Pages

2014 ജൂൺ 21, ശനിയാഴ്‌ച

പരിസ്ഥിതി ദിനം(കഥ)

'
"അപ്പോള്‍ കുട്ടികളേ, നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്നും രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്..ചുരുട്ടിയ നമ്മുടെ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ , പുതുനാമ്പുകള്‍ വച്ചു പിടിപ്പിക്കാനായി..'

ഒരു മഴ പെയ്തു തീര്‍ന്ന പോലെ ഹെഡ് മാസ്റ്ററുടെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ തുരുതുരാ കയ്യടിച്ചു, മറ്റൊരു ചന്നംചിന്നം മഴ..വെയിലിന്റെ ചുടുംശരങ്ങള്‍ക്കു കീഴെ കുട്ടികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറോളമായി..എപ്പോഴാണീ പ്രസംഗങ്ങള്‍ ഒന്നു തീരുക..കിരണിന് വെയിലിലേക്ക് നോക്കി നോക്കി   കണ്ണു   വേദനിച്ചു..

'അസ്സംബ്ലി ഡിസ്‌പേഴ്‌സ്'- അലര്‍ച്ച പോലുള്ള  ആ വാക്കുകള്‍ കേട്ട് കിരണ്‍ ഞെട്ടിപ്പോയി..മറ്റെതൊക്കെയോ സാറന്മാര്‍ പ്രസംഗിച്ചതും ദേശീയഗാനം ചൊല്ലിയതും ഒന്നും അവന്‍ കേട്ടിരുന്നില്ല..അതാണ് കുഴപ്പം, അധികസമയവും  അവന്റെ മനസ്സ് ഔട്ട് ഓഫ് കവറേജ് ഏരിയയിലായിരിക്കും..അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ക്ലാസ്സില്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരും..

വൈകുന്നേരം മൂന്നരയോടെ ബെല്ലടിച്ചു. വരിയായി നീങ്ങുന്ന കുഞ്ഞിക്കരങ്ങളിലെല്ലാം ഓരോ തൈ..അതുമായി ബസ്സില്‍ കയറുമ്പോള്‍ തന്റെ വീട്ടിലിനി ഇതെവിടെ കുഴിച്ചിടുമെന്നാണ് അവന്‍ ആശങ്കപ്പെട്ടത്..വീടിനു മുന്നില്‍ ഉഗ്രനൊരു കോണ്ക്രീറ്റ് പൂന്തോട്ടമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍..മാന്‍, കൊക്ക്, പാമ്പ് തുടങ്ങിയവയുടെ ശില്പങ്ങള്‍ ആ തോട്ടത്തിന് ഒരദ്ഭുതച്ഛായ നല്‍കി..

കിരണിന്റെ അച്ഛന്‍ കൃഷി ഓഫീസറാണ്. നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും കൃഷിസംബന്ധമായ അനേകം വകുപ്പുകളും ഉപവകുപ്പുകളും എമ്പാടുമുണ്ട്..കൃഷി വകുപ്പ് ഒരു ചടങ്ങു പോലെ ഇടയ്ക്ക് വല്ല തെങ്ങിന്‍ തൈകളോ മാവിന്‍ തൈകളോ വിതരണം ചെയ്യും. വറവുചട്ടിയായിത്തീര്‍ന്ന ഭൌമതലം ഒന്നും മുളപ്പിക്കുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം..ഉണങ്ങി മൊരിഞ്ഞ കുളങ്ങളും പുഴകളും മഴക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറെയായി..ഏതോ ദൂരദിക്കില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്? കുടിവെള്ളമെങ്കിലും കിട്ടുമല്ലോ..

കിരണ്‍ കുഞ്ഞായിരിക്കുമ്പോള്‍ മുറ്റം നിറയെ മരങ്ങളും തോട്ടം നിറയെ ചെടികളുമായിരുന്നത്രെ..രണ്ടില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു അമ്മമ്മയെ പ്രായമായവരുടെ വീട്ടിലേക്ക് മാറ്റിയത്..മുത്തശ്ശിയുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട അവന്‍ അലറിക്കരഞ്ഞു നോക്കി. ജലപാനമില്ലാതെ പ്രതിഷേധിച്ചു നോക്കി. കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്നും നിറയെ അടി കിട്ടിയത് മിച്ചം..അമ്മമ്മ നട്ട മാവുകളും തെങ്ങുകളും അഭിമാനത്തോടെ അവര്‍ കാണിച്ചു തന്നിരുന്നു..

'മോനേ,' പുഞ്ചിരിച്ചു കൊണ്ട് അവര്‍ പറയും.

'ഒരു ജീവന്‍ പച്ച പിടിക്കണേല്‍ വെള്ളോം വളോം മാത്രം പോര..സ്‌നേഹം വേണം. നമ്മളെത്ര സ്‌നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്റെ കാഫലം. ഈ നാട്ടുമാങ്ങ നീ തിന്നിട്ടില്ലല്ലോ, എന്താ മധുരം..എന്റമ്മ പാവം, അന്നൊക്കെ എന്തോരം കഷ്ടപ്പാടാര്‍ന്നു. പോരാത്തതിന് അച്ഛന്റെ കള്ളും കുടിച്ചോണ്ടുള്ള ഇടിയും..അതിന്റൊക്കെ എടേലും എന്റമ്മ എല്ലാവരെയും സ്‌നേഹിച്ചു. കുട്ട്യോള്‍ക്ക് കൊടുത്തതിന്റെ ബാക്കി ഈ മരങ്ങള്‍ക്കും ചെടികള്‍ക്കും കൊടുത്തു..അതോണ്ടെന്താ? എന്തു മധുരമുള്ള മാങ്ങകള്‍..എന്തു വാസനയുള്ള പൂക്കള്‍..'

അവന്‍ ആശ്ചര്യപ്പെട്ടു, എന്താണ് സ്‌നേഹം? എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന മത്സരിച്ചു മുന്നോട്ടോടാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഈ അച്ഛനമ്മമാര്‍ക്കോ സ്‌നേഹം?

കൃഷി ഓഫീസറല്ലേ, ആള്‍ക്കാരെക്കൊണ്ടു പറയിക്കണ്ടല്ലോ..അമ്മമ്മ പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍ അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി. ഒന്നു പോലും മുളക്കാതെ അച്ഛനെ നോക്കി പരിഹസിച്ചു..അമ്മമ്മയുടെ നാട്ടുമാവുകള്‍ ആദ്യം ഇല പൊഴിച്ചും പിന്നെ ശിഖരങ്ങളൊടിഞ്ഞും ജീവന്‍ വെടിയാനുമുണ്ടായില്ല താമസം..വെയിലിന്റെ അഗ്‌നിനാളങ്ങള്‍ വാതില്‍ തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കും. ഉള്ളിലെ എ സി ത്തണുപ്പിനെ ഞെരിച്ചു കൊല്ലും. കോണ്ക്രീറ്റ് പൂന്തോട്ടങ്ങളുടെ പരസ്യം പേപ്പറില്‍ കണ്ടാണ് അച്ഛന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തത്. പിറ്റേ ആഴ്ച തന്നെ അതിന്റെ പ്രതിനിധി വീട്ടിലെത്തി.

'ചൂട് കുറയൊന്നും ഇല്ലാലോ, അങ്ങനൊരു തോട്ടം ഉണ്ടായാലും?' അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടു വിടാതെ ചോദിച്ചു.

'അതില്ല, പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്. പണ്ടൊക്കെ നമ്മുടെ അമ്മമാര്‍ പറയാറില്ലേ, മുള്ളെടുക്കുമ്പോ, പച്ചയിലേക്ക് നോക്ക്, പച്ചയിലേക്ക് നോക്ക് എന്ന്..ഇതും അതു തന്നെ, വല്ലാതെ ടെന്‍സ്ട് ആയ നമ്മുടെ ജീവിതച്ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിനു ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാലോ..ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക്ക് ചെടികളും പൂക്കളും കോണ്ക്രീറ്റ് മരങ്ങളും ..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കിയാല്‍ മാത്രേ മനസ്സിലാവൂ. ആരും തൊട്ടു നോക്കാതിരിക്കാന്‍ കുറച്ചുയരത്തിലേക്ക് മുള്‍വേലി കെട്ടാം , എന്താ?'

അത് അച്ഛന് ബോധിച്ചു. വീട്ടില്‍ വന്നവരൊക്കെ ആ ഉദ്യാനം കണ്ടു വിസ്മയിച്ചു. 'വെള്ളത്തിനു ഇങ്ങനെ ക്ഷാമമുള്ളപ്പോള്‍, ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?' വന്നവര്‍ വന്നവര്‍ ചോദിച്ചു.

നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പ്രതിവചിക്കും, 'ഓ ,ഞാനൊരു കൃഷി ഒഫീസറല്ലേ? പേരിനെങ്കിലും ഒരു പച്ചപ്പ് വീട്ടുമുറ്റത്ത് വേണ്ടേ? കിട്ടുന്ന റേഷന്‍ വെള്ളം പിശുക്കി ഉപയോഗിക്കും. ബാക്കി ചെടികള്‍ക്കും കൊടുക്കും. പണം മുടക്കിയാല്‍ വെള്ളം കുറച്ചൂടെ കിട്ടുമല്ലോ..'

'എന്തിനാ ആ വേലി? ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?' ഏതേലും വിരുതന്‍ ചോദിക്കും.

'ഓ, ഏതൊക്കെയോ പിള്ളാര് ഇതിലെ തെണ്ടി നടക്കണണ്ട്. രാവിലത്തെ തിരക്കില്‍ ഗെയ്റ്റ് പൂട്ടാന്‍ മറന്നാല്‍ മതി എന്റെ തോട്ടം നശിക്കാന്‍..'

അച്ഛന്‍ മനോഹരനുണകളിലൂടെ എത്ര പേരെയാണ് വിഡ്ഢികളാക്കുന്നതെന്ന് അവനതിശയിച്ചു.

വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു നടന്നു. അമ്മമ്മയുടെ നാട്ടുമാവ് ഉണങ്ങി വീണ സ്ഥലത്ത് അവന്‍ കുഴിക്കാന്‍ തുടങ്ങി. മധുരമുള്ള മരത്തിന്റെ ഓര്‍മകള്‍ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു. അവനു സന്തോഷം തോന്നി, ഇവിടെ ഏതായാലും തന്റെ തൈ പച്ച പിടിക്കും. വാത്സല്യവും സ്‌നേഹവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു, അലിവിന്റെ തീര്‍ത്ഥം ധാര ധാരയായി ഒഴിച്ചു. തൈ തലയിളക്കി ചിരിച്ചു, അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു..ഒരു നിമിഷം കൂടി അതിനെ നോക്കി പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായി അമ്മ..

'സ്‌കൂള്‍ വിട്ടു വന്നതും എന്താ മണ്ണിലൊരു കസര്‍ത്ത്? ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ? ട്യുഷന് പോവാനുള്ളത് മറന്നോ?'

അമ്മയുടെ തടിച്ച കൈ അവന്റെ ദുര്‍ബലദേഹത്തെ നുള്ളി നോവിച്ചു. 'അവന്റൊരു തയ്യും മരവും' ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞുപച്ചപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.

'അമ്മേ,' പൊട്ടിയ കരച്ചില്‍ പണിപ്പെട്ടൊതുക്കി അവന്‍ വിക്കി 'സ്‌കൂളീന്ന് തന്നതാ, ഡയറിയില്‍ എഴുതാനുള്ളതാ...'

'എന്തോന്ന്? ഇല വരുന്നതോ? മൊട്ടിടുന്നതോ? അതിനു നീ അങ്ങേരെപ്പോലെ കൃഷി ഓഫീസറാകാന്‍ പോവാണോ? അതിനും ഈ കഷ്ടപ്പാടുകള്‍ വേണ്ട, ആ തോട്ടം പോലൊന്ന് മതി. അല്ലെങ്കിത്തന്നെ മണ്ണീ കെളക്കാനാണോ നിന്നെ സ്‌കൂളില്‍ വിടുന്നത്? എത്ര ബോര്‍ഡിങ്ങില്‍ ചേര്‍ത്തതാ, ഒരക്ഷരം ശ്രദ്ധിച്ചു പഠിക്കില്ല. ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്‌റ്റേറ്റ് സിലബസിലോട്ടു മാറ്റിയത്.. അപ്പൊ കെളക്കലും കൊത്തലും..ഹും..നിന്റെ അങ്കിള്‍ നിനക്ക് സെന്റ് തെരേസാസില്‍ സീറ്റ് ശരിയാക്കിയിട്ടുണ്ട്. ഏത് ആബ്‌സെന്റ് മൈന്‍ഡ് ഉള്ളോരും അവിടെത്ത്യാ ശര്യാവും. അത്രയാ ശിക്ഷകള്‍..ഡോക്ടര്‍ ആവണേല്‍ ഡൊനേഷന്‍ കൊറെ പൊടിക്കേണ്ടി വരും. സാരല്യ...വല്ല തവളേം കീറിപ്പഠിച്ചോ..അതാ ഇതിലേറെ ഉപകാരം..'

അവനൊന്നും മിണ്ടിയില്ല, ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പു പോലെ തന്റെ സന്തോഷങ്ങള്‍ക്കും ആയുസ്സില്ല. അമ്മമ്മയെ സ്വപ്നം കണ്ടെങ്കില്‍..പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്ക് കീഴെ പഴങ്കഥകള്‍ പറയുന്ന അമ്മമ്മ..നിലാവ് പെയ്തിറങ്ങണം, മഞ്ഞ് ദൂരേന്നു പുകയായി പരക്കണം..നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ വേണം..ഹാ..അവനാ ദൃശ്യത്തിന്റെ കുളിര്‍മ ഓരോ രോമകൂപത്തിലും അനുഭവിച്ചു..

സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ കൃത്രിമോദ്യാനം ഒന്നൂടെ ചന്തമാര്‍ന്നതായി..നോക്കിനോക്കിയിരിക്കെ ആ പച്ചപ്പെല്ലാം പൊഴിഞ്ഞു പോയെന്നും കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി. പ്ലാസ്റ്റിക് പൂക്കള്‍ തിളക്കമറ്റ് അരണ്ട പോലെ..അവനു കണ്ണു വേദനിച്ചു..കണ്ണീര്‍ കട്ടിക്കണ്ണടയെ ഉഴിഞ്ഞ് അവന്റെ കാഴ്ചയെ ഒരു നിമിഷത്തേക്ക് പുകയിലേക്ക് തള്ളിയിട്ടു.
'കിരണ്‍, കിരണ്‍..ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ?' അമ്മയുടെ തൊണ്ട കീറല്‍ വിദൂരത്തെവിടെയോ മുഴങ്ങി. വീടിന്റെ കോണ്ക്രീറ്റ് ചുവരുകള്‍ അവനെ ഞെരിച്ചു, അതിന്റെ ഭീമന്‍ കൈകളില്‍ അവന്‍ വെറുമൊരു ചേരട്ടയായി ചുരുണ്ടു ..........................           

2014 ജൂൺ 14, ശനിയാഴ്‌ച

കുത്തനെയുള്ള വഴി (കഥ)


'കയ്ജൂന്റെ അമ്മായിമ്മാക്ക് തീരെ വയ്യ, ഇജ് വെര്‌ണോ?'

സൈനാത്ത ഉറക്കെ വിളിച്ചു ചോദിച്ചു. അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങിപ്പുറപ്പെട്ടു.

'നല്ലോണം കര്തിക്കോ, അത്തള്ള ഒരു ബീയ്ച്ച ബീണതാ'

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.

'കാലത്തിന്റെ ഒരു പോക്ക്, ഇന്റെ ചെര്‍പ്പത്തിലൊന്നും ഈ സുഗറൂല്ല, പ്രെസറൂല്ല. പണ്ടത്തെ കവിളരസല്ലേ ഇപ്പറയണ ക്യാന്‍സറ്..ബല്ലാത്തൊരു കാലം..അയ്‌നെങ്ങനെ?  ബെസല്ലേ ബെയ്ച്ച്ണ്? പണ്ടത്തെപ്പോലെ നാല് കുരു നന്ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?'

'ആര്‍ക്കാപ്പം നേരം സൈനാത്താ? തെരക്കന്നല്ലേ എല്ലാര്‍ക്കും?'

'അന്ക്കത് പറയാ. ഇന്റെ ബീട്ടിലൊക്കെ എന്താപ്പം ഇത്തര പണി? രാവില്‍ത്തെ വെപ്പ് കയ്ഞ്ഞാപ്പിന്നെ അപ്പെമ്പറന്നോക്ക് മാള്യെപ്പൊറത്തു ടി വി കാണല്ലാണ്ട് എന്താ ഒര് ശൊഗല്? ഇന്നാലും ഓക്ക് ബടെ നിക്കാന്‍ വെയ്യ. വയസ്സ്‌കാലത്ത് ഇന്‌ക്കൊരിത്തിരി ചായന്റെള്ളം ണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം. അയിന്റെടേല് ഇന്റെ റൂഹ് പോയിക്കിട്ട്യാ ഓക്ക് സൊഖായല്ലോ..പള്ള്യാളീലൊക്കെ എത്തറ കൈപ്പീം വെള്ളരീം കുയ്ച്ചിട്ടീനി ഞാനും അന്റെമ്മീം...'

കൈജാത്താന്റെ വീടെത്തിയിട്ടും സൈനാത്ത വര്‍ത്താനം നിര്‍ത്തണ മട്ടില്ല.

'എന്താപ്പം ഓളൊരു പത്രാസ്? ഓലപ്പെരേന്നാ ബര്‌ണത് ന്നൊരു  ബിജാരംണ്ടോ?ഓളെ പെരന്റെ അവ്ത്ത് നാല് കക്കൂസ്ണ്ട്, രണ്ട് ഫ്രിഡ്ജ്ണ്ട്, എട്ട് ഫാന്ണ്ട്, ഈ ബര്‍ത്താനേള്ളൂ..പണ്ട് കയ്ഞ്ഞതൊക്കെ എത്തറ എള്‍പ്പം മറന്ന് ഓള്..'

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.

'ആ, ബന്നോളീ, ഉമ്മ ദാ അവ്ത്ത്ണ്ട്..'

അവര്‍ വലിയ മൈന്‍ഡില്ലാതെ അടുക്കളയിലേക്കു പോയി. സൈനാത്ത പിന്നേം മുറുമുറുത്തു.

'കണ്ടോ ഓളെ പത്രാസ്?'

'ഇങ്ങള് മുണ്ടാണ്ടിരി..'ഞാന്‍ സൈനാത്താന്റെ കൈ ശാസനയോടെ അമര്‍ത്തി.ഒരു പൊട്ടു ചളി പോലുമില്ലാതെ മാര്‍ബിള്‍ തറ തിളങ്ങി, അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍ നിറഞ്ഞു കിടക്കുന്നു. പണ്ടേ നല്ല തടിച്ചിയാണല്ലോ..

'ഒരു ഭാഗം മുയ്മനും കൊയഞ്ഞിക്ക്ണ്..'

കൈജാത്ത മഞ്ഞസര്‍ബത്ത് നീട്ടിക്കൊണ്ട് തുടര്‍ന്നു

'തീട്ടൂം മൂത്രൂം ഒക്കെ കെടക്കുണോടത്തന്നെ. ഞാനായതോണ്ട് തരക്കേടില്ല. ന്റെ മരോള് ന്നെങ്ങനെ നോക്കൂന്ന്  ഇന്‍ക്ക് തോന്നണില്ല..'

അവര്‍ കുതിര്‍ത്ത റെസ്‌ക്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി..കട്ടന്‍ചായ കൂടെയൊഴിച്ചപ്പോള്‍ അവര്‍ക്ക് തരിപ്പില്‍ കേറി ചുമക്കാന്‍ തുടങ്ങി..

'ഞ്ഞിപ്പം കൊറെ നേരത്ത്‌നു കൊരന്നാവും..ചെറ്യേ പൈതങ്ങളെക്കാളും കസ്ടാ..ണീപ്പിച്ചിര്ത്ത്യാ കവ്ത്ത് ഒറക്കാത്ത കുട്ട്യോളെപ്പോലെ തല ഒടിഞ്ഞു തൂങ്ങും. ഒരാക്കൊന്നും പോന്തൂല, ഞമ്മള് തിന്ന് തട്ച്ചാ വേറെള്ളോല്‍ക്കാ അദാബ്..'

നിസ്സഹായതയുടെ ഈ കാലത്തിന് ഒരു കളിപ്പാട്ടത്തിന്റെ വില പോലുമില്ല..പൊന്നു പോലെ കൊണ്ടു നടന്ന ദേഹം, കാത്തു കാത്തു വെച്ച ജീവന്‍ എല്ലാം ഓട്ടക്കാലണകളായി മാറുന്നു..ഒരു കൊല്ലം മുമ്പും അവര്‍ അസുഖമായി കിടന്നിരുന്നു..അന്ന് മരിക്കുമെന്ന് സമാധാനിച്ച് കൈജാത്ത മരണാവശ്യത്തിനു കുറെ പരുത്തിത്തുണി അന്വേഷിച്ചു വന്നിരുന്നു വീട്ടില്‍..അവര്‍ പിന്നെയും ആവലാതിപ്പെട്ടു

'  ജീവന്‍ പോക്കാന്‍ വെയ്യല്ലോ..വല്ല മര്ന്നും കൊട്ത്താ തീര്‍ന്നോളുംന്ന് ചിലര് പറയണണ്ട്..എത്തറ കാലാ ഞ്ഞൂം?'

സൈനാത്ത അവരെ രൂക്ഷമായി നോക്കി..

'ബലാലേ, ഇജും ഈ കട്ടില്മ്ക്ക്ള്ളതാ..എത്തറ കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്റെ തടിയന്‍മാപ്പളനെ ചെര്‍പ്പത്തില് പോറ്റിയത്ന്ന് അനക്ക് വല്ല ഇല്‍മൂണ്ടോ? ഇപ്പം വല്ല്യ വെണ്മാടം കിട്ട്യപ്പം ..ഇജ് ഇന്നെക്കൊണ്ടൊന്നും പറീക്കണ്ട..

ബാ പെണ്ണേ, ഓള് ആയ്‌നെ കൊല്ലണത് കാണണേയ്ന്റെ മുമ്പ് പോകാ ഞമ്മക്ക്..'
വരാന്തയില്‍ എട്ടു മാസം പ്രായമുള്ള അവരുടെ പേരമകന്‍ ചിരിച്ചുകളിക്കുന്നു. അരികെ കൊഞ്ചിച്ചു കൊണ്ട് കൈജാത്താന്റെ മരുമകള്‍..നിസ്സഹായതയുടെ ഈ കാലത്തിന് പക്ഷെ കൂടുതല്‍ പച്ചപ്പുണ്ട്..വാര്‍ധകം മാത്രം ഇങ്ങനെ ഉണങ്ങി മൊരിഞ്ഞതായത് എന്താണെന്റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ടിരുന്നു സൈനാത്ത. മനസ്സാകട്ടെ മുമ്പെന്നോ കണ്ടൊരു ചിത്രത്തില്‍ ഉടക്കിക്കിടന്നു. അനേകം മുഴകളാല്‍ വികൃതമായ പാതിമുഖം..പുഞ്ചിരിയുടെ പാല്‍വെളിച്ചം തൂകുന്ന മറുഭാഗം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു, മറുഭാഗത്തൂടെ നോക്കുമ്പോള്‍ അയാള്‍ കരയുന്നു..
'ഞാന്‍ തന്നെയാണ് ജീവിതം..'അയാളെന്റെ മനസ്സിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.......

ശൊഗല്‍ ജോലി .
ഇല്‍മ് –അറിവ്.
അദാബ് –ശിക്ഷ.
റൂഹ് –ജീവന്‍ .
           

2014 മേയ് 27, ചൊവ്വാഴ്ച

ചങ്ങാതീ നീയെവിടെയാണ്(കഥ)



'അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഉപമ.'  അന്നു നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ നിന്നു മായുന്നില്ല. ചപ്പുകള്‍ക്കിടയില്‍  ചവറുപോലുള്ള നമ്മുടെ മുടിഞ്ഞ ക്ലേശങ്ങള്‍ക്കിടെ ചളുങ്ങിയതും പൊട്ടിയതുമായ പഴയ സാധനങ്ങള്‍ വേര്‍തിരിക്കെ, പിന്നെയും നീ പറഞ്ഞു:  'അയയിലെ ഉണക്കാനിട്ട പാവാട പോലെ പറ്റെ ഉണങ്ങി പാറിപ്പോകുമോ അതെന്ന്! ആര്‍ക്കറിയാം?'  തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്നു പോയ നമ്മുടെ സൌഹൃദം................

അസൂയയും അമ്പരപ്പും ജനിപ്പിച്ചേക്കാവുന്ന എന്റെ ഇപ്പോഴത്തെ സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍! പതുപതുത്ത മെത്ത തൊട്ടു നോക്കി നീ മുഖം ചുളിച്ചേക്കും. 'ഇതീ കെടന്നാ ഒറക്കം വരോടാ?' വിശാലമായ തളങ്ങളിലൂടെ തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ വിസ്മയിച്ചേക്കും. 'എടാ, അലാവുദ്ധീന്റെ അദ്ഭുതവിളക്ക് കിട്ടിയോ നെനക്ക്? '

ആ വാക്കുകള്‍-  അടുപ്പും ദ്വീപും ...ജീവിതം അതു മാത്രമാണെന്ന് എനിക്കും കുറെയായി തോന്നുന്നു. ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുമ്പോലെ..മേലാകെ വേവുമ്പോലെ..ചൂട്, പുക..നമ്മളെല്ലാം ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്നു നീയന്നു പറഞ്ഞതും മനസ്സെപ്പോഴും കൊറിച്ചു കൊണ്ടിരിക്കുന്നു..പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്റെ കണ്ണുകള്‍ ..ചുറ്റുമുള്ള ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്ക് അക്ഷരം അറിഞ്ഞിരുന്നെങ്കില്‍..

അന്ന് –പാലത്തിനു ചുവട്ടില്‍ നമ്മള്‍ ഉറങ്ങാന്‍ വട്ടം കൂട്ടവേ, ഒരാളെന്നെ വിളിച്ചു കൊണ്ടു പോയത് നീയോര്‍ക്കുന്നില്ലേ? പോലീസോ മറ്റോ ആണെന്നു കരുതി പേടിച്ചു പേടിച്ചാണ് ഞാന്‍ പോയത്. മരച്ചുവട്ടില്‍ ഒന്നുരണ്ടാളുകള്‍..അവര്‍ പതുക്കെ പറഞ്ഞു:  'പറയണ പോലെ ചെയ്താല്‍ ഈ എച്ചില്‍ ജീവിതത്തില്‍ നിന്നും എന്നേക്കും രക്ഷപ്പെടാം. അല്ലെങ്കി തെണ്ടിക്കൂട്ടത്തെ ഒന്നാകെ ഭസ്മമാക്കാന്‍ ഇതൊന്നു മതി..'

പിറ്റേന്ന് –മാര്‍ക്കറ്റില്‍ സ്‌ഫോടനം നടന്നെന്നും പത്തു പതിനഞ്ചു പേര്‍ പാതി വെന്തു മരിച്ചെന്നും പലരും കയ്യും കാലും കറുത്ത് കരുവാളിച്ച് കിടപ്പാണെന്നും മറ്റും വാര്‍ത്തകള്‍ പല നാവുകളിലൂടെ കെട്ടഴിഞ്ഞു. ആദ്യമായി കാണുന്ന നോട്ടുകെട്ടുകളുടെ ചുളിയാത്ത വൃത്തിയില്‍ എത്ര നോക്കിയിട്ടും എനിക്കു മടുത്തില്ല. പിന്നെപ്പിന്നെ പണം ഒലിച്ചുവന്നു കൊണ്ടിരുന്നു. അകത്തായാലും രക്ഷിക്കാന്‍ ആളില്ലാഞ്ഞല്ല, കുറ്റബോധത്തിന്റെ കുപ്പിച്ചില്ലുകളാണോ മനസ്സിലിങ്ങനെ ഉരയുന്നത്?

കറുത്തു മുഷിഞ്ഞതെങ്കിലും അക്കാലത്ത്  നമ്മുടെ ചിരിയുടെ വെളുപ്പ് നഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് –പല്ലുകള്‍ സിഗരറ്റുകറയാല്‍ കറുത്തു പോയി. റോസ കിട്ടിയ പണവുമായി മറ്റൊരാളോടൊപ്പം ഒളിച്ചുപോയതു മുതല്‍ എനിക്കു സംശയമാണ് –ഒരു കാട്ടാളന്റെ മുഖമാണോ എനിക്കെന്ന്..മകനുള്ളത് മയക്കുമരുന്നിന്റെ സ്വര്‍ഗത്തില്‍ സസുഖം..മകള്‍ ഉടുപ്പൂരുമ്പോലെ പുതിയ പുതിയ പ്രണയങ്ങളിലേക്ക് പാറിപ്പറന്ന്..

മുറികളിലൂടെ ഉലാത്തുമ്പോഴൊക്കെ ഭൂതകാലം ഒരു വേട്ടപ്പക്ഷിയായി മുമ്പില്‍..വേണ്ടിയിരുന്നില്ല ഈ പുരോഗതി..പണ്ടത്തെ ചിരിയും സന്തോഷവും ഒന്നൂടെ അറിയാനായെങ്കില്‍...

ദ്വീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി..ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക നോക്കി തീര്‍ക്കണം ശിഷ്ടകാലം..വേണമെങ്കില്‍ മുങ്ങിച്ചാവുകയുമാവാം..അതിനു മുമ്പ് നിന്നെയൊന്നു കാണാനൊത്തെങ്കില്‍..നിനക്ക് വേണ്ടത്ര ഭക്ഷണം തന്ന്, സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..അതിനു നീയെവിടെയാണ്?
ദ്വീപിലേക്കെത്തുംമുമ്പ് നീ തുഴയുപേക്ഷിച്ചുവോ? നൈരന്തര്യത്തിന്റെ ഈ വ്യര്‍ത്ഥയാത്രയെ നോക്കി നീ പരിഹസിച്ചു ചിരിക്കുകയാണോ ചങ്ങാതീ ....................   

2014 മേയ് 17, ശനിയാഴ്‌ച

വളരെ പഴയൊരു കാരണം( കഥ )


തലങ്ങും വിലങ്ങും വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ചോര മുഖത്തേക്ക് ചൂട് തളിച്ചു. കണ്ണു വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി. വീണു കിടക്കുന്നത് മറ്റാരുമല്ല, കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തന്റെ കൂടെയുണ്ടായിരുന്ന...മക്കള്‍ ദൂരേന്ന് പകപ്പോടെ തുറിച്ചു നോക്കിയത്, ചെരിഞ്ഞു വീഴുന്ന തന്നെ താങ്ങാന്‍ ശ്രമിച്ചത്...എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ വരച്ച കുറെ ചിത്രങ്ങളായിരുന്നോ? അതോ ഈ ജന്മം തന്നെ കണ്ടു മറന്ന കുറെ ദുസ്വപ്നങ്ങളോ? ആവാന്‍ വഴിയില്ല, ജയിലിന്റെ ഇരുട്ട് അങ്ങനെയെങ്കില്‍ ജീവിതത്തിന്റെ പകലുകളെ വാരിപ്പിടിക്കില്ലായിരുന്നല്ലോ..ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ് വലിച്ചിഴച്ചു. പിന്നൊരു തള്ളായിരുന്നു, 'നടക്കെടീ' അവര്‍ ആക്രോശിച്ചു. മക്കള്‍ അലമുറയിടുന്നത് ദൂരെ എവിടുന്നോ ആണെന്നു തോന്നി. സങ്കല്പങ്ങളും യാഥാര്‍ഥ്യങ്ങളും പരസ്പരം കൂടിക്കുഴഞ്ഞു............

ക്ലാസെടുക്കുമ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു 'കുറെ കവിതകള്‍ കാണാപാഠം പഠിക്കണത് എപ്പഴും നല്ലതാ..വയ്യാതാവുമ്പം പാടി നടക്കാലോ..'

കുട്ടികള്‍ക്കാ വയ്യായ്ക തിരിഞ്ഞോ എന്തോ? ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. ജീവിതത്തിന്റെ വഴുക്കുന്ന ഉരുളന്‍കല്ലുകള്‍ ഇവര്‍ കണ്ടിരിക്കാന്‍ ഇടയില്ല. പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല. കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും ഇളകി. കുത്തിപ്പറിക്കുന്ന വേദന ഊന്നുവടിയുമായി ചങ്കിലൂടെ ഞാന്നു ഞാന്നു നടന്നു.

'ഓപ്പറേഷന്‍ വേണം' വയസ്സായ അമ്മയോട് ഡോക്ടര്‍ അല്പം നീരസത്തോടെ പറഞ്ഞു.

'ആണുങ്ങളാരുമില്ലേ വീട്ടില്‍? ഇതു കൂടുതല്‍ ക്രിട്ടിക്കലാവാ..വച്ചോണ്ടിരുന്നാ വഷളാവേ ഉള്ളൂ..'

'ആണുങ്ങള്‍ തന്നെ വേണോ? ഞാനും അമ്മയും പോരേ? '

തന്റെ കണ്ണില്‍ തിളച്ചു കൊണ്ടിരിക്കുന്ന കോപത്തിലേക്ക് ഡോക്ടര്‍ അമ്പരപ്പോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു 'കുഴപ്പോംന്നൂല്ല. വല്ല ബ്ലഡ്‌നീഡും വന്നാലാ പ്രശ്‌നം..സാരല്ല..'

നല്ല പാതി എത്തിയപ്പോള്‍ പതിവു പോലെ പാതിരാ കഴിഞ്ഞിരുന്നു. എന്നത്തെയും പോലെ കുഴയുന്ന വാക്കുകള്‍..നിലം പറ്റാത്ത ചുവടുകള്‍..ഛെ! ഇത്രേം കോമണ്‍ സെന്‌സില്ലാതായല്ലോ തന്റെ പ്രണയത്തിന്..വീട്ടുകാരെയെല്ലാം വെറുപ്പിച്ച്  താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍..അവള്‍ കാറിത്തുപ്പി..കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുകളുമായി ഇളകി..പലവുരു ആവര്‍ത്തിച്ച ഓപ്പറേഷന്‍ കാര്യം തലയ്ക്കു വെളിവ് വന്നിട്ട് ഇയാളോട് എപ്പോഴാണൊന്നു പറയുക? പറഞ്ഞിട്ടു തന്നെ എന്താണു ഫലം?
 ................................................................................................................................................

'അയാള്‍ നാവുറക്കാതെ പറഞ്ഞു 'നീ നിന്റെ അമ്മേം കൂട്ടിപ്പോ. ഡെസ്‌കീന്നു ഒഴിഞ്ഞിട്ട് എനിക്കെവിടാ നേരം?'
'ആര്‍ക്കു വേണ്ടിയാ നിങ്ങടെ ഈ അധ്വാനം? ഒരു ചില്ലിക്കാശ് ഈ വീട്ടിലേക്ക് കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ആര്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്? '

അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്. ചുട്ടു നീറുന്ന കവിള്‍ അവള്‍ അമര്‍ത്തിപ്പിടിച്ചു. വായില്‍ ചോര ചമര്‍ക്കുന്നു...

'കൊടുക്കുമെടീ, എനിക്കിഷ്ടള്ളോര്‍ക്ക് കൊടുക്കും. അതു ചോദിക്കാന്‍ നീയാരാ? നിനക്കേ സൗകര്യം ഒണ്ടെങ്കി നിന്നാ മതി എന്റെ വീട്ടില്‍. അല്ലെങ്കി എറങ്ങിക്കോ ഇന്നു തന്നെ..പക്ഷേല് മക്കളെ കൊണ്ടോവാന്നു കരുതണ്ടാ..നീ പോയി കേസു കൊടുക്ക്..'

അതാണയാളുടെ തുരുപ്പുചീട്ട് മക്കള്‍..താന്‍ ചിറകിനടിയിലെ ചൂടേകി താന്‍ ചിക്കിപ്പെറുക്കി അന്നം കൊടുത്ത തന്റെ മക്കള്‍..അയാള്‍ക്കവരില്‍ എന്താണവകാശം? തലക്കുള്ളില്‍ ചോദ്യങ്ങള്‍ പ്രകമ്പനം കൊണ്ടു..ഓപ്പറേഷന്‍ കഴിയട്ടെ, കേസെങ്കി കേസ്..ഈ വീട്ടിലിനി നില്‍ക്കണത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്..ഗതികെട്ട ഓട്ടം..എവിടെയും വെള്ളം കാണാനാവാത്ത വെന്തു പിടയുന്ന ഓട്ടം..സ്‌നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു..മടുപ്പിന്റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കുമോ? പുറമേ കാണുന്ന ചിരികളെല്ലാം വെറും കെട്ടുകാഴ്ചകളാണോ? മുഖംമൂടി അഴിഞ്ഞു വീഴുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃതമായ മഞ്ഞപ്പല്ലുകള്‍ കാണിച്ച് ഇളിച്ചു കാട്ടുന്നത്..വെളിച്ചം കപടമാണോ? പെട്ടെന്നത് ഇരുളായി രൂപാന്തരപ്പെടുമോ? എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍..കോളേജില്‍ എത്ര ആരാധകരായിരുന്നു..എന്നിട്ടും കാണാന്‍ വലിയ ചേലൊന്നുമില്ലാത്ത എഴുത്തിന്റെ ചെറുപ്രകാശം മാത്രം കൂട്ടിനുള്ള തന്റെ വിളക്കുമാടത്തിലേക്ക് ഒരു മിന്നാമിനുങ്ങായി അയാള്‍..എന്തിനായിരുന്നു ദൈവമേ നിന്റെയീ നാടകങ്ങള്‍? കൂര്‍ത്തു മൂര്‍ത്ത തന്റെ കവിതകളെല്ലാം എവിടേക്കാണ് തന്നെയുപേക്ഷിച്ചു പോയ്ക്കളഞ്ഞത്, ചുറ്റും ഇരുട്ട് മാത്രം ബാക്കിയാക്കി? കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റിത്തീരുമോ?വാക്കുകളുടെ മൂര്‍ച്ച തുരുമ്പെടുത്ത് പൊടിഞ്ഞു തീരുമോ?

മുമ്പ് –ഓപ്പറേഷന് വേണ്ടി പി എഫില്‍ നിന്നും ലോണെടുത്തിരുന്നു. മയക്കുംവാക്കുകള്‍ പറഞ്ഞ് അയാളാ പണം വാങ്ങിക്കൊണ്ടുപോയി..നിരന്തരം വീഴുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇടയ്ക്ക് ഉതിര്‍ന്നു വീഴുന്ന വൈരക്കല്ലുകള്‍ പോലുള്ള സ്‌നേഹവാക്കുകള്‍..ആരായാലും വീണു പോകും .ആ തിളക്കത്തിലേക്ക് തന്നെ കണ്ണും നിറച്ചു നോക്കിയിരുന്നു പോകും..ഇനിയേതായാലും ആ അബദ്ധം പറ്റരുത്. നന്ദിനിട്ടീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പൈസ..പി എഫ് കിട്ടിയിട്ടു വേണം ഇതും വേറെ കുറെ കടങ്ങളും വീട്ടാന്‍ ...ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കിളിവാതില്‍ അടച്ചുകളഞ്ഞാലോ..

പിന്നെന്തേ ഉണ്ടായത്? കയര്‍ സീലിന്ഗിലെ കുരുക്കില്‍ കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവള്‍ ഓര്‍ത്തു..ആരൊക്കെയോ..അമ്മ ഓടി നടന്നു സംഘടിപ്പിച്ച ഏതൊക്കെയോ ബന്ധുക്കള്‍..സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്‌നേഹിച്ചിരുന്നു..തീര്‍ത്തും തനിച്ചായിരുന്നില്ല..മാനസികവിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന സാക്ഷ്യപത്രം കോടതിയില്‍ നിന്നും വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും തനിക്ക് ഭ്രാന്തായിരുന്നോ? ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്, തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് എന്തു പറ്റിയതാണ്?

അന്ന് – ഹോസ്പിറ്റലില്‍ പോവാനായി സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു. മക്കളെ എവിടെ നിര്‍ത്തും? നന്ദിനിട്ടീച്ചര്‍ അവരുടെ വീട്ടിലാക്കിക്കോളാന്‍ പറയുന്നുണ്ട്. വികൃതികളാണ്. ആളുകളെ വെറുപ്പിച്ചു കളയും..വല്ല ഹോസ്റ്റലിലുമാക്കം..അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ..

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്..ദൈവമേ! അല്ലെങ്കിലേ ആ മനുഷ്യന്‍ തനിക്കുണ്ടാക്കിയ കടങ്ങള്‍ എത്രയാണ്..വരട്ടെ, ഇങ്ങു വരട്ടെ , ഇന്നൊരു യുദ്ധം ഉറപ്പ്..ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല..വന്നപ്പോള്‍ അദ്ഭുതം! കുടിച്ചിട്ടില്ല..ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്...ഒന്നും ചോദിക്കുന്നില്ല, നേരെ കിടപ്പുമുറിയിലേക്കാണ്..

'നില്‍ക്ക്, ബാഗില്‍ ഞാന്‍ വച്ചിരുന്ന കാശെന്തു ചെയ്തു?'

'ഓ, അതോ? പറയാന്‍ വിട്ടു, അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്റെ ഭാര്യല്ലേ? ഭരിക്കപ്പെടേണ്ടവള്‍..പിന്നെ, നാളെ മുതല്ഇവിടെ മറ്റൊരുത്തികൂടിയുണ്ടാവും..അവളും എന്റെ ഭാര്യ തന്നെ..നിനക്കതിനൊക്കെ സൗകര്യം ഒണ്ടെങ്കി ഇവിടെ നിന്നാ മതി..'

കണ്ണില്‍ നിന്നും തെറിച്ച അഗ്‌നിയില്‍ അയാള്‍ ദഹിച്ചോയെന്നു നോക്കി. ഇല്ല, സംതൃപ്തനായി നടക്കുകയാണ് റൂമിലേക്ക്..താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍..അല്ലെങ്കില്‍ അടുക്കളയില്‍..ഒന്ന്! ചവിട്ടേല്‍ക്കുന്നയിടം..മറ്റേത് വെന്തു പുകയുന്നയിടം..അതുമല്ലെങ്കില്‍ സിറ്റൌട്ടില്‍..മഞ്ഞു പെയ്യുന്ന ആകാശത്തേക്ക് കണ്ണും നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്..

മടവാള്‍ തന്റെ കയ്യിലേക്ക് നടന്നു വന്നെന്നു തോന്നുന്നു..കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ! എത്ര സാധാരണമായൊരു കാര്യത്തിനായിരുന്നു മടവാള്‍ ആ സാഹസമത്രയും കാണിച്ചത്..ഏതോ കാലം മുതല്‍ നാട്ടില്‍ നടക്കുന്ന ഒരു പതിവുകാരണം..എത്ര വഴികള്‍ മുന്നിലുണ്ടായിരുന്നു..അതേതേലും തിരഞ്ഞെടുത്തിരുന്നെങ്കി ജോലി നഷ്ടപ്പെടുമായിരുന്നില്ല..ആരും തിരിഞ്ഞു നോക്കാത്ത അഗതിമന്ദിരത്തിന്റെ ഇരുട്ടിലേക്ക് ചടഞ്ഞുകൂടേണ്ടി വരുമായിരുന്നില്ല..മക്കളൊന്നും തന്നെയറിയാത്ത വിദൂരവിദ്യാലയങ്ങളിലേക്ക് പോകേണ്ടി വരുമായിരുന്നില്ല..

കയറിനു കുരുക്കിടുമ്പോള്‍ അവള്‍ വിചാരിച്ചു—കയര്‍ മുറുകി ഈ മുഴ പൊട്ടിച്ചിതറണം..ശബ്ദം കുറെയായി മുഴയിലേക്ക് അലിഞ്ഞതുകൊണ്ട് അലമുറ കേട്ട് ആരും ഓടിയെത്താനിടയില്ല..കുറെ കാലം അഗതിമന്ദിരത്തില്‍ തന്റെ മരണം ഒരു ചര്‍ച്ചയായേക്കും..തന്റെ മടവാള്‍ ഒരു ചര്‍ച്ചാവിഷയമായതുപോലെ..

അയാളുടെ വീട്ടിലിപ്പോ ആരാവും ഉണ്ടാവുക? ചോരച്ച ഓര്‍മകള്‍ നാവു പുറത്തിട്ട് കണ്ണ്! തുറുപ്പിച്ചുനടപ്പുണ്ടാവുമോ? എന്താണ് തനിക്കു പറ്റിയതെന്നു അവയും പരസ്പരം ചോദിക്കുന്നുണ്ടാവുമോ?.

സ്റ്റൂളില്‍ കയറി അവള്‍ കണ്ണടച്ചു കോടതി വിധി വായിക്കയാണ്..കണ്ണ്! കെട്ടിക്കഴിഞ്ഞു. രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു..സ്റ്റൂള്‍ മറിഞ്ഞു വീഴുന്ന ശബ്ദം ഒരു കിടിലമായി അവളെ പൊതിഞ്ഞു..കാലങ്ങളായി പെറുക്കി വെച്ച അസംതൃപ്തിയുടെ, മടുപ്പിന്റെ ചുടുകല്ലുകള്‍ അവളുടെ കഴുത്തിലേക്ക് തുരുതുരെ വന്നു വീണു..മുഴ വാ പിളര്‍ന്നു..യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്റെ വെളുത്ത തരിക്കല്ലുകളെ മുഴ വെറുപ്പോടെ പുറത്തേക്ക് തുപ്പാന്‍ തുടങ്ങി.....................                  

2014 മേയ് 3, ശനിയാഴ്‌ച

ഡിമന്‍ഷ്യ(കഥ)


വായില്‍ പൂത്ത തെറികളെല്ലാം വിളിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.പത്തുനാല്‍പ്പതു കൊല്ലം കൊണ്ട്  നേടിയെടുത്ത മാന്യതയുടെ ചില്ലുകൊട്ടാരം തകര്‍ന്നു തരികളായി. ഇപ്പോ എത്ര വെറുക്കുന്നുണ്ടാവും ആ ഒരുമ്പെട്ടവള്‍ ..മരിച്ചു കിട്ടാന്‍ എത്ര പ്രാര്‍ഥിച്ചിരിക്കും. കൈ വിറച്ചിട്ടാവും വിഷം കലക്കിത്തരാത്തത്. വെറുപ്പിന്റെ ശക്തി ഏതായാലും സ്‌നേഹത്തിനില്ല. സ്‌നേഹം അനുനിമിഷം ഒരാളെ ചഞ്ചലചിത്തനാക്കും. വെറുപ്പാകട്ടെ മനസ്സില്‍ കരിങ്കല്ലുകളെയാണ് കൂട്ടിയിടുക. പിന്നെ ആര്‍ക്കുമാവില്ല ആ കല്ലുവൃക്ഷത്തെ ഹൃദയത്തില്‍ നിന്നും ഇളക്കി മാറ്റാന്‍..

മനസ്സ് ശൂന്യമായിക്കൊണ്ടിരിക്കുന്നു. മിനിഞ്ഞാന്നോ അതോ ഇന്നോ ആ മൂധേവി തന്നെ പിടിച്ചോണ്ടു പോന്നത്? താന്‍ സ്വസ്ഥം തന്റെ വീട്ടില്‍ ഇരിക്കയായിരുന്നു. അപ്പോഴാണവള്‍ ആളുകളെ കൂട്ടി വന്ന് തന്നെ വലിച്ചോണ്ട് പോന്നത്. ഇതാണത്രെ തന്റെ വീട്.ഈ മൂധേവിയാണത്രെ തന്റെ ഭാര്യ. വീടായാല്‍ സ്വസ്ഥത വേണ്ടേ? ഇവിടെ നിമിഷംപ്രതി ആരോ തന്നെ ഒരു അടുപ്പിലിട്ടു കത്തിക്കയാണ്. പൊള്ളിപ്പൊള്ളി ഒരിക്കലും മരിക്കാതെ താന്‍ ഒരു റബ്ബര്‍പന്ത് പോലെ ചാടിക്കൊണ്ടിരിക്കുന്നു. വീടുകള്‍ മാറാനായിരുന്നെങ്കില്‍! ഒരു വീട് മടുക്കുമ്പോള്‍ മറ്റൊന്ന്!..ഭാര്യയെ മടുക്കുമ്പോള്‍ മറ്റൊരു ഭാര്യ ..എത്ര മടുത്താലും ആ മടുപ്പില്‍ തന്നെ വെന്തു ചാരമാകുന്നവന്‍ മനുഷ്യന്‍ മാത്രമായിരിക്കും..

ഓഫീസില്‍ പോകാനൊരുങ്ങുമ്പോഴാണ് അവള്‍ പറയുന്നത് താന്‍ റിട്ടയറായിട്ട് പത്തു കൊല്ലമായെന്ന്. എന്താണ് റിട്ടയറാവുക എന്നു പറഞ്ഞാല്‍? മനസ്സില്‍  പദങ്ങളെല്ലാം ഒഴിഞ്ഞ് സ്ലേറ്റിലെ കുത്തിവരകള്‍ മാത്രം ബാക്കിയായിരിക്കുന്നു..

എന്നോ ഒരൂസം ജയ തന്നെ കാണാന്‍ വന്നിരുന്നു. അവളെ ഏതായാലും മറന്നിട്ടില്ല. പക്ഷെ ഗ്രാന്‍ഡ്പാന്നും വിളിച്ചാണ് അവള്‍ അടുത്തു വന്നത്. പണ്ടവള്‍ ശ്രീയേട്ടാ എന്നാണ് വിളിച്ചിരുന്നതെന്നു തോന്നുന്നു. ഒന്നും തീര്‍ച്ചയില്ല. തൂക്കുപാലത്തിലൂടെയുള്ള നടത്തമല്ലേ, ഇളകിക്കൊണ്ടിരിക്കും. കണ്ടതും അവളെ കെട്ടിപ്പിടിച്ചു. ഉമ്മ വെക്കല്‍ തീരാഞ്ഞാവും ആശ്ലേഷം അഴിയാഞ്ഞാവും ചുറ്റുമുള്ളവര്‍ പാഞ്ഞു വന്ന് തന്നെ തള്ളി മാറ്റിയത്. കട്ടിമീശയുള്ളവന്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് ഒച്ചയെടുത്തു.

'അമ്മേ,ഇത്രേം തരം താണോ അച്ഛന്‍? സ്വന്തം പേരക്കുട്ടിയെപ്പോലും?ശ്ശെ! ഇനിയെന്നെ ഇങ്ങോട്ട് പ്രതീക്ഷിക്കണ്ട.എത്ര കഷ്ടപ്പെട്ടാ ലീവ് കിട്ടിയത്.അതിതിനായിരുന്നു,നാണം കെടാന്‍..'
അതും പറഞ്ഞ് അവനാ പെണ്‍കുട്ടിയെ വലിച്ചോണ്ടു പോയി. അവനാരാ ആ ദുഷ്ടന്‍?
അവരെല്ലാം പോയപ്പോള്‍ ആ മൂധേവി പതിവു പോലെ കരച്ചില്‍ തുടങ്ങി.
'ദൈവമേ! മക്കളേം പേരമക്കളേം തിരിച്ചറിയാത്ത ഈ മനുഷ്യനെ എത്ര കാലാ ഇനീം നീ നീട്ടിയിട്ണ്? ഇത്ര വൃത്തികെട്ടൊരു മനസ്സാണല്ലോ അയാളിത്ര നാളും പട്ടില്‍ പൊതിഞ്ഞു വെച്ചിരുന്നത്!'

ചവിട്ടിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. അപ്പോള്‍ വേറെ ഒരുത്തി വന്ന് ഉപദേശം തുടങ്ങി : 'അച്ഛാ .അച്ചനിതെന്തു ഭാവിച്ചാ അമ്മയെ ഇനീം തീ തീറ്റിക്കുന്നത്? അമ്മ ഒരു ക്യാന്‍സര്‍രോഗിയാണെന്ന കാര്യവും അച്ഛന്‍ മറന്നു കാണും.മറക്കാന്‍ എളുപ്പമാണല്ലോ .ഓര്‍മയുള്ളോര്‍ക്കല്ലേ കഷ്ടപ്പാട് മുഴുവന്‍?'

ആ ഒരുമ്പെട്ടോള്‍ അവളുടെ ആള്‍ക്കാരെ കൂട്ടി വന്നിരിക്കാ . ഈ വീടിന്റെ ഓരോ കല്ലിനടിയിലും കറുത്ത പ്രാണികളുണ്ട്. ഉറങ്ങിപ്പോയാ അവറ്റ ചോര മുഴുവന്‍ ഊറ്റിക്കുടിക്കും..അതോണ്ടാ ഉറങ്ങാതെ ഇരിക്കുന്നത്. പെണ്ണുങ്ങള്‍ രണ്ടും കുശുകുശുത്ത് ഒരു തടിമാടന്റെ സഹായത്തോടെ ഈ റൂമിലിട്ടു പൂട്ടിയിരിക്കുകയാ. പതിമൂന്നാം വയസ്സു മുതല്‍ തുടങ്ങിയ പെണ്ബന്ധങ്ങളെല്ലാം മനസ്സിലങ്ങനെ പരേഡ് നടത്താ. അക്കാര്യത്തില്‍ ഏതായാലും മറവി മായ്ക്കല്‍ തുടങ്ങിയിട്ടില്ല.
ആര്‍ക്കുമറിയില്ല , നല്ലവനാന്നു കേള്‍പ്പിക്കാനുള്ള പാട്.എന്തെല്ലാം മൂടി വെക്കണം. എത്ര സോപ്പ് തേക്കണം സംസാരത്തില്‍. രഹസ്യങ്ങള്‍ വേലി ചാടുമോ എന്ന ഭയം വേറെയും. വെന്തു വെന്താവും മനസ്സിങ്ങനെ ഓട്ടക്കലമായത് ,ഓര്‍മയുടെ ഒരു തുള്ളി പോലും ശേഷിക്കാതെ..

ആ മൂധേവി പറഞ്ഞത് കേട്ടോ? തടിമാടന്‍ അവളുടെ രഹസ്യക്കാരനാന്ന്  വിളിച്ചു പറഞ്ഞത് അയല്‍ക്കാരൊക്കെ വിശ്വസിച്ചുത്രെ. അവള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന്. ആരു പറഞ്ഞു ഇറങ്ങാന്‍.കണ്ടാലും മതി ഒരു കോലം .രണ്ടു പെണ്ണുങ്ങളും കുശുകുശുക്കണ കേട്ടു ദയാവധം വേണ്ടി വരൂന്ന്.. എന്താണാവോ ദയാവധം..
................................................................................................................................
ഇപ്പം ദാ ഇവിടെയാ  .നല്ല രസം .എല്ലാരും ഒരു പോലെ. കളക്റ്റര്‍ മുതല്‍ കണ്ടക്റ്റര്‍ വരെ തോളില്‍ കയ്യിട്ട് തുള്ളിക്കളിച്ച്..ചിലപ്പോ മുട്ടിലിഴഞ്ഞ്,കൈ കൊട്ടിച്ചിരിച്ച്.. ശരിക്കും മടങ്ങാ കുട്ടിക്കാലത്തേക്ക്.

തത്വചിന്തകര്‍ പറയുന്ന മനസ്സാ ഇപ്പോ.യാതൊരു അലട്ടുമില്ല. പഴയ കാലത്തിന്റെ നട്ടെല്ല് വളക്കുന്ന ഭാരങ്ങളില്ല. വരും കാലത്തിന്റെ ഭീഷണമായ ആകുലതകളില്ല .ഒന്നും സ്പര്‍ശിക്കാത്ത പരമാനന്ദം.പക്ഷെ സൂപ്രണ്ട് വരുന്നതാ പ്രശ്‌നം. ഒരൂസം നോക്കിക്കോ എല്ലാരൂടെ അവനെ ചമ്മന്തിയാക്കും ........

2014 ഏപ്രിൽ 20, ഞായറാഴ്‌ച

ച്യൂയിംഗജീവിതം(കഥ)


മുമ്പെന്നോ വായിച്ച ഒരു കഥ പിന്നീടെപ്പോഴോ കസേരയിട്ട് ജീവിതത്തിലേക്ക് കടന്നിരിക്കുക! അങ്ങനൊരു അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്തോ? കോളേജില്‍ പഠിച്ചിരുന്ന കാലത്താണെന്നു തോന്നുന്നു 'വഴിയോരം എന്ന ആ കഥ വായിച്ചത്. കഥയുടെ പ്രേതം ഒരാമ പോലെ തന്റെ പിന്നാലെ ഇഴയുന്നുണ്ടെന്നു ചോരച്ച ഈ ആമക്കാലുകള്‍ കാണുമ്പോള്‍ മാത്രമാണറിയുന്നത്..വിണ്ടു കീറിയ പുറന്തോട് കോക്രി കാട്ടി ചിരിക്കുന്നു..അവസാനം തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരു പെങ്ങളുടെ കഥയായിരുന്നു അത്. അച്ഛനും അമ്മയും മരിച്ചതോടെ ച്യൂയിംഗം പോലെ ചവച്ചെറിയപ്പെട്ട ആ ജീവിതം തെരുവിന്റെ മുള്‍ക്കാട്ടിലേക്കിറങ്ങേണ്ടി വന്നു.

കരയുന്ന ചിലങ്ക പോലെയായിരുന്നു  അവരുടെ മനസ്സ്..കിലും കിലും എന്നു കാണികള്‍ക്കത് ഹര്‍ഷാരവം നല്‍കിയപ്പോഴും ഓട്ടുമണികള്‍ക്കുള്ളില്‍ കണ്ണീര്‍ കിനിഞ്ഞു. മുഷിഞ്ഞ വസ്ത്രം അവരെ നോക്കി വാടിയ ചിരി ചിരിച്ചു. ജോലി ഉണ്ടായിരുന്ന അന്ന് ഇങ്ങനെയൊന്നും നടന്നതല്ല. പരസഹായം വേണ്ടി വന്നപ്പോഴാണ് ഈ അണ്ണാച്ചിക്കോലം കെട്ടേണ്ടി വന്നത്. പെന്‍ഷന്‍ പോലും ആങ്ങള കൈക്കലാക്കും. ഒരു ഒപ്പിനു വേണ്ടിയായിരുന്നു ഇത്ര നാളും നീണ്ട ശണ്ഠ..തന്റെ പേരില്‍ ഇത്തിരി മണ്ണുള്ളത് കൈക്കലാക്കാനാണ് ഈ ആര്‍ത്തി..

വഴിയോരത്തു ചടഞ്ഞിരിക്കുമ്പോള്‍, ഒരാള്‍ പതുക്കെ നടന്നു പോകുന്നു..ഭൂതകാലത്തില്‍ നിന്നൊരു ചരട് മുന്നിലൂടെ അനങ്ങുന്നതായി തോന്നി.

'ഏയ്'

പതിഞ്ഞ ശബ്ദത്തില്‍ അവര്‍ വിളിച്ചു. ചിതറിയ തേങ്ങല്‍ പോലെ അതയാളെ സ്പര്‍ശിച്ചു.

'ഓര്‍മയുണ്ടോ?'

തീക്ഷ്ണത വറ്റിത്തീരാത്ത കണ്ണുകളിലേക്ക് ഉറ്റു നോക്കി അവര്‍..അങ്ങനെ നോക്കാനാഗ്രഹിച്ച കാലത്ത് അവര്‍ക്കതിനു അനുവാദമുണ്ടായിരുന്നില്ല..കോളേജിന്റെ നെടുങ്കന്‍ നിയമങ്ങളും ജയില്‍ ഭിത്തികളും പ്രേമത്തെ ഒരിക്കലും തളിര്‍പ്പിച്ചിരുന്നില്ല. ചാടിക്കേറി ചുറ്റിപ്പിണഞ്ഞു വളരാനുള്ള വിരുത് വള്ളിക്കൊട്ട് ഉണ്ടായതുമില്ല. നാണം കുണുങ്ങി ഇല കൂമ്പി ആര്‍ക്കും വേണ്ടാതെ അതൊട്ടുകാലം വഴിയോരത്ത് കിടന്നു. കടന്നു പോകുന്നവരുടെ തുപ്പും ചവിട്ടും കൊണ്ട്..എങ്ങനെ സഹിച്ചാവോ ആത്മാവതെല്ലാം.. ഭര്‍ത്താവെന്ന എകാധിപതി പിന്‍കാലാല്‍ തോഴിച്ചെറിഞ്ഞപ്പോഴും അതിശയിച്ചു  എങ്ങനെ സഹിക്കുന്നു ആത്മാവ് ഈ നിരാസമത്രയും....

'മനസ്സിലായോ എന്നെ? പണ്ട് കോളേജ് മാഗസിനിലെ എന്റെ കഥയെക്കുറിച്ച് താങ്കള്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു.'

'ആണോ? ഏതു കോളേജീന്ന്?'

മറവിയുടെ ആ ചവര്‍പ്പ് അവരെ ഉള്ളാലെ കരയിച്ചു. എന്നാലും സായാഹ്നത്തില്‍ കിട്ടിയ ഈ ഒരേയൊരവസരം കളഞ്ഞുകൂടാ..

'ഓര്‍മയില്ലേ? കുട്ടികള്‍ ജയില്‍ കോളേജെന്നാണു വിളിച്ചിരുന്നത്. ഇനിയും എഴുതണം എന്നൊരു മധുരവാക്ക് ആ കഥയുടെ അടിയില്‍ കമന്റെഴുതിയിരുന്നു.'

നീണ്ട കോട്ടുവായിലൂടെ അയാള്‍ പ്രതികരിച്ചു. വായില്‍ അവിടവിടെയേ പല്ലുള്ളൂ. കണ്ട്മുട്ടാന്‍ പറ്റിയ പ്രായം തന്നെ! പുച്ഛം അവരുടെയുള്ളില്‍ തുപ്പല്‍ തെറിപ്പിച്ചു.

'സാര്‍ മലയാളം തന്നെയല്ലേ സ്‌കൂളിലും പഠിപ്പിച്ചിരുന്നത്? ഭാര്യക്കൊക്കെ സുഖമല്ലേ?'

മലവെള്ളം കണക്കെ വരുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ ആടിയുലഞ്ഞു.മറവിയുടെ മഞ്ഞുകൊട്ടാരത്തിലേക്ക് നൂണ്ടിരുന്ന് അയാള്‍ മന്ത്രിച്ചു.

'വേറെ ആരോന്ന് കര്തീട്ടാ ഇങ്ങള് വര്‍ത്താനം പറയണ്..'

ഓര്‍മയുടെ പൊടി പിടിച്ച ചില്ലുകള്‍ പൊട്ടിയും തകര്‍ന്നും അയാളുടെ ഭാണ്ഡത്തില്‍ നിന്നുതിര്‍ന്നു..കല്യാണഫോട്ടോ, കുറച്ചു പുസ്തകങ്ങള്‍, മക്കളുടെ മങ്ങിത്തുടങ്ങിയ കളര്‍ഫോട്ടോ,,

'അവര്‍ വലുതായതിന്റെ ഫോട്ടോകളൊന്നുമില്ലേ?'

ചിരപരിചിതയായി തന്റെ ജീവിതത്തിലേക്കൊരു കിളിവാതിലും തുറന്നിരിക്കുന്ന ആ അപരിചിതയെ അയാള്‍ പകപ്പോടെ നോക്കി.

'എത്ര ചിത്രം ഉണ്ടായിട്ടെന്താ? നിറം മങ്ങി വാര്‍ന്നു പോവാ മനസ്സീന്നെല്ലാരും..ഒരു വര പോലുല്ലാതെ ഒരു വെളുത്ത കര്‍ട്ടന്‍ മനസ്സിലങ്ങനെ ഇളകാ..'

ഒരു ചില്ലുതരിയെങ്കിലും തന്നെ ഓര്‍മിപ്പിക്കുന്നതായി അയാളുടെ ഉള്ളില്‍ ഉണ്ടായെങ്കിലെന്നു അവര്‍ തീവ്രമായി ആഗ്രഹിച്ചു. ഒരിക്കലും അടയാളപ്പെടാതെ പോയ ജീവിതത്തിന് ഒരിക്കലേലും സന്തോഷിക്കാന്‍.'ഈ ഭൂമിയിലാരുടെയും ഓര്‍മയില്‍ താനെന്നൊരു പെന്‍സില്‍രേഖ ബാക്കിയാവാഞ്ഞതെന്തേ?' അവരുടെ കവിളിലെ കണ്ണീര്‍കണങ്ങള്‍ മുട്ടിയുരുമ്മി ചോദിച്ചു..

അപ്പോഴതാ അവരെ അതിശയിപ്പിച്ചുകൊണ്ട് മറ്റൊരു തുണിസഞ്ചിയില്‍ ആ കോളേജ് മാഗസിന്‍. പോകാനായി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് അവളാ പുസ്തകം വലിച്ചെടുത്തു. 'ഹോ' സന്തോഷം കൊണ്ടവര്‍ക്ക് കൂകി വിളിക്കണമെന്നു തോന്നി. ആ പേജ് ചുവന്ന മഷിയാല്‍ അടയാളപ്പെട്ടിരുന്നു..'പ്രതിഭയുടെ കനലാട്ടമുണ്ട്, ശ്രമിച്ചാല്‍ ഉയരാം' എന്നൊരു കുറിപ്പ് തന്റെ കഥയുടെ താഴെ അയാള്‍ എഴുതിയിരുന്നു..മൂര്‍ച്ച വറ്റിത്തുടങ്ങിയ കണ്ണുകള്‍ പിന്നെയും പരതി. ഉണ്ടോ സ്‌നേഹിച്ചിരുന്നു എന്നൊരു നേര്‍ത്ത വാക്ക്..ഇല്ല ഒരിടത്തുമില്ല..വെറുമൊരു ഉള്ളിത്തോല്‍, കീറിപ്പോളിഞ്ഞു മുള്ളില്‍ കുരുങ്ങിയ വെറും പട്ടം..കാട്ടുമുള്ളല്ലാതെ മറ്റെന്തു ലഭിക്കാന്‍ സഹവാസത്തിന്..അവരാ പേജ് അയാളുടെ നേര്‍ക്ക് നീട്ടി ..

'ഓ ഇതോ? '

ശുഷ്‌കിച്ച കണ്ണുകളാല്‍ അയാള്‍ പരതി. കഥകളും കവിതകളും കുറുകിയിരുന്ന കണ്ണുകള്‍.

'പണ്ടു പഠിപ്പിച്ചിരുന്ന ഒരു കോളേജിലെ കുട്ടിയാ..ഇഷ്ടായിരുന്നു..ഒരിക്കലും നിറവേറാത്ത ഇഷ്ടങ്ങളുടെ പ്രേതാലയാ മനസ്സ്..'

ഉറക്കെ കരയണമെന്നും അയാളെ ഉമ്മ വെക്കണമെന്നും അവര്‍ക്കു തോന്നി..ചുളുങ്ങിയ തൊലി..ഇളകിയ നുരുമ്പിച്ച പല്ലുകള്‍..ആളുകള്‍ക്ക് ഇത്രേം നല്ലൊരു തമാശക്കാഴ്ച വേറെയുണ്ടാവില്ല..ഒരു പാട് വൈകിക്കിട്ടിയ ആ മധുരം എന്തു ചെയ്യേണ്ടൂ എന്നറിയാതെ അവര്‍ വിതുമ്പി..എത്ര മേല്‍ മാറുമായിരുന്നു ജീവിതം, അന്നാ തരു ആ ലതയെ ചുറ്റിപ്പിടിച്ചിരുന്നെങ്കില്‍..മനസ്സിലെ തല്ലിക്കെടുത്തിയ നാളങ്ങളൊക്കെ പ്രകാശം വിതറിയേനെ..നിശ്ശബ്ദമാക്കപ്പെട്ട വാക്കുകളുടെ ഉറവകള്‍ നിലവിളിച്ചും ചിരിച്ചും പേജിലേക്ക് ഒഴുകിയെത്തിയേനെ..ഓര്‍മകളുടെ അമ്മിക്കല്ല് അവരെ പ്രഹരിച്ചു..

'മതി' അയാളെഴുന്നേല്‍ക്കവേ അവര്‍ പറഞ്ഞു.

 'പുഴുവരിക്കുവോളം ഈ വഴിയോരത്തിരുന്നാലും എനിക്കിനി പരാതിയില്ല..എത്ര നുണഞ്ഞാലും തീരാത്തൊരു മധുരക്കട്ട ഒടുക്കം ജീവിതമെനിക്കു തന്നല്ലോ..പോവാതിരുന്നൂടെ ഇനിയെങ്കിലും? നമുക്കീ വഴിയോരക്കാഴ്ചകള്‍ കണ്ടിരിക്കാം..'

കോര്‍ക്കപ്പെട്ട അവരുടെ വിരലുകള്‍ പതുക്കെ അഴിച്ചു മാറ്റിക്കൊണ്ട് അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.

 'വാടിക്കൊഴിയും മുമ്പ് ഒരിക്കലേലും അവളെ കാണണമെന്നുണ്ട്. ചിലപ്പോ വല്യ വീട്ടിലാവും..വെള്ളം കുടിക്കാനോ മറ്റോ ചെല്ലുമ്പോള്‍ കണ്ടാലോ ജനലിലൂടെ..'

അവര്‍ക്ക് ആര്‍ത്തുകരയണമെന്നു തോന്നി.

'അതു ഞാനാ'

നിലവിളിച്ചുകൊണ്ട് വാക്കുകള്‍ ഇടറി ..ചടച്ച ആ പേക്കോലത്തെ  ഒട്ടിട നോക്കി പിറുപിറുത്തുകൊണ്ട് അയാള്‍  പോകാനെഴുന്നേറ്റു.

'ഛെ, ഇതെങ്ങനെ അവളാകും? ഇതേതോ കറുത്ത അണ്ണാച്ചി. വെളുത്തിട്ടായിരുന്നില്ലേ അവള്‍? വെളുത്ത് റോസ് നിറത്തില്‍!          

2014 ഏപ്രിൽ 15, ചൊവ്വാഴ്ച

മുന്ന(കഥ)


മുന്നയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഒരു റബറും പെന്‍സിലുമാണ് മനസ്സിലണയുക. തേഞ്ഞു തീരുന്ന റബര്‍ പോലെ ജീവിതം വക്കിടിഞ്ഞു വക്കിടിഞ്ഞു ആകൃതിയില്ലാതായ ഒരു മൊട്ടപ്പറമ്പു പോലെയായി.ശുഭ്രമായ പേപ്പറിലെ നെടുകെയും കുറുകെയുമുള്ള പെന്‍സില്‍ വരകളെ മായ്ച്ചു കളയുന്ന റബ്ബറുകള്‍..ഒടുക്കം ഓരോരുത്തരുടെ ജീവിതത്തിലേക്കും കടന്നു വരുന്ന എല്ലാം മായ്ച്ചു കളയുന്ന സൂത്രശാലിയായ മറ്റൊരു റബ്ബര്‍..ഈ ഭൂമി അങ്ങനെ എത്രയെത്ര മായ്ക്കലുകള്‍ക്ക് സാക്ഷിയായി..

മുന്ന അന്ന് എട്ടിലായിരുന്നു. മറ്റു കുട്ടികളേക്കാള്‍ വളര്‍ച്ചയുള്ള വികൃതിക്കുട്ടി. ക്ലാസ്സെടുക്കുമ്പോള്‍ അതേതും ശ്രദ്ധിക്കാതെ ചിത്രം വരച്ചുകൊണ്ടിരിക്കും. തീറ്റസാധനങ്ങള്‍ ഒളിപ്പിച്ചു വെച്ച് കറുമുറെ ചവക്കും. ചൂരല്‍ കയ്യില്‍ പതിയുമ്പോള്‍ നിസ്സംഗയായി ടീച്ചറുടെ മുഖത്തേക്ക് നോക്കും. പുറത്താക്കിയാലും രക്ഷയില്ല, കൂസലില്ലാതെ പുറത്തെ കാഴ്ചകള്‍ കാണും. മറ്റു കുട്ടികള്‍ക്ക് ചിരിക്കാനതു മതി.

'കുട്ടികളെ വല്ലാതെ തലയില്‍ വച്ചാലേ, അവര്‍ നമ്മളെ തള്ളി വീഴ്ത്തി പുറത്തു ചവിട്ടി നടന്നു പോകും. തെറിച്ച പിള്ളാരാ..'

ഒരിക്കല്‍ രാധാ മിസ്സ് പറഞ്ഞു. മഞ്ഞു മാസങ്ങളില്‍ പുല്‍ക്കൊടിത്തുമ്പില്‍ ചാഞ്ചാടുന്ന നീര്‍കണങ്ങള്‍ പോലെ നിര്‍മലരാണു കുട്ടികള്‍ എന്നായിരുന്നു തന്റെ ധാരണ. അവരുടെ സംസാരം മനസ്സിലെ കൂര്‍ത്ത കല്ലുകളെ വലിച്ചെറിയും. സന്തോഷത്തിന്റെ മുല്ലമൊട്ടുകള്‍ സൌരഭ്യമായി വാനില്‍ നിന്നുതിരും. തന്നെ നിരന്തരം പരിഹസിച്ചിരുന്ന ഒരു കുട്ടിയെ മുന്ന കോമ്പസ്‌കൊണ്ട് കുത്തി മുറിവാക്കിയപ്പോഴും എല്ലാവരും മുറുമുറുത്തു.

'അനിതാ മിസ്സിന്റെ ഫേവറിറ്റ് കുട്ടിയല്ലേ? ഇതൊക്കെ ചുട്ടെടുത്താലും കരിയാത്ത സൈസാ.'

അവള്‍ അന്ന് ഒരു ഭ്രാന്തിയെപ്പോലെ പുസ്തകങ്ങള്‍ വലിച്ചു പറിച്ച് എറിയാന്‍ തുടങ്ങി. കുട്ടികള്‍ കൊണ്ടു വന്ന അവളുടെ കെമിസ്ട്രി നോട്ട് ബുക്കില്‍ ഒരു പാട് ചിത്രങ്ങളുണ്ടായിരുന്നു. കൂടെയൊരു കുറിപ്പും 'കമ്പ്യുട്ടര്‍ ഗെയിമിലേതു പോലെ അത്ര ഈസിയല്ല ഒരാളെ കൊല്ലുന്നത്. സിനിമേലെ വില്ലന്മാര്‍ കൂട്ടായിരുന്നേല്‍ എനിക്കും ചിലരെയൊക്കെ കൊല്ലാനുണ്ടായിരുന്നു..'

മുന്നയുടെ ചിത്രങ്ങള്‍ പലതും വിചിത്രമായിരുന്നു. ഭയപ്പെടുത്തുന്ന കപ്പടാമീശകള്‍, അശ്രുവുതിരുന്ന വലിയ കണ്ണുകള്‍, ചങ്ങലയില്‍ കുരുങ്ങിയ ചോര കല്ലിച്ച ചെളിക്കാലുകള്‍..ദ്വാരങ്ങളില്ലാത്ത വലിയൊരു മതിലിനരികെ മോങ്ങിക്കൊണ്ടിരിക്കുന്ന നായ്ക്കുഞ്ഞുങ്ങള്‍..

ചൂളം വിളിക്കുന്ന കാറ്റ് പോലെ ആ ചിത്രങ്ങള്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി..ആ കുട്ടി മനസ്സില്‍ എന്തൊക്കെയോ കൊണ്ടു നടക്കുന്നുണ്ട്, ഒരു നല്ല കൌണ്‍സിലിംഗ് അവള്‍ക്ക് കിട്ടിയേ തീരൂ. അതിനും അവളുടെ മമ്മിയെ കാണണം. ഒരു പാരന്റ്‌സ് മീറ്റിങ്ങിലും അവളുടെ വീട്ടില്‍ നിന്നും എത്തിയിട്ടില്ല ആരും. അതിന്റെ പേരില്‍ കിട്ടുന്ന അടിയും അവള്‍ ഒന്നും പറയാതെ കൂളായി സ്വീകരിക്കും..

ഒരു വൈകുന്നേരം സൂര്യന്‍ ചെമ്പട്ട് വിരിച്ച് ശയിക്കാന്‍ പുറപ്പെടുന്നേരം അവളുടെ പുറത്തു തലോടി താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു." ഇന്ന് മോളുടെ വീട്ടിലേക്ക് ഞാനും വരുന്നു. എനിക്ക് മോള്‍ടെ  മമ്മിയെ ഒന്നു കാണണം".

മൌനിയായി അവള്‍ ഭീതിയോടെ എന്നെ നോക്കി. സമ്മതം ആവശ്യമില്ലാത്ത മട്ടില്‍ ഞാന്‍ പിന്നാലെ നടന്നു. വിശാലമായ പറമ്പുകള്‍ പിന്നിട്ട് നടന്നെത്തിയത് ഒരു കൂറ്റന്‍ മതിലിനരികെയാണ്. ദ്വാരങ്ങളില്ലാത്ത മതിലുകളുടെ പെന്‍സില്‍ വരകള്‍ മനസ്സിലേക്ക് പാറി വീണു. സംശയിച്ചു സംശയിച്ച് അവള്‍ ഗേറ്റ് തുറന്നു. കുരച്ചു കൊണ്ടോടി വന്ന കൂറ്റന്‍ നായ്ക്കള്‍ അവളെക്കണ്ട് നിന്നെങ്കിലും എന്നെ നോക്കി വേഗം സ്ഥലം വിട്ടോളൂ എന്ന് ഉഗ്രമായി കുരച്ചു കൊണ്ടിരുന്നു. നിസ്സഹായയായി പിറകിലേക്ക് ഇടയ്ക്കിടെ നോക്കി വിസ്തൃതമായ തൊടിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ജനലുകള്‍ കുറഞ്ഞ ആ വലിയ വീട്ടിലേക്ക് അവള്‍ പതുക്കെ നടന്നു. ഇരുള്‍ അതിനെ പുതച്ചു തുടങ്ങിയിട്ടും എവിടെയും ഒരു പ്രകാശ നാളവും കാണാനുണ്ടായിരുന്നില്ല.

ക്ലേശം നിറഞ്ഞ മനസ്സോടെ ഹോസ്റ്റലില്‍ എത്തി. പിന്നെ കുറെ ദിവസം കൊമ്പന്‍ മീശയുള്ള മൂന്നു പേര്‍ എന്റെ പിന്നാലെ നായ്ക്കളെ അഴിച്ചു വിടുന്നതായിരുന്നു സ്വപ്നം..

ദിനങ്ങളും വര്‍ഷങ്ങളും അതില്‍ പിന്നെ എത്ര കടന്നു പോയി. കാലം ഇല പൊഴിച്ചു, വീണ്ടും തളിര്‍ത്തു..ഋതുഭേദങ്ങളുടെ പുത്തന്‍ നാമ്പുകള്‍ കണ്ണ്  തുറന്നു. താനാ ഇംഗ്ലീഷുമീഡിയം വിട്ടു മറ്റൊരു സ്‌കൂളിലെത്തി. ഓര്‍മകളിലേക്ക് തൂവലായി മുന്ന പാറി വീണത് ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് സ്വന്തം മകളെ പിതാവ് തന്നെ കൊലപ്പെടുത്തിയത്രെ. ജയില്‍ഭിത്തി പോലുള്ള മതിലുകളാണ് വീടിന്..അയല്‍ക്കാര്‍ക്ക് പോലും ആ വീട്ടില്‍ എന്തു നടക്കുന്നു എന്നറിഞ്ഞുകൂടാ. അഞ്ചു ഭീമന്‍ നായ്ക്കളാണ് വീടിനു കാവല്‍..അവളുടെ പേരും മുന്നയെന്നാവണം..ഭക്ഷണം കഴിക്കേ സൈന്യത്തിന്റെ വെടിയേറ്റ് വീണ ഒരു  കുഞ്ഞിന്റെ ചിത്രവും കണ്ടു. അവന്റെ വായിലെ അപ്പം ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു..അവന്റെ /അവളുടെ പേരും മുന്നയെന്നല്ലാതെ മറ്റെന്താണ്?