Pages

2012, ജനുവരി 28, ശനിയാഴ്‌ച

ഹാജിറ


മിനുത്ത തറയിലൂടെ തിക്കിത്തിരക്കുന്ന ആളുകള്‍ക്കിടയിലൂടെ
സഅയ് നിര്‍വഹിക്കുമ്പോള്‍ ദൂരെ മണല്‍ക്കുന്നുകള്‍ക്കപ്പുറത്തെവിടെയോ നിന്ന് ഹാജിറ
മാടിവിളിക്കുന്നെന്നു തോന്നി.ദാഹജലത്തിനായ്‌ തേങ്ങിക്കരയുന്ന ഇസ്മാഈലിന്‍റെ കാല്‍ക്കല്‍
നിന്ന് പൂക്കുറ്റിപോലെ ചിതറിത്തെറിച്ച സംസം..”എല്ലാ വ്യഥകള്‍ക്കുമൊടുക്കം
പ്രത്യാശയുടെ ഒരു കിരണം നമ്മെ കാത്തിരിപ്പുണ്ട് കുട്ടീ”-അവര്‍ കാതില്‍
മന്ത്രിച്ചു.ത്വവാഫിന്‍റെ പെരുംതിരക്കിലും അയാളെ താന്‍ തിരിച്ചറിഞ്ഞതാണ്
അത്ഭുതം.എള്ളെണ്ണയുടെ നിറം,വട്ടത്താടി,തിങ്ങിയ മുടി,പെണ്ണിന്‍റെതു പോലുള്ള വലിയ
കണ്ണുകള്‍..നില്‍ക്കാന്‍ ഇടമില്ലാതെ എല്ലാവരും കഅബയെ ചുറ്റുമ്പോഴും പ്രാര്‍ഥിച്ചു-ഒന്ന്
കണ്ടെങ്കില്‍,ഒന്ന് മിണ്ടാനായെങ്കില്‍..
ലോഡ്ജിന് മുന്നില്‍ വെറുതെ നില്‍ക്കെ ഭര്‍ത്താവ്‌
കയര്‍ത്തു-“കുറെ നേരമായല്ലോ നിന്‍റെയീ നിര്‍ത്തം.ഇന്നെന്താ ഭക്ഷണോ ഉറക്കോ ഒന്നും
വേണ്ടേ?ഹജ്ജ്‌ ആയതോണ്ട് ഭര്‍ത്താവിന്‍റെ ഒരാര്‍ത്തിക്ക് ശമനമുണ്ട്.അവളുള്ളില്‍
ചിരിച്ചു.കാപട്യം നിറഞ്ഞ ബന്ധങ്ങളാണ് ഈ ഭൂമി നിറയെ.ശരിയായ പ്രണയം തിരഞ്ഞ് തന്‍റെ
മനസ്സെത്രയാണ് അലഞ്ഞത്.വഴുക്കുന്ന വഴികളിലെല്ലാം സുഗന്ധരഹിതമായ പൂക്കളെ പേറുന്ന
മുള്‍ച്ചെടികള്‍ മാത്രം..വഴിയില്‍ വെച്ച് പിന്നെയും കണ്ടു,എന്തേലും മിണ്ടുമെന്നു
കരുതി.അയാള്‍ കാണാത്ത പോലെ നടന്നകന്നപ്പോള്‍ പറയാതെപോയ വാക്കുകളെല്ലാം വായില്‍
തിക്കുമുട്ടി.”അതാരാ?”-ഭര്‍ത്താവ് അസഹ്യതയോടെ തിരക്കി.”ഓ,മുമ്പത്തെ സ്കൂളിലെ
മാഷാ”-“ഹജ്ജ്‌ ഹലാലാകണേല്‍ അന്യപുരുഷന്മാരോട് മിണ്ടാതെ നടന്നോ”-അയാള്‍
മുരണ്ടു.ആരാണ് അന്യന്‍,ആരാണ് സ്വന്തം?ഞാന്‍ വെറും യാത്രക്കാരി.ഈ കാണുന്നവരെല്ലാം
എന്‍റെ പരിചയക്കാര്‍ മാത്രം.സ്മരണകളുടെ കറുത്ത കാലന്‍കുട അവള്‍ക്കുമേല്‍
അപശബ്ദത്തോടെ നിവര്‍ന്നു.
ഉയരത്തില്‍ കെട്ടിയ നരച്ച മതിലിനപ്പുറം
കാണുന്നത് വീട്ടിലെപ്പഴേലും പോകുമ്പോഴാണ്.”കുട താഴ്ത്തിപ്പിടിക്കെടീ,ആണുങ്ങള്
കാണാനാവും അതൊരു മൊഴം പൊക്കി വച്ചിരിക്ക്ണ്.ഇവളേത് ഇസ്ലാമിയാകോളേജിലാ
പഠിച്ചത്.ഹിജാബിന്‍റെ ഒരു നിയമോം അറിയാത്ത പച്ചപ്പരിഷ്കാരി.”-ഭീതിയോടെ വില്ലുകള്‍
തലയില്‍ മുട്ടുംവിധം കുട താഴ്ത്തി.പിന്നില്‍ നിന്ന് നോക്കുന്നുണ്ടാവും വീട്ടുകാര്‍.അക്കരെയുള്ള
കേട്ടിയോന്‍റെ ചെവിയിലെത്തിക്കാന്‍ ന്യുസുകള്‍ വേണമല്ലോ.”വേഗം വാ’-ഈര്‍ഷ്യയോടെ
സഹോദരന്‍ പിന്തിരിഞ്ഞു.ഏതു നിമിഷവും അറ്റു പോയേക്കാവുന്ന ഈ മംഗല്യച്ചരടിനെച്ചൊല്ലി
എല്ലാവര്‍ക്കുമുണ്ട് വെറുപ്പ്‌.ഭാരമായി വീണ്ടും വീണ്ടും വീട്ടിലേക്കുരുണ്ട്
കയറുന്ന ഉരുളന്‍കല്ലെന്തു ചെയ്യേണ്ടൂ എന്ന ചിന്തയിലാണവര്‍ക്ക് തല പെരുക്കുന്നത്.
അരക്കുമ്പോള്‍ അമ്മിക്കല്ല് ഇടര്‍ച്ചയോടെ
പിറുപിറുത്തു;-തേയുന്ന ജീവിതത്തിന് നീയും കൂട്ടായല്ലോ.കരിക്കട്ടപോലായ കലങ്ങളെ
തേച്ചുവെളുപ്പിക്കുമ്പോള്‍ പാത്രങ്ങള്‍ കിലുകിലാ ചൊടിച്ചു;-ഉരഞ്ഞു തീരുന്ന ഞങ്ങള്‍ക്കൊരു
തുണയായല്ലോ.വെള്ളം കോരി തഴമ്പെടുത്ത കൈകളിലേക്ക് തുരുമ്പെടുത്ത കപ്പി
ഉരുണ്ടിറങ്ങി,വാടിയ ചിരിയുമായി;-ഇനി നീ വെറും മണ്ണാവും.എന്നെപ്പോലെ,ഞാന്‍ ക്രമേണ
മണ്ണാവുന്നത് കണ്ടില്ലേ?ഒന്നും മുളപ്പിക്കാത്ത വെടക്ക്മണ്ണ്...ആമത്തോടിനുള്ളില്‍
വട്ടംചുറ്റി വട്ടംചുറ്റി ക്രമേണ ആളുകളെ കാണുന്നത്പോലും ഭയമായി.അന്യപുരുഷന്‍മാരോട്
ചുമരിനപ്പുറത്തു നിന്നല്ലേ മിണ്ടാവൂ.അമ്മാവന്‍റെ മകന്‍ കല്യാണം പറയാന്‍ വന്നപ്പോള്‍
അടുത്തുചെന്ന് സംസാരിച്ചതിന് അവര്‍ കൂട്ടംകൂടി കുശുകുശുത്തു-“ഇബടെ ഇതൊന്നും
നടക്കൂല.കുഞ്ഞൂന് വേറിം പെണ്ണ് കിട്ടും.ഇബ്ടത്തെ നെയമൊക്കെ അന്‍സരിക്കണത്”
ആത്മാവോളം തുളച്ചിറങ്ങുന്ന ചങ്ങലകള്‍.ദൈവികവദനം കാരിരുമ്പാലോ പണിതത്‌?സൃഷ്ട്ടികളില്‍
ഒരു വിഭാഗം മാത്രം ഇരുളിന്‍റെ നിലവറക്കുള്ളില്‍ പ്രകാശം നിഷേധിക്കപ്പെട്ട്
അടച്ചിടപ്പെടേണ്ടവരോ?കാര്‍ന്നുകാര്‍ന്ന് നന്നങ്ങാടിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയപ്പോഴേക്കും
പല്ലുകള്‍ പൊടിഞ്ഞു.അക്ഷരവീഥിയിലേക്ക് വെട്ടിക്കളഞ്ഞ ചിറകുകളുമായി ക്ലേശിച്ചു
പറക്കുമ്പോള്‍ മൊഴി ചൊല്ലിക്കൊണ്ടുള്ള കടലാസ് അവളെ അനുഗമിച്ചു.സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം
ദൂരെ ബീഎഡിന് ചേര്‍ന്നതായിരുന്നു കുറ്റം.”ഇന്‍റെ സമ്മതം ഇല്ലാതെ ഒരന്യപുരുഷന്‍റെ
കൂടെ പോകേ?ഇങ്ങനാണേല് ഓള് ഇതിലപ്പുറോം ചെയ്യൂലോ!”ചാടിത്തുള്ളി,ഉപ്പാന്‍റെ കൈ
തട്ടിത്തെറിപ്പിച്ച് അയാള്‍ വീട്ടീന്നിറങ്ങിയപ്പോ മറ്റൊരു നന്നങ്ങാടി
ശിരസ്സിലേറ്റിയിട്ടുണ്ടെന്നും വഴിയില്‍ നിന്ന് ഇരുന്നുമടുത്ത നറുമണമുതിരുന്ന
കുസുമമൊന്ന് അതിലേക്കുതിരുമെന്നും വേദനയോടെ അവളോര്‍ത്തു.
“അയ്നേയ് പഴേ മാലീം വളല്ലേന്ന്?ആരേലൊക്കെ
കൊടുത്തതാവും.സ്ത്രീധനം വാങ്ങീര്‍ന്നെങ്കി ഞമ്മളെ കുഞ്ഞൂന് എത്ര കിട്ടേയ്നി.ഓന്‍
ഗള്‍ഫിലല്ലേ”ഈര്‍ച്ചവാള് പോലുള്ള വാക്കുകള്‍.ആ വീടിന്‍റെ ഓരോ കല്ലും
കുപ്പിചില്ലുകളായ വാക്കുകളാണ്.ദിനംപ്രതി പ്രതിമയാകുന്ന ദേഹത്തിലേക്ക് പടരുന്ന
കെട്ടിയവന്‍റെ വഷളന്‍ചിരി..പ്രതിമക്കൊരിക്കലും ജീവനുള്ള ഒന്നിനെ പിടിച്ചുനിര്‍ത്താനാവില്ല.
“ശരിക്ക് പൊറത്തെറങ്ങുമ്പോ മൊഖം കൂടി മൂടണന്നാ നെയമം.”ഡോക്ടറുടെ അടുത്ത് പോകാന്‍
മാത്രം വെളിയിലിറങ്ങാറുള്ള നാത്തൂന്‍ ആക്രോശിച്ചു.മുഖത്തേക്ക് ജാലകക്കണ്ണികള്‍
താഴ്ത്തി അവര്‍ കുടക്കുള്ളില്‍ നടന്നുനീങ്ങി.രണ്ടു കറുത്ത ഇരുള്‍കട്ടകള്‍!കെട്ടിയവന്‍
ഒരിക്കല്‍ കണ്ണ് ചുവപ്പിച്ചു:-“നിയ്യേന്തിനാ ഇക്കാക്കാന്‍റെ മുന്നിലൂടെ
പോണത്?അവരൊക്കെ അന്യപുരുഷന്മാരാന്നറീലേ?നിന്നെ എനിക്ക് മാത്രേ കാണാമ്പാടൂ.എന്തിനാ
എപ്പഴും സിനിമാപ്പാട്ട് മൂളണ്?അഞ്ചാറുകൊല്ലം മതം പഠിച്ചിട്ട് ഇജെന്താ
പഠിച്ചത്?കണ്ണിക്കണ്ട വീക്ക്‌ലി വായിക്കണഎടക്ക് അന്‍ക്ക് എപ്പളും ഖുറാനും ഹദീസും
വായിച്ചാലെന്താ?”
എന്നെങ്കിലും എന്യുമറേറ്ററായോ മറ്റോ താനാ
വീട്ടില്‍ പോകുമെന്നും അയാള്‍ അപരിചിതത്വത്തോടെ തന്നെ നോക്കുമെന്നും വെറുതെ ഓര്‍ക്കാറുണ്ടായിരുന്നു.ആകാശം
കാണാതെ സൂക്ഷിച്ച മയില്‍പ്പീലിപോലെ കാത്തു വെച്ച ശരീരത്തെ ആദ്യമായി സ്പര്‍ശിച്ച
പുരുഷനെ ഒരു സ്ത്രീയും മറക്കില്ലായിരിക്കും.വീട്ടുകാരുമായി ഒരു ബദര്‍യുദ്ധം
കഴിഞ്ഞ് കൂട്ടിക്കൊണ്ടോവാന്‍ വന്ന ഉമ്മയും ഇത്താത്തയും മാനക്കേടോടെ ഗുഹയില്‍
നിന്ന് പുറത്തിറങ്ങി:-“ഇനിയോനെ കാക്കണ്ട.പടിത്തത്തെക്കാളും വല്‍ത്
ജീവിതാ.”ഇത്താത്താന്‍റെ വാക്കുകളില്‍ മുള്ള് നിറഞ്ഞു.അറിയാമായിരുന്നു,സുഗ്രീവാജ്ഞ
ലംഘിക്കപ്പെടുന്ന അന്ന് എല്ലാം കാറ്റില്‍ പറന്നുപോകുമെന്ന്..എട്ടുകാലിവളയല്ലേ
ഭാര്യാഭര്‍തൃബന്ധം.എന്നാലതിന്‍റെ ബന്ധനമോ സെന്‍ട്രല്‍ജയിലിനെയും
വെല്ലും.ഇനി-സമൂഹത്തില്‍,ബന്ധുക്കള്‍ക്കിടയില്‍,ഒരപരാധിയെപ്പോലെ നില്‍ക്കാം. “ഒഴിവാക്ക്യോ?എന്തെയ്നു
കാരണം?ഇപ്പത്തെ പെന്നുങ്ങളോരു കാര്യം!മാപ്പളനെക്കാലും വല്താണോ പഠിത്തം?” കത്തുകളും
ഫോട്ടോകളും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ അതിലെ പഞ്ചാരവാക്കുകള്‍ മൂര്‍ഖനെപ്പോലെ
പത്തി വിടര്‍ത്തി.ഹിപ്പോക്രസി,ദിസ് ഹോള്‍ വേള്‍ഡ്‌ ഈസ്‌ ഫില്‍ട് വിത്ത്‌
ഹിപ്പോക്രസി...
റൂമില്‍ വിങ്ങിപ്പുകഞ്ഞു കിടക്കെ,പണ്ട് കണ്ട
ഒരു സ്വപ്നം വീണ്ടും മനസ്സിനെ തൊട്ടു;പച്ചക്കുപ്പായമിട്ട് അകന്നു പോകുന്ന ആ ഗള്‍ഫ്കാരന്‍..വ്യസനങ്ങളുടെ
തിരതള്ളലില്‍ അവളുടെ തോണി ആടിയുലഞ്ഞു.ഇനിയെന്താണീ ജീവിതം ബാക്കി വെച്ചത്?വാര്‍ധക്യത്തിന്‍റെ
മുള്‍ക്കാടോ?രോഗത്തിന്‍റെ മഹാശൈലമോ?ദൈവമേ!ഇനിയുമീ പമ്പരത്തെ ഇട്ടു
കറക്കാതെ..അപ്പോള്‍-വീണ്ടും ഹാജിറ മുന്നിലെത്തി:-“ഉപേക്ഷിക്കപ്പെട്ട് നെടുനാള്‍ ആരുമില്ലാതെ ഈ മരുവിലലഞ്ഞതാ ഞാന്‍.ഇപ്പോള്‍
നോക്ക് ഈ നാടിന്‍റെയൊരു സമൃദ്ധി.എന്‍റെ മകന്‍റെ വംശപരമ്പരകള്‍..”
വ്യര്‍ത്ഥതയുടെ ശാപം തിങ്ങിയ ജീവിതത്തിന്
അങ്ങനെയുമില്ല സമധാനം.ഒടുങ്ങലാണതിന്‍റെ മോക്ഷം.ഈ കുരുക്കുകളില്‍ നിന്നെല്ലാം
മോചിതമാവലാണതിന്‍റെ മുക്തി.പ്രണയിക്കപ്പെടുമ്പോള്‍ മാത്രമേ ഹാജിറെ ജീവിതം സാര്‍ത്ഥമാകുന്നുള്ളൂ.ഉപേക്ഷിക്കപ്പെടുന്നവരൊന്നും
പ്രണയിക്കപ്പെടുന്നില്ല.എന്‍റെ ജീവിതം സഫലമായില്ല,ഹാജിറേ നിന്‍റെതോ? ഹാജിറ
മൌനിയായി.ഗതകാലങ്ങളുടെ മാറാപ്പ് അവളുടെ മുതുക്‌ വളച്ചു.”യഥാര്‍ത്ഥപ്രണയം!ഹോ,അതെന്താണ്?മരുവിലെ
അലച്ചിലായിരുന്നു എനിക്ക് ജീവിതം.ദാഹത്തിന്‍റെ ചൂട്‌ മാത്രമായിരുന്നു എപ്പോഴും ഓര്‍മ.വ്യര്‍ഥമായിരുന്നല്ലേ
നമ്മുടെയൊക്കെ ജീവിതം?”
വന്യമായ ഒരു രോദനം അവള്‍ക്കുള്ളില്‍ അലച്ചാര്‍ത്തു.എനിക്കിപ്പോള്‍
ഒന്നും എഴുതാനാവാത്തതെന്ത്‌?ജന്മത്തിനുമേല്‍ ആരോ മീന്‍ വരിയുമ്പോലെ
തുളച്ചിറക്കുന്ന ഈ കുത്തിവരകള്‍..എന്താണ്
ഒടുക്കം?അനുസ്യൂതമായ ഈ ജീവല്‍പ്രവാഹങ്ങളുടെ അറ്റമെന്താണ്?
സ്വപ്നത്തിന്‍റെ നിലാവില്‍ ഒരു മരത്തില്‍
പൂത്തുനിറയുന്ന വെള്ളപ്പൂക്കള്‍ അവളെ വിസ്മയിപ്പിച്ചു.സമാധാനത്തിന്‍റെ പാല്‍നുര
ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.പൂക്കളേ നിങ്ങള്‍ കൊഴിയാതിരുന്നെങ്കില്‍!ഋതുക്കളേ
നിങ്ങള്‍ വാടാതിരുന്നെങ്കില്‍!ഈ ജന്മം നിങ്ങളിലേക്ക് പെയ്യുന്നൊരു വാര്‍മുകിലായി
മാനത്തേക്ക് കുതിക്കട്ടെ.
മേശമേല്‍ തലചായ്ച്ചു കിടക്കുന്ന അവളെ ഭര്‍ത്താവ്‌
തോണ്ടി വിളിച്ചു:-“പിന്നേം തുടങ്ങിയോ നിന്‍റെ മുടിഞ്ഞ ദിവാസ്വപ്നങ്ങള്‍?പലവട്ടം
ഞാന്‍ പറഞ്ഞതാ,കഥേം കവിതേം എഴുതുണോരൊക്കെ ജീവിതത്തില്‍ തോറ്റിട്ടെ
ഉള്ളൂന്ന്.അല്ലെങ്കിത്തന്നെ നിന്‍റെ രണ്ടു കതോണ്ടല്ലേ ലോകം നന്നാകാന്‍പോണ്!അയാള്‍
പുച്ഛത്തോടെ കാറിത്തുപ്പി.അവള്‍ എഴുന്നേറ്റു;-“കൊല്ലുന്ന ഈ തലവേദന സഹിക്കണില്ല.”
“ഉം,മുടിഞ്ഞ ചിന്തയല്ലേ!കാപ്പിയെടുക്ക്.ഇന്ന്
മുസ്തലിഫയിലേക്ക് പുറപ്പെടും.”അയാള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.മിനായില്‍ വെച്ച്
കല്ലെറിയും.എല്ലാ കൈപ്പന്‍ ചിന്തകളേയും കല്ലെറിഞ്ഞോടിക്കണം.എന്നാലേ വിമര്‍ശനം കേള്‍ക്കേണ്ടാത്ത
ഭാര്യയാകൂ.കാലങ്ങളായി സ്വരൂപിച്ച കൈപ്പത്രയും അവള്‍ക്ക് കണ്ണീരായ് രുചിച്ചു.ചവര്‍പ്പുള്ള
കാപ്പി കുത്തുന്ന തലവേദനയോടൊപ്പം അവള്‍ പണിപ്പെട്ട് ഇറക്കിക്കൊണ്ടിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ