Pages

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്തിനായ്..... (കഥ)


 സ്വയം തീ കൊളുത്തി മരിച്ചവള്‍ നരകകിങ്കരന്മാരുടെ കറുകറുത്ത നിഴലുകളിലേക്ക് നോക്കി  വേച്ചും ഇടറിയും നടന്നു..എന്നിട്ടും അവളുടെ മനസ്സ് തളര്‍ന്നില്ല..ദണ്ഡനമുറകളാല്‍ ശരീരം പിഞ്ഞിത്തുടങ്ങിയിരുന്നു..ദൈവത്തോട് ചോദിക്കാനുള്ളതെല്ലാം അവള്‍ മനസ്സില്‍ അടുക്കി വെച്ചു. ക്രമം തെറ്റരുത്, ആദ്യം അവസാനമാകരുത്..ആ മഹാവെളിച്ചത്തിനു മുമ്പില്‍ കണ്ണഞ്ചി അവള്‍ കൈ കൂപ്പി..അശരീരികള്‍ അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു..

'ഞാന്‍ തന്ന പ്രാണന്‍ ഹനിച്ചു കളയാന്‍ ആരാണ് നിനക്ക് അധികാരം തന്നത്? നരകാഗ്‌നിയില്‍ കാലാകാലം നീയതിന്റെ ശിക്ഷ അനുഭവിക്കും..'

അവള്‍ കണ്ണുകള്‍ പണിപ്പെട്ടു തുറന്നു..പ്രകാശം കണ്ണുകളെ അന്ധമാക്കിയേക്കും..അവള്‍ പിറുപിറുത്തു

'ഞാന്‍ മനുഷ്യജന്മത്തിനു തീരെ യോഗ്യയായിരുന്നില്ല..എന്നിട്ടും എന്തിനെന്നെ അജ്ഞതയുടെ ദീര്‍ഘസുഷുപ്തിയില്‍ നിന്നു തട്ടി വിളിച്ചു? എന്റെ കിളിത്തൂവലുകള്‍ കരിച്ചു കളഞ്ഞു? എന്റെ ശലഭച്ചിറകുകള്‍ വലിച്ചു പറിച്ചു? എന്റെ സ്വപ്നങ്ങളൊന്നാകെ അരച്ചു കലക്കിയത് എന്തിനായിരുന്നു?'

'ദൈവം ചോദ്യം ചെയ്യപ്പെടാനുള്ളതല്ല..അനുസരിക്കപ്പെടാനുള്ളത് മാത്രം ..എന്റെ ഇച്ഛകള്‍ നിറവേറുന്നു..അതിനു കാര്യകാരണങ്ങളില്ല..ഞാന്‍ കല്‍പ്പിക്കുകയേ വേണ്ടൂ ഒരു ജീവന്‍ ബലികുടീരത്തിലേക്ക് ഞെട്ടറ്റു വീഴാന്‍..'

'എന്റെ ബാല്യം –അനാഥത്വത്തിന്റെ ആ കാലമത്രയും ഞാന്‍ നിന്നെ വിളിച്ചു കരഞ്ഞു..വേറെ കല്യാണം കഴിച്ചു പോയ ഉമ്മ ഇടയ്ക്ക് അല്പം മധുരവുമായി വരുമ്പോഴെല്ലാം അവരുടെ ഒക്കത്തിരിക്കുന്ന എളാപ്പയുടെ കുഞ്ഞിനെ ഞാന്‍ പകയോടെ നോക്കി..എന്റെ അവകാശങ്ങള്‍ ..എനിക്കു കിട്ടേണ്ട സ്‌നേഹം ..തൊപ്പി തട്ടിപ്പറിച്ച കുരങ്ങനെപ്പോലെ എല്ലാം അപഹരിച്ച് അവന്‍ ഞെളിഞ്ഞിരിക്കുന്നു..ഉമ്മ കാണാത്തപ്പോഴെല്ലാം ഞാനാ കുഞ്ഞിനെ നുള്ളിപ്പറിച്ചു..അതാവും ഉമ്മ പിന്നെ വരാതായത്..ആര്‍ക്കും വേണ്ടാതെ വളരുന്ന പടുമുള..ഒരു പാട് തിക്തമായ അനുഭവങ്ങളിലൂടെ ചാഞ്ഞും ചരിഞ്ഞും ഒടിഞ്ഞുമുള്ള വളര്‍ച്ച..ഓരോരുത്തരില്‍ നിന്നും അടിയും ശകാരവും കിട്ടുമ്പോള്‍ ഞാന്‍ പകയോടെ മുകള്‍നിലയിലെ മണ്‍ചുമരില്‍ നിന്ന്  മണ്ണ് അടര്‍ത്തിത്തിന്നു..ഒരു ഭക്ഷണവും അത്ര രുചികരമായി തോന്നിയില്ല ഒരിക്കലും..എത്ര അടി കിട്ടിയിട്ടും ആ ശീലം എന്നെ വിട്ടുപോയതുമില്ല..'

'ദൈവസന്നിധിയില്‍ നിന്റെ പീറക്കഥകള്‍ക്ക് യാതൊരു വിലയുമില്ല..ഇവിടെ എല്ലാം ത്രാസുകള്‍ തീരുമാനിക്കുന്നു..നന്മതിന്മയുടെ ത്രാസുകള്‍..നീയെത്ര നന്നായിട്ടെന്ത്? ആത്മഹത്യ എന്ന ഒരൊറ്റക്കാരണത്താല്‍ നീ നരകാവകാശിയായിരിക്കുന്നു..'

'നിന്റെ അഭീഷ്ടങ്ങളെ ആര്‍ക്ക് വെല്ലാനാവും? നീറിപ്പുകയുന്ന ഓര്‍മകളില്‍ നിന്ന്  നിന്റെ പീഡനമുറകള്‍ പോലും എന്നെ രക്ഷിക്കുന്നില്ല..കോളേജില്‍ പഠിക്കുന്ന കാലത്താ അവനെ കണ്ടത്..ഒരു ജന്മം കരുതി വെച്ച പ്രണയമത്രയും വാരിക്കോരി കൊടുത്തു..അവനോ വെറും ചേമ്പില..എത്ര മഴ കൊണ്ടിട്ടെന്ത്? വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിന്റെ കൂടെ അവന്‍ ഗള്‍ഫിലേക്ക് പറന്നു..അവന്‍ ഒന്നു തിരിഞ്ഞു നോക്കുമെന്നും നീയില്ലാതെ ഞാനെങ്ങുമില്ല എന്നു പറയുമെന്നും ഞാന്‍ വെറുതെ ആശിച്ചു ..അന്നായിരുന്നു ആദ്യമായി ഞാന്‍ മരണത്തെ ഉറക്കഗുളികയിലേക്ക് വിളിച്ചു വരുത്തിയത്..എന്നിട്ടെന്ത്? രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നീയെന്റെ കണ്ണുകളെ വലിച്ചു തുറന്നു ..ജന്മത്തിന്റെ മുള്‍പാശത്താല്‍ വീണ്ടുമെന്നെ മുറുകെ കെട്ടിയിട്ടു ..ഞാനോ –കവിതയിലും കഥയിലും എല്ലാ വ്യസനങ്ങളെയും മുക്കിക്കൊന്നിരുന്നവള്‍..പ്രായോഗികതയുടെ നീളന്‍ കോണിയിലൂടെയുള്ള കയറ്റം ഒട്ടും വശമില്ലാത്തവള്‍..ന്യൂസുകള്‍ പലതും ഇക്കാക്ക അറിഞ്ഞിരുന്നു..അവന്റെ ചിറകിന്‍ചോട്ടിലാണല്ലോ കുറെയായി.. കുത്തുവാക്കുകളുടെ ശരങ്ങളേറ്റ് വിഷാദത്തിന്റെ ചുടുമണലില്‍ ഞാന്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി..

'നീയിനി പഠിക്കേണ്ട, ഈ വീട്ടീന്ന്  പുറത്തെറങ്ങ്യാ കാണിച്ചു തരാം ..'

'അവന്റെ ഉഗ്രശാസനം എനിക്കു ചുറ്റും കല്ലുമഴ തീര്‍ത്തു . അവന്റെ മുന്നില്‍ അനവധി സത്യപ്രതിജ്ഞകള്‍ക്കു ശേഷം വീണ്ടും കോളേജിന്റെ പടിവാതില്‍ക്കല്‍ അഭയാര്‍ഥിയായി ഞാന്‍ നിന്നു..എന്നും ആ ഹോസ്റ്റല്‍ ആയിരുന്നു എന്റെ വീട് , എന്റെയത്ര വീട്ടില്‍ പോകാത്തവര്‍ ആരുമുണ്ടായിരുന്നില്ല..'

'പറഞ്ഞില്ലേ , നിന്റെ കഥപറച്ചില്‍ ഇവിടെ വേണ്ടെന്ന്..എല്ലാ നരകാവകാശികളെയും നാം കാണാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാ നീയും വിളിക്കപ്പെട്ടത് ..അറിയാമല്ലോ, ഭൂമിയിലെ ആയിരം സംവത്സരങ്ങളാ ഇവിടെ ഒരു ദിവസം..ഓര്‍ത്തു നോക്ക് നിന്റെ ശിക്ഷയുടെ കാഠിന്യം..ആ വിചാരമുണ്ടെങ്കില്‍ നീയിത്ര വാചാലയാവില്ല..'

അവളതു കേട്ടില്ലെന്നു തോന്നി. മയക്കത്തിലെന്ന പോലെ അവള്‍ പിന്നെയും പിറുപിറുക്കാന്‍ തുടങ്ങി..   

'ക്യാമ്പിനു രണ്ടു തവണയാ പോയത് .എഴുത്ത് സൂക്കേട് പണ്ടേ ഉള്ളതാണല്ലോ .കവിത ചൊല്ലിയപ്പോള്‍ , ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒക്കെ അവനെന്നെ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളെന്നെ തൊട്ടു വിളിച്ചു .ആരുമറിയാതെ ഒഴുകിയ അനുരാഗനദി ,അതു സ്വന്തമാകാന്‍ ഒന്നേയുള്ളൂ മാര്‍ഗം –വിവാഹം –എല്ലാ സ്‌നേഹത്തിന്റെയും കൊലക്കത്തിയായ കല്യാണം..അവനെന്തായാലും എന്തോ എന്നെ തൊഴിച്ചെറിഞ്ഞില്ല..പകരം ആങ്ങളയുടെ അടുത്തെത്തി –

'കൈ നെറച്ച് തരാന്‍ ഇന്റെ അട്ത്തില്ല. തള്ളക്കും തന്തക്കും വേണ്ടാത്തോരെ പിന്നാര്‍ക്ക് വേണം? പഠിപ്പിച്ചു, അതന്നെ കഴിഞ്ഞിട്ടല്ല..സ്വര്‍ണത്തിനും പണത്തിനും ആണീ ആലോചനയെങ്കി ഇപ്പളേ നിര്‍ത്താവും നല്ലത്..'

'അവന്‍ തിരിഞ്ഞു നടന്നില്ല .അവന്‍, വിജനവഴിയില്‍ ഒറ്റപ്പെട്ടു പോയ ആട്ടിന്‍കുഞ്ഞിനെ കൈ പിടിക്കാന്‍ ശ്രമിച്ച നല്ല സമരിയാക്കാരന്‍..വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയതോണ്ട് എനിക്കവനെ എന്നും സംശയമായിരുന്നു..എന്റെ പ്രണയം എന്നുമവനെ പൊറുതി കെടുത്തി..സ്ത്രീധനമില്ലാത്ത കല്യാണം, നല്ല തറവാടല്ലാത്ത കുഴപ്പം..വീട്ടുകാര്‍ക്ക് നോവിക്കാന്‍ അങ്ങനെ ഏറെയുണ്ടായിരുന്നു..വെന്തു വെന്ത് കണ്ണീരത്രയും കവിതകളായി ഡയറിയില്‍ ഒളിച്ചു..ഒരു ജീവന്‍ ഉള്ളില്‍ വേരു പിടിക്കാന്‍ തുടങ്ങിയിരുന്നു..കോളേജില്‍ വിടാനുമില്ല ആര്‍ക്കും താല്പര്യം .സ്‌നേഹരഹിതമായ ആ മുള്‍വീട്  എന്നെ ശ്വാസം മുട്ടിച്ചു .അനുനിമിഷം തൊണ്ട വരണ്ടുണങ്ങി .വീട്ടുകാരെ കുറ്റപ്പെടുത്തിയാല്‍ അവനു കലി തുടങ്ങും .'

'അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ..നിന്റെ അവസ്ഥ നിനക്ക് തന്നെ അറിയാലോ..പറയുന്ന അവര്‍ മാത്രമാണോ കുറ്റക്കാര്‍?'

'അവന്‍ ക്രോധത്താല്‍ ചുവന്നു. ഓരോ പ്രഭാതവും എന്റെ മരണത്തെയാണ് കുടഞ്ഞിടുകയെന്ന് ഞാനാശിച്ചു..ഈ അനാഥജന്മം പോലൊന്ന്  ഇനിയും എന്തിനു പിറക്കണം? ബ്ലേഡ് വരഞ്ഞെടുത്ത നീലഞരമ്പ് നിലത്ത് മുരിക്കിന്‍പൂക്കള്‍ തീര്‍ത്തു.  ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം കിടന്ന ചേമ്പിന്‍തണ്ടിനെ ആരൊക്കെയോ ചേര്‍ന്ന്  ആശുപത്രിയിലെത്തിച്ചു..കുഞ്ഞ് ഈ  ഇരുണ്ട ഭൂമിയിലേക്ക് വരാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

'ഇവളേ, നമ്മളെ പോലീസില്‍ കേറ്റീട്ടേ അടങ്ങൂ..ഈ മുസീബത്തിനെയല്ലാതെ ഇന്റെ നവാസേ അനക്ക് വേറൊരു പെണ്ണിനെ കിട്ടീലേ..എത്ര നല്ല  ആലോചനകള്‍  വന്നതാരുന്നു..'

 ബാപ്പയും ഉമ്മയും ശബ്ദമുയര്‍ത്തിയപ്പോള്‍ അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നെറ്റി അമര്‍ത്തിത്തുടച്ച് അകത്തേക്ക് കുതിച്ചു വന്ന് ഗര്‍ജിച്ചു –

'കവിത കേട്ടു കല്യാണം ആലോയ്ച്ച ഞാനാ പൊട്ടന്‍..നീ ഇവിടെ കിടന്നു ചത്താ ആരാ കോടതി കേറണ്ടേ? വല്യ അറിവാളത്തിയല്ലേ? ഇയ് കോളേജില്‍ പോകാ ഇതിലും ഭേദം..പുലിവാലു പിടിക്കാന്‍ എന്നെക്കൊണ്ടു വയ്യ..'

'ആണ്‍കുഞ്ഞായതോണ്ടാവും വീട്ടുകാര്‍ ഒന്നു മയത്തിലായി..എന്നിട്ടും ഇടയ്ക്കിടെ കുത്തി മുറിക്കുന്ന ചില വാക്കുകള്‍ ..ഈര്‍ന്നു കളയുന്ന ചില വരികള്‍ ..ഡയറിയുടെ താളുകള്‍ നിന്നോടുള്ള ചോദ്യങ്ങളാല്‍ നിറഞ്ഞു ..'എന്നെ പടച്ചതെന്തിനായിരുന്നു? എന്റെ അറിവോ സമ്മതമോ അപേക്ഷയോ ഇല്ലാതെ ഒരു പരീക്ഷ എഴുതാന്‍ എന്നെ വിട്ടതെന്തിനായിരുന്നു? വേണ്ട വിഭവങ്ങളൊന്നുമില്ലാതെ എന്നെ അത്രയും സുദീര്‍ഘമായ യാത്രയ്ക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു? ഞാനെന്റെ ശലഭച്ചിറകുകള്‍ക്കായുള്ള തപസ്സിലായിരുന്നില്ലേ? കിളിപ്പേച്ചുകളുമായി സ്വപ്നങ്ങളെ കൊക്കുരുമ്മി വിളിക്കയായിരുന്നില്ലേ? സ്‌നേഹവൃക്ഷങ്ങളില്‍ പാറിക്കളിപ്പായിരുന്നില്ലേ? അവിടുന്നെല്ലാം ആട്ടിയകറ്റി എന്തിനെന്നെ ഈ മരുവിന്റെ തീകാറ്റിലേക്ക് വലിച്ചെറിഞ്ഞു?'

പിന്നെയും അവള്‍ പറയുകയായിരുന്നു..തന്നെപ്പോലെത്തന്നെ അനാഥനായി വളരുന്ന തന്റെ കുഞ്ഞിനെപ്പറ്റി..അവനിലേക്ക് ക്രൂരത മാത്രം ചൊരിയുന്ന അവന്റെ ഇളയമ്മയെപ്പറ്റി..

ദൈവം ചെറുവിരലനക്കി..കിങ്കരന്മാര്‍ അവളുടെ ചങ്ങല ഒന്നൂടെ മുറുക്കി അവളെ നരകത്തിലേക്കെറിയാനായി വലിച്ചിഴച്ചു..അവള്‍ വലിയ വായില്‍ നിലവിളിച്ചു –

'എനിക്കൊരു പേനയെങ്കിലും താ ..നരകത്തിന്റെ കല്ഭിത്തികളില്‍ ഞാനീ കഠിനകാലം കോറിയിടും..മനുഷ്യന്റെ നിസ്സാരദുഃഖങ്ങള്‍ ഏശാത്ത നിന്റെ പ്രകാശഹൃദയത്തെ എനിക്കീ തീത്തുണുകളില്‍ അരണ്ട നിറത്തില്‍ വരക്കണം..ഇവിടെയെത്തുന്ന ഓരോ ഭാഗ്യഹീനനും വായിക്കാനായി എനിക്കീ ദുരിതകാലത്തെ മായ്ച്ചാലും മായാത്ത വിധം വരഞ്ഞിടണം..'
അവളതു പറഞ്ഞു തീരും മുമ്പേ അവളുടെ തല പൊട്ടിത്തെറിച്ചു..നാവും ചുണ്ടും പല്ലുമെല്ലാം തീലാവയില്‍ ഒഴുകി ..ഉരുകി ചലമായവ പിന്നെയും പുനര്‍ജനിച്ചു ..വേദനയുടെ പാരാവാരം അവള്‍ക്കു ചുറ്റും തിളച്ചു മറിഞ്ഞു ..

അനവധി കാലങ്ങള്‍ക്കു ശേഷം അവള്‍ പാപമുക്തയാക്കപ്പെട്ടു..സ്വയംഹത്യ ചെയ്തതിനാല്‍ അവളൊരിക്കലും സ്വര്‍ഗാവകാശി ആയില്ല ..നരകസ്വര്‍ഗത്തിനിടയിലെ അഅരാഫ് ഭിത്തിയില്‍ അവള്‍ക്ക് ഇരിപ്പിടം ലഭിച്ചു ,കൂടെ എന്നുമവള്‍ക്ക് പ്രിയമായിരുന്ന പേനയും പേപ്പറും ..അങ്ങനെ പരലോകത്തും സാക്ഷിയുടെ നിയോഗം വേതാളമായി അവളുടെ ചുമലില്‍ തൂങ്ങിക്കിടന്നു ..സന്തോഷസന്താപങ്ങളുടെ കൂറ്റന്‍ ലോകത്തെ വിളറിയ കണ്ണാല്‍ ആവാഹിച്ചു രേഖപ്പെടുത്തുക.. സന്മനസ്സിനാല്‍ ഭൂമിയില്‍ ദുരിതം മാത്രം പേറേണ്ടി വന്നവര്‍ ഏകദൈവവിശ്വാസിയായില്ല എന്ന ഒറ്റക്കാരണത്താല്‍ നരകത്തീയില്‍ വെന്ത് നിലവിളിച്ചു ..സത്യമായ നീതി എവിടെയാണ്? അവള്‍ വിങ്ങലോടെ എഴുതാനായി പേപ്പര്‍ ഉയര്‍ത്തി..സ്വര്‍ഗത്തിന്റെ സുഗന്ധശീതളമായ ഇളംകാറ്റില്‍ കടലാസിന്റെ ഒരു വശം തണുത്തു ..നരകാഗ്‌നിയുടെ ചുടുതാപത്താല്‍ മറുപുറം പൊള്ളിത്തിണര്‍ത്തു..ചോരയിറ്റുന്ന പേനയാല്‍ അവള്‍ ആദ്യവരി കുറിച്ചു –
'മോക്ഷം –ജനിച്ചാല്‍ പിന്നെയത് അസാധ്യമാണ് ................................'                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ