Pages

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച


വിദ്യാഭാസം.      കഥ

കാലുറക്കുള്ളില്‍ കത്തി തിരുകി,ബാഗിലേത് അതില്‍ തന്നെ ഇല്ലേയെന്നു ഉറപ്പു വരുത്തി അവന്‍ സ്കൂളിലേക്ക് പുറപ്പെട്ടു.പലരോടും കണക്ക് തീര്‍ക്കാനുണ്ട്.സിനിമയില്‍ കാണുന്ന ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല്കെട്ടി കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്റ്റൈലില്‍ സ്ക്കൂളില്‍ പോകണം.പക്ഷേ ആ നശിച്ച സ്കൂള്‍ ഒന്നിനും അനുവദിക്കില്ല,എന്തിനാണ് ഈ വൃത്തികെട്ട സ്കൂളുകള്‍?എന്തൊരു ബോറന്‍ ഏര്‍പ്പാട്.ഒരു ഗുണ്ടയുടെ യഥാര്‍ത്ഥസ്റ്റൈലില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ.ഇപ്പോ ആകെയുള്ളത് റീത്തുവാണ്.തന്‍റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി.

സിനിമയിലും കമ്പ്യൂട്ടര്‍ഗെയിമുകളിലും ശക്തന്‍ വില്ലനാണ്.എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത്.അതുകൊണ്ടെന്താണു കാര്യം?ആയകാലം നമുക്ക് വേണ്ടത് എങ്ങനെയും സമ്പാദിക്കണം.ലാവിഷായി ജീവിക്കണം.അതിനുപറ്റിയ പണി വല്ല കൊട്ടേഷനും പോവലാണ്.പോലീസ്പിടിയിലാവാതെ രക്ഷപ്പെട്ടുകൊണ്ടിരുന്നാല്‍ കോടീശ്വരനാകാം.വല്ല കള്ളക്കടത്ത്ബിസിനസ്സുമുണ്ടെങ്കില്‍ പിന്നെ പറയേംവേണ്ട.ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോ എന്നാര്‍ക്കറിയാം.മമ്മിക്ക് തന്നെ എഞ്ചിനീയറോ ഡോക്ടറോ ഐ എ എസ്കാരനോ ഒക്കെ ആക്കാനാണാഗ്രഹം.ആര് മൈന്‍ഡ്‌ ചെയ്യുന്നു.അത്രേം കഷ്ടപ്പെട്ട് പഠിച്ചാലും കിട്ടാന്‍പോണത് പണം തന്നെയല്ലേ.കാശ് നേടാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്.വേദപഠനക്ലാസില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം നല്ലതേ ചെയ്യാവൂ,നല്ലതേ വിചാരിക്കാവൂ,നല്ലതേ എല്ലാവര്‍ക്കും കൊടുക്കാവൂ..ഭ്രാന്ത്!അല്ലാതെന്ത്.എന്താണല്ലെങ്കില്‍ നല്ലതെന്നുപറഞ്ഞാല്‍?അവനവന് നല്ലത് തരുന്നത് തന്നെ നല്ലത്.മമ്മിക്ക് അച്ചനോട് കരയാനുള്ളതും അതുതന്നെ.”ഞാന്‍ അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്നത് എന്‍റെ മോന് വേണ്ടിയാണച്ചോ.അവന്‍റെ എല്ലാ കാര്യത്തിലും ഒരു കണ്ണ് വേണം.അവനെ നല്ല കുട്ടിയാക്കണം.അവന്‍റെ ഡാഡിയെപ്പോലെ അവനൊരു മൃഗമാവരുത്.ഡാഡി!അമ്മ ഒരു ഫോട്ടോപോലും കാണിച്ചിട്ടില്ല,ഡാഡിയുടെ.എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല.അതൊക്കെ പണ്ട്,ചെറിയ മൂക്കീരൊലിപ്പിക്കുന്ന പ്രായത്തില്‍.ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും താന്‍ ചോദിക്കാറില്ല.പതിനഞ്ചുവയസ്സ് അത്ര ചെറിയ പ്രായമാല്ലല്ലോ.അതെന്നല്ല ഒരു കാര്യവും കുറെയായി താന്‍ മമ്മിയോടു ചോദിക്കാറില്ല.ഗള്‍ഫില്‍ ജോലി എങ്ങനെയുണ്ടെന്നോ സുഖമാണെന്നോ ഒന്നും.തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടുകണ്ടാവും ഇടയ്ക്കിടെ അവര്‍ അച്ചനോട് കണ്ണ് നിറക്കുന്നത്.”പാറയാ അച്ചോ അവന്‍റെ മനസ്സ്.അതയാളുടെ തനിപ്പകര്‍പ്പാ.ഞാന്‍ കഷ്ടപ്പെടുന്നതൊക്കെ വെറുതെ.ഒടുക്കം പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ..”

അതു ശരിയാണ്.ക്വൊട്ടേഷന്‍സംഘത്തെ നിയന്ത്രിക്കാന്‍ പോകുന്നവന് അമ്മയെ നോക്കിയിരിക്കാനെവിടെ നേരം.അല്ലെങ്കിത്തന്നെ കുറച്ചു കാശ് ചെലവാക്കി വളര്‍ത്തീന്നുവെച്ച് വയസ്സായ അച്ഛനമ്മമാരെ ശുശ്രൂഷിക്കലാണോ മക്കള്‍ക്ക്‌ ജോലി?വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

വഴിയില്‍ വെച്ച് അജീഷിനെ കണ്ടപ്പോള്‍ തന്നെ അവന്‍ സോക്സ് തപ്പിനോക്കി ഒന്നൂടെ ഉറപ്പുവരുത്തി.ബോര്‍ഡിങ്ങില്‍ നിന്ന് അധികം ദൂരമൊന്നുമില്ല സ്കൂളിലേക്ക്.അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.എല്ലാം കഴിയുമ്പോള്‍ പോലീസ്പിടിയിലാവാതെ രക്ഷപ്പെടുകയും വേണം.തന്‍റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ദൈവമായി തന്ന ഒരവസരമാണിത്.അവന്‍ തിളങ്ങുന്ന കത്തി നീട്ടിപ്പിടിച്ച് പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന് പിറകിലെത്തി.ബാഗിന്‍റെ മറവുള്ളത്കൊണ്ട് പിന്നില്‍നിന്ന് കുത്തുക എളുപ്പമല്ല.അവനെ വട്ടം പിടിച്ച് വായ്‌പൊത്തി വേണം ആദ്യത്തെ പ്രയോഗം നടത്താന്‍.പക്ഷേ സിനിമയില്‍ കാണുമ്പോലെ അത്ര എളുപ്പത്തില്‍ അവനു കത്തി ഊരിയെടുക്കാനായില്ല.കത്തി പറിച്ചെടുത്തപ്പോഴേക്കും ചുവന്ന വെള്ളച്ചാട്ടം മുഖത്തെ പൊള്ളിച്ചു.അവനു തല കറങ്ങി,എന്നിട്ടും എങ്ങനെയൊക്കെയോ ഒരു പ്രയോഗം കൂടി..പിന്നെ വില്ലനില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭീരുവായി അവന്‍ ബോധമറ്റു വീണു.

കാലം ഒരു പാട് കറങ്ങിയിരിക്കണം,താനൊരു പാട് മുതിര്‍ന്നിരിക്കണം..കണ്ണ് തുറന്നപ്പോള്‍ അവനങ്ങനെയാണ് തോന്നിയത്.ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു..തുറിച്ചു നോക്കുന്നു..ദൂരെ നിന്ന് പോലീസ്ജീപ്പ് സൈറണ്‍ മുഴക്കി..അവന്‍ എണീറ്റോടാന്‍ ഒരു ശ്രമം നടത്തി.അപ്പോഴാണ്‌, കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു.

ജുവനൈല്‍ ഹോമിന്‍റെ ഇരുട്ടില്‍,അനേകം കുട്ടിക്കുറ്റവാളികള്‍ക്കിടയില്‍ നിസ്സംഗനായി ഇരിക്കവേ,താന്‍ വെറുമൊരു ഭീരുവായിരുന്നല്ലോ എന്നതിലവന് വല്ലാത്ത ഖേദം തോന്നി.വിചാരിച്ച പോലെ ഒന്നും നടന്നില്ല.ഗുണ്ടാത്തലവനെന്ന തന്‍റെ സ്വപ്നം..അവനു ആദ്യമായി കരച്ചില്‍ വന്നു.ടീച്ചറോട് അടി കിട്ടിയപ്പോഴേ ഉറപ്പിച്ചിരുന്നു, പേരെഴുതിയ ലീഡര്‍ അജീഷിന് ഒന്ന് കൊടുക്കാന്‍.ക്ലാസ്സില്‍ വെച്ചുണ്ടായ വഴക്കിലും അടി കൊണ്ടത്‌ തനിക്ക് തന്നെ.അപ്പോള്‍ പക്ഷേ തിരിച്ചടിച്ചെന്നു മാത്രം,ടീച്ചറിന്‍റെ പല്ല് പോയെന്നു തോന്നുന്നു.തന്‍റെ വിജയത്തിന്‍റെ ആദ്യപടിയാകുമെന്നു കരുതിയത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു.മമ്മി ആരെക്കൊണ്ടെങ്കിലുമൊക്കെ രക്ഷിക്കുമായിരിക്കും.ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്.അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ ഇരുമ്പഴികളെ തുറിച്ചു നോക്കി..  

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം എന്ന് ഒറ്റയടിക്ക് പറയാന്‍ പറ്റുന്നില്ല. കാരണം അത് കാണുന്ന ചിലരെങ്കിലും ചിന്തിച്ചേക്കും എന്തിനെയാണ് കൊള്ളാം എന്ന് പറഞ്ഞത് എന്ന്!. പല ബ്ലോഗുകളിലെയും എഴുത്തുകള്‍ വായിച്ചാല്‍ ധാരാളം അക്ഷരപ്പിശാചുകള്‍ (പിശകുകള്‍)കാണാറുണ്ട്.അത് ഈ ബ്ലോഗില്‍ കണ്ടില്ല.നല്ല അടുക്കും ചിട്ടയും ഉണ്ട്.അത് കൊള്ളാം. കൊള്ളാം എന്നല്ല-ഉഗ്രന്‍. പിന്നെ ഭാഷ..അതും ഉഗ്രന്‍. എന്നാല്‍ ഇത് ഒരു കഥയാണല്ലോ..എങ്കില്‍ ഈ കഥയിലെ ഗുണപാഠം?..അല്ലെങ്കില്‍ ലക്‌ഷ്യം?അതുമല്ലെങ്കില്‍ ഇത് വായിക്കുന്ന ഒരു കുട്ടി(വിദ്യാര്‍ഥി) ഉള്‍കൊള്ളേണ്ട മാര്‍ഗ്ഗം?...

    ആ... ചിലപ്പോള്‍ എനിക്ക് കഥകളെക്കുറിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ടായിരിക്കാം ഒന്നും വ്യക്തമാകാത്തത്...അല്ലെങ്കില്‍ സാഹിത്യവാസനയില്ലാത്തത് കൊണ്ടായിരിക്കാം.. നല്ല ആസ്വാദ്യകരമായ കഥകള്‍ വഴിയെ വരട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ