Pages

2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നോക്കുകുത്തികള്‍(കവിത)




ഞങ്ങളുടെ നാട്ടില്‍ മിക്ക പുരുഷന്മാര്‍ക്കും പേയിളകിയിരിക്കുന്നു
മദം തീരുവോളം അടിച്ചും ഇടിച്ചും
അവന്‍ സ്ത്രീശരീരത്തെ പഞ്ഞിപ്പരുവമാക്കും
താന്‍ ഉരുവം കൊണ്ട ഗര്‍ഭപാത്രം ഇവളിലും മിടിക്കുന്നല്ലോയെന്ന്
പകയോടെ ഓര്‍ത്തുകൊണ്ട് അവന്‍ അതിനുള്ളിലേക്ക്
ഇരുമ്പുകമ്പി കുത്തിക്കേറ്റും.
ചീറ്റിത്തെറിക്കുന്ന ചോര കണ്ട് ഹാഹായെന്നു അട്ടഹസിക്കും
എന്നാലും പേനായ്ക്കളാണ് ധീരരായി വാഴ്ത്തപ്പെടുക
കടിയേറ്റ ജീവച്ഛവങ്ങളായ ഇരകള്‍
മാനമെന്ന തൂക്കുകയറില്‍ നാവു തുറിച്ച്
മലം വിസര്‍ജിച്ച് തൂങ്ങിയാടും .........
ജനം മാനം പോയവളെന്നു കപടസഹതാപത്തോടെ കൂക്കിയാര്‍ക്കും
പേനായയെ ആരും ചങ്ങലക്കിടുകയില്ല
സമൂഹത്തിന്റെ പരിഹാസവിഷം പേമരുന്നു പോലെ
 അവളില്‍ കുത്തി വെക്കപ്പെടും
പിന്നീട് അവളുടെ ശിരസ്സൊരിക്കലും നിവരുകയില്ല
നാവ് ഒന്നും ഉരിയാടുകയില്ല
ബൊമ്മയെപ്പോലെ അവള്‍ സമൂഹത്തിന്റെ തെരുവില്‍
നോക്കുകുത്തിയായി പ്രതിഷ്ഠിക്കപ്പെടും
ആര്‍ക്കും കല്ലെറിയാം ,തീ കൊളുത്താം..
അപ്പോഴും മാനാപമാനങ്ങള്‍ തിരിച്ചറിയാത്ത ദീനം പിടിച്ച ആത്മാവ്
ചവറുദേഹത്തിനുള്ളില്‍ നിന്നും പുറത്തേക്ക് തല നീട്ടാന്‍ യത്‌നിക്കും
സ്ത്രീയായിരിക്കുക എന്നത് ചിലര്‍ക്ക് ഒരു നോക്കുകുത്തിയാവുക എന്നതിനേക്കാള്‍  അപഹാസ്യമായ വിധിയാണ് .......................


2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

ആറു മാസമാണെങ്കിലും(കവിത)


ആറു മാസമാണു പ്രായമെങ്കിലും ഞാനൊരു പെണ്‍ശാപം
വേസ്റ്റുകള്‍ക്കിടയില്‍ കിടന്ന് ഉറക്കെ കരയുമ്പോഴും ഭയമുണ്ട്
നിലവിളി കേട്ടെത്തുന്നത് ഒരു കാടനാകാം ,
എന്റെ ഇതളുകളൊന്നാകെ കശക്കി ചവിട്ടിയരച്ചേക്കാം
ഗര്‍ഭപാത്രത്തില്‍, തൂവല്‍കിടക്കയിലായിരിക്കെ
സന്തോഷത്തിന്റെ ഒരു കൈ എന്നെയും വരവേല്‍ക്കുമെന്നു കരുതി
കാരണങ്ങള്‍ എന്തായിരുന്നോ എന്തോപെണ്ണായതോ അവിഹിതമായതോ
എന്തായാലും ഇരുണ്ട യാമത്തില്‍ ഏതോ വെറുക്കുന്ന കരങ്ങള്‍
ദുര്‍ഗന്ധക്കൂട്ടില്‍ എന്നെ കിടത്തുമ്പോള്‍ ഭയത്താല്‍ ഞാന്‍ കൂമ്പി
ശബ്ദിച്ചാല്‍ ആ പരുത്ത കൈകള്‍ എന്റെ കഴുത്ത് ഞെരിച്ചാലോ?
സൂര്യന്‍ കീറത്തുണികളിലേക്ക് ചൂടെറിഞ്ഞപ്പോള്‍ മാത്രമാണ് കരഞ്ഞത്
പെണ്ണല്ലേ,മണ്ണോളം ക്ഷമിക്കേണ്ടതല്ലേ.................................
 ഞാന്‍ ഭ്രൂണമായിരിക്കെത്തന്നെ, അമ്മ കരയുന്നത്  കേട്ടിരുന്നു
ആരോ അവരെ മര്‍ദിച്ചിരുന്നു വാക്കുകളാല്‍ കുത്തിക്കീറിയിരുന്നു
വയറ്റില്‍ തലോടി അവര്‍ പിറുപിറുത്തു മരിച്ചേക്ക് കുഞ്ഞേ
ഇവിടെ ആരും നിന്നെ പുഞ്ചിരിയോടെ കാത്തിരിക്കുന്നില്ല...
അളിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ചവറായി ഞാന്‍..
സൂത്രത്തിലൊരു കൈ എന്നെ തൊടുന്നുണ്ട്
ആ സ്പര്‍ശം പോലും എത്ര ആര്‍ത്തി പിടിച്ചത്..
ഇരുട്ടിന്റെ പുതപ്പാണ് അയാള്‍ ആശിക്കുന്നത്
ആരുമെത്താത്ത ഒരു മറവാണ് അയാള്‍ തിരയുന്നത്....
നിഷ്ഫലം, ഞാന്‍ അലറിക്കരയുന്നുണ്ട് നികൃഷ്ടമായി അയാളെന്റെ ഉള്ളിലൂടെ ചോരച്ചിത്രങ്ങള്‍ കുത്തി വരക്കുന്നുണ്ട്
ആറു മാസം പോലും ഒരു പെണ്ണായുസ്സില്‍
 എത്ര പൊള്ളുന്ന കനല്‍നടത്തമാണ്!        

2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

തനിച്ച്‌ (കവിത )


നെഞ്ചകം പൊള്ളിത്തിണര്‍ക്കും
ചിലപ്പോള്‍ എകയാണെന്ന ഓര്‍മപ്പെടുത്തലില്‍

ഏകയായ് വന്നു ചേര്‍ന്നതും
ഏകയായ് പോകാനുള്ളതും മറക്കും

വഴിയില്‍ മാത്രം ഞാനെന്തിനു കൂട്ടു തേടണം

എന്നിട്ടുംകാറ്റടിക്കുമ്പോള്‍
കരിയിലയായ് പറക്കുമ്പോള്‍
ഒരു മണ്ണാങ്കട്ടയെ തിരയും

കാറ്റും മഴയും ഒരുമിച്ചു
വരുമെന്നതു മറക്കും

തുള വീണ ഹൃദയത്തിലേക്ക്
വന്നുവീഴുമീ കല്ലുകള്‍

ആരെറിഞ്ഞാലും എത്ര കൂര്‍ത്താലും
കോരിയെടുക്കും ഒരു കുടം ചോര

കടിച്ചെടുക്കും ഒരു തുടം മാംസം...

യാത്ര ഇനിയധികമില്ല എങ്കിലും
വേദനയോടെ ഓര്‍ക്കുന്നു

തനിച്ചാണല്ലോ ഈ വിജനവഴിയില്‍
ഒരു പാട് തനിച്ച്............!

2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

ച്യൂയിംഗജീവിതം (കവിത )


ഞാന്‍ നിന്റെ ദേഹത്തെ ട്യൂമറായിരുന്നുവോ?
ഇങ്ങനെ കീറി മുറിച്ച് വലിച്ചെറിയാന്‍
റേഡിയേഷന്റെ പൊള്ളും കിരണങ്ങളാല്‍ ദഹിപ്പിക്കാന്‍
കീമോയുടെ രാസായുധങ്ങളാല്‍ ശ്വാസം മുട്ടിച്ചു കൊല്ലാന്‍
ഡോസ് കൂടിയ അവഗണനയുടെ ഗുളികകളാല്‍ ദഹിപ്പിച്ചു തീര്‍ക്കാന്‍
എന്റെ മിത്രമേ, നീയറിഞ്ഞില്ല ഈ ഹൃദയത്തിലെ സ്‌നേഹാഗ്‌നി
അതില്‍ ദഹിച്ചു തീര്‍ന്ന എന്റെ സ്വന്തം കോശങ്ങള്‍
നിനക്ക് ഞാന്‍ വെറും ഇടത്താവളം,
ഈ പീറഹൃദയം ഇതു വല്ലതും അറിയുന്നോ?
ജന്മജന്മാന്തരങ്ങളായി കാത്തിരുന്ന പോലെ
നിന്നിലേക്കോടിയണയുകയായി 
വ്യഥയുടെ മുഷിഞ്ഞ മാറാപ്പഴിക്കുകയായി ..
അവഗണനയുടെ വിഷപ്പല്ലുകളാല്‍ മനസ്സാകെ
 വിഷം തീണ്ടി നീലിച്ച് തളരുമ്പോള്‍
ഓര്‍മകളുടെ ആഴങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നതും
അമ്പേ വ്യര്‍ഥമായ ഒരു യാത്രയെത്തന്നെ..
ഈ ക്യാന്‍സറിനെ കീറി വലിച്ചെറിഞ്ഞതില്‍ നീ ആഹ്ലാദിക്കുന്നു
ഇവളോ, ഒരു വളര്‍ച്ചയും വിധിക്കപ്പെടാത്തവള്‍
സ്വാഭാവികവളര്‍ച്ചയും ക്യാന്‍സര്‍ വളര്‍ച്ചയും!
ശ്രമിക്കയാണ് വീണ്ടും പൊടിമണ്ണാവാതിരിക്കാന്‍
പുഴു കുത്തിയ വേസ്റ്റാവാതിരിക്കാന്‍
ച്യൂയിംഗ്ജീവിതം ഒന്നും ആശിക്കേണ്ടതില്ല
ഒരു കടിച്ചുചവയ്ക്കലല്ലാതെ, ഊക്കിലുള്ള ഒരു ഏറല്ലാതെ..

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

ജീവിതമേ (കവിത)















ജീവിതമേ, ഞാനേതോ സൂക്ഷ്മാണുവില്‍ സമാധിയിലായിരുന്നു
നീയാണെന്നെ വലിച്ചു പുറത്തിട്ടത്, തഴമ്പുകളാല്‍ പീഡിപ്പിച്ചത്
കഠിനകാലങ്ങളാല്‍ എന്‍റെ പുറം പൊള്ളിച്ചത്
മൃദുലകാലങ്ങളെ മരീചികയാക്കിയത്
ഞാനോ വിട്ടുപോകുന്ന വെറും പ്രവാസി
എന്നിട്ടും മഴവില്‍കാന്തിയാണ് കൊതിക്കുന്നത്
സ്നേഹത്തിന്‍റെ തൂനിലാവാണ്‌ ആശിക്കുന്നത്
ഘോരാന്ധകാരത്തിലും വെളിച്ചത്തെയാണ് കാത്തിരിക്കുന്നത്
ജീവിതമേ, ഞാന്‍ നിന്‍റെ അതിഥി
എന്നിട്ടും നീയെന്നെ ചാട്ടയാല്‍ ഊട്ടുന്നതെന്ത്
ശരമാരിയാല്‍ കുളിപ്പിക്കുന്നതെന്ത്
ഞാനോ വിട്ടു പോകുന്ന പ്രവാസി
എന്നിട്ടും നീയെന്‍റെ ചോരയില്‍ മദിക്കുന്നതെന്ത്
എന്നെ വെറുതെ വിടുക
ക്ലേശവഴികളാല്‍ നീയെനിക്കിനിയും മുടന്തു തരാതെ
വ്യസനശിലകളാല്‍ ഇനിയുമെന്‍റെ തല തകര്‍ക്കാതെ
ഒരു മഴവില്ല് പോലെ അപ്രത്യക്ഷയാവാന്‍-
പ്രാര്‍ഥിച്ചുകൊണ്ടേയിരിപ്പാണ് ഞാന്‍
അതിനിടെ എന്നെ കൊതിപ്പിച്ച എല്ലാ പാല്‍നിലാവും
ഹോ! എന്തു കൂരിരുട്ടായിരുന്നു
എത്ര മാത്രം തേളുകളും പഴുതാരകളും നിറഞ്ഞതായിരുന്നു
ജീവിതമേ ഇരുമ്പെന്നോണം ഇനിയുമെന്നെ അടിച്ചു പരത്താതെ
ഈ മനോഹരദൃശ്യങ്ങളെല്ലാം ഒരു നോക്കു കണ്ടിട്ട്
ഈ ചോണനുറുമ്പ് വളരെ വേഗം മണ്ണിലേക്ക് ആഴ്ന്നു കൊള്ളാം
മാപ്പ്, ഈ വീഥിയിലൂടെ കടന്നുപോയതിന് പലതും മോഹിച്ചതിന്...

2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

നിലവിളി (കവിത)


നിന്റെ ഡിസക്ഷന്‍ ടേബിളിലായിരുന്നു
എന്റെ സ്‌നേഹം കഷ്ണിക്കപ്പെട്ടത് ....
അനേകം തുണ്ടുകളായി

നിര്‍ദയം കീറി മുറിക്കപ്പെട്ടത്.. 
കൈകാലുകള്‍ മുഖം ആന്തരാവയവങ്ങള്‍ 
എല്ലാം തുണ്ടംതുണ്ടമായി സുന്ദരമായതെല്ലാം
വിരൂപവും വികൃതവുമായി കേവലം 
ചോരയിറ്റുന്ന ഇറച്ചിത്തുണ്ടുകള്‍ 
നീ അവയെല്ലാം വേസ്റ്റ്‌കൊട്ടയിലേക്കെറിഞ്ഞു 
നിന്റെ പരീക്ഷണപ്പലകയിലേക്ക്
കീറി മുറിക്കാന്‍ പുതിയ പുതിയ ഇരകള്‍

ചവറ്റുകുട്ടയില്‍ കിടന്നും
എന്റെ നിഷ്‌കളങ്കസ്‌നേഹം നിലവിളിക്കുന്നു.......!


 pic courtesy: Google image

ആത്മമിത്രമേ..........................................................കവിത

നിന്റെ സൗഹൃദത്തിന്റെ ലീവ് വേക്കന്‍സിയിലായിരുന്നു ഞാനെത്തിയത്

സമയം കഴിഞ്ഞു, ആ പോസ്റ്റിലെ യഥാര്‍ത്ഥയാള്‍ തിരിച്ചെത്തി

നീയെന്നെ പിരിച്ചു വിട്ടു എന്തായിരുന്നു എന്റെ  വേതനം?

ഇറുക്കിക്കൊല്ലുന്ന ഈ തീരാവേദനയോ..?

ആത്മമിത്രമേ, നീയറിഞ്ഞില്ല, എത്ര ചെമന്നാണ്

എന്റെ  ഹൃദയം നിന്നെ പ്രണയിച്ചതെന്ന്...

എത്ര രോഗാതുരമായിരുന്നു ആ ഉരുക്കത്താല്‍ ഞാനെന്ന്

അതെന്നെ ഒരുപ്പേരിക്കായി കഷ്ണിച്ചു കൊണ്ടേയിരിക്കുന്നു

കഴിഞ്ഞ ജന്മം ഞാന്‍ നിന്റെ  ശത്രുവായിരുന്നുവോ

ഇഞ്ചിയെന്നോണം ഇങ്ങനെ ചതയ്ക്കാന്‍..

എന്തായിരുന്നു കാരണം ഈ വലിച്ചെറിയലിന്

എഴുപതാംപടവ് കയറുമ്പോഴും ഈ വിഡ്ഢി ഇങ്ങനെത്തന്നെയാവും

സ്‌നേഹത്തിന്റെ  വണ്‍വേ റോഡിലൂടെ ആര്‍ക്കും വേണ്ടാത്ത ജന്മവുമായി

ദുഃഖത്തിന്റെ  ഭീമന്‍ തേരുമുരുട്ടി .....