Pages

2016, മാർച്ച് 27, ഞായറാഴ്‌ച

രണ്ടു കവിതകള്‍





കഫേയില്‍ അന്ന്.............[കവിത]..

കഫേയില്‍ ഞങ്ങള്‍ പതിവുപോലെഅപരിചിതരായി
ഞങ്ങളുടെ കമ്പ്യൂട്ടര്‍ദേശത്ത് ചാറ്റ് ചെയ്തും മെയില്‍ ചെയ്തും
വാര്‍ ഗെയിമുകള്‍ കളിച്ചും ഓരോരുത്തരും തനിച്ച്,
സ്വന്തം അയല്‍ക്കാരനാരെന്നു ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല
 ന്യൂയിസന്‍സുകള്‍- അഥിതികള്‍ ആള്‍ക്കൂട്ടങ്ങള്‍ എല്ലാം
മോണിറ്ററാണ് ഞങ്ങളുടെ ദേശം ,അവിടെയാണ് സ്വന്തം ബന്ധം.
 പന്ത്രണ്ടു മണിക്കൂറും ചിലപ്പോള്‍ ഞങ്ങള്‍ കളിക്കുന്നു 
അവധിദിനങ്ങളെ അങ്ങനെ ഞെരിച്ചു കൊല്ലുന്നു
എന്നാലും അതിശയം! തൊട്ടപ്പുറത്ത് അയാളെപ്പോഴാണ് ശവമായത്
മോണിട്ടറില്‍ അയാളുടെ പോര്‍വിമാനങ്ങള്‍ ഇപ്പഴും തീ തുപ്പി ..
ഒരു ശവത്തിനടുത്തായിരുന്നു ഇത്ര നേരവും ഇരുന്നിരുന്നത്!
ഇത്ര പെട്ടെന്ന് അയാളെങ്ങോട്ടാണ് പോയത്?
സന്ധ്യയുടെ മഞ്ഞവെളിച്ചം ഓര്‍മിപ്പിക്കുന്നത് ഇത്ര മാത്രം –
ഫുഡ്‌ പാര്‍സലുമായി ഫ്ലാറ്റിലേക്ക് മടങ്ങണം
എല്ലാ വിശപ്പും കെടുത്തി കൂര്‍ക്കം വലിക്കണം,
മറ്റെന്തു ചിന്തിക്കാന്‍? എന്നാലും ആ ശവത്തിന്‍റെ ഓര്‍മ-
വല്ലാത്തൊരു ശല്യം തന്നെ .............................

യുദ്ധമേ [കവിത]...........................................

ഷെല്‍ പൊട്ടി ശരീരം തളര്‍ന്നു കിടപ്പാണ് കെട്ടിയവന്‍
ഒരു ചീള് എന്‍റെ നെഞ്ചിലും മാംസത്തെ പുണര്‍ന്നു കിടക്കുന്നു
ഒരു  മകന്‍റെ  കാലുകള്‍ ബോംബ്‌ കൊണ്ടു പോയി
അതിന്‍റെ ഇളയതിന് യുദ്ധം ചിരിച്ചു നല്‍കിയത് ഭ്രാന്താണ്
പുറത്തിറങ്ങിയാല്‍ ആര്‍ക്കും പിടിച്ചുകൊണ്ടു പോകാം മാനഭംഗപ്പെടുത്താം
അതുകൊണ്ടാണ് ഇളയവള്‍ പഠിത്തം ഉപേക്ഷിച്ചത്
ഒരു നേരത്തെ ഭക്ഷണം പോലും സ്വപ്നമാകുമ്പോള്‍
എന്തിനാണ് പഠിത്തമെന്ന ആര്‍ഭാടം
സൈന്യത്തിലേക്ക് എടുത്തെറിയപ്പെട്ട മൂത്തവന്‍
ജീവിക്കുന്നോ മരിച്ചോ ആര്‍ക്കറിയാം
വാര്‍ധക്യത്തില്‍ പുകയോട് മല്ലിട്ട് ദിനങ്ങളെ വേവിച്ചു തിന്നുന്നു
മകനെ തിരഞ്ഞ് തടങ്കല്‍ക്യാമ്പുകളും ജയിലുകളും
പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങി
അങ്ങനൊരാള്‍ ഉണ്ടായിരുന്നതിന് എന്‍റെ ഗര്‍ഭപാത്രം മാത്രം തെളിവ്
അവനെ അവര്‍ പിടിച്ചുകൊണ്ടു പോയത് എന്തിനായിരുന്നു
ഉപേക്ഷിക്കപ്പെട്ട, വികൃതമാക്കപ്പെട്ട ശവങ്ങളില്‍ അവനും ഉണ്ടാവുമോ
ഹൊ, എന്തൊരു ജഡങ്ങള്‍! കത്തിക്കരിഞ്ഞവ, തലയില്ലാത്തവ
രഹസ്യഭാഗങ്ങളില്‍ പൊള്ളല്‍ എറ്റവ ..
അവന്‍റെ ഭാര്യ എന്നും അവനു കത്തുകളെഴുതുന്നു
വീട്ടിലെ കാല്‍പെട്ടിയില്‍ പോസ്റ്റ്‌ ചെയ്യുന്നു
അവന്‍റെ കൈകാലുകള്‍ വെട്ടിമുറിച്ചിട്ടുണ്ടാവുമോ
കണ്ണുകള്‍ ചൂഴ്ന്നിട്ടുണ്ടാവുമോ, നാവ് വലിച്ചു പുറത്തിട്ട്
പന്തം കുത്തി നിര്‍ത്തിയിട്ടുണ്ടാവുമോ
യുദ്ധമേ, അസംബന്ധമേ, നീ ആരുടെ ജയത്തിനായാണ്
ഇങ്ങനെ ഇടയ്ക്കിടെ അട്ടഹസിച്ചു പിറന്നുകൊണ്ടിരിക്കുന്നത്?   



    

3 അഭിപ്രായങ്ങൾ:

  1. യുദ്ധം അസംബന്ധമല്ല, കറവപ്പശുവാണു ചിലർക്ക്. അതുകൊണ്ട് യുദ്ധങ്ങൾ നിർബാധം തുടരണം

    മറുപടിഇല്ലാതാക്കൂ
  2. ബീഭത്സം!ഭയാനകം!!
    ഹോ!ചിരിയും കണ്ണീരും വറ്റിയവരുടെ ലോകം

    മറുപടിഇല്ലാതാക്കൂ