Pages

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അഴുക്ക് (കഥ )

 അഴുക്ക് (കഥ )

Shareefa mannisseri


പേപ്പറിൽ, മനുവിന്റെ ചിരിക്കുന്ന മുഖം ഞാൻ അമ്പരപ്പോടെ നോക്കി. മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു. കാലം വലിയ ചിത്രപ്പണികളൊന്നും ചെയ്യാതെ അവനെ വെറുതെ വിട്ടിട്ടുണ്ട് . അന്ന് കണ്ടപോലെ തന്നെയിരിക്കുന്നു. എന്റെ സഹപാഠിയാണെന്ന് ആർക്കും തോന്നുകയില്ല.

  വാർദ്ധക്യത്തിന്റെ അലമ്പുകൾ  ഓരോന്നായി എന്റെ ശരീരത്തിൽ കൂട് കൂട്ടാൻ തുടങ്ങിയിട്ട് കുറച്ചായി . അവന്റെ കണ്ണുകൾ! ഫോട്ടോയിൽ പോലും എന്തൊരു തീക്ഷ്ണ ണമാണത്. തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ലല്ലോ. സുഖലോലുപതയിൽ വളർന്ന തനിക്ക് ഒരിക്കലും അവന്റെയത്രയെളുപ്പത്തിൽ ജീവിതപ്രതിസന്ധികളെ ജയിക്കാനാവുകയില്ല. അമിതവളം എന്തിനെയും ചീയിക്കുമല്ലോ.


കോളേജിൽ അവന്റെ പാട്ടും പ്രസംഗവും പ്രസിദ്ധമായിരുന്നു. ജ്വലിക്കുന്ന ആ കണ്ണുകൾ അവന്റെ വാക്കുകൾക്ക് എന്നും മൂർച്ചയേറ്റി. ഭൂമിയെക്കുറിച്ചായിരുന്നു അവനെപ്പോഴും സംസാരിച്ചിരുന്നത്. മലിനീകരണം, പരിസ്ഥിതിനശീകരണം ഇതെല്ലാമായിരുന്നു എന്നും അവന്റെ പ്രിയവിഷയങ്ങൾ..

ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയോട് ഇഷ്ടം വന്നത് തന്നെ അവന്റെ ആലാപനം കേട്ടിട്ടായിരുന്നു. ഇടയ്ക്ക് ഒഴിവുദിനങ്ങളിൽ റൂമിലിരിക്കുമ്പോൾ ബാല്യത്തിന്റെ മധുരമൂറുന്ന ഓർമ്മകൾ ഞാൻ തട്ടിക്കുടഞ്ഞിടും. അമ്മയുടെയും അച്ഛന്റെയും വാത്സല്യത്തിന്റെ തിളങ്ങും കഥകൾ അവനെ വല്ലാതെ മോഹിപ്പിക്കുന്നത് ഉള്ളിൽ ഇത്തിരി അഹങ്കാരത്തോടെ ഞാൻ നോക്കിയിരിക്കും. അപ്പോഴൊക്കെ വേദന അവന്റെ കണ്ണുകളിൽ ഇഴഞ്ഞു നടക്കുകയാവും.

ഒരിക്കൽ അവന്റെ കഥകൾ ചോദിച്ചപ്പോൾ അവൻ കുറച്ചിട മൗനിയായി. പിന്നെ ഇടർച്ചയോടെ പറഞ്ഞു : "പറയാൻ മാത്രം വർണാഭമായ കഥകളൊന്നും പിന്നോട്ട് നോക്കുമ്പോൾ ഇല്ല ബാലു, അമ്മയേ ഉള്ളൂ. അച്ഛൻ ഞാൻ നാലിലോ മറ്റോ പഠിക്കുമ്പോ മരിച്ചു. വയലാറിന്റെ കവിതയിൽ പറയുമ്പോലെ എന്റെ ആത്മാവിലും ഒരു ചിത സദാ കത്തികൊണ്ടിരിക്കുന്നു".


എല്ലാവരും പലതരം വിനോദങ്ങളിലിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോൾഅവൻ പുസ്തകങ്ങളോട് മൗനഭാഷണത്തിലായിരിക്കും. വൈകുന്നേരം മുതൽ രാത്രി വരെ കടകളിൽ പണിക്ക് നിന്നാണ് അവൻ പഠിത്തം മുന്നോട്ട് ഉന്തി നീക്കിയിരുന്നത്. താഴ്ന്ന ജാതിക്കാരനായതോണ്ട് എന്തോ ചെറിയ സ്ക്കോളർഷിപ്പും കിട്ടിയിരുന്നു.


"അമ്മയ്ക്ക് വയ്യാതായി. ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. എത്ര കാലം വെയില് കൊണ്ടതാണ് എനിക്ക് വേണ്ടി.."

അവൻ എപ്പോഴും വേവലാതിപ്പെടും. അത്‌ വരെയും ഒരു ജോലിക്കും പോയിട്ടില്ലാത്ത ഞാൻ ഒട്ടതിശയത്തോടെയാണ് അവന്റെ  പെടാപാടുകളെ നോക്കിക്കണ്ടത്.


"ദൈവത്തിന്റെ കാര്യം അത്ഭുതം തന്നെ".


ഒരു ദിവസം അവൻ പറഞ്ഞു.

"എന്തു മാത്രമാണ് അവൻ ചിലരെ അവഗണിച്ചിരിക്കുന്നത്! എന്തു മാത്രമാണ് ചിലരെ പരിഗണിച്ചിരിക്കുന്നത്.. എന്തെങ്കിലും മേന്മ കൂടുതലുണ്ടായിട്ടാണോ ചിലർ യാതൊരു അലട്ടുമില്ലാതെ ഇവിടെ ജീവിക്കുന്നത്. എന്തെങ്കിലും പോരായ്മ ഉള്ളത്കൊണ്ടാണോ ചിലർ ആയുസ്സൊടുങ്ങും വരെ കഷ്ടപ്പെടേണ്ടി വരുന്നത്.."


കോഴ്സ് കഴിഞ്ഞതിൽ പിന്നെ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോഴിതാ ന്യൂസ്‌ പേപ്പർ തൊട്ടു വിളിക്കുന്നു, മനുവിനെ അറിയില്ലേന്ന്‌..

ഏതാണ്ടെല്ലാ ബാച്ചുകാരും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കറങ്ങികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഞങ്ങളുടെ ബാച്ചിന്റെ ഗ്രൂപ്പ് മാത്രം ആരും ഉണ്ടാക്കാത്തതെന്താണാവോ എന്ന് ചിന്തിച്ചിരിക്കെയാണ് 

എന്റെ മനസ്സ് വായിച്ചെന്ന പോലെ ഒരു കോൾ തേടിയെത്തിയത്.


"ബാലൂ, ഓർമ്മയുണ്ടോ?"


ദൂരെ നിന്നും ചിലമ്പിച്ച ശബ്ദം ചെവിയിലേക്ക് കിലുങ്ങി വീണു.


"സജീഷ് ആണെടോ. നമ്മുടെ ബാച്ചിന്റെ ഗ്രൂപ്പിലേക്ക് നിന്നെ ആഡ് ചെയ്യാൻ എത്രയാ നിന്റെ നമ്പർ അന്വേഷിച്ചു നടന്നത്. ഏതായാലും ആശ്വാസം.. എന്തൊക്കെയാ നിന്റെ വർത്തമാനം? "


"ഓ, എന്ത് വർത്തമാനം. അങ്ങനെ പോകുന്നു." മടുപ്പോടെ ഞാൻ പ്രതിവചിച്ചു.


"എടാ, അടുത്ത മാസം എഴിനാണ് നമ്മുടെ ഗെറ്റ്‌ റ്റുഗദർ. തീർച്ചയായും വരണം. നിന്റെ റൂം മേറ്റ് മനുവാണ് ചീഫ് ഗസ്റ്റ്. അവനിപ്പോ ഫെയ്മസ് ആണല്ലോ.. "


"ആരുമായും ഒരു കോണ്ടാക്റ്റുമില്ല. ഓഫീസ്, വീട്.. പാലത്തിന്റെ നീളം അവിടെ തീരുന്നു. "

ഞാൻ ഒട്ടു ഇച്ഛാഭംഗത്തോടെ പറഞ്ഞു.


"എല്ലാരുടേം കാര്യം അങ്ങനെയൊക്കെത്തന്നെ. വല്ലാതെ യാന്ത്രികമല്ലേ നമ്മുടെയൊക്കെ ജീവിതം. ഇടയ്ക്കെനിക്ക് തോന്നും, ഞാനുമൊരു യന്ത്രമായിട്ടുണ്ടെന്ന്.. ശരിയെടാ..വരണേ.."


അവൻ ഫോൺ വച്ചപ്പോൾ മനസ്സിന്റെ സ്‌ക്രീനിലൂടെ ക്യാമ്പസും കുട്ടികളുമൊക്കെ മിന്നി മറഞ്ഞു.  കുറെയായി അത്തരം കാര്യങ്ങളൊന്നും ഓർമയിൽ പോലും എത്തി നോക്കാറുണ്ടായിരുന്നില്ല.

ഗെറ്റ്‌ റ്റുഗദറിനു ഭാര്യയെ വിളിച്ചപ്പോൾ പതിവ് പോലെ അസന്തുഷ്ടിയുടെ  കയ്പ്  തുപ്പിക്കൊണ്ട് അവൾ പറഞ്ഞു,

" നിങ്ങൾ തന്നെയങ്ങ് പോയാൽ മതി. എന്താപ്പോ ഇത്രേം കാലമില്ലാത്ത ഒരു കൂടിച്ചേരൽ? ഇത്തരം ഗ്രൂപ്പുകളാ പല വീടുകളിലും പ്രശ്നമുണ്ടാക്കുന്നത്. അത്‌ മറക്കണ്ട. "


ഒട്ടും അത്ഭുതം തോന്നിയില്ല. കുറെ കൊല്ലമായി ഇതൊക്കെ കേട്ട് ശീലിച്ചിരിക്കുന്നു. എതിലേക്കും സംശയത്തിന്റെ സൂക്ഷ്മരശ്മികൾ ചിതറുന്നത് അവളുടെ ഒരു സ്വഭാവമാണ്.  മടുപ്പിന്റെ ചരൽകല്ലുകൾ കൂമ്പാരം കൂടിയിരിക്കുന്ന തങ്ങളുടെ കൂട്ടുജീവിതത്തിന്റെ ഇടുങ്ങിയ വഴികൾ.. എന്തു മാത്രം വെറുപ്പാണ് സദാ ആ വഴികളിൽ പാമ്പുകളായി ഇഴഞ്ഞു കൊണ്ടിരിക്കുന്നത്.


യാന്ത്രികജീവി വളരെ വേഗം വയസ്സനാകുമെന്ന് ഇന്നാളൊരു ആർട്ടിക്ക്ൾ ഫോണിൽ വായിച്ചിരുന്നു. ഓരോ നിമിഷത്തെയും മാങ്ങ ഈമ്പും പോലെ ആസ്വദിക്കണമത്രെ . ഭൂതകാലത്തേക്ക് തിരിഞ്ഞവനും ഭാവിയിലേക്ക് ഉറ്റു നോക്കുന്നവനും ജീവിതം എന്തെന്ന് തന്നെ അറിയുന്നില്ലത്രെ..

എന്തെല്ലാം തത്വചിന്തകൾ...


ഓഡിറ്റോറിയത്തിൽ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. കാലം കലക്കിയൊഴിച്ച നരച്ച വർണങ്ങളടർത്തി ഓരോരുത്തരെയും തിരിച്ചറിയാൻ വളരെ പണിപ്പെട്ടു. എന്തു മാത്രം മാറിപ്പോയിരിക്കുന്നു എല്ലാവരും. കാലമെന്ന കലാകാരൻ എന്നെയും മാറ്റിയിട്ടുണ്ടല്ലോ ഒരുപാട്..


നികേഷ് സ്വാഗതപ്രസംഗം ആരംഭിച്ചു.


"ഇവിടെ എത്തിച്ചേർന്ന എന്റെ സഹപാഠികൾക്കെല്ലാം നന്ദി. ഉദ്ഘാടനപ്രസംഗത്തിനു ശേഷം ഓരോരുത്തരായി വന്ന് നിങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കണം. ഏവരെയും ഈ കൂടിയിരിക്കലിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് നമ്മുടെ വിശിഷ്ടാഥിതി  മനുവിനെ രണ്ടു വാക്ക് സംസാരിക്കുന്നതിന്  ക്ഷണിക്കുന്നു. പതിവ് പോലെ ഭൂമിക്കൊരു ചരമഗീതം അവൻ പാടുമെന്ന് പ്രതീക്ഷിക്കാം."


"പ്രിയപ്പെട്ടവരേ",


പണ്ടത്തേക്കാൾ മുഴുത്ത ശബ്ദത്തോടെ മനു പറയാൻ തുടങ്ങി.


"കൊല്ലങ്ങൾക്ക് മുമ്പ് നമ്മൾ ക്യാമ്പസിൽ ഒഴുകി നടന്നിരുന്നത് ഇപ്പോൾ വീണ്ടും ഓർമ വരുന്നു. അവിടത്തെ ഓരോ മുക്കിലും മൂലയിലും നമ്മുടെ വേദനകളും പൊട്ടിച്ചിരികളുമുണ്ട്.അടുത്ത കൊല്ലം എന്തായാലും നമുക്ക് കോളേജിൽ തന്നെ ഒത്തു കൂടണം.ഭൂമിക്കൊരു ചരമഗീതം പാടുന്നതിനെക്കുറിച്ച് നികേഷിപ്പോൾ കളിയാക്കുകയുണ്ടായി. നമ്മൾ ഭൂമിക്ക് കൊടുക്കുന്ന പരിക്കുകൾക്കെല്ലാം പകരമായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമെല്ലാം വന്നിട്ടും നമ്മൾ നമ്മുടെ അമ്മയുടെ നെഞ്ച് മാന്തിപ്പറിക്കുന്നത്  തുടർന്നുകൊണ്ടേയിരിക്കുന്നു. കോളേജിലായിരുന്നപ്പോൾ നിങ്ങളെന്നെ പെറുക്കി എന്നാണ് രഹസ്യമായി വിളിച്ചിരുന്നത് എന്നെനിക്കറിയാം.എവിടെ വേസ്റ്റ് കണ്ടാലും അത്‌ ബാസ്ക്കറ്റിൽ കൊണ്ടിടുന്ന എന്റെ ശീലം കൊണ്ടായിരുന്നു അത്‌. ഒരിക്കൽ കോളേജങ്കണം വൃത്തിയാക്കുമ്പോൾ സീനിയർ ക്ലാസിലെ ഒരുത്തൻ അവന്റെ ഫ്രണ്ടിനോട് പറയുന്നത് കേട്ടു, "കാക്കജന്മങ്ങൾക്ക് ഇതൊക്കെ രക്തത്തിൽ അലിഞ്ഞതാ.. ഒരു കണക്കിന് അതും നല്ലതാ. എല്ലായിടവും വൃത്തിയായിരിക്കുമല്ലോ.."

ആ ചില്ലുകഷ്ണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിച്ചില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു പോയ അച്ഛൻ അപ്പഴെല്ലാം എന്റെ ഉള്ളിലിരുന്ന് വ്യസനത്തോടെ പുഞ്ചിരിച്ചു. എന്റെ അച്ഛനും എന്നെപ്പോലെ കറുത്തിട്ടായിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കലായിരുന്നു ജോലി. ഞാനും ആ ജോലി പല തവണ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ ആത്മാവ് എന്റെ ചുമലിൽ സ്പർശിക്കുന്നതായി എനിക്ക് തോന്നും.ഏതൊരു നഗരവും മനോഹരമായിരിക്കുന്നതിൽ  ഓടകൾ വഹിക്കുന്ന പങ്ക് ഒരു പക്ഷേ നിങ്ങൾ ചിന്തിച്ചു കാണില്ല.


അന്ന് - ആ മൂടിക്കെട്ടിയ ദിവസം അച്ഛൻ തിരിച്ചെത്തിയില്ല. പട്ടണത്തിലെ അഴുക്കുചാലിൽ കൂമ്പാരം കൂടിയ മാലിന്യങ്ങൾ അച്ഛന്റെ ജീവനെ വലിച്ചു പറിച്ചെടുത്തു. കറുത്ത അഴുക്കിൽ പുതഞ്ഞ ആ ശവത്തിന്റെ ഓർമ എന്റെ പ്രാണനിൽ അനുനിമിഷം കത്തിക്കൊണ്ടിരിക്കുന്നു. വേസ്റ്റുകൾ കുന്നുകളായി കൂട്ടിയിട്ട നാറുന്ന സ്ഥലങ്ങളെല്ലാം എന്റെയുള്ളിൽ സങ്കടക്കടൽ സൃഷ്ടിക്കുന്നു.

പണ്ടുണ്ടായിരുന്ന തെളിഞ്ഞ പുഴകൾ, പച്ചക്കുന്നുകൾ, മലിനമാകാത്ത കടൽ, തിരിച്ചെടുക്കണ്ടേ അവയൊക്കെയും? അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും.. അതിനാണിപ്പോൾ എന്റെ ജീവിതം. ഒരർത്ഥത്തിൽ ഇത് അച്ഛനോടുള്ള കടം വീട്ടലാണ്. മാൻഹോളുകളിൽ ശ്വാസം മുട്ടി മരിക്കുന്ന ഓരോ മുഷിഞ്ഞ മനുഷ്യനും എന്റെ അച്ഛൻ തന്നെയാണ്.. "


കണ്ണ് തുടച്ചുകൊണ്ട് മനു കസേരയിൽ ഇരുന്നു. അനുഷയുടെ  ഗാനമായിരുന്നു അടുത്തത്. പെറുക്കിയെന്ന് ചിലർ അവനെ കളിയാക്കിയിരുന്നതിന്റെ ഓർമ അപ്പോൾ മാത്രം എന്റെ ഉള്ളിലേക്ക് ഉരുണ്ടു വീണു. അവനതെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നു.


കറുത്തു കൊഴുത്ത ഓടജലത്തിലൂടെ അവൻ ഊളിയിടുന്നതും വേസ്റ്റുകൾ വാരുന്നതും ഓർത്തപ്പോൾ  ചങ്കിൽ പുളിരസം നിറഞ്ഞു. അറപ്പോടെ പല തവണ ഞാൻ നീട്ടിത്തുപ്പി . പണ്ടവൻ ഈ കഥ പറയാതിരുന്നത് വെറുതെയല്ല. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനവനെ സഹമുറിയനാക്കുമായിരിന്നില്ല. ഫോൺ ചെയ്യുന്നതായി ഭാവിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി. പഴയ റൂം മേറ്റിനെ കാണണ്ടേ എന്നും പറഞ്ഞ് ആരെങ്കിലും എന്നെ കാണിച്ചു കൊടുക്കും. ഉറപ്പായും അവൻ എന്നെ ആലിംഗനം ചെയ്യും. പുഴുവിനെപ്പോലെ കറുത്തു കൊഴുത്ത വെള്ളത്തിൽ അവൻ ഊളിയിടുന്നതിന്റെ ഓർമ വീണ്ടും തൊണ്ടയിലേക്ക് ഛർദിയെ കൊണ്ടു വരും. വീട്ടിലെത്തിയിട്ട് പല തവണ കുളിക്കണം..


വാട്സ് ആപ്പിന്റെ സന്ദേശനാദം ചിണുങ്ങി, ഭാര്യയുടെ മെസ്സേജ് ആണ് -

"നിങ്ങളിനി സ്നേഹം മൂത്ത് ഓരോന്നിനെ ഇങ്ങോട്ട് വലിച്ചു കൊണ്ടു വരണ്ട. അറിയാലോ, വൃത്തിയുടെ കാര്യത്തിൽ ഞാനിത്തിരി കണിശക്കാരിയാ.."


"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം".


അശരീരി പോലെ ഒരു വാചകം പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാതി ലേക്ക് തുളഞ്ഞു കയറി. ഞാൻ ചുറ്റും നോക്കി. ഇല്ല, ആരുമില്ല. ഓഡിറ്റോറിയത്തിൽ നിന്ന് ഒരു നൃത്തത്തിന്റെ അലയൊലി മുഴങ്ങുന്നുണ്ട്. എല്ലാവരും പുറത്തിറങ്ങും മുമ്പ് വീടെത്തണം.


അറപ്പോടെ വീണ്ടും വീണ്ടും വീണ്ടും തുപ്പിക്കൊണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ ദൂരേയൊരു മാലിന്യക്കൂമ്പാരം എന്നെ തുറിച്ചു നോക്കിക്കൊണ്ട് വീണ്ടും അട്ടഹസിച്ചു -


"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം..".

നഷ്ടപ്പെട്ടവർ (കഥ )

 നഷ്ടപ്പെട്ടവർ.( കഥ)


ആളുകൾ മുറ്റവും തൊട്ടടുത്ത ഇടവഴിയും കവിഞ്ഞ് അയൽവീടുകളിലും മറ്റുമായി തിങ്ങി നിറഞ്ഞിരിക്കുന്നു . വരാന്തയിൽ കിടത്തിയ ശവത്തിലേക്ക് നോക്കുമ്പോഴെല്ലാം ആശ്വാസത്തിന്റെ ഒരു അരുതാകാറ്റ് തന്നെ കുളിർപ്പിക്കുന്നുണ്ടോ? ഭാവം എന്തെന്ന് ഊഹിക്കാനാവാത്ത തന്റെ കല്ലിച്ച മുഖത്തേക്ക് ആളുകൾ വീണ്ടും വീണ്ടും നോക്കുന്നുണ്ട്. ഈ സ്ത്രീക്ക് യാതൊരു സങ്കടവും ഇല്ലേ? അവരുടെ ഒരേയൊരു  മകനല്ലേ ജീവനറ്റ് കിടക്കുന്നത്? അവരുടെ മുറുമുറുപ്പുകൾ കല്ല്മഴയായി ശിരസ്സിനെ ആഞ്ഞു കൊത്തുന്നു. മകന്റെ പത്താം വയസ്സിൽ അവന്റെ അച്ഛൻ വിട്ടു പിരിഞ്ഞപ്പോഴും ഇതേ നിസ്സംഗത തന്നെ പൊതിഞ്ഞു. ശൂന്യമിഴികളോടെ ചുറ്റും നോക്കി. മരണത്തിന്റെ ഗംഭീരസാന്നിധ്യത്തിൽ കരയേണ്ടതില്ലെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ചു. അനിത്യമായ ലോകം, നശ്വരമായ നേട്ടങ്ങൾ, കയ്യിലെ വെള്ളം പോലെ ചോർന്നു പോകുന്നതാണ് എല്ലാം..

അത്തരം ചിന്തകൾ മനസ്സിനെ ഒരു തത്വജ്ഞാനി ആക്കിയെങ്കിലും മകൻ എന്നെങ്കിലും തന്നെ വിട്ടു പോകുമെന്ന് ചിന്തിച്ചിരുന്നില്ല. ശാസിച്ചും വളരെ കുറച്ചു ശിക്ഷിച്ചും അവന്റെ പിന്നാലെ നടന്നിരുന്ന അവന്റെ അമ്മ. പത്തിൽ എത്തിയിട്ടും ഇടക്കിടെ തന്റെ തോളിൽ ചാരി ഇരിക്കും, എന്തേ മോനൂന്ന് ചോദിക്കുമ്പോ അമ്മേടെ അടുത്തിരിക്കുമ്പഴാ ഒരാൾ ഏറ്റവും സുരക്ഷിതൻ എന്ന് പുഞ്ചിരിയോടെ കളി പറയും.


എന്നിട്ട്..എന്നാണ് തന്റെ സാരിത്തുമ്പിൽ നിന്ന് ആ ശോഭയേറിയ മുത്ത് ഊർന്നു വീണു പോയത്? പ്ലസ് വണ്ണിന്‌ ഫുൾ എ പ്ലസ് കിട്ടിയപ്പോഴാണ് അവന്റെ വലിയ ആഗ്രഹമായിരുന്ന ഫോൺ വാങ്ങിക്കൊടുത്തത്. എല്ലാ അമ്മമാരെയും പോലെ ആശങ്ക മറച്ചു വച്ചില്ല. 


"മോൻ ഇനി ഇതിന് അഡിക്റ്റ് ആവോ? പഠിത്തം ഉഴപ്പോ?"


കണ്ണിൽ കുസൃതിയൊളിപ്പിച്ച് അവൻ അവന്റെ നീണ്ട മുടിയിഴകൾ വിരലിൽ ചുരുട്ടിയും അഴിച്ചും നിന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, 


" എന്റെ അമ്മയാ എന്റെ ഏറ്റവും വലിയ അഡിക്ഷൻ."


"ഉം, സോപ്പ് വേണ്ട മോനേ, പഠിത്തം ഉഴപ്പിയാൽ പിന്നെ ഫോണ് നീ കാണില്ല."


ഒരല്പം ഗൗരവത്തിലാണത് പറഞ്ഞത്. അവൻ കുറുമ്പോടെ തന്റെ കൈകൾ തലോടി, 


"ഇല്ലാന്ന് പറഞ്ഞില്ലേ അമ്മക്കുട്ടീ".


എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ചോര കല്ലിച്ച ചുണ്ടുകൾ, വീർത്ത കൺതടങ്ങൾ..ഇതവൻ തന്നെയോ? തലയെ പൊതിഞ്ഞ തുണിക്കെട്ട് ചോരയിൽ കുതിർന്നിരിക്കുന്നു. മരിച്ചിട്ടും ചോര കണ്ണീരായി ഒഴുകുകയാണോ? തന്റെ കയ്യിൽ തൂങ്ങി നടന്നിരുന്ന തുടുത്ത ആപ്പിൾ മുഖമുള്ള കുഞ്ഞ് എവിടെയാണ് കളഞ്ഞു പോയത്?


എന്ജിനീയറിങ്ങിന് വളരെ ദൂരെയുള്ള കോളേജിൽ കിട്ടിയപ്പോൾ പോകുന്നില്ലെന്ന് അവനെത്ര വാശി പിടിച്ചു. അമ്മ തനിയെ വളർത്തിയ കുട്ടി ഉയരങ്ങളിൽ എത്തണമെന്ന് തനിക്കായിരുന്നു വാശി. 


"അമ്മ ഇവിടെ തനിച്ചാവില്ലേ? ഞാൻ കൊമേഴ്സിന് പോയേക്കാം. എന്ജിനീയറിംഗൊന്നും വേണ്ട അമ്മേ.."


അവസാനം നാട്ടിൽ നിന്ന് അമ്മമ്മയെ വരുത്താം എന്ന് പറഞ്ഞപ്പോഴാണ് അവൻ പോകാൻ തയ്യാറായത്. രാത്രി അവൻ എന്തു കരച്ചിലായിരുന്നു. നിഷ്കളങ്കനായ തന്റെയാ കുഞ്ഞ് മരിച്ചു പോയിട്ട് കാലമെത്രയായി. അവനെ അത്രേം ദൂരേക്ക് വിട്ടത് കൊണ്ടാണോ വൃത്തികെട്ട കൂട്ടുകെട്ടുകളിൽ ചെന്നു ചാടിയത്? 

ഒഴിവ് കിട്ടുമ്പോഴെല്ലാം ഓടിവന്നിരുന്ന അവന്റെ വരവിന്റെ ഇടവേളകൾ ക്രമേണ കൂടിക്കൂടി വന്നു. ഫോണിൽ വിളിച്ചാലും വല്ലപ്പോഴുമേ കിട്ടൂ.  


"പഠിക്കാനുണ്ടമ്മേ, അതാ വിളിക്കാത്തത്.."


എന്നും അതായിരുന്നു പല്ലവി. മൂന്നു മാസം കഴിഞ്ഞും നാട്ടിലേക്ക് കാണാതായപ്പോഴാണ് കോളേജിലേക്ക് വിളിച്ചത്. മുമ്പ് പലവട്ടം ശ്രമിച്ചിട്ടും കിട്ടാതിരുന്ന ആ നമ്പർ പകയോടെ ട്ര ർ ർ ർ എന്ന് അലറാൻ തുടങ്ങി. നിഗൂഢതയുടെ ഏതോ ഗഹ്വരത്തിൽ നിന്ന് ഒരു സ്ത്രീശബ്ദം മുരണ്ടു,  


"ഹെലോ, ഹു ഈസ് ദാറ്റ്?"


നിഥിന്റെ അമ്മയാണെന്നു കേട്ടതോടെ അവർ ശകാരം തുടങ്ങി. 


"ഞങ്ങൾ ഇയാളെ കോണ്ടാക്റ്റ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചു. ഔട്ട് ഓഫ് റേഞ്ച് എന്നാ കേട്ടത്. പിന്നെ ഞങ്ങൾക്കും അത്രയൊക്കെ റെസ്പോണ്സബിലിറ്റിയേ വേണ്ടൂ. അറിയാലോ, ഇപ്പോൾ കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കമുള്ള കാലമാ. അവരെ ശിക്ഷിക്കാനോ ശാസിക്കാനോ പറ്റില്ല. ശാരീരികപീഡനം, മാനസികപീഡനം ഇങ്ങനെ പലതാണ് വകുപ്പുകൾ. നിങ്ങൾ രക്ഷിതാക്കൾക്ക് ഒന്നും അറിയേണ്ടല്ലോ. സ്‌പോയിൽഡായ ഇത്തരം നൂയിസന്സുകളെ കോളേജിലേക്ക് വിട്ടാൽ മാത്രം മതിയല്ലോ."


"എന്താണ് മാഡം പ്രശ്നം? ഞാൻ നിഥിന്റെ ഒരു വിവരവും അറിയാഞ്ഞിട്ട് വിളിച്ചതാണ്".


"ആണോ?" 


പകയോടെ ആ ശബ്ദം ചീറി. 


"നിങ്ങളുടെ നിഥിൻ ഞങ്ങൾക്ക് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് നിങ്ങൾക്കറിയാമോ? ഹി ഈസ് ദ ലീഡർ ഓഫ് ഡ്രഗ് അഡിക്റ്റ്‌സ് ആൻഡ് ആൾസോ എ ക്യാരിയർ.."


അസ്തപ്രജ്ഞയായി നിലം പതിക്കുമ്പോഴും മനസ്സ് ഉരുവിട്ടു, അവർ വേറെ ഏതോ നിഥിനെക്കുറിച്ചാണ് പറയുന്നത്. തന്റെ ഉള്ളിൽ വീശുന്ന കൊടുങ്കാറ്റുകൾ ഇനി എന്നെങ്കിലും നിലയ്ക്കുമോ?

കെടാക്കനലായി നീറിനീറിയാണ് ഒരു ദിവസം മുഴുവൻ ട്രെയിനിൽ ഇരുന്ന് താനവിടെ എത്തിയത്. ഫോണിലൂടെ മുരണ്ട സ്ത്രീ പരിഹാസത്തോടെ ദൂരെയുള്ള റബ്ബർകാട്ടിലേക്ക്  വിരൽ ചൂണ്ടി. 


"അവിടെ എവിടേലും കാണും, അവനും അവന്റെ ശിങ്കിടികളും".


ഏതോ വൈൽഡ് മ്യൂസിക്കിനൊത്തു അതിദ്രുതം താളം ചവിട്ടുന്ന അവനും കൂട്ടുകാരും തന്റെ സാന്നിധ്യം അറിഞ്ഞത് തന്നെയില്ല. നിലവിളിച്ചിട്ടും ആർത്തു കരഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല.

അവസാനം പോലീസ് സ്റ്റേഷനിലെത്തി തന്റെ മകനെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ചു തരണമെന്ന് അലമുറയിട്ടു.  


അവിടെ വച്ച്, അലറിയടുക്കുന്ന സിംഹം കണക്കെ അവൻ അക്രമാസക്തനാകുന്നത് കണ്ട് നടുങ്ങിപ്പോയി. എന്തുമാത്രം പാവമായിരുന്നു തന്റെ കുട്ടി.ഇത്രയും കോപം അവൻ എവിടെയാണ് ഒളിപ്പിച്ചിരുന്നത്? 


"ചികിത്സ കൊണ്ട് അവനെ തിരിച്ചു കിട്ടുമോ ഡോക്ടർ?"


കണ്ണീരിൽ കുതിർന്ന തന്റെ മുഖത്തേക്ക് നോക്കി ഡോക്ടർ അലിവോടെ പറഞ്ഞു, 


"കാം ഡൗൺ . നമുക്ക് ശ്രമിക്കാം.നിങ്ങൾ മടങ്ങിക്കോളൂ . ബൈ സ്റ്റാൻഡറായി നിൽക്കാൻ കരുത്തുള്ള ഒരു പുരുഷനെ പറഞ്ഞയക്കൂ".


"ഇല്ല ഡോക്ടർ, ഞാനിവിടെ നിൽക്കാം.അവനെ ഞാൻ നോക്കാം, പണ്ട് ഞാൻ നോക്കിയതല്ലേ ഒറ്റയ്ക്ക്.."


"വിഡ്ഢിത്തം പറയാതെ, വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാം.പണം കൂടുതൽ അടച്ചാൽ ഇവിടുന്ന് തന്നെ ബൈ സ്റ്റാൻഡറായി ആളെ വെക്കാം.."


താനൊരാൾ മാത്രം  അധ്വാനിക്കുന്ന തന്റെ കുടുംബത്തെ എത്ര സാഹസപ്പെട്ടാണ് താൻ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്നൊക്കെ മുമ്പ് അവനറിയാമായിരുന്നു. ഇന്ന്, അവന് എന്തിനെക്കുറിച്ചെങ്കിലും വല്ല നിശ്ചയവും ഉണ്ടോ? 

അഞ്ചാറു മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു ബൊമ്മയായായി മാറി അവൻ. 


"മരുന്നിന്റെ സെഡേഷൻ ആണ്. വയലന്റ് ആകുന്നുണ്ട് ഇപ്പഴും. ഡ്രഗ്സിന്റെ ഓവർ യൂസ് അവനെ ഒരു മാനസികരോഗി ആക്കിയിട്ടുണ്ട്.."


ഡോക്ടർ അത്രയും പറഞ്ഞത് വിഷമത്തോടെയാണ്. വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞപ്പോൾ ഡോക്ടർ ദൂരേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു. 


അന്ന് മുതൽ തുടങ്ങിയ തീനടത്തം ഇന്നിതാ അവസാനിച്ചിരിക്കുന്നു. എന്തെല്ലാം പരാക്രമങ്ങളായിരുന്നു. ഭീകരമായ ഇടിനാദം ഓരോ നിമിഷവും അനുഭവിക്കുന്ന ഒരാളെപ്പോലെയായിരുന്നു തന്റെ അവസ്‌ഥ. .ജീവിതവും പല തരം ഋതുക്കൾ നിറഞ്ഞതാണല്ലോ. ഒരിക്കലും കത്തിത്തീരാത്ത വേനൽ, ഇടക്ക് ചെറുചിരിയോടെ തല കാണിക്കുന്ന വസന്തം, പേടിപ്പിക്കുന്ന മിന്നലും ഇടിയുമായി വർഷം, എല്ലാ ഓർമകളെയും മരവിപ്പിക്കുന്ന മഞ്ഞുകാലം..


വീട്ടിൽ തല്ലിത്തകർക്കാത്തതായി ഒന്നുമില്ല. അവന്റെ ഇടി കൊണ്ട് നിലത്ത് പുറം തല്ലി വീണ ശേഷം മാറാത്ത ഒരു ഊരവേദനയും കൂട്ടെത്തിയിട്ടുണ്ട്. പണത്തിനു വേണ്ടിയാണ് അവന്റെ എല്ലാ വീറും. മരുന്ന് കിട്ടണം.അത് മാത്രമാണ് ഇപ്പോൾ അവന്റെ അമ്മ, അവന്റെ തൊട്ടിൽ, അവന്റെ താരാട്ട്..


അത് വിഴുങ്ങിക്കഴിഞ്ഞാൽ അലകളെല്ലാം അടങ്ങി സമുദ്രം വിശ്രാന്തിയിലാവും.ഭക്ഷണം വേണമെന്ന് തന്നെയില്ല. തന്നെ ഒരു അപരിചിതയെ യെന്നോണമാണ് നോക്കുക, നീയേതാണ് സ്ത്രീയേ എന്ന മട്ടിൽ.

അവനിൽ നിന്ന് ഉപദ്രവങ്ങൾ എൽക്കുമ്പോഴെല്ലാം ഓർത്തു, ഈ തെറ്റിനെ ഞാനാണല്ലോ പെറ്റത് .ഞാൻ തന്നെ വേണ്ടേ പ്രായശ്ചിത്തം ചെയ്യാൻ. വീണു പോയത് നിലയില്ലാക്കുഴിയിലേക്കാണ്. കരകയറാൻ നോക്കുമ്പോഴെല്ലാം വക്കിടിഞ്ഞു വക്കിടിഞ്ഞു മണ്ണ് തന്നെ മൂടിക്കൊണ്ടിരിക്കുന്നു.


പിന്നെപ്പിന്നെ പണം മേശമേൽ വയ്ക്കാൻ തുടങ്ങി.എന്തിനാണ് തനിക്കിനി പണം? വേരടക്കം തകർന്ന മരം.അതിന് എന്തിനാണിനി വെള്ളം, വളം..ഇനിയേത് സെന്ററിൽ പോയാലാണ് അവനെ തിരിച്ചു കിട്ടുക? ഇത്തരം സന്ദർഭങ്ങളിൽ ചുറ്റും ആള് വേണം. സാരമില്ല എന്നൊരു വാക്ക് പറയാൻ ഒരാളെങ്കിലും വേണം. ഒറ്റയാങ്ങളയ്ക്ക് അവന്റെ ചുമടുകൾ ഒഴിഞ്ഞിട്ട് സമയമില്ല.അമ്മയാണെങ്കിൽ മറവിയുടെ തോണിയിൽ ഏതോ ഒരു ലോകത്തിലൂടെ സഞ്ചരിക്കുന്നു. ഞളുങ്ങിപ്പോയ പാത്രങ്ങൾ, കയ്യും കാലും ഒടിഞ്ഞ ഫർണീച്ചറുകൾ, എല്ലാം അവനെയാണ് ഓർമ്മിപ്പിക്കുന്നത്.ഒരു കടുവയെയാണ് താൻ വളർത്തുന്നത്. തരം കിട്ടിയാൽ തന്നെ കടിച്ചു കീറാൻ വെമ്പുന്ന കടുവ..


ഓഫീസിൽ ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ഫോൺ.. അപരിചിതശബ്ദം കേട്ട് ഒന്നൂടെ നോക്കി, മകന്റെ നമ്പറാണ്. ദൈവമേ! എത്ര കാലമായി അവന്റെ ഒരു കോൾ വന്നിട്ട്. പക്ഷേ ഇതാരാണ്,ഈ പരുക്കൻ ശബ്ദം. 


"ഹെലോ, കേൾക്കുന്നില്ലേ? ഇത് പൊലീസാണ്. ഈ ഫോണിന്റെ ഉടമസ്ഥൻ ആക്സിഡന്റായി സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്. വേഗം എത്തിക്കോളൂ."


തളർച്ചയോടെ അവിടെ എത്തിയപ്പോൾ അറിഞ്ഞു, ഐ സി യു വിലാണ്. തലയ്ക്കാണ് ക്ഷതം. അവന്റെ ബൈക്ക് ഒരു ബസിന് ഇടിച്ച്,തെറിച്ചു വീഴുകയായിരുന്നു. തനിച്ചായിപ്പോയിരിക്കുന്നു, ഒരു പാട് തനിച്ച്..തനിക്ക് തുണയാകേണ്ടവൻ, കൂരിരുളിലെല്ലാം തനിക്ക് ദീപമാകേണ്ടിയിരുന്നവൻ..


വൈകുന്നേരമായപ്പോഴേക്കും തണുത്ത ദേഹം വീട്ടിലേക്ക്  കൊണ്ട് പോകാനുള്ള സന്നാഹങ്ങൾ ആരൊക്കെയോ തുടങ്ങി.ഒരു ശിലയായി മാറിയ തന്നെ എല്ലാവരും സഹതാപത്തോടെ നോക്കി. താനെന്താണ് ബോധം കെട്ടു വീഴാത്തത്? തന്റെ കൈ പിടിക്കേണ്ടവൻ ആദ്യം രംഗമൊഴിഞ്ഞിട്ടും എങ്ങനെ ഇങ്ങനെ കല്ല് പോലെ നിൽക്കാൻ കഴിയുന്നു. സത്യത്തിൽ ആശ്വാസമല്ലേ ഒരു നീർച്ചാലായി തന്റെ ഉള്ളിലൂടെ ഒഴുകുന്നത്. മൂന്നാലു കൊല്ലമായി തന്നെ എരിച്ചു കൊണ്ടിരുന്നവൻ ഇനി മേലില്ല. ഇനി അവന്റെ ബലിക്കല്ലിൽ താൻ നിരന്തരം വെട്ടേൽക്കേണ്ടതില്ല. 

മനസ്സിന്റെ ഗൂഢമായ ചിന്തകൾ തന്നെത്തന്നെ ചുട്ടു പൊള്ളിച്ചു. കുത്തിപ്പറിക്കുന്ന തലവേദനയിൽ കണ്ണുകൾ പിടഞ്ഞു. ഭാരം കൂടി വരുന്ന ശിരസ്സിനെ എവിടെയെങ്കിലും ഒന്നു ചാരി വയ്ക്കണം. മുന്നിലൂടെ ആത്മാക്കളാണോ നിഴലുകളായി ലോങ് മാർച്ച് നടത്തുന്നത്? ഇടറിയിടറി നടക്കുന്നത് അവനാണോ? ശാരീരികക്ഷതങ്ങൾ ആത്മാവിലും വൈകല്യമുണ്ടാക്കുമോ? അവനല്ലേ തന്റെ അടുത്തേക്ക് വരുന്നത്? നീണ്ട മുടിയിഴയിൽ വിരലുകളിട്ട് ചുരുട്ടിയും അഴിച്ചും..അവനല്ലേ ചിരിക്കുന്നത്? എന്ത് ഭംഗിയാ ഇപ്പൊ അവനെ കാണാൻ. 


"പോട്ടെ, അമ്മക്കുട്ടീ, ലൈഫ് വെറുമൊരു ജോക്കല്ലേ.."


അത് പറയുമ്പോൾ എന്തൊരു കുസൃതിയാണ് അവന്റെ കണ്ണുകളിൽ..


"കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും.."


ചിത ആളുന്നത് നോക്കിയിരിക്കെ പൂന്താനത്തിന്റെ വരികൾ ഉള്ളിലേക്ക് വിഷാദത്തോടെ കിലുങ്ങി വീണു.വ്യർഥതയുടെ വിഴുപ്പുഭാണ്ഡം മാത്രമായിത്തീർന്ന ജീവിതത്തെ ഒരു പത്തിരിയെന്നോണം ഞാൻ തിരിച്ചും മറിച്ചുമിട്ടു. രണ്ടു ഭാഗവും നന്നായി പൊള്ളി പാകമായിരിക്കുന്നു. 


പിറ്റേന്ന്, എല്ലാവരും പൊയ്ക്കഴിഞ്ഞു. അമ്മ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. പൊടുന്നനെ അമ്മ ചോദിച്ചു, 


"ഇതേതാ സ്ഥലം?, എന്തായിരുന്നു ഇവിടെ  ഒരു ആൾക്കൂട്ടം? നീയേതാ കുട്ട്യേ?"


അതുവരെ നിസ്സംഗതയുടെ ബന്ധനത്തിൽ കഴിഞ്ഞിരുന്ന സങ്കടങ്ങളത്രയും ഒരു നിലവിളിയോടെ പുറത്തേക്ക് കുതിച്ചു. കണ്ണുകൾ നിർത്താതെ പെയ്തു. അലറിക്കരയുന്ന എന്നെ നോക്കി  അമ്മ പകപ്പോടെ ചോദിച്ചു, 


"എന്തിനാ കരയണത്? വിശക്ക്ണുണ്ടോ?"

Shareefa mannisseri.

വാനിഷിങ് (കഥ )

 വാനിഷിങ്(കഥ)

Shareefa mannisseri


തെരുവിൽ അവർ ഒരു നിത്യക്കാഴ്ചയാണ്.ഒരു ശ്രോതാവിനെ കിട്ടുകയേ വേണ്ടൂ അവർ മനസ്സിന്റെ ഭാണ്ഡം തുറക്കാൻ.


"ഓർക്കുന്നില്ലേ, എന്റെ മോൻ ശരത്തിനെ?എപ്പഴും  കറുത്ത ഷർട്ട് ഇടുന്ന..എത്ര കഷ്ടപ്പെട്ടാ ഞാനവന്റെ ആവശ്യങ്ങളൊക്കെ നടത്തീർന്നത്.ഞാനൊരു വീട്ടുവേലക്കാരിയല്ലേ.എന്റടുത്ത് എവിടാ ഇത്ര പെരുത്ത കാശ്.."


"ഇന്റെ കയ്യില് കാശ് ഇണ്ടാർന്നില്ല അവൻ അന്ന് മൊബൈൽ വാങ്ങിക്കൊടുക്കാൻ പറഞ്ഞപ്പോ."


"സാരല്യ അമ്മേ, ലീവ് കിട്ടുമ്പോ ഞാൻ പണിയെടുത്ത് വാങ്ങിക്കോളാം" എന്നും പറഞ്ഞു പോയതാ അവൻ ഹോസ്റ്റലിലേക്ക്.ഇന്റെ കൊച്ചിന് എന്തോരം മാർക്കാ.താണ ജാതിക്കാരായതോണ്ടു ഹോസ്റ്റലിൽ ഫീസ് വളരെ കൊറവാർന്നു..പിന്നെ ഇത് വരെ വന്നിട്ടില്ല.കാണാൻ കൊതിയാവാ.എത്രയായി ഞാനെന്റെ കൊച്ചിനെ കണ്ടിട്ട്. മോള് തിരോനന്തപുരത്തക്കാണോ? ഈ ഫോട്ടോല് കാണുന്ന ന്റെ കൊച്ചിനെ ഒന്നന്വേഷിക്കോ?"

നിസ്സഹായമായ അവരുടെ നോട്ടം എന്റെ മനസ്സിൽ പടക്കമായി പൊട്ടിച്ചിതറി. ഈ ചിത്രം എല്ലാവർക്കും പരിചിതമല്ലേ?എങ്ങോ അപ്രത്യക്ഷനായവൻ..ഹോസ്റ്റലിലെ പാർട്ടിവൈരത്തിന്റെ അഗ്നിയിൽ അന്തർധാനം ചെയ്തവൻ..പോലീസ് പൊടിയിലേക്ക് നീക്കി വച്ച ഒരു പഴയ കേസ്‌കെട്ട്. 


"മോളെ, അവർ വീണ്ടും എന്റെ കാലിൽ മുറുകെപിടിച്ചു. ഇന്റെ കുടുമ്മക്കാരു പറയണത് ഇന്റെ മനസ്സിന് സൂക്കേടാന്നാ. പോലീസ് പറയണത് ഒക്കെ ഇന്റെ തോന്നാലാന്നാ. ശരത് ന്ന് പറയണ ഒരാൾ ഈ ഭൂമീല് ണ്ടാർന്നില്ലന്നാ. ഇന്റെ അടിവയറില് ചെവി വച്ചു നോക്ക്- ശരത് മോനേന്നുള്ള വിളി കേൾക്ക്ണില്ലേ?"


മാസങ്ങളായി വെള്ളം കാണാത്ത അവരുടെ കീറവസ്ത്രങ്ങൾ എന്നെ എങ്ങനേലും അവിടുന്ന് രക്ഷപ്പെടാൻ ഉപദേശിച്ചു.പൊടിയും ചെളിയും നിറം മാറ്റിയ നാറുന്ന മുടി എന്നെ കൊഞ്ഞനം കുത്തി. ശുഷ്‌കിച്ച ശരീരം മടുപ്പിന്റെ ചുളിവുകളുമായി തുറിച്ചു നോക്കി. ചുറ്റും ആളുകൾ കൂടുന്നുണ്ട്.തമാശക്കാഴ്ച ആസ്വദിക്കുന്നുണ്ട്.


"ഞാൻ അന്വേഷിക്കാം.തിരക്കുണ്ട്.പോട്ടെ അമ്മച്ചീ."


പൊള്ളയായ വാക്കുകൾ അവരെ ഇടിച്ചു.അവർ ദീനമായി എന്നെ നോക്കി.പൊടുന്നനെ ആ ശൂന്യമായ മിഴികൾ ചുവന്നു.കനലുകൾ പുറത്തേക്ക് തെറിച്ചു.


"മദാമ്മ എങ്ങു പോണ്? എന്റെ കേസ് തീർത്തു തരാംന്നും പറഞ്ഞ് ഇന്റെ കയ്യിലുള്ളത് മുഴോൻ ഊറ്റിയ വക്കീലത്തിയല്ലേ നിയ്?ഇന്റെ മോനെ കണ്ടു കിട്ടാതെ നീ ഇവിടുന്ന് പോണ പ്രശ്നമില്ല."


അവരെന്നെ കാലിൽ വലിച്ചു തള്ളിയിട്ടു.പൊടിയിൽ ഇട്ടുരുട്ടി.എന്റെ നിലവിളി ആളുകളെ രസിപ്പിച്ചു.


പോലീസ് അവരെ തൂക്കിയെടുത്തു ജീപ്പിൽ ഇടുമ്പോഴും അവർ പുലമ്പി-


"ഇന്റെ മോൻ ഇവിടെ ണ്ടാർന്നുന്ന് ള്ളേയ്ന് ഞാൻ മാത്രാ സാക്ഷി.ഞാൻ പറയണത് കള്ളാച്ചാ ഇന്നേ ശിക്ഷിച്ചോളീ. ഇനിക്ക് ഇനീം ഈ നുണകള് കേട്ട് ജീവിക്കാൻ വയ്യ..."

Shareefa mannisseri

മറഞ്ഞു നിൽക്കുന്നവർ (katha)

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "

പാലിയേറ്റീവ് ദിനം (കഥ )

 പാലിയേറ്റീവ് ദിനം (കഥ )

Shareefa mannisseri 


വെറുപ്പിന്റെ ചീളുകൾ അകത്ത് നിന്ന് ശാപങ്ങളായി അയാളുടെ മേൽ പതിച്ചു.

"നാശം, മരിക്കുന്നുമില്ല. ഒരു കൊല്ലമായി സഹിക്കുന്നു. എന്തിനാ ഞാനിങ്ങനെ കഷ്ടപ്പെടുന്നത്. ഫൈഹാ, ഒന്ന് വേഗം എണീക്കുന്നുണ്ടോ. നീ സ്കൂളിൽ പോകുന്നില്ലേ? വാപ്പയും മോളും കൂടി മനുഷ്യനെ പഠിപഠിപ്പിക്കും."


അവരുടെ ഈർഷ്യ മുഴുവൻ മകളുടെ മുതുകിൽ ഊക്കൊടെ പതിച്ചു.

അയാൾ അനങ്ങാൻ വയ്യാതെ മൂത്രത്തിൽ കുളിച്ചു കിടന്നു. മുതുകിലെ പുണ്ണ് നീറിപ്പുകയുന്നു. കണ്ണീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു കൊല്ലം മുമ്പ് ഏവർക്കും ആവശ്യവും ആനന്ദവും ആയിരുന്നവൻ.. ജീവിതത്തിലേക്ക് കാലനായി കയറി വന്ന ആ ചുവന്ന ലോറി, ചുളുങ്ങിപ്പോയ തന്റെ കറുത്ത കാർ.. പടച്ചോനേ, അന്നേ തീർന്നിരുന്നെങ്കിൽ! എന്തിനാണ് തമ്പുരാനേ ഈ നീട്ടിയിടൽ.. വേദനയുടെ ഈ പാനപാത്രം എന്നാണ് എന്റെ വായിൽ നിന്ന് നീ നീക്കിക്കളയുക.. അതിലെ കയ്പ്  കുടിച്ച് മതിയായല്ലോ തമ്പുരാനേ..അയ്യൂബ് നബിയെപ്പോലെ ക്ഷമിക്കാൻ എനിക്ക് ആവതില്ല നാഥാ..

അയാളുടെ ദീനവിലാപം തുടരവേ ഹോം കെയറിന്റെ വണ്ടി മുറ്റത്ത് നിർത്തിയ ശബ്ദം കേട്ടു. അയാൾക്ക് ആശ്വാസം തോന്നി. കുറച്ചു നേരം സംസാരിക്കാൻ കുറച്ചു പേര് എത്തിയല്ലോ..

മൂത്രത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ട് നഴ്സ് വീട്ടമ്മയെ വിളിച്ചു ശകാരിച്ചു. അവർ മുഖം കറുപ്പിച്ചു അകത്തേക്ക് പോയി.


"അവളെ കുറ്റം പറയണ്ട, അവൾക്ക് എന്നെ നോക്കി മടുത്തു. എന്റെ സമ്പാദ്യം ഭൂരിഭാഗവും ചികിത്സക്ക് പോയതിലാ അവൾക്ക് അധികം ദേഷ്യം. എഫ് ഡി ഇട്ട കുറച്ചു പൈസ കൊണ്ടാ ഇപ്പൊ ജീവിതം. നിങ്ങൾ എന്റെ ആയുസ്സ് തീരാനുള്ള എന്തേലും മരുന്ന് തരി. അല്ലെങ്കിൽ പാർപ്പിക്കണ ഏതേലും ശരണാലയത്തിൽ എന്നെ കൊണ്ടു വിടീ. ഓൾക്ക് സ്വൈര്യം കിട്ടൂലോ "

പിറ്റേ ആഴ്ച പാലിയേറ്റീവ് ആംബുലൻസ് അയാളെയും കൊണ്ട് അവരുടെ തണൽ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. ഇനിയെങ്കിലും അവളുടെ കറുത്ത മുഖം കാണേണ്ടല്ലോ എന്ന ചിന്ത ആയാളിൽ വല്ലാത്ത തണുപ്പായി. അവൾക്കും ആശ്വാസമായിരുന്നു, മലവും മൂത്രവും നിറഞ്ഞ ആ ചായ്പ്പ് ഇനിയെങ്കിലും വൃത്തിയായി ഇരിക്കുമല്ലോ. മിസ്സ്ഡ് കോളിലൂടെ കടന്നു വന്ന ഷാനിബിനോട് ധൈര്യമായി മതി വരോളം സംസാരിക്കാലോ. എന്നെങ്കിലും അവൻ തന്റെ ജീവിത പങ്കാളി ആവും എന്ന ഉറപ്പും അവൾക്കുണ്ട്. അയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നതാണ് ഒരേയൊരു തടസ്സം...

ദൂരെ പാലിയേറ്റീവ് ദിനം പ്രമാണിച്ചുള്ള പിരിവിന്റെ അനൗൺസ്‌മെന്റ് കേട്ടു.

"മറ്റൊരു പാലിയേറ്റീവ് ദിനം കൂടി.. ശയ്യാവലംബികളായ.. "


പ്രസംഗം ആ വീടിന്റെ ചുമരുകളിൽ മാറ്റൊലി കൊണ്ടു. അവൾ മടുപ്പോടെ വീടിന്റെ വാതിൽ ചേർത്തടച്ചു. പിന്നെ പുഞ്ചിരിയോടെ ഒരു വീഡിയോകോളിലേക്ക് ഉല്ലസിച്ചുയർന്നു..

സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

 സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

ശരീഫ മണ്ണിശ്ശേരി 


'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചു,


"മോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'


ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..


"അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ വീഡിയോകൾ കാണിച്ച് കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. എപ്പോഴാണവൻ എന്നെ ചലിക്കുന്ന ചിത്രങ്ങളാക്കിയത്..


"പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ വീഡിയോകൾ ,  ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'


നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'


'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'


പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.


'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് ഞാൻ കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ അവനെന്നെ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.


"എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'


ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിനാവും?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'

മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിക്കും. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.


 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'


മോള്‍ എന്റെ വയര്‍ തലോടി.

 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്ത് അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.


'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'


കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.


'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു


"നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' 


മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...


ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!സ്വപ്നങ്ങളേ, നിങ്ങളും ഞങ്ങളെ കൈവിട്ടുവോ..


മൗത്താ -മരിച്ചവർ 

----------------------------

#ചതഞ്ഞരയുന്ന എല്ലാ പെൺബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു😔😔

ജീവിതഗന്ധം (കഥ )

 ജീവിതഗന്ധം (കഥ ) 

Shareefa mannisseri 


ഒരു ദുർഗന്ധം സദാ എന്നെ ചൂഴ്ന്നു നിന്നിരുന്നു. വിഷാദത്തിന്റെ തമോഗർത്തത്തിലേക്ക്ആണ്ടിറങ്ങുമ്പോഴൊക്കെ അതെന്റെ മൂക്കിനെ ശ്വാസം മുട്ടിച്ചു. ചത്തു ചീഞ്ഞ ഈ മണം എന്തിന്റെയാണ്? അരിച്ചുപെറുക്കി എല്ലായിടവും വൃത്തിയാക്കിയിട്ടും ഇതിങ്ങനെ നിലനിൽക്കുന്നത് എന്തുകൊണ്ടാവും?

 ഇനിയെന്റെ മൂക്കിന് തന്നെയാവുമോ ഈ ശവഗന്ധം?

 മകൾ വന്നപ്പോൾ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു,


" മോളെ എന്റെ മൂക്കിന് വല്ല ചീഞ്ഞ സ്മെല്ലും ഉണ്ടോ?"


 ആകെ അന്തംവിട്ട് അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് ചൊടിച്ചു,


" ഈ അമ്മക്ക് വട്ടാണോ? മൂക്ക് മാത്രം എന്ത് മണം വരാനാണ് ഞാൻ കേട്ടിട്ടുള്ളത് ചത്താലാണ് ചീഞ്ഞ മണം വരികയെന്നാണ്". 

 

ഒരു കാര്യവുമില്ലെങ്കിലും ആ പ്രസ്താവന ഉള്ളിൽ ഇരുമ്പ്കൊളുത്തായി മുറിവുണ്ടാക്കി. വളരുന്തോറും അവൾ സ്നേഹശൂന്യ യാവുകയാണ്. തനിക്ക് സംസാരിക്കാൻ മാത്രം ഇവിടെ ആരുമില്ല. ഫോണിൽ എല്ലാവരും നല്ല വർത്തമാനക്കാരാണ്. പരസ്പരം ആരും വാ തുറക്കില്ലെന്ന് മാത്രം. കിലുക്കാംപെട്ടി പോലെ ചിരിച്ചു നടന്നിരുന്ന തനിക്ക് കിട്ടിയൊരു വീട്. തീരെ യോജിക്കാത്തവരെ പശ തേച്ചൊട്ടിക്കുന്ന ഒരു പരിപാടിയാണ് കല്യാണമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഏറ്റവും അത്യാവശ്യത്തിന് മാത്രം മിണ്ടുന്ന കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ്. മൂപ്പർക്ക് മൂന്നാലു ഭാഷകൾ കൂടി അറിയാമെന്ന് ഈയിടെ ആരോ പറഞ്ഞാണ് അറിയുന്നത്. മാതൃഭാഷയിൽ തന്നെ മിണ്ടാൻ മനസ്സില്ലാത്ത അയാൾക്ക് എന്തിനാണ് മറ്റു ഭാഷകൾ?


 ഏകാന്തതയാണ് മൂപ്പരുടെ ഇഷ്ടതോഴൻ. പുസ്തകങ്ങൾ ഇടക്ക് വായിക്കുന്നത് കാണാം. ഏതൊക്കെയോ ഗസലുകൾ പതിഞ്ഞ താളത്തിൽ എപ്പോഴും ബിജിഎം ആയി ആ റൂമിൽ അലയടിക്കുന്നുണ്ടാവും. ഭാര്യക്കും ഭർത്താവിനും സ്വന്തമായ റൂം ഉള്ളതാണ് ഈ വീടിന്റെ ഏകയാശ്വാസം. ഒരാൾക്ക് ഒരാളെ എത്രനേരം സഹിക്കാ നാകും? അതും തികച്ചും വിരുദ്ധരായ രണ്ടാളുകൾ! വളരുന്തോറും മകൾ അയാളുടെ കാർബൺ കോപ്പിയായി മാറുകയാണെന്ന് തോന്നുന്നു. എങ്കിലും ഏതൊക്കെയോ ഫോൺ ബന്ധങ്ങൾ അവളുടെ പഠനസമയത്തെ  അപഹരിക്കുന്നുണ്ട്. ഒരു തവണ അതേപ്പറ്റി ചോദിച്ചതിന് കണക്കിന് കിട്ടി,


" അമ്മക്ക് വേറെ പണിയൊന്നുമില്ലേ? പപ്പയുടെ പിന്നാലെയുള്ള സിഐഡി പണി മതിയായിട്ടാണോ ഇപ്പോൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ലുക്ക് അമ്മാ, അയാം നയന്റീൻ, ഐ ഹാവ് മൈ ഓൺ ഫ്രീഡം. ആൻഡ് ഡോണ്ട് പീപ് ഇന്റു മൈ പേഴ്സ്നൽ മാറ്റേഴ്സ്.. "


 ഏതായാലും അവളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിച്ചതിന് ഫലമുണ്ടായിട്ടുണ്ട്.

 പുസ്തകങ്ങൾ വായിക്കുന്നത് തനിക്ക് പണ്ടേ ഇഷ്ടമല്ല. കണ്ട അപ്പേനോടും കുറുന്തോട്ടീനോടും വർത്താനം പറയണ നേരം നിനക്ക് രണ്ടക്ഷരം വായിച്ചൂടെ രമ്യേ എന്ന് പണ്ട് എത്ര തവണ അമ്മ ചോദിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം വായന ഒരിക്കലും ഉണ്ടായിട്ടില്ല. 


ഒഴിവുസമയം ടിവിയിൽ സിനിമയും സീരിയലും കാണും, അത്രതന്നെ. ഇവിടെയെത്തിയപ്പോൾ അതും ഇല്ലാതെയായി. 


"ആ വോളിയം ഒന്ന് കുറച്ചു വയ്ക്ക്,എന്ത് അലമ്പ് സിനിമകളും സീരിയലുകളും ആണ് നീ കാണുന്നത്"  തുടങ്ങിയ കല്പനകൾ ഭർത്താവിൽ നിന്ന് പാഞ്ഞു വന്നു. ശാസിക്കാനെങ്കിലും അയാളുടെ നാവ് പൊങ്ങുന്നുണ്ടല്ലോ. ഭാഗ്യം!


ചീഞ്ഞ മണം സഹിച്ചു സഹിച്ച് ഭക്ഷണം കഴിപ്പ് പോലും പ്രയാസമായി. ടെൻഷൻ കൂടുമ്പോൾ ഇഷ്ടമുള്ള എന്തേലുമൊക്കെ ഉണ്ടാക്കി കഴിച്ചാൽ ഒരു റിലാക്സ് വരും. അങ്ങനെയങ്ങനെ ഒരു ഉണ്ടച്ചി ആയിട്ടുണ്ടായിരുന്നു.  ഒരു മാസം കൊണ്ടാണ്  മൂന്നു കിലോ ഒറ്റയടിക്ക് കുറഞ്ഞത് . വല്ലതും തിന്നാൻ പറ്റണ്ടേ മൂക്കിൻ തുമ്പത്തെ ആ നശിച്ച ദുർഗന്ധം കാരണം..

 

കടലിനഭിമുഖമായി നിന്ന് ഞാൻ അതിമനോഹരമായി പ്രസംഗിക്കുന്ന ഒരു സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഉണർന്നത്. എത്രയെത്ര ആളുകളായിരുന്നു മുന്നിൽ. ദൈവം എനിക്ക് വേണ്ടി എന്തോ കണ്ടുവെച്ചിട്ടുണ്ട്. എന്താവും ആ സ്വപ്നത്തിന്റെ വ്യാഖ്യാനം?

 

എന്നെ തിന്നു തീർക്കുന്ന മടുപ്പിൽ നിന്ന് രക്ഷപ്പെടാനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. നിരുത്സാഹവാക്കുകൾ മാത്രം പറയുന്ന മകളും അച്ഛനും എങ്ങനെയാവും പ്രതികരിക്കുക എന്നതായിരുന്നു ഒരേയൊരു ഭയം . ഡിഗ്രി ഗ്രൂപ്പിലെ മോട്ടിവേഷൻ സ്പീക്കറായ മേരിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. സത്യം പറഞ്ഞാൽ വാട്സപ്പ് ആയിരുന്നു കുറേക്കാലമായി എന്നെ ജീവിപ്പിച്ചു കൊണ്ടിരുന്നത്. അല്ലായിരുന്നെങ്കിൽ ഈ മുനികളുടെ ഇടയിൽ എന്നേ ഞാൻ ചത്തു കെട്ടു പോയേനെ. മേരിയാകട്ടെ കട്ട സപ്പോർട്ടായിരുന്നു.എതിർപ്പിന്റെ ചില്ലുകഷ്ണങ്ങൾ രണ്ടു പേരിൽ നിന്നും എമ്പാടും ഉണ്ടായി. മനപ്പൂർവം എല്ലാം അവഗണിച്ചു. അവർക്ക് വേണ്ടി എരിച്ചു കളയാൻ ഇനിയെന്റെ അക്കൗണ്ടിൽ സമയം 

ബാക്കിയുണ്ടായിരുന്നില്ല.

 

അങ്ങനെ തുടങ്ങിയ യാത്രയാണ് ദാ ഇവിടെയെത്തി നിൽക്കുന്നത്.ഞാൻ അഭിമുഖക്കാരിയെ നോക്കി പുഞ്ചിരിച്ചു. ആത്മവിശ്വാസത്തോടെ ചിരിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എപ്പോഴും ഒരു നിഴൽ ചിരിയെ മൂടിക്കളയും.

 

ചേച്ചീ ,  ത്രില്ലിംഗ് സ്റ്റോറി തന്നെ. ശരിക്കും വീട്ടമ്മയായി കെട്ട് തീരുന്ന ഓരോ ജീവിതത്തിനും ചേച്ചിയൊരു പാഠമാണ്. ഇന്നിപ്പോ ചേച്ചിയെ അറിയാത്ത ആരുണ്ട്? ഞാൻ പോലും കിടക്കാൻ നേരം ചേച്ചിയുടെ മോട്ടിവേഷൻ സ്പീച്ച് വെക്കും. പിറ്റേന്നത്തേക്ക് നമ്മുടെ മനസ്സ് ഊർജ്ജസ്വലമാക്കാൻ ഇതിലും നല്ല മരുന്ന് വേറെയേതുണ്ട്?

 

ഞാൻ ആലോചനയോടെ തലയാട്ടി, പിന്നെ പറഞ്ഞു-


" ഒരു നേട്ടത്തിന് ഒരു നഷ്ടം അനിവാര്യമാണ് കുട്ടീ,മകളോ ഹസ്ബന്റോ ഇപ്പോൾ എന്റെ കൂടെയില്ല. വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു പരത്തി ഞാൻ അവരെ അപമാനിക്കുകയാണെന്നാണ് പരാതി. ഡൈവോഴ്സ് കേസ് നടക്കുന്നു. അന്ന് ഞാൻ ശരിക്കും ചിരി മറന്നു പോയിരുന്നു. ഇന്നാവട്ടെ ഞാൻ ക്യാമറക്കും മുമ്പിൽ വെറുതെ ചിരിക്കുന്നു."


" അത് സാരമില്ല ചേച്ചീ നമുക്ക് ചേരാത്ത ഒരിടത്ത് എത്രകാലം ഇഴഞ്ഞു നീങ്ങാനാകും? ഇപ്പോഴാണ് നിങ്ങൾ ജീവിക്കുന്നത് ആ മുഖത്തെ പ്രസന്നത അത് വിളിച്ചു പറയുന്നു. മറ്റൊന്ന് ചോദിച്ചോട്ടെ, 

മൂക്കിൻ തുമ്പത്തെ ആ  ദുർഗന്ധം ഇപ്പോഴുമുണ്ടോ?"

 

ഞാൻ ദീർഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ കാളകൂടം എന്തെന്നറിഞ്ഞിട്ടില്ലാത്ത ചെറുപ്പക്കാരിയായ ആ പെൺകുട്ടിയെ ഒട്ടു നേരം ഞാൻ കൗതുകത്തോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു, 


" അതെന്റെ ജീവിതത്തിന്റെ ഗന്ധം തന്നെയായിരുന്നു.ഇത്ര കാലവും പലതരം പെർഫ്യൂമുകൾ  കലർത്തിക്കലർത്തി ശവഗന്ധത്തിന്റെ തോത് കുറച്ചു കുറഞ്ഞെന്ന് തോന്നുന്നു. സഹിക്കാവുന്നതായിട്ടുണ്ട് ഇപ്പോൾ.. "


ആഴമുള്ള വാക്കുകൾ കേട്ടു ശീലിച്ചിട്ടില്ലാത്ത ആ അവതാരക വെറുതെ പൊട്ടിച്ചിരിച്ചു. പൊള്ളയായ ചിരിക്കഷ്ണങ്ങൾ ചുറ്റും കിലുങ്ങി വീണു. ക്യാമറയിലേക്ക് നോക്കിക്കൊണ്ട് അവൾ യൂട്യൂബറുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,


"നന്ദി ചേച്ചീ, ഇത്രനേരവും ഞങ്ങളുടെ 'തമ്മിൽ തമ്മിൽ' പരിപാടിയിൽ സംവദിച്ചതിന്,ഈ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ, നന്ദി.. "


 മഞ്ഞക്കറ വീണ ടോയ്ലറ്റ് വെളുപ്പിക്കുന്ന ലിക്വിഡിന്റെ പരസ്യത്തിലേക്ക് പെട്ടെന്ന് ടിവി സ്ക്രീൻ ഉന്മേഷത്തോടെ ചിരിച്ചുണർന്നു..

പിൻനിലാവ് (കഥ )

 പിൻ നിലാവ് (കഥ )


ജീവിതത്തിന്റെ സങ്കീര്‍ണവാചകങ്ങള്‍ക്കും ലളിതസമവാക്യങ്ങള്‍ക്കുമിടയിലെല്ലാം നെഞ്ചിടിപ്പോടെ ഉയര്‍ന്നു വരുന്നവനാണ്'പക്ഷേ എന്ന വാക്ക്. കേള്‍ക്കുന്നവരിലേക്ക് അത് 

ആശങ്കയുടെ മുള്ളുകൾ തെറിപ്പിക്കും.ശാരദറ്റീച്ചറും സിദ്ദിക്ക്മാഷും യാത്ര പുറപ്പെട്ടപ്പോഴും നടുവളഞ്ഞ അനേകം ചോദ്യങ്ങളോര്‍ത്തു ഉള്ളു കലങ്ങായ്കയല്ല.


"എന്റെ കാര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കാ അധികാരം?'


എന്ന് അവരുടെ മക്കള്‍ വരെ നെഞ്ച് വിരിച്ചു ചോദിക്കുന്ന കാലമായിട്ടും

അവര്‍ക്കതിനുള്ള തന്റേടം ആയിട്ടില്ല.അതുകൊണ്ടാണ് ഈ യാത്രക്കവര്‍ ഇത്രയും അവസരം പാര്‍ത്തത്.ഒന്നിനുമല്ല, കാലങ്ങളായി മനസ്സില്‍ കുന്നുകൂട്ടി വച്ചതൊക്കെയും സ്വൈരമായി പറഞ്ഞു തീര്‍ക്കണം.പറയാതെ പോയ ഇഷ്ടങ്ങള്‍, ആ നദികള്‍ കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അത്ഭുതങ്ങള്‍...കീമോക്ക് ശേഷവും നിശ്ശബ്ദകൊലയാളിക്കു മുമ്പില്‍ ടീച്ചര്‍ പിടിച്ചു നില്‍ക്കുന്നതു തന്നെ ഈ യാത്രയ്ക്കു വേണ്ടി മാത്രമായിരുന്നെന്നു തോന്നും.


രണ്ടു വഴിയിലൂടെ ആരുടേയും തുണയില്ലാതെ അവര്‍ തീവണ്ടിസ്‌റ്റേഷനില്‍ എത്തി.വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും മുഖത്തു തിളങ്ങി.കൈ കോര്‍ത്തു പിടിച്ചു അവര്‍ വണ്ടിയില്‍ കയറി.ഇനിയാരു കണ്ടാലും പ്രശ്‌നമില്ലെന്ന മട്ടില്‍ തൊട്ടു തൊട്ടിരുന്നു.രാത്രിയുടെ തണുത്ത കരതലം അവരെ ചെറുപ്പകാലത്തേക്ക് ഒരു തൂവല്‍ പോലെ എടുത്തുയര്‍ത്തി.


'ഓര്‍മയില്ലേ?'


ബോയ്കട്ട് പോലെ തോന്നിച്ച മുടിയിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് അവര്‍ ചോദിച്ചു.


"അന്ന് നമ്മുടെ സ്‌കൂളില്‍..."


വാചകം മുഴുവനാക്കാതെ അവര്‍ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.


'പത്തിരിയുണ്ടാക്കി കൊണ്ടുവന്നതാണോ?


അയാളുടെ ചിരിയില്‍ വിരിഞ്ഞ ജാള്യം ആ പ്രായത്തിലും ചന്തം വിതറി.


'ങാ, പത്തിരി ഇതേ വരെ കഴിച്ചിട്ടില്ലാന്നു പറഞ്ഞിട്ട്..പാവം മാഷ്,ഞാന്‍ നല്ല പത്തിരിയും ഇറച്ചിക്കറിയും തട്ടി വിടുമ്പോള്‍ എന്റെ സാമ്പാറും പുളിശ്ശേരിയും കൂട്ടി മാഷ് ഊണ് കഴിക്ക്ണത് ഇപ്പഴും കണ്ണില്‍ കാണാം.'


അവര്‍ പിന്നെയും ഓര്‍ത്തോര്‍ത്തു ചിരിച്ചു..


'അന്ന് സാബിറ എന്നോട് ചോദിച്ചു, ഇന്നെന്താ ചോറിനു പകരം പത്തിരീന്ന്?ഒന്നുല്ലാന്നു ഞാന്‍ കണ്ണടച്ചു കള്ളം പറഞ്ഞു.'


'ഭരതേട്ടനോട് ഞാനും കുറെ കള്ളം പറഞ്ഞതാ നമ്മുടെ സൌഹൃദം നിലനിര്‍ത്താന്‍..'


'സാരമില്ല, നമ്മളതിനു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.ഇനിയൊട്ടു ചെയ്യാനും പോണില്ല.ഈ യാത്ര തന്നെ എന്റൊരു മോഹാണ്..ടീച്ചറെ കൂടെയിരുത്തി കാഴ്ചകളൊക്കെ കണ്ട്..പക്ഷെ ...'


'ഒരു പാട് വൈകി സഫമാകാന്‍ അല്ലേ?'


അവര്‍ വേദനയോടെ മാഷെ ഉറ്റു നോക്കി.അയാള്‍ ആ വലിയ കണ്ണുകളെ നേരിടാനാകാതെ തല താഴ്ത്തി.'


മഴ വരുന്നു, ഷട്ടര്‍ താഴ്ത്തണോ?'


'വേണ്ട, ഇരുട്ടാവും ഇപ്പോ..പിന്നെ പുറത്തേക്ക് നോക്കിയിരിക്കാന്‍ നല്ല രസാ.ചക് ചക് എന്നു ഇരുട്ട് വിഴുങ്ങിയാണോ തീവണ്ടിക്ക് അനുനിമിഷം ഉശിര് കൂടുന്നതെന്നു തോന്നിപ്പോകും..സന്തോഷത്തിന്റെ പട്ടുപുടവകളൊന്നും നിന്റെ എഴുത്തില്‍ കാണാത്തതെന്ത്?ദുഃഖത്തിന്റെ കനത്ത ഇരുമ്പുകൊളുത്താണല്ലോ എങ്ങും ചോര തെറിപ്പിച്ച്?ഇങ്ങനൊരു ചോദ്യം മുമ്പ് മാഷ് എഴുതി ചോദിച്ചിരുന്നില്ലേ?ഒരിക്കലും തീരില്ലായിരുന്നു അന്ന് നമ്മുടെ എഴുത്തുകള്‍..'


'അതെ, ബാപ്പ എഴുത്തൊന്നു പിടിക്കയും കള്ളി വെളിച്ചത്താവുകയും ചെയ്യണ വരെ.'


മ്ലാനതയാല്‍ അയാളുടെ മുഖം ഇരുണ്ടു.ചേരേണ്ടവരെ ദൈവം ഒരിക്കലും ചേര്‍ക്കില്ല.


അവര്‍ ചിരിച്ചു. ചിരി വക്രിച്ച് കരച്ചിലിനെ തൊട്ടു.'സന്തോഷത്തിന്റെ കുന്നിക്കുരുക്കളത്രയും പെറുക്കാനാശിച്ചവളാ ഞാന്‍.അതിനായുമ്പോഴെല്ലാം കോട പോലെ ദുഃഖത്തിന്റെ ഈ മേലാപ്പുകള്‍...തണലുകളുടെ കുളിര്‍മ അറിഞ്ഞാലല്ലേ വേദനകളുടെ ഉഷ്ണപ്രവാഹങ്ങളിലേക്ക് ഇത്തിരിയേലും തണുപ്പ് കയറുകയുള്ളൂ?'


'നിന്റെ ഈ സാഹിത്യംപറച്ചില്‍ തന്നെയാ എന്നെ നിന്റെ പിന്നാലെ നടത്തിച്ചത്.വെച്ചുണ്ടാക്കണം,കഴിക്കണം, ഉറങ്ങണം ഇതിലപ്പുറം ഒരു ചിന്തയും സാബിറയെ അലട്ടാറില്ല.മൂന്നു കുട്ടികള്‍ക്കും എന്നെക്കാള്‍ കാര്യം അവളെത്തന്നെയാ..'


ഭാഗ്യവതി! ഒരു സ്ത്രീ ചിന്തിച്ചിട്ടെന്തു വിശേഷം?വിവരമുള്ളവളും ഇല്ലാത്തവളും ആത്യന്തികമായി നേടുന്നത് ഒന്നു തന്നെഭര്‍ത്താവ്, കുട്ടികള്‍..അതില്‍ കെട്ടു പിണഞ്ഞ ജീവിതസമസ്യകള്‍...ആ കുരുക്കുകള്‍ നേ ടാത്തവരെയെല്ലാം സമൂഹം കൊഞ്ഞനം കുത്തും..എന്റെ മോളാണെങ്കില്‍ മൊബൈലാണോ അവളെ പെറ്റതെന്നു തോന്നും.ഫെയ്‌സ്ബുക്കും ഇൻസ്റ്റയും ചാറ്റിങ്ങും..ഏതു നേരവും അതിന്റെ മുന്നിലാണ് തപസ്സ്.അത്യാവശ്യത്തിനേ വായ തുറക്കൂ.അതിഥികള്‍ വരുന്നത് കലിയാണവള്‍ക്ക്.'


'എ ടിപ്പിക്കല്‍ മോഡേണ്‍ ഗേള്‍.നിന്റെ ആളും കംപ്യുട്ടര്‍എഞ്ചിനീയറല്ലേ?ജീന്‍ മാറിയിട്ടില്ല.ഏതായാലും കവയത്രി അവേണ്ടവള്‍ക്ക് കിട്ടിയൊരു കൂട്ട്.പിന്നെ നമ്മടെ ജനറേഷന്റെ ആ ചമ്മലും പേടിയുമൊന്നും ഇപ്പഴത്തെ കുട്ടികള്‍ക്കില്ല.ഇഷ്ടമുള്ളവരെ കൂട്ടി വന്ന് ഞാന്‍ ഇയാളുടെ ഒപ്പാ ഇനി താമസിക്കുന്നതെന്ന് കൂളായി പറഞ്ഞു കളയും.സ്വന്തം അയല്‍വാസിയെപ്പോലും ഫെയ്‌സ്ബുക്കില്‍ നിന്നറിഞ്ഞിട്ടു വേണം.ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന ജീവിതജാടകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്ര നല്ലൊരു വേദി വേറെ എവിടെ കിട്ടും?ഒരാളെ മനസ്സീന്ന് ഡിലീറ്റു ചെയ്യാനും ആക്‌സപ്റ്റു ചെയ്യാനും ഒരു നിമിഷം പോലും വേണ്ട..നമ്മള്‍ ഓള്‍ഡ് ജനറേഷന്‍ അവര്‍ക്ക് സെന്റിമെന്റലി മാഡ് ആയ ഒരു കൂട്ടം മാത്രം..'


അവര്‍ പരിഭവത്തോടെ അയാളെ നോക്കി.പിന്നെ മന്ത്രിച്ചു 


"എന്റെ അത്ര തനിച്ചായിപ്പോയവള്‍ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.'


അയാളവരെ മമതയോടെ ചേര്‍ത്തു പിടിച്ചു.


"മരിക്കോളം ഞാനുണ്ട്.'


കാലത്തിന്റെ ഒരടര് അയാള്‍ക്കു മുന്നില്‍ പതുക്കെ അടര്‍ന്നു വീണു..


'കാഫര്‍ച്ചിയെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ.ഓന്റൊരു ലഫ്.നോക്കിക്കോ, ഇനിയും നീയാ പെണ്ണിനെ കണ്ടൂന്ന് അറിഞ്ഞാ നിന്നെക്കൊന്ന് ജയിലില്‍ പോയാലും വേണ്ടില്ല.സമുദായം പുറത്താക്കുന്നതിലും ഭേദം അതാ.'


ചീറ്റിത്തെറിക്കുന്ന ദേഷ്യത്തില്‍ ഉപ്പയുടെ ചുണ്ടും താടിരോമങ്ങളും വിറച്ചു.എത്രയോ വീടുകളില്‍ ആവര്‍ത്തിച്ച ആ പതിവുനാടകം അയാള്‍ നിസ്സംഗനായി ഓര്‍മിച്ചു.എല്ലാവരെയും വെറുപ്പിച്ച് ഒരു കല്യാണം.അതിലൊന്നും ഒരര്‍ത്ഥവുമില്ല.പൊരുത്തം, മനസ്സത് നഷ്ടപ്പെടുത്താതിരുന്നാല്‍ മതിയല്ലോ.ഒരേ സ്‌കൂളില്‍ ജോയിന്‍ ചെയ്യും വരെ അവര്‍ കത്തുകളിലൂടെ സംസാരിച്ചു.ഒരിക്കലും തീരാത്ത വിഷയങ്ങള്‍.ഈ ജന്മം പറഞ്ഞു തീരാത്തപോലെയാണ് ഇപ്പോളീ യാത്ര.അല്ലെങ്കില്‍ വാര്‍ധക്യം എത്തി നോക്കാന്‍ തുടങ്ങിയ ഇക്കാലത്ത് ആരാണ് ഇങ്ങനൊരു സാഹസത്തിനു മുതിരുക? അയാള്‍ അനവധി കഥകള്‍ വായിച്ചിട്ടുണ്ട്പ്രണയസാഫല്യത്തിനായി വയസ്സുകാലത്ത് മല കയറാനും നാട് കാണാനും പുറപ്പെട്ടവര്‍.ഉണങ്ങി മൊരിഞ്ഞ യൌവനത്തിന്റെ നടുക്കുന്ന നഷ്ടസ്മൃതിയില്‍ തിരികെ മലയിറങ്ങിയവര്‍..അതൊന്നും പക്ഷെ അവരെ അലട്ടിയില്ല.ചെറിയ കുട്ടികളുടെ കേവലസ്‌നേഹം പോലൊന്ന് അവരെ ചേര്‍ത്തു പിടിച്ചു.സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവരുടെ ഇടയിലേക്ക് പെരുങ്കല്ലുകള്‍ ഇട്ടില്ലായിരുന്നെങ്കില്‍ മരണമല്ലാതെ മറ്റൊന്നും അവരെ വേര്‍പെടുത്തുമായിരുന്നില്ല.


ലോഡ്ജില്‍ മുറിയെടുക്കാനായി റിസപ്ഷനില്‍ നില്‍ക്കെ ചിലര്‍ തുറിച്ചു നോക്കുന്നത് കണ്ട് അവരല്‍പം പരിഭ്രമിച്ചു.റൂമിന്റെ എസിയിലേക്ക് ചാഞ്ഞിരിക്കും വരെ ആ ഭയം അവരെ വിട്ടൊഴിഞ്ഞതുമില്ല.അയാളവരുടെ മുഖം പിടിച്ചുയര്‍ത്തി


'ക്ഷീണിച്ചോ'


'ഉം പഴയ കാലല്ലല്ലോ.പിന്നെ അസുഖം...'


ഊര്‍ന്നു വീണ സാരിത്തലപ്പിനടിയില്‍ കണ്ട മൊട്ടത്തലയിലേക്ക് നോക്കി  അയാള്‍ നെടുവീര്‍പ്പിട്ടു.


'എന്റെ പഴയ മുടി ഓര്‍ക്കാവും അല്ലേ?കൊട്ടക്കണക്കിന് പറിഞ്ഞു പോരുമ്പോഴെല്ലാം ഞാനും കുറെ കരഞ്ഞു.പിന്നെ ഓര്‍ത്തു. ജീര്‍ണിക്കുന്ന ഈ കൂടിനെച്ചൊല്ലി തേജസ്സുള്ള എന്റെ ആത്മാവെന്തിനു കരയണം?'


'വാസ്തവം'


കണ്ണില്‍ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികള്‍ അവര്‍ കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു, അവരുടെ പിന്നിലെത്തി അവരെ കരവലയത്തിലൊതുക്കി ഉറ്റു നോക്കി കുറെ നേരം.പിന്നെ പിറുപിറുത്തു


"കാലം ഒന്നൂടെ പിന്നോട്ട് കറങ്ങിയെങ്കില്‍!നമുക്കായ് നമ്മുടെയാ കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍!'


'ഇതു മാത്രായിരുന്നു ആശ.ഈ നെഞ്ചിലിങ്ങനെ തല ചായ്ച്ച് ഒന്നുമോര്‍ക്കാതെ...'


അവര്‍ ഒരു ഗാഡാലിംഗനത്തിലേക്ക് മുറുകി.അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ ഒളിക്യാമാറയെ തൊട്ടു.


'മാറി നില്‍ക്ക്'


പേടിയോടെ അവരെ തള്ളി മാറ്റി അയാള്‍ കിതച്ചു.


"നോക്ക് .അങ്ങോട്ട് നോക്ക്...'


അവര്‍ കാലങ്ങളായി ശീലിച്ച നിസ്സംഗ നേത്രങ്ങളോടെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു.മഞ്ഞുതിരുന്ന ആ നിര്‍മമത കണ്ട് ഒട്ടൊന്നമ്പരന്ന് ക്യാമറ അവരുടെ വസ്ത്രങ്ങള്‍ അഴിയുന്നത് കാത്തുകാത്തിരുന്നു.എന്നാല്‍ കുട്ടികളെപ്പോലെ അവര്‍ പുറംചാരിയിരുന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയില്‍ നിന്നാരംഭിച്ച് ആയിരത്തൊന്നു രാവുകളിലേക്ക് ചുവടു വെച്ചു,ഇഷ്ടഭക്ഷണം കിട്ടാത്ത വെറുപ്പോടെ ക്യാമറ അവരെ തുറിച്ചു നോക്കി........

ശരീഫ മണ്ണിശ്ശേരി

2025 ഡിസംബർ 29, തിങ്കളാഴ്‌ച

 ശവം തീനികൾ ചിരിക്കുന്നു. (കഥ )

Shareefa mannisseri


ഒലിവ് മരങ്ങൾ കരിഞ്ഞു കറുത്തിരുന്നു. ഓരോ ഉഗ്രസ്ഫോടനത്തിലും അവ നടുങ്ങി വിറച്ചു. ചുറ്റും വ്യാപിക്കുന്ന കനത്ത തീയിൽ വാടിക്കരിയാത്തതായി ഒന്നുമില്ല. കറുത്ത ധൂളികളായി എല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നു. ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിന്റെ നിലവറയ്ക്കുള്ളിൽ  അവൾ തന്റെ കുഞ്ഞിനെ മാറോടണച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു. പേടി അവളെ മുച്ചൂടും തിന്നു കഴിഞ്ഞിരുന്നു. നാല് മക്കളിൽ ഇനി ഈ തരി മാത്രമാണ് ബാക്കി. ഭർത്താവ് ആറു മാസം മുമ്പ് നടന്ന യുദ്ധത്തിൽ കഷ്ണംകഷ്ണമായി. യുദ്ധം സൂര്യനേക്കാൾ സാധാരണമായ ശപിക്കപ്പെട്ട നാടാണിത്. സമാധാനത്തിന്റെ മധുരം! അത് എന്നായിരിക്കും ഇവിടത്തുകാർ ഒന്ന് നുണയുന്നത്? തങ്ങൾ ഉള്ള് തുറന്നു ചിരിച്ചിട്ട് കാലമെത്ര കഴിഞ്ഞിട്ടുണ്ടാവും.. ജനിക്കുമ്പോഴേ ചിരി വറ്റിപ്പോകുന്നുണ്ടാവാം. ഭീകരശബ്ദങ്ങളാൽ ഭയം ചാട്ടവാർ ചുഴറ്റുന്ന വെറുങ്ങലിച്ച ദിനങ്ങൾ..


അവൾ ചുട്ടു നീറുന്ന കൺകളോടെ മുകളിലേക്ക് നോക്കി. തന്റെ മറ്റു മൂന്നു പിഞ്ചോമനകളും ഭക്ഷണവരിയിലേക്ക് തിക്കും തിരക്കുമായി നീങ്ങുമ്പോഴാണ് കഷ്ണങ്ങളായി ദൂരേക്ക് തെറിച്ചു പോയത്. പട്ടിണിയാൽ അവർ എല്ലും തോലുമായിക്കഴിഞ്ഞിരുന്നു. പച്ചപ്പുല്ലു വരെ കടിച്ചു പറിച്ചു തിന്നിരുന്നു. വിശപ്പ് മനുഷ്യനെ എന്ത് തന്നെ ആക്കുകയില്ല!


ചോരച്ച കൈകാലുകളിൽ അവരുടെ പേര് എഴുതിയിരുന്നത്കൊണ്ടാണ് ശവം പെറുക്കുന്നവർക്ക് തിരിച്ചറിയാനായത്. കുറെയായി അതാണ് അവസ്ഥ. അവസാനയുറക്കത്തിന് ഒരു കൂട്ടക്കുഴിമാടമെങ്കിലും കിട്ടാൻ എല്ലാവരും പേരുകൾ ശരീരഭാഗങ്ങളിൽ മുദ്രണം ചെയ്യുകയാണ്. ഇല്ലെങ്കിൽ കറുത്തു പുകഞ്ഞ മരങ്ങളിൽ നിഗൂഡം ചിരിച്ചിരിക്കുന്ന കഴുകുകൾ ചിതറിത്തെറിച്ച കൈകാലുകളെ കൊത്തിയെടുത്ത് പറന്നു പോകും. രുചിയോടെ ഇളംമാംസം കൊത്തിക്കൊത്തി തിന്നു തീർക്കും. യാ റബ്ബി, നിന്റെ ജഹന്നം ഈ നാട് തന്നെയാണോ? നിന്റെ എരിഞ്ഞു കത്തുന്ന ജഹീമിലെ വെറും വിറകുകൾ മാത്രമാണോ ഞങ്ങൾ..


കണ്ണൊന്നടഞ്ഞു പോയാൽ ചുറ്റും കഴുകന്മാരുടെ ചിരിയാണ്. എന്തൊരു അട്ടഹാസമാണത്! ചെവിയിലേക്ക് കുത്തിത്തുളക്കുന്ന ശബ്ദം. ആകെ നടുക്കുന്ന അതിന്റെ പ്രകമ്പനം..

ആർക്ക് വേണ്ടിയാണീ യുദ്ധങ്ങളെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ബോംബിടുന്നവർ തന്നെ ഇടയ്ക്ക് ഭക്ഷണപാക്കറ്റുകളും ഇട്ടു തരും. അതിന് തിക്കും തിരക്കും കൂടുമ്പോഴാവും അടുത്ത തീവർഷം, ചിന്നിച്ചിതറൽ.. അന്നത്തിന് വേണ്ടി അലറിക്കരയുന്ന എത്രയെത്ര പേക്കോലങ്ങളാണ്  മീതെ നിന്ന് ആഹാരപ്പാക്കറ്റുകൾ വീണ്  തല തകർന്നു മരിച്ചു പോയത്. ഹോ.. ഇതൊക്കെ അവർക്ക് വെറും തമാശകളാവാം. വിശപ്പിന്റെ നിലവിളികളും വേദനയുടെ അലർച്ചകളും ആ രാക്ഷസന്മാരെ  രസിപ്പിക്കുന്നുണ്ടാവാം. ഭക്ഷണപാക്കറ്റുകൾ കടലിൽ വീണത് കണ്ട് ആർത്തിയോടെ എടുത്തു ചാടിയ വേറെ കുറെ ആളുകളും മുങ്ങി മരിച്ചു. കടൽ പോലും ഈയിടെയായി കൊലച്ചിരിയാണ് ചിരിക്കുന്നത്.


ആശുപത്രിയിലുമില്ല സമാധാനം. കണ്ണിൽ കണ്ടവരെയൊക്കെ വെടി വെച്ചു വീഴ്ത്തുന്ന പട്ടാളം. ജഡങ്ങൾക്ക്  മീതെ പോലും കയറിയിറങ്ങുന്ന ബുൾഡോസറുകൾ..മനുഷ്യന്റെ ചോരയും കൊഴുപ്പും പറ്റിപ്പിടിച്ച് എന്തൊരു മിനുപ്പാണ് അവയുടെ ഭീമൻചക്രങ്ങൾക്ക്!

കേൾക്കുന്നില്ലേ  കഴുകൻചിരി മുഴങ്ങുന്നത്? ബോംബർ വിമാനങ്ങൾ ആർത്തലയ്ക്കുന്നത്..


എന്റെ കുഞ്ഞേ, ഇനിയൊരു താരാട്ട് നിനക്ക് കേൾക്കാൻ കഴിയുമോ? നമ്മൾ രണ്ടാളും ഇപ്പോൾ തന്നെ അഗാധതയിലേക്ക് ആണ്ടു പോയേക്കാം. അല്ലെങ്കിൽ ഒരു പിടി ചാരമായി കറുത്ത ആകാശത്തേക്ക് പറന്നു പോയേക്കാം. മോനേ, ജനിച്ചപ്പോൾ നീ എന്തൊരു ഭംഗിയായിരുന്നു. എന്ത് തിളക്കമായിരുന്നു നിന്റെ കണ്ണുകൾക്ക്..  നിന്റെ തൊലി എത്ര മൃദുലമായിരുന്നു.. ഇപ്പോൾ നിന്റെ രൂപം! എല്ലുകൾ എണ്ണിയെടുക്കാം. കുഴിയിലായ നിന്റെ കണ്ണുകൾ ആരിലും ഞെട്ടലുണ്ടാക്കും.


ഒലിവ് മരങ്ങളെല്ലാം ഉണങ്ങിപ്പോയ, രാക്ഷസൻമാർ തല ചുഴറ്റിച്ചിരിക്കുന്ന ഈ നരകത്തിൽ ഇനിയും നീയെന്തിനു ജീവിക്കണം? നിത്യവും കഴുകൻചിരി എന്തിന് കേൾക്കണം? പേടിസ്വപ്നങ്ങളാൽ എന്തിന് നിലവിളിക്കണം? അസ്റായീൽ അതിന്റെ നീലച്ചിറകിൽ നമ്മളെ കൊണ്ടു പോകുന്നത് തന്നെ നല്ലത്.


എന്റെ മോനേ, ലോകം എത്ര ഭീകരമാണെന്ന് നീയറിയുന്നില്ലല്ലോ. ഓരോ ദിനവും കടന്നു കിട്ടാൻ ഞങ്ങളെല്ലാം എത്ര തിളച്ച എണ്ണപ്പുഴകളാണ് നീന്തിക്കടന്നതെന്ന് നിനക്കെങ്ങനെ മനസ്സിലാവും..


അവൾ അലമുറയിട്ടു കൊണ്ട് തന്റെ കുഞ്ഞിനെ ഇറുക്കെ പുണർന്നു. അപ്പോൾ ഗൂഡസ്മിതത്തോടെ ഒരു ബോംബർ വിമാനം അതിന്റെ വയർ തുറന്ന് ക്രൂരസമ്മാനങ്ങൾ ആ പൊളിഞ്ഞ വീടിന്റെ മേലേക്ക് എറിയാൻ തുടങ്ങി. ചെന്തീ രാക്ഷസക്കൈകളോടെ എല്ലായിടവും വെട്ടിപിടിക്കാൻ ഭ്രാന്ത്‌ പിടിച്ചു പാഞ്ഞു നടന്നു. കഴുകൻചിരികൾ ഉച്ചസ്ഥായിയിലായി. എല്ലായിടത്തും അതിന്റെ ഭീകരമായ മുഴക്കം മാറ്റൊലികളായി പടർന്നു പിടിച്ചു.

Shareefa mannisseri.


*ജഹന്നം, ജഹീം -നരകം

 ജലസമാധി [കഥ ]


ഗ്രൌണ്ട് ഫ്ലോറിനെ വെള്ളം മൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശോശാമ്മയും പോളച്ചനും പരിഭ്രാന്തിയോടെ വേദനിക്കുന്ന കാലുകളെ  ടെറസിലേക്ക് വലിച്ചിഴച്ചു. നീരാളിക്കൈകളുമായി വെള്ളം വരികയാണ് , ഒരു നിമിഷം കൊണ്ടത് ശ്വാസം മുട്ടിക്കും ,അഗാധതയിലേക്ക് ചവിട്ടിത്താഴ്ത്തും. 


“പോളച്ചാ” , 


നിലവിളിയോടെ ശോശാമ്മ ഭര്‍ത്താവിനെ നോക്കി .വിലപിടിച്ചതെല്ലാം ചളിവെള്ളം വരുതിയിലാക്കുകയാണ്. അതിന് കണ്ണും മൂക്കും വായുമെല്ലാം ഉണ്ടെന്നവര്‍ക്ക് തോന്നി . ഗ്ലും ഗ്ലും എന്ന് അത് തുപ്പിക്കൊണ്ടിരിക്കുന്നു. പൊതിര്‍ന്ന കണ്ണുകളാല്‍ തുറിച്ചു നോക്കുകയാണ്. നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നു കാണണമല്ലോ എന്ന ഭാവത്തില്‍..


“ഷെല്‍ഫില്‍ ഇപ്രാവശ്യം അവനയച്ച അയ്യായിരം ഉറുപ്പികയില്ലേ പോളച്ചാ?” 


വേവലാതിയോടെ സ്റ്റെപ്പുകള്‍ ആഞ്ഞു കയറുന്നതിനിടെ ശോശാമ്മ  ചകിതയായി ചോദിച്ചു .


"വീട് തകര്‍ന്നാല്‍ നമ്മളെന്ത് ചെയ്യും? എവിടെ പാര്‍ക്കും?”


“നീ വേഗം വാ,” 


പടികളിലൂടെ അവരെ വലിച്ചു കേറ്റിക്കൊണ്ട് അയാള്‍ ധൃതിപ്പെട്ടു.


”ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പൈസ? ഇത് നമ്മളെ കൊണ്ടോവാന്‍ വന്നതാ , ഒറ്റയ്ക്ക് ജീവിച്ച് നമുക്കെന്നോ മടുത്തെന്ന് , വെറുത്തെന്ന് അതിനു മനസ്സിലായിക്കാണും. യോനായുടെ കാലത്തെ വെള്ളപ്പൊക്കം മുച്ചൂടും മുടിച്ചല്ലേ അടങ്ങിയത്? ദൈവത്തിന്‍റെ പെട്ടകം വന്നെങ്കിലായി ,നമ്മള്‍ രക്ഷപ്പെട്ടെങ്കിലായി ..”


അവശരായി അവര്‍ ടെറസില്‍ ഇരുന്നു .രണ്ടു കസാലകള്‍ മുമ്പെന്നോ കൊണ്ടിട്ടത് അവിടെ ഉണ്ടായത് അവരുടെ ഭാഗ്യം. രണ്ടാള്‍ക്കും മുട്ട് മടങ്ങില്ല . മുകളിലേക്ക് കയറിയിട്ട് വളരെക്കാലമായി. നീര് നിറഞ്ഞ് കടച്ചിലാണ് എപ്പോഴും കാല്‍മുട്ടുകള്‍ . ഇപ്പോള്‍ തന്നെ ജീവന്‍ പോകുമെന്ന ഭയം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയത്. ഘോഷങ്ങളൊന്നുമില്ലാതെ ആകാശം നിശ്ശബ്ദം കണ്ണീര്‍ പൊഴിക്കുന്നു.


“പോളച്ചാ ,രാത്രിയായാല്‍ നമ്മളെന്ത് ചെയ്യും ?ഒരു വെളിച്ചം പോലുമില്ല .മൊബൈലും ടോര്‍ച്ചുമെല്ലാം  വെള്ളം കടിച്ചു കൊണ്ടുപോയി .തണുപ്പടിച്ച് നമ്മള്‍ ചത്തുപോകും.”


വേദനയും ഭയവും അവരുടെ ശബ്ദത്തെ ഒരു മൂളല്‍ മാത്രമാക്കി .അപ്പോള്‍ ഒരു വള്ളം നീങ്ങുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ട് പോളച്ചന്‍ പ്രയാസപ്പെട്ട് എഴുന്നേറ്റു .റൂഫ്ടോപ്പിന് വേണ്ടി ചുമരുകള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ത്തിയതിനാല്‍ എത്ര വിളിച്ചാലും കേള്‍ക്കില്ല , ആരും കാണില്ല . അയാള്‍ ലുങ്കി വലിച്ചു കീറി വീശിക്കൊണ്ട് അലമുറയിട്ടു .മഴയുടെ ആരവത്തില്‍ അയാളുടെ ശ്രമങ്ങളത്രയും മുങ്ങിപ്പൊങ്ങി .


“ഇങ്ങനെ മരിക്കാനാവും നമ്മുടെ വിധി .ദൈവഹിതം മാറ്റാനാവില്ലല്ലോ,” 


അയാള്‍ കണ്ണുകള്‍ കലങ്ങി ശോശാമ്മയോദ് ചേര്‍ന്നിരുന്നു .


"നമ്മടെ ബെന്നി, ടീവീല് ഇതൊക്കെ കാണുന്നുണ്ടാവില്ലേ?അവന്‍ വിളിക്കുന്നുണ്ടാവും. നമ്മടെ ഫോണ്‍ പോയില്ലായിരുന്നെങ്കില്‍  അവന്‍ എന്തേലും മാര്‍ഗം കണ്ടേനെ അല്ലേ?” 


ശോശാമ്മ വിതുമ്പിക്കൊണ്ട് അയാളോട് ചോദിച്ചു .അയാള്‍ വ്യര്‍ത്ഥത ചിതറുന്ന ഒരു ചിരി ചിരിച്ചു. 


"ദൂരെ എവിടെയോ ആയിരുന്നു,ടീവീല് വെള്ളം കയറുന്നത് കണ്ടത് .അതിത്ര പെട്ടെന്ന്‍ ഈ കനത്ത വാതിലുകളും കൂറ്റന്‍ ഗെയിറ്റും കടന്ന്‌ ഇരമ്പി വരുമെന്ന് നമ്മളോര്‍ത്തോ?ഇന്നലെത്തന്നെ വിട്ടു പോയിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു ശോശേ .മക്കളുടെ സ്വത്തിന് കാവല്‍ നില്‍ക്കുന്ന നായ്ക്കളുടെ വിധി ഇത് തന്നെ .വെള്ളത്തില്‍ ശവങ്ങളായി ഒഴുകി നടക്കല്‍ .”


ശോശാമ്മ എല്ലാം വിസ്മരിച്ചപോലെ മന്ത്രിച്ചു- 


"ഓര്‍ക്കുന്നില്ലേ ,നമ്മുടെ ബെന്നി ചെറുതായപ്പം ഒരിക്കല്‍ നമ്മള്‍ പാടത്തേക്ക് നടക്കാന്‍ പോയത് .എന്ത് രസായിരുന്നു അന്നൊക്കെ അവനെ കാണാന്‍ .എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എന്തു നിഷ്കളങ്കമായിരുന്നു അവന്‍റെ മനസ്സ് . ഒരിത്തിരി മഴ കൊണ്ടതിനാ അന്നവന് മൂന്നു ദിവസം പനിച്ചത് .പിച്ചും പേയും പറയാന്‍ തുടങ്ങിയത് .നമ്മള്‍ അന്നെന്തു കരച്ചിലായിരുന്നു .ഇപ്പോ നോക്ക് ,നമ്മളീ മഴയത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട്  നേരമെത്രയായി .എന്താ അവന്‍ നമ്മളെ കൊണ്ടോവാന്‍ വരാത്തത്?”


പോളച്ചന്‍ കണ്ണീരില്‍ കുതിര്‍ന്ന അവരുടെ മുഖം തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു. അവരുടെ യൌവനശോഭ ഒരു നിമിഷം അയാളുടെ ഓര്‍മയില്‍ ഇരമ്പി .


"മുങ്ങി മരിക്കുമ്പോ പഴയ ഓര്‍മകളൊക്കെ തിരിച്ചു കിട്ടുമത്രെ .കുട്ടിക്കാലത്തേക്ക് റിവൈന്‍ഡ്‌ ചെയ്തു പോകും .ഇപ്പോള്‍ ഓര്‍ക്കാത്ത പല കുഞ്ഞുകാര്യങ്ങളും നാവിലിട്ട് നുണഞ്ഞാ നമ്മള്‍ മരിക്കുക.”


അവര്‍ പോളച്ചനെ ഇറുകെ പുണര്‍ന്നു. 


“ബെന്നി നമ്മളെ വിളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ലേ? അവനറിയുന്നുണ്ടോ ഇനിയൊരിക്കലും അവന് നമ്മളോട് മിണ്ടാന്‍ കഴിയില്ലെന്ന്?”


“അവനത് വലിയ നഷ്ടമല്ല ശോശേ , അവരൊക്കെ തിരക്കുകാരല്ലേ?പണമുണ്ടാക്കുന്ന മെഷീനുകളല്ലേ? എവിടെ അവര്‍ക്കൊക്കെ സമയം ഒരു കിളവനെയും കിളവിയെയും ഓര്‍ക്കാന്‍? നമുക്ക് മാത്രമല്ലേ റോഡ്‌ പോലെ നേരം നീണ്ടു പുളഞ്ഞ് കിടക്കുന്നത്,അറ്റമില്ലാതെ .”


“നമ്മുടെ പണ്ടത്തെ ഓടുവീടിലായിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു. എത്ര നല്ല അയല്‍ക്കാരായിരുന്നു .ഇവിടെ തൊട്ടുള്ള ആ രണ്ടു വീട്ടിലും എന്നേലും വിരുന്നു വരുന്ന വീട്ടുകാരല്ലേ ഉള്ളത്?വന്നാല്‍ തന്നെ ഒന്നു  പുറത്ത് കാണുമോ ?മിണ്ടുമോ? എന്താ ഈ ലോകം ഇപ്പോ ഇങ്ങനെ?ഒരറപ്പും ഇല്ലാതെ ആളുകളെ തല്ലിക്കൊല്ലുന്നു. ജാതീം മതവും പറഞ്ഞ് കുത്തിക്കീറുന്നു .നമ്മളെത്ര പട്ടിണി കിടന്നു ഉണ്ടാക്കിയതായിരുന്നു ആ ചെറിയ വീട് .അത് നമ്മളെ ഇങ്ങനെ ചതിക്കുമായിരുന്നില്ല .അതിന് നമ്മുടെ നെഞ്ച് കാണാന്‍ കഴിവുണ്ടായിരുന്നു. അത് വിൽക്കണ്ടാന്ന് നമ്മളെത്ര നിലവിളിച്ചു .അവന്‍ അഞ്ചു പൈസക്ക് വില വച്ചോ? എന്നിട്ട് നമ്മളെ കൊണ്ടിട്ടതോ രണ്ടാള്‍പൊക്കത്തില്‍ മതിലുള്ള രാവണന്‍ കോട്ടയില്‍ .അന്നേ ഞാന്‍ പറഞ്ഞതാ ഇവിടെ പാര്‍ക്കണ്ടാന്ന് ,അന്നേ ഞാന്‍ പറഞ്ഞില്ലേ?”


അവര്‍ ഉന്മാദിനിയായി ആക്രോശിച്ചുകൊണ്ട് പോളച്ചനെ പിടിച്ചു കുലുക്കി .അയാള്‍ക്കറിയാം ,ടെന്‍ഷന്‍ കയറിയാല്‍ അവള്‍ക്ക് ഹിസ്റ്റീരിയ വരും .ഇറുകെ പുണര്‍ന്ന്‍ അവരെ ശാന്തയാക്കാന്‍ അയാള്‍ ശ്രമിച്ചു .നിരാശയുടെയും ദുഃഖത്തിന്‍റെയും കൊടുമുടിയില്‍ ഒറ്റപ്പെട്ടു പോയ അവര്‍ നാല് പാടും തുറിച്ചുനോക്കി .പിന്നെ നുരയും പതയും തുപ്പി നിലംപതിച്ചു .നെഞ്ചിലേക്ക് പതിയെ കയറി വന്ന വേദനക്കൊലയാളിയെ തടവിത്തടഞ്ഞുകൊണ്ട് അയാളവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു .ടിവിയില്‍ കണ്ട പ്രളയക്കാഴ്ചകള്‍ അപ്പോള്‍ അയാളെ പൊതിഞ്ഞു .മതിലുകളാണ് ആദ്യം ഉരുണ്ടു വീണത് .വമ്പന്‍ എടുപ്പുകള്‍ കളിക്കോപ്പുകളെന്നോണം മറിഞ്ഞു വീണു .എങ്ങും നിറയുന്ന ജലം ..അതില്‍ ഒഴുകുന്ന ഒരു പാട് സ്വപ്‌നങ്ങള്‍ ,ദുഃഖങ്ങള്‍ , മോഹങ്ങള്‍ ,പ്രതീക്ഷകള്‍ ,ഓര്‍മകള്‍ ..സമത്വം വിതറിക്കൊണ്ട് അത് ഇരച്ചു കയറി .എല്ലാം ഒന്നാക്കിക്കൊണ്ട് അനാദിയായ ജലം നിഗൂഡം പുഞ്ചിരിച്ചു ..


ആരും അറിഞ്ഞില്ല അയാള്‍ വെള്ളം വെള്ളം എന്ന് ദീനം യാചിച്ചത് ,വേദനയാല്‍ വെന്തു വെന്ത്  ഇല്ലാതായത് ,നൊന്ത് നൊന്ത് ദേഹമാകെ നീലിച്ചു പോയത് ..


ജീവന്‍റെ ഉറവയായ ആ മഹാസത്യം  ശാന്തമായ കൈകളാല്‍ അവരെ സ്പര്‍ശിച്ചു ,  പതുപതുത്ത ശയ്യയില്‍ പതുക്കെ കുലുക്കി താരാട്ട് പാടി . പൊടിഞ്ഞു വീഴുന്ന ഭിത്തിയെ ഗൌനിക്കാതെ അത് അവരെ തുല്യതയുടെ മഹാപരപ്പിലേക്ക് ഒഴുക്കി .കാലികളുടെയും  പാമ്പുകളുടെയും കൂടെ  മൃത്യുവിന്‍റെ ച്യൂയിന്ഗമായി അവരും ..  ഗ്ലും ഗ്ലും ശബ്ദത്തിലുള്ള നിലവിളി മാത്രം നാനാദിക്കിലും അലച്ചാര്‍ത്തുകൊണ്ടിരുന്നു...

shareefa mannisseri.

 പേരുപുസ്തകം[കഥ ]

Shareefa mannisseri 

എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..


അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .


പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .


ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ ധാരണ..കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങിയിരുന്നു .


മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .


അന്ന് – പുറന്തള്ളപ്പെടേണ്ട  കുറെ പേരുടെ പേരുകള്‍  കണ്ടെത്തിയതില്‍ പിന്നെയാണ് ഞങ്ങളുടെ അയൽക്കാർ, ഞങ്ങൾ അത്ര മേൽ സ്നേഹിച്ചവർ മറ്റൊരു  കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – 


"ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” 


തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .


കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .എഴുതുവാൻ ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.


ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം, അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല 


നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യങ്ങൾ റോക്കറ്റ് വേഗത്തിൽ സദാ പ്രചരിച്ചു . നല്ല ദിനങ്ങള്‍ വരുമെന്ന് എന്നിട്ടും ഞങ്ങളെപ്പോഴും പ്രതീക്ഷിച്ചു.. ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .


അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .


എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി,  നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?


നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുന്നത് ? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുന്നത് ? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുന്നത് ? എന്നാവും നിങ്ങള്‍ ഈ ഒരിക്കലും മടുക്കാത്ത ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?


നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ഞങ്ങളുടെ ചിത്രങ്ങളെങ്കിലും സൂക്ഷിച്ചു വയ്ക്കണേ..


സ്നേഹപൂര്‍വ്വം നിസ്സഹായരായ അഞ്ചു തടവുകാര്‍,


ഒപ്പ് ..............


shareefa mannisseri

 ഭാവികാലം [കഥ]

Shareefa mannisseri


എന്തു ചെയ്യുമ്പോഴും അതിന്‍റെ പരിണതി ഒരു സിനിമ പോലെ മുന്നില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എത്രയോ അബദ്ധങ്ങളില്‍ നിന്ന് , ദുഃഖങ്ങളില്‍ നിന്ന് മനുഷ്യന് രക്ഷപ്പെടാമായിരുന്നു ..ഹിള്റ് നബിയുടെ കഴിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍! അയാള്‍ വ്യസനത്തോടെ ഓര്‍ത്തു.പണ്ട് മദ്രസയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കഥയായിരുന്നു അത്. കപ്പല്‍ ഓട്ടയാക്കിയപ്പോഴും, യാതൊരു കാരണവുമില്ലാതെ ഒരു ബാലനെ കൊന്നു കളഞ്ഞപ്പോഴും, ആതിഥ്യമര്യാദ ഏതുമില്ലാത്തവരുടെ നാട്ടിലെ പൊളിഞ്ഞു വീഴാറായ മതില്‍ നന്നാക്കിക്കൊടുത്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് ജ്ഞാനസമ്പാദനത്തിനു പോയ മൂസാ നബിക്ക് ഒട്ടും ക്ഷമിക്കാനായില്ല. എന്ത് കണ്ടാലും ചോദ്യം ചെയ്യില്ല എന്ന വാഗ്ദാനം മറന്ന് മൂസാ അപ്പോഴെല്ലാം ഒച്ചയെടുത്തു , ചൊടിച്ചു..ഒടുക്കം ഓരോന്നിന്‍റെയും പൊരുളറിഞ്ഞപ്പോഴാണ് മൂസാ ശാന്തനായത് , വീണ്ടും അനുഗമിക്കാന്‍ അനുമതി ചോദിച്ച് നിരാശനായത്..ഭാവിജ്ഞാനം- അത് തന്നെയാണ് പാണ്ഡിത്യത്തിന്‍റെ ഉത്തുംഗപദവി..അതറിയുന്ന ഒരാള്‍ ചിരകാലവാസിയായി ഈ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍! റബ്ബേ! എന്തെല്ലാം ആപത്തുകള്‍ ഒഴിഞ്ഞു പോയേനെ ..ലോകം എത്ര മേല്‍ സത്യം നിറഞ്ഞതായേനെ..


പത്മനാഭന്‍ നായരുടെ ഒരു ഇ മെയിലാണ് നിസാര്‍ മാഷെ ഓര്‍മകളുടെ കടലിലേക്ക് പിന്നെയും വലിച്ചെറിഞ്ഞത്..തിരകളില്‍ ആടിയും ഉലഞ്ഞും പൊങ്ങിയും താണും അയാള്‍ക്ക് ശ്വാസം മുട്ടി..ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്..അത് മറ്റൊരു കാലമായിരുന്നു ..ചിലര്‍ ഒരൊറ്റ ജന്മത്തില്‍  അനവധി ജന്മങ്ങള്‍ അനുഭവിച്ചു തീര്‍ക്കും ..ഇരുപത്തഞ്ചാം വയസ്സില്‍ നേടിയെടുത്ത വാധ്യാര്‍ ജോലി ഒട്ടൊന്നുമല്ല ആനന്ദമേകിയത്..പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി അഴിച്ചു കുടഞ്ഞു പരിഹരിക്കുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ത്തു , കുട്ടികള്‍ക്ക് താനെന്നും നല്ലൊരു അധ്യാപകനായിരിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കുന്ന , വേണ്ടാത്തത് കാണുമ്പോള്‍ ശാസിക്കുന്ന ..അഞ്ചു മാസങ്ങളെന്നോണം അഞ്ചു വര്‍ഷങ്ങള്‍ പൊഴിഞ്ഞത് അറിഞ്ഞത് തന്നെയില്ല ..അതിനിടെ കല്യാണം , മകള്‍ ..അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ആ പത്രവാര്‍ത്ത.. എന്നും കാണുന്ന അനേകം വാര്‍ത്തകളില്‍ ഒന്ന്. വെറും പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടുകാരന്‍ ചതിച്ച് പലര്‍ക്കായി കാഴ്ച വച്ച കഥ ..കളിച്ചു നടക്കുന്ന മകളെ ആശങ്കയോടെ നോക്കി ..തനിക്കായിരുന്നു ഈ അനുഭവമെങ്കില്‍! പടച്ചോനേ!


അന്ന് ഒമ്പതിലും പത്തിലും ക്ലാസ്സെടുത്തില്ല , ഉപദേശപ്പെരുമഴയായിരുന്നു..നമ്മള്‍ ചുറ്റും കാണുന്ന പെണ്‍കുട്ടികള്‍ , സ്ത്രീകള്‍ എല്ലാവരോടും മാന്യമായ് പെരുമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തന്നെ നടത്തി..പലപ്പോഴും വാക്കുകള്‍ ഇടറി , സങ്കടം അവയെ ചിതറിച്ചു ..ശാസനകള്‍ വെറുക്കുന്ന തെറിച്ച കൌമാരങ്ങള്‍ കളിയാക്കല്‍ കമന്‍റുകള്‍ പതുക്കെ എറിയുന്നത് അവഗണിച്ചു. അമ്പതു കുട്ടികളില്‍ അഞ്ചു പേര്‍ തന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാല്‍ അത്രയും ഭാഗ്യം ..


വര്‍ഷം ഒന്ന്‍ പിന്നെയും പിടഞ്ഞു വീണപ്പോഴാണ് മറ്റൊരു ജന്മത്തിലേക്ക് ഇടിച്ചു തെറിപ്പിച്ച ആ സംഭവം ഉണ്ടായത്..ദൃശ്യ അന്ന് എട്ടിലായിരുന്നു. അത്യാവശ്യം പഠിക്കുന്ന കുട്ടി , നല്ല ഫാമിലി സെറ്റ് അപ്പ്, ഒരേയൊരു മകള്‍ , അമിതമായി ലാളിക്കപ്പെടുന്നതിന്‍റെ കുറുമ്പും വാശിയും..അവളെ കുറ്റപ്പെടുത്തുന്നതില്‍ സഹപാഠികള്‍ തന്നെ മത്സരിച്ചു..എല്ലാവരെയും പോലെ അവളെയും സോപ്പില്‍ പതപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്..ഒരു വരാല്‍ മത്സ്യത്തെ പോലെ അവളെപ്പോഴും തെന്നി മാറി..ഉള്ളു തുറന്ന് ഒരിക്കലും ആ കുട്ടി സംസാരിച്ചില്ല..അവജ്ഞയായിരുന്നു ആ കണ്ണുകളുടെ സ്ഥായീഭാവം..ഇത്രയേറെ സ്നേഹിക്കപ്പെട്ടിട്ടും ആ കുട്ടിയെന്താണ്‌ വല്ലാത്ത വെറുപ്പോടെ ചുറ്റും നോക്കുന്നത് എന്നു മാത്രം താന്‍ അതിശയിച്ചു..


ഒരു ദിവസം –  ക്ലാസ്സിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു,അപ്പോഴാണ് പിന്നിൽ നിന്ന് സാർ എന്നൊരു വിളി. രഹനയാണ്.


"സാര്‍ എനിക്കൊരു കാര്യം പറയാനുണ്ട് ..”


“വേഗം പറ രഹനാ എനിക്ക് ക്ലാസ് ഉണ്ട് ..”


"സാര്‍ , ഇന്നലെ ഞാനും ദൃശ്യയും കൂടി വീട്ടിലേക്ക് പോവുമ്പോ ഇടവഴിയില്‍ വെച്ച് ഒരാള്‍ അവളോട്‌ വഴക്ക് കൂടി , അവളുടെ മുടി പിടിച്ചു വലിക്കേം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയേം ചെയ്തു..ഞാന്‍ പറഞ്ഞെന്നു സാര്‍ അവളോട്‌ പറയല്ലേ , അവളെന്നെ കൊല്ലും .."


ഉച്ചക്ക് ദൃശ്യയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു , ലെഷര്‍ ആണ് , എല്ലാവരുടെ ഇടയില്‍ വച്ചു ചോദിച്ചാല്‍ ആ കുട്ടി ചിലപ്പോള്‍ കോപിച്ചേക്കും.മുറ്റത്തെ തണലിൽ ആരും കേൾക്കാതെ അവളോട് സംസാരിച്ചു.പക്ഷേ, തന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അവളുടെ ഹൃദയവാതിലുകള്‍ കൊട്ടിയടഞ്ഞു തന്നെ കിടന്നു..അവസാന അടവായി താന്‍ പറഞ്ഞു –


“നോക്ക് ദൃശ്യാ നീ സത്യം പറയുന്നില്ലെങ്കില്‍ എനിക്ക് നിന്‍റെ വീട്ടില്‍ അറിയിക്കേണ്ടി വരും “


അവള്‍ തീ പാറുന്ന കണ്ണുകളോടെ ചീറി – 


“രഹനയല്ലേ ഇതിനൊക്കെ കാരണം , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം , നല്ല എട്ടിന്‍റെ പണി ..”


അന്ന് ദൃശ്യ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ഉപദേശഭാണ്ഡം വീണ്ടും തുറന്നത് . വീട്ടുകാര്‍ നിങ്ങളെ എത്ര സ്നേഹിക്കുന്നുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ്‌ അവര്‍ നിങ്ങളെ വളര്‍ത്തുന്നതെന്നും  നിങ്ങളുടെ ആദ്യ ഡ്യൂട്ടി പഠിക്കയാണെന്നും അല്ലാതെ കണ്ട പയ്യന്മാരെ പ്രേമിച്ചു വിലസലല്ലെന്നും ..ഭീകരമായ വഞ്ചനകളുടെ പത്രകട്ടിംഗുകള്‍ അവര്‍ക്ക് മുന്നില്‍ നിരത്തി ..പക്ഷേ,ആ ദിനം എല്ലാറ്റിന്‍റെയും അവസാനബെല്‍ ആയിരുന്നു..പിന്നെ ചിതറിത്തെറിച്ചത് ദുരിതമയമായ മറ്റൊരു കാലത്തിലേക്കാണ്..ജയില്‍ , കോടതി , വക്കീല്‍ ...ഞരമ്പ് മുറിച്ച് അവശയായ ദൃശ്യയെക്കുറിച്ച് രാത്രി സഹദേവന്‍ സാറാണ് ഫോണ്‍ ചെയ്തത്..അപ്പോള്‍ തന്നെ പുറപ്പെടാന്‍ ഒരുങ്ങിയ തന്നെ തടഞ്ഞത് ,


"ഇപ്പോ വരണ്ട മാഷേ , ഞങ്ങളെത്തന്നെ അവളുടെ കൂട്ടക്കാര്‍ കൊന്നില്ല എന്നേയുള്ളൂ , നിങ്ങള്‍ക്കും രഹനക്കും എതിരെയാ മരണമൊഴി .."


ഞെട്ടിപ്പോയി , താനെന്തു തെറ്റ് ചെയ്തു? ആ കുട്ടി നന്നാവണമെന്ന് കരുതി ശാസിച്ചതോ? കുട്ടികളുടെ കാലമാണ് , അവരാണ് വീടുകളില്‍ ഭരണം , വയസ്സായവര്‍ പോലും അവര്‍ക്ക് താഴെയേ വരൂ , അടിച്ചാല്‍ ശാരീരിക പീഡനമാണ്, ശകാരിച്ചാല്‍ മാനസിക പീഡനമാണ്..


ഏകാന്തതയുടെ അഞ്ചു വര്‍ഷങ്ങള്‍ ..ഭാര്യ ഇടയ്ക്കിടെ കരഞ്ഞു നിലവിളിച്ചു കാണാന്‍ വന്നു , നിസ്സംഗതയോടെ അവളെ തുറിച്ചു നോക്കി , ഉപ്പച്ചീ എന്ന് വിളിച്ച്  മകള്‍ അഴികള്‍ക്കിടയിലൂടെ കുഞ്ഞുവിരലുകള്‍ കടത്താന്‍ ശ്രമിക്കും ..ശിക്ഷാകാലാവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അടച്ചിട്ട വീട് മാത്രം തന്നെ സ്വീകരിക്കാന്‍ കാത്തിരുന്നു ..


”ജയിലില്‍ പോയ ഒരുത്തനെ നിക്ക് മരോനായി വാണ്ട..” 


അവളുടെ ഉപ്പ കാര്യം ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച ദൂതന്‍റെ അടുത്ത് പറഞ്ഞയച്ചിരുന്നു ..പാവം രഹന , കേസും കൂട്ടവും ആ കുട്ടിയുടെ സമനില തെറ്റിച്ചു. ഒന്നു പോയി അന്വേഷിക്കണം എന്നുണ്ടായിരുന്നു , ധൈര്യമുണ്ടായില്ല . അവളുടെ വീട്ടുകാരും ഒരു പക്ഷെ തന്നെ മറ്റൊരു ജയില്‍ ജീവിതത്തിലേക്ക് തള്ളിയിട്ടേക്കും . പേടിയായിരുന്നു , എല്ലാറ്റിനെയും ..മനുഷ്യന്‍ എന്ന വാക്ക് പോലും എന്തു മാത്രം ഭയാനകമാണെന്ന് , നീതി എന്ന ഒന്നില്ലെന്ന്, സത്യം എന്നേ തൂങ്ങിച്ച ത്തു പോയെന്ന്‍ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു..ആരോടും മിണ്ടാത്ത,ഒന്നു ചിരിക്ക പോലും ചെയ്യാത്ത നിസാര്‍ മാഷ്‌ അങ്ങനെയാണ് ജനിച്ചത്. നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ പോലും ശ്രമിക്കാതെ കൃഷിയും കൂലിപ്പണിയുമായി നാളുകള്‍ പൊടിഞ്ഞു തീരുന്നു .ഭാഗ്യം! ആ കുട്ടി പീഡിപ്പിച്ചു എന്നൊന്നും മൊഴി കൊടുത്തില്ലല്ലോ ..അങ്ങനെയും കുറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ ..മിഥ്യാരോപണങ്ങളാല്‍ കൂട്ടില്‍ അടയ്ക്കപ്പെടുന്നവര്‍ ..

പത്മനാഭന്‍ നായര്‍ എഴുതിയിരുന്നു- 


"പ്രിയപ്പെട്ട നിസാര്‍ മാഷ്‌ ,നിങ്ങള്‍ ഇവിടെ വരെ ഒന്നു വരണം , ഒന്നിനുമല്ല , എന്‍റെ ഭാര്യക്ക് നിങ്ങളെയൊന്നു കാണണം , ആ കയ്യില്‍ പിടിച്ച് അവള്‍ക്ക് മാപ്പ് ചോദിക്കണം ..പ്രായമായി ,നിങ്ങളെ തേടി കണ്ടുപിടിക്കാനൊന്നും ത്രാണിയില്ല..മോളുടെ സ്കൂള്‍ ഡയറിയില്‍ നിന്നാണ് ഈ ഇ മെയില്‍ ഐ ഡി കിട്ടിയത്. ഇത് ആക്ടീവ് ആവും എന്ന് കരുതുന്നു ,മാഷേ , ഇത് വായിച്ച് നിങ്ങളെന്നെ ശപിക്കരുത്, വെറുക്കരുത്..കുറെ മുമ്പ് , അടച്ചിട്ട എന്‍റെ മോളുടെ മുറിയില്‍ നിന്ന് ഓരോന്ന് പരതുന്നതിനിടെ അവളുടെ ഒരു ഡയറി കിട്ടി .അതില്‍ നിന്നാണ് കാര്യങ്ങള്‍  എനിക്ക് മനസ്സിലായത്..അന്ന് പക മൂടിയ മനസ്സിന് സത്യം അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല ..അവളുടെ കുറിപ്പുകളില്‍ നിന്ന് അവള്‍ പ്രണവ് എന്നൊരു പയ്യനുമായി സ്നേഹത്തിലായിരുന്നുവെന്ന്, അവന്‍ അവളെ മയക്കുമരുന്നിന് അടിമയാക്കിക്കൊണ്ടിരിക്കയാണെന്ന്, അവനോടൊത്ത് പല സ്ഥലങ്ങള്‍ അവള്‍ കറങ്ങിയിട്ടുണ്ടെന്ന്, അവള്‍ക്ക് സ്വന്തമായി ഒരു മൊബൈല്‍ ഉണ്ടെന്ന്...ഞങ്ങള്‍ അറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ ഞങ്ങളുടെ കൊച്ചിനുണ്ടായിരുന്നു..നിങ്ങളെക്കുറിച്ച് അവള്‍ എഴുതിയത് ഞാന്‍ അതേപടി അയക്കുകയാണ് ,നിങ്ങളെ വിഷമിപ്പിക്കാനല്ല , വൈകിയാണെങ്കിലും ഞാനെന്‍റെ മകളെ മനസ്സിലാക്കി എന്നറിയിക്കാന്‍ ..


“ഓഗസ്റ്റ് 4.ഈവനിംഗ് ..


ഇന്ന് – നിസാര്‍ മാഷിന്‍റെ വക ഒരു ഫയറിംഗ് ഉണ്ടായിരുന്നു. ഐ ഹെയ്റ്റ് ദാറ്റ് ഫെല്ലോ..വല്യൊരു ഉപദേശി! ലോകം മുഴുവന്‍ ഉപദേശിച്ചു നേരാക്കാം എന്നു കരുതുന്ന ഒരു വിഡ്ഢിയാണയാള്‍..എല്ലാറ്റിനും കാരണം രഹനയാണ് , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം . അയാളുടെ പ്രഭാഷണം മുഴുവന്‍ എനിക്കിട്ടായിരുന്നു. പ്രണവിന്‍റെ കാര്യം വീട്ടില്‍ പറയുമെന്നാണ് അയാളുടെ ഭീഷണി. അതെങ്ങാനും സംഭവിച്ചാല്‍ പിന്നെ അയാള്‍ക്ക് ജീവിക്കേണ്ടി വരില്ല .അതിനുള്ള പണിയൊക്കെ എനിക്കറിയാം ..

ദൈവമേ..

പ്രണവിനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ .അവന്‍ ഭീഷണിപ്പെടുത്തിയ പോലെ പ്രവര്‍ത്തിക്കുമോ? ഈശ്വരാ! അവനെ വിശ്വസിച്ചു കൂടെ പോയതിന്, ഒരു ദിവസം ആസ്വദിച്ചതിന്, അവന്‍ എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്..പ്രണവ് , ആര്‍ യു എ ചീറ്റ്?


രാത്രി –

ഒരു മണിയായി , ഉറക്കം വരുന്നില്ല , പേടി വയറിലൂടെ കത്തിക്കൊണ്ടിരിക്കുന്നു ..ഹൊ എനിക്കിനി സഹിക്കാനാവില്ല ..ഞാന്‍ ഒരു ചീത്ത കുട്ടിയായി ..പപ്പാ , മമ്മീ എന്നോട് ക്ഷമിക്കൂ .ഞാൻ പോവുകയാണ്.."


മാഷേ , അന്ന് പോലീസ് തിരച്ചിലില്‍ ഈ ഡയറി കണ്ടു കിട്ടാതിരുന്നത് നിങ്ങളുടെ ഭാഗ്യദോഷം കൊണ്ടു മാത്രമായിരിക്കാം ..ഗുരുശാപം തലയില്‍ ഏറ്റാനാണോ എന്‍റെ മകള്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തത് ..ഇപ്പഴത്തെ കുട്ടികള്‍ പക കൂടിയവരാണോ മാഷേ? അവരെ നമുക്ക് ഒരിക്കലും മനസ്സിലാവില്ലേ? മാപ്പ് , നിങ്ങളനുഭവിച്ച വേദനകള്‍ക്ക് ആ വാക്ക് ഒരു പരിഹാരമല്ല എന്നറിയാം. എന്‍റെ മോളെ വെറുക്കരുത് ..

സ്നേഹത്തോടെ, 


പത്മനാഭന്‍ നായര്‍ ..


ഹിള്റ് ഇന്നുണ്ടായിരുന്നെങ്കില്‍ ഭൂമിയില്‍ ആരൊക്കെ ബാക്കി കാണുമായിരുന്നു? ഭാവിയില്‍ അധര്‍മിയാകാന്‍ പോകുന്ന ബാലനെ മുളയിലേ നുള്ളിക്കളഞ്ഞ പോലെ അനേകം പെണ്‍കുട്ടികളെ നശിപ്പിച്ച പ്രണവിനെപ്പോലുള്ളവരെ അദ്ദേഹം പിറന്നതും കഴുത്തു ഞെരിച്ചു കൊല്ലുമായിരുന്നില്ലേ?


പോകണോ ,പത്മനാഭന്‍ നായരെ കാണാന്‍? വേണ്ട , ഇനിയിപ്പോ അയാളെ കണ്ടിട്ട് എന്താണ് വിശേഷം? നഷ്ടമായതെല്ലാം തിരിച്ചു കിട്ടുമോ? നിസാര്‍ മാഷ്‌ എന്ന ഒരാള്‍ ഉണ്ടായിരുന്നില്ല ..അതെല്ലാം ഏതോ സിനിമയിലെ ഫ്ലാഷ് ബാക്കുകള്‍ മാത്രമായിരുന്നു .അയാള്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌൺ ചെയ്തു .പിന്നെ പത്രത്താളിലേക്ക് കണ്ണ് പൂഴ്ത്തി ..ഏകാന്തത അതിന്‍റെ ഭീമന്‍ കൈകളാല്‍ അയാളെ ഞെരിച്ചു ..ദുഃഖങ്ങള്‍ അനുഭവിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് എന്തെങ്കിലും ശ്രേഷ്ഠത ലഭിക്കുന്നുണ്ടോ? സന്തോഷങ്ങളാല്‍ അനുഗ്രഹിക്കപ്പെടുന്നവന് മഹത്വം കൂടുന്നുണ്ടോ? എന്താണ് ഇതിന്‍റെയെല്ലാം പൊരുള്‍? വളഞ്ഞു കുത്തിയ ഒരു ചോദ്യത്തെ അയാളുടെ ഉള്ളില്‍ മേയാന്‍ വിട്ട് ഏകാന്തത പതിവുപോലെ അയാളുടെ ചുമലില്‍ തല കീഴായി കിടന്ന് നിസ്സംഗം പുഞ്ചിരിച്ചു, പിന്നെയും പിന്നെയും അനേകം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട്..


*ഹിള്റ് –ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ജ്ഞാനി

Shareefa mannisseri

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "

2022 ഡിസംബർ 5, തിങ്കളാഴ്‌ച

ചിരകലാമിത്രങ്ങൾ(കഥ)



ശരീഫ മണ്ണിശ്ശേരി


രോഗക്കിടക്കയിൽ , ഓർമകളുടെ കയങ്ങളിലൂടെ മുങ്ങിത്താഴുമ്പോഴാണ് അവൾ ഒരു അശരീരി കേട്ടത്.


"ഞാൻ നിന്നെ ഒരിക്കലും വിട്ടു പോവില്ല. നീയെത്ര മരുന്ന് കഴിച്ചിട്ടെന്ത്? ഒറ്റക്കായിപ്പോയതല്ലേ? ഞാനെങ്കിലും തുണ വേണ്ടേ? ഹീ ഹീ ഹീ.." 


നിഴൽ പോലൊരു രൂപം അവളെ നോക്കി ഊറിച്ചിരിച്ചു. 


"ആരാണ് നീ?" മടുപ്പോടെ അവൾ അതിനെ നോക്കി


"രോഗമെന്ന മന്ത്രികനാണ് ഞാൻ.എന്റെ കൈച്ചൂടറിയാതെ ഒരാളെങ്കിലും  ഈ ഭൂമി വിട്ടു പോയിട്ടുണ്ടോ? ഹീ ഹീ ഹീ". അവൻ വീണ്ടും പരിഹാസത്തിന്റെ തുപ്പൽ തെറിപ്പിച്ചു.


" ഇങ്ങനെയാണോ തണിയാവുന്നത്? കൊല്ലങ്ങളായി നീയെന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കൈകാലുകളെ ചങ്ങലക്കിടുന്നു. വേദനയില്ലാതെ ഒരടി നടക്കാൻ ഞാനെത്ര ആഗ്രഹിക്കുന്നു. "


അവൾ കണ്ണീരോടെ രോഗത്തിന്റെ ചെമ്പിച്ച തലമുടിയിലേക്കും വികൃതമായ മുഖത്തേക്കും മാറി മാറി നോക്കി. 


"ദുഃഖവും രോഗവും മാത്രമാണ് സത്യം. സുഖങ്ങൾ മേലെ കിടക്കുന്ന പാട മാത്രമാണ്. അതൊന്നു നീങ്ങുമ്പോഴേക്കും സ്ഥായിയായ വ്യസനം അടിയിൽ കുസൃതിച്ചിരി ചിരിക്കുന്നത് ഏവർക്കും കാണാനാകും." രോഗം ഒരു ദാർശനികനെപ്പോലെ പ്രതിവചിച്ചു. 


"എന്തിനാവും നീ സൃഷ്ടിക്കപ്പെട്ടത്? എന്തെല്ലാം  വൈവിധ്യങ്ങളിൽ ആണ് നീ." അവൾ അത്ഭുതത്തോടെ അവനെ തൊട്ടു.


"അതെ, ചില നേരം ക്യാൻസർ. മറ്റു ചിലപ്പോൾ സിറോസിസ്....ഇപ്പോഴും പുതിയ പുതിയ പേരുകൾ എനിക്കായി കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഹീ ഹീ ഹീ.."


"ഈ വേദന പങ്കിടാനെങ്കിലും ഒരാൾ വന്നെങ്കിൽ! ഹാവൂ, സഹിക്കാൻ വയ്യല്ലോ.."

അവൾ നീര് വന്ന്‌ വീർത്ത കൈകാലുകളെ ഒന്നു അനക്കാൻ കഠിനമായി യത്നിച്ചു.


"വേദന പങ്കിടാൻ ഒരാളും വരില്ലെന്ന് നിനക്കറിയില്ലേ? മനുഷ്യനായി പിറക്കുന്നത് വലിയ ദൗർഭാഗ്യം തന്നെ. ഇനി മരിച്ചു ചെന്നാലോ ദണ്ഡന മുറകളുമായി കാത്തിരിപ്പല്ലേ ദൈവം അവിടെയും? അങ്ങനെയല്ലേ നിങ്ങളുടെ മതങ്ങൾ പറയുന്നത്? "


"അതെ, അതാലോചിക്കുമ്പോ പേടി എന്നെ കടിച്ചു പറിക്കാ..ചെകുത്താനും കടലിനും ഇടയിലാണ് മനുഷ്യാവസ്ഥ. തീർച്ചയില്ലാത്ത കുറെ ദർശനങ്ങൾ സദാ അവനെ വരിഞ്ഞു കെട്ടുന്നു. സങ്കടവും ഭാഗ്യക്കേടുകളും വേറെയും. അതിനിടെ സന്തോഷനിമിഷങ്ങൾ! ഹാ! അതെത്ര ചപലമാണ്. എത്ര തുച്ഛമാണ്.."


രോഗത്താൽ അവളുടെ കൈവിരലുകൾ വളഞ്ഞു പോയിരുന്നു. ഒരേ ഉറവയിൽ നിന്ന്  തെറ്റി പ്പിരിഞ്ഞ കൈവഴികളെപ്പോലെ അവ മുഖം തിരിച്ചു നിന്നു. ഒന്നെണീക്കുക, ഇത്തിരി നടക്കുക കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക...ശരീരത്തിൽ കല്ല് പോലെ ഉറച്ചു പോയ നീര് അവളുടെ കുഞ്ഞുകുഞ്ഞു  ആഗ്രഹങ്ങളെപ്പോലും തച്ചുടച്ചു. ഇവളാണ്, ശയ്യയോട് ഒട്ടിപ്പോയ ഈ വികൃതരൂപമാണ് പണ്ട് ഒടുങ്ങാത്ത പ്രണയത്തിന് ആശിച്ചിരുന്നത്. ഇവളാണ്   പണ്ട് കഥകളും കവിതകളും എഴുതിയിരുന്നത്. ഓരോരോ കാലത്ത് ഓരോന്നാണ് മനുഷ്യന്റെ കൊതി. യൗവനത്തിൽ പ്രണയമാണെങ്കിൽ വാർധക്യത്തിൽ ഒന്നെഴുന്നാൽക്കാനായിരിക്കും. ആരുടെയും സഹായമില്ലാതെ ഒന്നു മൂത്രമൊഴിക്കാനായിരിക്കും. "രോഗമേ, മനുഷ്യന്റെ ആഗ്രഹങ്ങളെ നീയെത്ര മാത്രമാണ് പരിഹസിച്ചു കളയുന്നത്.."


അപ്പോൾ മറ്റൊരു നിഴൽ അവളുടെ മുന്നിൽ കൈ കൊട്ടി ആടിപ്പാടാൻ തുടങ്ങി.


"ഇന്ന് നിന്റെയടുത്ത് ഒരു പത്രക്കാരൻ വരും. ഒരു കാലത്ത് നന്നായി എഴുതിയിരുന്ന, ഇന്ന് ആരുടെയും ഓർമയിൽ പോലും ഇല്ലാത്ത എഴുത്തുകാരിയെ തേടി. പക്ഷേ അവന്  നിന്റെ ഇന്റർവ്യൂ പൂർത്തീകരിക്കാനാവില്ല. അപ്പോഴേക്കും അവൻ ഇറ്റ് ശ്വാസത്തിന് വേണ്ടി ആശുപത്രിയിൽ അടക്കപ്പെടും. അങ്ങനെ ഭാഗ്യത്തിന്റെ അവസാനതരിയെയും വിധിയായ ഞാൻ നിന്നിൽ നിന്ന് തിരിച്ചു വിടും. ഹാ ഹാ ഹാ.."

അവളുടെ ഇടതുചെവിയിൽ ആ നിഴലിന്റെ അട്ടഹാസം മുഴങ്ങി. 

"ഇന്ന് എന്റെ ചുറ്റും നിഴലുകൾ നാടകമാടുകയാണോ?" അവൾ ആരോടെന്നില്ലാതെ പിറുപിറുക്കാൻ തുടങ്ങി.

"രോഗം, വിധി ,മൃതി.ഇത്രയും പഴയ മിത്രങ്ങൾ വേറെ ഉണ്ടോ?" അവൾ നിസ്സംഗം ചിരിച്ചു. "ഒന്നും ആശിച്ചിരുന്നില്ലല്ലോ ഞാൻ. എത്രയെത്ര മോഹങ്ങളെയാണ് വിധി ചവിട്ടിയരച്ചു കളഞ്ഞത്. ഇത്രയേറെ നിന്ദ എന്റെ ആത്മാവ് അർഹിച്ചിരുന്നോ? " 


അവൾ തേങ്ങി ക്കരഞ്ഞപ്പോൾ കോടിയ ചുണ്ടുകൾ ഒന്നൂടെ വിരൂപമായി. 


വിധി അവളുടെ ചുമലിൽ ഇരുന്ന് പുച്ഛത്തോടെ ചുറ്റും നോക്കി. നീർപ്പോള പോലെ നശ്വരനായ ഈ ജീവി. എത്രയാണതിന്റെ നശീകരണത്വര. രോഗങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അവൻ മരണത്തെപ്പോലും തോൽപ്പിച്ചേനെ. എന്നാലും ഈ സ്ത്രീയോട് ദൈവത്തിന് ഇത്രയും പക എന്തുകൊണ്ടായിരിക്കും? പാവം! ബാല്യം മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. യൗവനത്തിലും ഒരു സ്നേഹത്തണലിൽ ഇരുന്നിട്ടില്ല. എല്ലാ നീരുറവകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടപ്പോഴാവും രോഗങ്ങൾ അവളിൽ പല്ലൂകളാഴ്ത്തിയത്. എത്രയെത്ര ദേഹങ്ങളെയാണ് രോഗം കോളനികളാക്കുന്നത്..

ഓരോ ദൈവഹിതം നടപ്പാക്കുമ്പോഴും ആദ്യമൊക്കെ സങ്കടപെയ്ത്താൽ മനസ്സ് കലങ്ങിയിരുന്നു. ഇപ്പോൾ ഒരു അറവുകാരനെപ്പോലെ ചോരയും കണ്ണീരും ശീലമായി. ഭാഗ്യങ്ങളേക്കാൾ കൂടുതലായിരുന്നു നടപ്പാക്കേണ്ട ദുർവിധികൾ. അതുകൊണ്ടാണ് പൊട്ടിച്ചിരിക്കുന്ന കുഞ്ഞിനെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ഓടുന്ന വണ്ടിയുടെ അടിയിലേക്ക് എറിയേണ്ടി വന്നത്. കാറ്റു പോലെ പോകുന്ന യുവാവിനെ ശയ്യാവലംബിയാക്കിയത്. കാർമേഘക്കൂട്ടം പോലെ മുടിയുള്ളവളെ കനത്ത മരുന്നിനാൽ മൊട്ടത്തലച്ചിയാക്കിയത്. 


"ദൈവം, അവൻ എവിടെയാണ്? ഇത്ര നാളും അവൻ ഹൃദയങ്ങളിൽ ആണെന്ന് ഞാൻ കരുതി. എന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാകട്ടെ ഇരുട്ട് മാത്രം കാണുന്നു. ഈ വേദനയാണോ ദൈവം?" 

പിച്ചും പേയും പറഞ്ഞുകൊണ്ട് അവൾ ബോധശൂന്യയായി. 

മരണം കയ്യിലൊരു കുരുക്കുമായി ആശുപത്രി വരാന്തയിലൂടെ കുതിക്കുന്നത്‌ അപ്പോൾ വിധി കണ്ടു. പന്തിന് പിറകെ ഓടുന്ന പൂമ്പാറ്റ പോലൊരു കുഞ്ഞിനെ ചൂണ്ടലിലെന്നോണം അവൻ പൊക്കി ഗുഹ പോലുള്ള തന്റെ വായിലേക്ക് നിക്ഷേപിച്ചു. 


"എന്ത് അനീതിയാണിത്?".

വിധി മൃതിയുടെ പിൻകഴുത്തിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു. "ആ കുഞ്ഞിന്റെ അച്ഛനുമമ്മയും നിലവിളിക്കുന്നത് നീ കേൾക്കുന്നില്ലേ? ആ റൂമിലേക്ക് നോക്ക്. ബോധം കെട്ട്,  വികൃതരൂപിയായ ആ സ്ത്രീ എത്രയായി നിന്നെ കാത്തിരിക്കുന്നു. നീയെങ്കിലും അവളെ സ്നേഹത്തോടെ ചുംബിക്കുമെന്നാണ് ആ പാവം കരുതുന്നത്. അവളുടെ ആത്മാവിനെ ചതഞ്ഞു പോയ ആ ശരീരത്തിൽ നിന്ന് പ്രേമത്തോടെ പാറിച്ചെടുക്കും എന്നാണവൾ പ്രതീക്ഷിക്കുന്നത്. എത്ര കാലമായി അവൾ നിന്നെ വിളിക്കുന്നു. ആരും നോക്കാനില്ലാത്ത അവളെ കൊണ്ട് പോകുന്നതിനു പകരം നീയെന്തിനാണാ കുഞ്ഞിനെ..?"


വിധിയുടെ കറുപ്പും വെളുപ്പും ഇടകലർന്ന വിരലുകളെ മരണം ഊക്കോടെ തട്ടിയെറിഞ്ഞു.


 "ഇളംചോരയാ എനിക്കും പ്രിയം.വളഞ്ഞു തിരിഞ്ഞു പോയ ആ കിളവിയെ ആർക്ക് വേണം? ഇത്ര കാലവും ദൈവവഴികളുടെ ചുഴികളിൽ ആണ്ടു മുങ്ങിയിട്ടും നിനക്ക് സംശയം തീർന്നില്ലേ?  എത്ര യുദ്ധങ്ങൾ, കലാപങ്ങൾ, ദുരന്തങ്ങൾ..ഇതൊക്കെ കണ്ടിട്ടും..നീയെന്നാണ് ഇത്ര അലിവുള്ളവനായത്?" 


വിധിയുടെ കണ്ണുകൾ തുളുമ്പി. ശരിയാണ്.ക്രൂരതയുടെ ഓരോ കുരുക്കിടുമ്പോഴും സ്തുതിക്കാൻ മാത്രം പഠിച്ചിട്ടുള്ള മാലാഖമാർ ദൈവത്തെ വാഴ്ത്തുന്നത് താനെത്ര കണ്ടിരിക്കുന്നു. വിധി തന്റെ ഇരുണ്ട വസ്ത്രം ഒന്നു കുടഞ്ഞു. പഴുതാരകളായും ഞണ്ടുകളായും പൂക്കളായും ദൈവ ഹിതങ്ങൾ അവയുടെ ഉടമകളെത്തേടി കുതിച്ചു പറന്നു. 


എല്ലാം നിഗൂഢമാണ്.ഈ ഞാൻ പോലും. ഇച്ഛാഭംഗത്തോടെ അവൻ ചുറ്റും നോക്കി. മരണം തന്റെ കിങ്കരന്മാരെ നാനാഭാഗത്തേക്കും ഉത്സാഹത്തോടെ പറത്തി വിടുന്നത് അവൻ വെറുപ്പോടെ നോക്കി. മോചനമുണ്ടായിരുന്നെങ്കിൽ! എനിക്കീ നശിച്ച ജോലിയിൽ നിന്ന് മുക്തി ലഭിച്ചെങ്കിൽ! മുട്ടുകുത്തി നിന്നുകൊണ്ടവൻ ആകാശത്തേക്ക് കരങ്ങളുയർത്തി..പിന്നെ വാവിട്ടു നിലവിളിച്ചു..

2021 സെപ്റ്റംബർ 14, ചൊവ്വാഴ്ച

സമരം(കഥ)

 സമരം.(കഥ)

Shareefa mannisseri


ടിവിയിൽ കർഷകരെ അടിച്ചോടിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് മകൻ കൊഞ്ചിക്കൊണ്ട് അടുത്തു വന്നത്.

"എന്തിനാ പോലീസ് ഓൾഡ് മെന്നിനെ അടിക്കുന്നേ?"

ആഹാരം കഴിക്കുന്നേടത്തു നിന്ന് ഓടി വരികയാണ്.ചുണ്ടിൽ  പറ്റിപ്പിടിച്ചിരിക്കുന്ന ചോറും തൈരും.

"ഓൾഡ് മെന്നല്ല. ദേ ആർ ഫാർമേഴ്‌സ്". 

വാർത്ത മര്യാദക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സംശയപ്പെട്ടി തുറന്നു കഴിഞ്ഞു. 

"ആരാ ഫാർമേഴ്‌സ്?"

പ്രതീക്ഷിച്ച ചോദ്യം ഏഴു വയസ്സുകാരനിൽ നിന്ന് കിലുങ്ങി വീണു. 

"നീയിപ്പം ഉണ്ട ചൊറില്ലേ? അതൊക്കെ ഉണ്ടാക്കുന്നത് അവരാ.ചോറ് മാത്രമല്ല, ഗോതമ്പും പച്ചക്കറികളും പഴങ്ങളും ഒക്കെ മണ്ണിൽ കൃഷി ചെയ്തുണ്ടാക്കുന്നത് ഇവരാ. വി ഷുഡ് റെസ്പെക്ട് ദെം."

"ഓ". എല്ലാം മനസ്സിലായെന്ന മട്ടിൽ അവൻ അകത്തേക്കോടി. വിണ്ടു കീറിയ പാദങ്ങൾ മണ്ണിൽ ഉറപ്പിച്ച്, തലപ്പാവണിഞ്ഞ ഒരു കർഷകൻ ഉച്ചത്തിൽ ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കാനും പതിനായിരങ്ങൾ ഏറ്റു ചൊല്ലാനും തുടങ്ങി. ദേശീയ പതാകയേന്തിയ ട്രാക്ടറുകൾ തലങ്ങും വിലങ്ങും ചീറിക്കൊണ്ടിരുന്നു. 

"അഞ്ചു ഡിഗ്രി തണുപ്പാണിവിടെ". ചാനൽ പ്രതിനിധി പറയാൻ തുടങ്ങി. "ഈ കഠിനശീതം സഹിച്ചുകൊണ്ടാണ് പ്രായമായവരും അല്ലാത്തവരുമായ മണ്ണിന്റെ മക്കൾ ഇവിടെ സമരം ചെയ്യുന്നത്. എസി റൂമിലിരുന്ന് ഇതെല്ലാം തമാശയോടെ വീക്ഷിക്കുന്ന മേലാളന്മാർക്ക് ഇവരനുഭവിക്കുന്ന ദുരിതം അശേഷം മനസ്സിലാവില്ല. ഇരമ്പുന്ന പ്രതിഷേധക്കാരെ തടയാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നുണ്ട്. പോലീസിനും പട്ടാളത്തിനും അറിയില്ല, ഇവർ എത്ര വലിയ കണ്ണീർക്കടലുകൾ കടന്നാണ് ഇവിടെ എത്തിയതെന്ന്.."

അയാളുടെ അവതരണം ആരെയും പിടിച്ചുലയ്ക്കും. 

ഓഫീസ് വർക്കുകൾ തീർക്കുന്നതിന് ഞാൻ ലാപ്പിന്റെ മുന്നിലിരുന്നു. കോവിഡ് തുടങ്ങിയത് മുതൽ വർക് അറ്റ് ഹോം ആയതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചിരിപ്പുകാലം കഴിഞ്ഞു പോകുന്നുണ്ട്. ഓരോ കർഷകനും വിട്ടു പോന്ന വീടിന്റെ ചിത്രം മനസ്സിലൂടെ ചിതറി നീങ്ങി. എല്ലാ പണികളും വീട്ടുകാരിയെ ഏൽപ്പിച്ച്, ട്രാക്ടറുമായി പൊരുതാനിറങ്ങിയവർ. അനിശ്ചിതമായി നീണ്ടു പോകുന്ന സമരം. അവന്റെ വീട്ടിൽ വല്ലതും തിന്നാനുണ്ടാകുമോ? അവന്റെ കുട്ടികൾ വിശന്ന് നിലവിളിക്കുകയാവുമോ?.

ഓരോന്നാലോചിച്ചു കണ്ണുകൾ പുകഞ്ഞു. തെരുവിൽ മൂന്നു ദിവസം മുമ്പ് കേട്ട ഒരു പ്രസംഗം പെട്ടെന്ന് ഓർമയിലേക്ക് ഓടി വന്നു. "രാജ്യത്തിന്റെ മൊത്തം വിളകളും കൊമ്പൻ സ്രാവുകൾക്ക് കൈമാറാനുള്ള തന്ത്രമാണ് പുതിയ കാർഷിക ബില്ലുകൾ.അന്നദാതാവിന് അവർ ചില്ലറകൾ എറിഞ്ഞു കൊടുക്കും. വിഡ്ഢികളായ നമ്മൾ ഈ മുതലാളിമാരുടെ സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിൽ .തീ വിലയുള്ള ഓരോ പാക്കറ്റ് ധാന്യത്തിനായി ക്യൂ നിൽക്കും. പണമുള്ളവന് മാത്രം ജീവിക്കാനാവുന്ന ഒരു കെട്ട കാലമാണ് ഇനി വരാൻ പോകുന്നത്. റേഷൻ മുതൽ എല്ലാ സൗജന്യങ്ങളും നിരോധിക്കപ്പെടുന്ന കാലം. ഇനി വരുന്ന യുദ്ധങ്ങൾ, ഓർത്തോളൂ, ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ളതായിരിക്കും."

നെല്ലും വിതയും ഉണ്ടായിരുന്നു പണ്ട് തറവാട്ടിൽ. അച്ഛൻ മണ്ണിന്റെ ഹൃദയം തൊട്ടവനായിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആ സമരത്തിന്റെ മുമ്പിൽ തന്നെ ഇരുന്നേനെ.ഹിന്ദി അറിയില്ല എന്നതൊന്നും മൂപ്പർക്ക് പ്രശ്നം ആവുമായിരുന്നില്ല. 


ഊണുമേശയിൽ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം. ചോറുപാത്രം മറിഞ്ഞു കിടക്കുന്നു. "ഈ ചെക്കന്റെ ഒരു കാര്യം". ഭാര്യ മകനെ നോക്കി ചിരിച്ചു കൊണ്ട് വേസ്റ്റ് പാത്രത്തിലേക്ക് വറ്റുകൾ വാരിയിടുകയാണ്.

എവിടുന്നാണ് കോപം ചാടി വീണതെന്നറിയില്ല.അഞ്ചു വിരലുകൾ അവന്റെ തുടയിൽ പതിഞ്ഞു കിടക്കുന്നത് കണ്ടത് തന്നെ അവന്റെ അലറിക്കരച്ചിൽ കേട്ടപ്പോഴാണ്.


"നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? അവൻ കുഞ്ഞല്ലേ?" 

ഭാര്യ അരിശത്തോടെ തുറിച്ചു നോക്കി.


"അന്നം നിലത്ത് കളഞ്ഞാണോ കളി? നീയൊക്കെ പട്ടിണി അറിഞ്ഞിട്ടുണ്ടോ? അന്നത്തിന്റെ അവകാശം സ്വന്തം കയ്യിൽ നിന്ന് നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഓരോരുത്തർ ചോര ചിന്തി സമരം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?". 


ക്രോധത്താൽ ഞാനാകെ മുറിപ്പെട്ടു.വാക്കുകൾ അവിടവിടെ വിറച്ചു.

"ഓ, ഇന്നത്തെ വാർത്തകാണലിന്റെ സൈഡ് ഇഫക്റ്റാ അല്ലേ? "

കരയുന്ന മകനെ അടുക്കളയിലേക്ക് ഉന്തി നടത്തിക്കൊണ്ട് ഭാര്യ പുച്ഛത്തോടെ ചീറി."എത്ര സീരിയലുണ്ട്. അതൊക്കെ കണ്ടൂടെ? പീഡന വാർത്ത കാരണം എനിക്കിപ്പോ ഇഷ്ടത്തിന് ഒരു ഡ്രസ് ഇടാൻ പറ്റുന്നില്ല.നിങ്ങളെപ്പോലെ വാർത്ത കണ്ട് ഭ്രാന്താകുന്നവർ എന്തിനാ അത് കാണാൻ നിൽക്കുന്നത്? ഇത് നല്ല പാട്.."


അവളെ അടിച്ചു താഴെയിടാനുള്ള അരിശം വന്നെങ്കിലും ഒന്നും മിണ്ടാതെ ലാപ്പിന് മുന്നിലിരുന്നു. ടി വിയിൽ നിന്ന് അപ്പോഴും ലൈവ് മുഴങ്ങിക്കൊണ്ടിരുന്നു, "റാം, ഇപ്പോൾ ഇവിടെ സംഘർഷം കൂടുകയാണ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു കർഷകർ മരണമടഞ്ഞിരിക്കുന്നു. ജഡങ്ങൾ റോഡിൽ കിടത്തി അവർ മുദ്രാവാക്യം മുഴക്കുകയാണ്. 

"വിവാദ ബില്ലുകൾ പിൻവലിക്കുക, കർഷകർക്ക് നീതി ലഭ്യമാക്കുക"..മലയാളത്തിലുള്ള സമരവാക്യങ്ങൾ കേട്ട് ഞാൻ തരിച്ചിരുന്നു. ടിവിയിൽ അച്ഛൻ തലപ്പാവുകാരുടെ കൂടെ ഇരുന്ന് മുഷ്ടി ചുരുട്ടി അലറി വിളിക്കുന്നു. ഞാൻ സ്തബ്ധനായി വായും പൊളിച്ചിരിക്കെ ഭാര്യ റിമോട്ടിനാൽ ആ സമരഭൂമിയെ എന്നിൽ നിന്നും മറച്ചു. വാൾത്തലപ്പുകളായി വാക്കുകൾ അവളിൽ നിന്ന് തെറിച്ചു.

" ഇനിയിവിടെ വാർത്ത വെക്ക്, കാണിച്ചു തരാം. എന്റെ ഒരു ഫോണ് മതി പോലീസ് നിങ്ങളെ തൂക്കിയെടുത്തു കൊണ്ടു പോകാൻ. ഗാർഹികപീഢനം ചില്ലറ കേസല്ല.."

ഭരിക്കുന്നവരുടെ പുച്ഛഭാവത്തോടെ എന്നെ ആകെയൊന്നു നോക്കി അവൾ മകനെ ഉറക്കാൻ കൊണ്ടു പോയി. അവനിഷ്ടപ്പെട്ട ടോം ആൻഡ് ജെറി പോര് മൊബൈലിൽ നിന്ന് കേൾക്കാൻ തുടങ്ങി.

"നിങ്ങൾ അപ്പുറത്തെ റൂമിൽ പൊയ്ക്കോ.എനിക്ക് സീരിയൽ ഇടണം." അവൾ ധിക്കാരത്തോടെ പറഞ്ഞു. ഇനിയും ഒരു വഴക്ക് വയ്യ. ഒന്നും മിണ്ടാതെ അപ്പുറത്തെ മുറിയിലേക്ക് പോകുമ്പോൾ "വിധേയരെല്ലാം മുഷ്ടി ചുരുട്ടുന്ന അന്ന് തകർന്നു വീഴും എല്ലാ ഏകാധിപത്യവും."  എന്ന് അച്ഛൻ ഉള്ളിലിരുന്നു മന്ത്രിച്ചു. പരിഹാസത്തിന്റെ മുള്ളുകൾ കോർത്ത ഒരു ചിരി അച്ഛന്റെ ചുണ്ടുകളെ നീലനിറമാക്കി....

2020 ഡിസംബർ 21, തിങ്കളാഴ്‌ച

നിയോഗവഴികൾ (കഥ)

 

സ്വപ്നത്തിൽ താൻ കസേരകളിയിലായിരുന്നു. വെറും നാലാം ക്ലാസുകാരിയായിട്ടും ഒരു തടിയനെയും രണ്ടു നീളക്കാരെയും തോൽപ്പിച്ചാണ് ഒന്നാംസ്ഥാനം നേടിയെടുത്തത്.

ഉണർന്നപ്പോൾ അതിശയിച്ചു, എത്ര കാലം മുന്നേയുള്ള ഒരു സംഭവമായിരിക്കും അത്. മനസ്സ് ചെറിയ ചെറിയ വിജയങ്ങളെപ്പോലും രഹസ്യമായി താലോലിക്കുന്നുണ്ടാവാം. അതാവും ഇങ്ങനൊരു കിനാവ്. പക്ഷേ പിന്നീട് കണ്ടതൊന്നും അത്ര സുഖകരമായിരുന്നില്ല. തടിച്ച എണ്ണമിനുപ്പുള്ള പാറ്റകൾ നിലത്ത് പരക്കം പായുന്നു. പിന്നെ, സൂചികൾ പൊട്ടിപ്പോയ ഒരു ഘടികാരം റ്റിക് റ്റിക് എന്നു ശ്വസിച്ചുകൊണ്ട് സമയത്തെ പുറത്തേക്കെറിയുന്നു. 

കസേരകളിയിലെ ആ അവസാനത്തെ ഒറ്റക്കസേര! എന്തായിരിക്കാം അതിന്റെ അർത്ഥം? ഓടിയോടി തല കറങ്ങുമ്പോഴേ ഒരു ചെറുവിജയം പോലും കരഗതമാകൂ എന്നാണോ? ചുറ്റും അലയടിച്ച ആ ദ്രുതതാളത്തിന്റെ പൊരുളെന്താവും? പ്രതീകങ്ങളിലൂടെ മാത്രം സംസാരിക്കുന്ന സ്വപ്നങ്ങളേ..നിങ്ങളെ ആർക്കാണ് ഇഴപിരിക്കാനാവുക?


ഉണർന്നതും അവർ ക്ളോക്കിലേക്ക് നോക്കി. ദൈവമേ! ആറു മണി കഴിഞ്ഞിരിക്കുന്നു. ജോലിക്കൂനകളുടെ ഓർമ അവരെ ബെഡിൽ നിന്ന് ചാടിയെഴുന്നേല്പിച്ചു. കരും കരും ഒച്ചയോടെ കാൽമുട്ടുകൾ പ്രതിഷേധിച്ചു. നടുവേദന 'ഇത്തിരി കൂടി കിടക്കൂ' എന്ന് ആവലാതിപ്പെട്ടു. 


വൃത്തമൊത്ത പഞ്ഞിദോശകൾ ചുടുമ്പോഴും തിരക്കിട്ട് ചട്ടിണിയും സമ്മന്തിയും തയ്യാറാക്കുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സിൽ.എന്നെങ്കിലും താനൊരു കസേരകളിയിൽ ജയിച്ചിട്ടുണ്ടോ? സ്‌മൃതിയിൽ ജീവിതപ്പരീക്ഷയുടെ എത്രയെത്ര പേപ്പറുകളാണ് ചുരുണ്ടു മടങ്ങി മുഷിഞ്ഞു കിടക്കുന്നത്.എത്രയെത്ര തോൽവികളാണ് ചുവന്ന മഷിപ്പാടുകളുമായി തുറിച്ചു നോക്കുന്നത്.


'രാജേട്ടാ, എണീറ്റില്ലേ ഇതുവരെ? ഓഫീസിൽ പോകാൻ വൈകില്ലേ?അച്ഛനും മക്കൾക്കും ഉറക്കം മതിയാവില്ലേ ഒരു കാലത്തും?'


ശകാരത്തിൽ സ്നേഹം ചാലിച്ചുകൊണ്ട് അവർ ഭക്ഷണം മേശപ്പുറത്ത് നിരത്താൻ തുടങ്ങി.

'ഈ രമ്യക്കെങ്കിലും നേരത്തെ എണീറ്റ് എന്നെ ഒന്ന് സഹായിച്ചൂടെ? രണ്ടു നാൾ കഴിഞ്ഞാൽ വേറൊരു വീട്ടിൽ കഴിയേണ്ടവളല്ലേ? എടീ, പെണ്ണേ..'


അവർ മൂന്നു റൂമിന്റെയും കതകുകൾ മാറി മാറി മുട്ടിക്കൊണ്ടിരുന്നു. 


'വാതിൽ ഉള്ളിൽ നിന്നു കുറ്റി ഇടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. 12മണി വരെ മൂന്നും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. പിന്നെങ്ങനാ നേർത്തെ എണീക്കാൻ പറ്റണത്?'

അവർ അരിശത്തോടെ ഉപ്പേരിക്കരിയാൻ തുടങ്ങി. 


'പോവുന്നില്ലെങ്കിൽ പോവേണ്ട, എനിക്കാണോ നഷ്ടം? ഓഫീസുകാരും കോളേജുകാരും മതിവരെ ഉറങ്ങട്ടെ. എനിക്കെന്താ.'


മുഖം വീർപ്പിച്ചുകൊണ്ട് അവർ ക്യാരറ്റിനെ നിർദയം അരിഞ്ഞു തള്ളി. അപ്പോൾ പിൻവാതിലിൽ ആരോ മുട്ടി.മറ്റേതോ ലോകത്തായിരുന്ന അവർ ഞെട്ടിപ്പോയി.വാതിൽ തുറന്നപ്പോൾ ആശ്വാസം,  ലൂസിയാണ്.


'ചേച്ചി അപ്പഴേക്കും പണിയൊക്കെ തുടങ്ങിയോ? അങ്ങോർക്ക് കടുത്ത പനിയായിരുന്നു. കഞ്ഞിയൊക്കെ കൊടുത്താണ് ഞാൻ വരണത്.'


'ഉം, നിനക്കെന്നും ഓരോരോ കാരണം കാണും. ഓഫീസിലേക്ക് നേരം വൈകിയാൽ അച്ഛനും മോനും എന്നോടല്ലേ ചാടിക്കടിക്കാൻ വരൂ. മോൾക്കാണെങ്കിൽ എട്ട് മണിക്ക് പോണം.ഇത് വല്ലതും നിനക്കറിയണോ?'


ലൂസി സ്തബ്ധയായി അവരെ തുറിച്ചു നോക്കി. വെളുത്ത് സുന്ദരമായിരുന്ന മുഖത്ത് വ്യസനം പുതിയ ചുളുക്കുകൾ വരച്ചിരിക്കുന്നു.കണ്ണുകൾ കുഴിയിലേക്ക് ആണ്ടിരിക്കുന്നു.ചുവന്നു തുടുത്തിരുന്ന ചുണ്ടുകളിൽ എന്തൊരു വിളർപ്പാണ്.ആശുപത്രിയിൽ നിന്ന് പോന്നിട്ട് രണ്ടാഴ്ച്ച ആകുന്നേയുള്ളൂ. കർത്താവേ! തുടങ്ങിയോ വീണ്ടും?


'ചേച്ചി മരുന്ന് കഴിച്ചോ?'


 എന്തു മറുപടിയാണ് ചില്ലുപോലെ വരികയെന്ന ആധിയോടെ ലൂസി ചോദിച്ചു. ഇന്നലെ വരെ അവരുടെ അനിയത്തി ഉണ്ടായിരുന്നു തുണയ്ക്ക്. ആര് ആർക്കാണ് ഇന്നത്തെ കാലം തുണ? രണ്ടു ആഴ്‌ച നിന്നപ്പോഴേക്കും മൂപ്പത്തിക്ക് ഗൾഫിലേക്ക് മടങ്ങാൻ തിടുക്കമായി. 


'അവിടേക്ക് കൊണ്ടോവായിരുന്നു. പക്ഷേ അന്തോം കുന്തോം ഇല്ലാത്ത ഈ അവസ്ഥയിൽ എങ്ങനാ? ലൂസി രാത്രിയും നിൽക്കുന്ന വല്ല വേലക്കാരേം കിട്ടോന്നു നോക്ക്. നിനക്ക് പറ്റുമെങ്കിൽ അതായിരുന്നു നല്ലത്.നിനക്കിവിടെ കൊല്ലങ്ങളുടെ പരിചയമുണ്ടല്ലോ.അവിടെ ഇപ്പഴേ ദേവേട്ടൻ ദേഷ്യം പിടിക്കുന്നുണ്ടാവും.ഞാനില്ലാതെ ഒന്നും നേരാവില്ല. രാവിലെ ആറ് മണിക്ക് ജോലിക്ക് പോവേണ്ടതാ.'


രാത്രി കൂട്ടു കിടക്കാൻ അപ്പുറത്തെ ശാരദേച്ചിയോട് പറഞ്ഞതായിരുന്നു. വന്നു കാണില്ല.മനുഷ്യർ മനുഷ്യർക്ക് തണിയാകുന്ന കാലം കഴിഞ്ഞെന്നു തോന്നുന്നു. ഒരാൾപൊക്കത്തിലുള്ള മതിലുകളും അത് തന്നെയാവും പറയുന്നത്. 

ഊണുമേശയിൽ ഭക്ഷണം വിളമ്പി വച്ചതു കൂടി കണ്ടപ്പോൾ ലൂസിയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അവരുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചു.അല്ലെങ്കിൽ ഈയവസ്ഥയിൽ അവരെങ്കിലും ഉണ്ടായേനെ. 


ഒന്നരവർഷം കൊണ്ടാണ് വിധി പൂന്തോട്ടമായിരുന്ന അവരുടെ ജീവിതത്തെ ഒരു കീറപ്പുസ്തകമാക്കിയത്. ഹാർട്ട് അറ്റാക്കായിരുന്നു ഭർത്താവിനെ ഒരു രാത്രി പിടിച്ചു വലിച്ചു കൊണ്ടു പോയത്. ആവർത്തനങ്ങൾ എല്ലാറ്റിന്റെയും പുതുമ നശിപ്പിക്കും. ദൈവത്തിന്റെ നിരന്തരമായ പ്രഹരങ്ങൾ അവർക്ക് ശീലമായെന്നാവും എല്ലാവരും കരുതുന്നത്. 


പിന്നെയും മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പുതുതായി വാങ്ങിയ വിലകൂടിയ ബൈക്ക് മകനെ എറിഞ്ഞു കൊന്നത്. ആ ബൈക്ക് വാങ്ങിയ അന്ന് അവന്റെ മുഖത്തെ സന്തോഷം എത്രയായിരുന്നു.

'നോക്കമ്മേ, അച്ഛന്റെ പണമല്ല, ഇത് ഈ ഉണ്ണി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കേട്ടോ'.


കൃത്രിമാഗൗരവത്തോടെ അവൻ അമ്മയുടെ കവിളിൽ നുള്ളി  പൊട്ടിച്ചിരിച്ചു.


,ഓ, എനിക്കിഷ്ടമല്ല ബൈക്ക്.ആ പൈസക്ക് ഒരു കാർ വാങ്ങിയാൽ പോരായിരുന്നോ?'


'ഒരു ലൊക്കടകാർ ഭർത്താവിനുണ്ടല്ലോ.അത് പോരേ'. 


അവൻ പിന്നെയും ചിരിച്ചു. ഒരു ഗാനമേള കഴിഞ്ഞു രാത്രി മടങ്ങുകയായിരുന്നു അവൻ.ആയുസ്സുണ്ടായിരുന്നെങ്കിൽ ആ കുട്ടി പ്രസിദ്ധനായേനെ.

അവർ  നിസ്സഹായയായി നിലവിളിച്ചുകരയുന്ന ദൃശ്യം ഇപ്പഴും കണ്ണിനു മുന്നിൽ തൂങ്ങി നിൽക്കുന്നു. മനുഷ്യർ ദുരിതങ്ങളിൽ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുമ്പോൾ ദൈവം മേലെയിരുന്നു ചിരിക്കുകയാവുമോ? ആർക്കറിയാം.മകനും മകൾക്കും അമ്മയെന്നു വച്ചാൽ ജീവനായിരുന്നു. വീടായാൽ ഇങ്ങനെ വേണമെന്ന് താനെത്ര കൊതിച്ചിരുന്നു. 


ഇരുണ്ട മുഖമുള്ള, ഭീകരമായി പൊട്ടിച്ചിരിക്കുന്ന വിധി! അവർ വ്യസനക്കിടക്കയിൽ ഒട്ടിപ്പോയിരുന്നു. ആപ്പോഴാണ് പിന്നിൽ നിന്നുള്ള ആ അവസാനത്തെ അടി. ആരാണ് വീണു പോകാതിരിക്കുക? ആർക്കാണ് പിന്നെ എഴുന്നേൽക്കാനാവുക?


ഒരു മാസം മുമ്പായിരുന്നു.രാവിലെ മകളെ വിളിക്കാൻ ചെന്ന അവർ ആ തണുത്ത ദേഹം തൊട്ട് ആർത്തു കരഞ്ഞു.മരണം പകർച്ചവ്യാധി പോലെയാണ് ആ വീടിനെ ആവേശിച്ചത്. 

'രാജേട്ടാ, മക്കളേം കൊണ്ടോവാ അല്ലേ? എന്നെ മാത്രം വേണ്ട അല്ലേ?' അവർ നെഞ്ചത്തടിച്ചു കരയുന്നത് ഓർക്കുമ്പോൾ ആ മുടിഞ്ഞ തലവേദന വീണ്ടും ചെന്നിയിൽ മാന്തിപ്പറിക്കുന്നു. കള്ള്കുടിയൻ കെട്ടിയവൻ തന്നെ എത്ര ദ്രോഹിച്ചിരിക്കുന്നു.അപ്പോൾ പോലും താനിത്ര വേദന അനുഭവിച്ചിട്ടില്ല. കർത്താവേ! നിന്റെ തീരുമാനങ്ങളുടെ പൊരുളുകൾ ആർക്കാണ് മനസ്സിലാവുക?


അവരുടെ മുഖത്ത് ഈയിടെയായി എന്തുമാത്രം നിസ്സഹായതയാണ് തളം കെട്ടിക്കിടക്കുന്നത്. എന്തു മാത്രം കരച്ചിലാണ് ആ കണ്ണുകളിൽ പെയ്യാനോങ്ങി നിൽക്കുന്നത്. കർത്താവേ! ചിലരെ നീയിങ്ങനെ ചാട്ടവാറുകൊണ്ട് തുടരെത്തുടരെ അടിക്കുന്നതെന്ത്?


'ചേച്ചീ, അവരെല്ലാം നേരത്തെ പോയില്ലേ? വാ നമുക്ക് ഭക്ഷണം കഴിക്കാം. മരുന്ന് കുടിക്കാനുള്ളതല്ലേ? അന്നത്തെ ആ പനി ഇപ്പഴും വിട്ടിട്ടില്ല'.


'ങേ, അവരൊക്കെ പോയോ? എപ്പോ? എന്താ എന്നോട് പറയാഞ്ഞേ? അങ്ങനൊരു പതിവില്ലല്ലോ.'

അടഞ്ഞു കിടക്കുന്ന റൂമുകളെ നോക്കി അവർ അമ്പരന്നു. 


ഓരോരുത്തരായി കൂടൊഴിഞ്ഞതോടെ ആ മുറികളെല്ലാം പൂട്ടിയിരിക്കയാണ്. ഓരോ മുറിയുടെ മുന്നിലും പോയി നിലവിളിയും പതംപറച്ചിലും തന്നെയായിരുന്നു. ഹൃദയങ്ങളെ ഛിന്നഭിന്നമാക്കുന്ന കരച്ചിൽ..


'ലൂസീ, നീ ഇന്നലെ പറഞ്ഞില്ലേ, മനുഷ്യരെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, കർത്താവ് മാത്രാ തുണയെന്ന്.എനിക്കും അതാ ശരിയെന്ന് തോന്നുന്നു. അല്ലെങ്കിൽ അന്ന് ആ ആക്സിഡന്റ് നടന്നപ്പോ ദൈവാധീനം ഉള്ളതൊണ്ടല്ലേ രാജേട്ടനും മക്കളും രക്ഷപ്പെട്ടത്.അതെങ്ങനെ, അമ്പലത്തിൽ പോവുമ്പോഴൊക്കെ അവർക്ക് വേണ്ടിയല്ലേ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്.പിന്നെ ദൈവം എന്നെ കൈവിടോ? പിന്നേയ്, വേറൊരു വിശേഷം ഉണ്ട്. നമ്മടെ മോളെ കല്യാണം ഉറപ്പിച്ചു. അന്ന് വന്ന ആ ഡോക്ടർ ചെക്കനില്ലേ? അതന്നെ. കാണാൻ നല്ല ഭംഗി ഉണ്ട് '.


അതും പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. കാലങ്ങളായി വ്യസനച്ചീളുകളാൽ കണ്ണ് നിറഞ്ഞിരുന്ന വീടും ഒപ്പം ചിരിച്ചു. ലൂസി സന്തോഷം അഭിനയിച്ചുകൊണ്ട് അവരെ നോക്കി. മേലേന്നു വീഴുന്ന, ദൈവത്തിന്റെ  പതിഞ്ഞ ചിരിയുടെ ഐസ്‌തരികൾ അവളിൽ ജ്വരം നിറച്ചു. വിധിയുടെ കറുത്ത ഭീമൻ തിരശ്ശീലയുടെ ഞൊറികൾ മുന്നിൽ മനോഹരമായി ഇളകി.  ദുഃഖത്തിന്റെ കയ്പ്പ് നിറഞ്ഞു നിറഞ്ഞ് അവൾക്ക് നെഞ്ചു കടഞ്ഞു. വെളുത്തു മെലിഞ്ഞ ആ കൈകളെ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു, '

വേഗം കഴിച്ചിട്ട് നമുക്ക് ഇന്ന് ബീച്ചിൽ പോണം.വല്യ ഇഷ്ടല്ലേ കടല് കാണാൻ'.

'ആയിക്കോട്ടെ, അവര് തിരിച്ചു വരുമ്പോഴേക്ക് പോയി വരാം അല്ലേ'

അവർ ആഹ്ലാദത്തോടെ സാരി മാറ്റാൻ പോവുന്നത് കണ്ട് ലൂസി ആശ്വാസത്തോടെ കണ്ണ് തുടച്ചു....