വായില്‍ പൂത്ത തെറികളെല്ലാം വിളിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.പത്തുനാല്‍പ്പതു കൊല്ലം കൊണ്ട് നേടിയെടുത്ത മാന്യതയുടെ ചില്ലുകൊട്ടാരം തകര്‍ന്നു തരികളായി. ഇപ്പോ എത്ര വെറുക്കുന്നുണ്ടാവും ആ ഒരുമ്പെട്ടവള്‍ ..മരിച്ചു കിട്ടാന്‍ എത്ര പ്രാര്‍ഥിച്ചിരിക്കും. കൈ വിറച്ചിട്ടാവും വിഷം കലക്കിത്തരാത്തത്. വെറുപ്പിന്റെ ശക്തി ഏതായാലും സ്‌നേഹത്തിനില്ല. സ്‌നേഹം അനുനിമിഷം ഒരാളെ ചഞ്ചലചിത്തനാക്കും. വെറുപ്പാകട്ടെ മനസ്സില്‍ കരിങ്കല്ലുകളെയാണ് കൂട്ടിയിടുക. പിന്നെ ആര്‍ക്കുമാവില്ല ആ കല്ലുവൃക്ഷത്തെ ഹൃദയത്തില്‍ നിന്നും ഇളക്കി മാറ്റാന്‍..
മനസ്സ് ശൂന്യമായിക്കൊണ്ടിരിക്കുന്നു. മിനിഞ്ഞാന്നോ അതോ ഇന്നോ ആ മൂധേവി തന്നെ പിടിച്ചോണ്ടു പോന്നത്? താന്‍ സ്വസ്ഥം തന്റെ വീട്ടില്‍ ഇരിക്കയായിരുന്നു. അപ്പോഴാണവള്‍ ആളുകളെ കൂട്ടി വന്ന് തന്നെ വലിച്ചോണ്ട് പോന്നത്. ഇതാണത്രെ തന്റെ വീട്.ഈ മൂധേവിയാണത്രെ തന്റെ ഭാര്യ. വീടായാല്‍ സ്വസ്ഥത വേണ്ടേ? ഇവിടെ നിമിഷംപ്രതി ആരോ തന്നെ ഒരു അടുപ്പിലിട്ടു കത്തിക്കയാണ്. പൊള്ളിപ്പൊള്ളി ഒരിക്കലും മരിക്കാതെ താന്‍ ഒരു റബ്ബര്‍പന്ത് പോലെ ചാടിക്കൊണ്ടിരിക്കുന്നു. വീടുകള്‍ മാറാനായിരുന്നെങ്കില്‍! ഒരു വീട് മടുക്കുമ്പോള്‍ മറ്റൊന്ന്!..ഭാര്യയെ മടുക്കുമ്പോള്‍ മറ്റൊരു ഭാര്യ ..എത്ര മടുത്താലും ആ മടുപ്പില്‍ തന്നെ വെന്തു ചാരമാകുന്നവന്‍ മനുഷ്യന്‍ മാത്രമായിരിക്കും..
ഓഫീസില്‍ പോകാനൊരുങ്ങുമ്പോഴാണ് അവള്‍ പറയുന്നത് താന്‍ റിട്ടയറായിട്ട് പത്തു കൊല്ലമായെന്ന്. എന്താണ് റിട്ടയറാവുക എന്നു പറഞ്ഞാല്‍? മനസ്സില്‍ പദങ്ങളെല്ലാം ഒഴിഞ്ഞ് സ്ലേറ്റിലെ കുത്തിവരകള്‍ മാത്രം ബാക്കിയായിരിക്കുന്നു..
എന്നോ ഒരൂസം ജയ തന്നെ കാണാന്‍ വന്നിരുന്നു. അവളെ ഏതായാലും മറന്നിട്ടില്ല. പക്ഷെ ഗ്രാന്‍ഡ്പാന്നും വിളിച്ചാണ് അവള്‍ അടുത്തു വന്നത്. പണ്ടവള്‍ ശ്രീയേട്ടാ എന്നാണ് വിളിച്ചിരുന്നതെന്നു തോന്നുന്നു. ഒന്നും തീര്‍ച്ചയില്ല. തൂക്കുപാലത്തിലൂടെയുള്ള നടത്തമല്ലേ, ഇളകിക്കൊണ്ടിരിക്കും. കണ്ടതും അവളെ കെട്ടിപ്പിടിച്ചു. ഉമ്മ വെക്കല്‍ തീരാഞ്ഞാവും ആശ്ലേഷം അഴിയാഞ്ഞാവും ചുറ്റുമുള്ളവര്‍ പാഞ്ഞു വന്ന് തന്നെ തള്ളി മാറ്റിയത്. കട്ടിമീശയുള്ളവന്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് ഒച്ചയെടുത്തു.
'അമ്മേ,ഇത്രേം തരം താണോ അച്ഛന്‍? സ്വന്തം പേരക്കുട്ടിയെപ്പോലും?ശ്ശെ! ഇനിയെന്നെ ഇങ്ങോട്ട് പ്രതീക്ഷിക്കണ്ട.എത്ര കഷ്ടപ്പെട്ടാ ലീവ് കിട്ടിയത്.അതിതിനായിരുന്നു,നാണം കെടാന്‍..'
അതും പറഞ്ഞ് അവനാ പെണ്‍കുട്ടിയെ വലിച്ചോണ്ടു പോയി. അവനാരാ ആ ദുഷ്ടന്‍?
അവരെല്ലാം പോയപ്പോള്‍ ആ മൂധേവി പതിവു പോലെ കരച്ചില്‍ തുടങ്ങി.
'ദൈവമേ! മക്കളേം പേരമക്കളേം തിരിച്ചറിയാത്ത ഈ മനുഷ്യനെ എത്ര കാലാ ഇനീം നീ നീട്ടിയിട്ണ്? ഇത്ര വൃത്തികെട്ടൊരു മനസ്സാണല്ലോ അയാളിത്ര നാളും പട്ടില്‍ പൊതിഞ്ഞു വെച്ചിരുന്നത്!'
ചവിട്ടിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. അപ്പോള്‍ വേറെ ഒരുത്തി വന്ന് ഉപദേശം തുടങ്ങി : 'അച്ഛാ .അച്ചനിതെന്തു ഭാവിച്ചാ അമ്മയെ ഇനീം തീ തീറ്റിക്കുന്നത്? അമ്മ ഒരു ക്യാന്‍സര്‍രോഗിയാണെന്ന കാര്യവും അച്ഛന്‍ മറന്നു കാണും.മറക്കാന്‍ എളുപ്പമാണല്ലോ .ഓര്‍മയുള്ളോര്‍ക്കല്ലേ കഷ്ടപ്പാട് മുഴുവന്‍?'
ആ ഒരുമ്പെട്ടോള്‍ അവളുടെ ആള്‍ക്കാരെ കൂട്ടി വന്നിരിക്കാ . ഈ വീടിന്റെ ഓരോ കല്ലിനടിയിലും കറുത്ത പ്രാണികളുണ്ട്. ഉറങ്ങിപ്പോയാ അവറ്റ ചോര മുഴുവന്‍ ഊറ്റിക്കുടിക്കും..അതോണ്ടാ ഉറങ്ങാതെ ഇരിക്കുന്നത്. പെണ്ണുങ്ങള്‍ രണ്ടും കുശുകുശുത്ത് ഒരു തടിമാടന്റെ സഹായത്തോടെ ഈ റൂമിലിട്ടു പൂട്ടിയിരിക്കുകയാ. പതിമൂന്നാം വയസ്സു മുതല്‍ തുടങ്ങിയ പെണ്ബന്ധങ്ങളെല്ലാം മനസ്സിലങ്ങനെ പരേഡ് നടത്താ. അക്കാര്യത്തില്‍ ഏതായാലും മറവി മായ്ക്കല്‍ തുടങ്ങിയിട്ടില്ല.
ആര്‍ക്കുമറിയില്ല , നല്ലവനാന്നു കേള്‍പ്പിക്കാനുള്ള പാട്.എന്തെല്ലാം മൂടി വെക്കണം. എത്ര സോപ്പ് തേക്കണം സംസാരത്തില്‍. രഹസ്യങ്ങള്‍ വേലി ചാടുമോ എന്ന ഭയം വേറെയും. വെന്തു വെന്താവും മനസ്സിങ്ങനെ ഓട്ടക്കലമായത് ,ഓര്‍മയുടെ ഒരു തുള്ളി പോലും ശേഷിക്കാതെ..
ആ മൂധേവി പറഞ്ഞത് കേട്ടോ? തടിമാടന്‍ അവളുടെ രഹസ്യക്കാരനാന്ന് വിളിച്ചു പറഞ്ഞത് അയല്‍ക്കാരൊക്കെ വിശ്വസിച്ചുത്രെ. അവള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന്. ആരു പറഞ്ഞു ഇറങ്ങാന്‍.കണ്ടാലും മതി ഒരു കോലം .രണ്ടു പെണ്ണുങ്ങളും കുശുകുശുക്കണ കേട്ടു ദയാവധം വേണ്ടി വരൂന്ന്.. എന്താണാവോ ദയാവധം..
................................................................................................................................
ഇപ്പം ദാ ഇവിടെയാ .നല്ല രസം .എല്ലാരും ഒരു പോലെ. കളക്റ്റര്‍ മുതല്‍ കണ്ടക്റ്റര്‍ വരെ തോളില്‍ കയ്യിട്ട് തുള്ളിക്കളിച്ച്..ചിലപ്പോ മുട്ടിലിഴഞ്ഞ്,കൈ കൊട്ടിച്ചിരിച്ച്.. ശരിക്കും മടങ്ങാ കുട്ടിക്കാലത്തേക്ക്.
തത്വചിന്തകര്‍ പറയുന്ന മനസ്സാ ഇപ്പോ.യാതൊരു അലട്ടുമില്ല. പഴയ കാലത്തിന്റെ നട്ടെല്ല് വളക്കുന്ന ഭാരങ്ങളില്ല. വരും കാലത്തിന്റെ ഭീഷണമായ ആകുലതകളില്ല .ഒന്നും സ്പര്‍ശിക്കാത്ത പരമാനന്ദം.പക്ഷെ സൂപ്രണ്ട് വരുന്നതാ പ്രശ്‌നം. ഒരൂസം നോക്കിക്കോ എല്ലാരൂടെ അവനെ ചമ്മന്തിയാക്കും ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ