാണേണ്ടല്ലോ എന്ന ചിന്ത ആയാളിൽ വല്ലാത്ത തണുപ്പായി. അവൾക്കും ആശ്വാസമായിരുന്നു, മലവും മൂത്രവും നിറഞ്ഞ ആ ചായ്പ്പ് ഇനിയെങ്കിലും വൃത്തിയായി ഇരിക്കുമല്ലോ. മിസ്സ്ഡ് കോളിലൂടെ കടന്നു വന്ന ഷാനിബിനോട് ധൈര്യമായി മതി വരോളം സംസാരിക്കാലോ. എന്നെങ്കിലും അവൻ തന്റെ ജീവിത പങ്കാളി ആവും എന്ന ഉറപ്പും അവൾക്കുണ്ട്. അയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നതാണ് ഒരേയൊരു തടസ്സം...
ദൂരെ പാലിയേറ്റീവ് ദിനം പ്രമാണിച്ചുള്ള പിരിവിന്റെ അനൗൺസ്‌മെന്റ് കേട്ടു.
"മറ്റൊരു പാലിയേറ്റീവ് ദിനം കൂടി.. ശയ്യാവലംബികളായ.. "
പ്രസംഗം ആ വീടിന്റെ ചുമരുകളിൽ മാറ്റൊലി കൊണ്ടു. അവൾ മടുപ്പോടെ വീടിന്റെ വാതിൽ ചേർത്തടച്ചു. പിന്നെ പുഞ്ചിരിയോടെ ഒരു വീഡിയോകോളിലേക്ക് ഉല്ലസിച്ചുയർന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ