Pages

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


മരണവഴികള്‍ .                                കഥ

ഒരിരമ്പത്തോടെ ഇരുമ്പുപക്ഷി മണ്ണില്‍ കാലുറപ്പിച്ചപ്പോള്‍ അവള്‍ ഇറങ്ങാന്‍ തിടുക്കപ്പെട്ടു.ചെറിയ കുട്ടി ഉറങ്ങുകയാണ്.മൂത്തവള്‍ അപ്പോഴും വിതുമ്പുന്നു.വീട് തങ്ങള്‍ക്കായി കാത്തു വച്ച മഹാടുരന്തത്തിലേക്ക് ഇനി നിമിഷങ്ങളുടെ യാത്ര..കൂട്ടിക്കൊണ്ടു പോകാന്‍ എളാപ്പ എത്തിയിട്ടുണ്ട്.ദുഃഖത്താല്‍ തിണര്‍ത്ത മുഖം.

“എന്താണാപ്പാ ശരിക്കും എന്താ ഇണ്ടായെ?ഞാനൊരു പോള കണ്ണ് പൂട്ടീട്ടില്ല.”അവള്‍ ശബ്ദമില്ലാതെ കരഞ്ഞു.

“ഇയ്യ് ബെക്കം ബാ.നമ്മളാരും ഇവിടെ കൂടാന്‍ വന്നോരല്ലാലോ.ഓന്‍റെ കളാ എത്തുമ്പോ വരാന്ള്ളതൊക്കെ..”എളാപ്പയുടെ തൊണ്ട കിരുകിരുത്തു.വാക്കുകള്‍ ശ്വാസം മുട്ടി.അയാള്‍ തോളിലെ തോര്‍ത്തെടുത്ത് കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.വണ്ടിയില്‍ കേറുമ്പോള്‍ ഡോറില്‍ മോന്‍റെ തലയൊന്നു കൊണ്ടു.അവന്‍ കാറിക്കരയാന്‍ തുടങ്ങി.

“ഇജയ്ന് പാല് കൊടുക്ക്‌.അല്ലെങ്കി അവടെത്തുമ്പളും അത് ഹലാക്കിന്‍റെ നെലോള്യാവും.”കാത്തു നില്‍ക്കുന്ന നിശബ്ദതയെ അയാളൊരു നിമിഷം ഓര്‍ത്തു.മൌനത്തിന്‍റെ വനത്തില്‍ നിന്നാണ് ഇറങ്ങിയത്. ഇവളെ കൂട്ടി വരാന്‍ ചങ്കുറപ്പുള്ള ഒരുത്തനുമില്ല.സൌഖ്യത്തിന്‍റെ തകര്‍ന്ന കപ്പലാവശിഷ്ട്ങ്ങളില്‍ അള്ളിപിടിച്ചു വിലപിക്കയാണ് എല്ലാവരും...

“ഉപ്പല്ലാതെ ഒരു രസോല്ല ഉമ്മാ,വേഗം വരാന്‍ പറ.”മീനു മിനിഞ്ഞാന്നും പറഞ്ഞു.

“ഒരാഴ്ച അല്ലേള്ളൂ മോളെ.അവിടെ മൂത്താപ്പാന്‍റെ സ്വത്ത്കാര്യൊക്കെ തീര്‍ക്കണ്ടേ.മൈനേടെ കല്യാണം ശരിയാക്കണ്ടേ.”

മക്കളില്ലാതിരുന്ന മൂത്തച്ചന്‍ കഴിഞ്ഞ മാസമാണ് സുഖമില്ലാതെ നാട്ടില്‍ പോയത്.ആശുപത്രിയില്‍ അര മാസം വേദനാതല്‍പ്പത്തില്‍ ഒന്ന് കണ്ണടക്കാനാകാതെ..മയക്കുഗുളികകള്‍ വയറ്റിലെത്തുമ്പോള്‍ മാത്രം ഞണ്ടുകള്‍ ഇറുക്കലൊന്നു മൃദുവാക്കും.ആ മരണം കഴിഞ്ഞു താന്‍ തിരിച്ചെത്തിയതില്‍ പിന്നെയാണ് ജമാലിക്കാക്ക് ലീവ് ശരിയായത്.കൂടെത്തന്നെ ജോലി ചെയ്തിരുന്ന സഹോദരനെ അവസാനമായൊന്നു കാണാനൂടെ പറ്റിയില്ല.ഒടുക്കം സ്വദേശത്തേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം.ഇപ്പൊ എന്ത് കിടപ്പാവോ പടച്ചോനേ.അവളുടെ നെഞ്ചിലേക്ക് കനത്ത സങ്കടപ്പാളികള്‍ വന്നടിഞ്ഞു.ശ്വാസം തിങ്ങുന്നു.ആപ്പയാണെങ്കി ഒന്നും മിണ്ടുന്നൂല്ല.

“ആപ്പാ,കയ്യോ കാലോ മുറിഞ്ഞിരിക്ക്ണോ?രക്ഷപ്പെടൂന്ന് പറഞ്ഞിട്ടില്ലേ ഡോകടറ്”

“ഒന്നും പറഞ്ഞിട്ടില്ല.ഇജ്‌ തസ്ബീഹു ചെല്ലി ഇരിക്ക്.നമ്മളിപ്പോ അവടെത്തും.”

മൌനത്തിന്‍റെ ആ കാനനഭിത്തി അവളെ ഭയപ്പെടുത്തി.ഉള്ളില്‍ പേരറിയാത്ത അനേകം ഹിംസ്രജന്തുക്കള്‍..ഒരിക്കലും കാണാത്ത ഭീകരജീവികള്‍..

“ആപ്പാ,ഉപ്പാക്കും നല്ല പരിക്ക്ണ്ടോ?”

“സൈനോ,ഇജ്‌ പടച്ചോനോട് ധൈര്യം തരാന്‍ പറീ.നമ്മക്കൊന്നും നിച്ചയിക്കാനൊക്കൂല ഓന്‍റെ കളാ.”

കലങ്ങിയ വാക്കുകളുടെ ആ കൊഴുത്ത ദ്രാവകം ചങ്കിലൂടെ ഇറങ്ങുന്നില്ല.ഓക്കാനം വരുന്നു,തല മിന്നുന്നു..കുടല്‍ പറിഞ്ഞു പോകും വിധം അവള്‍ ചര്‍ദിച്ചു.വെളുത്ത്‌ കൊഴുത്ത ദ്രാവകം സീറ്റിലും കുട്ടീടെ മേലും തെറിച്ചു വീണു.എളാപ്പ അവളുടെ മുതുക്‌ തടവി,വഴിയില്‍ വണ്ടി നിര്‍ത്തി ഒരു ചുടുചായ വാങ്ങി.

“വേണ്ട ആപ്പാ,ഇതറിഞ്ഞ മുതല് ഒന്നും കഴിച്ചിട്ടില്ല.ഒന്നും വേണ്ട”ഒരു വിധമവളെ ഒരിറ്റു വെള്ളം കുടിപ്പിച്ച് അവര്‍ വീണ്ടും മുള്‍ക്കാട് താണ്ടാന്‍ തുടങ്ങി.അപ്പോഴാണ്‌ നീണ്ട ചൂളം വിളി..അടഞ്ഞ ഗേറ്റിനു മുന്നില്‍ വണ്ടികളുടെ നീണ്ട വാല്‍..

“പണ്ടാറം.എപ്പളാ നമ്മളിനി അവിടെ എത്താ.”എളാപ്പ അരിശവും സങ്കടവും ചുരുട്ടിപ്പിടിച്ചു.വേവലാതിയാല്‍ വീണ്ടും വീണ്ടും മുഖം തുടച്ചു..

മൂന്നാലു മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ പൂച്ചട്ടികള്‍ നിരത്തി മനോഹരമാക്കിയ മുറ്റത്തേക്ക് പതുക്കെ കയറിയിരുന്നു.ചില്ലിലൂടെ കാണാം കൂട്ടം കൂടിയ ആളുകള്‍.നിശബ്ദതയുടെ ഹിമപാളികള്‍..

“ആപ്പാ”തൊണ്ട മുറിയുന്ന അവളുടെ നിലവിളി അയാളെ കീറി മുറിച്ച്‌...അവള്‍ എഴുന്നേല്‍ക്കയല്ല.അറ്റു വീഴുന്ന വര്‍ണബലൂണിന് ഇനി ജീവിതമില്ല.അവളൊന്നും കണ്ടില്ല.ചില്ലിനുള്ളില്‍ മുഖം പോലും തിരിച്ചറിയാനാവാത്ത ആ പ്രിയ മുഖങ്ങളൊന്നും.മൂത്ത മകള്‍ തണുത്ത ചില്ലിനെ പൊതിഞ്ഞു പിടിച്ചു.

“ഉപ്പാ “കൂട്ടനിലവിളിയുടെ വാള്‍ത്തലപ്പുകള്‍...

അസ്രായീല്‍ മാനത്ത് വട്ടം കറങ്ങി.”മരിക്കാന്‍ വേണ്ടി മാത്രംജനിച്ചവരേ,നിങ്ങളെന്തിന് മരണത്തില്‍ നിലവിളിക്കുന്നു.അവന്‍  പരിഹാസത്തോടെ തന്‍റെ വാക്കുകളെ എറിഞ്ഞു കളിച്ചു.പരിഹാസച്ചീളുകള്‍ കൂര്‍ത്ത കാറ്റായി ഭൂമിയില്‍ വട്ടം കറങ്ങി.

“എന്തൊരു കാറ്റ്.ഇനി അവള്‍ക്കു ബോധം തെളിയോളം കാക്കണോ?പോസ്റ്റുമാര്‍ട്ടം കഴിഞ്ഞത് എത്ര നേരാ വെക്കാ..”

അവളൊന്നും അറിഞ്ഞില്ല.ചിരിച്ചു വര്‍ത്തമാനം പറഞ്ഞോണ്ട് പോകയായിരുന്ന ഉപ്പയേയും ഭര്‍ത്താവിനെയും അസ്രായീലിന്‍റെ ജീപ്പ് വന്നു ഇടിച്ചു തെറിപ്പിച്ചത്..പ്രിയതമന്‍റെ കൈ അറ്റു തെറിച്ചുപോയത്..

നാലാംനാള്‍ ഗള്‍ഫില്‍ തിരിച്ചെത്തേണ്ടിയിരുന്ന ഉപ്പ ഇതിനു വേണ്ടിയോ തനിച്ചു നാട്ടില്‍ വന്നത്.മകള്‍ ആര്‍ത്തു കരഞ്ഞു.സുഖത്തിന്‍റെ താഴ്വരയിലൂടെ യാതോരലട്ടുമില്ലാതെ നീങ്ങിയിരുന്ന ജീവിതത്തിന്‍റെ വര്‍ണവണ്ടി.. ആരാണതിലേക്ക് പെരുങ്കല്ലുകളെറിഞ്ഞത്‌.പടച്ചോനേ!എന്തിനായിരുന്നീ ക്രൂരത?

അസ്രായീല്‍ നിസ്സംഗമായ തന്‍റെ കല്‍ഹൃദയം മൃദുലമാകയാണോയെന്നു സംശയിച്ചു.ഉള്ളറയിലെവിടെയോ കണ്ണീരരുവികള്‍ നെഞ്ച് കുത്തിപ്പിളര്‍ക്കുന്നോ ഛെ,നിസ്സാരം ഇതിലും എത്ര വലിയ സീനുകള്‍ കണ്ടിരിക്കുന്നു.ബോംബ്മഴകള്‍ ,പ്രളയനൃത്തങ്ങള്‍,മരിക്കാത്ത നിലവിളികള്‍ അലച്ചാര്‍ത്തെത്തിയിട്ടും ഇളകിയിട്ടില്ല തന്‍റെ മനം,പിന്നെയാണ്...

അവന്‍ ആശുപത്രിമുറ്റത്തൂടെ ചുറ്റിത്തിരിഞ്ഞു, ഓക്സിജന്‍ മാസ്ക്ക് കൊണ്ട് ജീവബിന്ദുക്കളെ മുറുകെ പിടിച്ച ചിലരുടെ തൊണ്ടക്കുഴിയില്‍ നിന്ന് അവന്‍ ജീവന്‍റെ നേര്‍ത്ത നൂല്‍ വലിച്ചു പറിച്ചെടുത്തു.ലേബര്‍റൂമില്‍ നിലവിളിക്കുന്ന ചിലരുടെ വായ്‌ അമര്‍ത്തിപ്പിടിച്ചു.ശ്വാസം കിട്ടാതെ അവരെല്ലാം ഒരു നിമിഷം കൊണ്ട് കണ്ണും നാവും തുറിച്ചു വികൃതരൂപികളായി.പിന്നെയവന്‍ അവളുടെ അടുത്തെത്തി,പേരുപുസ്തകം തുറന്നു.അയ്യയ്യോ,സമയമായില്ലല്ലോ..നീണ്ട നാല് കൊല്ലം ഇതേ കിടപ്പ്..എന്ത് ചെയ്യാന്‍.അവന്‍ ഗൂഡമായി പുഞ്ചിരിച്ചു.ഡോക്ടറപ്പോള്‍ എളാപ്പയെ അടുത്തേക്ക്‌ വിളിച്ചു മന്ത്രിച്ചു.”ഒന്നും പറയാറായിട്ടില്ല,താങ്ങാന്‍ വയ്യാത്ത ഷോക്കാ,എത്ര കാലാ ഈ കിടപ്പെന്നു പറയ വയ്യ.കണ്ണ് നിറഞ്ഞൊഴുകുന്ന എളാപ്പയെ അലിവോടെ നോക്കി ഡോക്ടര്‍ പിന്തിരിഞ്ഞു.ഇന്നാകെയൊരു സുഖമില്ല.വയറിനുള്ളിലൂടെ എന്തോ കൊളുത്തി വലിക്കുന്നു.നഴ്സിനെ പറഞ്ഞേല്‍പ്പിച്ചു ഡോക്ടര്‍ കാറില്‍ കയറി,നേരെ സ്പെഷ്യല്‍ സ്കൂളിലേക്ക് വിട്ടു.മകനെ കാണണം.അന്തമില്ലാത്ത അവന്‍റെ ചിരി നോക്കിയിരിക്കണം.വിഡ്ഢിത്തം നിറഞ്ഞ ജീവിതമുഖത്തേക്ക് തെറിച്ചു വീഴുന്ന അവന്‍റെ ആക്രോശങ്ങള്‍,തുപ്പല്‍ചീളുകള്‍..ഡോക്ടറുടെ ഹൃദയം നൊന്തു വീര്‍ത്തു.ഒഴിവാക്കാനാവില്ല,ഒരു വിധിയും...അയാള്‍ സ്റ്റിയറിങ്ങില്‍ തല ചായ്ച്ചു.ദൂരെ ഒരു ഹംബ് കാണാനുണ്ട്.വീണ്ടും വണ്ടി വിട്ടുകൊണ്ടിരിക്കെ,അയാളുടെ പിറകിലിരിക്കയായിരുന്ന അസ്രായീല്‍ ഒട്ടച്ചാട്ടത്തിനു മുന്‍ചക്രത്തില്‍ അള്ളിപ്പിടിച്ചു,വലിയ വട്ടക്കണ്ണാല്‍ ഡോക്ടറെ നോക്കി സഹതാപത്തോടെ ചിരിച്ചു.....................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ