Pages

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

ച്യൂയിംഗജീവിതം (കവിത )


ഞാന്‍ നിന്റെ ദേഹത്തെ ട്യൂമറായിരുന്നുവോ?
ഇങ്ങനെ കീറി മുറിച്ച് വലിച്ചെറിയാന്‍
റേഡിയേഷന്റെ പൊള്ളും കിരണങ്ങളാല്‍ ദഹിപ്പിക്കാന്‍
കീമോയുടെ രാസായുധങ്ങളാല്‍ ശ്വാസം മുട്ടിച്ചു കൊല്ലാന്‍
ഡോസ് കൂടിയ അവഗണനയുടെ ഗുളികകളാല്‍ ദഹിപ്പിച്ചു തീര്‍ക്കാന്‍
എന്റെ മിത്രമേ, നീയറിഞ്ഞില്ല ഈ ഹൃദയത്തിലെ സ്‌നേഹാഗ്‌നി
അതില്‍ ദഹിച്ചു തീര്‍ന്ന എന്റെ സ്വന്തം കോശങ്ങള്‍
നിനക്ക് ഞാന്‍ വെറും ഇടത്താവളം,
ഈ പീറഹൃദയം ഇതു വല്ലതും അറിയുന്നോ?
ജന്മജന്മാന്തരങ്ങളായി കാത്തിരുന്ന പോലെ
നിന്നിലേക്കോടിയണയുകയായി 
വ്യഥയുടെ മുഷിഞ്ഞ മാറാപ്പഴിക്കുകയായി ..
അവഗണനയുടെ വിഷപ്പല്ലുകളാല്‍ മനസ്സാകെ
 വിഷം തീണ്ടി നീലിച്ച് തളരുമ്പോള്‍
ഓര്‍മകളുടെ ആഴങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നതും
അമ്പേ വ്യര്‍ഥമായ ഒരു യാത്രയെത്തന്നെ..
ഈ ക്യാന്‍സറിനെ കീറി വലിച്ചെറിഞ്ഞതില്‍ നീ ആഹ്ലാദിക്കുന്നു
ഇവളോ, ഒരു വളര്‍ച്ചയും വിധിക്കപ്പെടാത്തവള്‍
സ്വാഭാവികവളര്‍ച്ചയും ക്യാന്‍സര്‍ വളര്‍ച്ചയും!
ശ്രമിക്കയാണ് വീണ്ടും പൊടിമണ്ണാവാതിരിക്കാന്‍
പുഴു കുത്തിയ വേസ്റ്റാവാതിരിക്കാന്‍
ച്യൂയിംഗ്ജീവിതം ഒന്നും ആശിക്കേണ്ടതില്ല
ഒരു കടിച്ചുചവയ്ക്കലല്ലാതെ, ഊക്കിലുള്ള ഒരു ഏറല്ലാതെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ