Pages

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കാറ്റിലെ കരിയില..(കഥ)


 ഒരിക്കലും ആരാലും സ്‌നേഹിക്കപ്പെടാതിരുന്ന പെണ്‍കുട്ടി നിരന്തരം മരണത്തോട് സംവദിച്ചുകൊണ്ടിരുന്നു..

'എന്താണീ ജീവിതത്തിന്റെ പൊരുള്‍? ഒടുക്കത്തെ വണ്ടിയില്‍ നീയേത് ഗഹ്വരത്തിലേക്കാണ് ഞങ്ങളെ തള്ളിയിടുക? അതും കഴിഞ്ഞു വീണ്ടും മറ്റൊരു തകര്‍ന്ന വാഹനത്തില്‍ ക്ലേശകരമായ ഈ യാത്ര പുനരാരംഭിക്കുമോ? കുഴികളിലും കല്ലുകളിലും തടഞ്ഞ് അതിന്റെ ചക്രങ്ങള്‍ പിന്നെയും ഊരിത്തെറിക്കുമോ?'

വളരെ മുമ്പ് – അമ്മായിയുടെ നീര് വന്നു ചീര്‍ത്ത ചുവന്ന തീക്കണ്ണുകളുള്ള വെളുത്ത കണങ്കാലുകളിലേക്ക് ഭീതിയോടെ നോക്കുമ്പോള്‍ പിന്നില്‍ കരിയിലയമരുന്ന രവം..വരണ്ട വേനലിന്റെ പൊടിക്കാറ്റ് വീട്ടിലേക്ക് കയറി വന്ന പോലെ ആകെയൊരു ധൂമവലയം...പിന്നെയതിന് ഒറ്റക്കണ്ണും ചൂണ്ടുവിരലുമുണ്ടായി..

'ആരാണ് നീ?'

ചിറകൊടിഞ്ഞ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ തലതല്ലി..

'നിഴലായി ഞാന്‍ മാത്രമേ ഓരോരുത്തര്‍ക്കും കൂട്ടുള്ളൂ..തനിച്ച് വരുന്ന അവന്,   തനിച്ചീ യാത്ര മുഴുവനും താങ്ങേണ്ടുന്ന അവന്, ആകെയുള്ളൊരു സഹയാത്രി..'

നിര്‍മമതയുടെ നിറം കെട്ട വാടിയ ദളങ്ങള്‍ അവന്റെ കണ്‍തടാകത്തില്‍ നീന്തി..അമ്മായിയുടെ തൊണ്ടക്കുഴിയിലേക്ക് ആ കൈകള്‍ നീണ്ടു..നരച്ചു  ദുര്‍ബലമായൊരു പ്രകാശക്കട്ടയെ നിര്‍ദാക്ഷീണ്യം ഉള്ളില്‍ നിന്നെവിടുന്നോ പറിച്ചെടുത്തു..വിളറിയ ആ നിലാവിന്‍തുണ്ടോ ആത്മാവ്?

'നചികേതസ്സിനെപ്പോലെ മരണമേ, എനിക്കൊരുപാട് ചോദിക്കാനുണ്ട് നിന്നോട്..'

വളര്‍ച്ചയുടെ വഴുക്കുന്ന ഏണിപ്പടികള്‍ പ്രയാസപ്പെട്ടു കയറുമ്പോള്‍ അവള്‍ കിതച്ചു..തൊട്ടു പിന്നില്‍ കറുത്തൊരു വവ്വാലായി മൃത്യു ഒച്ച വെച്ചു..

'എത്ര ചോദ്യങ്ങള്‍..യുഗാന്തരങ്ങളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങള്‍..ഒന്നിനും ഇതുവരെയും ഉത്തരം കിട്ടിയില്ലല്ലോ എനിക്കുപോലും..'

'ഞാനിന്നലെ നിന്നെ നല്ല വെളുത്ത വസ്ത്രത്തിലാണ് സ്വപ്നം കണ്ടത്..വരണ്ടുണങ്ങിയ ഒരു പാടവരമ്പിലൂടെ നീ നടക്കയായിരുന്നു..വെളുത്ത ളോഹയുടെ പോക്കറ്റില്‍ നിന്ന്! വിത്തുകളെടുത്തു എല്ലായിടത്തും വിതറി വെള്ളം തളിച്ചുകൊണ്ട് നീ പുഞ്ചിരിച്ചു..
'തുടച്ചു നീക്കലാണെന്റെ കര്‍മമെങ്കിലും ഇതിങ്ങനെ ശുഷ്‌കിച്ചു കാണുമ്പോള്‍ എങ്ങനെ ഒരിറ്റു തീര്‍ത്ഥമേകാതെ..'

'നിന്റെ തൊലിയിലെ കറുത്ത പൊട്ടുകളത്രയും അപ്പോള്‍ അപ്രത്യക്ഷമായി..വെണ്മയുടെ സ്വപ്നക്കൂട്ടിലിരുന്ന്! നീ വീണ്ടും പുഞ്ചിരിച്ചു.'

.അവന്‍ അവളുടെ ഈറന്‍ പിടിച്ചു ദുര്‍ഗന്ധപൂരിതമായ മുടിക്കെട്ട് വേര്‍പെടുത്താന്‍ തുടങ്ങി..വാര്‍ധക്യത്തിന്റെ വെണ്‍നൂലുകള്‍ അവളുടെ ശിരസ്സില്‍ അപകര്‍ഷതയോടെ ചുരുണ്ടു കിടന്നു..

'ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടും ഈ വെളുത്തേടന്റെ ശക്തമായ കയ്യൊന്ന്  പിടിച്ചു വെക്കാന്‍ പറ്റുന്നില്ലല്ലോ നിങ്ങള്‍ക്കൊന്നും..അവന്‍ പൂര്‍വാധികം ശക്തിയോടെ എല്ലാം വെളുപ്പിച്ചുകൊണ്ടിരിക്കുന്നു..'

'എനിക്ക് സ്‌നേഹത്തിന്റെ ചന്ദനത്തിരികള്‍ ഇനിയെങ്കിലും കിട്ടിയെങ്കില്‍..അതിന്റെ പരിമളത്തില്‍ എനിക്കീ മുടിയൊന്ന് ഉണക്കണമായിരുന്നു..കയറിപ്പോന്ന കുത്തനെയുള്ള പടവുകള്‍..എത്രയാണ് തലയടിച്ചു വീണത്..കാലുകള്‍ വ്രണപ്പെട്ടത്..വെടിച്ചു കീറിയത്..നീയെല്ലാം കണ്ടതാണല്ലോ..'

'ഉം..ചുടുന്ന വെയിലായിരുന്നല്ലോ..കനത്ത മഞ്ഞും..ഞാനും ഒരു പാടു കാലം ഈ സ്‌നേഹസുന്ദരിയുടെ പിറകെ മുട്ടിലിഴഞ്ഞതാ..എന്റെ കറുത്ത രൂപം കണ്ട് അവളെത്ര പരിഹസിച്ചെന്നോ..അവളൊന്നരുമയോടെ ഇളംചൂടുള്ള ആ കൈത്തലത്തില്‍ എന്റെ മുഖം ചേര്‍ത്തിരുന്നെങ്കില്‍..സുന്ദരമായ പ്രകാശം എന്നെ പ്രശോഭിപ്പിക്കുമായിരുന്നില്ലേ? പക്ഷെ ഒരിക്കലും അതുണ്ടായില്ല..ബ്യുട്ടി രാക്ഷസനെ ചുംബിച്ചതോടെ അയാള്‍ക്ക് രൂപമാറ്റം വന്നപോലെ ഒരു രൂപാന്തരത്തിന് കൊതിക്കയായിരുന്നു ഞാന്‍..പക്ഷെ....അതില്‍ പിന്നെയാകണം ജീവന്‍ പറിച്ചെടുക്കുന്ന തൊഴിലിലേക്ക് ദൈവമെന്നെ എറിഞ്ഞു കളഞ്ഞത്..പ്രേമവള്ളികളില്‍ ചുറ്റിപ്പിണഞ്ഞ ആത്മാവുകളെ പറിച്ചെടുക്കുമ്പോള്‍ എന്തൊരു ആഹ്ലാദമാണെന്നോ..'

'ഓരോ തവണയും ഞാനും അതിന്റെ പാറിക്കളിക്കുന്ന വസ്ത്രാഞ്ചലം പിടിക്കാനാഞ്ഞതാണ്..തൊട്ടുതൊട്ടില്ല എന്നാവുമ്പോള്‍ അതത്രയും കൂട്ടിപ്പിടിച്ച് അവളൊരു കൊല്ലുന്ന ചിരി ചിരിക്കും..ഞാനേറെ സ്‌നേഹിച്ചവര്‍ എന്നെയൊത്തിരി തനിച്ചാക്കി ഒന്നുമേ തിരിച്ചേകാതെ..വെറുമൊരു പുഴുവായ് വെപ്രാളത്തോടെ അലയുമ്പോഴെല്ലാം പ്രണയത്തിന്റെ വര്‍ണക്കൂട്ടുകള്‍ ചാലിച്ച് നനുത്ത ചിറകുകളുമായ് പറന്നെത്തുന്ന ഒരാളെയും കാത്തു കാത്ത്..ലോലമായ സ്‌നേഹസ്പര്‍ശം തേടി എണ്ണത്തടാകത്തിലൂടെയുള്ള നിലക്കാത്ത പ്രയാണം..നീന്താനറിയാതെ..തുഴ ശരിക്കൊന്നു പിടിക്കാന്‍ പോലുമാവാതെ..പാഴായിപ്പോയ മോഹങ്ങളുടെ  ഉള്ളിത്തോലുകള്‍ കാറ്റില്‍ പറന്നു പറന്ന് ഏതൊക്കെയോ ചളിക്കുഴികളില്‍ പതിച്ചു..'

ഒരിക്കല്‍ കോടതിവരാന്തയില്‍ വിശ്രമിക്കുന്ന മണ്‍കുടം അവളെ നോക്കി ചിരിച്ചു. അതിന്റെ അവകാശത്തിനു വേണ്ടി തര്‍ക്കിക്കുന്നവര്‍ കനല്‍ക്കണ്ണുകളോടെ വക്കീലുകള്‍ക്കടുത്ത് കുശുകുശുത്തു, പിന്നില്‍ നിന്ന് അപ്പോള്‍ മരണം പിറുപിറുത്തു

'ഒരു കലാകാരന്റെയാ..ജീവിച്ചിരുന്ന കാലത്ത് ഇതിനെയൊക്കെ എതിര്‍ത്തിരുന്ന ആളാ..ശവം കടലില്‍ തള്ളിയാല്‍ മീനുകള്‍ക്ക് ഭക്ഷണമാകും, കുഴിച്ചിട്ടാല്‍ ചെടികള്‍ക്ക് വളമായിക്കൊള്ളും എന്നെല്ലാം വാദിച്ചിരുന്ന മനുഷ്യന്‍..എന്നിട്ട് അയാളുടെ ചിതാഭസ്മത്തിനു വേണ്ടിയാണീ കേസും കൂട്ടവും..'

'മരണം നമ്മളെ വെറും കളിക്കോപ്പുകളാക്കും..എറിഞ്ഞുടയ്ക്കാനും അടുപ്പിലിടാനുമൊക്കെ പറ്റുന്ന വെറുമൊരു പ്ലാസ്റ്റിക് തുണ്ട്..'

അവള്‍ താനെന്നും സ്വപ്നത്തില്‍ കാണാറുള്ള മുഖമില്ലാത്ത ആളെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങി..ശോഷിച്ച കൈകള്‍ അവളെ ലാളിച്ചിരുന്നു..ചിറകിന്‍ചൂടേകിയിരുന്നു..അയാളുടെ പിയാനോയില്‍ നിന്നുയരുന്ന സംഗീതത്തിന്റെ പതുപതുത്ത മെത്തയില്‍ അവള്‍ ആലസ്യത്തോടെ കിടക്കുകയായിരുന്നു..എന്നാല്‍ അയാളുടെ  മുഖം ഇരുളിലായിരുന്നു എപ്പോഴും..

'ആ വദനം ഇനി പിറന്നിട്ടു വേണം..' മരണം മന്ത്രിച്ചു..അവന്‍ അവളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ തുടച്ചു മാറ്റി..അവളപ്പോള്‍ ആരുമാരും നോക്കാനില്ലാതെ രോഗക്കട്ടിലില്‍, വേദനയുടെ കത്രികവിടവില്‍ പിടയുകയായിരുന്നു..

'ചിന്തിക്കാറുണ്ടായിരുന്നു ഞാന്‍..'

അവള്‍ നിശ്ശബ്ദവിചാരങ്ങളെ അവനിലേക്ക് ഊതിപ്പറപ്പിച്ചു

'ഒടുക്കം അനുരാഗത്തിന്റെ മുറുകിയ ആലിംഗനം നിന്നില്‍ നിന്നാവും എനിക്കാദ്യമായി കിട്ടുകയെന്ന്!..നിന്റെയാ അവസാനത്തെ ആശ്ലേഷം..'

അവളുടെ കണ്ഠമിടറുകയും കണ്ണുകള്‍ തുളുമ്പുകയും ചെയ്തു..ഒരിക്കലും ആരും മമതയോടെ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകള്‍ വിറച്ചു കോടി..ഒരിക്കലും ആരും അണച്ചു പിടിച്ചിട്ടില്ലാത്ത ശരീരം കൊടിയ വേദനയില്‍ പിടഞ്ഞു..

'ഇഷ്ടത്തിന്റെ തേന്‍കൂട്..ഒരു തവണയെങ്കിലും ഒരു കുരുവിയായി എനിക്കതിലിരിക്കണം..തേന്‍കട്ടികള്‍ കഴിക്കണം..'

വാക്കുകള്‍ തുപ്പലായി അവന്റെ മുഖത്തേക്ക് തെറിച്ചു..പതുക്കെയവന്‍ പ്രേമപൂര്‍വ്വം അവളുടെ മെലിഞ്ഞ കഴുത്തില്‍ സ്പര്‍ശിച്ചു..രോഗഭൂതം തകര്‍ത്തെറിഞ്ഞ ദേഹോദ്യാനമാകെ അവന്റെ നേത്രങ്ങള്‍ അരുമയോടെ പരതി..കമ്പനം കൊള്ളുന്ന ചുണ്ടുകളില്‍ പതുക്കെ ഉമ്മ വെച്ച് അവന്‍ പറഞ്ഞു..

'നഷ്ടമായിരിക്കും..ചുംബനത്തിന്റെയും പരിരംഭണത്തിന്റെയും സുരക്ഷിതത്വമറിയാതെ പോകുന്നത് തിക്തമായ ദുഃഖമായിരിക്കും....ഈ കരവലയത്തില്‍ എന്റെ ഹൃദയത്തോളം അമര്‍ത്തിയിട്ടേ ഈ അധരങ്ങളുടെ ഹിമത്തണുപ്പ് ആവോളം നുകര്‍ന്നിട്ടേ ഈ ജീവനാളിയിലീ ചൂണ്ടുവിരലാഴുകയുള്ളൂ...'
അവള്‍ എന്തെന്നില്ലാത്ത ആശ്വാസത്തോടെ ആ നെഞ്ചിന്‍ചൂടിലേക്ക് ആര്‍ത്തിയോടെ അമര്‍ന്നു..
പതുക്കെ , വളരെ പതുക്കെ അവളുടെ പെരുവിരലില്‍ നിന്നെല്ലായിടത്തേക്കും ശൈത്യം അരിച്ചു കയറാന്‍ തുടങ്ങി ................................        
'              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ