Pages

2013, മാർച്ച് 28, വ്യാഴാഴ്‌ച


രണ്ടു കവിതകള്‍

പര്യായ പദങ്ങള്‍

ഉമ്മ =അടുക്കള ,അലക്കുകല്ല് ,ചൂല്‍ ,മിക്സി ,അടുപ്പ്,അനുസരണം

ഉപ്പ =ഉമ്മറക്കസേര,അധികാരം,കല്പന,ദേഷ്യം

ചേട്ടന്‍=ബ്ലൂടൂത്ത്‌,ഇന്റര്‍നെറ്റ്‌,പ്ലാസ്റ്റിക്ക് ഹൃദയം

ചേച്ചി=ഫെയ്സ്ബുക്ക്,മൊബൈല്‍ കിന്നാരം

ഞാന്‍=എന്ഡോസള്‍ഫാന്‍,ബെഡ്,നിശ്ചലത!

അമ്മ   

അമ്മ അടുക്കളയില്‍ വെന്തു പാകമായി

സുഗന്ധത്തോടെ തളികയില്‍ നിരന്നു

കുട്ടികള്‍,അച്ഛന്‍,എല്ലാവരും ഏമ്പക്കമിട്ടു

എന്നുമുള്ള വിവിധ രുചികളെക്കുറിച്ച് വാചാലരായി

വിശക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ അമ്മയെ ഓര്‍ക്കുന്നത്

വിഭവങ്ങള്‍ കുറയുമ്പോള്‍ മാത്രമാണ്

അമ്മയുടെ വയ്യായ്കകള്‍ തിരിച്ചറിയപ്പെടുന്നത്

ഇതെന്നും ആവര്‍ത്തിക്കുന്നത്,ഈ രസക്കൂട്ടുകള്‍

പ്രഭാതം മുതല്‍ ഒരിക്കലും ഉറങ്ങാത്ത അടുപ്പില്‍

അമ്മ ടേസ്റ്റോടെ വെന്തു പാകമാകും

അമ്മയുടെ കണ്ണീരും വിയര്‍പ്പും സ്വാദുകളില്‍ കൂടിക്കുഴയും

പഠനകാലത്ത് അമ്മ പാട്ടുകാരിയായിരുന്നത്രെ

കഥയും കവിതയും എഴുതിയിരുന്നത്രെ

പിന്നെന്താ ഇപ്പോള്‍?എന്താ ജോലിക്കു പോവാതിരുന്നത്?

ചോദ്യങ്ങള്‍ അമ്മയുടെ പിന്നാലെ കൂടി

കാലുകള്‍ വള്ളിപോലെ ശോഷിച്ച,വീല്‍ചെയറില്‍ വേരു പിടിച്ച

ചേച്ചിയിലേക്ക് അമ്മയുടെ കണ്ണുകള്‍ ഇടറി നീങ്ങും

എല്ലാ അടുക്കളയിലും അമ്മയാണ് തേഞ്ഞു തീരുന്നത്

അവളുടെ ജീവവായുവാലാണ് ഓരോ അടുപ്പും

പകയോടെ പുക തുപ്പി ജ്വലിച്ചു കൊണ്ടേയിരിക്കുന്നത്..............   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ