കാര്യങ്ങളൊന്നും ചൊവ്വായല്ല നടക്കുന്നതെന്ന്
കദീസുമ്മാക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആകെ വീട്ടിലുള്ളത് മകനും
മരുമകളും അവരുടെ ഒരേയൊരു സന്തതിയുമാണ്. മകന് ജോലി കഴിഞ്ഞു വന്നാല്‍ സോഫയിലൊരു
ഇരുത്തമാണ്, പിന്നെ കയ്യിലെ മൊബെലില്‍ കുത്തിക്കുത്തി നേരം എത്രയാണാകുന്നതെന്ന് ഒരന്തവുമില്ലാതെ
ഇരിക്കുന്നത് കാണാം..ഒമ്പതാം ക്ലാസ്സുകാരനായ അവന്റെ മകന് സ്കൂള്‍ വിട്ടാല്‍
പിന്നെ പാഞ്ഞു കയറി വന്ന് ടാബ് എടുക്കാനും ഗെയിം കളിക്കാനും മാത്രേ സമയം ള്ളൂ.
വല്ലതും വായിച്ചു പഠിക്കാന്‍ ഉപ്പേം ഉമ്മേം പിന്നാലെ കൂടണം. എല്ലാര്ക്കുംണ്ട്
സ്വന്തമായൊരു ദുനിയാവ്. അവരവരുടെ ശുഗല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാരും
അവിടെയാണ്..തൊട്ടടുത്തുള്ളവരോട് ഒരക്ഷരം മിണ്ടാത്തവരാണു ദൂരെയുള്ള ആരോടൊക്കെയോ ഈ
തീരാത്ത വര്‍ത്തമാനം. പണ്ടൊക്കെ മോന്തി ആയാ എല്ലാ പൊരേന്നും ഖുറാന് ഓതുന്നത് കേള്‍ക്കേയ്നി,
ഇന്നിപ്പോ സീരിയലിന്റെ ചിരിയും കരച്ചിലും മാത്രേള്ളൂ ഏതു സമയൂം..അല്ലെങ്കില്‍
മോബെലിന്റെ പലതരം കിണുങ്ങിക്കരച്ചിലുകള്‍..
നെറ്റ് അടിമകളൊക്കെ പൊതുസ്വഭാവികളാണ്..അതിലെ പൈസ
തീര്ന്നാ പിന്നെ ആകൊരു അങ്കലാപ്പാണ്..അതിനു തിന്നാന്‍ കൊടുത്തിട്ടേ ബാക്കി എന്തു
കാര്യോംള്ളൂ..അതില്‍ കുത്തിക്കുത്തി ഇരിക്കുമ്പഴാ ഇവരുടെയൊക്കെ കല്ലിച്ച മുഖത്തൊരു
അയവ് വരുന്നത്..എന്തേലും ആവശ്യത്തിന് ആരെ വിളിച്ചാലും നാല് ചാട്ടമാണ്
മറുപടി..വയസ്സായ ഒരുമ്മ മയ്യത്താവാന്‍ നാളെണ്ണിക്കഴിയാന്നു വല്ല വിചാരോം ഈ
ജന്തുക്കള്‍ക്കുണ്ടോ..
‘’മുനീറാ, ന്റെ കാല് കടഞ്ഞിട്ട് വയ്യ ഈ തൈലം
കൊണ്ടൊന്നു ഉഴിഞ്ഞു താ’, അവര്‍ ഉറക്കെ വിളിച്ചു , മരുമകള്‍ ഗൂഡസ്മിതവുമായി മൊബെലില്‍
കുത്തിക്കൊണ്ടിരിക്കയാണ്..എണീറ്റ് ചെന്നു ആ മൊബെല്‍ വലിച്ച് ഒരേറു കൊടുക്കാന്‍
അവര്‍ക്ക് തോന്നി..പക്ഷെ കാലുകള്‍ സമ്മതിക്കില്ല..
‘മുക്താറെ, മുക്താറെ, അവര്‍ പേരമകനെ നീട്ടി
വിളിച്ചു..അവന് കണ്ണൊന്നുയര്‍ത്തി അവരെ നോക്കി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു..”കബീറെ,
കബീറെ, “ അവര്‍ അരിശത്തോടെ അലറി..’എന്താ ഉമ്മാ, കബീര്‍ അമ്പരപ്പോടെ ചോദിച്ചു. “അന്റെ
അണ്ണാക്കിലെന്താ, കൊഴുക്കട്ടേ? കൊറെ നേരായി ഞാന്‍ വിളിക്കണ്..ഇത്തോതില് വെള്ളം
കിട്ടാതെ ഞാന്‍ മവ്ത്താവല്ലോ പടച്ചോനെ..’’കബീര്‍ അടുത്തേക്ക് വന്നപ്പോള്‍ അവര്‍
പറഞ്ഞു..’’ദാ, ന്റെ വള, വിറ്റ് അന്റെ മായിരിക്കത്തെ ഒരു ഫോണ്‍ കൊണ്ടര്..ഇന്ക്കും
മാണല്ലോ മുണ്ടീം പറഞ്ഞും ഇരിക്കാന്‍ ആരെങ്കിലും..’’
‘’വവ്, പേരമകന് ചാടിയെഴുന്നേറ്റ് ആഹ്ലാദത്തോടെ
തുള്ളിച്ചാടി..’’അങ്ങനെ ന്യൂ ജന്‍ ആക് വല്ലിമ്മാ..ഉപ്പാ നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുക്ക്,
വാട്ട്സ് ആപ്പില്‍ ഓള്‍ഡ് മെന്‍ ഗ്രൂപ്പുണ്ടാക്കും വല്ലിമ്മ..പിന്നെ നല്ല നല്ല
കമ്പനികള്‍ ആയില്ലേ, ഒക്കെ ഞാന്‍ പഠിപ്പിച്ചു തരാം കേട്ടോ..’’
‘’ഉം, ഒന്നിരുത്തി മൂളി വല്ലിമ്മ കല്ലിച്ച മുഖത്തോടെ
സോഫയില്‍ ചാരി ഇരുന്നു..മുപ്പത്തഞ്ചു വര്‍ഷം മുമ്പ് പഴയ ഓടുവീട്ടില്‍ താമസിച്ചിരുന്നതും
അയല്‍വീട്ടുകാരുമായി വര്‍ത്താനം പറഞ്ഞിരുന്നതും എന്തുണ്ടാക്കിയാലും ഒരോരി എല്ലാര്ക്കും
കൊടുത്തിരുന്നതും ഒക്കെയായ ഓര്‍മകള്‍ അവര്‍ക്ക് ചുറ്റും തുള്ളിക്കളിച്ചു..മങ്ങിയ
കൃഷ്ണമണികള്‍ തുളുമ്പാന്‍ വെമ്പുന്ന കണ്ണീരാല്‍ തിളങ്ങി.................
ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂപഴയകാലത്തിന്റെ നന്മകൾ പലതും നഷ്ടമായിരിക്കുന്നു ..ഓർമ്മപ്പെടുത്തലിനു നന്ദി ആശംസകൾ
മറുപടിഇല്ലാതാക്കൂ