പരിണാമം
കവിത
എട്ട് നിലയുള്ള കൂറ്റന്‍ ആശുപത്രിക്കു
മുന്നിലെത്തിയപ്പോഴേക്കും
ഞാന്‍ പൂര്‍ണമായും തൊലി ചുളിഞ്ഞ
ഒരോറഞ്ചായിക്കഴിഞ്ഞിരുന്നു
ദിവസം 1500 രൂപ
വാടകയുള്ള സാദാറൂം
അതിലുമെത്രയോ മടങ്ങ് കൂടുതലുള്ള ഐ സി യു
രണ്ടു ദിവസം റൂമില്‍ കിടന്നപ്പോഴേക്ക്
യന്ത്രങ്ങള്‍ പിണങ്ങി
കുടല്‍ പ്രവര്‍ത്തിക്കുന്നില്ല ഉടന്‍ ഐ സി യു
ഡോക്ടര്‍മാര്‍ എന്നെ ശക്തിയായി പിഴിഞ്ഞു
മധുരമുള്ളതൊന്നും പിന്നെ ഉള്ളില്‍ ശേഷിച്ചില്ല
വിറ്റും ഇരന്നും ബില്ലുകള്‍ അടച്ചുകൊണ്ടിരുന്നു
ചുളിഞ്ഞ തൊലിക്കുള്ളില്‍ നീരും മധുരവും
നഷ്ടപ്പെട്ട വെറും ചണ്ടി
ആഴ്ചകള്‍ മാസങ്ങളിലേക്ക് ഇഴഞ്ഞു,ഒടുക്കം
വിധിയെത്തി
യന്ത്രങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ല,കുടല്‍
കരള്‍ കിഡ്നി എല്ലാം ഫെയിലാണ്
ഡയാലിസിസ് ഇനി എശുകയില്ല
.........................
നടന്നുവന്നവന്‍ സ്ട്രെക്ച്ചറില്‍ കണ്ണ്
തുറിച്ച്,ചോരയും നീരുമില്ലാതെ
നഴ്സുമാരെയും ഡോക്ടര്‍മാരെയും കണ്ട്
വരാന്തയിലൂടെ ഉരുണ്ടു നീങ്ങി
ഡോക്ടര്‍മാര്‍ക്കെല്ലാം രക്തരക്ഷസ്സിന്‍റെ
കോമ്പല്ലുകള്‍....
ചോരയുണങ്ങാത്ത ചുണ്ടുകള്‍ ...
ഇപ്പോള്‍ ഈ ചായ്പില്‍ വാടകക്കാരനായി,
പാലിയേറ്റീവിന്‍റെ ഗുളികകള്‍ വിഴുങ്ങി
വിരുന്നുകാരനെയും കാത്തുകിടപ്പാണ്
ചണ്ടിയെ തൂത്തുവാരിക്കൊണ്ടു പോകാന്‍ ഏതായാലും
വിരുന്നുകാരന് ഏറെ കഷ്ടപ്പെടേണ്ടി വരില്ല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ