Pages

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഡ്രീം മെഷീന്‍(കഥ)



സുഖദമായ ഓര്‍മകളാണ് സ്വപ്‌നങ്ങള്‍.നിറപ്പകിട്ടാര്‍ന്ന ഹൃദയഹാരിയായ എത്രയെത്ര കിനാക്കള്‍..അവള്‍ ഓര്‍മകളെ ആദിയിലേക്ക് വട്ടം കറക്കി.കുഞ്ഞുനാളിലൊരിക്കല്‍ മഴവില്ലു കണ്ടിട്ടുണ്ട്.പിടിയില്ലാത്തൊരു അരിവാളു പോലെ..പിന്നീട് മഴവില്ലുകളെല്ലാം എവിടേക്കാണ് നഷ്ടപ്പെട്ടുപോയത്?കിനാവിന്റെ വര്‍ണമഴയും ചേറുവഴികളുമൊക്കെ ടി വീ ദൃശ്യം പോലെ ഉള്ളില്‍ ഉയിരാര്‍ന്നു വരും..നിറമുള്ള ചെലകളില്‍ കാല്‍ത്തള കിലുക്കി നൃത്തമാടുന്ന സുന്ദരികള്‍.പുതിയ നിറക്കൂട്ടുകളില്‍ വിരിഞ്ഞാടുന്ന പൂക്കള്‍..വരുംകാലത്തെന്നോ വരാന്‍ പോകുന്ന ദുരിതങ്ങളുടെ മുന്നറിയിപ്പെന്നോണം അഴുകി പുഴു വരാറായ കുളിമുറികള്‍..ഉണങ്ങിക്കരിഞ്ഞ മരങ്ങള്‍..പണ്ട് മിസ്രയീം ദേശത്തെ രാജാവ് നദീതീരത്തു മേഞ്ഞു നടക്കുന്ന ഏഴു തടിയന്‍ പശുക്കളെ മെലിഞ്ഞു വിരൂപികളായ ഏഴെണ്ണം തിന്നു കളയുന്നത് സ്വപ്നം കണ്ടു.പുളച്ചു നില്‍ക്കുന്ന ഏഴു കതിരുകളെ നേര്‍ത്തു കരിഞ്ഞ ഏഴെണ്ണം വിഴുങ്ങുന്നതായിരുന്നു മറ്റൊരു സ്വപ്നം.വരാന്‍ പോകുന്ന ഏഴു കൊല്ലത്തെ ക്ഷാമത്തെക്കുറിച്ച മുന്നറിയിപ്പായിരുന്നു അത്..
വാണ്ടഡ് കോളത്തില്‍ അഭിലഷണീയയോഗ്യത ഡിഗ്രിയായിരുന്നു.അത്യാവശ്യം വേണ്ടത് സ്വപ്നം കാണാനുള്ള കഴിവാണ്.പരസ്യവാക്യം ഇപ്രകാരമായിരുന്നു'നിങ്ങള്‍ കോടീശ്വരി (രന്‍)യാകാനാഗ്രഹിക്കുന്നുണ്ടോ?പുതിയ പുതിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ കൊതിക്കുന്നുണ്ടോ?എങ്കില്‍ നിങ്ങള്‍ക്ക് ഒന്നേ വേണ്ടു.സ്വപ്നം കാണാനുള്ള കഴിവ്.'വിമാനത്തില്‍ കയറുമ്പോള്‍ കാല്‍ വിറച്ചു.ഉയരങ്ങള്‍ കീഴടക്കുകയാണ്.ഒരു കൊച്ചു കുടിലില്‍ പിറന്നവള്‍ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണോ?പഞ്ഞിക്കെട്ടുകളായി മേഘങ്ങള്‍ തൊട്ടുമുകളില്‍..ആകാശത്തെ തൊടാനായുന്ന ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഓഫീസ്.അവസാനമാണ് വിളിക്കപ്പെട്ടത്.അവര്‍ക്ക് ഒന്നും അന്വേഷിക്കാനുണ്ടായിരുന്നില്ല.ഒരാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു.മറ്റൊരാള്‍ ഇമയനക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി,എന്തോ പരിശോധിക്കുംപോലെ.ഒരാള്‍ അങ്ങനെ നോക്കിയിരിക്കുന്നത് അത്ര സുഖമുള്ളതല്ല.ആ ലജ്ജ കുറച്ചു നേരമേ ഉണ്ടായുള്ളൂ.മനസ്സേതോ ഭാവനാലോകത്തേക്ക് പറന്നുയര്‍ന്നു.ആലീസിന്റെ അത്ഭുതലോകത്തെത്തിയ പോലെ വിസ്മയദൃശ്യങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അയാള്‍ പുഞ്ചിരിയോടെ അവളെ തൊട്ടു വിളിച്ചു:'യു ആര്‍ സിലക്റ്റഡ്.നാളെ മുതല്‍ ഓഫീസില്‍ വന്നോളൂ..'

നാലിഞ്ചു നീളമേ ആ യന്ത്രത്തിനുണ്ടായിരുന്നുള്ളൂ.രണ്ടു വയറുകള്‍ അയാള്‍ അവളുടെ ചെന്നിയില്‍ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു:'ഞങ്ങളുടെ നാട്ടിലാരും ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.മെന്റല്‍സ്ട്രസ്സ് കൊണ്ട് മാനസികരോഗികളായവര്‍,ക്യാന്‍സര്‍ ബാധിച്ചവര്‍,തുടങ്ങി അനേകം മാറാരോഗികള്‍ക്ക് സ്വപ്നചികിത്സയിലൂടെ സൌഖ്യമേകാമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.വെറുതെ ഭക്ഷണം കഴിക്കുക,സോല്ലാസം ഉറങ്ങുക..ആദ്യത്തെ ഒരാഴ്ച നിങ്ങളുടെ സ്വന്തം സ്വപ്‌നങ്ങള്‍ ഞങ്ങള്‍ റിക്കോഡ് ചെയ്യും.പിന്നീട് ഞങ്ങള്‍ പറയുന്ന തീമുകളെക്കുറിച്ച് വൈവിധ്യമാര്‍ന്ന സ്വപ്‌നങ്ങള്‍ കാണണം നിങ്ങള്‍.നിങ്ങളുടെ എബിലിറ്റിയിലാണ് പ്രൊമോഷന്‍.ഇഷ്ടമുള്ള പശ്ചാത്തലസംഗീതം,സുഗന്ധം നിറം ..ഏതു തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.'
ആദ്യമൊക്കെ രസമായിരുന്നു.അസാധാരണമായ നിറപ്പകിട്ടുള്ള സ്വന്തം കിനാവുകള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവള്‍ അമ്പരന്നുപോയി.ഇത്രയും വര്‍ണം,ഭംഗി ആരാവും കണ്ടിരിക്കുക?ചില സ്വകാര്യചിന്തകള്‍ ഇടയ്ക്കതില്‍ ഒളിമിന്നിയപ്പോള്‍ അയാള്‍ അവളെ നോക്കി കണ്ണിറുക്കി.ഇവിടെ വന്നതില്‍ പിന്നെ ഇരുട്ടില്ല,ദുഃഖമില്ല..പ്രകാശം..എങ്ങും തൂവി നിറയുന്ന വെളിച്ചം..ചൊവ്വയില്‍ വീട് വയ്ക്കുന്നത്,ചന്ദ്രനില്‍ മാളികകള്‍ പണിയുന്നത്,കടലിനുള്ളില്‍ മത്സ്യങ്ങളെപ്പോലെ മനുഷ്യര്‍ താമസിക്കുന്നത്..ഇഷ്ടമുള്ള ജീവികളെ സൃഷ്ടിക്കുന്നത്..അങ്ങനെ വിസ്മയച്ചെപ്പുകളായിരുന്നു അവര്‍ തന്ന ചിത്രങ്ങള്‍ നിറയെ..അവ സസൂക്ഷ്മം നോക്കി പഠിക്കണമായിരുന്നു.ഏറ്റവും ചെറിയ അംശത്തില്‍ നിന്നുപോലും അത്ഭുതസ്വപ്‌നങ്ങള്‍ വിടര്‍ന്നു വരാന്‍ ആ നിരീക്ഷണം ഏറെ സഹായിച്ചു..
ഒക്കെ രസമായിരുന്നു.പക്ഷെ,ആറു വര്‍ഷത്തിനുശേഷം എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ പൊള്ളയായ ശിരസ്സ് പട്ടം പോലെ നൂലറ്റ് പറന്നു പോകുമെന്നു തോന്നി.കുഴിഞ്ഞ കണ്‍കളില്‍ കൃഷ്ണമണികള്‍ ചത്ത മീനുകളായി.നേര്‍ത്തൊരു വെള്ളസ്‌ക്രീന്‍ മുന്നിലുള്ളപോലെ..തലയുടെ ഭാരം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.സ്വപ്നസീഡികള്‍ കാണുമ്പോള്‍ മാത്രം ഇത്തിരി ആശ്വാസമുണ്ട്.ബ്രെയിന്‍ പ്രയോജനശൂന്യമായതിനാലാണത്രെ ഈ പിരിച്ചു വിടല്‍.അന്ന് വിവര്‍ണമായ മുഖത്തേക്ക് സഹതാപത്തോടെ നോക്കി അയാള്‍ ആശ്വസിപ്പിച്ചു:'പോകാനിഷ്ടമില്ലെങ്കില്‍ ഇവിടെത്തന്നെ നിന്നോളൂ.ഞങ്ങളുടെ ടെക്‌സ്റ്റയില്‍സ് വേള്‍ഡിലെതിലെങ്കിലും മാനിക്വിന്‍ ആയി നില്‍ക്കാം.എന്നും പുതുവസ്ത്രങ്ങളണിഞ്ഞു പ്രതിമയായി അനക്കമില്ലാതെ നിന്നാല്‍ മതി.എല്ലാ ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്നത്‌കൊണ്ട് ഇതൊക്കെയേ ബാക്കിയുള്ളൂ..'
എല്ലാമിനി ആദ്യം മുതല്‍ തുടങ്ങണം.ആകാശച്ചെരുവില്‍ ഫ്‌ലാറ്റില്‍ താമസിക്കാനാണേലും പണം ഇഷ്ടംപോലെയുണ്ട്.അപ്പൂപ്പന്‍താടി പോലെ ഭാരം കുറഞ്ഞ്,ഏതു സമയത്തും കഴുത്തില്‍ നിന്നറ്റ്‌പോയേക്കാവുന്ന തലയില്‍ ചൂടാന്‍ വേണമായിരുന്നു  കനമുള്ളൊരു കനവിന്‍കിരീടം.വീടിന്റെ ജനലുകളും വാതിലുകളും മറക്കണമായിരുന്നു കിനാവിന്റെ വര്‍ണനൂലുകളില്‍ നെയ്ത കട്ടിത്തിരശ്ശീലകളാല്‍..............
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ