Pages

2026 ഓഗസ്റ്റ് 22, ശനിയാഴ്‌ച

സഡാക്കോയുടെ കുറിപ്പുകൾ(കഥ )

 സഡാക്കോയുടെ കുറിപ്പുകൾ (കഥ )

ശരീഫ മണ്ണിശ്ശേരി 


ഓഗസ്റ്റ്. 5-

പരാദങ്ങളെക്കുറിച്ചായിരുന്നു ആ പുസ്തകം. ശവഗന്ധമുള്ള, ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫിളീഷ്യയെക്കുറിച്ച്. അതിന്റെ പെരുത്ത ഇതളുകൾക്കപ്പുറം നേർത്ത നാരുകൾ തൊട്ടടുത്തുള്ള ദുർബലമായ മരത്തിന്റെ ഇറച്ചിയിലേക്ക് ആഴ്ന്നിറങ്ങി. അതിന്റെ ശേഷിക്കുന്ന ചോരയും നീരും ആ നൂലുകളിലൂടെ ഭീമൻ പൂവിലേക്ക് കിനിഞ്ഞിറങ്ങി..


ഓഗസ്റ്റ്. 6-

പതിനായിരം കടലാസു പറവകളെ നിർമിച്ചാൽ എന്റെ രോഗം സുഖപ്പെടുമെന്ന് എല്ലാവരും പറയുന്നു. ഇപ്പോൾ നൂറെണ്ണമായി. കൊതുക് കടിച്ചിടത്തെല്ലാം നീലപ്പാടുകൾ.. അസുഖം ഇനിയും കൂടിയാൽ കാഴ്ചയും പോകുമത്രെ.. ആകാശത്തിലേക്ക് പറന്നുയരുന്ന മിഴിമീനുകൾക്ക് പുറകെ ഞാനും കുതിച്ചുയരും. ഞാനില്ലാതെ അവയ്ക്കെങ്ങനെ കാണാനാവും? യുദ്ധവാർത്തകളാണെങ്ങും. കരച്ചിലുകൾ ചില്ലുതരികളായി ചെവികളെ ഇറുക്കുമ്പോൾ വേദനിക്കുന്ന കാലുകളെ വലിച്ചിഴച്ച് ഞാൻ ജനലിനടുത്തെത്തും. തെരുവുകൾ ശവപ്പറമ്പുകളായി തുറിച്ചു നോക്കുന്നു. തീ തുപ്പുന്നൊരു രാക്ഷസക്കണ്ണ് എല്ലായിടത്തും മുരണ്ടു നീങ്ങുന്നു. നോവുന്ന ദേഹത്തെ എവിടെയാണ് ഒളിപ്പിക്കുക? പതിനായിരം വെള്ളക്കൊക്കുകളെ ഉണ്ടാക്കിക്കഴിയുമ്പോൾ മനുഷ്യരുടെ പോരും അവസാനിക്കുമായിരിക്കും. അന്ന് കിഴക്കൻ മലകളിൽ സൂര്യന്റെ പട്ടുമുഖം പുഞ്ചിരിക്കുമായിരിക്കും .


രാത്രി -

സ്വപ്നത്തിന്റെ ഇരുണ്ട വാതിലുകൾ തുറന്ന് എനോള ഗേ എന്നൊരു രാക്ഷസൻ തെരുവിൽ പ്രത്യക്ഷനായി. താനേ ചുവക്കുന്ന പല്ലുകൾ, തീ വർഷിക്കുന്ന കണ്ണുകൾ.. ഇരപിടിയൻ ചെടികളുടെ കൂറ്റൻ വർണചിത്രങ്ങൾ എല്ലായിടത്തും ഒട്ടിച്ചുകൊണ്ടാണ് വരവ്. അത്തരം ചെടികളുടെ ഒരുദ്യാനം താൻ നിർമിക്കാൻ പോവുകയാണെന്ന് അയാൾ ആക്രോശിക്കുന്നുണ്ട്. പടത്തിൽ ചെടിയുടെ കുടം പോലുള്ള വായിലേക്ക് തെന്നി വീഴുന്ന പ്രാണികൾ.. ഉടനെ അടയുന്ന അതിന്റെ മാന്ത്രികക്കതകുകൾ.. പെട്ടെന്ന് ദൂരേക്ക് അയാൾ ഒരു ഓറ ഞ്ച് ആഞ്ഞെറിഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചത് പോലെ താപവും പ്രകാശവും.. ഇടി മുഴങ്ങി. വീശിയടിക്കുന്ന കാറ്റിൽ ആർത്തനാദങ്ങൾ കൂടിക്കുഴഞ്ഞു. രൗദ്രമായ ആഹ്ലാദത്തോടെ അയാൾ അട്ടഹസിച്ചു - "വെൽ ഡൺ ലിറ്റിൽ ബോയ്, വെൽ ഡൺ.."


ഓഗസ്റ്റ് 8-

കിനാവുകൾ വിഷജ്വരമായി ഉറക്കത്തെ കടിച്ചു കുടയുന്നു.. തെരുവിൽ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. വലിയൊരു കൂൺ പോലെ പുകപടലം എങ്ങും തണൽ വിരിച്ചു. കരിമഴയായി പിന്നെയത് നിർത്താതെ കരഞ്ഞു. നിലത്ത് വലിയ വലയങ്ങളായി തമോജലം തളം കെട്ടി. നദികളിലും കുളങ്ങളിലും മീനുകൾ പ്രാണനായി പിടഞ്ഞു. കത്തിക്കരിഞ്ഞ മരങ്ങൾക്കും എടുപ്പുകൾക്കും മുമ്പിൽ ഒരു സൈക്കിൾ അതിന്റെ സഹചാരിയോടൊപ്പം കറുത്തു പുകഞ്ഞു കിടപ്പുണ്ടായിരുന്നു. അംബരത്തിൽ നിന്ന് താഴ്ന്നു വന്ന തീഗോളം എല്ലാം ചാമ്പലാക്കി പുതിയ ദിശയിലേക്ക് കുതിച്ചു. 


ഓഗസ്റ്റ്. 10-

ഉണ്ടാക്കിയ വെള്ളപ്പറവകളെയൊന്നും കാണാനില്ല. വ്രണപ്പെട്ട കാലുകളെ വലിച്ചിഴച്ച് വീടാകെ തിരഞ്ഞു. പതിനായിരം തികക്കാതെ എങ്ങനെ എന്റെ അസുഖം മാറും.പള്ളിയിൽ ഒരു നേർച്ചയുണ്ട് മമ്മയ്ക്ക്. കറുത്തിരുണ്ട ആകാശത്തേക്ക് നോക്കിയപ്പോൾ അമ്പരന്നു, ഒഴുകി നീങ്ങുന്ന കരികട്ടകൾക്കിടയിലൂടെ എന്റെ വെള്ളപ്പക്ഷികളെ കൊത്തിയെടുത്ത് പറന്നകലുന്ന അനേകം കഴുകുകൾ.. അവയുടെ കാലുകളിൽ നിന്നുറ്റി വീഴുന്ന ചോര..


ഓഗസ്റ്റ് 11.

ഉറക്കമൊഴിച്ച് ആറാം തവണയാണ് ഈ നിർമാണം. ഓരോ പ്രാവശ്യവും നൂറ് തികഞ്ഞാൽ പിന്നെ എല്ലാം അപ്രത്യക്ഷമാകും. പതിനായിരം തികയുമ്പോൾ കൂട്ടി വച്ച് പള്ളീലച്ചനെ കൊണ്ട് പ്രാർഥിപ്പിക്കണമെന്ന് മമ്മ നിശ്ചയിച്ചിരുന്നു. 

"യുദ്ധവും രോഗവും ഭൂമിയിൽ നിന്ന് ഇല്ലാതാവില്ല മോളേ, അതാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. നീ വിഷമിക്കാതെ. ചികിത്സ നടക്കുന്നുണ്ടല്ലോ. "

പൂച്ചട്ടിയിലെ ചെടികളെല്ലാം വെള്ളമൊഴിച്ചിട്ടും വാടുന്നതെന്താവോ.. നാളെയാണ് ആശുപത്രിയിൽ പോകേണ്ടത്..


ഒക്ടോബർ. 1-

മുറിഞ്ഞു പോയ ദിനങ്ങളിലെല്ലാം ശവവണ്ടികളുടെ സൈറണുകളാണ്.കുത്തി വരഞ്ഞ പേജ് പോലെ യായിട്ടുണ്ട് ജീവിതം. ശവമുറിയുടെ ഇരുണ്ട നിശ്ചലതയിൽ എന്റെ കയ്യിൽ കെട്ടിയ ടാഗ് പരിശോധിക്കുന്ന സൂക്ഷിപ്പുകാരൻ.. മമ്മാ.. ഭീതിയോടെ നിലവിളിച്ച എന്നെ മമ്മ വിതുമ്പിക്കൊണ്ട് തലോടി. എവിടെയും തൊടാൻ വയ്യ. നീര് വന്ന് വീർത്തിരിക്കുന്നു.


ഡിസംബർ. 13-

കഴിഞ്ഞു പോയ ദിനങ്ങളിൽ എന്തൊക്കെയാണുണ്ടായത്? ദീർഘമയക്കത്തിൽ നിന്നുണർന്നപ്പോൾ എന്റെ ഡയറി നോക്കി കരയുന്ന മമ്മയെയാണ് കണ്ടത്. സ്വപ്നം ക്രിസ്മസ് കാലത്തേക്കാണ് കൊണ്ട് പോയത്. സമ്മാനങ്ങൾ എങ്ങും വാരി വിതറുന്ന ക്രിസ്മസ് അപ്പൂപ്പൻ. വീടുകൾക്ക് മുമ്പിൽ ആടിക്കളിക്കുന്ന ജ്വലിക്കുന്ന നക്ഷത്രങ്ങൾ.. ക്രിസ്മസ് ട്രീകൾക്കിടയിൽ നിന്ന് തുള്ളിത്തുളുമ്പുന്ന വർണബലൂണുകൾ.. ഹോ! എന്നും ക്രിസ്മസ് ആയിരുന്നെങ്കിൽ!

ഉണർന്നപ്പോഴാകട്ടെ വ്യസനത്തിന്റെ ഞരക്കങ്ങളാണ് ചുറ്റിലും. എന്തെല്ലാം പുതുപേരുകളിലാണ് വ്യാധി അഴിഞ്ഞാടുന്നത്.. ആരുമെന്തേ കടലാസ് പറവകൾ ഉണ്ടാക്കുന്നില്ല? 


നോക്കൂ, ഇവിടെയാകെ മേഘങ്ങളാണ്. ദൂരെയെവിടുന്നോ മമ്മയുടെ വിലാപം ഒരു കടന്നലായി എന്നെ കുത്തുന്നു..

അന്തരീക്ഷത്തിലൂടെ ഒരു ചെറുകാറ്റായി വന്ന് നിങ്ങളോരോരുത്തരുടെയും ചെവിയിൽ മന്ത്രിച്ചോട്ടെ ഞാൻ? കടലാസുപറവകളെ ഇത് വരെയും ആർക്കും പൂർത്തിയാക്കാനായില്ല. എന്റെ തൊങ്ങലുടുപ്പാകെ ഈ വിഷപ്പുകയുടെ കറയാണ്. എങ്ങും ശ്വാസം മുട്ടിക്കുന്ന മണങ്ങളും ചെവി തകർക്കുന്ന ഘോരശബ്ദങ്ങളും .  അഗ്നിയുടെ ഓറഞ്ചു വർണവും വെന്തു കരിയുന്ന മാംസഗന്ധവും ഭീതി വിരിക്കുന്നു . ഉരുകി ഭസ്മമായവരുടെ  ചാരത്തിൽ പൂഴ്ന്നാണ് എന്റെ കുഞ്ഞുചിറകുകൾ കറുത്തു പോയത്. വലിയ തലയും നേർത്ത കൈകാലുകളുമുള്ള ഈ രൂപങ്ങൾ നിരങ്ങി നീങ്ങുന്നത് എങ്ങോട്ടാണ്?

അങ്ങ് ദൂരെ തൂവെളിച്ചെമുള്ളൊരു കോണിൽ വെൺപറവകളെ പറത്തി രസിക്കുകയാണ് മുതിർന്നവരും കുട്ടികളും. അവരെന്നോ സ്ഥാപിച്ച എന്റെ ചെറുപ്രതിമയിൽ എത്രയാണ് ദ്വാരങ്ങൾ.. ആയുധങ്ങൾ കൊണ്ട് തകർക്കാനാവാത്ത പുതിയൊരു ലോഹക്കൂട്ടിൽ, സ്വർണവർണത്തിൽ എന്റെ പ്രതിമ പുനർനിർമ്മിക്കയാണവർ. അതിന്റ കാൽക്കൽ എഴുതിയത് നോക്കൂ -"ഇവിടെ എല്ലാ ആത്മാക്കളും ശാന്തരായി വിശ്രമിക്കട്ടെ."

കത്തിജ്വലിക്കുന്ന ഒരു ദീപശിഖ പ്രതിമക്കരികിൽ വെളിച്ചത്തിന്റെ ചീളുകളെ എങ്ങും തെറിപ്പിക്കുന്നു. ഇരുട്ടിനെയാകെ വിഴുങ്ങിക്കളയുന്ന ഒരു പ്രകാശക്കമ്പളം ലോകമാകെ പരന്നു കിടന്നെങ്കിൽ എത്ര നന്നായേനെ.. അതിന്റെ വെളിച്ചം ഹാ! എത്ര മനോഹരമായേനെ...

--------------------------

സഡാക്കോ സസാക്കി -12കാരിയായ ജപ്പാൻകാരി.ആണവ വികിരണത്താൽ രക്‌താർബുദം ബാധിച്ചു. പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിത്തീരും മുമ്പേ മരിച്ചു.

പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിയാൽ രോഗങ്ങൾ സുഖപ്പെടുമെന്ന് അന്നാട്ടുകാർ ആക്കാലത്ത് വിശ്വസിച്ചിരുന്നു.

എനോളഗേ - അമേരിക്ക ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം. 

ലിറ്റിൽ ബോയ് - അമേരിക്ക വർഷിച്ച അണുബോംബിന്റെ നാമം..

2026 ഓഗസ്റ്റ് 12, ബുധനാഴ്‌ച

മോക്ഷം (കഥ )



മോക്ഷം(കഥ)
മകന്‍:അച്ഛന്‍റെ വഴുവഴുക്കുന്ന ഓര്‍മകളില്‍ നിന്ന് വിസ്മൃതിയുടെ അത്യഗാധമായ ചതുപ്പിലേക്ക് ഊര്‍ന്നു വീഴുമോയെന്ന ഭയം നിമിത്തമാണ്  ഈ ആത്മചരിതത്തിനുള്ള ശ്രമം .പഴയ, കളറടര്‍ന്നു വിരൂപമായ ഫോട്ടോയുടെ സാരിത്തലപ്പ് മാത്രമേ അമ്മയായി ഓര്‍മയിലുള്ളൂ .മരണത്തിന്‍റെ താമരക്കുളത്തില്‍ നിന്നെവിടെയോ നിന്നും ഞാന്‍ നൂറെന്നെണ്ണിത്തീരുമ്പോഴേക്കും അമ്മ പൊങ്ങി വരുമെന്നും ധാരാളം പഴംപൊരികള്‍ ഉണ്ടാക്കിത്തരുമെന്നും മോഹിക്കാറുണ്ടായിരുന്നു ഞാന്‍.പിന്നീടാണ് അതൊരു തെളിവില്ലാത്ത കുളമാണെന്നും  ചുഴി വലിച്ചു കൊണ്ടു പോയവരൊന്നും ഒരിക്കലും വരില്ലെന്നും പലരില്‍ നിന്നും അറിഞ്ഞത്.മുക്കുമൂലകളെല്ലാം  മാറാല കെട്ടി മനസ്സ് മങ്ങിക്കറുത്ത് കിടക്കെ ഒരു ദിവസം തല കറങ്ങി വീണു.പിന്നെയാണ് അനവധി ദിവസങ്ങള്‍ക്കു ശേഷം ശരീരം നീര് വന്നു ചീര്‍ക്കാന്‍ തുടങ്ങിയത്.ജീവിതഭാരം ക്യാന്‍സര്‍ സെല്‍ പോലെ എന്നെ വരിഞ്ഞു കെട്ടാന്‍ തുടങ്ങിയത് .
അച്ഛന്‍:എണ്‍പതു കിലോയിലധികം ഭാരമുണ്ടായിരുന്നു അവനെ ആശുപത്രിയിലെത്തിക്കുമ്പോള്‍.ആറില്‍ പഠിക്കുന്ന ഒരു ചെറിയ കുട്ടിയുടെ തലയിലേക്ക് ഒരു കരിങ്കല്‍ചാക്ക് ദൈവം എടുത്തു വെച്ചതെന്തിനാവോ?ആശുപത്രികളുടെ വിളറിയ ചുമരുകളോട് ആശയറ്റു വിട പറഞ്ഞപ്പോഴെല്ലാം പലരും ഉപദേശിച്ചു:-“അമ്മയോടൊന്നു പറഞ്ഞാല്‍ വല്ല മാന്ത്രിക ഏലസ്സും കിട്ടാതിരിക്കില്ല.മാറാരോഗങ്ങളൊക്കെ മാറിയ എത്ര കഥകളാ കേള്‍ക്കുന്നത്.”
യോഗിനിയമ്മ പ്രാര്‍ഥനയോടെ കണ്ണാടച്ചിരിക്കുകയായിരുന്നു.ദര്‍ശനം ലഭിക്കാനായി വന്നവര്‍ ആ തൃക്കണ്‍ കടാക്ഷത്തിനായി ക്ഷമയോടെ കാത്തിരുന്നു.സംഗീതത്തിന്‍റെ പതിഞ്ഞ അലയൊലികള്‍ എങ്ങും പാറിക്കളിച്ചു.മനസ്സിനെ ഞെരിച്ചിരുന്ന കത്തിമുനകള്‍ തേഞ്ഞു തീരുമ്പോലെ തോന്നി.ആ ആശ്ലേഷത്തില്‍ അമര്‍ന്നാല്‍ തീരും എല്ലാ വ്യഥകളും.മിന്നാമിനുങ്ങിന്‍റെ തണുത്ത വെളിച്ചം സീറോബള്‍ബില്‍ നിന്നും ഒഴുകിപ്പരന്നു.സമാധാനത്തിന്‍റെ ചിറകടിയാണോ കേള്‍ക്കുന്നത്?തേജസ്സുറ്റ മുഖം ചെവിയിലേക്ക് മന്ത്രമായി ഉതിര്‍ന്നു:-“ഭയപ്പെടാതിരിക്കൂ, ഞാന്‍ നിന്‍റെ കൂടെത്തന്നെയുണ്ടല്ലോ”അവരുടെ അമാനുഷികതയുടെ വിസ്മയച്ചെപ്പുകളായി ചെറുപുസ്തകങ്ങള്‍ സ്റ്റാള്‍ നിറയെ ഉണ്ടായിരുന്നു.
ചീര്‍ത്തു ചീര്‍ത്ത് ഈ മുറി നിറയുമോ അവന്‍റെ ചെറുശരീരം?”ആശുപത്രി മുന്തിയതുണ്ട് ആശ്രമത്തിന്.പക്ഷെ പണം ഒരു പാട് എറിയേണ്ടി വരും “-സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു.കുന്നിന്‍പുറത്തെ സ്വാമിയുടെ പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുത്ത പലരുടെയും ഉന്മാദം പോലും മാറിയ കഥകള്‍ കാറ്റിലൂടെ അപ്പൂപ്പന്‍ താടികളായി പറന്നെത്തി.ഈ യാത്രക്ക് അവസാനമില്ലല്ലോ .കുന്നു കയറുമ്പോള്‍ കൂട്ടുകാരന്‍ സമാധാനിപ്പിച്ചു :-“വിഷമിക്കാതിരിക്കൂ ,ഏറെ യാതനപ്പെടുമ്പോഴാണ് ആ സന്നിധിയില്‍ എത്തിച്ചേരുക.ആ കവാടത്തിലെത്തുമ്പോഴേ നമുക്ക് കിട്ടാന്‍ തുടങ്ങും അഭൌമമായൊരു വെളിച്ചം.അദ്ദേഹം ചെയ്യാത്ത അത്ഭുത ങ്ങളില്ല.മാറാത്ത വ്യാധികളില്ല...”
ആ കണ്‍കളില്‍ നിന്ന് തെറിക്കുന്ന പ്രകാശസൂചികള്‍ അവന്‍റെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന അഴുകിയ ജലത്തെ പുറന്തള്ളുമായിരിക്കാം.വീട്ടിലുണ്ടാക്കി വെച്ച അനേകം പട്ടങ്ങളുമായി വഴികളിലൂടെ അവനിനിയും ഓടിക്കളിക്കുമോ?
അനേകദിനങ്ങള്‍ക്കു ശേഷം-മലകളും ഇടയ്ക്കു ഗര്‍ത്തങ്ങളെ കെട്ടിപ്പിടിക്കുന്ന നിഗൂഡവഴികളും ദുര്‍ഗമമായ പാറക്കെട്ടുകളും താണ്ടി തിരിച്ചെത്തിയപ്പോള്‍ ചെരിപ്പുകള്‍ കീറി നഷ്ടപ്പെട്ടിരുന്നു.ഉപ്പൂറ്റിയില്‍ ചോര പൊടിഞ്ഞിരുന്നു.ചെറിയ മണ്‍കലത്തിലെ ചാരം ഇടയ്ക്കിടെ അച്ഛാ എന്നു വിളിച്ചു കണ്ണു പൊത്തിച്ചിരിച്ചു.അന്ന് –നിലവിളിയോടെ ആ ഭീമാകാരത്തിലേക്ക് കുഴഞ്ഞു വീണപ്പോള്‍ സാന്ത്വനവാക്കുകള്‍ക്ക് ഒരു കുറവുമുണ്ടായില്ല-“മകനേ, മരണം അജയ്യമാണ്.സമയമാവുമ്പോള്‍ മുറുകെപ്പിടിച്ചതെല്ലാം കൈവിട്ടു പോകുന്നു “
“പിന്നെന്തിനായിരുന്നു ഈ നാട്യങ്ങള്‍?എല്ലാം സുഖപ്പെടുത്തുമെന്ന് ..”ഞാന്‍ ക്ഷോഭത്തോടെ വാക്കുകളെ തുപ്പി .എന്‍റെ ചോദ്യങ്ങളത്രയും ആ നെത്രങ്ങളുടെ ശരപ്രകാശത്തില്‍ കീറിയ പട്ടം പോലെയായി.”മകനേ ,മോക്ഷം കിട്ടാന്‍ പുണ്യനദിയില്‍ തന്നെ നിമജ്ജനം ചെയ്യണം “തെറ്റെന്തെന്നറിയാത്ത എന്‍റെ കുട്ടി എന്തില്‍ നിന്നാവോ മോക്ഷം നേടേണ്ടത്?ഭ്രാന്തനെപ്പോലെ ഗുരുവെ പിടിച്ചു കുലുക്കിയ തന്നെ പലര്‍ ചേര്‍ന്നു ഒരു തൂണില്‍ കെട്ടിയിട്ടു.
പുല്ലും കരിയിലയും മൂടിയ നാട്ടുവഴിയുടെ അറ്റത്ത് ,ഒരു പാട് പഴകിപ്പോയ എന്‍റെ കൊച്ചുവീട്ടിലേക്ക് വീണ്ടും ..ഉമ്മറത്ത് പല കാലത്തെ വിശ്വാസങ്ങള്‍ പശ തേച്ചൊട്ടിച്ച കലണ്ടര്‍ ചിത്രങ്ങള്‍..വാതില്‍ തുരന്നു കയറുന്ന ചിതലുകള്‍..ചിത്രങ്ങള്‍ക്കരികെ വലിയൊരു പ്രാര്‍ഥനാ ജീവി നിരന്തരം കൈ കൂപ്പുന്നത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ചിതല്‍ മണികളെ സൂത്രത്തില്‍ വായിലാക്കി അത് അതിവിനയത്തോടെ തൊഴുതുകൊണ്ടേയിരുന്നു.ആ കണ്ണുകള്‍ ചിരിച്ചു.വിഡ്ഢിത്തം നിറഞ്ഞ എന്‍റെ യാത്രകളിലേക്ക് ആ പരിഹാസം തുളഞ്ഞു കയറി.കൊതുകിനെപ്പോലെ അതിന് ചോരയൂറ്റുന്ന സൂചിയുണ്ടെന്നും അതിലൂടെ രോഗാണുക്കള്‍ വീടാകെ പരക്കുകയാണെന്നും  തോന്നി.അനുനിമിഷം അതതാ വലുതാകുന്നു.പറക്കുമ്പോള്‍ ചിറകുകളില്‍ നിന്നും പാമ്പിന്‍സീല്‍ക്കാരം.ഒരു മാത്ര കൊണ്ടു അതെന്നെയും ചെപ്പിലടച്ച മകനെയും ഒരു ചിതല്‍ മണി പോലെ കൊറിച്ചേക്കാം.കയ്യില്‍ കിട്ടിയ മുട്ടന്‍ വടിയാല്‍ പല തവണ അടിച്ചെങ്കിലും കുസൃതിയോടെ എന്നെ പല തവണ കളിപ്പിച്ച് അത് പുറത്തേക്ക് പറന്നു.അപ്പോഴും ചുമരിലെല്ലാം അവ വന്നു നിറയുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ ഭിത്തികള്‍ തച്ചു തകര്‍ക്കാന്‍ തുടങ്ങി.
ഈ മുറിയുടെ ഇരുട്ടിലേക്ക് അങ്ങനെയാണ് ദിനങ്ങള്‍ ഉണരാനും ഉറങ്ങാനും തുടങ്ങിയത്.വല്ലപ്പോഴും ഭക്ഷണമേകാന്‍ മാത്രമാണ് വെളിച്ചത്തിന്‍റെ കിളിവാതിലുകള്‍ തുറക്കപ്പെടുക.ഞാന്‍ വെള്ളം കണ്ടിട്ടെത്രയായി..കട്ട പിടിച്ച മുടി..ചളി കെട്ടിയ ശരീരം.എനിക്ക് എന്നെത്തന്നെ നാറുന്നു.പുറത്തു നിന്നും ആരുടെയോ സഹതാപത്തിന്‍റെ ചില്ലുചീളുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നുണ്ട് –“പാവം ,നൊസ്സായിപ്പോയി .അശൂത്രീന്നും മാറീല്ലാച്ചാ ചങ്ങല തന്നെ ശരണം ..ഭഗവതീ ,കാക്കണേ ..........