Pages

2014, മാർച്ച് 18, ചൊവ്വാഴ്ച

പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍(കഥ)


അന്നുമില്ല വിവേകിന് പ്രസാദം. കടന്നല്‍ കുത്തിയ പോലെ മുഖം, ചീറ്റിത്തെറിക്കുന്ന ദേഷ്യം..ഭക്ഷണം പോലും കഴിക്കാതെ കമ്പ്യുട്ടറിനു മുമ്പില്‍ തപസ്സു തുടങ്ങിയിട്ട് നേരം കുറെയായി. വാതില്‍പഴുതിലൂടെ പാളി നോക്കി. അല്‍പവസ്ത്രത്തിലൊരു സുന്ദരി സ്‌ക്രീനില്‍ അവനെ തൊടാന്‍ പാകത്തില്‍..ഓ  മടുത്തിരിക്കും. യാതൊരു കരാറുമില്ലാതെ തുടങ്ങിയ ബന്ധത്തിന്റെ ആകെയൊരു കണ്ടീഷന്‍ അതായിരുന്നു മടുത്താല്‍ പരസ്പരം വെറുക്കും മുമ്പേ പിരിയണം. ചാറ്റിങ്ങിനിടെ മറ്റൊരു തരുണി അവന്റെ ഹൃദയത്തെ ചെപ്പിലാക്കിയിരിക്കണം. അവള്‍ സങ്കടത്തെ ചവച്ചിറക്കി. അതിലൊന്നും കാര്യമില്ല, അവള്‍ മനസ്സിനെ ശാസിച്ചു. എന്നിട്ടും ഒരു മുള്‍ക്കൂമ്പാരം ഉള്ളില്‍ വലിഞ്ഞു, ആകെ കുത്തി മുറിഞ്ഞു....

പേപ്പറില്‍ ആയിടെ,  പലരുടെയും തല വലുതാകുകയും നെഞ്ച് ഉപ്പുമാങ്ങ പോലെ ചുങ്ങിപ്പോകുകയും ചെയ്യുന്നതിനെക്കുറിച്ച് ഒരു വാര്‍ത്തയുണ്ടായിരുന്നു. മനുഷ്യന്‍ വികാരരഹിതനാകുന്നതിന്റെ ലക്ഷണമാണത്രെ അത്..വിവേകിന്റെ തലയും റബ്ബര്‍പന്ത് പോലെ വീര്‍ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പലതരം ഹൃദയങ്ങള്‍ക്കിടയില്‍ കനം കുറഞ്ഞ വര്‍ണശബളമായ പ്ലാസ്റ്റിക്കിനു തന്നെയാണ് ഡിമാന്‍ഡ്. അനാവശ്യമായി വികാരങ്ങളുടെ വിദ്യുത് തരംഗങ്ങളെ പുറന്തള്ളുകയോ ഉള്ളില്‍ കടത്തുകയോ ചെയ്യാത്ത പ്ലാസ്റ്റിക്..ദുരിത ദൃശ്യങ്ങളുടെ നീരൊലിപ്പില്‍ ഏതു നേരവും കുതിര്‍ന്നു വീര്‍ക്കുന്ന ഈ നശിച്ച സ്‌പോഞ്ചുഹൃദയം പണം കൊടുത്തു വാങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ തനിക്ക്? എപ്പോഴും നെഞ്ചില്‍ പരവേശം..ഒരു അഗ്‌നിപര്‍വതം ഏതു നേരവും ഉള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നു..പ്രണയത്തിന്റെ ചെഞ്ചായം തിരഞ്ഞായിരുന്നു യാത്രകളൊക്കെയും..പ്രണയ കാവ്യങ്ങളെല്ലാം പഴകി പിഞ്ഞിപ്പോയി..സ്‌നേഹം സന്തോഷം ഒക്കെയും തനിക്കൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത നീണ്ട ക്യൂകളാണ്..എന്നും വാലറ്റത്ത് നില്‍ക്കുന്നവള്‍..വ്യഥയുടെ കുറ്റിപ്പെന്‍സില്‍ ഹൃദയമാകെ കോറി വരയ്ക്കുന്നു..

ചെമന്ന അക്ഷരത്തില്‍ അവള്‍ ഡയറിയില്‍ കുത്തിക്കുറിച്ചു

'സ്‌നേഹിക്കാന്‍ കൊള്ളാവുന്ന ഒരു മാലാഖ ഈ ഭൂമിയില്‍ ഇല്ലാതെ പോയല്ലോ..തിരക്കിന്റെ മാംസത്തില്‍ പൊതിഞ്ഞ വെറും വര്‍ണബലൂണുകളാണെല്ലാവരും..ച്യൂയിംഗം പോലെ മധുരമൂറ്റി തുപ്പിക്കളയാനുള്ളതാണ് ഓരോ ബന്ധവും..'

കീ ബോഡിലൂടെ ചലിക്കുന്ന അവന്റെ മെലിഞ്ഞ വിരലുകളെ തഴുകി അവള്‍ പിറുപിറുത്തു

'എന്റെ കലാകാരാ..പണ്ടത്തെപ്പോലെ നീ വരക്കേം എഴുതേം ചെയ്യാത്തതെന്ത്? യന്ത്രങ്ങളുടെ തൂക്കുകയറില്‍ ആ വരദാനത്തെ നീ കൊന്നു കളഞ്ഞുവോ?'

അവന്‍ അവജ്ഞയോടെ ചുണ്ട് കോട്ടി

'പണം കിട്ടുന്ന ഏര്‍പ്പാടിനല്ലാതെ ബുദ്ധി വേസ്റ്റാക്കാന്‍ ഞാനൊരു മണ്ടനല്ല. ഭ്രാന്തനുമല്ല..'

'നമ്മുടെ ആ ബസവപ്പനെ ഇവിടെ പണിക്കു നിര്‍ത്താം വിവേക്..പാവം വയറ്റത്തടിച്ചു പാടുന്നത് കേള്‍ക്കുമ്പോ ..എനിക്കീ ടീവീലെ യുദ്ധക്കാഴ്ചകള്‍ ആളുകളുടെ സങ്കടങ്ങള്‍ ഒന്നും സഹിക്കാന്‍ പറ്റണില്ല. ഉള്ളിലൊരു കൊളുത്തിപ്പിടിത്താ..ഒരു ഹാര്‍ട്ട് പേഷ്യന്റ് ആവാണോ ഞാന്‍? ആ ചെറ്റപ്പുരയില്‍ നിന്ന്! നിന്റമ്മയെ ഇങ്ങോട്ട കൊണ്ടു വരാന്ന് ഞാനെത്ര പറഞ്ഞു ..ശാപം കിട്ടും വിവേക്..ഒരു ഐ ടി പ്രൊഫഷണലിന്റെ അമ്മ.. കഷ്ടം ..'

അവന്‍ നെറ്റി ചുളിച്ചു –

'നീയൊരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും..ഐ ഡോണ്ട് ലവ് എനി വണ്‍. ലവിംഗ് ദാറ്റ് ഈസ് ആന്‍ ഇഡിയറ്റ്‌സ് ജോബ്..'

അവള്‍ വേദനയോടെ അവന്റെ നെഞ്ചിലെ കല്ലിപ്പിലേക്ക് നോക്കി

'എനിക്ക് പക്ഷെ പറ്റണില്ല സ്‌നേഹിക്കാതിരിക്കാന്‍, ദുഃഖം കാണുമ്പോള്‍ സങ്കടപ്പെടാതിരിക്കാന്‍..ഞാനീ ജനറേഷന് ചേര്‍ന്നവളല്ല അല്ലേ?'

അവളവനെ അമര്‍ത്തിച്ചുംബിച്ചു.അവന്‍ ചീറി

'നാശം ആ കണക്കൊക്കെ തെറ്റിച്ചു.' വെറുപ്പോടെ അവന്‍ അവളെ തള്ളി മാറ്റി.

തറയിലേക്ക് തലയടിച്ചു വീഴേ അവളോര്‍ത്തു .പ്രണയത്തിന്റെ സ്‌പോഞ്ചുഹൃദയം നുറുക്കി നുറുക്കി കുപ്പയിലെറിയണം. ഒരു വയലറ്റ് പ്ലാസ്റ്റിക് ഹൃദയം നാളെത്തന്നെ വാങ്ങണം. സ്‌നേഹം പാക്കറ്റുകളില്‍ ആവശ്യമുണ്ട് എന്നൊരു പരസ്യവും കൊടുക്കണം. നെറ്റിയില്‍ നിന്ന്! ചോര ഒരു ചുവന്ന ശീല പോലെ വഴുതിയിറങ്ങി. പെട്ടെന്ന്! അവന്‍ ചാടിയെഴുന്നേറ്റു. ആ രക്തമത്രയും ഈമ്പിക്കുടിച്ചു.  എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു

'നീ വായിച്ചില്ലേ പുതിയ ആര്‍ട്ടിക്കിള്‍?ഏറ്റവും ന്യൂട്രീഷസായ ഡ്രിങ്ക് ബ്ലഡ് ആണത്രെ. നമ്മുടെതാണേലും വേസ്റ്റാക്കരുത്. യുദ്ധഭൂമിയിലൊക്കെ എത്രയാണത് വെറുതെ മണ്ണിലേക്ക് ഊര്‍ന്നു പോകുന്നത്. കുറച്ചു കാലം കഴിയുമ്പോ കുഴല്‍കിണറുകള്‍ ആഴങ്ങളില്‍ ഒളിപ്പിച്ചത് തണുപ്പ് പുതച്ചുറങ്ങുന്ന ചോരയെയായിരിക്കും..നല്ല വിറ്റ് അല്ലേ?'

അവന്റെ വാചാലത കണ്ട് അവള്‍ ഒരു പനിക്കാരിയെപ്പോലെ കുളിര്‍ന്നു വിറച്ചു. പ്രണയത്തിന്റെ ചുവന്ന രക്താണുക്കള്‍ കുനുകുനാ പുളയ്ക്കുന്ന തന്റെ ചോര..അതവന്റെ കല്‍ഹൃദയത്തെ ഒരു ചുണ്ടെലിയെപ്പോലെ തുരന്നേക്കും..പ്രേമത്തിന്റെ ചെറുചൂടുള്ള ഉറവകള്‍ ചിരിച്ചു പുറത്തു ചാടിയേക്കും. ഒരു നിമിഷത്തേക്ക് അങ്ങനെ താനവനെ തോല്‍പ്പിച്ചേക്കും..

'വെറുക്കും മുമ്പ് നമുക്ക് പിരിയണം വിവേക്..'

സങ്കടത്തിന്റെ തൊള്ളീച്ചകളെ ആട്ടിപ്പായിച്ചുകൊണ്ട് അവള്‍ ഓഫീസിലേക്ക് പോകാനായി ബാഗെടുത്തു.നഗരത്തിന്റെ വരണ്ട പൊടിയും വെയിലും മുള്ളുകളായി അവളെ ആലിംഗനം ചെയ്തു ...............................    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ