Pages

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

മൗനമേ (കവിത)

സങ്കല്പലോകത്ത് ഞാനെന്നും യൌവനശോഭയില്‍
ഒളിമങ്ങാതെ കാന്തി കുറയാതെ

സ്‌നേഹിക്കപ്പെട്ട് വാത്സല്യത്തിന്റെ വെണ്‍നുരകള്‍
എപ്പോഴും ഹൃദയത്തെ നനച്ച്

പ്രേമത്തിന്റെ മുഗ്ധാലിംഗനങ്ങളാല്‍ പുഞ്ചിരികള്‍
കിലുങ്ങി പൊട്ടിച്ചിരികളായി

ജീവിതമെത്ര മനോഹരമെന്ന് ആകാശത്തോളം 
ഉച്ചത്തില്‍ കുരവയിട്ട്

പച്ചക്കെല്ലാം എന്തു മാത്രം പച്ചയെന്ന് അതിശയിച്ച്.....

നനുത്ത് നനുത്ത് പെയ്യുന്ന മഴയില്‍ ഭൂമി ഇക്കിളി പൂണ്ടു

അവിടെ എന്റെ വീടിന്റെ ചുമരുകള്‍
പുസ്തകങ്ങളാല്‍ നിര്‍മിതം

മേല്‍ക്കൂര തൂവലോളം മൃദുലമായത്,
തറ ഒരായിരം മധുരസ്മരണകളാല്‍

പൊന്പരവതാനി വിരിക്കപ്പെട്ടത്

ശബ്ദങ്ങള്‍ സംഗീതമായി ഒഴുകി നടക്കുന്നത്

ആ വീടൊരിക്കലും നശിക്കാനുള്ളതല്ല
ആ ജീവിതം നശ്വരവുമല്ല

പക്ഷെപൊടുന്നനെ ഇരുള്‍പാളി
തൊട്ടു വിളിച്ചു മന്ത്രിച്ചു

രാത്രി ഒരിക്കലും അവസാനിക്കുന്നില്ല,

വെളിച്ചത്തിന് ഇനിയുമൊരുപാടു കാലം കാക്കണം

മൌനമേ, നിന്റെ മഴവില്‍ചെപ്പിലായിരുന്നു
ഞാനെന്റെ സ്വപ്നങ്ങളെ ഒളിപ്പിച്ചത്

സ്മരണകളുടെ കയ്പും ചവര്‍പ്പും
കഴുകിക്കളയുമ്പോള്‍ എന്താണു ബാക്കി

ഒന്നുമില്ല, ഓര്‍ക്കാനൊരു വര്‍ണവെളിച്ചം പോലും

ഒന്നു ചിരിച്ചുവെങ്കില്‍
ജീവിതമേ പ്രായശ്ചിത്തമായി നീയെന്നെ

കണ്ണീര്‍കയത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ടേയിരിക്കുന്നു...!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ