കാക്ക...............................കഥ
ഞാന്‍ ചിരിക്കുമ്പോള്‍ ആളുകള്‍
പറഞ്ഞു,ഞാന്‍ കരയുകയാണെന്ന്!വറുതിയുടെ എരിതീയിലൂടെ അലഞ്ഞ് ഒരു തരി ഭക്ഷണം
കണ്ടെത്തിയപ്പോഴൊക്കെ ഞാനുറക്കെ പൊട്ടിച്ചിരിച്ചു-കാ കാ ..പിന്നീട് സമൃദ്ധിയുടെ
തേന്‍മണമായി ആഹാരം കുപ്പത്തൊട്ടികളില്‍ കുമിയുന്നത് കണ്ട് ഞാന്‍ ശരിക്കും
കരഞ്ഞു,അതിനു ചുറ്റും കൂടിയ പേക്കോലങ്ങളെ കണ്ട്...അവര്‍ പറയും –കുയില്‍
പാടുകയാണെന്ന്..ഞങ്ങള്‍ നിറത്തില്‍ പോലും വലിയ വ്യത്യാസമുള്ളവരല്ല
,എന്നിട്ടും..എന്‍റെ കൂട്ടില്‍ കള്ളനായി വന്ന് അവര്‍ മുട്ടയൊളിപ്പിച്ചിട്ടും
നിങ്ങള്‍ പറയും;കുയില്‍!എത്ര മനോഹരമാണ് അതിന്‍റെ സ്വരം..പ്രതിഷേധത്തോടെ ഞാന്‍
അലറി,കാ കാ ..അപ്പോഴും അവര്‍ പറഞ്ഞു,ഞാന്‍ കരയുകയാണെന്ന്..എന്‍റെ കൊക്കിന്‍റെ മൂര്‍ച്ച
അവര്‍ക്കറിയില്ല.എന്‍റെ നിറം എത്ര വേവുന്ന വെയിലിനെ ഉള്ളില്‍
ഒളിപ്പിച്ചിട്ടുണ്ടെന്നും..സദാ കരയുകയാണെന്ന് പറഞ്ഞ് നിങ്ങളെന്നെ ഒരു ദുര്‍ബലനാക്കേണ്ടതില്ല.എന്നെങ്കിലും
ഇത്തിരി വെള്ളത്തില്‍ കൊക്കും ചിറകും
നനച്ചാല്‍ അവര്‍ പരിഹസിക്കും-കാക്ക കുളിച്ചാല്‍ കൊക്കാകുമോ!ആര്‍ക്കാണിപ്പോ
കൊക്കാകേണ്ടത്?കൊക്കിനു മാത്രം എന്താണിത്ര വലിയ മേന്മ?ഒറ്റക്കാലില്‍ തപസ്സു
ചെയ്യുന്നതോ?മയക്കും കഥകള്‍ പറഞ്ഞ് മീനിനെയും ഞണ്ടിനെയും ചതിച്ച്
അകത്താക്കുന്നതോ?നിങ്ങള്‍ കളിയാക്കും-കാക്കയ്ക്ക് ഉച്ചിഷ്ടമേ പിടിക്കൂ.എച്ചിലേ
കഴിക്കൂ.പാവം!പരിസരമൊക്കെ വൃത്തിയാക്കിക്കൊള്ളും..
ആരെങ്കിലും തന്നിട്ടുണ്ടോ
ഒരിക്കലെങ്കിലും..അവശിഷ്ടങ്ങള്‍ അല്ലാതെ വല്ലതും?ബലിച്ചോറല്ലാതെ മറ്റെന്തെങ്കിലും..ഒന്ന്
ശരീരം വലിച്ചെറിയുന്നത്,മറ്റേത് ആത്മാവും..എനിക്ക് കൊക്കാകേണ്ടതില്ല.വേസ്റ്റ്
ജീവിതത്തിന്‍റെ പുഴുക്കുത്തേറ്റു പൊടിഞ്ഞ ജീവനില്‍ നിങ്ങളുടെ പരിഹാസാഗ്നി
നിറക്കേണ്ടതില്ല.കറുപ്പ് വെളുപ്പ് മെരുക്കുന്ന ഒരു കാലം
വന്നേക്കും.വെളുപ്പായിരിക്കും അന്ന് മ്ലേച്ചനിറം.കറുപ്പായിരിക്കും വിശുദ്ധിയുടെ
വര്‍ണം.ആ കാലത്തെയോര്‍ത്താണ് ഞാന്‍ ചിലപ്പോള്‍ ഉറക്കെ ചിരിക്കുന്നത്.അല്ലാതെ
നിങ്ങള്‍ കരുതുമ്പോലെ വെറുതെ വേവലാതി പൂണ്ട് കരയുകയല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ