ജീവിതമേ, ഞാനേതോ സൂക്ഷ്മാണുവില്‍ സമാധിയിലായിരുന്നു
നീയാണെന്നെ വലിച്ചു പുറത്തിട്ടത്, തഴമ്പുകളാല്‍ പീഡിപ്പിച്ചത്
കഠിനകാലങ്ങളാല്‍ എന്‍റെ പുറം പൊള്ളിച്ചത്
മൃദുലകാലങ്ങളെ മരീചികയാക്കിയത്
ഞാനോ വിട്ടുപോകുന്ന വെറും പ്രവാസി
എന്നിട്ടും മഴവില്‍കാന്തിയാണ് കൊതിക്കുന്നത്
സ്നേഹത്തിന്‍റെ തൂനിലാവാണ് ആശിക്കുന്നത്
ഘോരാന്ധകാരത്തിലും വെളിച്ചത്തെയാണ് കാത്തിരിക്കുന്നത്
ജീവിതമേ, ഞാന്‍ നിന്‍റെ അതിഥി
എന്നിട്ടും നീയെന്നെ ചാട്ടയാല്‍ ഊട്ടുന്നതെന്ത്
ശരമാരിയാല്‍ കുളിപ്പിക്കുന്നതെന്ത്
ഞാനോ വിട്ടു പോകുന്ന പ്രവാസി
എന്നിട്ടും നീയെന്‍റെ ചോരയില്‍ മദിക്കുന്നതെന്ത്
എന്നെ വെറുതെ വിടുക
ക്ലേശവഴികളാല്‍ നീയെനിക്കിനിയും മുടന്തു തരാതെ
വ്യസനശിലകളാല്‍ ഇനിയുമെന്‍റെ തല തകര്‍ക്കാതെ
ഒരു മഴവില്ല് പോലെ അപ്രത്യക്ഷയാവാന്‍-
പ്രാര്‍ഥിച്ചുകൊണ്ടേയിരിപ്പാണ് ഞാന്‍
അതിനിടെ എന്നെ കൊതിപ്പിച്ച എല്ലാ പാല്‍നിലാവും
ഹോ! എന്തു കൂരിരുട്ടായിരുന്നു
എത്ര മാത്രം തേളുകളും പഴുതാരകളും നിറഞ്ഞതായിരുന്നു
ജീവിതമേ ഇരുമ്പെന്നോണം ഇനിയുമെന്നെ അടിച്ചു പരത്താതെ
ഈ മനോഹരദൃശ്യങ്ങളെല്ലാം ഒരു നോക്കു കണ്ടിട്ട്
ഈ ചോണനുറുമ്പ് വളരെ വേഗം മണ്ണിലേക്ക് ആഴ്ന്നു കൊള്ളാം
മാപ്പ്, ഈ വീഥിയിലൂടെ കടന്നുപോയതിന് പലതും മോഹിച്ചതിന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ