Pages

2012 ഓഗസ്റ്റ് 8, ബുധനാഴ്‌ച


വിദ്യാഭാസം.      കഥ

കാലുറക്കുള്ളില്‍ കത്തി തിരുകി,ബാഗിലേത് അതില്‍ തന്നെ ഇല്ലേയെന്നു ഉറപ്പു വരുത്തി അവന്‍ സ്കൂളിലേക്ക് പുറപ്പെട്ടു.പലരോടും കണക്ക് തീര്‍ക്കാനുണ്ട്.സിനിമയില്‍ കാണുന്ന ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല്കെട്ടി കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്റ്റൈലില്‍ സ്ക്കൂളില്‍ പോകണം.പക്ഷേ ആ നശിച്ച സ്കൂള്‍ ഒന്നിനും അനുവദിക്കില്ല,എന്തിനാണ് ഈ വൃത്തികെട്ട സ്കൂളുകള്‍?എന്തൊരു ബോറന്‍ ഏര്‍പ്പാട്.ഒരു ഗുണ്ടയുടെ യഥാര്‍ത്ഥസ്റ്റൈലില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ.ഇപ്പോ ആകെയുള്ളത് റീത്തുവാണ്.തന്‍റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി.

സിനിമയിലും കമ്പ്യൂട്ടര്‍ഗെയിമുകളിലും ശക്തന്‍ വില്ലനാണ്.എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത്.അതുകൊണ്ടെന്താണു കാര്യം?ആയകാലം നമുക്ക് വേണ്ടത് എങ്ങനെയും സമ്പാദിക്കണം.ലാവിഷായി ജീവിക്കണം.അതിനുപറ്റിയ പണി വല്ല കൊട്ടേഷനും പോവലാണ്.പോലീസ്പിടിയിലാവാതെ രക്ഷപ്പെട്ടുകൊണ്ടിരുന്നാല്‍ കോടീശ്വരനാകാം.വല്ല കള്ളക്കടത്ത്ബിസിനസ്സുമുണ്ടെങ്കില്‍ പിന്നെ പറയേംവേണ്ട.ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോ എന്നാര്‍ക്കറിയാം.മമ്മിക്ക് തന്നെ എഞ്ചിനീയറോ ഡോക്ടറോ ഐ എ എസ്കാരനോ ഒക്കെ ആക്കാനാണാഗ്രഹം.ആര് മൈന്‍ഡ്‌ ചെയ്യുന്നു.അത്രേം കഷ്ടപ്പെട്ട് പഠിച്ചാലും കിട്ടാന്‍പോണത് പണം തന്നെയല്ലേ.കാശ് നേടാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്.വേദപഠനക്ലാസില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം നല്ലതേ ചെയ്യാവൂ,നല്ലതേ വിചാരിക്കാവൂ,നല്ലതേ എല്ലാവര്‍ക്കും കൊടുക്കാവൂ..ഭ്രാന്ത്!അല്ലാതെന്ത്.എന്താണല്ലെങ്കില്‍ നല്ലതെന്നുപറഞ്ഞാല്‍?അവനവന് നല്ലത് തരുന്നത് തന്നെ നല്ലത്.മമ്മിക്ക് അച്ചനോട് കരയാനുള്ളതും അതുതന്നെ.”ഞാന്‍ അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്നത് എന്‍റെ മോന് വേണ്ടിയാണച്ചോ.അവന്‍റെ എല്ലാ കാര്യത്തിലും ഒരു കണ്ണ് വേണം.അവനെ നല്ല കുട്ടിയാക്കണം.അവന്‍റെ ഡാഡിയെപ്പോലെ അവനൊരു മൃഗമാവരുത്.ഡാഡി!അമ്മ ഒരു ഫോട്ടോപോലും കാണിച്ചിട്ടില്ല,ഡാഡിയുടെ.എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല.അതൊക്കെ പണ്ട്,ചെറിയ മൂക്കീരൊലിപ്പിക്കുന്ന പ്രായത്തില്‍.ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും താന്‍ ചോദിക്കാറില്ല.പതിനഞ്ചുവയസ്സ് അത്ര ചെറിയ പ്രായമാല്ലല്ലോ.അതെന്നല്ല ഒരു കാര്യവും കുറെയായി താന്‍ മമ്മിയോടു ചോദിക്കാറില്ല.ഗള്‍ഫില്‍ ജോലി എങ്ങനെയുണ്ടെന്നോ സുഖമാണെന്നോ ഒന്നും.തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടുകണ്ടാവും ഇടയ്ക്കിടെ അവര്‍ അച്ചനോട് കണ്ണ് നിറക്കുന്നത്.”പാറയാ അച്ചോ അവന്‍റെ മനസ്സ്.അതയാളുടെ തനിപ്പകര്‍പ്പാ.ഞാന്‍ കഷ്ടപ്പെടുന്നതൊക്കെ വെറുതെ.ഒടുക്കം പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ..”

അതു ശരിയാണ്.ക്വൊട്ടേഷന്‍സംഘത്തെ നിയന്ത്രിക്കാന്‍ പോകുന്നവന് അമ്മയെ നോക്കിയിരിക്കാനെവിടെ നേരം.അല്ലെങ്കിത്തന്നെ കുറച്ചു കാശ് ചെലവാക്കി വളര്‍ത്തീന്നുവെച്ച് വയസ്സായ അച്ഛനമ്മമാരെ ശുശ്രൂഷിക്കലാണോ മക്കള്‍ക്ക്‌ ജോലി?വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

വഴിയില്‍ വെച്ച് അജീഷിനെ കണ്ടപ്പോള്‍ തന്നെ അവന്‍ സോക്സ് തപ്പിനോക്കി ഒന്നൂടെ ഉറപ്പുവരുത്തി.ബോര്‍ഡിങ്ങില്‍ നിന്ന് അധികം ദൂരമൊന്നുമില്ല സ്കൂളിലേക്ക്.അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.എല്ലാം കഴിയുമ്പോള്‍ പോലീസ്പിടിയിലാവാതെ രക്ഷപ്പെടുകയും വേണം.തന്‍റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ദൈവമായി തന്ന ഒരവസരമാണിത്.അവന്‍ തിളങ്ങുന്ന കത്തി നീട്ടിപ്പിടിച്ച് പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന് പിറകിലെത്തി.ബാഗിന്‍റെ മറവുള്ളത്കൊണ്ട് പിന്നില്‍നിന്ന് കുത്തുക എളുപ്പമല്ല.അവനെ വട്ടം പിടിച്ച് വായ്‌പൊത്തി വേണം ആദ്യത്തെ പ്രയോഗം നടത്താന്‍.പക്ഷേ സിനിമയില്‍ കാണുമ്പോലെ അത്ര എളുപ്പത്തില്‍ അവനു കത്തി ഊരിയെടുക്കാനായില്ല.കത്തി പറിച്ചെടുത്തപ്പോഴേക്കും ചുവന്ന വെള്ളച്ചാട്ടം മുഖത്തെ പൊള്ളിച്ചു.അവനു തല കറങ്ങി,എന്നിട്ടും എങ്ങനെയൊക്കെയോ ഒരു പ്രയോഗം കൂടി..പിന്നെ വില്ലനില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭീരുവായി അവന്‍ ബോധമറ്റു വീണു.

കാലം ഒരു പാട് കറങ്ങിയിരിക്കണം,താനൊരു പാട് മുതിര്‍ന്നിരിക്കണം..കണ്ണ് തുറന്നപ്പോള്‍ അവനങ്ങനെയാണ് തോന്നിയത്.ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു..തുറിച്ചു നോക്കുന്നു..ദൂരെ നിന്ന് പോലീസ്ജീപ്പ് സൈറണ്‍ മുഴക്കി..അവന്‍ എണീറ്റോടാന്‍ ഒരു ശ്രമം നടത്തി.അപ്പോഴാണ്‌, കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു.

ജുവനൈല്‍ ഹോമിന്‍റെ ഇരുട്ടില്‍,അനേകം കുട്ടിക്കുറ്റവാളികള്‍ക്കിടയില്‍ നിസ്സംഗനായി ഇരിക്കവേ,താന്‍ വെറുമൊരു ഭീരുവായിരുന്നല്ലോ എന്നതിലവന് വല്ലാത്ത ഖേദം തോന്നി.വിചാരിച്ച പോലെ ഒന്നും നടന്നില്ല.ഗുണ്ടാത്തലവനെന്ന തന്‍റെ സ്വപ്നം..അവനു ആദ്യമായി കരച്ചില്‍ വന്നു.ടീച്ചറോട് അടി കിട്ടിയപ്പോഴേ ഉറപ്പിച്ചിരുന്നു, പേരെഴുതിയ ലീഡര്‍ അജീഷിന് ഒന്ന് കൊടുക്കാന്‍.ക്ലാസ്സില്‍ വെച്ചുണ്ടായ വഴക്കിലും അടി കൊണ്ടത്‌ തനിക്ക് തന്നെ.അപ്പോള്‍ പക്ഷേ തിരിച്ചടിച്ചെന്നു മാത്രം,ടീച്ചറിന്‍റെ പല്ല് പോയെന്നു തോന്നുന്നു.തന്‍റെ വിജയത്തിന്‍റെ ആദ്യപടിയാകുമെന്നു കരുതിയത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു.മമ്മി ആരെക്കൊണ്ടെങ്കിലുമൊക്കെ രക്ഷിക്കുമായിരിക്കും.ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്.അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ ഇരുമ്പഴികളെ തുറിച്ചു നോക്കി..  

2012 ജൂലൈ 18, ബുധനാഴ്‌ച


മൂന്നു ജന്മങ്ങള്‍      കഥ

മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു.ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു.ഏതോ മുക്കുവന്‍റെ വലയില്‍ ശ്വാസം മുട്ടി,പ്രാണവായുവിനായ്‌ നാക്ക് നീട്ടി,കണ്ണ് തുറിച്ചു ഞാന്‍ പിടഞ്ഞു.ഏതോ ഒരു വീടിന്‍റെ അടുക്കളയില്‍,ഏതോ ഒരു മൂര്‍ച്ചയുള്ള കത്തി എന്‍റെ തിളങ്ങുന്ന വെള്ളിയുടുപ്പ് വകഞ്ഞു മാറ്റി.കത്തിയുടെ നിര്‍ദ്ധയമായ പല്ല് എന്‍റെ അകം വരെ മുറിപ്പെടുത്തി.വിരിയാറായി വയറില്‍ കെട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അത് പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു.തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്തു.എരിയുന്ന മസാലകളില്‍- വ്രണങ്ങള്‍ സ്മരണകളില്‍ തീയായി പൊള്ളി നീറി.രണ്ടാമത്തെ എന്‍റെ വേഷം ഒരു പശുവായിട്ടായിരുന്നു.പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു.കുട്ടിക്ക് കരുതി വെച്ചത് കൂടി അവര്‍ സൂത്രത്തില്‍ കറന്നെടുത്തു.പാലിന് കൊള്ളില്ലെന്ന് ഒരു നാള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്‍പനക്കാരന്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു.മൂന്നാംനാള്‍ എന്‍റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു.വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്‍റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും  പിടഞ്ഞുകൊണ്ടിരുന്നു.മൂന്നാംജന്മം ഇതാ ഇത് തന്നെ-മനുഷ്യസ്ത്രീയായി..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്.എന്‍റെ ദേഹം നോക്ക്-മീന്‍ വരിഞ്ഞ പോലെ ഒരായിരം മുറിവുകള്‍..മല്ലിയും മുളകും പറ്റിപ്പിടിച്ച്,മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു,എപ്പോഴും നീറിക്കൊണ്ടിരിക്കുന്നു.ഉള്ളിന്‍റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല.നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല.മക്കള്‍ക്കും ഭര്‍ത്താവിനും ഒരുപാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു.ഇന്ന്-ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്‍റെ ആരായിരുന്നു എന്നാണ്‌ വിസ്മയിക്കുന്നത്.പരിപ്പ്പോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു?രുചിയുള്ള കറിയായി,ഉപ്പേരിയായി,ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു?രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല.ഉപേക്ഷിക്കപ്പെട്ടവളായി,ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ വേദനയും കടച്ചിലുമായി..പെയ്തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്....”മെഡിക്കല്‍കോളേജാണുമ്മാ,സ്ഥിരവാസം പറ്റില്ല.മരുന്ന് വെച്ചു കെട്ടലല്ലാതെ ഈ വ്രണങ്ങള്‍ക്കിനി ചികിത്സയില്ല.നാളെ ഡിസ്ചാര്‍ജുചെയ്യും.ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.”നഴ്സിന്‍റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്‍റെ പേരില്‍ കൊടുത്ത രണ്ടു നമ്പറിലും അവള്‍ വിളിച്ചത്.രണ്ടും ഔട്ട്‌ ഓഫ് കവറേജ് ഏരിയ..അല്ലെങ്കില്‍ സ്വിച്ച്ട് ഓഫ്..അതല്ലെങ്കില്‍ ബിസി..ആരും വരില്ല,അതവള്‍ക്കറിയില്ല.ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു.കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്.വളത്തിനല്ലാതെ അത് മറ്റെന്തിന് കൊള്ളാം?പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു.അടിച്ചടിച്ച് ആരെങ്കിലും ഈ ചണ്ടിയും രണ്ടു കഷ്ണം പേപ്പറാക്കിയെങ്കില്‍!ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ,ഒരക്ഷരത്തിലേക്ക് പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന് അങ്ങനേലും ഒന്ന് തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞു, ഒടിഞ്ഞു പോയിരുന്ന ശിരസ്സ്‌ അങ്ങനേലും അതിന്‍റെ യഥാസ്ഥാനത്ത് ഒരു നിമിഷമെങ്കിലും നിലയുറപ്പിക്കുമല്ലോ.


2012 ജൂൺ 27, ബുധനാഴ്‌ച


ക്യാസറ്റുകള്‍        കഥ

പഴയ തറവാടിന്‍റെ തൊടിയില്‍,പുതിയ വീട്ടുകാരാകണം-ഉപേക്ഷിച്ച കുറെ ക്യാസറ്റുകളുമായി അനിയന്‍ ഒരു ദിവസം വന്നു പറഞ്ഞു;നോക്ക് നല്ല ടിഡികെ ക്യാസറ്റുകളാ.കൂട്ടിലായതോണ്ട് കേടൊന്നും പറ്റിക്കാണില്ല.ഇട്ടു നോക്ക് പഴയ പാട്ടുകളാവും.”പഴയ പാട്ടുകളോടുള്ള എന്‍റെ ഭ്രമം അവനും അറിയാം.രണ്ടു മാസത്തോളം അതിന്‍റെ ചില്ലുകൂടുകള്‍ കുട്ടികള്‍ക്ക് കളിക്കോപ്പായി.നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന അതിന്‍റെ ടപ്പേ ശബ്ദമാണ് അവരെ ആകര്‍ഷിച്ചത്.ഒരു രാത്രി-വിഷാദവിഷം കുത്തിക്കയറ്റുന്ന സിറിഞ്ചുകളുമായി ഏകാന്തതയുടെ കൊതുകുകള്‍ എനിക്ക് ചുറ്റും മ്..എന്ന് മൂളാന്‍ തുടങ്ങിയപ്പോള്‍ വെറുതെ ആ ക്യാസറ്റുകള്‍ ഇട്ടു നോക്കി.അന്തം വിട്ടുപോയി!”ചൈത്രം ചായം ചാലിച്ചു..പാടുവാനായ്‌ വന്നു നിന്‍റെ പടിവാതില്‍ക്കല്‍..തൊഴുതു മടങ്ങും സന്ധ്യയുമേതോ..ആത്മാവില്‍ എന്നെന്നും കൊളുത്തി വെച്ച ചെരാതുകളായ  അനശ്വര ഗാനങ്ങള്‍!ആര്‍ക്കാണവ മണ്ണിലേക്ക് വലിച്ചെറിയാന്‍ ധൈര്യം വന്നത്?പുതിയ പുതിയ യന്ത്രങ്ങളുടെ കടന്നുകയറ്റത്തില്‍ ടേപ്പ്‌റെക്കോര്‍ഡര്‍ എന്നേ വീടിന്‍റെ മാറാല പിടിച്ച അട്ടങ്ങളിലേക്ക് വിട വാങ്ങിയെങ്കിലും..ആരോ തല്ലിയപോലെ നൊമ്പരം എന്നെ അടിമുടി ഉലച്ചു.

ഞങ്ങളുടെയാ പഴയ തറവാട് അനേകം തൊടികള്‍ നടന്നും കയറിയും എത്തേണ്ട ഒരു കയറ്റത്തിലായിരുന്നു.ആരോ വളരെ മുമ്പ്‌ ഒരു കുന്നിനെ ഇടിച്ചിടിച്ച് തോടികളാക്കിയതാണോ എന്തോ.അക്കാലം ജെസിബിയുടെതല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയില്ല.ബാല്യത്തിന്‍റെ കൌതുകച്ചെപ്പുകളത്രയും ആ വീടാണ് ഏറ്റു വാങ്ങിയത്.വലിയവരുടെ ആക്രോശങ്ങളില്‍ ഭയന്ന് വിറക്കുമ്പോള്‍ ആ വേദനയും ഏറ്റു വാങ്ങിയത് ആ വീടിന്‍റെ വയസ്സന്‍ കൈകളാണ്.അവിടവിടെ അടര്‍ന്ന മണ്‍നിലത്ത് ഞാഞ്ഞൂലുകള്‍ ഇടയ്ക്കിടെ തല പൊന്തിച്ചു.ഇളകുന്ന മരക്കോണി കുരുടീസു പാകിയ വലിയൊരു ഹാളായ മാളികയിലേക്ക് ഇടറിക്കൊണ്ട് എല്ലാവരെയും എത്തിച്ചു.സാധനങ്ങള്‍ സൂക്ഷിക്കുന്ന കുണ്ടമുറി ഒളിച്ചു കളിക്കുമ്പോള്‍ നല്ലൊരു ഒളിസങ്കേതമായി.നടന്നാല്‍ തീരാത്ത പറമ്പുകളും കുന്നുകളും എന്നും വിസ്മയച്ചെപ്പുകള്‍ തുറന്നുവെച്ചു.”ഇരട്ടക്കുന്നില്‍ ചുടലയുണ്ട്.അങ്ങോട്ട്‌ പോകരുത്”-മുതിര്‍ന്നവരുടെ ശാസനകള്‍ അവരുടെ അസാന്നിധ്യത്തില്‍ എറിഞ്ഞു കളയാനുള്ള ചരല്‍കല്ലുകളായി.പറങ്കിമാവിന്‍റെ മുകളില്‍ നിന്ന് ശറേന്നു ഉരസിയിറങ്ങി മേലാകെ മുറിഞ്ഞാണ് ഒരു ദിവസം ഇക്കാക്ക കുന്ന് ഓടിയിറങ്ങിയത്.പിന്നാലെ അനുയായികളായി ഞങ്ങളും,നാവു നീട്ടിയ ഒരു കറുത്ത നായയെ കണ്ടതായിരുന്നു കാരണം.ചുടലപ്പറമ്പില്‍ നിന്നിറങ്ങി വരുന്ന പ്രേതമാണതെന്ന് ഞങ്ങള്‍ കണിശമായും ഉറപ്പിച്ചു.പറമ്പില്‍ ചിലയിടങ്ങളില്‍ ഉറക്കെ ചവിട്ടിയാല്‍ ഡുംഡും ഒച്ച കേള്‍ക്കാം,നിധിയുള്ളതോണ്ടാ,മുതിര്‍ന്നവര്‍ പറഞ്ഞു.ദാരിദ്ര്യത്തിന്‍റെ വ്യാധി എങ്ങും പടര്‍ന്നുപിടിച്ച അക്കാലത്ത്‌ നിധി ഏറ്റവും വലിയ പ്രലോഭനം തന്നെയായിരുന്നു.

പിന്നീട് തുണ്ടംതുണ്ടമായി വീതിക്കപ്പെട്ട ആ പറമ്പുകളെ ജെസിബിയുടെ ഇരുമ്പുകൈകള്‍ മാന്തിപ്പറിച്ചു.തെങ്ങുകള്‍,പാറകള്‍,മരങ്ങള്‍ എല്ലാം പഞ്ഞിക്കഷ്ണങ്ങള്‍പോലെ തൂത്തെറിയപ്പെട്ടു.ഇരട്ടക്കുന്നിലെ ചുടല താഴേക്കിറങ്ങി വന്നത്പോലെ ഒരു പെരുംശൂന്യത പിന്നെ അവിടെയാകെ വ്യാപിച്ചു.പുതിയ വീടുകള്‍ അടഞ്ഞ വാതിലുകളുമായി ആ നിരന്ന സ്ഥലങ്ങളില്‍ സ്ഥാനംപിടിച്ചു.അങ്ങനെ ഒരു വീട്ടില്‍ നിന്നാവും ബാക്കിയായ ഞങ്ങളുടെ തൊടിയിലേക്ക് ഈ ക്യാസറ്റുകള്‍ നിഷ്കരുണം വലിച്ചെറിയപ്പെട്ടത്‌.പുതിയ വീടുകളില്‍ ശല്യങ്ങളായിത്തീര്‍ന്ന ഈ പഴയ സാധനങ്ങള്‍..ആരായിരിക്കും അതുവാങ്ങിയിരിക്കുക?മെക്ക എന്ന സീല്‍ കാണുന്നത്കൊണ്ട് ആളൊരു ഗള്‍ഫ്‌കാരനാവും.അല്ലെങ്കില്‍ ഒരു പ്രവാസി കൊടുത്തയച്ചതാവും.ആള്‍ സഹൃദയനായിരിക്കും.ഒരുദിവസം-ചിന്തകളുടെ വേലിയേറ്റത്തില്‍ ഒരു പൊങ്ങുതടി പോലെ കേറിയും മറിഞ്ഞും നീങ്ങവെ കേട്ടു മറ്റൊരു ന്യുസ്;പഴയൊരു പരിചയക്കാരിയായിരുന്നു ആ വാര്‍ത്താവാഹക.പുതിയ വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഒരു കഥയുടെ വെറ്റിലച്ചെല്ലം തുറന്നു.”കൊണ്ടോട്ടീന്നു വന്നോരാ”

“എന്തേ ഓലവിടുന്ന്‍ പോന്നു?”-ജിജ്ഞാസ മുഴുവന്‍ ക്യാസറ്റിനെക്കുറിച്ചായിരുന്നു.”ആ,ആര്‍ക്കറ്യാ.സുഖല്ലാത്ത ഒരുപെങ്ങള് ഓനുണ്ടായ്നി.മാപ്പള ഗള്‍ഫ്‌ന്ന് മരിച്ചപ്പം മൊതല് തൊടങ്ങ്യതാണെലോ മനസ്ന്‍റെ സൂക്കട്‌.അപ്പെണ്ണിനു എന്തോ ഉദ്യോഗൊക്കെ ഒണ്ടാര്‍ന്നു.അയ്ന്‍റെ മവ്ത്ത് കയിഞ്ഞപ്പളാ ഓല് ഇങ്ങട്ട് പോന്നത്.മൂന്നാല് കൊല്ലം വല്ലാത്ത മുസീബത്തെയ്നീന്ന് അപ്പെരക്കാരത്തി എപ്പളും പറയും.ശ്ലഥമായിരുന്ന എന്‍റെ സങ്കല്പ്പചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ചോരയിറ്റുന്ന ഒരു മുഖം,ശരീരം എല്ലാം കൈവന്നു.ആത്മാവുകള്‍ കൊരുത്ത ഒരു സ്നേഹത്തിന്‍റെ പൊന്‍നൂല്‍ എന്‍റെ മുന്നില്‍ ദുര്‍ബലമായി ആടി.സ്വര്‍ണമായാലും അതേതുനിമിഷവും അറ്റുവീണേക്കും.നശ്വരലോകത്തെ ബന്ധങ്ങളുടെ സ്വഭാവമാണത്.എന്നും പാട്ടുകേട്ടിരുന്ന ആ പെണ്‍കുട്ടി അലറി വിളിക്കുന്നത്‌,പൊട്ടിച്ചിരിക്കുന്നത്,എല്ലാം ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.ജീവിതമെന്ന ഈ മുഴുത്ത നെല്ലിക്കയില്‍ ഏതാണ് കൂടുതല്‍;കയ്പോ,ചവര്‍പ്പോ മധുരമോ?ക്യാസറ്റുകള്‍ പിന്നീട് സ്പര്‍ശിച്ചപ്പോഴൊക്കെ ഒരു സങ്കടക്കിളി എന്‍റെ നെഞ്ച് കൊത്തിപ്പറിച്ചു.ചിറകുലച്ച്,അത് ഏതുനേരവും നിലവിളിച്ചുകൊണ്ടിരുന്നു...               

2012 ജൂൺ 10, ഞായറാഴ്‌ച


ഒരു നര്‍ത്തകിയുടെ ജീവിതം    കഥ

നര്‍ത്തകി ഓരോ അരങ്ങിലും താന്‍ ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ചു ഇടയ്ക്കിടെ ആലോചിക്കും.കൊയ്ത്തുകാരിയായി,മുക്കുവത്തിയായി,തെരുവുപെണ്ണായി,പൂക്കാരിയായി..വേഷങ്ങളുടെ ആ നരച്ച നിറങ്ങളുമായി തനിക്കൊരു തരിപോലും ബന്ധവുമില്ല.ഒരിക്കല്‍ പോലും പാടത്ത് പോവുകയോ നെല്‍കൃഷി കാണുകയോ ചെയ്തിട്ടില്ല.പാഠപുസ്തകങ്ങളില്‍ നിന്ന് ചില കൊയ്ത്തുപാട്ടുകള്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.ഒരിക്കലും ഒരു മുക്കുവക്കുടില്‍ കണ്ടിട്ടില്ല.അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല.ഫ്ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന അവള്‍ക്ക് ഒരിക്കലും ഒരു തെരുവുപെണ്ണിന്‍റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല.എന്നിട്ടും ആടിത്തീര്‍ത്ത വേഷങ്ങളിലെല്ലാം അവള്‍ ആ കഥാപാത്രം തന്നെയാണെന്നു എല്ലാവര്‍ക്കും തോന്നി.ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടി നിര്‍ത്തിയ നീലജലം പോലെയാണ് തന്‍റെ ജീവിതം,അവള്‍ ആലോചിക്കും.പലരും അതിലിറങ്ങി ആനന്ദിക്കുന്നു.ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്‍റെ ചുറ്റും എപ്പോഴും മുഴങ്ങുന്നു.ഈ ദരിദ്രജീവിതങ്ങള്‍ ആടാന്‍ തനിക്കെന്തു യോഗ്യത?ഒരു നേരം പോലും അവരുടെ കണ്ണീരിന്‍റെ ഉപ്പറിഞ്ഞിട്ടില്ലാത്ത തനിക്ക് അവരുടെ വ്യസനങ്ങളെ പൊലിപ്പിച്ചു കാണിച്ചു കാശു വാങ്ങാനെന്തര്‍ഹത?

വേദനയുടെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ ജീവിതത്തെ വലിച്ചെറിഞ്ഞത്.നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ്,സമ്പാദ്യം പാവങ്ങള്‍ക്കായ്‌ ചെലവഴിക്കയാണെന്നറിഞ്ഞ്,അമ്മ പൊട്ടിത്തെറിച്ചു.അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് വിലപിച്ചു.സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം,രാജകുമാരിയെന്നോണമുള്ള പരിചരണം,എല്ലാം ഉപേക്ഷിച്ച് അവള്‍ തെരുവിന്‍റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ഥനെപ്പോലെ ഇറങ്ങി.താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം.ഒരാളുടെ വിഷമമെങ്കിലും തീര്‍ത്തുകൊടുക്കണം.

അനന്തരം     

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു.താനന്നു അണിഞ്ഞത് പോലെ കീറിപ്പറിഞ്ഞ വേഷം,മുഖത്ത് അനേകനാളത്തെ അഴുക്ക്,വരണ്ട തൊലിയിലെ വിണ്ടു കിടക്കുന്ന ഈ ചുളിവുകള്‍, കണ്ണുകളില്‍ നിന്ന് തെന്നി വീഴുന്ന ഈ മരവിപ്പിക്കുന്ന  നിസ്സംഗത ,അതൊന്നും ഇത്രേം ഒരിജിനലായിരുന്നില്ല.”അമ്മേ”-അവള്‍ അവരെ തോണ്ടി വിളിച്ചു.അവര്‍ ശൂന്യമായ മിഴികളോടെ,നാലഞ്ചു തെറികളോടെ അവളെ എതിരേറ്റു.മുഖത്ത് ഒരു മയക്കം തടസ്സപ്പെട്ടതിന്‍റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ശരീരത്തിന് ഒട്ടും കാന്തിയില്ല.പിച്ച തെണ്ടാന്‍ പോയ രണ്ടു മക്കളുമായവര്‍ ഒരു മൂലയിലേക്ക് നടന്നു.അന്ന് കിട്ടിയ ബിസ്ക്കറ്റുതുണ്ടുകളും ചീഞ്ഞു തുടങ്ങിയ പഴങ്ങളും മുന്നില്‍ വിരിച്ച കീറത്തുണിയിലേക്കിട്ടു.എച്ചിലിലകളില്‍ നിന്ന് കിട്ടിയ ആഹാരം കൂട്ടിക്കുഴച്ച് അവര്‍ ആര്‍ത്തിയോടെ വിഴുങ്ങാന്‍ തുടങ്ങി.അവള്‍ക്ക് വല്ലാത്ത അറപ്പ് തോന്നി.ഒരാളുടെയും ബാക്കിയവള്‍ കഴിക്കാറില്ല.താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം.ഈ ഇയ്യാംപാറ്റകളെയൊന്നും താനൊരാള്‍ വിചാരിച്ചാല്‍ നേരാക്കാനാവില്ല.അവള്‍ നെടുവീര്‍പ്പോടെ മുന്നോട്ടു നടന്നു. നേരം തിളച്ചു തുടങ്ങിയിരുന്നു.ഒരിക്കലുമറിയാതിരുന്ന പരവേശത്തിന്‍റെ വേവും ചൂടും അവളെ ശ്വാസം മുട്ടിച്ചു.ത്യാഗത്തിന്‍റെ വഴി  കല്ലും മുള്ളും മാത്രമല്ല തീയും നിറഞ്ഞതാണ്.ഒരു സ്ത്രീ ഒരിക്കലും നേരം കെട്ട നേരത്ത് അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു.

ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്ത് പതിഞ്ഞ സംസാരം,ചിരി..ഈ അന്തിനേരത്തു ആരാണ് വീട്ടില്‍?അമ്മ പണമുണ്ടാക്കാന്‍ പഴയ വഴി തന്നെ തിരഞ്ഞെടുത്തോ?അവള്‍ ഈര്‍ഷ്യയോടെ വാതിലില്‍ മുട്ടി...

..................................................

ഹാവൂ,അതെല്ലാം സ്വപ്നം മാത്രമായിരുന്നു.അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ എണീറ്റിരുന്നു.വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി.ഇത്രേം ദീര്‍ഘമായൊരു സ്വപ്നമോ?ഈ നിമിഷം വരെ അനുഭവിച്ച വേവും ചൂടും ഇപ്പോഴും ഉള്ളില്‍ പോള്ളിത്തിണര്‍ത്ത്..കടം കൊണ്ട് ആത്മഹത്യ ചെയ്ത ഒരു കര്‍ഷകകുടുംബത്തിന്‍റെ വ്യസനമാണ് തന്‍റെ പുതിയ ഡാന്‍സിന്‍റെ തീം.അയാള്‍ രാത്രി എല്ലാവര്‍ക്കും വിഷം കലര്‍ത്തിയ ഐസ്ക്രീം കൊടുക്കുന്ന സീന്‍ തുടങ്ങി ഫ്ലാഷ്ബാക്കായി കഥ പറഞ്ഞുകൊണ്ടാണ് ഡാന്‍സ്‌ മുന്നേറുന്നത്.അതൊക്കെ ഓര്‍ത്ത്‌ കിടന്നിട്ടാവും ഇങ്ങനൊരു സ്വപ്നം.എന്‍റെ ദൈവമേ!ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു.അങ്ങനൊരു വിധിയൊന്നും തന്നേക്കല്ലേ.ആ ജീവിതങ്ങളുടെയൊക്കെ ചൂളത്തീ ആര്‍ക്കു താങ്ങാനാവും.ചുവടുകളും മുദ്രകളുമില്ലാതെ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍.അവള്‍ പാലും മുട്ടയും കഴിച്ചു.പരിചാരിക അവളെ അണിയിച്ചൊരുക്കി.അവള്‍ മനസ്സില്‍ കുറിച്ചു:ഈ ഡാന്‍സ്‌ ഒരു സംഭവമാക്കണം.ആളുകളുടെ കണ്ണ് നിറയണം.കളക്ഷന്‍ റെകോര്‍ഡ് തകര്‍ക്കണം.അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു..

2012 മേയ് 26, ശനിയാഴ്‌ച


രണ്ടു കഥകള്‍             കഥ

നേഹയ്ക്ക് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ ഇങ്ങനെയായിരുന്നു;

സന്ധ്യയുടെ പൊന്‍കിരണങ്ങള്‍ ചക്രവാളത്തിലമര്‍ന്നു.മാനം കറുത്തു ,മഴയുടെ വരവാവാം.റോഡിലെ വിജനതയിലൂടെ അവര്‍ വിറച്ചു വിറച്ച് നടന്നു.”വിശന്നിട്ടു വയ്യ ചേച്ചീ,”അനിയത്തി വിതുമ്പി.”കാലാണെങ്കി വേദനിച്ചിട്ടു വയ്യ.ഇന്നലെ അടി കിട്ടിയിട്ടാ..”ഇരുട്ട് എല്ലായിടത്തും കറുത്ത ചായമൊഴിച്ചു.”നമുക്കിവിടെ ഇരിക്കാം,അനിയത്തി ചേച്ചിയ ബസ്‌സ്റ്റാന്‍ഡിലെ സിമന്‍റ്ബെഞ്ചിലേക്ക് വലിച്ചു.”എങ്ങനെയാ നമ്മള് വീട്ടിലെത്താ?കയ്യില്‍ പൈസണ്ടോ?രാത്രിയായാ ഏതേലും ദുഷ്ടന്മാര് പിടിച്ചോണ്ട് പോവില്ലേ പിന്നേം തെണ്ടിക്കാന്‍.”ശരിയാ.അവളുടെ മുഖം അരുമയോടെ തടവി ചേച്ചി പറഞ്ഞു.മഴ ഒരാരവത്തോടെ പെയ്യാന്‍ തുടങ്ങി.ഇടയ്ക്കിടെ അവരിലേക്ക് വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് അത് കയ്യടിച്ചു ചിരിച്ചു.ഭയന്ന് വിറച്ച് പകല്‍ തല നീട്ടുന്നതും കാത്ത് അവര്‍ ഇരുന്നു.എപ്പോഴോ മയങ്ങിയിരിക്കണം,ഒരു വിളി കേട്ടാണ് ഉണര്‍ന്നത്.മോളേ,മോളേ..അവര്‍ ചാടിയെഴുന്നേറ്റു.വെളിച്ചം ചിരിച്ചു ചിരിച്ചു വരാന്‍തുടങ്ങിയിരിക്കുന്നു.ഒരുമധ്യവയസ്കനാണ്.”ഹാവൂ,ഉണര്‍ന്നോ?ഉറങ്ങിക്കോട്ടേന്നു കരുതിയാ വിളിക്കാതിരുന്നത്‌.ഈ കുട്ടി കരയായിരുന്നു.”അയാള്‍ അലിവോടെ പുഞ്ചിരിച്ചു.ചേച്ചിക്കുട്ടി അയാളെ ഭയത്തോടെ നോക്കി.അന്നത്തെപ്പോലെ കട്ടുകൊണ്ടോയി തെണ്ടിക്കുന്ന മറ്റൊരാളാണോ.

“എന്താ കുട്ട്യേ ഇത്ര പേടി?എവിടുന്നാ വരുന്നത്?വീടെവിടാന്നു പറഞ്ഞാ ഞാനവിടെ എത്തിക്കാം.അതിനു മുമ്പ്‌ നമുക്ക് എന്‍റെ വീട്ടില്‍ പോവാം.ദാ,ഇവിടെ അടുത്താ.ഭക്ഷണം കഴിച്ച് കുളിച്ച് സുന്ദരിക്കുട്ടികളായിട്ടു  വീട്ടില്‍ പോവാം എന്താ?”അവര്‍ നടന്നു.ദൂരെ ഓടിട്ട നീല വീട് അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചു.അടുക്കളയില്‍ നിന്ന് ചെറിയൊരു കുട്ടി ഓടി വന്നു,പിന്നാലെ അമ്മയും.”ഇതാ മിട്ടായി,ഈ കുട്ടികള്‍ക്ക് ചോറ് കൊടുക്ക്‌.പാവം!ബസ്‌സ്റ്റാന്റില്‍ ഇരിക്കായിരുന്നു.ഏതോ വല്യ വീട്ടിലെ കുട്ടികളാ..”ആ അമ്മ യാതൊരു വൈമനസ്യവുമില്ലാതെ അവരെ അടുക്കളയിലേക്ക് കൂട്ടി.ഒരു മാസത്തെ വരണ്ടു ചൊറിയുന്ന ദുഃഖങ്ങള്‍ക്ക് ശേഷം സ്നേഹത്തിന്‍റെ തൂമഞ്ഞ് ആ അമ്മയുടെ കൈകളിലൂടെ അവരെ സ്പര്‍ശിച്ചു...

2011 ആയപ്പോഴേക്കും നേഹയ്ക്ക് 29 ആയി പ്രായം.പഴയ ഡയറികള്‍ തപ്പിയപ്പോഴാണ് ഈ കഥ അവളുടെ മുന്നിലേക്ക്‌ നാണത്തോടെ നീങ്ങി നിന്നത്.അത് വായിച്ചപ്പോള്‍ അവള്‍ക്ക് വായില്‍ പുച്ഛത്തിന്‍റെ കയ്പ് നിറഞ്ഞു.സര്‍ജറി വേണം,പഴമയുടെ നന്മയെന്ന മുഴ വെറുതെ ആ കഥയില്‍ നിന്ന് ഇളിച്ചു കാട്ടുന്നു.കഥക്ക് തിരുത്തുമായി അവളുടെ കീബോര്‍ഡ്‌ ഉണര്‍ന്നു.

“എന്താ കുട്ട്യേ ഇത്ര പേടി?”അവിടെ വച്ചാണ് അവള്‍ കഥ വീണ്ടും തുടങ്ങിയത്.ദാ,എന്‍റെ വീട് ഇവിടെ അടുത്താ.വല്ലതും കഴിച്ചു കുളിച്ചു ഫ്രെഷായിട്ട് വീട്ടിലെത്തിക്കാം എന്താ?”അവര്‍ നടന്നു.ദൂരെ നീല കോണ്‍ക്രീറ്റ്മാളിക അവരെ നോക്കി ഒരു ഇരപിടിയന്‍റെ സാമര്‍ഥ്യത്തോടെ കണ്ണിറുക്കി.”വാ”-അയാള്‍ തന്‍റെ കയ്യിലെ മധുരം വീതം വെക്കാന്‍ തുടങ്ങി.”പിന്നേയ്,ആ ചോക്ലേറ്റ്‌ ചോറുണ്ടിട്ടു തിന്നാം.ഭയങ്കര മധുരാ,ആദ്യം നിങ്ങള്‍ കുളിച്ചു വൃത്തിയാവ്.സീമേ ഇവര്‍ക്ക് കുളിമുറി കാണിച്ചു കൊടുക്ക്‌.ഫാഷന്‍കാരിയായ വേലക്കാരി പരിഹാസത്തോടെ അവരെ മുന്നോട്ട് നയിച്ചു.ഗൃഹനാഥയാവണം  ബ്യുട്ടിപാര്‍ലറില്‍ നിന്നിറങ്ങി വന്നത് പോലൊരു രൂപം കോണിപ്പടിയില്‍ നിന്ന് അവരെ വീക്ഷിച്ചു.അവരുടെ കാല്‍ക്കല്‍ രോമമെമ്പാടുമുള്ള ഒരു വെളുത്ത നായക്കുഞ്ഞ് അങ്ങുമിങ്ങും ചാടിക്കളിച്ചുകൊണ്ടിരുന്നു.വേലക്കാരി ഒരു റൂമിനോളം വിശാലമായ കുളിമുറി അവര്‍ക്കായ്‌ തുറന്നു.അതിലെ സൌകര്യങ്ങള്‍ കണ്ട് അവരുടെ കണ്ണ് പുളിച്ചു.ചേച്ചി അനിയത്തിയെ കുളിപ്പിച്ചു.ഒരു മാസമായി കെട്ടിക്കിടന്ന അഴുക്കത്രയും ഉരച്ചുകഴുകി.ചുമരില്‍ രഹസ്യമായ ഒരിടത്തുനിന്നും ഒരു ഒളിക്യാമറ തത്സമയറെകോര്‍ഡിംഗ് തുടങ്ങി.പത്തുവയസ്സുകാരിയുടെ കുളിയും പാനം ചെയ്ത് ക്യാമറ വിശ്രമിച്ചു.കുളി കഴിഞ്ഞതും അവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ലഭിച്ചു.ഭക്ഷണം,മധുരപലഹാരങ്ങള്‍..ഒരു മാസത്തെ വിശപ്പ്..അവര്‍ ആര്‍ത്തിയോടെ വലിച്ചു വാരി തിന്നുകൊണ്ടിരുന്നു.”ദരിദ്രവാസികള്‍ ,എവിടുന്നു കിട്ടുന്നു നിനക്കോരോന്നിനെ?”-ഗൃഹനാഥ ചുണ്ട് കോട്ടി അയാളെ നോക്കി.

“നീ മിണ്ടാതിരി,ഒരു മാസം ചിക്കന്‍ കൊടുത്ത് ഇവരെയൊന്നു തടിപ്പിക്കണം.പിന്നെ മാര്‍ക്കറ്റ് വില എത്രയാന്നാ വിചാരം?നിന്‍റെ ബ്യുട്ടിലൂസിയെക്കാളും ഭംഗിണ്ടാവും ഇവറ്റകള്‍ക്ക്.അവളിപ്പോ ഉണ്ടാക്കുന്നതിന്‍റെ പത്തിരട്ടി ഉണ്ടാക്കാന്‍ ഇവര്‍ മതി”

നിഷ്കളങ്കരായി ഉറങ്ങുന്ന കുട്ടികള്‍ക്കരികിലേക്ക് അയാളെത്തി.മൂത്തവളെ തന്‍റെ ബെഡ്റൂമിലേക്ക്‌ കൊണ്ടുപോയി.വസ്ത്രങ്ങളഴിച്ചിട്ടും അവള്‍ ഉണരുന്നില്ലെന്നു കണ്ട് അയാള്‍ ഊറിച്ചിരിച്ചു.ക്യാമറ ഓണല്ലേയെന്നു ഉറപ്പുവരുത്തി അയാള്‍ പീഡനകല ആരംഭിച്ചു.അവളെ ആഹരിച്ചു മതിയായപ്പോള്‍ അയാളവളെ ഒരു മൂലയിലേക്കിട്ടു.തൊലി കളഞ്ഞ ചെമ്മീനെപ്പോലെ അവള്‍ ബോധശൂന്യയായി ചുരുണ്ടുകിടന്നു.ആറാം വയസ്സുകാരിയെയും ഭക്ഷിച്ച്,ഏമ്പക്കം വിട്ട് അയാള്‍ സംതൃപ്തിയോടെ ഉറങ്ങാന്‍ കിടന്നു,ഏസിത്തണുപ്പില്‍ ചേരട്ടയെപ്പോലെ ചുരുണ്ടു കിടക്കുന്ന ആ നിസ്സഹായരുടെ നഗ്നത ക്യാമറ മതിവരാതെ ഒപ്പിയെടുത്തുകൊണ്ടിരുന്നു..      

2012 മേയ് 16, ബുധനാഴ്‌ച


പരിണാമം                                കവിത

എട്ട് നിലയുള്ള കൂറ്റന്‍ ആശുപത്രിക്കു മുന്നിലെത്തിയപ്പോഴേക്കും

ഞാന്‍ പൂര്‍ണമായും തൊലി ചുളിഞ്ഞ ഒരോറഞ്ചായിക്കഴിഞ്ഞിരുന്നു

ദിവസം 1500 രൂപ വാടകയുള്ള സാദാറൂം

അതിലുമെത്രയോ മടങ്ങ്‌ കൂടുതലുള്ള ഐ സി യു

രണ്ടു ദിവസം റൂമില്‍ കിടന്നപ്പോഴേക്ക് യന്ത്രങ്ങള്‍ പിണങ്ങി

കുടല്‍ പ്രവര്‍ത്തിക്കുന്നില്ല ഉടന്‍ ഐ സി യു

ഡോക്ടര്‍മാര്‍ എന്നെ ശക്തിയായി പിഴിഞ്ഞു

മധുരമുള്ളതൊന്നും പിന്നെ ഉള്ളില്‍ ശേഷിച്ചില്ല

വിറ്റും ഇരന്നും ബില്ലുകള്‍ അടച്ചുകൊണ്ടിരുന്നു

ചുളിഞ്ഞ തൊലിക്കുള്ളില്‍ നീരും മധുരവും നഷ്ടപ്പെട്ട വെറും ചണ്ടി

ആഴ്ചകള്‍ മാസങ്ങളിലേക്ക് ഇഴഞ്ഞു,ഒടുക്കം വിധിയെത്തി

യന്ത്രങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ല,കുടല്‍ കരള്‍ കിഡ്നി എല്ലാം ഫെയിലാണ്

ഡയാലിസിസ് ഇനി എശുകയില്ല .........................

നടന്നുവന്നവന്‍ സ്ട്രെക്ച്ചറില്‍ കണ്ണ് തുറിച്ച്,ചോരയും നീരുമില്ലാതെ

നഴ്സുമാരെയും ഡോക്ടര്‍മാരെയും കണ്ട്

വരാന്തയിലൂടെ ഉരുണ്ടു നീങ്ങി

ഡോക്ടര്‍മാര്‍ക്കെല്ലാം രക്തരക്ഷസ്സിന്‍റെ കോമ്പല്ലുകള്‍....

ചോരയുണങ്ങാത്ത ചുണ്ടുകള്‍ ...

ഇപ്പോള്‍ ഈ ചായ്പില്‍ വാടകക്കാരനായി,

പാലിയേറ്റീവിന്‍റെ ഗുളികകള്‍ വിഴുങ്ങി

വിരുന്നുകാരനെയും കാത്തുകിടപ്പാണ്

ചണ്ടിയെ തൂത്തുവാരിക്കൊണ്ടു പോകാന്‍ ഏതായാലും

വിരുന്നുകാരന് ഏറെ കഷ്ടപ്പെടേണ്ടി വരില്ല!

2012 മേയ് 3, വ്യാഴാഴ്‌ച


വഴിയോരം

മുമ്പെന്നോ വായിച്ച ഒരു കഥ പിന്നീടെപ്പഴോ കസേരയിട്ട് ജീവിതത്തിലേക്ക്‌ കടന്നിരിക്കുക!അങ്ങനൊരനുഭവം എല്ലാവര്‍ക്കും ഉണ്ടാവില്ല.കോളേജില്‍ പഠിക്കുമ്പോള്‍ ആവണം വഴിയോരം എന്ന ആ കഥ വായിച്ചത്.കഥയുടെ പ്രേതം ആമപോലെ തന്‍റെ കൂടെ ഇഴയുന്നുണ്ടെന്നു ചോരച്ച ഈ ആമക്കാലുകള്‍ കാണുമ്പോള്‍ മാത്രമാണറിയുന്നത്.വിണ്ടുകീറിയ പുറന്തോട് കോക്രികാട്ടി ചിരിക്കുന്നു.അവസാനം തെരുവിലെക്കിറങ്ങേണ്ടി വന്ന ഒരു പെങ്ങളുടെ കഥയായിരുന്നു അത്.അച്ഛനും അമ്മയും മരിച്ചതോടെ ച്യുയിംഗം പോലെ ചവച്ചെറിയപ്പെട്ട ആ ജീവിതം തെരുവിന്‍റെ മുള്ളിലേക്കിറങ്ങേണ്ടി വന്നു.അത്ര നാളും മറ്റുള്ളവര്‍ക്കായി ചെയ്ത വേലകളുടെ പ്രതിഫലം.

കരയുന്ന ചിലങ്കയായിരുന്നു അവളുടെ മനസ്സ്‌.കിലും കിലും എന്ന് കാണികള്‍ക്കത് ഹര്‍ഷാരവം നല്‍കിയപ്പോള്‍ ഓട്ടുമണികളുടെ ഉളളില്‍ കണ്ണീര്‍ തുള്ളിയുതിര്‍ത്തു.മുഷിഞ്ഞ വസ്ത്രം അവളെ നോക്കി വാടിയ ചിരി ചിരിച്ചു.ജോലി ഉണ്ടായിരുന്ന അന്ന് ഇങ്ങനെയൊന്നും നടന്നതല്ല.പെന്‍ഷന്‍ അവന്‍ പോയി വാങ്ങും.ഒപ്പിനുവേണ്ടിയാണ് പലപ്പോഴും നെടുനാള്‍ നീളുന്ന വഴക്ക്.ഇപ്പോള്‍ ഇത്തിരി മണ്ണുള്ളതും കൈക്കലാക്കണമെന്നാണ് അവന്‍റെ ആര്‍ത്തി.വഴിയോരത്ത്‌ ചടഞ്ഞിരിക്കുമ്പോള്‍ ഒരാള്‍ പതുക്കെ നടന്നു വരുന്നു.ഭൂതകാലത്തില്‍ നിന്നൊരു ചരട് അവളെ തൊട്ടു.”ഏയ്‌”പതിഞ്ഞ ശബ്ദത്തില്‍ അവര്‍ വിളിച്ചു.ചിതറിയ തേങ്ങല്‍ പോലെ അതയാളെ സ്പര്‍ശിച്ചു.തീക്ഷ്ണത വറ്റിത്തീരാത്ത ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവര്‍.അങ്ങനെ നോക്കാനാഗ്രഹിച്ച കാലത്ത്‌ അവര്‍ക്കതിന് അനുവാദമുണ്ടായിരുന്നില്ല.കോളേജിന്‍റെ നെടുങ്കന്‍ ഭിത്തികളും ജയില്‍ നിയമങ്ങളും പ്രേമത്തെ ഒരിക്കലും തളിര്‍പ്പിക്കുമായിരുന്നില്ല.ചാടിക്കേറി ചുറ്റിപ്പിണഞ്ഞു വളരാനുള്ള സാമര്‍ത്ഥ്യം വള്ളിക്കൊട്ടു ണ്ടായതുമില്ല.നാണം കുണുങ്ങി,ഇല കൂമ്പി അതൊട്ടുകാലം ആ വഴിയോരത്തു തന്നെയായിരുന്നു കിടപ്പ്.കടന്നുപോകുന്നവരുടെയെല്ലാം ആട്ടും തുപ്പും ചവിട്ടും കൊണ്ട്..എങ്ങനെ സഹിക്കുന്നു ആത്മാവിതെല്ലാം?രണ്ടു തവണയും ഭര്‍ത്താവെന്ന എകാധിപതികള്‍ പിന്‍കാലാല്‍ തോഴിച്ചെറിഞ്ഞപ്പോഴും അതിശയിച്ചു;എങ്ങനെ സഹിക്കുന്നു ആത്മാവ് ഈ നിരാസങ്ങളത്രയും?കിടപ്പറയില്‍ വിദഗ്ധയല്ലാത്തതായിരുന്നു കുറ്റം.ആ മുഖങ്ങള്‍ ശരീരത്തിലേക്ക് ആവേശത്തിന്‍റെ തീക്കട്ടകള്‍ കോരിയിടുന്നതിനു പകരം ഒരിക്കലും നിലക്കാത്ത ദുഃഖത്തിന്‍റെ മഞ്ഞുപെയ്ത്തുകേന്ദ്രമാക്കി .ഒരു മരക്കഷണം പോലെ നിര്‍വികാരയായി .ഇപ്പോള്‍ ആ കണ്ണുകള്‍ ദര്‍ശിച്ച മാത്രയില്‍,ഒരിക്കലും മരമറിയാതെ വളര്‍ന്ന കുഞ്ഞുപ്രേമം വീണ്ടും തല നീട്ടുന്നു.ചുറ്റിപ്പിടിക്കാനാഞ്ഞിട്ടും ദൂരേന്ന് മരത്തെ നോക്കിയിരിക്കാനേ വിധിയുണ്ടായുള്ളൂ.”മനസ്സിലായോ എന്നെ?പണ്ട് കോളേജ്‌മാഗസിനിലേ ക്ക് എഴുതിയ കഥ വായിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.”

“ഏതു കോളേജീന്ന്?”മറവിയുടെ ആ ചവര്‍പ്പുമണം അവരെ നൊമ്പരപ്പെടുത്തി.എന്നാലും സായാഹ്നത്തില്‍ കിട്ടിയ ഈ അവസരം നഷ്ട്ടപ്പെടുത്തിക്കൂടാ.”ഓര്‍മയില്ലേ,കുട്ടികള്‍ ജയില്‍കോളെജെന്നാണ് വിളിച്ചിരുന്നത്‌.ഇനിയും എഴുതണം എന്നൊരു മധുരവാക്ക് എഴുതിത്തന്നിരുന്നു.”ആ –നീണ്ട ഒരു കോട്ടുവായിലൂടെ അയാള്‍ പ്രതികരിച്ചു.വായില്‍ അവിടവിടെയായേ പല്ലുള്ളൂ.കണ്ടുമുട്ടാന്‍ പറ്റിയ പ്രായം തന്നെ.പുച്ഛം അവരുടെയുള്ളില്‍ തുപ്പല്‍ തെറിപ്പിച്ചു.”സാറ് മലയാളമല്ലേ പഠിപ്പിച്ചിരുന്നത്?കോളേജില്‍ നിന്ന് പോയതില്‍ പിന്നെ സ്കൂളിലാണ് കിട്ടിയതെന്ന് ഓര്‍ക്കുന്നു.ഭാര്യ ഇപ്പൊ എന്ത് ചെയ്യുന്നു?”

മലവെള്ളപ്പാച്ചില്‍ പോലുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ ആടിയുലഞ്ഞു പിന്നെയും പിന്നെയും മറവിയുടെ മഞ്ഞുകൊട്ടാരത്തിലേക്ക് നൂണ്ടു.ഒടുക്കം പതുക്കെ പറഞ്ഞു;”ഇങ്ങള് വേറാരോന്നു കരുതീട്ടാ ഇന്നോട് വര്‍ത്താനം പറയണ്.”

“ആ ഭാണ്ഡത്തിലെന്താ?”അത് ശ്രദ്ധിക്കാതെ അവര്‍ ചോദിച്ചു.അയാള്‍ പതുക്കെ അതഴിച്ചു.നേര്‍ത്തുനീണ്ട മനോഹരമായിരുന്ന വിരലുകള്‍ വൈരൂപ്യത്തോടെ വിറച്ചു.ഓര്‍മയുടെ പോടി പിടിച്ച ചില്ലുകള്‍ പൊട്ടിയും പോടിഞ്ഞും താഴെ വീണു.നല്ല കാലത്തെ കല്യാണചിത്രം.ആ ഫോട്ടോയൊന്നും വേണ്ടി വന്നില്ല തനിക്ക് തിരിച്ചറിയാന്‍.അവര്‍ ദീര്‍ഘമായി നിശ്വസിച്ചു.കുറെ നല്ല പുസ്തകങ്ങള്‍,മക്കളുടെ മങ്ങിത്തുടങ്ങിയ കളര്‍ഫോട്ടോ...”അവര്‍ വലുതായതിന്‍റെ ചിത്രമൊന്നുമില്ലേ?”ചിരപരിചിതയായി തന്‍റെ ജീവിതത്തിലേക്കൊരു കിളിവാതിലും വച്ചിരിക്കുന്ന ആ അപരിചിതയെ അയാള്‍ പകപ്പോടെ വീണ്ടും വീണ്ടും നോക്കി.”ഇനീപ്പോ എത്ര ഫോട്ടോ ഉണ്ടായിട്ടെന്താ?മനസ്സീന്നു നിറം വാര്‍ന്നു മാഞ്ഞുപോവാ എല്ലാരും.ഓര്‍ക്കാനിഷ്ടപ്പെടാത്തവരൊക്കെയും..വെളുത്ത ഒരു തിരശ്ശീല മാത്രം മനസ്സിലങ്ങനെ ഇളകുന്നു.ഒരു കറുത്ത വര പോലുമില്ലാതെ..”ആ പൊട്ടുചില്ലുകള്‍ക്കിടയില്‍ ഒരു തരിയെങ്കിലും തന്നെ ഓര്‍മിപ്പിക്കുന്നതായെങ്കിലെന്നു അവരാഗ്രഹിച്ചുപോയി.ഒരിക്കലും അടയാളപ്പെടുത്തപ്പെടാതെ പോയ വിളര്‍ത്ത ജീവിതത്തിന് സന്തോഷിക്കാന്‍ അതില്‍ പരമെന്തു വേണം?സാര്‍ഥമായി ജന്മം എന്ന് ഹര്‍ഷത്തോടെ  വിളിച്ചു കൂവാന്‍..ഈ ഭൂമിയിലാരുടെയും ഓര്‍മയില്‍ താനെന്നൊരു പെന്‍സില്‍ രേഖ ബാക്കിയാവാതിരുന്നതെന്തേ?ഭാണ്ഡം വീണ്ടും മുറുക്കിക്കെട്ടുമ്പോള്‍ അവരുടെ കവിളില്‍ കണ്ണീര്‍കണങ്ങള്‍ മുട്ടിയുരുമ്മി.അപ്പോഴതാ അവരെ വിസ്മയിപ്പിച്ചു കൊണ്ട് മറ്റൊരു തുണി സഞ്ചിയില്‍ ആ കോളേജ്മാഗസിന്‍!അച്ചടിമഷി പുരണ്ട തന്‍റെ ആദ്യ സൃഷ്ടി അതില്‍ പൊടി പിടിച്ചു വൈകല്യം ബാധിച്ചു കിടപ്പുണ്ടാവും.പോകാനായി എഴുന്നേറ്റ അയാളെ തടുത്തുകൊണ്ട് അവളാ പുസ്തകം വലിച്ചെടുത്ത് ധൃതിയോടെ പേജുകള്‍ മറിച്ചു.അതാ!സന്തോഷം കൊണ്ട് അവര്‍ക്ക് കൂക്കി വിളിക്കണമെന്ന് തോന്നി.ആ പേജ് ചുവന്ന മഷിയാല്‍ കോളം വരക്കപ്പെട്ടിരുന്നു.നല്ല പ്രയോഗങ്ങളെല്ലാം അടിവരയാല്‍ അലങ്കരിക്കപ്പെട്ടിരുന്നു.പ്രതിഭയുടെ കനലാട്ടമുണ്ട്,ശ്രമിച്ചാല്‍ ഉയരാം എന്നൊരു കുറിപ്പ് എഴുതി ചേര്‍ക്കപ്പെട്ടിരുന്നു.മൂര്‍ച്ച വറ്റിത്തുടങ്ങിയ കണ്ണുകള്‍ പിന്നെയും തിരഞ്ഞു,പ്രാര്‍ഥനയോടെ..സ്നേഹിച്ചിരുന്നു ഞാനാ മൃദുലരൂപത്തെ എന്നോ മറ്റോ..ഇല്ല ഒരിടത്തുമില്ല.വെറുമൊരു ഉള്ളിത്തോല്‍..കീറിപ്പോയ മുള്ളില്‍ കുടുങ്ങിയ വെറുമൊരു പട്ടം..കാട്ടുമുള്ളല്ലാതെ മറ്റൊന്നും സഹവാസത്തിനുണ്ടാവില്ല.അവളാ പേജ് അയാളുടെ നേരെ പിടിച്ചു.”ഇതോ,”ശുഷ്ക്കിച്ച കണ്ണുകളാല്‍ അയാള്‍ പരതി.കവിതകളും കഥകളും കുറുകിയിരുന്ന കണ്ണുകള്‍ പീള കെട്ടി കോലം കെട്ടുപോയി.”ഇതോ ,പണ്ട് പഠിപ്പിച്ചിരുന്ന ഒരു കോളേജിലെ കുട്ടിയാ.ഇഷ്ടായിരുന്നു,ഒരിക്കലും നിറവേറാത്ത ഇഷ്ടങ്ങളുടെ ഒരു പ്രേതാലയമാ മനസ്സ്..”ഉറക്കെ കരയണമെന്നും അയാളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കണമെന്നും അവര്‍ തീവ്രമായി ആഗ്രഹിച്ചു.ചുളുങ്ങി തൂങ്ങിയാടുന്ന തൊലി,അവിടവിടെ ബാക്കിയായ പല്ലിന്‍കുറ്റികള്‍..ആളുകള്‍ക്ക് ഇത്ര നല്ലൊരു കാഴ്ച വേറെയുണ്ടാവില്ല..എന്നാലും..ഒരു പാട് വൈകി കിട്ടിയ ആ മധുരം എന്ത് ചെയ്യേണ്ടൂ എന്നറിയാതെ അവര്‍ വിതുമ്പി..എത്ര മേല്‍ മാറുമായിരുന്നു ഈ യാത്ര,അന്നാ തരു ഈ ലതയെ ചുറ്റിപ്പിടിച്ചിരുന്നെങ്കില്‍..മനസ്സിലെ തല്ലിക്കെടുത്തിയ ഉറവകളത്രയും കളകളാ ശബ്ദത്തോടെ നൃത്തം വച്ചേനെ..നിശബ്ദമാക്കപ്പെട്ട വാക്കുകളൊക്കെയും നിലവിളിച്ചും ചിരിച്ചും ഓടിയെത്തിയേനെ..മുമ്പ്‌ ശരീരം പങ്കുവെച്ച കല്‍മുഖങ്ങള്‍ അവളെ ഓര്‍മകളുടെ അമ്മിക്കല്ലാല്‍ പ്രഹരിച്ചു.മതി,അയാളെഴുന്നേല്‍ക്കവേ  അവര്‍ പറഞ്ഞു.”വഴിയോരത്ത്‌ പുഴുവരിക്കോളം ഇരുന്നാലും എനിക്കിനി പരാതിയില്ല.ജീവിതം ആദ്യമായി ഒരു ഹലുവാക്കഷ്ണം തന്നിരിക്കുന്നു.എത്ര വായിലിട്ടാലും മധുരം തീരാത്തത്.പോവാതിരുന്നൂടെ?ഇനിയെങ്കിലും നമുക്കൊരുമിച്ച് വഴിയോരക്കാഴ്ചകള്‍ കണ്ടിരിക്കാം.”കോര്‍ക്കപ്പെട്ട അവരുടെ വിരലുകള്‍ പതുക്കെ അഴിച്ചു മാറ്റി അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.”ഒരിക്കലെങ്കിലും,ഈ യാത്രയില്‍ വാടിക്കൊഴിയും മുമ്പേ അവളെ കണ്ടെത്തുമെന്ന് മനസ്സ് പറയുന്നു.ചിലപ്പോ വലിയൊരു വീട്ടിലാവും.വെള്ളം കുടിക്കാനോ മറ്റോ ചെല്ലുമ്പോ ഒന്ന് കാണാലോ ജനലിലൂടെ...അവള്‍ക്ക് ആര്‍ത്തു കരയണമെന്നു തോന്നി.”അത് ഞാനാണ്”-വാക്കുകള്‍ തൊണ്ടയില്‍ നിന്ന് നുരുമ്പിച്ചുവീണു,ചടച്ച ആ പേക്കോലത്തെ അയാള്‍ ഒട്ടിട നോക്കി.വെളുത്ത തിരശ്ശീല പിന്നെയും അയാളുടെ മനസ്സില്‍ ഇളകിയിരിക്കണം.പിറുപിറുത്തുകൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു:”ഛെ,ഇതെങ്ങനെ അവളാവും?ഇതേതോ കറുത്ത അണ്ണാച്ചി.വെളുത്തിട്ടായിരുന്നല്ലോ അവള്‍,വെളുത്ത് റോസ് നിറത്തില്‍..