Pages

2013, നവംബർ 2, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍ പടിയിറങ്ങുമ്പോള്‍ (കഥ )



'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചുമോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'
ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..
'അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ ഫോട്ടോ നോക്കി കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. 'പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ ചിത്രം, പിന്നെ നീ ബര്‍ത്ത്‌ഡേക്ക് തന്ന ഫോട്ടോ, രണ്ടും കൊണ്ടു ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'
നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'
'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.
'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചു അവന്‍ പറഞ്ഞു.എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിന്?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'
മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിച്ചു. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.
 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'മോള്‍ എന്റെ വയര്‍ തലോടി.
 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്തു അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.
'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'
കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.
'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു'നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...
ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!


#ചതഞ്ഞരയുന്ന എല്ലാ പെണ്ബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു.           
#മൌത്താ-മരിച്ചവര്‍

3 അഭിപ്രായങ്ങൾ: