Pages

2016, ഏപ്രിൽ 2, ശനിയാഴ്‌ച

അച്ഛന്‍ [കഥ] - ശരീഫ മണ്ണിശ്ശേരി...





 സ്വപ്നത്തിലേക്ക് അച്ഛന്‍ ചിരിച്ചു കൊണ്ടാണ് വന്നത്, നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം . മരിച്ച ഉടനെ ഇടയ്ക്കിടെ കിനാവില്‍ കാണാറുണ്ടായിരുന്നു – വീട്ടിലേക്ക് വരുന്നത് , ക്രുദ്ധന്നായി നോക്കുന്നത് ..പക്ഷെ ചിരിക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല . മരിച്ചപ്പോള്‍ ആരൊക്കെയോ തന്നെ ദൂരെയുള്ള ജോലിസ്ഥലത്തു നിന്ന് കൊണ്ടു വരികയായിരുന്നു ..വികാരരഹിതമായ ആ നോട്ടം അവസാനിച്ചിരിക്കുന്നു ..എന്തൊരു ഗൌരവമാണാ മുഖത്ത് ..സങ്കടത്തിന്‍റെ  ഒരു തരി പോലും തൊണ്ടയിലേക്ക് അരിച്ചിറങ്ങിയില്ല..കണ്ണുകള്‍ അല്പം പോലും ഈറനായില്ല..
“എന്തൊരു കല്ല്‌മനസ്സാന്നു നോക്ക് , അപ്പെണ്ണ്‍ ഒന്നു കരയണ പോലുമില്ല ..”- മറ്റുള്ളവരുടെ വായില്‍ നിന്ന് അത്തരം ചരല്‍കല്ലുകള്‍ ചിതറാന്‍ ഇടവരുത്താതെ ഇടനാഴിയില്‍ ഒരു മൂലയില്‍ മുഖം പൊത്തി ഇരുന്നു , കാണുന്നവര്‍ കരുതട്ടെ , കരയുന്നുണ്ടെന്ന് ..ലോകമര്യാദകളോട് പലപ്പോഴും ആത്മാവ് കലമ്പും , പരിഹാസത്തോടെ അവയ്ക്കെല്ലാം എതിരു ചെയ്യാന്‍ കൊതിക്കും ..

കനവില്‍ അയാള്‍ വാത്സല്യത്തോടെ ചിരിച്ചു . എന്തൊരത്ഭുതം! ജീവിതകാലത്ത് അയാളില്‍ ഒരു നിമിഷം പോലും കാണാത്ത ആ ഭാവം  മരണശേഷം അയാള്‍ക്കെവിടുന്നാണ് ലഭിച്ചത് . അമ്മയെ മര്‍ദിക്കുമ്പോള്‍ , മക്കളെ ശകാരിക്കുമ്പോള്‍ എല്ലാം ആ കണ്‍കളില്‍ നിന്ന് കനലുകളാണ് തെറിച്ചത് . വാത്സല്യം , സ്നേഹം , ദയ തുടങ്ങിയ ഭാവങ്ങളാല്‍ ഒരിക്കല്‍ പോലും ആ മിഴികള്‍ സ്നിഗ്ധമായില്ല . മൃദുലമായ ഒരു തലോടല്‍ പോലും ആര്‍ക്കും നല്‍കിയില്ല ..

സ്പര്‍ശം! ദൈവമേ ! എന്തു വലിയ വട്ടപൂജ്യമാണ് ജീവിതം ..ഓര്‍മിക്കാന്‍ ഒരു സ്നേഹസ്പര്‍ശം പോലുമില്ലാതെ ഈ ജന്മവിളക്ക് കണ്ണടയ്ക്കും ..ഓരോരുത്തര്‍ക്കും ബാല്യത്തിന്‍റെ , കൌമാരത്തിന്‍റെ ,യൌവനത്തിന്‍റെ എന്തു മാത്രം മൃദുസ്പര്‍ശങ്ങള്‍ ഓര്‍ക്കാനുണ്ടാകും ..സ്മരണകളുടെ പുസ്തകത്തില്‍ എത്രയെത്ര പേജുകളാണ് ഒഴിഞ്ഞു കിടക്കുന്നത്- പ്രണയം ,വാത്സല്യം , പരിഗണന ...സ്നേഹമെന്ന കോളത്തിനു താഴെ എത്ര  വെറുപ്പുമഷിയാണ് തൂവിത്തെറിച്ചു കിടക്കുന്നത് ..

ഏതു നേരവും ശകാരിക്കുന്ന , അട്ടഹസിക്കുന്ന , ഉപദ്രവിക്കുന്ന ആ മനുഷ്യനോടുള്ള പ്രതികാരം അമ്മ മക്കളിലാണ് തീര്‍ത്തത് ..എല്ലാ നേരവും കൊപാന്ധരായ രണ്ടാളുകള്‍ ..ചെറിയ വികൃതിക്കു പോലും കിട്ടുന്ന ക്രൂരമായ ശിക്ഷകള്‍ , അവമതിപ്പേരുകള്‍ ..ഒന്നിനും കൊള്ളില്ലെന്ന സങ്കടം മാത്രം ദിനേന തടിച്ചു വീര്‍ത്തു ..അസൗകര്യങ്ങളുടെ കരിങ്കല്ലുകള്‍ നിറഞ്ഞ വീട്ടില്‍ നേരം അന്തിയായാലും തീരാത്ത വീട്ടുജോലികളാല്‍ അമ്മ ക്ഷുഭിതയായി. മടുപ്പും വെറുപ്പും മക്കളെ തല്ലിച്ചതക്കുന്നതില്‍ കലാശിച്ചു ..സാധാരണ എല്ലാ സ്ത്രീകള്‍ക്കും ലഭിക്കുന്ന ഗര്‍ഭ പരിചരണം പോലും ലഭിക്കാതെ അമ്മയ്ക്ക് തുടര്‍ച്ചയായി കുഞ്ഞുങ്ങളുണ്ടായി , ആരോഗ്യം  ക്ഷയിച്ച് അമ്മ അച്ഛന്‍റെ അതൃപ്തിക്ക് കൂടുതല്‍ കൂടുതല്‍ പാത്രമായി ..അവര്‍ ഒരിക്കലെങ്കിലും കണ്ണുകളില്‍ പ്രേമം നിറച്ച് സംസാരിക്കുന്നത് കണ്ടിട്ടു തന്നെയില്ല ..ദമ്പതികള്‍ക്കിടയില്‍ ആനന്ദം നല്‍കുന്ന പലതുമുണ്ടെന്ന് മനസ്സിലായിരുന്നില്ല ഒരിക്കലും ..വിവാഹമെന്ന ബലിക്കല്ലില്‍ എന്നോ തലയടിച്ചു തകര്‍ന്നിരുന്നു ..യാതൊരാനന്ദവും കൈമാറാതെ പരസ്പരം വെറുത്ത് ,മടുത്ത് പിരിഞ്ഞു പോന്നപ്പോള്‍  മരുഭൂസമാനമായ  വീട് ആയിരമായിരം കുറ്റപ്പെടുത്തലുകളുമായി ചാടി വീണു . തീക്കൊള്ളികളുമായി ശകാരങ്ങള്‍ നാനാഭാഗത്തു  നിന്നും  എന്നെ ചുട്ടു കളയാന്‍ മത്സരിച്ചു ..

“പെണ്ണായാ കൊറച്ച് ക്ഷമിക്കേണ്ടി വരും .എന്തേ കര്തീത്? ജീവിതം നല്ല എള്‍പ്പാന്നോ ? പൂവ് വീണാ മൊരട്ടില് കെടക്കാ .. അല്ലാതെന്താ ..” –അമ്മ കയ്പോടെ പ്രസ്താവിച്ചു .”സാരല്യ –“ അങ്ങനൊരു  മൃദുലവാക്ക്  കൊതിക്കുന്നത് പോലും വിഡ്ഢിത്തമായിരുന്നു ..എന്നത്തെയും പോലെ  പുസ്തകക്കൂനയിലേക്ക് വാല്‍ പുഴു തല വലിച്ചു ..ഒന്നും കേള്‍ക്കാത്ത മട്ടില്‍ , ഒന്നും അറിയാത്ത മട്ടില്‍ ..

ദൈവമേ ! ഇത്രയും നിരാര്‍ദ്രത ഈ ആത്മാവ് അര്‍ഹിച്ചിരുന്നുവോ? എന്തിനാണീ പാറപ്പുറത്ത് ഈ പടുമുള ജനിച്ചത്? ആത്മാവേ , നിനക്ക് മാത്രം എല്ലാ ആനന്ദങ്ങളും നിഷേധിക്കപ്പെടുന്നതെന്ത്? ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങളാല്‍ ഒരു പ്യൂപ്പ തീര്‍ത്ത് ആരോടും അധികം സംസാരിക്കാതെ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ..അതിനിടെ പല പല സ്ഥലങ്ങളിലെ ഗുമസ്തപ്പണി ..എല്ലാ കണക്കുകൂട്ടലുകളും പിഴച്ച് , ഓര്‍മകളെ തല്ലിച്ചതച്ച്...

ചിരിച്ചുകൊണ്ട് അയാളെന്താണ് പറയാന്‍ പോകുന്നത്? പതിഞ്ഞ സ്വരത്തില്‍ മുമ്പേതു നേരവും അലറിയിരുന്ന അതേ മനുഷ്യന്‍ ചോദിച്ചു – “ഒറ്റയ്ക്കാണല്ലേ  ഇപ്പഴും?” നീണ്ടൊരു പരിഹാസച്ചിരി എന്‍റെയുള്ളില്‍ അലച്ചാര്‍ത്തു ..തനിച്ച്! ഈ വീട്ടില്‍ ആരായിരുന്നു തനിച്ചല്ലാതിരുന്നത്? രണ്ടു ധ്രുവങ്ങളായിരുന്നു അച്ഛനും അമ്മയും ..ഓരോരുത്തരും സ്വന്തം ഗുഹകളില്‍ ഏകാന്തതയുടെ ഇരുട്ടില്‍ സ്വസ്ഥതയില്ലാതെ സ്വയം കടിച്ചു കീറി ,  മാന്തിപ്പൊളിച്ച് ,പൊറുതിയില്ലാതെ ..

എല്ലായ്പ്പോഴും എല്ലാറ്റിലും കുറച്ചേറെ  സങ്കടപ്പെട്ടവള്‍ എന്നും എകയായിരുന്നു .അവളുടെ ആത്മാവിന്‍റെ കവിള്‍ തൊട്ട് നെറ്റി തലോടി ഉള്ളംകൈ അമര്‍ത്തി പറയാന്‍ ആരുമുണ്ടായിരുന്നില്ല –സാരല്യ ,  നീ ഒറ്റയ്ക്കല്ല  എന്ന്..

വിളറിയ ചിരിയാല്‍ ഞാനാ ചോദ്യത്തെ നിഷ്പ്രഭമാക്കി . പണ്ടും അച്ഛനോട് വല്ലതും സംസാരിക്കുന്ന ശീലമില്ലല്ലോ .അച്ഛന്‍  കൊലായക്കടുത്തെ മുറിയിലെ സിംഹപ്രതിമയായിരുന്നു. കണ്ണ്‍ ചുവന്ന , കോമ്പല്ലുകള്‍ നീണ്ട , ഗര്‍ജിക്കാന്‍ സദാ തയ്യാറായി നില്‍ക്കുന്ന പ്രതിമ .ഒരാളും കുശലത്തിനു ചെന്നിരുന്നില്ല . അമ്മയും അച്ഛനും മമതയോടെ സംസാരിക്കുന്നത് തന്നെ കണ്ടിട്ടില്ല .

“എന്തേ നീ പിന്നെ കല്യാണം കഴിച്ചില്ല ?”- അയാള്‍ മൃദുശബ്ദത്തില്‍ ചോദിച്ചു . സിംഹം ആട്ടിന്‍കുട്ടിയെപ്പോലെ പെരുമാരുന്നതിന്‍റെ ഒരു ചെടിപ്പ് കയ്ക്കുംവെള്ളമായി വായില്‍ നുരഞ്ഞു ..

“എന്തിനാ ?”- ആവശ്യത്തിലേറെ മൂര്‍ച്ചയോടെ എന്‍റെ  ചോദ്യം അച്ഛന്‍റെ കഴുത്തിലേക്ക്‌ ചാടിക്കയറി ഒരു തൂക്കുകയറെന്നോണം അയാളെ ശ്വാസം മുട്ടിച്ചു .ഉത്തരം മുട്ടി, പരാചിതനായി  അയാള്‍ പോകാനായി എഴുന്നേറ്റു . 

“മാതൃകകള്‍ , നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ ആയിത്തീരുന്ന  വേഷങ്ങള്‍ ..”- അച്ഛന്‍റെ വാക്കുകള്‍ ഇടറി വിറച്ചു .”അതിന്‍റെ പ്രാധാന്യം മരിച്ചവരുടെ നാട്ടിലെത്തിയപ്പോഴാ മനസ്സിലായത് . അവിടെ പലരും എത്രയെളുപ്പമാ അവരുടെ  പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളിലേക്ക് നൂണ്ടിറങ്ങുന്നത് , ഒരു തൂവല്‍ പോലെ ..ഞാന്‍ -ഒരിക്കലും ആരെയും സ്നേഹിക്കാത്തവന്‍ , ആരും സ്നേഹിച്ചിട്ടില്ലാത്തവന്‍ , നീണ്ട പതിനേഴു വര്‍ഷമെടുത്തു നിന്‍റെയെങ്കിലും കിനാവിലേക്ക് ഇറങ്ങി വരാന്‍ “

ഞാന്‍ പുച്ഛത്തോടെ ചിരിച്ചു .അച്ഛന്‍ തന്ന മാറാമുറിവുകള്‍ എന്‍റെ ഉള്ളില്‍ വീണ്ടും പൊട്ടിയൊലിച്ചു..”മാതൃക ! വീട്ടില്‍ കൊള്ളില്ലെങ്കിലും നിങ്ങള്‍ നാട്ടില്‍ വേണ്ടപ്പെട്ടവനായിരുന്നല്ലോ . വീട്ടില്‍ സിംഹരാജന്‍റെ കാല്‍നഖങ്ങല്‍ക്കടിയില്‍ ചോര പൊടിയുന്ന കീടങ്ങളായി ഞങ്ങള്‍ കഴിഞ്ഞു ..നിങ്ങളുടെ അപൂര്‍വമായ ചിരി, തമാശ എല്ലാം കണ്ടത് നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ചില സുഹൃത്തുക്കള്‍ മാത്രമായിരുന്നു ..”
അത്രയും പറയാന്‍ ഏറെ ആഗ്രഹിച്ചുവെങ്കിലും ജീവിച്ച കാലത്ത് ആ മനുഷ്യന്‍ മനസ്സുകളില്‍ നിക്ഷേപിച്ച ഭയത്തിന്‍റെ കുഴിബോംബുകള്‍ സ്വപ്നത്തിലും എന്നെ ചകിതയാക്കി ..

“ഒരു മടക്കം , സാധിച്ചിരുന്നെങ്കില്‍!”- സിംഹം വീണ്ടും പൂച്ചയായി . “സ്നേഹിച്ചു നോക്കാമായിരുന്നു , കല്ല്‌ മനസ്സ് അലിയുമോയെന്ന്‍ പരിശ്രമിക്കാമായിരുന്നു..”

ആ ജല്പനങ്ങള്‍ ശരിക്കും എന്നെ മടുപ്പിച്ചു . “നിങ്ങള്‍ക്ക് മാപ്പില്ല “-മനസ്സ് വൈരത്തോടെ തീ തുപ്പി . “ബാല്യം ,യൌവനം ,എല്ലാ കാലത്തും ആനന്ദം നിഷേധിക്കപ്പെട്ടവള്‍ നിങ്ങളോടെങ്ങനെ ക്ഷമിക്കും? അത്ര മേല്‍ മനോഹരമാകുമായിരുന്ന ജീവിതം കേവലം വേസ്റ്റായി അളിഞ്ഞു  കിടക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് എങ്ങനെ പൊറുക്കും?”
എന്‍റെ ചിന്തകള്‍ നീലജ്വാലയായി അയാളെ തൊട്ടു .അതുവരെ കൃത്രിമമായി ഒട്ടിച്ചു വച്ചിരുന്ന അയാളിലെ കരുണ ഊര്‍ന്നു വീണു . പണ്ടത്തെ പരുക്കന്‍മുഖം വീണ്ടും പ്രത്യക്ഷമായി . അത്യധികം കോപത്തോടെ അയാളുടെ ഇരുമ്പുകൈ എന്‍റെ മുതുകില്‍ ആഞ്ഞു പതിച്ചു . വേദനയാല്‍ പുളഞ്ഞ് നിലവിളിച്ചുകൊണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു . കണ്ണീര്‍ ഒലിക്കുന്നു, മുതുക് ശരിക്കും വേദനിക്കുന്നു ..കടയുന്ന കണ്ണുകളെ ഞാന്‍ അമര്‍ത്തിത്തുടച്ചു ..ചങ്കില്‍ നശിക്കാത്തൊരു സങ്കടക്കല്ല് എന്‍റെ ശ്വാസത്തെ ഞെരിച്ചു ...

2 അഭിപ്രായങ്ങൾ:

  1. ചിലരിങ്ങനെയാണ്,പിടികിട്ടാത്തവര്‍!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ജീവിച്ചിരിക്കുമ്പോഴും ഒരു മടക്കം സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് പലരും. അപ്പോൾ പിന്നെ മരിച്ചവരുടെ കാര്യം പറയാനുണ്ടോ

    മറുപടിഇല്ലാതാക്കൂ