Pages

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

വിധിഹിതം(കഥ)



പടികള്‍ കയറുമ്പോഴേ കേട്ടു, ഇരുമ്പ് അടിച്ചു പരത്തുന്നതിന്റെ ചെത്തം. ചെങ്കനലിന്റെ ചുവന്നു തുടുത്ത ഗുഹക്കുള്ളില്‍ പഴുത്ത് പാകം വെക്കുന്ന ഇരുമ്പ് കഷ്ണങ്ങള്‍..പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണല്ലോ ഒരാളെ ഏതു സാഹചര്യത്തിലേക്കും വലിഞ്ഞു നീളാനും മുറുകാനും പാകത്തില്‍ ഇലാസ്റ്റിക്കുകളാക്കുന്നത്..മൂര്‍ദ്ധാവില്‍ ചമ്മട്ടി കൊണ്ടുള്ള അടി സഹിച്ച് പരക്കേണ്ടിടത്ത് പരന്നും ഉരുളേണ്ടിടത്ത് ഉരുണ്ടും ..അനുഭവങ്ങളുടെ ശക്തി മറ്റൊന്നിനുമില്ല..ആലയിലേക്ക് കയറിയപ്പോള്‍ അയാളിരുന്നതിന്റെ ഒരു പാട് അകലേക്ക് ഉഷ്ണം ഒരു വിരിപ്പ് വിരിച്ചിട്ടുണ്ടെന്നു തോന്നി..ക്ഷീണിച്ച കണ്ണുകളില്‍ ഞൊടിയിട കൌതുകം തിളങ്ങി

'ആരാ'

നോക്കി, പിന്നെയും പിന്നെയും..യൌവനത്തിന്റെ പ്രസരിപ്പ് തുടുത്തിരുന്ന ആ ചെറുപ്പക്കാരന്റെ വല്ല അംശവും ഈ കാണുന്ന രൂപത്തിനുണ്ടോ? എന്തൊരു ടിപ്‌ടോപ്പിലായിരുന്നു..ഏറ്റവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന ഹുങ്കും..'വായില്‍ വെള്ളിക്കരണ്ടിയുമായി..' ആ പഴമൊഴി അയാളെ കാണുമ്പോഴൊക്കെ ഓര്‍മയിലെത്തും. സ്വയം നേടുന്നതിനേ മഹത്വമുള്ളൂ..വളവും വെള്ളവും എമ്പാടുമുള്ള വയലിലെ വിളവിന് എന്തു മേന്മ..പാറപ്പുറത്ത് ആളുന്ന വെയിലില്‍ പൊട്ടി മുളക്കാനാകണം..കനല്‍ക്കാറ്റിനെയും പേമാരിയെയും അതിജയിക്കാനാകണം..അങ്ങനെയൊക്കെ ചിന്തിച്ചാണ് മനസ്സില്‍ പഴുത്തു നീറിയ അസൂയയെ ചവിട്ടിയരച്ചത്..

'ആരാ? മനസ്സിലായില്ല..'

'ഓര്‍ത്തു നോക്ക്, പണ്ട് ടി ടി ഐയില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നു..അന്നേ നീ പിജിക്കാരനായിരുന്നു..'

അയാളുടെ കണ്‍കളില്‍ നിര്‍മമതയുടെ ഒരു കുഞ്ഞോളം പതുക്കെ ഇളകി..

'എന്ത് ടി ടി ഐ? എന്തു പീ ജി? എന്താ അതോണ്ടോക്കെ പ്രയോജനം? ജീവിതത്തില്‍ ജയിക്കാന്‍ ദൈവഹിതം വേണം..അതുള്ളോര്‍ക്ക് ഒരു പീജിയും ആവശ്യമില്ല..മുന്നിലങ്ങനെ ഉയര്‍ന്നു പോകും പടവുകള്‍..കയറിയാല്‍ മാത്രം മതി..അല്ലാത്തവരുടെ മുന്നിലൊക്കെ ഉപ്പുകടലാണ്..സദാ കരഞ്ഞു വിളിക്കുന്ന കടല്‍..എല്ലാ കപ്പലുകളും അതില്‍ തകരുന്നു..ബോട്ടുകളും തോണികളും അതില്‍ മുങ്ങിത്താഴുന്നു..'

പണ്ടും ഇവന്‍ ഇങ്ങനെയായിരുന്നു..ഏതു നേരവും ഫിലോസഫി..അതുകൊണ്ടു തന്നെ കൂട്ടും കുറവ്..കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ആര്‍ത്തു ചിരിച്ചിരുന്ന തങ്ങള്‍ക്ക് എന്നും പരിഹസിക്കാനുള്ള വെറും കഥാപാത്രം..

'ഈ കത്തിയുണ്ടാക്കള്‍ കൊണ്ടെങ്ങനെ ജീവിക്കും?സാധനങ്ങള്‍ക്ക് എന്നും വില കുതിക്കുകയല്ലേ?'

'അതു നിങ്ങള്‍ക്കറിയാഞ്ഞിട്ടാ..'അയാള്‍ ശബ്ദം കുറച്ചു..'എത്ര മെഷീനുകള്‍ കണ്ടെത്തിയാലും ഈ ആലയില്‍ പണിയുന്ന ആയുധങ്ങള്‍ക്ക് വലിയ പ്രിയാ. ഈയിടെയായി പലതരം നിര്‍മിക്കാനാ ആവശ്യം..വടിവാള്‍ പിച്ചാത്തി എന്നു വേണ്ട ഒറ്റക്കുത്തിനു കൊല്ലാന്‍ പറ്റുന്ന സ്‌പെഷ്യല്‍ കത്തികള്‍ വരെ..ആ ഓര്‍ഡറുകള്‍ സ്വീകരിച്ചാല്‍ ചില അപകടങ്ങളുമുണ്ട്..പോലീസ് ജീപ്പ് നമ്മുടെ മുറ്റത്ത് ഒരലങ്കാരമായി കിടക്കും..'

'അതു ശരി തന്നെ. പേപ്പറുകള്‍ വായിക്കുന്ന ആര്‍ക്കും അത്ര സ്വാസ്ഥ്യം ഉണ്ടാവൂന്ന് തോന്നണില്യ..എല്ലാവര്‍ക്കും എല്ലാവരെയും സംശയം..'

'ഇന്നാള് ഒരു ഫാക്ടറിയുടമ എന്നെ കാണാനായി മാത്രം വില കുടിയ കാറില്‍ ഒരു പാടു ദൂരം യാത്ര ചെയ്തു വന്നു..അയാളുടെ ആയുധ നിര്‍മാണ യുനിറ്റില്‍ സുപ്പര്‍ വൈസറാക്കാമെന്ന്..മനുഷ്യന്റെ ചോര ചിന്താന്‍ ഞാനില്ലാന്നും പറഞ്ഞ് മടക്കി വിട്ടു..'ഒന്നുടെ ആലോചിക്ക്, ഈ അലേന്നൊന്നു രക്ഷപ്പെടാലോ..'അയാള്‍ ഒരു ഗുണകാംക്ഷിയെപ്പോലെ ഉപദേശിച്ചു..അടുത്താഴ്ച ഇനിയും വരും..പഠിച്ചതുകൊണ്ടുണ്ടായ ദോഷം അതാ കള്ളങ്ങളോട് രാജിയാകാന്‍ കഴിയാത്ത മനസ്സ്..ഇന്നത്തെക്കാലം എന്താ അങ്ങനെയായിട്ടു കാര്യം?സ്വന്തം കാര്യത്തിന് ഏതറ്റം വരെയും പോകാന്‍ കഴിയണം..'

'പി എസ് സി യൊന്നും ശ്രമിച്ചില്ലേ? അന്ന് ക്ലാസ്സില്‍ ടോപ്പായിരുന്നല്ലോ..'

'ഞാന്‍ പറഞ്ഞില്ലേ? വിധിഹിതം എന്നൊന്നുണ്ട്..ഒരു നിഴല്‍ പോലെ അത് മനുഷ്യനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു..ഫോര്‍വാര്‍ഡ്ക്ലാസ്സായതോണ്ട് മോശമല്ലാത്ത റാങ്കില്‍ എത്തിയാലും സംവരണങ്ങള്‍ തീരുമ്പോഴേക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിരിക്കും.'

കുറ്റബോധത്തോടെ ഓര്‍ത്തു എത്ര ശരി, ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്കീ ജോലി കിട്ടിയത്..സര്‍ക്കാര്‍ ജോലിയുള്ള ഭാര്യ സ്വന്തമായത്..ഡീസന്റായി ജീവിക്കുന്നത്..കാണാപ്പാഠം പഠിക്കുന്നതിനോട് പണ്ടേ യോജിപ്പുണ്ടായിരുന്നില്ല..തീരാത്ത യുദ്ധങ്ങളുടെ അനന്തമായ കൊല്ലക്കണക്കുകള്‍, അത്യനവധി പ്രശസ്തരുടെ പേരുകള്‍, അങ്ങനെ എത്ര പഠിച്ചാലും തെറ്റിപ്പോകുന്ന കുറെ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഈ നശിച്ച പരീക്ഷകള്‍..കണക്കാണെങ്കില്‍ നീണ്ടു പോകുന്ന സൂത്ര വാക്യങ്ങള്‍, അനേകം പ്രക്രിയകളിലൂടെ കണ്ടെത്തപ്പെടുന്ന ഉത്തരങ്ങള്‍..എന്താണ് ഇതുകൊണ്ടെല്ലാം ജീവിതത്തില്‍ പ്രയോജനം? അന്ന് പി എസ് സി പരീക്ഷ നല്ല ടഫ് തന്നെയായിരുന്നു. ഇന്നത്തെപ്പോലെയല്ല, എല്ലാവര്‍ക്കും ഒരേ ക്വസ്റ്റ്യന്‍ പേപ്പര്‍. ഒരു ബെഞ്ചില്‍ രണ്ടു പേര്‍..തന്റെ മുന്നില്‍ വെളുത്തു കൊലുന്നനെയൊരു പെണ്ണാണ്..ഉയരം തനിക്ക് കുടുതലായതുകൊണ്ട് അവളെഴുതുന്നതെല്ലാം ഈസിയായി പകര്‍ത്താം..ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ അതു നമ്മുടെ നോട്ടുബുക്കുകളില്‍ ഒതുങ്ങുന്നതല്ല..തിരശ്ശീലക്കപ്പുറത്തു നിന്നും ആരോ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്നു..സംവരണം കൊണ്ടു തന്നെയാണ് താനൊക്കെ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പൊരിവെയിലത്ത് സിമന്റ് കൂട്ടിയും ചുമന്നും..ദൈവമേ..നിന്റെ നിശ്ചയങ്ങള്‍ എത്ര വിചിത്രമാണ്..

'എത്ര പ്രൈവറ്റ് സ്‌കൂളുകളുണ്ട്? ശ്രമിച്ചുകൂടായിരുന്നോ? പഠിച്ചതെല്ലാം ഈ തീ കരിച്ചു കളയില്ലേ?'

'അതും ശ്രമിച്ചു, അത്യാവശ്യം ശമ്പളം ഉള്ളേടത്തൊക്കെ കോഴ തന്നെ കാര്യം. ആദ്യകാലത്തുണ്ടായിരുന്ന പ്രതാപവും സമ്പത്തും ഒരു മഴയിലങ്ങു ഒലിച്ചു പോയതാണോയെന്ന് ഞാനതിശയിക്കും..അത്ര പെട്ടെന്നായിരുന്നു ജീര്‍ണിക്കല്‍..കാര്യസ്തന്മാരും അച്ഛന്റെ ശിങ്കിടികളും അതുകൊണ്ട് നല്ല നിലയിലെത്തി..ഞാന്‍ പറഞ്ഞില്ലേ? സ്വന്തം കാര്യത്തിന് എന്തു ഹീനവൃത്തിയും ചെയ്യാനാകണം..എങ്കില്‍ ഐശ്വര്യദേവത നമ്മെ  കൈവിടില്ല..ഈ പണി തുടങ്ങിയപ്പോ ഈ ചോപ്പിലേക്ക് നോക്കിയിരിക്കലായി ഏറ്റവും വലിയ ആഹ്ലാദം..ഇത്ര വലിയൊരു സംഹാരശക്തിയല്ലേ കൂട്ടിന്? പിന്നെന്തിനു മറ്റു ബേജാറുകള്‍?പണം ഇഷ്ടം പോലെ ഈ പണി തന്നെ തരും, ഞാന്‍ പറഞ്ഞില്ലേ ഒരു മുതലാളി വന്നത്.അതിനു പകപ്പെടുന്നില്ല മനസ്സ് എന്നതാണ് പ്രശ്‌നം..വരൂ, ചായ കുടിക്കാം..'

അഗ്‌നി അയാളെ ഓരോ നിമിഷവും ഉണക്കിക്കൊണ്ടിരിക്കയാണ്, അകാലത്തില്‍ വന്നു ചേര്‍ന്ന ചുളിവുകള്‍, ദുര്‍മേദസ്സ് നിറഞ്ഞ സ്വന്തം ശരീരം കോക്രി കാട്ടി ചിരിക്കുന്നുണ്ടോ?
'സിന്ധൂ –'നീട്ടി വിളിച്ചുകൊണ്ട് അയാള്‍ അകത്തേക്ക് നടന്നു..നിശ്ശബ്ദതയുടെ ഗുഹയാണ് വീട്..ഇവിടെ കുട്ടികളൊന്നും ഇല്ലേ?പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ചായയുമായി തിരിച്ചെത്തി.

'മക്കളില്ലേ –'

അയാള്‍ തല കുനിച്ചു 'ഉണ്ട്, മകന്‍ ..കട്ടിലില്‍ തന്നെ..പത്തു വയസ്സായി .അവന്‍ ഞങ്ങളുടെ ഭാഗ്യാണോ നിര്‍ഭാഗ്യാണോ..ആര്‍ക്കറിയാം..'

സങ്കടം കാരിരുമ്പായി തോണ്ടയെ ഇറുക്കി ചിലര്‍ പതുപതുത്ത പരവതാനികളിലൂടെ സഞ്ചരിക്കുന്നു..മറ്റു ചിലര്‍ ചതുപ്പിലൂടെ.. ഓരോ നിമിഷവും ആഴ്ത്തിക്കൊണ്ടു പോകുന്ന ചതുപ്പ് ..എന്താണു കാരണം?എന്താണ് ഇതിന്റെയെല്ലാം യുക്തി?അകത്ത് ഇരുട്ട് കെട്ടിക്കിടക്കുന്നു ..റൂമില്‍ പുറം തിരിഞ്ഞിരിക്കുന്നത് ഭാര്യയാവണം..

'സിന്ധൂ ,ജനലുകള്‍ തുറന്നിട് ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു..'
മൌനത്തിന്റെ ആ ശരീരം വെളിച്ചത്തെ ഉള്ളിലേക്ക് കുടഞ്ഞിട്ട് പുറംതിരിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ..ഉറക്കെയുറക്കെ കരയണമെന്നു ആഗ്രഹിച്ചു പോയി ..നീണ്ടു മെലിഞ്ഞ ആ വെളുത്ത സുന്ദരി അവള്‍ക്ക് മേല്‍ വീണു കഴിഞ്ഞ വിളറിയ കര്‍ട്ടനു പിന്നില്‍ മറഞ്ഞിരിക്കുകയാണോ? കുട്ടി അസ്വസ്ഥനായി ഒരു ഞരക്കം പുറപ്പെടുവിച്ചു..

'ഇതാ കുഴപ്പം ,വെളിച്ചം അവനു തീരെ പിടിക്കില്ല ..കണ്ണ്  ഇറുക്കിയടച്ച് നിലവിളിക്കും..'

 ആ റുമില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ ജയില്‍മോചിതനായ ആശ്വസമുണ്ടായി..അവള്‍ തിരിച്ചറിഞ്ഞു കാണില്ല ..എത്രയെത്ര പരീക്ഷകളെഴുതുന്നു..കൂടെയിരിക്കുന്നവരെ ആരോര്‍മിക്കാന്‍ ..

'എന്താ ,മിസ്സിസൊന്നും മിണ്ടാത്തത്?'

'അവന്‍ ജനിച്ചതില്‍ പിന്നങ്ങനാ ..ചോദിച്ചതിന് മൂളല്‍ മാത്രം മറുപടി ..അവനു എട്ടു മാസമുള്ളപ്പോള്‍ അവള്‍ക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു പി എസ് സിയുടെ ..നല്ല റാങ്കായതോണ്ട് ഷുവറായിരുന്നു..പക്ഷെ എന്തു ചെയ്യാന്‍ .. അന്നവള്‍ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു..നമ്മുടെ സൌകര്യത്തിനു മാറ്റിത്തരില്ലല്ലോ ഇന്റര്‍വ്യൂകള്‍ ..'

ആകാശത്തേക്കു നോക്കി –ദൈവം കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ നിറഞ്ഞു..അവന്‍ രചിക്കുന്ന തിരക്കഥകളില്‍ ചിരിക്കോ കണ്ണുനീരിനോ മുന്‍ഗണന?ദൈവമേ ..

'പോട്ടെ ചങ്ങാതീ ..ഞാനിടയ്ക്കു വരാം..മകനു വല്ല നല്ല ചികിത്സയും കിട്ടിയാല്‍ മെച്ചം കിട്ടുമോ? '

'ആര്‍ക്കറിയാം ..പണം കൊയ്യുന്ന ഹോസ്പിറ്റലുകളിലൊന്നും പോകാനുള്ള  ശേഷിയില്ല ..മുതലാളിയുടെ ഓഫറങ്ങ് സ്വീകരിച്ചാലോന്നാ..'

'അതാവും നല്ലത്..'

ഉള്ളിലെ അധ്യാപകനെ അരികിലേക്ക് മാറ്റി നിര്‍ത്തി ഞാന്‍ പൊടുന്നനെ പറഞ്ഞു..

'അവര്‍ ചോര ചിന്തുകയോ പണം വാങ്ങി കലാപം നടത്തുകയോ എന്തോ ചെയ്യട്ടെ ..നിങ്ങള്‍ അയാളുടെ ആയുധനിര്‍മാണത്തിന് സൂപ്പര്‍വൈസ് ചെയ്യുന്നു എന്നല്ലേയുള്ളൂ ..ഞാനിറങ്ങട്ടെ..അവരെ വിളിച്ചാല്‍ യാത്ര പറയാമായിരുന്നു .."

അരിച്ചെത്തിയ ആ രൂപത്തെ നോക്കി ഞാന്‍ കൈ കൂപ്പി ഉള്ളില്‍ മന്ത്രിച്ചു –'മാപ്പ് ..  '

നിര്‍വികാരതയാല്‍ കല്ലിച്ച മുഖത്തോടെ അവര്‍ വിദൂരതയിലേക്ക് നോക്കി ..മാനത്ത് ഉരുളന്‍ കല്ലുകളായി മേഘങ്ങള്‍ ഉരുണ്ടു ..ഏതോ തപ്തനിശ്വാസങ്ങളിലേക്ക് പെയ്‌തൊഴിയാനായി..................            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ