Pages

2014, മാർച്ച് 26, ബുധനാഴ്‌ച

ജലയുദ്ധം(കഥ)

അമ്ലമഴയാല്‍ ശുഷ്‌കിച്ചു പോയ പാഴ്‌നിലത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്നു നിന്ന കുറെ കള്ളിച്ചെടികളായിരുന്നു ആ ഭൂമിക്ക് വിളര്‍ത്ത ഒരു പച്ചപ്പെങ്കിലും നല്‍കിയത്.അതില്‍ വിരിഞ്ഞ അരണ്ട വയലറ്റുപൂക്കളെ തേടിയാണ് പൂമ്പാറ്റ എത്തിയത്. അമ്മ പറയാറുണ്ടായിരുന്നു, അവന്‍ ഓര്‍ത്തു പൂക്കളുടെ പട്ടിതളുകളെപ്പറ്റി, എത്ര ഉരച്ചു കളഞ്ഞാലും ദേഹത്ത് നിന്ന്  വിട്ടു പോകാത്ത സുഗന്ധത്തെപ്പറ്റി..അവന്‍ പക്ഷെ കണ്ടതത്രയും പരുപരുത്ത ഇതളുകളാണ്. നിര്‍ഗന്ധികളായ അവയില്‍ തേനെന്നു പറയാന്‍ ഒന്നുമില്ല. കയ്പും ചവര്‍പ്പുമുള്ള ഒരു നീരു മാത്രം. എന്നിട്ടും ചുറ്റും ചുട്ടു പഴുത്ത ഇരുമ്പ് പോലെ പൊള്ളുമ്പോള്‍ ഇങ്ങനെ വല്ല പൂവിതളിലും തല ചായ്ച്ചു കിടക്കും. ചെറിയൊരു തണുപ്പ് എവിടുന്നോ അരിച്ചെത്തുന്നു എന്നു സങ്കല്‍പിക്കും.

 അവന്‍ ദീര്‍ഘമായി നിശ്വസിച്ചു. തേനെന്നു കരുതി, മഞ്ഞുതുള്ളിയെന്നു കരുതി ഏതെങ്കിലും വയലറ്റുപൂക്കളെ ഉമ്മ വെക്കുമ്പോഴാവും ചിറകുകള്‍ കരിയുന്നത്, വായ് ചുട്ടു പൊള്ളുന്നത്. ഹിമത്തണുപ്പും ജലത്തണുപ്പും അമ്മ പറഞ്ഞ കഥകളിലെ തേന്‍തുള്ളികള്‍ മാത്രമാണവന്. പുതുതലമുറ അതൊന്നും അറിഞ്ഞിട്ടു തന്നെയില്ല.പൊടിമണ്ണ് വരണ്ട കാറ്റിലൂടെ വട്ടം ചുറ്റുന്നു. ഉണങ്ങി മൊരിഞ്ഞ നീളന്‍ കുഴികള്‍ ഒരു കാലത്ത് നിറയെ ജലമുള്ള പാത്രങ്ങളായിരുന്നത്രെ. വെള്ളം ഒഴുകുന്നതിന്റെ ശബ്ദം, അതിന്റെ ഹൃദയത്തോളം ചെല്ലുന്ന തണുപ്പ്, അവയ്ക്കടുത്ത് എപ്പോഴും കുശലം പറഞ്ഞിരുന്ന തണുത്ത കാറ്റ്..ഒക്കെ അമ്മ ഒരു നൂറു തവണയെങ്കിലും പറഞ്ഞു കാണും.

മുള്‍ച്ചെടിയുടെ തണലില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു കലഹശബ്ദം അവന്റെ ചെവി തുളച്ചെത്തിയത്. ഒരുത്തന്റെ കയ്യിലെ വെള്ളക്കുപ്പിക്കു വേണ്ടിയാണെന്നു തോന്നുന്നു ഒരു പാടാളുകള്‍ വടിയും കത്തിയുമായി..ജീവന്‍ കയ്യില്‍ പിടിച്ചാണ് ഓടുന്നതെങ്കിലും അയാള്‍ കുപ്പി വല്ലാതെ മുറുകെ പിടിച്ചിട്ടുണ്ട്.ചുക്കിച്ചുളിഞ്ഞ തൊലി, കുഴിഞ്ഞ കണ്ണുകള്‍..അകാലവാര്‍ധക്യത്തിന്റെ ദേശം കൂടിയാണിത്. സൂര്യന്‍ ഒരു ചാണ്‍ മാത്രം അകലെയാണെന്നു തോന്നും. കുന്തമുനകളായി പൊള്ളും രശ്മികള്‍..ഒരാളുമില്ല ദേഹത്ത് ചെമന്ന വ്രണങ്ങളില്ലാതെ.

മനുഷ്യര്‍ പണ്ട് വെള്ളത്തില്‍ തിമിര്‍ത്ത് ഉല്ലസിച്ചിരുന്നത്രെ. ജലകേളികള്‍ക്കുള്ള പാര്‍ക്കുകള്‍, ജലം ചിരിച്ചു കുണുങ്ങുന്ന പുഴകള്‍, നിശ്ചലധ്യാനത്തില്‍ കണ്‍ ചിമ്മിയ കുളങ്ങള്‍, തിരകള്‍ ചാടി മറിയുന്ന സമുദ്രങ്ങള്‍...ഇന്നാകട്ടെ ഒരു പാത്രം വെള്ളത്തിന്റെ വില മറ്റൊന്നിനുമില്ല. വെള്ളം, ദാഹം തീരും വരെ വെള്ളം, എല്ലാവരുടെയും ഏറ്റവും വലിയ ആശയാണത്.

'കൊല്ലെടാ, കൊല്ല്' പിന്നാലെ വന്നവര്‍ പേടിച്ചോടുന്നവനെ കത്തിയാല്‍ എറിഞ്ഞു വീഴ്ത്തുന്നത് കണ്ട് അവന്‍ ഭയത്തോടെ കണ്ണടച്ചു.

'വെള്ളം, വെള്ളം, അതെന്റെതാ..'

മുറിയുന്ന വാക്കുകള്‍ നിലക്കുകയും പൊടിമണ്ണിനെ അവന്റെ ചുണ്ടുകള്‍ ചുംബിക്കുകയും ചെയ്തിട്ടും കലഹം നിലച്ചില്ല. ഇപ്പോള്‍ കുപ്പി തട്ടിപ്പറിച്ചവന്റെ പിന്നാലെയാണ് എല്ലാവരും..അങ്ങനെ എണ്ണം ഒന്നായി ചുരുങ്ങുവോളം യുദ്ധം തുടരും. പിന്നെ മറ്റൊരാള്‍ ചാടി വീണിട്ടില്ലെങ്കില്‍ ശേഷിക്കുന്നയാള്‍ക്ക് ദാഹം തീരെ തൊണ്ട നനക്കാം..

ഒന്നു മയങ്ങിയപ്പോള്‍ ശലഭം ഒരു സ്വപ്നത്തിലേക്ക് ഊഞ്ഞാലാടി. നിറയെ പച്ചപ്പുതപ്പണിഞ്ഞ മരങ്ങള്‍..ചാടിച്ചാടി നടക്കുന്ന മൈനകള്‍..പലതരം മധുര ശബ്ദങ്ങളാല്‍ വര്‍ണങ്ങള്‍ വിതറുന്ന കിളികള്‍..മൂളിപ്പാട്ടു പാടുന്ന കണ്ണാടി ജലം നിറഞ്ഞ അരുവികള്‍.. ഊഞ്ഞാലിന്റെ അടുത്ത ആയത്തില്‍ മറ്റൊരു കാഴ്ചയായിരുന്നു. തൈകള്‍ നിറയെ നട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമായിരുന്നു അത്. പുല്‍ത്തകിടികള്‍ക്കിടയില്‍ തലയാട്ടിച്ചിരിക്കുന്ന പല നിറത്തിലുള്ള പൂക്കള്‍..ആവേശത്തോടെ  അമ്മ പറഞ്ഞ പട്ടിതളും തേന്‍മധുരവും തേടി അവന്‍ ശീഘ്രം പറന്നു.

എന്നാല്‍ അടുത്തെത്തും മുമ്പ് നാലു വശത്തു നിന്നും തുറുകണ്ണുകളുമായി തോക്കിന്‍ കുഴലുകള്‍..അവന്‍ പിന്നാക്കം പറന്ന് ദൂരെ നിന്നു നോക്കി. അതൊരു വലിയ ജലാശയമായിരുന്നു. നാലു പട്ടാളക്കാര്‍ അതിനു കാവല്‍ നില്‍ക്കുന്നു. നിരക്കനെ സ്ഥാപിച്ച പൈപ്പുകള്‍ക്ക് മുമ്പിലെല്ലാം റോഡ് പോലെ നീണ്ടു പോകുന്ന പാത്രങ്ങള്‍..ഓരോ പാത്രവും പൈപ്പിനടുത്തെത്തണമെങ്കില്‍ അടുത്തുള്ള കൌണ്ടറില്‍ പണമടക്കണം. വെള്ളം കൊണ്ടു പോകണമെങ്കില്‍ രശീതി കാണിക്കണം. എങ്കിലെന്ത്? ആളുകളുടെ കണ്‍കളില്‍ പ്രതീക്ഷ തിളങ്ങുന്നു. ദേഹം കുറച്ചൂടെ വസന്തത്തെ ചേര്‍ത്തു പിടിക്കുന്നു.

ഒരിറ്റു ജലം എനിക്കും കിട്ടിയെങ്കില്‍..ആ പൂക്കളെ ഒന്നു തൊടാനായെങ്കില്‍..സങ്കടത്തോടെ ഒരു തുള്ളി അവന്റെ കണ്ണ്  പ്രയാസപ്പെട്ടുതിര്‍ത്തു. അതിന്റെ കടച്ചിലില്‍ ഇരിക്കെ മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം ആ തരിശുനിലത്തെ പ്രകമ്പനം കൊള്ളിച്ചു. കൊള്ളിയാന്‍ വിണ്ട നിലത്ത് വീണ്ടും വിള്ളലുകള്‍ തീര്‍ത്തു. ഹാ, അമ്മ പറയാറുള്ള മഴയുടെ വരവാകാം.
അവന്‍ ആശ്വാസത്തോടെ കണ്‍കളുയര്‍ത്തി. ആദ്യത്തെ വലിയ അമ്ലത്തുള്ളി അവന്റെ കണ്ണുകളെയും ചിറകുകളെയും കരിച്ചു താഴോട്ടിറങ്ങി. പൊള്ളുന്ന ആ ആശ്ലേഷത്തെ പുഷ്പം വ്യസനത്തോടെ സ്വീകരിച്ചു. ഒരു വസന്തം തങ്ങള്‍ക്കൊരിക്കലും വിധിക്കപ്പെടുന്നില്ലല്ലോ എന്ന തേങ്ങലോടെ പൂവിന്റെ പരുപരുത്ത ഇതളുകള്‍ ഒരു മാത്രയില്‍ പൊടിഞ്ഞു....

പിന്നെ ചാരം, ചാരം മാത്രം ബാക്കിയായി .................         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ