കറുത്ത തേരില്‍ മരുവിലൂടെ എത്രയായീ യാത്ര
തീക്കാറ്റും തീച്ചൂടുമേറ്റ്, ഇടയ്ക്കിടെ മാത്രം കാണുന്ന
കള്ളിമുള്‍ച്ചെടികളില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച്..
മുറിയുമെന്നു ഉറപ്പുണ്ടായിട്ടും എത്ര വട്ടമാണ്
ആ കൂര്‍ത്ത പച്ചപ്പിനെ ആശ്ലേഷിച്ചത്, ചോര പൊടിഞ്ഞത്
ഇപ്പോള്‍ സായാഹ്നത്തിന്റെ മഞ്ഞപ്പുതപ്പ് മണലില്‍
വിടര്‍ന്നു വിരിഞ്ഞു കിടക്കുമ്പോള്‍
അര്‍ക്കന്‍ സ്വര്‍ണമണലിലേക്ക് കൂപ്പു കുത്തുമ്പോള്‍
ഊരിത്തെറിച്ചു പോയ ചക്രങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു..
വായുവേക്കാള്‍ വേഗതയുള്ളവയെന്നു കരുതിയ എന്റെ കുതിരകള്‍
ഇതാ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു, എന്നിട്ടും
പ്രഭാതങ്ങളെയാണ് ഓര്‍ക്കുന്നത്, ബാല്യകാലത്തെ
ആ ഇളംപച്ചയെയാണ് വീണ്ടും കയ്യെത്തിച്ചു തൊടാനായുന്നത്
റിവൈന്റിഗ് സാധ്യമല്ല, ജീവിതം റീടേക്കുകളില്ലാത്തത്..
നിയതി ഓരോരുത്തര്‍ക്കും ഒരു നിശ്ചിതയാത്രയും നിര്‍ണിത വാഹനവും
ഏകും, ആര്‍ക്കാണ് തിരുത്താനാവുക?ആര്‍ക്കാണ് തിരഞ്ഞെടുക്കാനാവുക?
ഭാഗ്യത്തിന്റെ കരസ്പര്‍ശം മാത്രം എല്ലാറ്റിനെയും മാറ്റിമറിക്കും
മരുവിലും പുഴകളും കൈത്തോടുകളും പുഞ്ചിരിക്കും
പൂന്തോട്ടത്തില്‍ പോലും തീക്കാറ്റ് എല്ലാറ്റിനെയും കരിച്ചുകളയും
അര്‍ഹിച്ചിരുന്നില്ലേ ഇതിലേറെ പച്ചപ്പ്?പ്രണയത്തിന്റെ തേന്‍മധുരം
കയ്പില്‍ കറുത്ത ജീവിതം മണ്ണില്‍ നിന്നു വിട്ടു പോകുമ്പോഴും
പിന്തിരിഞ്ഞു നെടുവീര്‍പ്പുതിര്‍ക്കും ആയിരുന്നെങ്കില്‍ ഈ യാത്ര
ഇതിലേറെ ഓജസ്സാര്‍ന്നത്, മധുരസ്മരണകളാല്‍ പൂത്തത്
പ്രണയപുഷ്പങ്ങളാല്‍ സുഗന്ധമാര്‍ന്നത്..
ആഗ്രഹങ്ങളുടെ ഈ ചെമന്ന പുസ്തകം അടച്ചു വെക്കാം
വെറും നിസ്സാരമായ മരണമെന്ന പൂര്‍ണവിരാമത്താല്‍
ഈ ജീവിതവാക്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാം..
Good a little lengthy
മറുപടിഇല്ലാതാക്കൂGood a little lengthy
മറുപടിഇല്ലാതാക്കൂആഗ്രഹങ്ങളുടെ ആ പുസ്തകം അടച്ചു വെക്കല്ലേ..
മറുപടിഇല്ലാതാക്കൂഅതില് നിന്നാണ് സ്വപ്നങ്ങള്‍ പൂവിടുന്നതു :)
അസ്രൂസാശംസകള്‍