പഞ്ഞിമിഠായി .......................................................കഥ
ആങ്ങളയുടെ മകളുമായി ഒരിക്കല്‍ കൂടി ആ പഴയ
വഴിയിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്പനക്കാരനും പഞ്ഞി മിഠായിക്കാരനും
മണിയടികളുമായി അവിടെത്തന്നെയുണ്ടോയെന്നു വെറുതെ നോക്കി.എവിടെ!ലേബര്‍ ഇന്ത്യ തോരണം
പോലെ തൂക്കിയിട്ട വലിയ കടകള്‍,കൂള്‍ ബാറുകള്‍.ഐസ് ക്രീം കഴിച്ചു കൊച്ചു വര്‍ത്തമാനം
പറയുന്ന കൌമാരക്കാര്‍.ഈ ഗ്രാമം എത്രയെളുപ്പമാണ് അതിന്‍റെ ജീര്‍ണവസ്ത്രങ്ങള്‍
വലിച്ചെറിഞ്ഞു പുതുനിറങ്ങളെ വാരിയണിഞ്ഞത്.ഇടതു ഭാഗത്തുള്ള മണ്‍ചുമരുള്ള
കൊച്ചുകടയല്ലാതെ അന്നീ കവലയില്‍ മറ്റൊരു കടയുണ്ടായിരുന്നില്ല.എന്നിട്ടും കടകളില്‍
ഇത്ര തിരക്കുണ്ടായിരുന്നില്ല.പത്തു പൈസക്ക് ഐസും അഞ്ചു പൈസക്ക് മിഠായിയും
കിട്ടിയിരുന്ന അക്കാലം നാണയങ്ങളുടെ കിലുങ്ങിച്ചിരിയായിരുന്നു കൂടുതല്‍.നിശബ്ദരും
ഗൌരവക്കാരുമായ വമ്പന്‍ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര
സുലഭമായിരുന്നില്ല.നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായാണ് കുട്ടികളുടെ കൈകളിലേക്ക്
ബഹളം വെച്ചുകൊണ്ട് ചാടിയിരുന്നത്.പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതെ
ഉണങ്ങിപ്പോയ കാലം..പണം എത്രയെളുപ്പമാണ് ഓരോ നാടിനെയും അതിന്‍റെ ദീനവാര്‍ദ്ധക്യത്തില്‍
നിന്ന് യൌവനത്തിന്‍റെ ശോഭയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.നിറങ്ങളുടെ ഉത്സവമായ
കടകളുടെ നെയിം ബോര്‍ഡുകള്‍,ഉയരങ്ങളില്‍ ചിരിച്ചിരിക്കുന്ന സ്വപ്ന സുന്ദരികളുള്ള
കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍..മദ്രസയിലേക്ക് അരി കൊണ്ടുപോകാന്‍ വരുന്ന ഹൈദറാക്ക
വരാന്തയിലിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ കണ്ണില്‍ ആര്‍ത്തി തുള്ളിക്കളിക്കും.ആ
കഞ്ഞി തന്നെയാണ് ലോകത്തിലെ ഏറ്റവും മുന്തിയ ഭക്ഷണമേന്നോണമാണ് ആസ്വദിച്ചുള്ള
കുടി.കൂടെയുള്ള കൂട്ടാന്‍ കഞ്ഞിയിലേക്കിട്ടു ചുട്ട പപ്പടം ടപ് ടപ് പൊട്ടിച്ചു
തിന്നുമ്പോള്‍ ചൂടിന്‍റെ പരവേശം തീര്‍ക്കാന്‍
തോളിലെ മുണ്ട് വീശിക്കൊണ്ട് പറയും;പൊരിച്ച പപ്പടാണേല് ഹൌ എന്താവും രസം!പൊരിച്ച
പപ്പടും ചൂടുള്ള ചോറും,എന്നാണതൊക്കെ എന്നും കിട്ടാ ഇന്‍റെ പടച്ചോനേ!
ആ തലമുറയെ ദാരിദ്ര്യം വിശപ്പിന്‍റെ കൊടിലുകളാല്‍
പീഡിപ്പിച്ചു.തേങ്ങയും മറ്റു ഭാരങ്ങളുമായി, ഒരു നേരത്തെ ആഹാരത്തിനായ് അവര്‍ അനവധി
ദൂരങ്ങള്‍ കിതച്ചു നടന്നു.കത്തുന്ന വെയിലില്‍ തൂമ്പയുമായി വരണ്ട മണ്ണിനോട് യുദ്ധം
ചെയ്തു.എന്നിട്ടും അനേകം ദുര്‍ഘടങ്ങള്‍ അവരുടെ കാളവണ്ടികളെ
കാത്തിരുന്നു.വാടകക്കാരായിട്ടും ദുനിയാവിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി അന്ന്
ബാല്യം തിരിച്ചറിഞ്ഞിരുന്നില്ല.രാത്രി മദ്രസ വിട്ടു പോകുമ്പോള്‍ അധിക പേരുടെ
കയ്യിലും ഓലച്ചൂട്ടുകളായിരിക്കും.അങ്ങോട്ടുമിങ്ങോട്ടും വീശുമ്പോള്‍ അതില്‍ നിന്ന്
ഒരു ചെങ്കനല്‍ റ കണ്ണുതുറക്കും.ഓടക്കുഴലുകളില്‍ മണ്ണെണ്ണ നിറച്ച സുറൂംകുറ്റികളും
ചിലരുടെ അടുത്തുണ്ടായിരുന്നു.വിശാലമായ സ്കൂള്‍ ഗ്രൌണ്ടിനരികിലൂടെ പോകുമ്പോള്‍
മൂലകളില്‍ നിന്നെല്ലാം പേടിപ്പിക്കുന്ന പല പല ശബ്ദങ്ങള്‍ ഉയരും.പോരാത്തതിന്
ഭയപ്പെടുത്തുന്ന സ്വന്തം നിഴലുകളും..ചങ്കിടിച്ച്,ചുണ്ടു വെളുപ്പിച്ച്
എങ്ങനെയൊക്കെയോ ആ ദൂരങ്ങള്‍ താണ്ടിക്കടക്കും.
പകലാകട്ടെ,ഗ്രൌണ്ട് ഫുട്ബോള്‍ കളിക്കാരുടെ
കയ്യിലായിരിക്കും.വൈകുന്നേരം മദ്രസയിലേക്ക് പോകുമ്പോഴാവും പലര്‍ക്കും പുതഞ്ഞു
കിടക്കുന്ന മണ്ണില്‍ നിന്നു ഇരുപത്തഞ്ചിന്‍റെയും അന്‍പതിന്‍റെയുമൊക്കെ നാണയങ്ങള്‍
കിട്ടുക.കിട്ടുന്നവര്‍ക്കൊക്കെ വലിയ സന്തോഷം;മിഠായി വാങ്ങാലോ..കുട്ടികള്‍ക്ക്
വേണ്ടി മണ്ണ് നാണയങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നതാവും..എന്നും പരതി നടക്കും,ഒരു
പത്തു പൈസ തനിക്കു വേണ്ടിയും മണ്‍വിരലുകള്‍ നീട്ടുമായിരിക്കും.ക്ലേശങ്ങളുടെ ഉരുളന്‍
കല്ലുകള്‍ കൂട്ടിയിട്ട വീട്ടില്‍ നിന്ന് എങ്ങനെയാണ് ഐസ് വാങ്ങാന്‍ പണം
കിട്ടുന്നത്?ശകാരവും തല്ലുമല്ലാതെ എന്താണവിടെ സുലഭമായത്?
ദിനങ്ങള്‍ വേച്ചും,ചിരിച്ചും,ചിണുങ്ങിയും കടന്നു
പോയി.അവിചാരിതമായി ഒരു ഇരുപതു പൈസ കയ്യില്‍ വന്നു ചേര്‍ന്നു.ഇരുപതിനായിരം കിട്ടിയ
ആഹ്ലാദമായിരുന്നു.ചോറ് പോലും നേരെ കഴിക്കാതെ സ്കൂളിലേക്ക് ഓടി.അല്ലെങ്കിലും
ഓടിയാലെ ബെല്ലടിക്കും മുമ്പ് എത്തൂ.കിതച്ചു കിതച്ചു ശ്വാസത്തെ തിരിച്ചു
പിടിക്കാന്‍ ശ്രമിക്കുന്ന തന്‍റെ മുമ്പില്‍ മുച്ചക്ര വണ്ടിയില്‍ ഭരണികളുമായി നീങ്ങുന്ന
ചെറുപ്പക്കാരന്‍.ണിം ണിം ..പശുക്കുട്ടിയെപ്പോലെ അയാളുടെ വണ്ടി ശബ്ദിച്ചു
കൊണ്ടിരുന്നു.”ഐസുണ്ടോ”-ഒരു ജന്മത്തിന്‍റെ കൊതി മുഴുവനും തന്‍റെ ചോദ്യത്തില്‍
പുതഞ്ഞിരിക്കണം.”ഐസല്ല,പഞ്ഞി മിടായി..”
“എത്രയാ”
“പത്തു പൈസക്ക് ദാ ഇത്ര,ഇരുപതു പൈസക്ക് അതിന്‍റെ
ഇരട്ടി..”ആറ്റുനോറ്റു കിട്ടിയ പണം ആ കറുത്ത കൈകളിലേക്ക് ഇടുമ്പോള്‍
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ തോന്നി.ഒരു തുണ്ടു പേപ്പറില്‍ കിട്ടിയ
വെളുത്ത പൊടി ഒന്നാകെ വായിലേക്കിട്ടു.ജന്മം എന്നും ആശിച്ച എല്ലാ മധുരങ്ങള്‍ക്കുമായി
നാവു ചലിച്ചു.ഒരൊറ്റ നിമിഷം കൊണ്ട് മധുരം അലിഞ്ഞു തീര്‍ന്നു.നാവിന്‍റെ സ്ഥായിയായ
കയ്പ് വീണ്ടും വായില്‍ ചവര്‍പ്പ് നിറച്ചു.ചീകാത്ത കുരുത്തം കെട്ട മുടി കണ്ണിലേക്ക്
വീണു അതിനെ കരയിച്ചു.നിരാശയുടെ കൊടുമുടിയില്‍ ഇരുന്ന് ഹിസ്റ്റ്റി ക്ലാസിന്‍റെ അറുബോറന്‍
പിരിയഡിലേക്ക് തുറിച്ചു നോക്കി.”മാമീ,ബബ്ള്‍ഗം മതി എനിക്ക്”-കൂള്‍ ബാറിന്‍റെ
അരികിലേക്ക് നീങ്ങിക്കൊണ്ട് റിയ പറഞ്ഞു.”എന്തേ,ഐസ് ക്രീം വേണ്ടേ?”-ഓര്‍മകളുടെ പര്‍വതത്തില്‍
നിന്ന് പൊടുന്നനെ നിപതിച്ചതിന്‍റെ ഞെട്ടല്‍ മാറാതെ താന്‍
ചോദിച്ചു.”വേണ്ട,മടുത്തു.സ്വീറ്റ്സൊന്നും ഇഷ്ട്ടല്ല ഇപ്പം.ച്യുയിന്ഗം കുറെ
ചവക്കാലോ.കുമിളകളാക്കി പശയാവുമ്പോ ഒരൊറ്റത്തുപ്പ്..അതൊരു കളി പോലെ രസാണ് മാമീ..”
ശരിയാണ്.ഓരോ കാലവും അതിനു യോജിച്ച കുട്ടികളെയാണ്
പ്രസവിക്കുന്നത്.കുമിളകളുടെ നിമിഷഭംഗിയുള്ള വെറും ബന്ധങ്ങള്‍..ച്യുയിന്ഗമായി
ഒരൊറ്റത്തുപ്പിനു വലിച്ചെറിയാം.മധുരത്താല്‍ ഇവര്‍ മടുത്തു പോയിരിക്കുന്നു.ഒരുമ്മ
പെട്ടെന്ന് മുന്നിലെത്തി,ഉമ്മാന്‍റെ പരിചയക്കാരിയവണം.”അല്ലാ,ജ് സൈനുട്ടിക്കാന്‍റെ
മോളല്ലേ?ഒരു പെണ്ണിനെ അവ്ടെ കാര്യം തീര്‍ത്തൂന്നു കേട്ട്,ഇജാണോ അത്?”
ചോദ്യങ്ങള്‍ നടു വളച്ച്,ഉളിപ്പല്ലുകള്‍ കാട്ടി
അസ്ഥികൂടങ്ങളായി ചുറ്റും അലറി.ദേഷ്യം പിടിച്ചെന്തേലും പറഞ്ഞാ കേള്‍ക്കാം;”വെറ്തെ
ആണോ?അപ്പെണ്ണ്‍ നാവ് നീളള്ള സൈസാ..അജ്ജാതീനെ ഏതേലും മാപ്ല കുടീല് നിര്‍ത്തോ?”
ഒരു ചോദ്യത്തിനും മറുപടി പറയാതെ തിരക്കിട്ടു
നടന്നു.റിയ ഒപ്പമെത്താന്‍ ഓടി;”എന്താ മാമീ ആ തള്ള ചോയ്ക്ക്ണ്?എന്താ കാര്യം തീര്‍ക്കാന്നു
പറഞ്ഞാ?”
“ഒന്നൂല്ല “-ഒരു ദീര്‍ഘ നിശ്വാസത്തോടെ വേഗം
നടന്നു.മനസ്സ് പിറുപിറുത്തു;വഴുക്കും പടവുകള്‍-കുട്ടീ,ജീവിതം നിന്നെ
രക്ഷിക്കട്ടെ.പഞ്ഞി മിഠായിയുടെ ഒരു മാത്ര അലിയുന്ന മധുരം പോലും ചിലര്‍ക്ക് ജീവിതം
കൊടുക്കില്ല.തീരാത്ത കയ്പും ചമര്‍പ്പുമല്ലാതെ..തുമ്പികളെയും പൂമ്പാറ്റകളെയും ഒന്നു
നോക്കുക പോലും ചെയ്യാതെ റിയ യുദ്ധരസം നിറഞ്ഞ ഒരു കമ്പ്യൂട്ടര്‍ഗെയിമിനെക്കുറിച്ച്
വാചാലയായി.”ഈ കൊല്ലലൊന്നും അത്ര വല്യ കാര്യോന്നല്ല.ഗെയിമില്‍ എത്ര പേരെയാ ഞാന്‍
ബോംബിട്ടു കൊന്നതെന്നോ..”
ഗാന്ധിജിയുടെ കഥ ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും
അവള്‍ കോട്ടുവായിട്ടു.”മതി മാമീ,ഈ കഥ പറയലൊക്കെ ഔട്ട് ഓഫ് ഫാഷനാ..സ്മാര്‍ട്ട്
ക്ലാസ്സില്‍ സിനിമ പോലെയാ ഞങ്ങള്‍ കഥ കാണുന്നത്.അത് തന്നെ ബോറാ.ഗെയിമാവുമ്പോ എത്ര
പേരെ ഇടിച്ചിടാമെന്നോ?എന്നാലും ശത്രുക്കളെ സൂക്ഷിക്കണം,ഒളിഞ്ഞിരുന്നു ഷൂട്ട്
ചെയ്യും,അല്ലെങ്കില്‍ ബോംബെറിയും.സ്പീഡില്ലെങ്കി നമ്മള്‍ തോറ്റു തൊപ്പിയിട്ടത്
തന്നെ.”ചുറ്റും ശത്രുക്കളെങ്ങാനുമുണ്ടോ എന്ന് ഗൌരവത്തില്‍ നോക്കി നടക്കുന്ന ആ
ബാല്യം എന്നില്‍ അതിശയം നിറച്ചു.എന്‍റെ കുട്ടിക്കാലം ദൂരെയിരുന്നു ഒരു മയക്കച്ചിരി
ചിരിച്ചു,ഒരല്പം പരിഹാസത്തോടെ .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ