Pages

2013, ഏപ്രിൽ 17, ബുധനാഴ്‌ച


വീടുകള്‍ ..           കഥ

അന്ന്                                  

വീടോരോന്നിനുമുണ്ട് ഹൃദയത്തില്‍ നിന്ന് കവിഞ്ഞു ചാടുന്ന അനേകം കഥകള്‍ പറയാന്‍.എത്ര ഒതുക്കിയാലും പുറത്തേക്ക് തെറിക്കുന്ന വിങ്ങലുകള്‍..ഇപ്പോള്‍ തന്നെ നോക്കൂ,പി.എ.ഗഫൂറെന്ന പ്രവാസിയുടെ സ്വപ്നഗേഹമാണ് ഞാന്‍.ഒരു വര്‍ഷമെടുത്ത് എന്‍റെ മോടിയാക്കള്‍ കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോവണ്ടാന്നു കരുതി നാട്ടിലെത്തിയ മൂപ്പര്‍ക്ക് ആ വറച്ചട്ടിയിലേക്ക് തന്നെ ചാടേണ്ടി വന്നു.ഗഫൂര്‍ക്കാനെയും കാത്തു ഞാനിരിപ്പ് തുടങ്ങിയിട്ട് വര്‍ഷമെത്രയായി..ശീതീകരിച്ച എന്‍റെ മുറികളൊന്നാകെ ആ കഷണ്ടിത്തലയെ തണുപ്പിക്കാമെന്നു വച്ചാലും ഇങ്ങെത്തണ്ടേ പാവം!ഒരു വീടിനെ തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ആ വീടിന്‍റെ ഡൈനിംഗ് ടേബ്ളിലേക്ക് ശ്രദ്ധിക്കയാണ്.എന്‍റെ തൊട്ടുള്ള ബംഗ്ലാവുകളിലെല്ലാം മൌനം തന്നെയാണ് എപ്പോഴും.ടി വിയാണ് എല്ലായിടത്തും നിശബ്ദതയെ പുറമേക്കെങ്കിലും പൊടിച്ചു കളയുന്നത്.എന്‍റെ ചില്ല് പതിച്ച ഓവല്‍ ഷെയ്പുള്ള മേശക്കാകട്ടെ സന്തോഷിക്കാന്‍ ഭാഗ്യമില്ല.റസിയാബി മൂപ്പര്‍ പോയ ഉടനെയൊക്കെ സങ്കടത്തിന്‍റെ ചേലയിലായിരുന്നു.മൌനത്തിന്‍റെ ഭക്ഷണം കഴിച്ച്..കുട്ടിയോട് എപ്പോഴും ക്ഷോഭിച്ച്..എന്നാല്‍ ഇപ്പോഴാകട്ടെ അവന്‍ സ്കൂളില്‍ പോയാ തുടങ്ങും ഫോണും ചെവിയില്‍ ചേര്‍ത്ത് ഒരിരിപ്പ്.കിലുങ്ങിച്ചിരി പിന്നെപ്പിന്നെ പൊട്ടിച്ചിരിയാവും.അപ്പുറത്തെ മുഴക്കമുള്ള ശബ്ദം കിന്നാരത്താല്‍ ആര്‍ദ്രമാകും.ഗഫൂര്‍ക്കയെ കാത്തിരിക്കുന്ന എന്‍റെ മാസ്റ്റര്‍ബെഡ്‌റൂമില്‍ തന്നെയാണ് മിനിഞ്ഞാന്ന് പകല്‍ മുഴുവന്‍ അവര്‍ ചിലവഴിച്ചത്.മോന്‍ വരാറായപ്പോള്‍ വൈമനസ്യത്തോടെയാണ് അയാള്‍ ഒളിച്ചും പതുങ്ങിയും സ്ഥലം വിട്ടത്.അടുത്ത ബംഗ്ലാവുകള്‍ രഹസ്യക്കണ്ണുകള്‍ തുറന്ന് എല്ലാ ചിത്രങ്ങളും ഒറ്റക്ലിക്കില്‍ അകത്താക്കുന്നത് ഞാന്‍ പേടിയോടെ കണ്ടു.കേട്ടു പഴകിയ ഈ കഥ തന്നെയാവുമോ നിശ്ശബ്ദത ഉറങ്ങുന്ന ഓരോ വീടിനും പറയാനുണ്ടാവുക?

തൊട്ടടുത്ത വീട്ടിലേക്ക്‌ എന്‍റെ കണ്ണുകള്‍ പാളി വീഴുന്നത് എന്‍റെ സ്വന്തം കാഴ്ചകള്‍ മടുത്ത് മടുത്താകണം.പുറമേക്കുള്ള അലങ്കാരങ്ങളൊന്നും വീടുകളുടെ ഹൃദയങ്ങള്‍ക്കില്ലെന്നു എത്ര പേര്‍ക്കറിയാം?അതില്‍ തരാതരം മുറിവുകളാണ്.ചോര കിനിയുന്ന ഉണങ്ങാത്ത അളിഞ്ഞ വ്രണങ്ങള്‍.തലയിണ ഇട്ടമര്‍ത്തി ഒരുവന്‍ അയല്‍ക്കാരിയുടെ ശ്വാസക്കിളികളെ കൈക്കുമ്പിളിലിട്ടു ഞെരിച്ചപ്പോള്‍ മാത്രം ഒരു ഞരക്കം കേട്ടു.പിന്നെയെല്ലാം ടി വിയുടെ ഹൈവോളിയമുണ്ടായിട്ടും അവിടമാകെ വ്യാപിച്ച ഭയാനകമായ മൌനത്തിന്‍റെ മുള്‍ക്കാടില്‍ വച്ചായിരുന്നു.കഴുത്തില്‍ ഷാള്‍ മുറുക്കി മാര്‍ബിള്‍ തറയിലൂടെ അയാളവളെ വലിച്ചിഴച്ചു.അനുസരണയുള്ള ഒരു കാളക്കുട്ടിയെപ്പോലെ ആ ജഡം പിന്നാലെ ഇഴഞ്ഞു.ഏതായാലും സീലിങ്ങില്‍ അത് തൂക്കിയിട്ടപ്പോഴേക്കും അയാള്‍ വിയര്‍ത്തു തളര്‍ന്നിരുന്നു.ആ സംഭവത്തോടെ രണ്ടാഴ്ചയോളം ബഹളം എന്തെന്ന് ഞാനറിഞ്ഞു.പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ എല്ലാവരും വശം കെട്ടു.പോലീസിനറിയില്ലല്ലോ വീടായ ഞാന്‍ മാത്രമാണ് എല്ലാം കണ്ടതെന്ന്.പത്രങ്ങളുടെ ഉള്‍പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്തയായി ആ ശവം ഒതുങ്ങി.പണമോ സ്വര്‍ണമോ  നഷ്ട്പ്പെട്ടിട്ടില്ലെന്നു പത്രം ആശ്ചര്യപ്പെട്ടു.അജ്ഞാതനായ കൊലയാളിയെ പോലീസ്‌ അന്വേഷിക്കുന്നുണ്ടത്രെ.

ഇന്ന്

വീടുകള്‍ക്കെന്തെല്ലാം പറയാനുണ്ടാവുമെന്നു നിങ്ങള്‍ക്കൂഹിക്കപോലും സാധ്യമല്ല.ഒരേ വീട്ടിലെ വ്യക്തികള്‍ തമ്മില്‍ത്തന്നെ  ഒരു ഭൂഖണ്ഡത്തേക്കാളും ദൂരമുണ്ടായിരിക്കും മുഖം വീര്‍പ്പിക്കുന്ന കിടങ്ങുകള്‍ സദാ വായും പൊളിച്ച് തുറുകണ്ണ്‍ നീട്ടും.വീട് ഒരു വിങ്ങലാണ്;ഒന്നുകില്‍ വെറുപ്പിനാല്‍,അല്ലെങ്കില്‍ സ്നേഹത്താല്‍..വീട് വിടാനുള്ളതാണെന്നാണല്ലോ.ഗഫൂര്‍ക്കാനെ വെള്ള പുതച്ചു വീട്ടുപടിക്കലിറക്കിയപ്പോള്‍ സാക്ഷിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.റസിയാബി വീട് വിട്ടുപോയി കൃത്യം ഒരാഴ്ച കഴിഞ്ഞായിരുന്നു അത്.റസിയാബിയോടുള്ള എല്ലാ ഇഷ്ട്ക്കേടും വീട്ടുകാര്‍ മുറുമുറുത്തുകൊണ്ടിരുന്നു.പിന്നെ എന്‍റെ അകങ്ങളെ ശൂന്യമാക്കി പുറത്തെ ഓടാമ്പിലയില്‍ വലിയ ആമത്താഴ്‌ തൂക്കി എല്ലാവരും യാത്രയായി.വീടിനുള്ളില്‍ തന്നെ അനവധി വീടുകളായതിന്‍റെ വേവ് എന്‍റെ ഉള്ളില്‍ നിറഞ്ഞു.

പിന്നീട്   

ഗഫൂര്‍ക്കാക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നത്രെ.ഇപ്പോള്‍ മാസങ്ങളനവധി കഴിഞ്ഞ് പുതിയ പുതിയ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അദ്ദേഹം ഇല്ലാതായതും ഭാഗ്യം.റസിയാബിയുടെ ലോഹ്യക്കാരന്‍ അവളെ പലര്‍ക്കും പങ്കു വച്ചു.പോലീസ്‌ റെയ്ഡില്‍ പിടിക്കപ്പെട്ടപ്പോഴാണ് സചിത്ര ഫീച്ചറുകള്‍ പേപ്പറുകളില്‍ നിറയാന്‍ തുടങ്ങിയത്.ഞാനേതായാലും അടുത്ത് വില്‍ക്കപ്പെടും.ഇനിയെന്നെ വാങ്ങുന്നതാരാണാവോ.എന്‍റെ മുറികളിലൂടെ ഉല്ലാസപ്പൂക്കള്‍ ഇനിയെങ്കിലും പറന്നു നടക്കുമോ ആവോ.കല്ലിച്ചു പോയ മനസ്സിനെ ആ കുടുംബം പൊട്ടിച്ചിരികളാല്‍ ഉണര്‍ത്തുമോ?ആര്‍ക്കറിയാം!ഏകാന്തവാസിയായ കലാകാരനാണാവോ ഇനിയിപ്പോ എന്നെ പരിണയിക്കുന്നത്.എല്ലാവരും സ്വന്തം ഹൃദയത്തിലേക്ക്‌ ചുഴിഞ്ഞു നോക്കുമ്പോള്‍ ഏകാരാണല്ലോ.എല്ലാ ബഹളങ്ങളും മായക്കാഴ്ചയാണെന്നും തനിച്ചാണെന്നതാണ് സത്യമെന്നും ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരുണ്ടാവും?

അടുത്ത വീടിന്‍റെ ജനല്‍ക്കണ്ണുകള്‍ തുറക്കുന്നു.അതിലൂടെ നോക്കുമ്പോഴാണ് ഞാനെന്‍റെ ഉള്ളില്‍ വിങ്ങി നിറയുന്ന ശൂന്യത തിരിച്ചറിയുന്നത്.പരസ്പരം ധ്രുവങ്ങളോളം ദൂരമുണ്ടായിട്ടും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ജീവിക്കുന്നത് മനുഷ്യരുടെ മാത്രം പ്രത്യേകതയാവും.അതാ ഒരു കാര്‍ വരുന്നു,പുതിയ ഉടമസ്ഥനാവും.അടുത്ത എപ്പിസോഡ് അടുത്തു തന്നെ പറയാം കേട്ടോ,ജെ സി ബി ഇടിച്ചിട്ടിട്ടില്ലെങ്കില്‍..

ഗുഡ്‌ ബൈ

എന്ന് –വീട് . 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ