Pages

2020 ജൂൺ 29, തിങ്കളാഴ്‌ച

ക്ലീന്‍ കണ്ട്രി [കഥ]



കറുത്തു മെല്ലിച്ച ആ സ്ത്രീ ചവറുകൂനക്കരികെ ആര്‍ത്തിപിടിച്ച കണ്ണുകളോടെ കുറെ നേരമായി തിന്നാന്‍ വല്ലതും ഉണ്ടോയെന്നു തിരയുന്നു. തൊട്ടപ്പുറത്ത് മൂന്നാലു ചാവാലിനായ്ക്കള്‍ വലിയ കീസ്കെട്ടുകളെ മൂര്‍ച്ചയുള്ള പല്ലുകളാല്‍ കടിച്ചുപറിക്കയാണ്. അതില്‍ തീറ്റയവശിഷ്ടങ്ങള്‍ മാത്രമല്ല , ഓരോ വീടും ഉപേക്ഷിക്കുന്ന പാമ്പേഴ്സ് മുതലുള്ള എല്ലാ വേസ്റ്റുകളും ഉണ്ട്. വിശപ്പിന്‍റെ കത്തല്‍ അത്ര മേല്‍ ചെമന്നു നിന്നതിനാല്‍ അവ കെട്ട മണങ്ങളൊന്നും അറിഞ്ഞില്ല. ചീഞ്ഞതാണെങ്കിലും തിന്നാന്‍ കൊള്ളുന്നതെല്ലാം അകത്താക്കിക്കൊണ്ടിരുന്നു.
ആ സ്ത്രീയും അത് തന്നെയാണ് തിരയുന്നത്, ഇത്തിരി ഭക്ഷണം. ജഡ പിടിച്ച മുടി ഇടയ്ക്കിടെ  മുഖത്തേക്ക് വീണ് അവരെ ശല്യം ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം പുളിച്ച തെറി അവര്‍ തുപ്പുന്നുമുണ്ട്. കരുവാളിച്ച മുഖത്ത് അടുത്തൊന്നും വെള്ളം കണ്ടതിന്‍റെ യാതൊരു ലക്ഷണവും ഇല്ല. അഴുക്ക് പിടിച്ച് കറുത്ത പല്ലുകള്‍ , ചേറു പിടിച്ച പാദങ്ങള്‍..പാദരക്ഷകളെ ഒരിക്കല്‍ പോലും ആ കാലുകള്‍ കണ്ടിട്ടില്ല. മുഷിഞ്ഞ സാരിയുടെ മുന്താണി കൊണ്ട് അവള്‍  വയര്‍ പുതച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആ വേസ്റ്റ് കൂന മറ്റൊരു ചോരക്കുഞ്ഞിനെ സ്വീകരിക്കും. ചുമലിലൂടെ തൊട്ടില്‍ പോലെ തൂക്കിയ  തുണിയില്‍ ഒരു പൊടിക്കുഞ്ഞ് ഉറങ്ങുന്നുണ്ട് .
തിരഞ്ഞു തിരഞ്ഞു ഒടുക്കം കടിച്ചീമ്പിയ എല്ലുകളുള്ള  ഒരു ബിരിയാണിപ്പൊതി അവള്‍ക്ക് കിട്ടുന്നുണ്ട്. ചവക്കാന്‍ പോലും ക്ഷമയില്ലാതെ വാരി വിഴുങ്ങിയത് കൊണ്ട് ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. പൂര്‍ണമായ ഒരു പട്ടിണിദിനം കഴിഞ്ഞുപോയത് കൊണ്ട് അവള്‍ക്കാ പൊതി  കിട്ടിയത് തന്നെ വലിയ ആശ്വാസമായി തോന്നി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് കുഞ്ഞ് ഉറങ്ങുകയല്ലേ എന്നുറപ്പ് വരുത്തി അവള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു . ഉഷ്ണത്തിന്‍റെ ആധിക്യം ഇലകളെ തല്ലിക്കൊഴിച്ചിട്ടുണ്ട്. മഴയും മഞ്ഞും വെയിലുമൊന്നും അവള്‍ക്ക് പ്രശ്നമല്ല . തീയില്‍ കുരുത്തത് വെയിലത്ത് എങ്ങനെ വാടാനാണ്?

അപ്പോഴാണ്‌ ഒരു കാര്‍ അവള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടതും അധികാരത്തിന്‍റെ വളര്‍ത്തുനായകളായ രണ്ടു ഉദ്യോഗസ്തര്‍ ചാടിയിറങ്ങിയതും. രൂക്ഷമായ ചോദ്യങ്ങളാല്‍ അവര്‍ അവളെ പ്രഹരിക്കാന്‍ ആരംഭിച്ചു.
“നീ ഏതു നാട്ടുകാരിയാണ്? നിന്‍റെ പേരെന്താണ്?
എനാണ് ഇവിടെ എത്തിയത്? നിന്‍റെ ഭാണ്ഡത്തില്‍ എന്താണ്?
നിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ എവിടെ?
നീ ഇവിടത്തുകാരിയാണ് എന്നതിന് എന്താണ് തെളിവ്?”
ഒന്നിനും ഉത്തരം പറയാതെ ആ സ്ത്രീ അവരെ പകപ്പോടെ തുറിച്ചു നോക്കി. അവളിന്നു വരെ അത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടില്ല. താന്‍ ജനിച്ചു എന്നതിന് ഈ നില്‍ക്കുന്ന താനല്ലാതെ മറ്റെന്താണ്‌ തെളിവ്?

അവളുടെ നോട്ടം അവഗണിച്ചുകൊണ്ട് അതിലൊരാള്‍ മേലധികാരിക്ക് ഡയല്‍ ചെയ്തു –“സാര്‍ , ഇവിടെ കവലയില്‍ സംശയകരമായ നിലയില്‍ മറ്റൊരു നാടോടിസ്ത്രീയെക്കൂടി കിട്ടിയിട്ടുണ്ട്. അവളെ ഊരില്ലാത്തവരുടെ തടവറയിലേക്ക് കൊണ്ടു പോവുകയല്ലേ സാര്‍?”
മറുതലക്കല്‍ നിന്ന് കിട്ടിയ സമ്മതഉത്തരവ്പ്രകാരം  അവളെ അവര്‍ അപ്പോള്‍ അവിടെ പാഞ്ഞെത്തിയ ഒറ്റവാതില്‍ മാത്രമുള്ള നീണ്ട കൂറ്റന്‍ വണ്ടിയിലേക്ക് തല്ലിക്കയറ്റി. വാതില്‍ തുറന്ന മാത്രയില്‍ അതിനുള്ളില്‍ നിന്ന് അനേകരുടെ പ്രാക്കും കരച്ചിലും പുറത്തേക്ക് ചാടി .

“നാടോടികളും അന്യമതക്കാരുമില്ലാത്ത, ഒരേ പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിത്തീരണം നമ്മുടെ നാട്. എല്ലാ അഴുക്കുകളും നീങ്ങിക്കഴിയുമ്പോള്‍ അതെത്രമേല്‍ സുന്ദരമായിരിക്കും അല്ലേ?”
 ഒന്നാമന്‍ പ്രത്യാശയോടെ മറ്റേയാളെ നോക്കി.

“അതെയതെ”- രണ്ടാമന്‍ ഒരു സംസ്കൃതശ്ലോകം ഉരുവിട്ടുകൊണ്ട് തലയാട്ടി.അപ്പോള്‍ വഴിയിലെ കടലാസുകള്‍ ചവച്ചുകൊണ്ട് ഒരു അങ്ങാടിപ്പശു അങ്ങോട്ട്‌ വന്നു. രണ്ടു പെരും മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അതിനെ നമസ്കരിച്ചു. പശു അവരെ നോക്കുക പോലും ചെയ്യാതെ നടന്നുപോയി.
“കഷ്ടം! ഗോക്കളുടെ  അവസ്ഥ കണ്ടില്ലേ? പിന്നെങ്ങനെ നമ്മുടെ നാടിന് ഐശ്വര്യം ഉണ്ടാകും? ഒരു കിലോയോളം കീസ് വയറില്‍ പെട്ട് ഇന്നാളൊരു പശു മരിച്ച വാര്‍ത്ത വായിച്ചില്ലേ? വളര്‍ത്തുന്നവരെയാണ് അടിച്ചു കൊല്ലേണ്ടത്.”- ഒന്നാമന്‍ രോഷത്തോടെ ആക്രോശിച്ചു.

“അതെയതെ , യാഗങ്ങളും ഹോമങ്ങളും വര്‍ണവ്യവസ്ഥയും എല്ലാമുള്ള ആ കാലം തിരിച്ചു വന്നാലേ ഗോക്കള്‍ക്ക് രക്ഷ കിട്ടൂ . പുരാണങ്ങള്‍ എന്തു മാത്രം ശാസ്ത്രീയമാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്. അധ്വാനിക്കേണ്ട മ്ലേച്ഛവര്‍ഗമൊക്കെ വലിയ സുഖിയന്മാരായിപ്പോയി . നമ്മള്‍ മേല്‍ജാതിക്കാര്‍ക്ക് വല്ല പരിഗണനയും കിട്ടുന്നുണ്ടോ? അവര്‍ക്ക് പൂജ്യം മാര്‍ക്കാണേലും സംവരണം, ജോലി.. കലികാലം! കലികാലം..” രണ്ടാമന്‍ ക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചു.

വഴിയിലെ കൂറ്റന്‍ ക്ലോക്കിലേക്ക് അവര്‍ ആവേശത്തോടെ നോക്കി .ആ ഭീമന്‍ സൂചികള്‍ പിറകോട്ട് ടിക്ക് ടിക്ക് ചലിക്കുന്നു. ചേരിയിലെ കുടിലുകള്‍ക്ക് മുമ്പില്‍ അവരുടെ കാര്‍ നിന്നു. പിന്നാലെയെത്തിയ ഒറ്റവാതിലുള്ള കൂറ്റന്‍ വണ്ടിയിലേക്ക് ചുമച്ചു ചുമച്ച് ഓരോരുത്തരായി കയറിത്തുടങ്ങി.
“ക്ലീന്‍ അവര്‍ കണ്‍ട്രി ഫ്രം ഓള്‍ വേസ്റ്റ്സ്. ഈ പദ്ധതി വിജയിക്കും. നമ്മുടെ നാട് ശുദ്ധമാവും . സുന്ദരമാവും ..”ഒരു നഴ്സറി ഗാനം പോലെ ആ വരികള്‍ മൂളിക്കൊണ്ട് അവര്‍ കാറില്‍ ഇരുന്നു . അപ്പോള്‍ ദൂരേന്ന് താടിയും തലപ്പാവുമുള്ള ഒരു വൃദ്ധന്‍ നിരാശയുടെ പടുകുഴിയില്‍ നിന്നെന്നോണം വരുന്നത് അവര്‍ കണ്ടു . ആ വഴിപ്പോക്കന്‍റെ നേര്‍ക്ക് അവരുടെ കാര്‍  ആഹ്ലാദത്തോടെ കുതിച്ചു .
“ഞാനും നീയും വെറും സഞ്ചാരികള്‍ മാത്രം . എന്നില്‍ അധികാരം ചെലുത്താന്‍ നീയാര്? നിനക്ക് വിധേയപ്പെടാന്‍ ഞാനാര്? നമ്മള്‍ വെറും കുമിളകള്‍ .ദുനിയാവ് സ്വന്തമെന്നു കരുതുന്ന വിഡ്ഢികള്‍..” തന്‍റെ നേരെ കുതിക്കുന്ന ദുരന്തം അറിയാതെ ആ വൃദ്ധന്‍ ഒരു കവിത  മൂളിക്കൊണ്ട് പതുക്കെ നടന്നു . 

  

2020 മാർച്ച് 17, ചൊവ്വാഴ്ച

പേരുപുസ്തകം[കഥ ]



എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..
അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .

പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .

ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ അധിപന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത് .കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരനോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങി .

മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .

അന്ന് – കുറെ പേരുടെ പേരുകള്‍ കണ്ടെത്തിയതില്‍ പിന്നെയാണ് അവര്‍ ഒരു കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – “ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .
കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.

ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം –അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല .

നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യപ്രചാരണത്തിന് ഗവര്‍മെന്റിന് സവിശേഷവകുപ്പും ഉണ്ടായിരുന്നു . നല്ല ദിനങ്ങള്‍ വന്നെന്ന് അധിപന്‍ ഇടയ്ക്കിടെ ഓരിയിട്ടു . ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .
അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .

എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുക? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുക? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുക? എന്നാവും നിങ്ങള്‍ ഈ നീണ്ട ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?
നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ...
സ്നേഹപൂര്‍വ്വം .
അഞ്ചു തടവുകാര്‍ ,
ഒപ്പ് ..............................

   

2019 നവംബർ 22, വെള്ളിയാഴ്‌ച

മൈന [കഥ]



 നോമ്പ്കാലത്ത് വീടിന് ഉച്ച വരെ ഉറക്കമാണ്..ഒച്ചയില്ല ,ആളനക്കമില്ല ..കുപ്പക്കുഴികളിലൊന്നും  ഇറച്ചിപ്പൊട്ടോ മീന്‍മുള്ളോ ഇല്ല .ഒത്താല്‍ ഒരു അണ്ണാന്‍കുഞ്ഞ് , അല്ലേല്‍ ഒരു കിളി , ചിലപ്പോ അതുമില്ല ..വിശപ്പ്‌ ചുര മാന്തുമ്പോ, വെറുതെ കറുകപ്പുല്ലിന്‍റെ  ഇളംനാമ്പ് കടിച്ചു ചവയ്ക്കും .കാണുന്നവര്‍ പഴമൊഴി ഒന്നു മാറ്റിപ്പറയും –ഗതി കെട്ടാല്‍ പൂച്ച  പുല്ലും തിന്നും . ഒരു കറുമ്പി ആയതോണ്ടാവും പെട്ടെന്ന് കാണുമ്പോള്‍ ആളുകള്‍ക്കൊരു ഞെട്ടലാണ്. ചുറ്റുവട്ടത്തുള്ള നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ ഒരു നിശ്ചിത കോമ്പൌണ്ടുണ്ട്..അതിരു ഭേദിച്ചാല്‍ കാണാം ഞങ്ങളുടെ തല്‍സ്വരൂപം – വാല്‍ വിടര്‍ത്തി നഖങ്ങള്‍ നീട്ടി മീശ വിറപ്പിച്ച്  ഞങ്ങള്‍ കടിപിടി കൂടും . എന്നാലും മനുഷ്യരുടെയത്ര ചോരപ്രിയരല്ല ഞങ്ങള്‍ .അവര്‍  രക്തം ചിന്താന്‍ പുതിയ പുതിയ ആയുധങ്ങള്‍ കണ്ടു പിടിച്ചുകൊണ്ടേയിരിക്കയാണെന്ന് ദിവസവും ടി വി കാണുന്ന എന്‍റെ കൂട്ടുകാരന്‍ പറയാറുണ്ട്. യുദ്ധങ്ങളുടെ ലൈവ് സീനുകള്‍ കണ്ടു കണ്ട് അവന് ഉറക്കത്തിലൊരു ഞെട്ടിച്ചാടലാണ് ..
ഇന്നലെ കുശാലായിരുന്നു . കോഴിയിറച്ചി എമ്പാടും കടിച്ചു പറിച്ചു .ഇപ്പോള്‍ കുറുക്കന്മാരുമുണ്ട് രാത്രി  വേസ്റ്റ് കുഴിക്കരികില്‍ .

മൈന എങ്ങാണാവോ പോയത് .അവളാണ് ബീവിത്താന്‍റെ പണിക്കാരത്തി .ദൂരേന്ന് എവിടുന്നോ അഞ്ചാറു മാസം മുമ്പ് കൊണ്ടു വന്നതാണ് .ഇപ്പോ ഒരു തമിഴത്തിക്കുട്ടിയെയാ കാണുന്നത് .നല്ല മൊഞ്ചുള്ളോരെ  മാത്രം ഇവര് പണിക്ക് നിര്‍ത്തണത് എന്താണാവോ? കോയക്കയും മോനും നൊമ്പോന്നും എടുക്കില്ല .രാത്രി ഇരുട്ടിയാലേ രണ്ടാള്‍ടേം വണ്ടി വീട്ടിലെത്തൂ . കൂടെ എന്നും ഏതൊക്കെയോ പെണ്ണുങ്ങളും കാണും .നോമ്പ് കാലത്തേലും കുടിക്കല്ലേ മക്കളേയെന്നു ബീവിത്ത നെലോളിക്കണത്  കേള്‍ക്കാം .”തള്ളേ , മുണ്ടാണ്ട് ഇരുന്നോ , ഇവിടെ നടക്കണത് വല്ലതും പോറത്തെറങ്ങ്യാല് തുണ്ടം തുണ്ടമാക്കി കുപ്പക്കുഴീല്‍ക്കിടും , ഇനി പറഞ്ഞിലാ കേട്ടീലാന്ന് മാണ്ട ..”കള്ളില്‍ കുഴമറിഞ്ഞ കോയക്കാന്‍റെ ആക്രോശം അടുക്കളയിലിരുന്നാ തന്നെ കേള്‍ക്കാം . കോയക്കാന്‍റെ പെണ്ണും മകളും തെറ്റിപ്പോയിട്ട് ഒരു കൊല്ലാവാറായി . മൈന എപ്പോഴും വാടിയ പൂവായി ചിരി മറന്നു നടന്നു .വലിയ കണ്ണില്‍ എപ്പഴും സങ്കടങ്ങളാണ് , പാവം .ഒരിക്കല്‍ വേസ്റ്റ് തട്ടുമ്പോ അവളും കുഴിയിലേക്ക് വീണു . കുറെ നേരത്തിന് ആരും വന്നത് തന്നെയില്ല .പിന്നെ ബീവിത്ത ശപിച്ചോണ്ട് പ്രാഞ്ചി പ്രാഞ്ചി വന്നു .ഒരു വിധം പുറത്തെത്തിയപ്പോ അവളാകെ നാറി കറുത്ത് പോയിരുന്നു .

എന്താണാവോ ഇന്ന് കുറുക്കന്മാരുടെ ഒരു പെരുമ്പട ..രണ്ടു ദിവസായി ഒരു ചീഞ്ഞ മണം  ഇവിടാകെ ..റബ്ബര്‍ കാട്ടില്‍ എന്താണാവോ ഉള്ളത് .
ആളുകള്‍ എന്തൊക്കെയാണെന്നോ  പറയുന്നത് .വെട്ടി മുറിച്ചെന്നോ, ചീഞ്ഞിട്ടുണ്ടെന്നോ, ഇത്രേം ചെര്‍യൊരു വാല്യക്കാരത്തീനെ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നെന്നോ ,ഓനും ഉമ്മേം പെങ്ങളും ഇല്ലെന്നോ  ആ കുട്ടീടെ തന്തേം തള്ളീം ഇതെങ്ങനെ സഹിക്കൂന്നോ അങ്ങനെ എന്തൊക്കെയോ ..പോലീസുകാര് ഇടയ്ക്ക് വരുന്നുണ്ടേലും ആരെയും കൊണ്ടു പോയിട്ടൊന്നുമില്ല .പൈസ കൊറെ പൊടിച്ചിട്ടുണ്ടത്രെ ..ബീവിത്ത മാത്രം നെഞ്ച് പൊട്ടി കരയണണ്ട് –“ഇശ്ശെയ്ത്താന്‍റെ തള്ള ആവ്ണേയ്ന്  പകരം ഇന്നങ്ങട്ട് കൊണ്ടെയ്ക്കാളാ പടച്ചോനെ ..അന്‍റെ മോളെ പ്രായള്ള ആ കുട്ടീനെ ..അന്‍റെ മനസ്സ് കരിങ്കല്ലാണോ  പിശാചേ .”.കോയക്ക ബീവിത്താനെ ഒരു റൂമില്‍ പൂട്ടിയിരിക്കാണ്. പോലീസുകാരനോട്‌ പറയണത് കേട്ടു- “അത്തള്ളയ്ക്ക് പ്രാന്താ .തൊറന്നാ ഇങ്ങളേം മാന്തിപ്പൊളിക്കും.”

ആളുകള്‍ ചുളിഞ്ഞ കണ്ണുകളോടെ ചുണ്ട് കൂര്‍പ്പിച്ച് മതിലിനപ്പുറം കുശുകുശുക്കുന്നുണ്ട് . പാവം മൈന! അവളെയാണാവോ തുണ്ടം തുണ്ടമാക്കിയത്.. പൂച്ചക്കെന്താ ണല്ലെങ്കില്‍  ഈ മനുഷ്യരുടെ പൊന്നുരുക്കുന്നേടത്ത് കാര്യം?

2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

ചിതറുംചിന്തകള്‍




ഈ തിരച്ചില്‍ തുടങ്ങിയിട്ട് നാളുകളെത്ര കഴിഞ്ഞു. പ്രളയവും ഉരുള്‍പൊട്ടലും കീഴ്മേല്‍ മറിച്ചിട്ട പ്രദേശങ്ങളില്‍ മയ്യത്തുകളെ തിരഞ്ഞാണ് കുറെ ദിനങ്ങളായി ഞാന്‍ മുരണ്ടുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടു പോയവരെ യഥോചിതം സംസ്കരിക്കണമെന്ന കുടുംബാദികളുടെ ആശങ്കകളാണ് ചുറ്റും കോടയായി മൂടിക്കിടയ്ക്കുന്നത്. ഒരു മാത്രയില്‍ നിശ്ചലരാക്കപ്പെട്ടവര്‍ - മണ്ണിനടിയില്‍ നിന്ന് അവരുടെ ഹൃദയമിടിപ്പുകളാണോ നിലവിളിക്കുന്ന കാറ്റായി ഇപ്പോഴും അലയുന്നത്? വിരുന്നു പോകാനായി കാറിലിരിക്കെ വണ്ടിയോടെ ഭൂമിയിലേക്ക് ആണ്ടു പോയവര്‍ , ടി വി കണ്ടു ചിരിച്ചു കൊണ്ടിരിക്കെ മണ്ണും പാറയും മീതേക്ക് വീണു ശ്വാസം അറ്റ് പോയവര്‍ , മൊബൈലില്‍ കിന്നരിച്ചു കൊണ്ടിരിക്കെ  മലയുടെ അളിഞ്ഞ മുറിവില്‍ നിന്ന് ഒലിച്ചുവന്ന  ചോരയും  പഴുപ്പും കയറിയ ജലത്തില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയവര്‍ ..ആരാണ് തങ്ങളെ അഗാധതയിലേക്ക് അമര്‍ത്തിക്കളഞ്ഞത് എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടും മുമ്പേ ..ഒരു വണ്ടിയുടെ ജീവിതം തന്നെ ഈ മനുഷ്യരുടേതും. ബ്രെയ്ക്ക് ഡൌണ്‍ ആകാന്‍ അധികസമയമൊന്നും വേണ്ട .
ജെ സി ബിക്ക് ചിന്തകള്‍ ഇല്ലെന്നും പുരാണകഥയില്‍ നിന്നെങ്ങോ ഇറങ്ങി വന്ന ഒരു രാക്ഷസനാണ് ഞാനെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം . എന്തു ചെയ്യാം .ചിന്താശേഷിയുണ്ടെന്നു പറയപ്പെടുന്ന മനുഷ്യര്‍ വെറുമൊരു വിഡ്ഢിയെപ്പോലെ ഇരിക്കുംകൊമ്പ് മുറിക്കുമ്പോള്‍ ഞങ്ങള്‍ യന്ത്രങ്ങളെങ്കിലും പുനരാലോചന നടത്തേണ്ടതല്ലേ? ഒരു ആനയുടെ നിസ്സഹായത ഞങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പോലും മദമിളകുന്നവരായി ഞങ്ങള്‍ രൂപാന്തരപ്പെടുന്ന കാലം അതിവിദൂരമല്ല എന്നു തോന്നുന്നു .

എത്ര സങ്കടങ്ങളെയാണ് ഞാന്‍ ഉള്ളിലൊതുക്കുന്നത്! കുന്നുകളെയും മലകളെയും കാര്‍ന്നെടുത്ത് ലോറികളില്‍ കയറ്റുമ്പോള്‍ എന്‍റെ മനസ്സെത്ര കരയുന്നെന്നോ..എന്തു ചെയ്യാന്‍? എന്‍റെ സാരഥി കല്‍പ്പിക്കുന്നതേ എനിക്ക് ചെയ്യാനൊക്കൂ . ഞാന്‍ വെറുമൊരു യന്ത്രമായിപ്പോയില്ലേ?
ഒരിക്കലെങ്കിലും നിയമം തെറ്റിക്കണമെന്നും കൊട്ട പോലുള്ള എന്‍റെ മൂര്‍ച്ചയുള്ള കയ്യില്‍ അവനെ തോണ്ടിയെടുത്ത് നിലത്തടിച്ച് എന്‍റെ അരിശമത്രയും തീര്‍ക്കണമെന്നും ഞാനെത്ര മേല്‍ ആഗ്രഹിക്കുന്നു . ആനയ്ക്ക് പാപ്പാനോട് ഉണ്ടാവുന്ന രഹസ്യമായ വൈരം എനിക്കെന്‍റെ സാരഥിയോടും ഉണ്ട്.

ഇത്ര നാളും ഞാന്‍ കോരിയെടുത്തതിന്‍റെ ഇരട്ടി മണ്ണാണ് മലയില്‍ നിന്നും അടിഞ്ഞിരിക്കുന്നത് . എത്ര ദിവസമായി ഞാനിവിടെ ഇളക്കി മറിക്കുന്നു. ഇതെന്‍റെ പശ്ചാത്താപം കൂടിയാണ്. ഞാന്‍ മൂലം മണ്ണിടിയിലായവരെ തിരഞ്ഞു കണ്ടെത്തുന്ന ഈ ദൌത്യം എന്തു മാത്രം വേദനാജനകമാണെന്ന് നിങ്ങള്‍ക്കൂഹിക്കാമോ? മണ്ണിനു മേലെ അനാഥരായിപ്പോയ പിഞ്ചുകുഞ്ഞുങ്ങള്‍ , പ്രായമായവര്‍ ..

കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് പിടിവിടാത്ത ഒരമ്മയുടെ മണ്ണു തിന്ന മുഖം എന്‍റെ ഉള്ളം പിച്ചിച്ചീന്തുന്നു. ചത്തടിഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ , ആരെയോ തിരയുന്ന പോലെ നിലവിളിച്ചു നടക്കുന്ന ഒരു പൂച്ച ഇതിലെയൊക്കെ ചുറ്റി നടക്കുന്നു ..എന്നെ ഇടയ്ക്കിടെ ഭയത്തോടെ ഉറ്റു നോക്കുന്നു ..

ഒരിക്കല്‍ ഒരു റിസോര്‍ട്ട്നിര്‍മാണത്തിനായി ഒരു കുന്ന് നിരത്തുമ്പോഴാണ് പ്രതിഷേധപരിപാടിക്കാരുടെ ഒരു പ്രസംഗം എന്‍റെ ചെവിയിലേക്ക് ഉരുക്കിയ ഈയമായി വീണത് . “അണുവായുധത്തേക്കാള്‍ ഭീകരമായ കണ്ടുപിടുത്തമാണ് ബുള്‍ഡോസര്‍ . ഭൂമിയെ ആ യന്ത്രം ലോറികളില്‍ കയറ്റാവുന്ന കേവലം മണ്‍ലോഡുകളായി മാറ്റിക്കൊണ്ടിരിക്കുന്നു..” ഹൊ! എത്രയായിരുന്നു ആ വാക്കുകളുടെ ശക്തി. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ വലുപ്പം അന്നാണ് എന്‍റെ ഉള്ളില്‍ തൊട്ടത് .എത്ര കുന്നുകളും മലകളും ഞാന്‍ മൂലം വെറും പൊടിമണ്ണായി. എത്ര പുഴകളുടെ കരകളെ ഞാന്‍ സുഖവാസ മന്ദിരങ്ങള്‍ക്കായി കാര്‍ന്നെടുത്തു..

ഈ തെറ്റുകളെല്ലാം തിരുത്തണമെന്നും ഒരു നന്മയെങ്കിലും ചെയ്യണമെന്നും അതിയായ ആഗ്രഹം തോന്നുന്നു . ഞാന്‍ മൂലം ഇനിയും ഈ നാടിനെ പ്രളയം വിഴുങ്ങരുതെന്നും എനിക്കാശയുണ്ട് . എന്‍റെ ആന്തരാവയങ്ങള്‍ എന്നേക്കുമായി പണിമുടക്കിയെങ്കിലെന്ന് ഞാനെത്ര മോഹിക്കുന്നു . എന്ത് പ്രയോജനം? ഞാനല്ലെങ്കില്‍ വേറൊന്ന് ..നാശത്തിന്‍റെ കൈകള്‍ക്ക് വളര്‍ച്ച കൂടുതലാണെന്നും അത് വെട്ടി മാറ്റാന്‍ നന്മയുടെ കൈ ഇനിയും ഒരു പാട് കരുത്ത് നേടണമെന്നും ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട് . പക്ഷെ , എന്‍റെ തോന്നലുകള്‍ക്ക് എന്താണ് പ്രസക്തി? മനുഷ്യന്‍ എന്ന സങ്കീര്‍ണജീവിയുടെ വെറുമൊരു അടിമ മാത്രമല്ലേ ഞാന്‍ .വെറുമൊരു അടിമ ..