Pages

2014, മാർച്ച് 12, ബുധനാഴ്‌ച

അഭയാര്‍ഥികള്‍(കഥ ) re-post


ചില്ലുകാഴ്ച്ചയുടെ പളപളപ്പിലാണ് അയാള്‍ ദിനങ്ങളെ കെട്ടിയിട്ടത്. പ്രായം ശരീരത്തിനേകുന്ന വേദനകള്‍ മറക്കാന്‍ അതാണു എളുപ്പവഴി.അവശനായി കട്ടിലില്‍ കിടക്കാന്‍ സമയവുമില്ല.  ഒരു ഫെയിമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നു സ്വയം പിരിഞ്ഞു പോരുമ്പോള്‍ സ്വസ്ഥവിശ്രമമാണ് ആഗ്രഹിച്ചത്. അധികൃതര്‍ക്ക് അയാളെ പിരിച്ചയക്കുന്നതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഫെയിം നേടിയിരുന്നു സ്‌കൂള്‍. അയാളുടെ മകനും പ്ലസ് ടു വരെ അവിടെത്തന്നെയാണ് പഠിച്ചത്. ഇപ്പോള്‍ അവന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഐ ടി പ്രൊഫെഷണല്‍..

ഭാര്യ മരിച്ചതോടെയാണ് അയാള്‍ രാജി വെച്ചത്. അതോടെ തന്റെ വലതുഭാഗം ശൂന്യമായത്‌പോലെ അയാള്‍ക്കു തോന്നാന്‍ തുടങ്ങി.എപ്പോഴും തരിപ്പും കടച്ചിലും..ഒരു ഭാഗം തളര്‍ന്നു പോകുമോ ദൈവമേ..അയാള്‍ എപ്പോഴും വേവലാതിപ്പെട്ടു..

'അച്ഛന് വെറുതെയിരുന്നിട്ടാ ഈ കുഴപ്പങ്ങളൊക്കെ..ഇവിടെത്തന്നെ എന്തെല്ലാം പണിയുണ്ട്?'മകനും മരുമകളും ഒരുമിച്ചു പറഞ്ഞതു കേട്ടപ്പോള്‍ തമാശയാണെന്നാണ് തോന്നിയത്.പിന്നെപ്പിന്നെ വാക്കുകള്‍ പരിഹാസത്തിലേക്കും പുച്ഛത്തിലേക്കും വഴുതിയിറങ്ങി.കൂലിയില്ലാത്ത അനവധി ജോലികള്‍ ക്രമേണയാണ് പിരടിയിലേക്ക് വീണത്.മുറ്റമടിക്കുക, തറ തുടക്കുക..ആയുസ്സില്‍ ചെയ്തിട്ടില്ലാത്ത എന്തെല്ലാം ജോലികള്‍..പണിക്കാരികളെ മരുമകള്‍ കരുതിക്കൂട്ടി പറഞ്ഞയച്ചതാവും..

ചില്ലുകാഴ്ച അയാള്‍ക്ക് പലതരം ഭക്ഷണങ്ങളാണ് നല്‍കിയത് . മധുരിക്കുന്നത്, ചവര്‍പ്പുള്ളത്.അതുമല്ലെങ്കില്‍ നാവത്രയും പൊള്ളിക്കുന്നത്..ഏതു സമയവും ചിരിച്ചു സംസാരിക്കുന്ന, ഇഷ്ടപ്പെട്ട പാട്ടുകളെല്ലാം വച്ചു തരുന്ന ആങ്കറിന് അയാള്‍ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചു നോക്കും.മൊബേല്‍ ഇല്ലാഞ്ഞല്ല, അതു റീചാര്‍ജു ചെയ്യാനും വേണം കവല വരെ നടക്കുക. കുറച്ചു നടക്കുമ്പോഴേക്കും കാലുകള്‍ നീര് വന്നു കല്ലിക്കും.വീട്ടുപണികള്‍ ചെയ്യുന്നതിന്റെ ദുരിതം തന്നെയുണ്ട് എമ്പാടും.അതാ ബെല്ലടിക്കുന്നു..ചിരിച്ചു ചിരിച്ച് അവതാരകന്‍ ചോദിച്ചു –

'ശ്രീധരന്‍നായര്‍ എന്നാണല്ലേ പേര്? എന്താ ചേട്ടന് ജോലി?'

'ഇപ്പോ ഒന്നൂല്ല കുഞ്ഞേ, മുമ്പ് ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍  ആയിരുന്നു.'

'ആണോ? അപ്പോ നമ്മളെപ്പോലെ അടിപൊളികളെയൊന്നും സഹിക്കില്ലായിരിക്കും.'

'ഏയ് ,അങ്ങനൊന്നൂല്ല, ഒരു പാട്ടു വേണാര്‍ന്നു'

'ആണോ?ഏതു പാട്ടാ വേണ്ടത്?പഴയ വല്ല വിഷാദഗാനവുമാകും.ഓള്‍ഡ് ജനറേഷന് ദുഃഖത്തോട് വല്ലാത്തൊരു ഇഷ്ടണ്ട്.ആട്ടെ, പാട്ടേതെന്നു പറയൂ.'

'പഴയ പാട്ടു തന്നെ.  എന്റെ ജന്മം നീയെടുത്തു..........'

'ഹോ, വല്ല ലൈനിനും ഡെഡിക്കേറ്റ് ചെയ്യാനാണോ?'

'ഏയ്, ഈ പ്രായത്തില്‍ എന്തു ലൈന്‍? എന്റെ ഭാര്യക്ക് തന്നെയാ ഡെഡിക്കേറ്റ് ചെയ്യുന്നത്..'

'ആണോ? വയസ്സായിട്ടും ഭാര്യയോട് ഇത്ര സ്‌നേഹമോ? ആട്ടെ, അവരെന്തു ചെയ്യുന്നു? സുന്ദരിയാണോ?'

'ആയിരുന്നു. മരിച്ചു പോയി.ആറു കൊല്ലമായി. '

'ആഹാ, ആറു കൊല്ലം കഴിഞ്ഞിട്ടും ചേട്ടന്‍ അവരെ ഇത്ര സീരിയസായി ഓര്‍ത്തിരിക്കുന്നോ? വണ്ടര്‍ഫുള്‍.എന്തിനാ ചേട്ടാ ഈ കള്ളത്തരം?ഇതു ചേട്ടന്റെ ഏതോ പ്രണയിനിക്ക് ഡെഡിക്കേറ്റ് ചെയ്യാനല്ലേ?സത്യം പറ...'

വായിലേക്ക് ഇരച്ചു വന്ന ചവര്‍പ്പ് തുപ്പിക്കളയാനായി അയാള്‍ റിസീവര്‍ തിരികെ വച്ചു.ആങ്കര്‍ തുടര്‍ന്നു

'അയ്യോ, ആ ചേട്ടന്‍ പിണങ്ങിയെന്നു തോന്നുന്നു.ഇതാ ഓള്‍ഡ് ജനറേഷന്റെ  കുഴപ്പം. ഭയങ്കര സീരിയസായിരിക്കും. ഏതായാലും ശ്രീധരന്‍ ചേട്ടന്‍ മധുരമായി സ്‌നേഹിക്കുന്ന സുന്ദരിക്കു വേണ്ടി ആ പാട്ടു വെക്കാം.ആന്‍ ഓള്‍ഡ് സാഡ് സോന്‍ഗ്.ആ സുന്ദരി ഈ പാട്ടു കേട്ട് നാളെയോ മറ്റന്നാളോ വിളിക്കുമെന്ന് പ്രതീക്ഷിക്കാം.'

അയാള്‍ അപ്രത്യക്ഷനാവുകയും പാട്ടിന്റെ സീനിലേക്ക് ചില്ലുപ്രതലം ഉണരുകയും ചെയ്തു.ന്യൂസ് ചാനലുകളില്‍ രാഷ്ട്രീയക്കാരെ ചോദ്യം ചെയ്തു വെള്ളം കുടിപ്പിക്കയാണ്.പ്രസിദ്ധ സാഹിത്യകാരി സ്വര്‍ണലത നിര്യാതയായി എന്നൊരു ഫ്‌ലാഷ് ന്യൂസ് പെട്ടെന്ന് ചില്ലുപായയുടെ അരികിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ചാനലുകള്‍ മരണാഘോഷത്തിലേക്ക് ക്യാമറയും മൈക്കും ഘടിപ്പിച്ചു. കരയുന്ന ഓരോ ബന്ധുവിനെയും തട്ടി വിളിച്ച് അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

'ഈ മരണം നിങ്ങള്‍ക്കെങ്ങനെയാണു ഫീല്‍ ചെയ്യുന്നത്? വിഷം കഴിച്ചതാണെന്നു കേള്‍ക്കുന്നത് ശരിയാണോ? അവര്‍ കുറേക്കാലം കേരളം വിട്ടുനില്‍ക്കാന്‍ എന്താണ് കാരണം?'

ചോദ്യസൂചികള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന ബന്ധുക്കളെ ക്യാമറ ഒപ്പിയെടുത്തു.കരച്ചിലിന്റെ അഭംഗികളാല്‍ സ്‌ക്രീന്‍ നിറഞ്ഞു.ചിരി പോലെ മനോഹരമല്ല കരച്ചില്‍, പ്രത്യേകിച്ചും വയസ്സായാല്‍. അയാള്‍ വിചാരപ്പെട്ടു..

മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അയാള്‍ ധൃതിയില്‍ ടീ വി ഓഫ് ചെയ്തു. അയാളെ ഗൌനിക്കാതെ മകന്‍ മുകളിലേക്ക് കയറിപ്പോയി.ഇനിയിപ്പോ ചോറ് വിളമ്പാന്‍ പറയും.ക്ലബ്ബില്‍ നിന്നും മടങ്ങിയെത്തിയിട്ടില്ല അവന്റെ കെട്ടിലമ്മ ഇപ്പോഴും. ടീ വി കാണലല്ലാതെ അച്ഛന് വേറെ പണിയില്ലല്ലോ എന്നൊരു വിമര്‍ശനവും എന്നത്തെയും പോലെ അവന്‍ തൊടുത്തു വിടാന്‍ സാധ്യതയുണ്ട്.

തന്റെതായ സാധനങ്ങളെല്ലാം അയാള്‍ ഒരു ബാഗില്‍ കുത്തി നിറച്ചു. ഒറ്റപ്പൈസ ബാലന്‍സില്ലാത്ത മോബേലും കയ്യിലെടുത്തു. ബാലന്‍സ് ഷീറ്റില്‍ എപ്പോഴും നിറയുന്നത് വട്ടപ്പൂജ്യങ്ങളാണ്. വ്യര്‍ത്ഥത അയാള്‍ക്കു മുകളില്‍ നരച്ച മേഘങ്ങളായി പടര്‍ന്നു കിടന്നു.കൊല്ലങ്ങളോളം മറ്റുള്ളവരെ അനുസരിപ്പിച്ചവന് കിട്ടേണ്ട ശിക്ഷ തന്നെ. കുതറാന്‍ കഴിയണം ഒരിക്കലെങ്കിലും..അയാള്‍ പതുക്കെ വാതില്‍ തുറന്നു. റോഡിലെത്തിയപ്പോള്‍ ,പെന്‍ഷന്‍ പണം പേഴ്‌സില്‍ ഇല്ലേയെന്നു നോക്കി.

-ശരണാലയം- അയാള്‍ പറഞ്ഞ വിചിത്ര നാമം കേട്ട് ഓട്ടോക്കാരന്‍ അന്തം വിട്ടു. 'എവിടെ അത്'" മുഖം ചുളിച്ച് അയാള്‍ ചോദിച്ചു.

'നേരെ വിട്ടോളൂ, 'ഒട്ടും ശങ്കയില്ലാതെ ശ്രീധരന്‍നായര്‍ പറഞ്ഞു.'എവിടേലും ഒരു തണലില്‍ ഒരു ശരണാലയം ഉണ്ടാവാതിരിക്കില്ല'

പത്രത്തിന്റെ ചരമപേജില്‍ വന്നേക്കാവുന്ന ഒരറിയിപ്പ്(ഫോട്ടോ സഹിതം) അയാള്‍ മനസ്സിന്റെ മുഷിഞ്ഞ പേജില്‍ കാണാന്‍ തുടങ്ങി:
                                                        
                                                                 കാണ്മാനില്ല

ശ്രീധരന്‍നായര്‍, 70 വയസ്സ്. വെളുത്ത നിറം 167രാ ഉയരം. നെറ്റിയില്‍ ഒരു മറുകുണ്ട്. പഴയൊരു ലുങ്കിയും ഷര്‍ട്ടും വേഷം. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനപേക്ഷ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ