മനസ്സിന്റെ നിര്‍ത്ധരിയിലെന്നും ചേറുവെള്ളമാണ് ആഴങ്ങളില്‍ ചുഴികളെയും കനത്ത പ്രവാഹങ്ങളെയും ഒളിപ്പിച്ച് നിറഞ്ഞു കിടന്നത്.ഒന്നിളകുമ്പോഴേക്കും എന്തൊരു ദുര്‍ഗന്ധം!പ്രത്യാശാഭവനില്‍ വച്ച് സാമുവലിന്റെ, കുഴിയിലാണ്ട മങ്ങിയ കണ്ണുകള്‍ കണ്ടപ്പോഴും ആ ദുര്‍വാസന കാറ്റെവിടുന്നോ കൊണ്ടു വന്നു.എവിടെയും അസഹ്യമായ നാറ്റം..നല്ല കാലമെന്നു നിനച്ചതെല്ലാം കഴിഞ്ഞ ജന്മത്തിലാവും.മണ്ണും ചേറും കുഴച്ച് മഴ കളിച്ചുകൊണ്ടിരിക്കുന്നു.സാരിയിലും കുട്ടികളുടെ ഉടുപ്പിലുമെല്ലാം കറുത്തുനാറുന്ന ജലത്തിന്റെ ശേഷിപ്പുകള്‍..സാമുവല്‍ ബോംബെയില്‍ നിന്നു കൊണ്ടു വരാറുണ്ടായിരുന്ന കുളിസോപ്പുകള്‍ കൊണ്ടാണ് വസ്ത്രം കഴുകുന്നത്..എന്നിട്ടും ഒരിക്കലും വിട്ടുമാറാത്ത ചെടിപ്പ്..
അവിടെ മരണം മാത്രേ ഉണ്ടായിരുന്നുള്ളൂ.തൂങ്ങിച്ചത്തവരുടെ,വിഷം കഴിച്ചവരുടെ,ട്രെയിനിനു തല വെച്ചവരുടെയൊക്കെ വൈവിധ്യമാര്‍ന്ന മണങ്ങള്‍..മൃത്യു എല്ലായിടത്തു നിന്നും ഒരു ഭ്രാന്തനെപ്പോലെ കയ്യടിച്ചുചിരിച്ചു..മാംസം അലിഞ്ഞുപോയപോലെ എല്ലും തോലും മാത്രമാണ് എല്ലാവരും..തൊലി പൊളിച്ചു അസ്ഥി ഏതു നേരവും പുറത്തു ചാടിയേക്കാം.വേദനയില്ലാതെ.ഉരുക്കിയുരുക്കി ഭസ്മമാക്കുമീ രോഗം..അപമാനത്തിന്റെ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി..
'ഞങ്ങള്‍ക്കെന്താ അസുഖമമ്മേ?എവിടെയും വേദനയില്ലല്ലോ.മുറിവും ചൊറിയുമില്ല.പിന്നെന്താ കുട്ടികളൊക്കെ കല്ലെറിഞ്ഞോടിക്കുന്നത്?പാരന്റ്‌സ് ഞങ്ങളെ കാണുമ്പോഴേക്ക് അവരേംകൊണ്ടോടുന്നത്?'
മകന്‍ കൂട്ടുകാരിക്ക് കൊടുക്കാന്‍ കരുതിയിരുന്ന റോസാപ്പൂ വാടി ഇതള്‍ കൊഴിയാന്‍ തുടങ്ങി.അവന്റെ ശിരസ്സ് പതുക്കെ തലോടി.വിരലുകള്‍ വിറക്കുന്നതെന്ത്?പൂ കൊടുക്കാനായി അവന്‍ അടുത്തെത്തിയപ്പോഴേക്കും ആ കുട്ടിയുടെ അമ്മയവളെ വാരിയെടുത്ത് വീടിന്റെ വാതില്‍ അവന്റെ മുഖത്തേക്ക് കൊട്ടിയടച്ചു.ആകെ നാണം കെട്ടു വിരല്‍ കടിച്ചുകൊണ്ടാണവന്‍...നിറഞ്ഞ കണ്ണുകളാകെ ചോദ്യങ്ങളായിരുന്നു.സ്‌കൂളില്‍ നിന്നും പുറത്തായതു മുതല്‍ അവര്‍ ടീച്ചറും കുട്ടികളുമായി അഭിനയിച്ചു കളിക്കുന്നു.പഠിച്ച പാഠങ്ങളും പാട്ടുകളും ഈണത്തില്‍ ചൊല്ലുന്നു..അവരുടെ രക്തത്തിലും രോഗാണുക്കള്‍ പുളക്കുകയാവും..എത്ര പേര്‍ ഇടപെട്ടാണ് കുട്ടികളെ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തത്.പുതിയ ബാഗും കുടയും വാങ്ങുമ്പോള്‍ അവര്‍ സോല്ലാസം തുള്ളിക്കളിച്ചു.പുറത്തു പറന്നുനടക്കുന്ന മഞ്ഞശലഭങ്ങളുടെ കാഴ്ച എന്തുകൊണ്ടോ കണ്ണുകളെ നോവിച്ചു.
പള്ളിപ്പെരുന്നാളിനുപോലും ഇത്രയും ആളുണ്ടാവില്ല.അവരെല്ലാവരും കൂടി തേനീച്ചകളെപ്പോലെ കുത്താനായി മൂളിപ്പറന്നു വന്നപ്പോള്‍ ഭയത്തോടെ ഓടി,പലയിടത്തും വീണു മുറിഞ്ഞു.തിരസ്‌കരണത്തിന്റെ വേദനയോടെ..പരിത്യക്തരായി..ഹൃദയവ്രണത്തിനു ചുറ്റും ഈച്ചകള്‍ ഇരമ്പിയാര്‍ത്തു..രക്ഷിതാക്കള്‍ ശബ്ദത്തോടെ സ്‌കൂള്‍ഗേറ്റ് വലിച്ചടച്ചു.ഇടിയുടെ പ്രചണ്ഡമായ ശബ്ദത്തില്‍,മിന്നലിന്റെ ഭീകരവെളിച്ചത്തില്‍,തിമര്‍ക്കുന്ന മഴയില്‍ കുട്ടികള്‍ പ്രതിമകളായി..ചങ്ങാതിമാര്‍ക്കായി കരുതിയ മിട്ടായികള്‍ മഴവെള്ളത്തില്‍ കുതിര്‍ന്നു.......
മടങ്ങുമ്പോള്‍,മുമ്പ് സാമുവലുമൊത്ത് ഇതേപോലെ ഇരുളില്‍ നാട്ടിലേക്ക് തിരിച്ചതോര്‍ത്തു.എല്ലുകള്‍ സീറ്റില്‍ തട്ടി അവന് വേദനിച്ചു.പുറത്തെ അന്ധകാരത്തില്‍ മരങ്ങളും വീടുകളുമെല്ലാം പേടിപ്പിക്കുന്ന നിഴലുകളായി..മെലിഞ്ഞ അവന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചെങ്കിലും ബസ് കുലുങ്ങിയപ്പോഴെല്ലാം അവന്റെ കൈ പിടുത്തം വിട്ടു താഴേക്ക് വീണു.അവന്റെ മുഖത്ത് രണ്ടു നീര്‍ച്ചാലുകള്‍..പണ്ടെങ്ങോ ചെയ്തുപോയ തെറ്റുകളുടെ ഓര്‍മ അവന്റെ ചെന്നിയില്‍ തലവേദന നിറച്ചു.തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി അവന്‍ പിറുപിറുത്തു:'ഞാന്‍ മരിച്ചാലേലും സമാധാനം കിട്ടും നിനക്കും മക്കള്‍ക്കും..ഞാനുള്ളതോണ്ടാണല്ലോ എല്ലാവരുമിങ്ങനെ ആട്ടിയകറ്റുന്നത്'.
വൈറസുകള്‍ എല്ലാവരുടെ രക്തത്തിലും നിര്‍ജരനൃത്തമാടുന്നുണ്ടെന്ന് ടെസ്റ്റിനുമുമ്പറിഞ്ഞിരുന്നില്ല.എലീസാടെസ്റ്റ്‌റിസള്‍ട്ട് തരുമ്പോള്‍ നഴ്‌സിന്റെ മുഖത്തു നിന്നും തെറിച്ച അവജ്ഞ ചൊറിയന്‍പുഴുവെപ്പോലെ ദേഹത്ത് തിണര്‍പ്പുണ്ടാക്കി.അവന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാനുമുണ്ടായില്ല ആരും..ഒടുവില്‍ എച്ചില്‍വണ്ടിയിലാണവനെ പൊതുശ്മശാനത്തിലെത്തിച്ചത്,മണ്ണിന്റെ ആഴങ്ങളില്‍ അവന്റെ പൊള്ളുന്ന സ്മൃതികളെ മൂടിയത്..
'എന്റെ വ്യസനം തൂക്കി നോക്കിയാല്‍ കടലിലെ മണലിനേക്കാള്‍ ഭാരമേറിയത്.പുഴുക്കളും അഴുക്കും എന്റെ ദേഹത്തെ പൊതിഞ്ഞിരിക്കുന്നു.നെയ്ത്തുകാരന്റെ ഓടത്തെപ്പോലെ ദിനങ്ങള്‍ ഓടി മറയുന്നു,പ്രത്യാശയില്ലാതെ..മടങ്ങിപ്പോരാത്തിടത്തേക്ക് എന്നെ വിട്ടാലും,വിഷാദത്തിന്റെയും കൂരിരുട്ടിന്റെയും ദേശത്തേക്ക്..നീയെന്നെ ചെളിയിലേക്ക് വലിച്ചെറിഞ്ഞല്ലോ,ഞാന്‍ ധൂളിയും ചാമ്പലും പോലെയായി..കൊടുങ്കാറ്റെന്നെ അമ്മാനമാടുന്നു.തൊലി കറുത്തു പൊളിയുന്നു..അസ്ഥികള്‍ ചൂടില്‍ വെന്തളിയുന്നു,നീയെന്നെ കൈവിട്ടതെന്ത്?
അവനെന്നെ ഓടിച്ച് വെളിച്ചം ഒട്ടുമില്ലാത്ത ഇരുളില്‍ കൊണ്ടു വന്നു.മാംസവും തൊലിയും ക്ഷയിപ്പിച്ചു.രക്ഷപ്പെടാനാവാത്ത വിധം ചുറ്റും കൊട്ട കെട്ടി.വലിയ ചങ്ങലകളാല്‍ എന്റെ വഴികള്‍ അടച്ചു..പതിയിരിക്കുന്ന സിംഹത്തെപ്പോലെ പിച്ചിച്ചീന്തി..ദൈവമേ!നീയെന്നെ കൈവിട്ടതെന്ത്..'
ബൈബിള്‍ അടച്ചു വെക്കുമ്പോള്‍ രാവേറെ ചെന്നിരുന്നു.ചുണ്ടിലാകെ കണ്ണീര്‍ച്ചുവ.പുറത്ത് മരണനിശ്ശബ്ദത.ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു സുന്ദരസ്വപ്നത്തിന്റെ പ്രശാന്തി..കിനാവിലവര്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ കളിക്കുകയാവും.സാമുവലിന്റെ കൂടെ കൂടിയതില്‍ പിന്നെയാണ് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത്.ഇപ്പോളെല്ലാമതഗ്രന്ഥങ്ങളും വായിക്കുന്നുണ്ട്.എന്നിട്ടും ഉള്ളം കരിക്കുന്ന തീയിലേക്ക് തലകുത്തി വീഴുകയാണ് പ്രാര്‍ഥനകള്‍.സമാധാനത്തിന്റെ നെയ്ത്തിരി മണ്ണിനടിയില്‍ അവനിപ്പോ അനുഭവിക്കുന്നുണ്ടാവും.തനിക്കത് ലഭിക്കുന്നതെന്നാണ്?മരണം കൂടെ കൊണ്ടു നടക്കുന്ന രോഗം ഇനിയെന്തെല്ലാം ദുര്‍വിധികളാണ് അതിന്റെ ഇരകള്‍ക്കായി ബാക്കി വച്ചിരിക്കുന്നത്?ആര്‍ക്കറിയാം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ