Pages

2013, ജൂൺ 30, ഞായറാഴ്‌ച

അവയവങ്ങള്‍
വീക്ക്‌ലികള്‍ ചുറ്റും ചിതറിക്കിടക്കുന്നു.നാലു വരി വായിച്ചപ്പോഴേക്കും ക്ഷീണം ഒരു ബുള്‍ഡോസറിനെപ്പോലെ വലിച്ചു കൊണ്ടുപോയി മയക്കത്തിലേക്ക്.നിദ്രയുടെ  കൊട്ടാരവാതിലിലേക്ക് എത്തിയില്ല ,അതിനു മുമ്പേ മണിയടി ..ആരാണാവോ ഈ രാത്രീല്.ഉറക്കം തൂങ്ങിക്കൊണ്ട്‌ ഒരു ഹലോ പതുക്കെ പുറത്തു വന്നു.അപ്പുറത്ത് മുഴക്കമുള്ള ശബ്ദം,നടുക്കം ദേഹമാകെ വ്യാപിച്ചു.ഓ ,തന്നോടല്ല ,മറ്റാരോടോ ആണ്,വഴി തെറ്റി വന്നതാണ് .
“പതിനാലു വയസ്സെന്നല്ലേ പറഞ്ഞത് .ആവശ്യത്തിനു തടിയൊക്കെ ഉണ്ടല്ലോ അല്ലേ?വേഗം ഇന്‍റെ റൂമിലേക്ക്‌ വിട് ..തെരക്കായി ..”ഫോണ്‍ മൂളലോടെ കട്ടായി.പുച്ഛം വഴുക്കലുള്ള പുഴുക്കളായി മേലാകെ അരിച്ചു.അവയവങ്ങളായി ആണിന്‍റെ ഡിസക്ഷന്‍ ടേബിളില്‍ ചിതറി ക്കിടക്കുന്ന വെറും പെണ്ണ്..നാളെ പത്രം ഒരു പതിനാലുകാരിയുടെ ദുരൂഹ മരണത്തിന്‍റെ വാര്‍ത്തയുമായാണോ പൂമുഖപ്പടി തുറക്കുക?പോലീസിനു വിളിച്ചു പറഞ്ഞാലോ ,ഇപ്പോള്‍ വന്ന നമ്പര്‍ ട്രെയ്സ് ചെയ്യാന്‍ പറഞ്ഞ്..വേണ്ട .അമ്മിണിയുടെ അനുഭവമായിരിക്കും .ഒരു ഫോണ്‍ കോളിന്‍റെ പിന്നാലെ പോയതാണ് വ്യസനങ്ങളുടെ കരിങ്കല്ലുകള്‍   അവളുടെ തലയിലേക്ക് ദിവസവും വീണുകൊണ്ടിരിക്കാന്‍ കാരണമായത്‌ ദൂരെ ഹോസ്റ്റലില്‍ പഠിച്ചിരുന്ന മകള്‍ ടെറസില്‍ നിന്ന് വീണു മരിച്ചെന്ന വാര്‍ത്തയാണ് ഒരു ദിനം അവളെ തേടിയെത്തിയത്.തുടര്‍ന്നുള്ള നിരന്തര വിവാദങ്ങള്‍ ,പോലീസിന്‍റെ കയറിയിറങ്ങള്‍.ദുഃഖം മലവെള്ളപ്പാച്ചിലായി വന്ന്‍ അവളെ ഒരു ശിലയാക്കി മാറ്റി.
മൂന്നു മാസങ്ങള്‍ക്ക് ശേഷം മറ്റൊരമ്മിണിയെയാണ് നാട്ടുകാര്‍ കണ്ടത്.എപ്പോഴും തീപ്പൊരി പോലെ പോട്ടിപ്പോരിഞ്ഞ്..വൃത്തികേടുകളെ ഊക്കോടെ എതിര്‍ത്ത്..ഇതുപോലെ അവള്‍ക്കും വന്നു വഴി തെറ്റി വന്ന ഒരു കോള്‍.പത്തു വയസ്സായ ഒരു പെണ്ണിന്‍റെ ഇടപാട്.അതിന്‍റെ പിന്നാലെ പോയതിന് അവള്‍ക്കു പലതും ത്യജിക്കേണ്ടി വന്നു.ലോക്കപ്പില്‍ അഞ്ചു ദിവസം.ആണിന് ഒരു പെണ്ണിനോട് എങ്ങനെയൊക്കെ ക്രുരത കാണിക്കാം എന്നറിയാന്‍ ഒരു ദിവസം ലോക്കപ്പില്‍ കിടന്നാല്‍ മതി.വേദനയുടെ വടുക്കള്‍ നിറഞ്ഞ മങ്ങിയ ചിരിയോടെ അവള്‍ പറഞ്ഞു
റാഗിങ്ങിനെ തുടര്‍ന്നാണ്‌ മകള്‍ ആത്മഹത്യ ചെയ്തതെന്ന് അവളുടെ കൂട്ടുകാരികളില്‍ നിന്നു തന്നെ അവള്‍ അറിഞ്ഞിരുന്നു.അതിനെതിരായുള്ള പട വെട്ടിലാണ് അവളിപ്പോ .തുടര്‍ന്നുള്ള ശരമാരികളും അനുഭവിക്കുന്നു.ഭര്‍ത്താവ് ലോക്കപ്പ്വാസത്തോടെ തന്നെ അവളെ ഉപേക്ഷിച്ചു.

ഞങ്ങളുടെ നാട് ഒരു പാട് മാറി.ഓരോ ദിവസവും പെണ്‍കുട്ടികളെ കാണാതാവുന്നതിന്‍റെ കരച്ചിലുമായാണ് സന്ധ്യ വാര്‍ന്നു വീഴുന്നത്.അവരുടെയൊക്കെ അവയവങ്ങള്‍ എവിടെയൊക്കെയോ ചില്ലുകൂട്ടില്‍ നിരന്നിരിക്കുന്നുണ്ടാവും .ആളുകള്‍ അവയുടെ വലിപ്പപ്പൊരുത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടാവും .ഒരാഴ്ച കഴിഞ്ഞ്,പത്രം പതിവുപോലെ പീഡനമരണങ്ങളുടെ കെട്ടഴിച്ചു.ഒരു ചിത്രം സവിശേഷമായ ശ്രദ്ധ ക്ഷണിച്ചു.പീസ്‌ പീസായി നുറുക്കിയ ജഡം കാണാതായ പതിനാലുകാരിയുടെതാണെന്ന് പോലീസ് നിഗമനത്തിലെത്തിയെന്ന്.കഷണിച്ച അവയവങ്ങളെ ആര്‍ത്തിയോടെ നോക്കി നില്‍ക്കുന്ന ജനക്കൂട്ടം.അപ്പോള്‍ -അളിഞ്ഞ ആ മാംസക്കൂനക്കരികെ വിതുമ്പുന്ന ഒരു ബാലന്‍..ഓ!എന്‍റെ ദൈവമേ ..ലോകം നശിച്ചിട്ടില്ല .ആ കണ്ണുകളെയും നീ വറ്റിച്ചു കളയല്ലേ ..അവന്‍റെ ഹൃദയത്തെയും കരിങ്കല്ലാക്കല്ലേ..ഞാന്‍ നിശ്ശബ്ദം പ്രാര്‍ഥിച്ചു ............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ