'കയ്ജൂന്റെ അമ്മായിമ്മാക്ക് തീരെ വയ്യ, ഇജ് വെര്‌ണോ?'
സൈനാത്ത ഉറക്കെ വിളിച്ചു ചോദിച്ചു. അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങിപ്പുറപ്പെട്ടു.
'നല്ലോണം കര്തിക്കോ, അത്തള്ള ഒരു ബീയ്ച്ച ബീണതാ'
വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.
'കാലത്തിന്റെ ഒരു പോക്ക്, ഇന്റെ ചെര്‍പ്പത്തിലൊന്നും ഈ സുഗറൂല്ല, പ്രെസറൂല്ല. പണ്ടത്തെ കവിളരസല്ലേ ഇപ്പറയണ ക്യാന്‍സറ്..ബല്ലാത്തൊരു കാലം..അയ്‌നെങ്ങനെ? ബെസല്ലേ ബെയ്ച്ച്ണ്? പണ്ടത്തെപ്പോലെ നാല് കുരു നന്ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?'
'ആര്‍ക്കാപ്പം നേരം സൈനാത്താ? തെരക്കന്നല്ലേ എല്ലാര്‍ക്കും?'
'അന്ക്കത് പറയാ. ഇന്റെ ബീട്ടിലൊക്കെ എന്താപ്പം ഇത്തര പണി? രാവില്‍ത്തെ വെപ്പ് കയ്ഞ്ഞാപ്പിന്നെ അപ്പെമ്പറന്നോക്ക് മാള്യെപ്പൊറത്തു ടി വി കാണല്ലാണ്ട് എന്താ ഒര് ശൊഗല്? ഇന്നാലും ഓക്ക് ബടെ നിക്കാന്‍ വെയ്യ. വയസ്സ്‌കാലത്ത് ഇന്‌ക്കൊരിത്തിരി ചായന്റെള്ളം ണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം. അയിന്റെടേല് ഇന്റെ റൂഹ് പോയിക്കിട്ട്യാ ഓക്ക് സൊഖായല്ലോ..പള്ള്യാളീലൊക്കെ എത്തറ കൈപ്പീം വെള്ളരീം കുയ്ച്ചിട്ടീനി ഞാനും അന്റെമ്മീം...'
കൈജാത്താന്റെ വീടെത്തിയിട്ടും സൈനാത്ത വര്‍ത്താനം നിര്‍ത്തണ മട്ടില്ല.
'എന്താപ്പം ഓളൊരു പത്രാസ്? ഓലപ്പെരേന്നാ ബര്‌ണത് ന്നൊരു ബിജാരംണ്ടോ?ഓളെ പെരന്റെ അവ്ത്ത് നാല് കക്കൂസ്ണ്ട്, രണ്ട് ഫ്രിഡ്ജ്ണ്ട്, എട്ട് ഫാന്ണ്ട്, ഈ ബര്‍ത്താനേള്ളൂ..പണ്ട് കയ്ഞ്ഞതൊക്കെ എത്തറ എള്‍പ്പം മറന്ന് ഓള്..'
കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.
'ആ, ബന്നോളീ, ഉമ്മ ദാ അവ്ത്ത്ണ്ട്..'
അവര്‍ വലിയ മൈന്‍ഡില്ലാതെ അടുക്കളയിലേക്കു പോയി. സൈനാത്ത പിന്നേം മുറുമുറുത്തു.
'കണ്ടോ ഓളെ പത്രാസ്?'
'ഇങ്ങള് മുണ്ടാണ്ടിരി..'ഞാന്‍ സൈനാത്താന്റെ കൈ ശാസനയോടെ അമര്‍ത്തി.ഒരു പൊട്ടു ചളി പോലുമില്ലാതെ മാര്‍ബിള്‍ തറ തിളങ്ങി, അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍ നിറഞ്ഞു കിടക്കുന്നു. പണ്ടേ നല്ല തടിച്ചിയാണല്ലോ..
'ഒരു ഭാഗം മുയ്മനും കൊയഞ്ഞിക്ക്ണ്..'
കൈജാത്ത മഞ്ഞസര്‍ബത്ത് നീട്ടിക്കൊണ്ട് തുടര്‍ന്നു
'തീട്ടൂം മൂത്രൂം ഒക്കെ കെടക്കുണോടത്തന്നെ. ഞാനായതോണ്ട് തരക്കേടില്ല. ന്റെ മരോള് ന്നെങ്ങനെ നോക്കൂന്ന് ഇന്‍ക്ക് തോന്നണില്ല..'
അവര്‍ കുതിര്‍ത്ത റെസ്‌ക്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി..കട്ടന്‍ചായ കൂടെയൊഴിച്ചപ്പോള്‍ അവര്‍ക്ക് തരിപ്പില്‍ കേറി ചുമക്കാന്‍ തുടങ്ങി..
'ഞ്ഞിപ്പം കൊറെ നേരത്ത്‌നു കൊരന്നാവും..ചെറ്യേ പൈതങ്ങളെക്കാളും കസ്ടാ..ണീപ്പിച്ചിര്ത്ത്യാ കവ്ത്ത് ഒറക്കാത്ത കുട്ട്യോളെപ്പോലെ തല ഒടിഞ്ഞു തൂങ്ങും. ഒരാക്കൊന്നും പോന്തൂല, ഞമ്മള് തിന്ന് തട്ച്ചാ വേറെള്ളോല്‍ക്കാ അദാബ്..'
നിസ്സഹായതയുടെ ഈ കാലത്തിന് ഒരു കളിപ്പാട്ടത്തിന്റെ വില പോലുമില്ല..പൊന്നു പോലെ കൊണ്ടു നടന്ന ദേഹം, കാത്തു കാത്തു വെച്ച ജീവന്‍ എല്ലാം ഓട്ടക്കാലണകളായി മാറുന്നു..ഒരു കൊല്ലം മുമ്പും അവര്‍ അസുഖമായി കിടന്നിരുന്നു..അന്ന് മരിക്കുമെന്ന് സമാധാനിച്ച് കൈജാത്ത മരണാവശ്യത്തിനു കുറെ പരുത്തിത്തുണി അന്വേഷിച്ചു വന്നിരുന്നു വീട്ടില്‍..അവര്‍ പിന്നെയും ആവലാതിപ്പെട്ടു
' ജീവന്‍ പോക്കാന്‍ വെയ്യല്ലോ..വല്ല മര്ന്നും കൊട്ത്താ തീര്‍ന്നോളുംന്ന് ചിലര് പറയണണ്ട്..എത്തറ കാലാ ഞ്ഞൂം?'
സൈനാത്ത അവരെ രൂക്ഷമായി നോക്കി..
'ബലാലേ, ഇജും ഈ കട്ടില്മ്ക്ക്ള്ളതാ..എത്തറ കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്റെ തടിയന്‍മാപ്പളനെ ചെര്‍പ്പത്തില് പോറ്റിയത്ന്ന് അനക്ക് വല്ല ഇല്‍മൂണ്ടോ? ഇപ്പം വല്ല്യ വെണ്മാടം കിട്ട്യപ്പം ..ഇജ് ഇന്നെക്കൊണ്ടൊന്നും പറീക്കണ്ട..
ബാ പെണ്ണേ, ഓള് ആയ്‌നെ കൊല്ലണത് കാണണേയ്ന്റെ മുമ്പ് പോകാ ഞമ്മക്ക്..'
വരാന്തയില്‍ എട്ടു മാസം പ്രായമുള്ള അവരുടെ പേരമകന്‍ ചിരിച്ചുകളിക്കുന്നു. അരികെ കൊഞ്ചിച്ചു കൊണ്ട് കൈജാത്താന്റെ മരുമകള്‍..നിസ്സഹായതയുടെ ഈ കാലത്തിന് പക്ഷെ കൂടുതല്‍ പച്ചപ്പുണ്ട്..വാര്‍ധകം മാത്രം ഇങ്ങനെ ഉണങ്ങി മൊരിഞ്ഞതായത് എന്താണെന്റെ പടച്ചോനേ..
കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ടിരുന്നു സൈനാത്ത. മനസ്സാകട്ടെ മുമ്പെന്നോ കണ്ടൊരു ചിത്രത്തില്‍ ഉടക്കിക്കിടന്നു. അനേകം മുഴകളാല്‍ വികൃതമായ പാതിമുഖം..പുഞ്ചിരിയുടെ പാല്‍വെളിച്ചം തൂകുന്ന മറുഭാഗം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു, മറുഭാഗത്തൂടെ നോക്കുമ്പോള്‍ അയാള്‍ കരയുന്നു..
'ഞാന്‍ തന്നെയാണ് ജീവിതം..'അയാളെന്റെ മനസ്സിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.......
ശൊഗല്‍ ജോലി .
ഇല്‍മ് –അറിവ്.
അദാബ് –ശിക്ഷ.
റൂഹ് –ജീവന്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ