Pages

2013, മാർച്ച് 2, ശനിയാഴ്‌ച


ബൊമ്മ ...............................കഥ

നിരന്തരഅഗ്നിശുദ്ധി അവളെ ഒരു കനലാക്കിക്കളഞ്ഞു.ദിവസവും അടുപ്പിനരികെ നില്‍ക്കെ കത്തുന്ന വിറകു പോലെ ജ്വലിക്കുകയാണ് അവളുമെന്ന് അയാള്‍ക്ക്‌ തോന്നി.രാവിലത്തെ അങ്കം കഴിഞ്ഞതേ യുള്ളൂ,എട്ടു മണിക്ക് എഴുന്നേറ്റ് പത്രത്തിലേക്ക് തല പൂഴ്ത്തിയതാണ് അയാള്‍.അടുക്കളയില്‍ നിന്ന് കുട്ടികളുടെ കരച്ചിലും പാത്രങ്ങള്‍ ഒച്ചയോടെ വീഴുന്ന ശബ്ദവും..എണീറ്റുചെന്ന് എല്ലാറ്റിനും രണ്ടു കൊടുത്താലോ എന്നു തോന്നായ്കയല്ല.ഇന്നത്തെ ദിവസം തന്നെ കൊളമായിക്കിട്ടും.ഒരു പേപ്പര്‍ നേരെ വായിക്കാന്‍ സ്വൈര്യംല്ലാന്നു വെച്ചാ.

മകള്‍ ബാഗുമായി പൂമുഖത്തെത്തി,ഉപ്പാനെയൊന്നു നോക്കി പുറത്തിറങ്ങി.മക്കള്‍ക്ക്‌ തന്നോട് ഒരകല്‍ച്ചയാണ് എപ്പോഴും.കുട്ടികളോട് കൊഞ്ചാനും കുഴയാനും തനിക്കെവിടെ സമയം?ഒമ്പതര ആവുമ്പോഴേക്കും ഇറങ്ങണം.രാത്രി തിരിച്ചെത്തുമ്പോള്‍ ഒന്നു വേഗം കിടക്കാനാവും തിടുക്കം.അന്നേരവും നാശം ബഹളം തീര്‍ന്നിട്ടുണ്ടാവില്ല.കരച്ചില്‍ ,പിഴിച്ചില്‍ ,ശകാരം ..ഇങ്ങനെ പഠിപ്പിച്ച് അവളെന്താ കുട്ടികളെ കലക്ടരാക്കാന്‍ പോകുകയാണോ?പഠിച്ചു മുക്കിലിരിക്കേണ്ട ഗതികേട് മക്കള്‍ക്കുണ്ടാവരുതെന്നാണ് വാശി.ജോലിക്ക് വിടാത്തത് തന്നെയാണ്,എങ്കില്‍ പിന്നെ ഭേഷായി.തന്‍റെ കാര്യങ്ങള്‍ മുറപോലെ നടക്കാന്‍ താന്‍ മറ്റൊരു നിക്കാഹ് നോക്കേണ്ടി വരും.

കല്യാണം കഴിക്കുമ്പോഴേ ഉമ്മ പറഞ്ഞതാണ്,”പഠിച്ചതൊന്നും മാണ്ട മാനേ,അന്‍റെ വരുതീലൊന്നും നിക്കൂല.വല്ല ഏഴാം ക്ലാസ്സും മതി.ഞാ പ്പോ കൊറേ പഠിച്ചിട്ടാ?എന്തെത്താ എനക്ക് ഒരു കൊറവ്?” അന്നാ വാക്കുകള്‍ കേള്‍ക്കാത്തതിനു ഒരായിരം തവണ അയാള്‍ പശ്ചാത്തപിച്ചു കഴിഞ്ഞു.തന്‍റെ സഹപ്രവര്‍ത്തകര്‍ എത്ര ഭാഗ്യവാന്മാരാണ്.അവരുടെ കുഞ്ഞു കാര്യങ്ങളില്‍ പോലും എന്തു ശ്രദ്ധയുള്ള ഭാര്യമാര്‍..അവര്‍ക്കൊക്കെ എപ്പോഴും പൊട്ടിച്ചിരിയാണ്.വ്യസനി ച്ചിരിക്കുന്ന തന്നെ ഇടയ്ക്കിടെ തോണ്ടി വിളിക്കും”നീയതങ്ങട്ടു ഒയ് വാക്കെടാ.അയ്നല്ലേ നമ്മക്ക് നാല് നിക്കാഹ് ഹലാലാക്കീത്.കേസ് പെട്യാണെങ്കിഒയിവാക്കണ്ട.രണ്ടാമത് കെട്ട്ണെയ്ന് കേസും കുല്‍മാലും ഇണ്ടാവൂലല്ലോ”

ആവശ്യമില്ലാത്ത പുസ്തകവായനയാണ് അവളെ ചീത്തയാക്കുന്നത്.അയാള്‍ പുറത്തേക്ക് നീട്ടിത്തുപ്പി.എന്തിനാണ് ഇത്രയധികം വായിക്കുന്നത്ഇവരൊക്കെ എഴുതീം വായിച്ചും ലോകം ആകെ മാറാന്‍ പോകുന്നോ?ഏതായാലും ചിന്ത കൂടിയ പെണ്ണിനെ കെട്ട്ണത് ഭാഗ്യക്കേടാ.ഒരു കല്പണിക്കാരന്‍റെ ശാന്തി പോലും കിട്ടില്ല ജീവിതത്തില്‍.വിവരമുള്ളവളായാ മക്കളെ നാലക്ഷരം  പഠിപ്പിക്കാന്‍ ഉപകാരമാവുമെന്നു കരുതി.രണ്ടും പെണ്‍കുട്ടികളാണ് ,കൂടുതല്‍ പഠിച്ചിട്ടെന്ത്?അവ രെ കെട്ടുന്നവരും കഷ്ടപ്പെടാനോ?വീട് ഭര്‍ത്താവ് കുട്ടികള്‍-ഒരു പെണ്ണ് ഇതിലപ്പുറം എന്തു നേടാന്‍? കലക്ടരായാലും ഇതു തന്നെയല്ലേ നേടുന്നുള്ളൂ!അയാള്‍ പത്രം നിലത്തിട്ടു.വൈകുന്നേരം ഏഴു മണി ക്ക് വയള് ഉണ്ടെന്നു ഷാഫി പറഞ്ഞിരുന്നു .അയാള്‍ അടുക്കളയിലേക്കു പാളി നോക്കി.കറിക്ക്  അരി യുകയാണ്.അടുത്തു തന്നെ ഒരു പേപ്പറും പേനയും.ഇവള്‍ ഗവേഷണത്തിന് പോകുന്നുണ്ടോ? ,വ ല്യൊരു പഠിപ്പിസ്റ്റ്‌.ഓ!കവിതയാവും.ആ സൂക്കേടും ഉണ്ടല്ലോ തന്‍റെ കാലക്കേടിന്.ജ്വലിക്കുന്ന കണ്ണു കള്‍!ഹൊ!അടുത്തേക്ക്‌ ചെല്ലാന്‍ വയ്യ.കനാല്‍തിളക്കം മുഖത്തേക്ക് ചൂടെറിയുന്നു.”പിന്നേയ്,ഏഴു മണിക്ക് വയള്ണ്ട്.പൊയ്ക്കോ.ബടെ വെര്‍തെ ഇരിക്കല്ലേ.”

“എന്തിനാ? ഭര്‍ത്താവിന്‍റെ മുന്നില്‍ താണുവീണു കിടക്കണമെന്ന് മുസ്ലിയാര്‍ പറയണത് കേള്‍ക്കാനോ?എന്നെ അങ്ങനെ ചൊല്ലും വിളിയുമുള്ള ഭാര്യയാക്കാനാവും.”

“അതേടീ,നിന്നെപ്പോലെ ഒരുത്തി ന്നന്നാവണന്നു  ഏതു ഭര്‍ത്താവാ ആഗ്രഹിക്കാതിരിക്കുക?ഇന്ന് നീ ക്ലാസിനു പോയില്ലെങ്കി ബാക്കി എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം.എത്ര ക്ലാസ്സായി അവരി പ്പോ പറയണ്.”അയാള്‍ ക്ഷോഭത്തിന്‍റെ ചവര്‍പ്പ് കുടിച്ചിറക്കെ  അവളൊന്നും മിണ്ടിയി ല്ല.പോ യേക്കാം,എതിര്‍ത്തിട്ടെന്തു കാര്യം?രണ്ടു കുഞ്ഞുങ്ങള്‍.തന്‍റെ വിപ്ലവം കൊണ്ട് അവര്‍ അനാഥരാ വും,അത്ര തന്നെ..

വീട്ടിലെ ബഹളം കുറഞ്ഞു വരുന്നതില്‍ അയാള്‍ ആഹ്ലാദിച്ചു.അവള്‍ക്കിപ്പോള്‍ പുസ്തകവായ നയില്ല.ഏതു നേരവും തന്‍റെയും മക്കളുടെയും പരിചരണത്തിലാണ് ശ്രദ്ധ.അല്ലാത്തപ്പോള്‍ മതഗ്രന്ഥ ങ്ങള്‍ വായിച്ചോളും.അയാള്‍ ഗൂഡമായി പുഞ്ചിരിച്ചു .ഈ ബുദ്ധി തനിക്ക് മുമ്പേ തോന്നാതിരുന്നത്? പക്ഷെ ആ കനല്‍ ആ കണ്ണുകളെ ഉപേക്ഷിച്ചോ?ആതീക്കട്ട കരിക്കട്ടയായെന്നു തോന്നുന്നു.ചലനങ്ങളെ ല്ലാം ഒരു പാവയുടെ പോലെ.ഓ,അതൊന്നും സാരമില്ല.പ്രതിഷേധിക്കാത്ത ബൊമ്മ,ഒരു യഥാര്‍ത്ഥ ഭാര്യ അങ്ങനെത്തന്നെയാ വേണ്ടത്.അങ്ങനെത്തന്നെ..................     

1 അഭിപ്രായം: