Pages

2014, മേയ് 27, ചൊവ്വാഴ്ച

ചങ്ങാതീ നീയെവിടെയാണ്(കഥ)



'അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഉപമ.'  അന്നു നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ നിന്നു മായുന്നില്ല. ചപ്പുകള്‍ക്കിടയില്‍  ചവറുപോലുള്ള നമ്മുടെ മുടിഞ്ഞ ക്ലേശങ്ങള്‍ക്കിടെ ചളുങ്ങിയതും പൊട്ടിയതുമായ പഴയ സാധനങ്ങള്‍ വേര്‍തിരിക്കെ, പിന്നെയും നീ പറഞ്ഞു:  'അയയിലെ ഉണക്കാനിട്ട പാവാട പോലെ പറ്റെ ഉണങ്ങി പാറിപ്പോകുമോ അതെന്ന്! ആര്‍ക്കറിയാം?'  തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്നു പോയ നമ്മുടെ സൌഹൃദം................

അസൂയയും അമ്പരപ്പും ജനിപ്പിച്ചേക്കാവുന്ന എന്റെ ഇപ്പോഴത്തെ സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍! പതുപതുത്ത മെത്ത തൊട്ടു നോക്കി നീ മുഖം ചുളിച്ചേക്കും. 'ഇതീ കെടന്നാ ഒറക്കം വരോടാ?' വിശാലമായ തളങ്ങളിലൂടെ തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ വിസ്മയിച്ചേക്കും. 'എടാ, അലാവുദ്ധീന്റെ അദ്ഭുതവിളക്ക് കിട്ടിയോ നെനക്ക്? '

ആ വാക്കുകള്‍-  അടുപ്പും ദ്വീപും ...ജീവിതം അതു മാത്രമാണെന്ന് എനിക്കും കുറെയായി തോന്നുന്നു. ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുമ്പോലെ..മേലാകെ വേവുമ്പോലെ..ചൂട്, പുക..നമ്മളെല്ലാം ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്നു നീയന്നു പറഞ്ഞതും മനസ്സെപ്പോഴും കൊറിച്ചു കൊണ്ടിരിക്കുന്നു..പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്റെ കണ്ണുകള്‍ ..ചുറ്റുമുള്ള ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്ക് അക്ഷരം അറിഞ്ഞിരുന്നെങ്കില്‍..

അന്ന് –പാലത്തിനു ചുവട്ടില്‍ നമ്മള്‍ ഉറങ്ങാന്‍ വട്ടം കൂട്ടവേ, ഒരാളെന്നെ വിളിച്ചു കൊണ്ടു പോയത് നീയോര്‍ക്കുന്നില്ലേ? പോലീസോ മറ്റോ ആണെന്നു കരുതി പേടിച്ചു പേടിച്ചാണ് ഞാന്‍ പോയത്. മരച്ചുവട്ടില്‍ ഒന്നുരണ്ടാളുകള്‍..അവര്‍ പതുക്കെ പറഞ്ഞു:  'പറയണ പോലെ ചെയ്താല്‍ ഈ എച്ചില്‍ ജീവിതത്തില്‍ നിന്നും എന്നേക്കും രക്ഷപ്പെടാം. അല്ലെങ്കി തെണ്ടിക്കൂട്ടത്തെ ഒന്നാകെ ഭസ്മമാക്കാന്‍ ഇതൊന്നു മതി..'

പിറ്റേന്ന് –മാര്‍ക്കറ്റില്‍ സ്‌ഫോടനം നടന്നെന്നും പത്തു പതിനഞ്ചു പേര്‍ പാതി വെന്തു മരിച്ചെന്നും പലരും കയ്യും കാലും കറുത്ത് കരുവാളിച്ച് കിടപ്പാണെന്നും മറ്റും വാര്‍ത്തകള്‍ പല നാവുകളിലൂടെ കെട്ടഴിഞ്ഞു. ആദ്യമായി കാണുന്ന നോട്ടുകെട്ടുകളുടെ ചുളിയാത്ത വൃത്തിയില്‍ എത്ര നോക്കിയിട്ടും എനിക്കു മടുത്തില്ല. പിന്നെപ്പിന്നെ പണം ഒലിച്ചുവന്നു കൊണ്ടിരുന്നു. അകത്തായാലും രക്ഷിക്കാന്‍ ആളില്ലാഞ്ഞല്ല, കുറ്റബോധത്തിന്റെ കുപ്പിച്ചില്ലുകളാണോ മനസ്സിലിങ്ങനെ ഉരയുന്നത്?

കറുത്തു മുഷിഞ്ഞതെങ്കിലും അക്കാലത്ത്  നമ്മുടെ ചിരിയുടെ വെളുപ്പ് നഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് –പല്ലുകള്‍ സിഗരറ്റുകറയാല്‍ കറുത്തു പോയി. റോസ കിട്ടിയ പണവുമായി മറ്റൊരാളോടൊപ്പം ഒളിച്ചുപോയതു മുതല്‍ എനിക്കു സംശയമാണ് –ഒരു കാട്ടാളന്റെ മുഖമാണോ എനിക്കെന്ന്..മകനുള്ളത് മയക്കുമരുന്നിന്റെ സ്വര്‍ഗത്തില്‍ സസുഖം..മകള്‍ ഉടുപ്പൂരുമ്പോലെ പുതിയ പുതിയ പ്രണയങ്ങളിലേക്ക് പാറിപ്പറന്ന്..

മുറികളിലൂടെ ഉലാത്തുമ്പോഴൊക്കെ ഭൂതകാലം ഒരു വേട്ടപ്പക്ഷിയായി മുമ്പില്‍..വേണ്ടിയിരുന്നില്ല ഈ പുരോഗതി..പണ്ടത്തെ ചിരിയും സന്തോഷവും ഒന്നൂടെ അറിയാനായെങ്കില്‍...

ദ്വീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി..ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക നോക്കി തീര്‍ക്കണം ശിഷ്ടകാലം..വേണമെങ്കില്‍ മുങ്ങിച്ചാവുകയുമാവാം..അതിനു മുമ്പ് നിന്നെയൊന്നു കാണാനൊത്തെങ്കില്‍..നിനക്ക് വേണ്ടത്ര ഭക്ഷണം തന്ന്, സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..അതിനു നീയെവിടെയാണ്?
ദ്വീപിലേക്കെത്തുംമുമ്പ് നീ തുഴയുപേക്ഷിച്ചുവോ? നൈരന്തര്യത്തിന്റെ ഈ വ്യര്‍ത്ഥയാത്രയെ നോക്കി നീ പരിഹസിച്ചു ചിരിക്കുകയാണോ ചങ്ങാതീ ....................   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ