Pages

2016, ഏപ്രിൽ 9, ശനിയാഴ്‌ച

സമാന്തരരേഖകള്‍ [കഥ] - ശരീഫ മണ്ണിശ്ശേരി






അവര്‍ ആഹാരം കഴിക്കുകയായിരുന്നു –ഭാര്യയും ഭര്‍ത്താവും മകളും .ചവയ്ക്കുന്നതിന്‍റെ ശബ്ദം മാത്രം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു .ഭര്‍ത്താവ് ധൃതിയില്‍ രണ്ടു ബ്രെഡും ഓംലറ്റും അകത്താക്കി റൂമില്‍ കയറി വാതിലടച്ചു .അതു കണ്ടപ്പോള്‍ ഭാര്യയുടെയും മകളുടെയും മുഖങ്ങള്‍ പ്രസന്നമായി .ഇനി ഒരു മണിക്കൂര്‍ അങ്ങേരെക്കൊണ്ട് ശല്യമില്ല .ഭാര്യ മേശ വൃത്തിയാക്കിയപ്പോഴേക്ക് മകളും റൂമിന്‍റെ വാതില്‍ കൊളുത്തിട്ടു കഴിഞ്ഞിരുന്നു . “ഹാവൂ സ്വൈരായി,” പിറുപിറുത്തു കൊണ്ട് അവള്‍ കര്‍ട്ടനുകളാല്‍ രഹസ്യാത്മകത നിറഞ്ഞ  തന്‍റെ റൂമിലെത്തി ഐ എം ഒ ഓണ്‍ ചെയ്തു .അവളുടെ പ്രിയതമന്‍  അവളുടെ തൊട്ടരികില്‍ അവളെ തൊടാന്‍ പാകത്തില്‍ ചിരിച്ചു നിന്നു. “മുത്തേ”- പ്രേമത്തിന്‍റെ ശര്‍ക്കരപ്പാവ്  കുഴച്ച വാക്കുകളുടെ അപ്പക്കഷ്ണങ്ങളാല്‍ അവള്‍ അവനെ ഊട്ടി .ചുംബനങ്ങളുടെ സ് സ് ശബ്ദത്താല്‍ അവന്‍ അവളെയും ..ഒരു മാസത്തിലേറെയായി അവളും  ഭര്‍ത്താവും ഒരു റൂമിലുറങ്ങിയിട്ട് ..അവര്‍ക്കിടയിലെ ഭിന്നതകള്‍ ഓരോ വാക്കിലും മൂര്‍ച്ചയുള്ള കത്തികളായി ചിലും ചിലും എന്നു ശബ്ദിച്ചു .മൌനത്തിന്‍റെ മൂന്നു കോട്ടകള്‍ -അതായിരുന്നു ആ വീടിന്‍റെ പുറമേക്ക് വിളങ്ങിയ ഐശ്വര്യത്തിന്‍റെ രഹസ്യം . പ്രേമിനെ പരിചയപ്പെട്ടിട്ട് രണ്ടു മാസമേ ആയുള്ളൂവെങ്കിലും പത്തു കൊല്ലം കഴിഞ്ഞ പ്രതീതിയാണവള്‍ക്ക്  . അവനോടു സംസാരിക്കാത്ത ഓരോ നിമിഷവും എന്തൊരു ശൂന്യതയാണ് ..അവന്‍ അവിവാഹിതനായതോണ്ട് അവനെ തന്‍റെ ഗുരുത്വാകര്‍ഷണത്തില്‍ നിര്‍ത്താന്‍ ഒരു പാട് നുണകളുടെ കരിങ്കല്ലുകളാണ് അടുക്കി വച്ചിട്ടുള്ളത് .കള്ളങ്ങളുടെ ആ കൊട്ടാരത്തിനുള്ളില്‍ പക്ഷെ അവള്‍ക്ക് വല്ലാത്ത ശാന്തിയാണ് ലഭിക്കുന്നത് ..അവിവാഹിതയായ ഒരു ഓഫീസ് അസിസ്റ്റന്റ് അതാണ്‌ അവന്‍റെ മുന്നിലെ തന്‍റെ ചിത്രം ..നാട്ടില്‍ വന്നാല്‍ അവന്‍ തന്നെ കല്യാണമാലോചിക്കുമത്രെ. അതോര്‍ത്തപ്പോള്‍ അവര്‍ക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു ,എല്ലാമറിയുമ്പോള്‍ അവന്‍ തന്നെ ഉപേക്ഷിക്കില്ലേ? അതിനു മുമ്പ് രണ്ടു ദിവസമെങ്കിലും അവന്‍റെ കൂടെ ജീവിക്കണം .പിന്നെ വിഷം കുടിച്ചു മരിച്ചാലും വേണ്ടില്ല ...............

ഏഴാം ക്ലാസ്സുകാരി മകള്‍ ആശ്വാസത്തിന്‍റെ തുരുത്തായി തിരഞ്ഞെടുത്തത് സ്വന്തം ട്യൂഷന്‍ മാഷെത്തന്നെയാണ് . അയാള്‍ വാങ്ങിക്കൊടുത്ത സ്മാര്‍ട്ട് ഫോണില്‍ ആരും കാണാതെ ഇത്രേം നാള്‍ വിളിക്കാന്‍ കഴിഞ്ഞതാണ് അവളുടെ ഏറ്റവും വലിയ ഭാഗ്യം . ഫോണ്‍ ഒളിപ്പിച്ചു വെക്കാന്‍ അവള്‍ പെടുന്ന പാട് അവള്‍ക്കല്ലേ അറിയൂ ..പാതിരാ വരെ നീളുന്ന കിന്നാരങ്ങള്‍ ..പതിനെട്ടു വയസ്സ് തികഞ്ഞാല്‍ മോഹന്‍ സാര്‍ തന്നെ കല്യാണം കഴിക്കുമെന്ന സന്തോഷത്തിലാണവള്‍ . അദ്ദേഹത്തിനു ഭാര്യയും കുട്ടിയും ഉണ്ടെങ്കിലും തനിക്കു വേണ്ടി അവരെയെല്ലാം ഉപേക്ഷിക്കുമെന്നതിനു അവള്‍ക്ക് അശേഷമില്ല സംശയം .വീട്ടില്‍ ആരുമില്ലാത്ത ഒരു ദിവസത്തിനാണ് അദ്ദേഹം കൊതിച്ചിരിക്കുന്നത്-“എന്‍റെ അപര്‍ണക്കുട്ടീടെ മടിയില്‍ തല വെച്ച് എനിക്ക് മതി വരുവോളം സംസാരിക്കണം “- അതാണ്‌ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം ..ഓരോന്നോര്‍ത്ത് പുഞ്ചിരിച്ചുകൊണ്ട് അവള്‍ പുസ്തകം തുറന്നു . അക്ഷരങ്ങളോളം അറുബോറനായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് പതിവുപോലെ ചിന്തിച്ചു കൊണ്ട്  അവളാ പുസ്തകം അടച്ചു വെച്ച് മോഹന്‍ സാറിന് ഒരു മിസ്‌കാള്‍ ഇട്ട് ഫോണിനെ തൊട്ടു തലോടി ഇരുന്നു ..

ഭര്‍ത്താവും ഒട്ടും പിന്നിലല്ല .മൂന്നു സ്ത്രീകളാണ് ക്യൂവില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് . “എപ്പോഴും ഓണ്‍ലൈനില്‍ ആണല്ലോ , ഞാനല്ലാതെ ആരാ വേറെ?”-അവര്‍ ഓരോരുത്തരും അയാളോട് പരിഭവിക്കും . മൂന്നു പേരെയും അതിമനോഹരമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നതിലെ രസം  ഒരു പുഞ്ചിരിയായി അയാളുടെ ചുണ്ടുകളില്‍ ഒളിച്ചു കളിച്ചു ..പുറത്തിറങ്ങിയപ്പോള്‍ മറ്റു രണ്ടു റൂമുകളും അടച്ചത് കണ്ട് പരിഭവമേതുമില്ലാതെ അയാള്‍ കാറില്‍ കയറി . ഒന്നിച്ചൊരു സിനിമ  അഷിനാ ബീഗത്തിനോട് പ്രോമിസ് ചെയ്തിട്ട് ദിവസം നാലായി..റൂം അടച്ചതോണ്ട് ആ താടകയുടെ മോന്ത കാണണ്ടല്ലോ ..ആശ്വാസത്തോടെ മൂളിപ്പാട്ടും പാടി കാറില്‍ ഇരിക്കവെ കോളനിയിലെ ഓരോ വീടും –തന്റേതുള്‍പ്പെടെ -എന്തു മാത്രം  ശാന്തമാണെന്ന് അയാള്‍ അതിശയിച്ചു . കുട്ടികളുടെ ബഹളം പോലുമില്ല ..എല്ലാവരും ഇന്റര്‍ നെറ്റ് ചിലന്തിയുടെ വായക്കുള്ളിലാണ് ..അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ...
ഓരോ വീടും അതിനുള്ളില്‍ അനവധി വീടുകളെ പേറിക്കൊണ്ട് ദീര്‍ഘനിശ്വാസമുതിര്‍ത്തു ..”ഹൃദയങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട് മനുഷ്യരേ ,നിങ്ങളെക്കാള്‍ നിര്‍മലമായത്...”വീടുകളുടെ ആ മൂകവിലാപം ആരെങ്കിലും ശ്രവിച്ചുവോ എന്തോ ..............................

2 അഭിപ്രായങ്ങൾ: