ക്യാസറ്റുകള്‍ കഥ
പഴയ
തറവാടിന്‍റെ തൊടിയില്‍,പുതിയ വീട്ടുകാരാകണം-ഉപേക്ഷിച്ച കുറെ ക്യാസറ്റുകളുമായി
അനിയന്‍ ഒരു ദിവസം വന്നു പറഞ്ഞു;നോക്ക് നല്ല ടിഡികെ ക്യാസറ്റുകളാ.കൂട്ടിലായതോണ്ട്
കേടൊന്നും പറ്റിക്കാണില്ല.ഇട്ടു നോക്ക് പഴയ പാട്ടുകളാവും.”പഴയ പാട്ടുകളോടുള്ള എന്‍റെ
ഭ്രമം അവനും അറിയാം.രണ്ടു മാസത്തോളം അതിന്‍റെ ചില്ലുകൂടുകള്‍ കുട്ടികള്‍ക്ക്
കളിക്കോപ്പായി.നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന അതിന്‍റെ ടപ്പേ ശബ്ദമാണ്
അവരെ ആകര്‍ഷിച്ചത്.ഒരു രാത്രി-വിഷാദവിഷം കുത്തിക്കയറ്റുന്ന സിറിഞ്ചുകളുമായി
ഏകാന്തതയുടെ കൊതുകുകള്‍ എനിക്ക് ചുറ്റും മ്..എന്ന് മൂളാന്‍ തുടങ്ങിയപ്പോള്‍ വെറുതെ
ആ ക്യാസറ്റുകള്‍ ഇട്ടു നോക്കി.അന്തം വിട്ടുപോയി!”ചൈത്രം ചായം ചാലിച്ചു..പാടുവാനായ്
വന്നു നിന്‍റെ പടിവാതില്‍ക്കല്‍..തൊഴുതു മടങ്ങും സന്ധ്യയുമേതോ..ആത്മാവില്‍
എന്നെന്നും കൊളുത്തി വെച്ച ചെരാതുകളായ
അനശ്വര ഗാനങ്ങള്‍!ആര്‍ക്കാണവ മണ്ണിലേക്ക് വലിച്ചെറിയാന്‍ ധൈര്യം
വന്നത്?പുതിയ പുതിയ യന്ത്രങ്ങളുടെ കടന്നുകയറ്റത്തില്‍ ടേപ്പ്‌റെക്കോര്‍ഡര്‍ എന്നേ
വീടിന്‍റെ മാറാല പിടിച്ച അട്ടങ്ങളിലേക്ക് വിട വാങ്ങിയെങ്കിലും..ആരോ തല്ലിയപോലെ
നൊമ്പരം എന്നെ അടിമുടി ഉലച്ചു.
ഞങ്ങളുടെയാ
പഴയ തറവാട് അനേകം തൊടികള്‍ നടന്നും കയറിയും എത്തേണ്ട ഒരു കയറ്റത്തിലായിരുന്നു.ആരോ
വളരെ മുമ്പ് ഒരു കുന്നിനെ ഇടിച്ചിടിച്ച് തോടികളാക്കിയതാണോ എന്തോ.അക്കാലം
ജെസിബിയുടെതല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയില്ല.ബാല്യത്തിന്‍റെ
കൌതുകച്ചെപ്പുകളത്രയും ആ വീടാണ് ഏറ്റു വാങ്ങിയത്.വലിയവരുടെ ആക്രോശങ്ങളില്‍ ഭയന്ന്
വിറക്കുമ്പോള്‍ ആ വേദനയും ഏറ്റു വാങ്ങിയത് ആ വീടിന്‍റെ വയസ്സന്‍ കൈകളാണ്.അവിടവിടെ
അടര്‍ന്ന മണ്‍നിലത്ത് ഞാഞ്ഞൂലുകള്‍ ഇടയ്ക്കിടെ തല പൊന്തിച്ചു.ഇളകുന്ന മരക്കോണി
കുരുടീസു പാകിയ വലിയൊരു ഹാളായ മാളികയിലേക്ക് ഇടറിക്കൊണ്ട് എല്ലാവരെയും
എത്തിച്ചു.സാധനങ്ങള്‍ സൂക്ഷിക്കുന്ന കുണ്ടമുറി ഒളിച്ചു കളിക്കുമ്പോള്‍ നല്ലൊരു
ഒളിസങ്കേതമായി.നടന്നാല്‍ തീരാത്ത പറമ്പുകളും കുന്നുകളും എന്നും വിസ്മയച്ചെപ്പുകള്‍
തുറന്നുവെച്ചു.”ഇരട്ടക്കുന്നില്‍ ചുടലയുണ്ട്.അങ്ങോട്ട് പോകരുത്”-മുതിര്‍ന്നവരുടെ
ശാസനകള്‍ അവരുടെ അസാന്നിധ്യത്തില്‍ എറിഞ്ഞു കളയാനുള്ള ചരല്‍കല്ലുകളായി.പറങ്കിമാവിന്‍റെ
മുകളില്‍ നിന്ന് ശറേന്നു ഉരസിയിറങ്ങി മേലാകെ മുറിഞ്ഞാണ് ഒരു ദിവസം ഇക്കാക്ക കുന്ന്
ഓടിയിറങ്ങിയത്.പിന്നാലെ അനുയായികളായി ഞങ്ങളും,നാവു നീട്ടിയ ഒരു കറുത്ത നായയെ
കണ്ടതായിരുന്നു കാരണം.ചുടലപ്പറമ്പില്‍ നിന്നിറങ്ങി വരുന്ന പ്രേതമാണതെന്ന് ഞങ്ങള്‍
കണിശമായും ഉറപ്പിച്ചു.പറമ്പില്‍ ചിലയിടങ്ങളില്‍ ഉറക്കെ ചവിട്ടിയാല്‍ ഡുംഡും ഒച്ച
കേള്‍ക്കാം,നിധിയുള്ളതോണ്ടാ,മുതിര്‍ന്നവര്‍ പറഞ്ഞു.ദാരിദ്ര്യത്തിന്‍റെ വ്യാധി
എങ്ങും പടര്‍ന്നുപിടിച്ച അക്കാലത്ത് നിധി ഏറ്റവും വലിയ പ്രലോഭനം തന്നെയായിരുന്നു.
പിന്നീട്
തുണ്ടംതുണ്ടമായി വീതിക്കപ്പെട്ട ആ പറമ്പുകളെ ജെസിബിയുടെ ഇരുമ്പുകൈകള്‍
മാന്തിപ്പറിച്ചു.തെങ്ങുകള്‍,പാറകള്‍,മരങ്ങള്‍ എല്ലാം പഞ്ഞിക്കഷ്ണങ്ങള്‍പോലെ
തൂത്തെറിയപ്പെട്ടു.ഇരട്ടക്കുന്നിലെ ചുടല താഴേക്കിറങ്ങി വന്നത്പോലെ ഒരു പെരുംശൂന്യത
പിന്നെ അവിടെയാകെ വ്യാപിച്ചു.പുതിയ വീടുകള്‍ അടഞ്ഞ വാതിലുകളുമായി ആ നിരന്ന
സ്ഥലങ്ങളില്‍ സ്ഥാനംപിടിച്ചു.അങ്ങനെ ഒരു വീട്ടില്‍ നിന്നാവും ബാക്കിയായ ഞങ്ങളുടെ
തൊടിയിലേക്ക് ഈ ക്യാസറ്റുകള്‍ നിഷ്കരുണം വലിച്ചെറിയപ്പെട്ടത്.പുതിയ വീടുകളില്‍
ശല്യങ്ങളായിത്തീര്‍ന്ന ഈ പഴയ സാധനങ്ങള്‍..ആരായിരിക്കും അതുവാങ്ങിയിരിക്കുക?മെക്ക
എന്ന സീല്‍ കാണുന്നത്കൊണ്ട് ആളൊരു ഗള്‍ഫ്‌കാരനാവും.അല്ലെങ്കില്‍ ഒരു പ്രവാസി
കൊടുത്തയച്ചതാവും.ആള്‍ സഹൃദയനായിരിക്കും.ഒരുദിവസം-ചിന്തകളുടെ വേലിയേറ്റത്തില്‍ ഒരു
പൊങ്ങുതടി പോലെ കേറിയും മറിഞ്ഞും നീങ്ങവെ കേട്ടു മറ്റൊരു ന്യുസ്;പഴയൊരു പരിചയക്കാരിയായിരുന്നു
ആ വാര്‍ത്താവാഹക.പുതിയ വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഒരു കഥയുടെ
വെറ്റിലച്ചെല്ലം തുറന്നു.”കൊണ്ടോട്ടീന്നു വന്നോരാ”
“എന്തേ
ഓലവിടുന്ന്‍ പോന്നു?”-ജിജ്ഞാസ മുഴുവന്‍ ക്യാസറ്റിനെക്കുറിച്ചായിരുന്നു.”ആ,ആര്‍ക്കറ്യാ.സുഖല്ലാത്ത
ഒരുപെങ്ങള് ഓനുണ്ടായ്നി.മാപ്പള ഗള്‍ഫ്‌ന്ന് മരിച്ചപ്പം മൊതല് തൊടങ്ങ്യതാണെലോ
മനസ്ന്‍റെ സൂക്കട്.അപ്പെണ്ണിനു എന്തോ ഉദ്യോഗൊക്കെ ഒണ്ടാര്‍ന്നു.അയ്ന്‍റെ മവ്ത്ത്
കയിഞ്ഞപ്പളാ ഓല് ഇങ്ങട്ട് പോന്നത്.മൂന്നാല് കൊല്ലം വല്ലാത്ത മുസീബത്തെയ്നീന്ന്
അപ്പെരക്കാരത്തി എപ്പളും പറയും.ശ്ലഥമായിരുന്ന എന്‍റെ സങ്കല്പ്പചിത്രങ്ങള്‍ക്ക്
ഇപ്പോള്‍ ചോരയിറ്റുന്ന ഒരു മുഖം,ശരീരം എല്ലാം കൈവന്നു.ആത്മാവുകള്‍ കൊരുത്ത ഒരു
സ്നേഹത്തിന്‍റെ പൊന്‍നൂല്‍ എന്‍റെ മുന്നില്‍ ദുര്‍ബലമായി ആടി.സ്വര്‍ണമായാലും
അതേതുനിമിഷവും അറ്റുവീണേക്കും.നശ്വരലോകത്തെ ബന്ധങ്ങളുടെ സ്വഭാവമാണത്.എന്നും
പാട്ടുകേട്ടിരുന്ന ആ പെണ്‍കുട്ടി അലറി വിളിക്കുന്നത്,പൊട്ടിച്ചിരിക്കുന്നത്,എല്ലാം
ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞു.ജീവിതമെന്ന ഈ മുഴുത്ത നെല്ലിക്കയില്‍ ഏതാണ്
കൂടുതല്‍;കയ്പോ,ചവര്‍പ്പോ മധുരമോ?ക്യാസറ്റുകള്‍ പിന്നീട് സ്പര്‍ശിച്ചപ്പോഴൊക്കെ ഒരു
സങ്കടക്കിളി എന്‍റെ നെഞ്ച് കൊത്തിപ്പറിച്ചു.ചിറകുലച്ച്,അത് ഏതുനേരവും
നിലവിളിച്ചുകൊണ്ടിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ