Pages

2014, മാർച്ച് 8, ശനിയാഴ്‌ച

ചിഹ്നങ്ങള്‍(കഥ) re-post


ദൈവപുരത്ത്  കാലങ്ങളായി ഒരു വിചിത്രസംഭവം നടക്കുന്നു: കുഞ്ഞുങ്ങളെല്ലാം പച്ചകുത്തിയ പോലെ തോള്‍ക്കയ്യില്‍ ഏതെങ്കിലും അടയാളത്തോടെയാണ് ജനിക്കുക, ശൂലം, ചന്ദ്രക്കല, കുരിശ് അങ്ങനെയങ്ങനെ..മതങ്ങള്‍ മനുഷ്യരില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്നതാണെന്നും ജനിക്കുമ്പോള്‍ ആരും ഒരു മതത്തിലും പെടുന്നില്ലെന്നും തത്വചിന്തകര്‍ വിചാരപ്പെടുമെങ്കിലും ഈ നാട്ടില്‍ അതൊന്നുമല്ല അവസ്ഥ. ഓരോ ഗര്‍ഭിണിയും ഏതു ചിഹ്നത്തിലാണ് കുഞ്ഞുണ്ടാവുക എന്ന് ആശങ്കപ്പെട്ടു. അതിനു കാരണമുണ്ട്. കുട്ടിയെ അതാതു ചിഹ്നക്കാര്‍ക്ക് കൈമാറേണ്ടതുണ്ട്.അങ്ങനെ ചെയ്യാത്ത ഒന്നുരണ്ടു സമുദായക്കാര്‍ അതിന്റെ വില ചോരയായാണ് നല്‍കിയത്.കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ മാത്രം വാവിട്ടു കരഞ്ഞു. പകരം കിട്ടിയ കുട്ടികള്‍ സ്വന്തം മുദ്രയിലായിട്ടും അവരവയെ രഹസ്യമായി വെറുത്തു.

ഓരോ മതവിഭാഗവും ദൈവം സ്വന്തം ഇരുമ്പുപെട്ടിക്കുള്ളില്‍ ഭദ്രമാണെന്ന് അഹങ്കരിച്ചു. പ്രപഞ്ചത്തോളം വിശാലനായ യഥാര്‍ത്ഥദൈവമാകട്ടെ പുഞ്ചിരിയാല്‍ പ്രകാശം പൊഴിച്ചു കറയറ്റ വിശ്വാസിയാണ് ഓരോരുത്തരും. മതില്‍ ഭേദിച്ച് മറ്റൊരാള്‍ കടന്നു കയറുന്നതിനെതിരെ ആയുധങ്ങളെപ്പോഴും തിളങ്ങി. തെരുവുകള്‍ ഇടയ്ക്കിടെ ചെമന്നു.അടയാളം നോക്കി തങ്ങള്‍ക്ക് നഷ്ടപ്പെട്ടവരെ തിട്ടപ്പെടുത്താമെന്നതിനാല്‍ പ്രതികാരനടപടികളില്‍ ആരും പിന്നിലായിരുന്നില്ല. ചോര മണക്കുന്ന വീഥികള്‍, നെടുവീര്‍പ്പുകളുതിരുന്ന അകത്തളങ്ങള്‍, ശാന്തി എന്തെന്നറിയാത്ത മനസ്സുകള്‍...

ഒരട്ഭുതസംഭവത്തോടെ അശാന്തിയുടെ മൂര്‍ദ്ധന്യം അവര്‍ക്കനുഭവിക്കേണ്ടി വന്നു. ചിഹ്നമില്ലാതെ ഒരു കുഞ്ഞ് ജനിച്ചതായിരുന്നു അത്.അതിനെ കഷ്ണം കഷ്ണമാക്കി നായകള്‍ക്ക് എറിഞ്ഞു കൊടുക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. പക്ഷെ അവരുടെ വാള്‍ക്കണ്ണുകള്‍ കണ്ടെത്തുംമുമ്പ് അതിന്റെ അമ്മ ഇടറിയും മുടന്തിയും ഒരു കാട്ടിലെത്തിച്ചേര്‍ന്നു. കാനനത്തിന്റെ ശാന്തതയും പച്ചപ്പും അവരെ അമ്പരപ്പിച്ചു. ജലക്ഷാമം എന്നുമുള്ള മരുഭൂസമാനമായ നാടായിരുന്നു അവരുടേത്.മൃഗങ്ങള്‍ വളരെ ഇണക്കത്തില്‍ കഴിയുന്നതായിരുന്നു മറ്റൊരു വിസ്മയം. ഇരകളും വേട്ടക്കാരും തോളോടുതോളുരുമ്മി തണലുകളില്‍ ചാടി മറിഞ്ഞ്..

ചിഹ്നങ്ങളില്ലാത്തവന്‍ വളര്‍ന്നുകൊണ്ടിരുന്നു. രാസവിഷങ്ങളില്ലാത്ത കാറ്റും ഭക്ഷണവും കൊണ്ടാവാം അവന്റെ കണ്ണുകള്‍ക്ക് അസാമാന്യതീക്ഷ്ണത..അക്ഷരങ്ങള്‍ അമ്മ തന്നെ മകന് പകര്‍ന്നു കൊടുത്തു.സ്‌കൂളില്‍ പറഞ്ഞയക്കാന്‍ യാതൊരു മാര്‍ഗവുമില്ല. സമുദായങ്ങളില്‍ വിഭജിതമാണ് വിദ്യാലയങ്ങള്‍. മുദ്രകളില്ലാത്തവന് എവിടെയും കിട്ടില്ല പ്രവേശം. അവള്‍ ഇടയ്ക്കിടെ നാട്ടിലെത്തി. ആരും കയറാതെ പൊടി പിടിച്ചു കിടക്കുന്ന ലൈബ്രറികളില്‍ നിന്നും അനുജനെക്കൊണ്ട് പുസ്തകങ്ങളെടുപ്പിച്ചു. ചിഹ്നമില്ലാത്തവന്‍ മൂര്‍ച്ചയുള്ള കണ്ണുകളാല്‍ എല്ലാം അളന്നു, ധ്യാനത്താല്‍ സ്വയം നിറച്ചു..

യുവാവായപ്പോള്‍ പക്ഷേ അവനെങ്ങോ പുറപ്പെട്ടു പോയി. മകനെ തിരഞ്ഞു നാട്ടിലെത്തിയ അമ്മയെ എതിരേറ്റത് ചീത്തവാര്‍ത്തകളാണ്. ചിഹ്നങ്ങളില്ലാത്ത ഒരുത്തന്‍ മതങ്ങളെ പരിഹസിക്കുന്നു. എല്ലാം തകരണമെന്നു ആക്രോശിക്കുന്നു.അനിയന്‍ വിറയലോടെ അവളോട് മന്ത്രിച്ചു:'അവന്റെ അന്ത്യമടുക്കാറായി. എവിടെ ഒളിപ്പിച്ചാലും നേതാക്കള്‍ അവനെ കണ്ടെത്തും. കൊല്ലുകയും ചെയ്യും..'

അവള്‍ കടയുന്ന കണ്ണുകളോടെ അവനെ തിരഞ്ഞിറങ്ങി. കുന്നുകളുടെ ഇടിച്ചു നിരത്തിയ വ്രണങ്ങളിലൂടെ പുഴകളുടെ ഉണങ്ങി വരണ്ട മേനിയിലൂടെ അവള്‍ ഇടറി നീങ്ങി. ഒടുക്കംദൂരെ പാറകളെല്ലാം പൊടിഞ്ഞു തീര്‍ന്നുണ്ടായ വലിയ കുഴിക്കരികെ അവനും അനുയായികളും..അവന്റെ ശബ്ദം ചെമ്പുകുടത്തില്‍ നിന്നു വരുമ്പോലെ മുഴങ്ങി -:'മനുഷ്യര്‍ക്കിടയില്‍ പണിയപ്പെട്ട ഓരോ ഇടച്ചുമരും തകര്‍ന്നേ പറ്റൂ..ഉരുക്കുപെട്ടിക്കുള്ളില്‍ നിന്നും സ്വതന്ത്രമാകട്ടെ ഓരോ ദൈവവും..മനസ്സുകള്‍ ആകാശവിസ്തൃതി നേടട്ടെ..'

അവര്‍ തലയാട്ടി.- 'ആദ്യം ' അവന്‍ തുടര്‍ന്നു ..

'നിങ്ങളുടെ  തോള്‍ക്കയ്യിലെ ചിഹ്നങ്ങള്‍ വെടിയുക. '

'എങ്ങനെ'?അവര്‍ കൂട്ടത്തോടെ ചോദിച്ചു. അവന്‍ കൂര്‍ത്ത മുള്ളുകള്‍ അവര്‍ക്കു നേരെ നീട്ടി.

'വിഷമേല്‍ക്കില്ല, പഴുക്കുകയുമില്ല..മുറിവുണ്ടാക്കി ആ അടയാളത്തെ ചുരണ്ടിയെടുക്കുക.'
അവര്‍ എത്ര ശ്രമിച്ചിട്ടും അടയാളങ്ങള്‍ ഒന്നു മങ്ങിയതുപോലുമില്ല. പരാജിതരായി അവര്‍ അവനെ തുറിച്ചു നോക്കി. അവന്‍ തുടര്‍ന്നു.

'ഇത്രയേറെ വൈവിധ്യങ്ങള്‍ തീര്‍ത്തവന് ഏകഭാവത്തിലുള്ള ഒരു പ്രത്യേകമതത്തിന്റെ ആരാധനകള്‍ മാത്രം സ്വീകാര്യമാകുന്നതെങ്ങനെ?ഇത്രയധികം പാതകള്‍ സൃഷ്ടിച്ചവന്‍ ഒരു പാതയുടെ അറ്റത്തു മാത്രം സ്വര്‍ഗം പണിഞ്ഞുവെക്കുന്നതെങ്ങനെ? ജീവിതമെന്നാല്‍ ഒരു വഴികണ്ടെത്തല്‍ മത്സരമാണോ? നമ്മള്‍ നന്മ ഭക്ഷിക്കുക, നന്മയാല്‍ ഉടുക്കുക, നന്മയില്‍ ചരിക്കുക, മറ്റൊന്നും ആവശ്യമില്ല..'

അവന്റെ കൂര്‍ത്ത വാക്കുകള്‍ അവരുടെ ഉള്ളിലെവിടെയോ പോറലുകള്‍ വീഴ്ത്തി. തോളിലെ ചുരണ്ടിയ ഭാഗം വേദനിച്ചു തടിച്ചു. അപ്പോഴാണു ദൂരെയാ  ദൃശ്യം ആയുധങ്ങളുമായി മതിലുകളുടെ ഉടയവര്‍ പതുങ്ങി വരുന്നു..ഒരൊറ്റക്കുതിപ്പിന് അവനും അനുചരരും ഓടി. പൊന്തകളും മുള്‍ച്ചെടികളും വകഞ്ഞ് ഭീതിയുടെ ഉഴവുനിലങ്ങളിലൂടെ അവര്‍ ക്ലേശിച്ചു മുന്നേറി. എവിടുന്നോ സന്ധ്യയുടെ മൂടുന്ന ഇരുട്ടിലേക്ക് ഒരു കോഴിയുടെ സങ്കടക്കൂവല്‍ ഉടഞ്ഞു വീണു. അവന്‍ ആശങ്കയോടെ അവരെ നോക്കി, പിന്നെ ഉയരമുള്ള ഒരു മുള്‍മരത്തില്‍ വലിഞ്ഞു കയറി..

ഒരുത്തനെ അവര്‍ പിടിച്ചു കഴിഞ്ഞിരുന്നു. അവന്റെ തോള്‍ചിഹ്നമാണവനെ രക്ഷിച്ചത്. അവര്‍ മുരണ്ടു:'ആ ഭ്രാന്തനെ കാണിച്ചു തന്നാല്‍ നിങ്ങള്‍ ശിങ്കിടികള്‍ക്കെങ്കിലും രക്ഷപ്പെടാം.'
'ഞങ്ങള്‍ക്കവനെ അറിയില്ല.' പരാജയഭീതിയോടെ അനുയായികള്‍ പുലമ്പിക്കൊണ്ടിരുന്നു.അവര്‍ ഒരു പെട്ടി തുറന്നു. കെട്ടുകെട്ടായി നോട്ടുകള്‍..അവര്‍ കണ്‍തിളക്കത്തോടെ തമ്മില്‍ തമ്മില്‍ നോക്കി.

'മുപ്പതു ലക്ഷമാ മുപ്പതു ലക്ഷം..ഇതുമായി വേണമെങ്കില്‍ സുഖമായി ജീവിക്ക്, ആ ഭ്രാന്തനെ ഇങ്ങു വിട്ടു തന്നേക്ക്..'

അവരറിയാതെ അവരുടെ ചൂണ്ടുവിരലുകള്‍ മുള്‍മരത്തിലെക്ക് നീണ്ടു. ഒരു കുരങ്ങനെയെന്നോണം അവരവനെ കുരുക്കിട്ട് വലിച്ചു താഴെയിട്ടു.മുദ്രയില്ലാത്തവനെ ആരു ശിക്ഷിക്കും? തര്‍ക്കം ആരംഭിച്ചു. അവസാനം പ്രായത്തില്‍ മുതിര്‍ന്ന ആള്‍ തീര്‍പ്പ് കല്‍പ്പിച്ചു.

 'മൂന്നായി മുറിക്കാം, ഓരോ കഷ്ണവും ഓരോ വിഭാഗത്തിന്റെ ആചാരപ്രകാരം ശിക്ഷിക്കാം.'
നിമിഷങ്ങള്‍ക്കകം അവന്‍ ഈര്‍ന്നു മുറിക്കപ്പെട്ടു.തലയും നെഞ്ചും കൂടിയ ഭാഗം കുരിശിലേറ്റപ്പെട്ടു. അരഭാഗം ശൂലം തറക്കപ്പെട്ടു. കാലുകള്‍ വാളാല്‍ മുറിക്കപ്പെട്ടു..അവന്റെ മുടിഞ്ഞ ചിന്തകള്‍, മുള്‍ക്കാടുകളിലൂടെയുള്ള യാത്രകള്‍..സത്യത്തിനായുള്ള തീരാദാഹം എല്ലാം ഞൊടിയിടയില്‍ അവസാനിച്ചു കിട്ടിയതില്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.

അകലെ എവിടെയോ നിന്ന് ഒരു മാതാവിന്റെ തേങ്ങല്‍ മാത്രം ഈര്‍ന്നിട്ടും മുറിയാതെ അവിടമാകെ പ്രകമ്പനം കൊണ്ടു.

ഉയര്‍ത്തെഴുന്നേല്‍ക്കാനായി അവന്‍ ലോകം വെടിഞ്ഞു...  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ