Pages

2012, ജനുവരി 12, വ്യാഴാഴ്‌ച

ചിഹ്നങ്ങള്‍


ദൈവപുരത്ത് ഒരു
വിചിത്രസംഭവം അരങ്ങേറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.ജനിക്കുന്ന
കുഞ്ഞുങ്ങളെല്ലാം പച്ച കുത്തിയ പോലെ തോള്‍ക്കയ്യില്‍ ഏതെങ്കിലും ഒരു
ചിഹ്നത്തോടെയാണ് ജനിക്കുക;ശൂലം,ചന്ദ്രക്കല,കുരിശ്...മതങ്ങള്‍ മനുഷ്യരില്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടതാണെന്നും
മതചിഹ്നങ്ങള്‍ ജനിക്കുമ്പോള്‍ ആരിലും ഇല്ലെന്നുമൊക്കെ തത്വചിന്തകര്‍ പറയുമെങ്കിലും
ഈ നാട്ടില്‍ അതായിരുന്നില്ല സ്ഥിതി.ഓരോ ഗര്‍ഭിണിയും സിസേറിയനാണോ മറ്റു
ബുദ്ധിമുട്ടുകളുണ്ടാകുമോ എന്നതിനെക്കാളെല്ലാം ഏതു ചിഹ്നത്തില്‍ കുഞ്ഞു ജനിക്കുമെന്ന്‍
മാത്രം ഉത്കണ്ഠപ്പെട്ടു.അതിനു കാരണവുമുണ്ട്.കുഞ്ഞിനെ അതാതു ചിഹ്നക്കാര്‍ക്ക്
കൈമാറേണ്ടതുണ്ട്.അങ്ങനെ ചെയ്യാത്ത ഒന്നുരണ്ടു കുടുംബങ്ങള്‍ അതിന്‍റെ വില ചോരയായാണ്
നല്‍കിയത്‌.കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ മാത്രം വാവിട്ടുകരഞ്ഞു,പകരം
കിട്ടിയ കുട്ടികള്‍ സ്വന്തം അടയാളത്തിലായിട്ടും അവരതിനെ രഹസ്യമായി വെറുത്തു.ഓരോ
സമുദായത്തിന്‍റെയും വലിയ,ആമത്താഴിട്ടു പൂട്ടിയ,ഉരുക്കുപെട്ടിക്കുള്ളില്‍
അതാതുദൈവങ്ങള്‍ സ്വസ്ഥം വിശ്രമിച്ചു.പ്രപഞ്ചത്തോളം വിശാലനായ യഥാര്‍ത്ഥദൈവമാകട്ടെ
ആരുടേയും കൈപ്പിടിയിലൊതുങ്ങാതെ ഉയരങ്ങളിലിരുന്നു കിലുങ്ങിച്ചിരിച്ചു.സ്വന്തം
മതത്തില്‍ യാതൊരു സംശയവുമില്ലാത്ത കറയറ്റ വിശ്വാസിയായിരുന്നു
ഓരോരുത്തരും.അതുകൊണ്ട്തന്നെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് മറ്റൊരാളുടെ
കടന്നുകയറ്റത്തിനെതിരെ അവരെപ്പോഴും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി
വെച്ചു.ഇടക്കിടെയുണ്ടാകുന്ന ചോരക്കളങ്ങള്‍...ചിഹ്നം നോക്കി തങ്ങള്‍ക്കു
നഷ്ടപ്പെട്ടവരെ തിട്ടപ്പെടുത്താമെന്നതിനാല്‍ പ്രതികാരനടപടികളില്‍ ആരും
പിന്നിലായിരുന്നില്ല.രക്തം മണക്കുന്ന വീഥികള്‍,നെടുവീര്‍പ്പുകളുയരുന്ന അകത്തളങ്ങള്‍..ഒരസാധാരണസംഭവത്തോടെ
അശാന്തിയുടെ മൂര്‍ധന്യം അവര്‍ അനുഭവിച്ചു.ചിഹ്നമില്ലാതെ ഒരു കുഞ്ഞ്ജനിച്ചതായിരുന്നു
അത്.അതിനെ കഷ്ണംകഷ്ണമാക്കി നായകള്‍ക്ക് എറിഞ്ഞു കൊടുക്കാനായിരുന്നു
സമുദായനേതാക്കളുടെ കൂട്ടായ തീരുമാനം.എന്നാല്‍ അവരുടെ വാള്‍ക്കണ്ണ്‍ കണ്ടെത്തും
മുമ്പ്‌ കുഞ്ഞുമായി അതിന്‍റെ അമ്മ കാട്ടിലേക്ക്‌ ഇടറിയും മുടന്തിയും ചെന്നെത്തി.കാടിന്‍റെ
ശാന്തതയും പച്ചപ്പും അവരെ അതിശയിപ്പിച്ചു.നാട്ടിലത് രണ്ടും അവര്‍
കണ്ടിരുന്നില്ല.ജലക്ഷാമം എന്നും നേരിടുന്ന മരുഭൂസമാനമായ പ്രദേശമായിരുന്നു
അവരുടേത്.മൃഗങ്ങള്‍ വളരെ ഇണക്കത്തില്‍ കഴിയുന്നതായിരുന്നു മറ്റൊരു വിസ്മയം.ഇരകളും
വേട്ടക്കാരും തണലുകളില്‍ ചാടി മറിഞ്ഞ്,തോളോട്തോളുരുമ്മി..രാസവിഷങ്ങളില്ലാത്ത
ഭക്ഷണം കൊണ്ടാവാം അവന്‍റെ കണ്ണുകള്‍ക്ക്‌ അസാമാന്യ തീക്ഷ്ണത.അക്ഷരങ്ങള്‍,അമ്മ അവനു
പകര്‍ന്നു കൊടുത്തു,സ്കൂളില്‍ വിടാന്‍ യാതൊരു മാര്‍ഗവുമില്ല.സമുദായങ്ങളില്‍
വിഭജിതമാണ് വിദ്യാലയങ്ങള്‍.അവനു എവിടെയും കിട്ടില്ല പ്രവേശനം.അമ്മ നാട്ടിലെ
പൊടിപിടിച്ച വായനശാലകളില്‍ നിന്ന് അനുജനെക്കൊണ്ട് അവനുവേണ്ടി
പുസ്തകങ്ങളെടുപ്പിച്ചു.ചുറ്റുപാടുകളെ അവന്‍ മൂര്‍ച്ചയുള്ള കണ്ണുകളാല്‍
അളന്നു.ധ്യാനത്താല്‍ സ്വയം നിറച്ചു.യുവാവായത്തില്‍ പിന്നെ അവന്‍ ആരോടും പറയാതെ
പുറപ്പെട്ടു പോയി.മകനെ തിരഞ്ഞാണ് അമ്മ നാട്ടിലെത്തിയത്.അവരെ എതിരേറ്റത് ചീത്ത വാര്‍ത്തകള്‍..ചിഹ്നങ്ങളില്ലാത്ത
ഒരുത്തന്‍ ദൈവത്തെ പരിഹസിക്കുന്നു.എല്ലാം തകരണമെന്ന് ആക്രോശിക്കുന്നു.അനിയന്‍
വിറയ്ക്കുന്ന സ്വരത്തില്‍ അവനോട് പറഞ്ഞു;”അവന്‍റെ അന്ത്യമടുക്കാറായി.എവിടെ
ഒളിച്ചാലും നേതാക്കള്‍ അവനെ കൊല്ലും,ഒന്നുകില്‍ ശൂലം തറച്ച്,അല്ലെങ്കില്‍ തല
വെട്ടി,അതല്ലേല്‍ ക്കുരിശില്‍ തറച്ച്..”അവള്‍ കടയുന്ന കണ്ണുകളോടെ അവനെ
തിരഞ്ഞിറങ്ങി.കുന്നുകളുടെ ഇടിച്ചു നിരത്തിയ വ്രണങ്ങളിലൂടെ,പുഴയുടെ ഉണങ്ങി വരണ്ട
മാറിലൂടെ,അവള്‍ മുടന്തി നീങ്ങി.ഒടുക്കം പാറകളെല്ലാം പൊടിഞ്ഞു തീര്‍ന്ന വലിയ
കുഴിക്കരികെ അവനും അനുയായികളും ..അവന്‍റെ ഓരോ വാക്കും ചെമ്പുകുടത്തില്‍
നിന്നെന്നോണം മുഴങ്ങി ;”ഇടച്ചുമരുകള്‍ തകര്‍ന്നേ തീരൂ.മനുഷ്യര്‍ക്കിടയില്‍
പണിയപ്പെട്ട ഓരോ മതിലും.ഇരുമ്പ്‌പെട്ടികള്‍ക്കുള്ളില്‍ നിന്ന് സ്വതന്ത്രമാവട്ടെ
ഓരോ ദൈവവും.മനസ്സുകള്‍ ആകാശവിസ്തൃതി നേടട്ടെ.”അവര്‍ തലയാട്ടി .”ആദ്യം നിങ്ങളുടെ
തോല്‍ക്കയ്യിലെ ചിഹ്നങ്ങള്‍ വെടിയുക.”
“എങ്ങനെ?”അവര്‍
സ്തബ്ധരായി അവന്‍ കൂര്‍ത്ത മുള്ളുകള്‍ നീട്ടി.”വിഷമെല്‍ക്കില്ല,പഴുക്കുകയുമില്ല.മുറിവുണ്ടാക്കി
ആ അടയാളത്തെ ചുരണ്ടിയെടുക്കണം.”അവര്‍ എത്ര ശ്രമിച്ചിട്ടും ചിഹ്നങ്ങള്‍
മാഞ്ഞില്ല.പരാജിതരായി അവര്‍ അവനെ പകച്ചു നോക്കി .അവന്‍ തുടര്‍ന്നു;ഇത്രയേറെ
വൈവിധ്യങ്ങള്‍ തീര്‍ത്തവന് എങ്ങനെ ഏകഭാവത്തിലുള്ള ഒരു പ്രത്യേകമതത്തിന്‍റെ ആരാധന
മാത്രം സ്വീകാര്യമാവും?ഇത്രയേറെ പാതകള്‍ സൃഷ്ടിച്ചവന്‍ ഒരു പാതയുടെ അറ്റത്ത് മാതം
സ്വര്‍ഗം പണിഞ്ഞു വെക്കുന്നതെങ്ങനെ?നമ്മള്‍ നന്മ കഴിക്കുക,നന്മയാല്‍ ഉടുക്കുക
നന്മയില്‍ ചരിക്കുക,മറ്റൊന്നും ആവശ്യമില്ല,അവന്‍റെ കൂര്‍ത്ത വാക്കുകള്‍ അവരുടെ
ഉള്ളിലെല്ലാം പോറലുകള്‍ വീഴ്ത്തി.തോള്‍ക്കയ്യിലെ ചുരണ്ടിയ ഭാഗം വേദനിച്ചു
തടിച്ചു.അപ്പോഴാണ്‌ അവന്‍റെ കനല്‍കണ്ണുകളില്‍ ആ ദൃശ്യം..ആയുധങ്ങളുമായി മതിലുകളുടെ
ഉടയവര്‍ പമ്മിപ്പമ്മി വരുന്നു.അനുയായികളുമായി അവന്‍ കുതിച്ചു.പൊന്തകളും മുള്‍ച്ചെടികളും
വകഞ്ഞ് ഭീതിയുടെ ഉഴവുനിലങ്ങളിലൂടെ അവര്‍ ക്ലേശിച്ചു മുന്നേറി.നമ്മള്‍ക്ക് പല
സ്ഥലങ്ങളിലായി ഒളിക്കാം.അനുയായികള്‍ മന്ത്രിച്ചു.സന്ധ്യയുടെ മൂടുന്ന ഇരുട്ടിലേക്ക്
ഒരു കോഴിയുടെ സങ്കടം നിറഞ്ഞ കൂവല്‍ ഉടഞ്ഞു വീണു.അവന്‍ ശങ്കയോടെ അവരെ നോക്കി.പിന്നെ
ഉയരമുള്ള ഒരു മുള്‍മരത്തില്‍ വലിഞ്ഞു കയറി.ഒരുത്തനെ അവര്‍ പിടിച്ചു കഴിഞ്ഞിരുന്നു.അവന്‍റെ
തോളടയാളമാണവനെ രക്ഷിച്ചത്‌.അനുയായികളോടവര്‍
മുരണ്ടു.”ആ ഭ്രാന്തനെ കാണിച്ചു തന്നാ നിങ്ങള്‍ക്ക് നന്ന്‍.”അവര്‍ ഒരു പെട്ടി
തുറന്നു.കേട്ട്കെട്ടായി നോട്ടുകള്‍.അവര്‍ കണ്ണില്‍ വജ്രം നിറച്ച് പരസ്പരം നോക്കി
.മുപ്പതു ലക്ഷമാ .ഇത് കൊണ്ട് വേണമെങ്കില്‍ സുഖമായി ജീവിക്ക്.ആ ഭ്രാന്തനെ ഇങ്ങു
വിട്ടു തന്നേക്ക്,”
അവരറിയാതെ അവരുടെ
ചൂണ്ടുവിരല്‍ മരത്തിലേക്ക്‌ നീണ്ടു .ഒരു കുരങ്ങനെയെന്നോണം അവരവനെ വലിച്ചു
താഴെയിട്ടു.ചിഹ്നമില്ലാത്തവനെ ആര് ശിക്ഷിക്കും?തര്‍ക്കം ആരംഭിച്ചു.അവസാനം തീര്‍പ്പായി,മൂന്നായി
മുറിക്കാം.ഓരോ ഭാഗവും ഓരോരുത്തരുടെ ആചാരപ്രകാരം ശിക്ഷിക്കാം.നിമിഷങ്ങള്‍ക്കുള്ളില്‍
അവന്‍ മൂന്നായി മുറിക്കപ്പെട്ടു.തലഭാഗം കുരിശിലേറ്റപ്പെട്ടു.അരഭാഗം ശൂലം
തറക്കപ്പെട്ടു.കാലുകള്‍ വാളിനാല്‍ മുറിക്കപ്പെട്ടു.അവന്‍റെ മുടിഞ്ഞ ചിന്തകള്‍ മുള്‍ക്കാടുകളിലൂടെയുള്ള
യാത്രകള്‍,സത്യത്തിനായുള്ള തീരാത്ത വിശപ്പ്‌,എല്ലാം ഞൊടിയിടകൊണ്ട് തീര്‍ന്നുകിട്ടിയതില്‍
അവര്‍ ദൈവത്തെ സ്തുതിച്ചു.ദൂരേന്നെവിടുന്നോ ഒരമ്മയുടെ തേങ്ങല്‍ മാത്രം ഈര്‍ന്നിട്ടും
മുറിയാതെ അവിടമാകെ പ്രകമ്പനം കൊണ്ടു.
ഉയര്‍ത്തെഴുന്നാല്‍ക്കാനായി
അവന്‍ ലോകം വെടിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ