Pages

2012, ജനുവരി 18, ബുധനാഴ്‌ച

പത്തിരി ചുട്ടു ചുട്ട്




കവിതയെഴുതാന്‍ കൊതിച്ചപ്പോഴെല്ലാം അവള്‍
ദോശ വട്ടം ചുളിയാതെ ചുട്ടുകൊണ്ടിരുന്നു,
പത്തിരി ചുട്ട് ചുട്ട് തീര്‍ന്നതാണല്ലോ
പാത്തുമ്മയുടെ ജീവിതം.
കഥയുടെ പാദസരം ഉള്ളില്‍ കിലുങ്ങുമ്പോഴൊക്കെ
ഇഡലിയുടെ മൃദുലതയാല്‍ അവളാ കല്ലൊക്കെയും വിഴുങ്ങിക്കളഞ്ഞു.
ഇടുങ്ങിയ ഈ അടുക്കളയാണല്ലോ അവളുടെ എല്ലാ
ആവിഷ്ക്കാരവും.
പിന്നെ,മുട്ടിലിഴയുന്ന കുഞ്ഞിന്‍റെ ചിരി,
ഇരുണ്ട മുറിയില്‍ നിന്നൊഴുകുന്ന ശാപം
ചിന്തുന്ന പ്രാക്കുകള്‍,
അസുഖത്തിന്‍റെ അക്ഷമയാര്‍ന്ന ചീത്തവിളികള്‍,
ഇതിലൊക്കെയാണ് അവളവളെ സാക്ഷാത്കരിക്കുന്നത്.
കരിഞ്ഞു പുകയുന്നതെല്ലാം ഫ്രയിംഗ്പാനില്‍
നിന്ന് മാറ്റി,
പുതിയ ഇറച്ചി എണ്ണയിലിടുമ്പോഴും-
മുള്ളുകളായി മനസ്സിന്‍റെ കൊച്ചുകൊച്ചു ആശകള്‍.,
കഥ..കവിത...........
കുറ്റിപ്പെന്‍സില്‍ മഞ്ഞള്‍ പുരണ്ട പേപ്പറില്‍
അലയവേ,
ഒരു മണിനാദം,ഉച്ചത്തിലുള്ള മടുപ്പിന്‍റെ
വിളി...
ഞെട്ടിപ്പിടഞ്ഞവള്‍ ദൂരെയെറിഞ്ഞു
കുറ്റിപ്പെന്‍സില്‍ ,കരിക്കറ പുരണ്ട
കടലാസ്..........
മുഷിഞ്ഞ സാരി നേരെയാക്കി,മങ്ങിയ മുഖത്ത് ചിരി
വരുത്തി,
പൂമുഖവാതില്‍ക്കലെ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാവാന്‍
ഓടുകയാണവള്‍,ഓടിയല്ലേ പറ്റൂ-
പത്തിരി ചുട്ട് ചുട്ട് എന്നേ
തീര്‍ന്നു പോയതാണല്ലോ പാത്തുമ്മയുടെ ജീവിതം.
പതിയുടെ കയ്യില്‍ രുചിവൈവിധ്യങ്ങളുടെ
പാചകക്കുറിപ്പുകള്‍,മസാലക്കൂട്ടുകള്‍........
അപ്പക്കൂടായ അവന്‍റെ വയറിനെ
അരുമയോടെ തലോടി അവളാ കുറിപ്പുകള്‍
വാങ്ങി,കറിക്കൂട്ടുകളും.
വലിയ കണ്ണുകളുള്ള അവന്‍റെ നാക്കാണല്ലോ
തന്നോടാകെ പ്രീതിപ്പെട്ടതെന്ന,
വൈരസ്യമാര്‍ന്ന ഓര്‍മയോടെ,ചുട്ടെടുക്കയായ്‌
വീണ്ടുമവള്‍,
നൊമ്പരം വിങ്ങും ഖല്‍ബിനെ കൂട്ടിക്കുഴച്ച്‌...
വെണ്മയേറും പൂര്‍ണചന്ദ്രന്മാരെ,
ഖിയാമം ഒന്ന് വരെ നീളുന്ന പത്തിരി
ജാഥകളെ.................

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം. ഒരു വളണ്ടറി റിട്ടയര്‍മെന്റിനു അപേക്ഷിക്കൂ...

    മറുപടിഇല്ലാതാക്കൂ
  2. ജീവിതം ഒരു കവിതയാക്കി മാറ്റുന്ന പാത്തുമ്മമാരില്‍ ആണും പെണ്ണും ഉണ്ട്.പാടവും പറമ്പും വെയിലും മഴയും ഒക്കെ കവിതയ്ക്ക് കടലാസ്സാക്കുന്നവര്‍ .
    ഈ വരികള്‍ വളരെ വ്യക്തമായി ജീവിതദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  3. കവിത ഈ പാചകത്തിലുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ