ഹെല്‍മറ്റ് പോലൊരു ഉപകരണം തലയില്‍ അണിയിച്ച് ,ചില വയറുകള്‍ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് അയാള്‍ പറഞ്ഞു , 'ശരി ഇനി തുടങ്ങിക്കോളൂ ..ഏറ്റവും ടോര്‍ച്ചറിംഗ് ആയതു വേണം ആദ്യം ..'
ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഗതകാലത്തേക്ക് കൂപ്പു കുത്തി ..അവന്‍ പറയാന്‍ തുടങ്ങി
'തടവറയില്‍ ഞങ്ങള്‍ അഞ്ചു പേരായിരുന്നു .കമ്പിക്കൂടായ മുറിയില്‍ മത്തി അടുക്കിയ പോലെ ഞങ്ങള്‍ കിടക്കും ..ഒടിഞ്ഞു നുറുങ്ങിയ അസ്ഥികള്‍ ദേഹത്താകെ വേദനയായി നുറുങ്ങും ..നഗ്‌നരാക്കി വേദനിപ്പിക്കാനയിരുന്നു അവര്‍ക്ക് ഏറെ ഇഷ്ടം ..സ്വകാര്യത എന്നത് ഒരു വെറും പദമാണെന്ന് അങ്ങനെ ഞാന്‍ വ്യസനത്തോടെ മനസ്സിലാക്കി ..'
'ചുരുക്കിപ്പറയൂ ..'അയാള്‍ ചെറുപ്പക്കാരന്റെ ചെവിയില്‍ പിറുപിറുത്തു..
'അതെ ,ചുരുക്കിപ്പറയാം..ഒടുവില്‍ ചങ്ങലയുടെ അവസാനകണ്ണിയും വലിച്ചു പൊട്ടിച്ചപ്പോഴേക്കും കാലുകള്‍ പഴുത്തു പൊട്ടിയിരുന്നു ..ഭാഗ്യം ..തടവ് ചാടിയവരെ തിരഞ്ഞു ആരും വന്നില്ല ..അവര്‍ക്ക് പുതിയ ഇരകളെ കിട്ടിയിരുന്നു ..രക്ഷപ്പെട്ടിട്ടും വലിയ വലിയ വാരിക്കുഴികളെ ഞാന്‍ സ്വപ്നം കാണുന്നു ..സമാധാനം വേണമെനിക്ക് ..സ്വസ്ഥമായി ഇത്തിരി കാലമെങ്കിലും ജീവിക്കണം ..മായ്ച്ചു കളയൂ നശിച്ച ഈ ഓര്‍മകളെ ..'
'ശരി ,ഡോണ്ട് വറി..എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു ..ഇനി നിങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടാവില്ല ..'
മറവിയന്ത്രം കണ്ടുപിടിക്കപ്പെട്ടതോടെ അയാളുടെ ഓഫീസിനു മുന്നില്‍ തീരാത്ത ക്യൂ ആണ് ..ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് നാല് വിരലുകള്‍ നഷ്ടപ്പെട്ട് പുറത്തു പോരുമ്പോള്‍ എന്ത് ബിസിനസ്സാണ് ഇനി ചെയ്യുക എന്ന് അയാള്‍ക്ക് ഏറെ തല പുകക്കേണ്ടി വന്നില്ല .ശീതീകരിക്കപ്പെട്ട അവന്റെ ഓഫീസിനു മുന്നില്‍ സ്മരണകളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ വേച്ചും തളര്‍ന്നും ക്യൂ പാലിച്ചു ..നിണമിറ്റുന്ന ഓര്‍മകള്‍ അയാള്‍ക്ക് പുത്തരിയല്ല ..ഈ ബിസിനസ് തുടങ്ങിയതില്‍ പിന്നെയാണ് ഓര്‍മകളുടെ വൈവിധ്യം ഇങ്ങനെ പീലി വിരിച്ചാടുന്നത് ..
മറവിയുടെ സുഖം തരുന്ന ആലസ്യത്തോടെ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു ..നന്ദിയോടെ അയാളെ നോക്കി .
'പണം ക്യാഷ് കൌണ്ടറില്‍ അടച്ചോളൂ." അടുത്തയാളെസീറ്റിലേക്കാനയിച്ചുകൊണ്ട് അയാള്‍ പറഞ്ഞു .
അതൊരു ചെറുപ്പക്കാരിയായിരുന്നു ..അവള്‍ വെറുപ്പോടെ കഥനം തുടങ്ങി
'പാടിപ്പതിഞ്ഞ ആദര്‍ശപ്രണയങ്ങളില്‍ എനിക്ക് വിശ്വാസമില്ല ..ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് ഓരോരുത്തരെയും ചൂണ്ടയിട്ടത് ..ജസ്റ്റ് ഫോര്‍ എന്‌ജോയ്‌മെന്‍ട്..പക്ഷെ ഗള്‍ഫില്‍ നിന്ന് ഹസ് വന്നിട്ടും അവന്റെ വിളി കുറയില്ലാന്നു വെച്ചാ ..വീട്ടില്‍ അങ്ങോരുമായി വഴക്ക് പതിവായി .അങ്ങനെയങ്ങ് ഓടിപ്പോകാനോക്കുമോ ആ പയ്യനുമൊത്ത്? നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ?അങ്ങോരുടെ വമ്പിച്ച സ്വത്ത് അങ്ങനെ വിട്ടു കളയാന്‍ പറ്റുമോ?അതോണ്ടാ ഞാനവനെ കൊന്നത് ..കുഴപ്പം പോലീസും കേസും ഒന്നുമല്ല ..അതൊക്കെ പണത്തില്‍ ഒലിച്ചു പോയി ..പ്രശ്‌നം നശിച്ച കിനാവുകളാണ്..എന്നും ഉറങ്ങിക്കഴിഞ്ഞാ ആ ചെക്കന്‍ വരും മുന്നിലിരുന്ന് കരയാന്‍ .ഛെ ..കരയണോരെ പണ്ടേ എനിക്കിഷ്ടല്ല ..ന്യൂയിസന്‍സ് ..മായ്ച്ചു കളയൂ പൊന്നേ ഈ വേണ്ടാതീനങ്ങളെ ..'
അത് പറഞ്ഞ് അവളവനെ പ്രേമത്തോടെ കടാക്ഷിച്ചു .അയാള്‍ സന്തോഷത്തോടെ അവളെ നോക്കി കണ്ണിറുക്കി ..
അടുത്തത് ഒരു വൃദ്ധയായിരുന്നു .അയാള്‍ കുസൃതിയോടെ ചോദിച്ചു 'കുഴിയിലേക്ക് കാലു വെക്കാന്‍ നേരം എന്തിനാ വല്യമ്മേ മനസ്സിന്റെ സ്ലേറ്റ് ശൂന്യമാക്കുന്നത്..കുഴിയില്‍ കിടക്കുമ്പോ ഓര്‍ക്കാലോ ..'
അയാള്‍ പറയുന്നതൊന്നും അവര്‍ കേട്ടില്ലെന്നു തോന്നി ..സ്മരണകളുടെ പതയുന്ന തിരകള്‍ അവരെ അലക്കിപ്പിഴിഞ്ഞു .. 'മോനേ, എല്ലാ ഓര്‍മകളും എനിക്ക് മടുത്തു ..അവരുടെ മുഖം കാണുന്തോറും ഇത് താനെന്നോ കണ്ടു മറന്നതാണല്ലോ എന്നവന്‍ ശങ്കിച്ചു ..ആ ചുളുങ്ങിയ വിരലുകളില്‍ നിന്ന് ഒരു പാല്‍മണം അവനെ തൊട്ടു ..എന്താണ് താനും ഈ കിഴവിയുമായുള്ള ബന്ധം?അവരാകട്ടെ അയാളെ കാണുന്തോറും തന്നെ തൊഴിച്ചെറിഞ്ഞ മക്കളെയോര്‍ത്തു..തന്റെ ആരോഗ്യമത്രയും കഷ്ണിച്ച് അവരെ ഊട്ടിയതോര്‍ത്തു ..ഒടുക്കം അവരുടെ വെണ്‍മാടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ തുടങ്ങിയ അലച്ചിലുകള്‍ ..കാലം എത്രയാണ് കടന്നു പോയത് ..ഉള്ളില്‍ എരിയുന്ന അടുപ്പുകളെ അണച്ചിട്ടു വേണം ശാന്തമായൊന്നു മരിക്കാന്‍ ..
അവസാനം എല്ലാം മായ്ച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ഒരു ശിശുവെപ്പോലെ ചിരിച്ചു ..കൌതുകത്തോടെ ചുറ്റും നോക്കി പതുക്കെ പുറത്തിറങ്ങി ..
ഒരിക്കല്‍ എറിഞ്ഞു കളഞ്ഞ ഓര്‍മകള്‍ ഒന്നാകെ കിഴവിയുടെ വരവോടെ അവനെ പൊതിഞ്ഞു..എന്നോ താന്‍ ഉപേക്ഷിച്ചു കളഞ്ഞ അമ്മയെന്ന ജീവി അവന്റെ ലോഹഹൃദയത്തെ കരളാന്‍ തുടങ്ങി ..'നാശം ,സ്വയം ശപിച്ചു കൊണ്ട് അവന്‍ മറവിയന്ത്രത്തിന്റെ വയറുകള്‍ തന്റെ ചെന്നിയിലേക്ക് ഘടിപ്പിച്ച് ഡിലീറ്റ് ചെയ്യേണ്ടവയെ സെലെക്റ്റ് ചെയ്യാന്‍ തുടങ്ങി ....
Dear friend.please read and leave your precious comments
മറുപടിഇല്ലാതാക്കൂനന്നായിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂമറവി ഒരു രോഗം മാത്രമല്ല അല്ലേ???
കഥയില്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂജീവിതത്തില് ആയാല്‍ വല്ലാതെ വേദനപ്പെടും
നല്ല കഥ. വേദനിപ്പിക്കുന്ന അനുഭവങ്ങളെ എന്നെന്നേക്കും മായ്ച്ചു കളയുന്നത് ഒരർത്ഥത്തിൽ നല്ല കാര്യം തന്നെ. എങ്കിലും ദുഃഖം ഉണ്ടെങ്കിൽ അല്ലേ സുഖത്തിന് ഒരു 'ഇത്' ഉണ്ടാകൂ?!
മറുപടിഇല്ലാതാക്കൂവായിച്ചു. ചിരിച്ചു. അനിവാര്യമായ പര്യവസാനം
മറുപടിഇല്ലാതാക്കൂകഥ കൊള്ളാം.
മറുപടിഇല്ലാതാക്കൂഓര്മ്മകള്ക്കെന്തു...............
മറുപടിഇല്ലാതാക്കൂആശംസകള്