അരഞ്ഞരഞ്ഞ്
രോഗത്തിന്‍റെ ഉരുക്കുമുഷ്ടിക്കുള്ളില്‍
പെട്ടപ്പോഴാണ് സ്വന്തമായ സമയം അവരുടെ മുന്നില്‍ വിഷാദച്ചിരിയുമായി ഒതുങ്ങി
നിന്നത്.കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു,സ്വന്തമായ ഇത്തിരി
സമയം.എന്തെങ്കിലും കുത്തിക്കുറിക്കാന്‍..ഇന്നിപ്പോ വിറയ്ക്കുന്ന കൈ ഒന്നിനും
വഴങ്ങില്ല.തിരശ്ശീലകള്‍ വീണ കണ്ണുകള്‍ ഒന്നും നേരാംവണ്ണം കാണില്ല.ചവക്കപ്പെട്ടും
ചതക്കപ്പെട്ടും ചവറുപരുവമായപ്പോഴാണ് ഒഴിവുസമയം നീണ്ടു പരന്നു
കിടക്കുന്നത്.എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം?നീണ്ടിരുണ്ട നാടപോലെ
ഇഴഞ്ഞു നീങ്ങിയ വര്‍ഷങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..തന്നെ
എപ്പോഴും ഒരു ശത്രുവെപ്പോലെ ബന്ധനത്തിലാക്കുന്ന അടുക്കളയുടെ
കെട്ടുകളഴിച്ച്,അടുപ്പിന്‍റെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്ന് വിടുതല്‍
നേടുമ്പോഴേക്കും ക്ലോക്ക്സൂചി ശ്വാസം മുട്ടി പന്ത്രണ്ടുമണിയില്‍ കമഴ്ന്നു
കിടപ്പുണ്ടാവും.പുകയുന്ന അടുപ്പുകള്‍,ആളിക്കത്തുന്ന അടുപ്പുകള്‍ എല്ലാം
മനസ്സിലങ്ങനെ ലോങ്ങ്‌മാര്‍ച്ച് നടത്തും.ഇഴഞ്ഞു നീങ്ങുന്ന സ്വന്തം ജീവിതം,മറ്റാരും
വരില്ല അതനുഭവിച്ചു തീര്‍ക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം-മറ്റാരും വരില്ല
കൂടെ അതില്‍ പ്രവേശിക്കാന്‍,ഒറ്റയ്ക്ക് ഒരുപാട് ഒറ്റയ്ക്ക്..അതിനിടെ ഭര്‍ത്താവിന്‍റെ
ഈര്‍ഷ്യയും കേള്‍ക്കാം-“മണ്ണ് പോലൊരു പെണ്ണ്,ഭര്‍ത്താവ് വഴി തെറ്റിയാ പറഞ്ഞിട്ട്
കാര്യണ്ടോ?നിനക്കാകെ ഉറങ്ങണം.പെണ്ണിന് ആണിനെ കെട്ടിയിടാന്‍ കഴിയണം
ശരീരമിടുക്കോണ്ട്.”ശരിയാണ് ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ടുതുറന്ന് അവര്‍
മനസ്സിലുരുവിടും.ഇനീപ്പോ തുള വീണ ഈ മേല്‍പ്പുരയും കൈവിട്ടാല്‍ പേമാരിയില്‍
എന്തുചെയ്യാന്‍..കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കില്ലേ..യാതൊരു
പരിഭവവുമില്ലാതെ അയാള്‍ക്ക് വേണ്ടിയൊരു ഭക്ഷണപ്പാത്രമാകുമ്പോള്‍ പിന്നെയും
ചിന്തിക്കും,ജീവിതമെന്ന പദപ്രശ്നത്തെപ്പറ്റി..ഒരിക്കലും ഉത്തരങ്ങള്‍
ശരിയാവുന്നില്ല..
മകള്‍ മരണപ്പെട്ടത് എത്രനന്നായി.അവര്‍
സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു.ദിനം തോറും അന്യമായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക്
വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം,സ്വപ്‌നങ്ങള്‍ എല്ലാം ഉപ്പേരിക്കെന്നോണം
കഷ്ണിച്ചത്.വ്യസനത്തിന്‍റെ തീമരത്തിനു ചുവട്ടിലിരിക്കാനാണല്ലോ ഈ കണ്ട
അലച്ചിലെല്ലാം നടത്തിയത്.എന്തിനെക്കുറിച്ചായിരുന്നു സമയം കിട്ടിയിരുന്നെങ്കില്‍
എഴുതുക?വ്യര്‍ത്ഥമായ ഈ യാത്രയെക്കുറിച്ചോ?നഷ്ടമായ
ബാല്യത്തെക്കുറിച്ചോ?സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന,കിളികള്‍ ചിലച്ചുകൊണ്ടിരുന്ന
യൌവനത്തെക്കുറിച്ചോ?കിടപ്പില്‍ നിന്നൊരിക്കലും എഴുന്നേല്‍ക്കാതെ ഇരുപതു വയസ്സ് വരെ
തോളിലൊരു പെരുംകല്ല് പോലെ തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ?പരിഗണയോടെ രണ്ടു
വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത മറ്റു മക്കളെക്കുറിച്ചോ?നിങ്ങടമ്മയെ
നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാട് ചെയ്തോ എന്നാക്രോശിക്കുന്ന
മരുമക്കളെക്കുറിച്ചോ?എന്തു മാത്രം പഴകിത്തേഞ്ഞുപോയ വിഷയങ്ങള്‍!
“ഏറ്റം കഠിനമായതും ഇതിന് ഈസി..ജീവിതം
ആഘോഷിക്കൂ!”മുമ്പൊരിക്കല്‍ കണ്ട ഒരു മിക്സിപ്പരസ്യം പൊടുന്നനെ അവരുടെ ഉള്ളിലേക്ക് ഊര്‍ന്നുവീണു.സുന്ദരിയായൊരു
പെണ്ണ് കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഒരു സംഗീതത്തോടെ മിക്സി വളരെവേഗം
അരച്ചെടുക്കുന്നതും..തന്‍റെ പഴയ മിക്സി കൊടുത്ത് അത്തരമൊന്ന് സ്വന്തമാക്കണമെന്ന്
വളരെ ആശിച്ചു.ഒരു ഫാക്ടറിയുടെ ബഹളമാണ് തന്‍റെ മിക്സിക്ക്.ആരവത്തോടെയല്ലാതെ അതൊന്നും
അരച്ചെടുക്കില്ല.മഹാമല ദേഹത്തേക്ക് വീണാലും ചിരിക്കാനാവുക,കടിനയാത്രകളിലെല്ലാം
മൂളിപ്പാട്ട് പാടാനാവുക,ആ മിക്സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്.എന്നാല്‍
ഭര്‍ത്താവിന് സമ്മതമുണ്ടായില്ല.”എന്‍റെ അമ്മ അമ്മീലാ അരച്ചിരുന്നത്.എന്തായിരുന്നു
ആ കറീടെ ഒരു സ്വാദ്!നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ.എന്താപ്പോ ഇവിടെ ഇത്ര പണി?”
“ഹേയ്,ഒരു പണിയുമില്ല..വാക്കുകളെ
ചുരുട്ടിക്കൂട്ടി അയാളിലെക്കേറിഞ്ഞു മകളുടെ അടുത്തെത്തി.ഓ!ദുര്‍ഗന്ധംകൊണ്ട് ആരും
അടുക്കില്ല.അപ്പിയിലും മൂത്രത്തിലും അവളൊരു താമരപോലെ വാടിക്കിടന്നു.ഒരു
ദിവസമെങ്കിലും ഇവളെ ശുശ്രൂഷിച്ചിരുന്നെങ്കില്‍ അയാളാ വിഷം ചീറ്റുന്ന വാക്കുകള്‍
പറയുമോ?ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം
ഉപേക്ഷിച്ചത്.തന്‍റെ ത്യാഗങ്ങള്‍ വെറും വെണ്ണീരും കരിക്കട്ടയുമായി
കുപ്പയിലേക്കെറിയാനുള്ളതോ?ഗള്‍ഫില്‍ നിന്ന് ആങ്ങള വന്നപ്പോള്‍ ആദ്യം
ആവശ്യപ്പെട്ടത് സംഗീതം പൊഴിക്കുന്ന ആ മിക്സി വാങ്ങിത്തരാനാണ്.തന്‍റെ
ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്‍റെ ഒരു നൂല്‍ത്തുണ്ട് നീട്ടി അവന്‍
ചിരിച്ചു-“അന്ന് നിന്‍റെ ഈ കല്യാണം നടത്തേണ്ടിയിരുന്നില്ല.എന്താ ചെയ്യാ,നമ്മുടെ
വിധികള്‍ ആര്‍ക്കു തടുക്കാനാകും?”നാലായിരത്തിയഞ്ഞൂറ് രൂപ കൊടുത്ത് ആ അമൂല്യനിധി
സ്വന്തമാക്കിയപ്പോള്‍ വല്ലാത്ത ആനന്ദമായിരുന്നു.ഓരോ തവണ അരക്കുമ്പോഴും തന്‍റെ
ഉള്ളില്‍ എരിഞ്ഞു പുകയുന്ന കരിങ്കല്ലുകളെയെല്ലാം ജാറിലേക്ക് കുടഞ്ഞിട്ടു.ടാല്‍കംപൌഡര്‍
പോലെ മിനുസപ്പെട്ടു അവയെല്ലാം അവരെ നോക്കി ചിരിച്ചു.പത്തുകൊല്ലത്തോളം ഉറ്റചങ്ങാതിയെപ്പോലെ
അവരോടു സംവദിച്ച മിക്സിയാണ് മകളുടെ മരണത്തെ തുടര്‍ന്ന് വീട്ടുഭരണം ആരൊക്കെയോ
ഏറ്റെടുത്ത ദിവസങ്ങളിലെന്നോ തകര്‍ന്നുതരിപ്പണമായത്.പൊട്ടിക്കിടക്കുന്ന മഞ്ഞള്‍
പുരണ്ട വൃത്തികെട്ട അതിന്‍റെ അവയവങ്ങളിലേക്ക് നോക്കി അവര്‍ വല്ലാതെ വ്യഥപ്പെട്ടു.തന്‍റെ
ജീവിതവും ഒരു സ്ഫടികപാത്രമാണ്.ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു.
അധികദിവസങ്ങള്‍ അവര്‍ക്ക് അമ്മിയില്‍
അരക്കേണ്ടി വന്നില്ല.മരുമക്കള്‍ എന്നേ തള്ളപ്പക്ഷിയെ ഉപേക്ഷിച്ചിരുന്നു.ഒരിത്തിരി
ചമ്മന്തി അരച്ചെടുക്കുമ്പോഴാണ് അവര്‍ക്ക് തലചുറ്റാന്‍ തുടങ്ങിയത്.അതുവരെ കണ്ട
കാഴ്ചകളെല്ലാം അവര്‍ക്ക് മുന്നില്‍ കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു.പിന്നെ ഒരു
നിമിഷത്തിന്‍റെ ഊര്‍ജമൊന്നാകെ അവരെ നിലത്തേക്ക് മറിച്ചിട്ടു.രോഗക്കിടക്ക അവരെ
മുള്ളുകളായ് ആശ്ലേഷിച്ചു.വസന്തം സ്വര്‍ണമത്സ്യങ്ങളായി അവരുടെ ഉള്ളില്‍
പുളച്ചുനീന്തി.ഏതാണ് സത്യം?വിത്തിന്‍റെ മുള പൊട്ടലോ മരത്തിന്‍റെ പൂക്കാലമോ പൂ
കൊഴിയലോ?നരച്ച മുടി പരിഹാസത്തോടെ അവരെ നോക്കി,പിന്നെ കണ്ണിലേക്കും മുഖത്തേക്കും
പാറിവീണു.പേനുകള്‍ തലയില്‍ ഉല്ലസിച്ചു നടന്നു.ഈ കഠിനതയെ ഇനി ഏതു മിക്സിക്കാണ്
അരച്ചു സംഗീതമാക്കാനാകുക?അവര്‍ ചിന്താഭാരത്തോടെ ചരിഞ്ഞുകിടക്കാന്‍
ശ്രമിച്ചു.ശരീരത്തിന്‍റെ ഭാഗമല്ലാത്തപോലെ ഇടതുവശം ഒരു മരക്കഷ്‌ണത്തെ ഓര്‍മിപ്പിച്ചു.എന്തു
ചെയ്യാനെന്‍റെ ദൈവമേ!അവര്‍ ഉരുകിത്തിളച്ച് നിലവിളിച്ചു.കണ്ണീരെന്നോ വിടപറഞ്ഞ
മിഴികള്‍ ചുട്ടുപൊള്ളി.കുമിയുന്ന ഇരുളിന്‍റെ ഇറച്ചിക്കഷ്ണങ്ങളിലേക്ക് അവ ഹതാശരായി
നോക്കിക്കൊണ്ടിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ