Pages

2020, മാർച്ച് 17, ചൊവ്വാഴ്ച

പേരുപുസ്തകം[കഥ ]



എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..
അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .

പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .

ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ അധിപന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത് .കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരനോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങി .

മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .

അന്ന് – കുറെ പേരുടെ പേരുകള്‍ കണ്ടെത്തിയതില്‍ പിന്നെയാണ് അവര്‍ ഒരു കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – “ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .
കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.

ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം –അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല .

നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യപ്രചാരണത്തിന് ഗവര്‍മെന്റിന് സവിശേഷവകുപ്പും ഉണ്ടായിരുന്നു . നല്ല ദിനങ്ങള്‍ വന്നെന്ന് അധിപന്‍ ഇടയ്ക്കിടെ ഓരിയിട്ടു . ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .
അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .

എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുക? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുക? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുക? എന്നാവും നിങ്ങള്‍ ഈ നീണ്ട ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?
നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ...
സ്നേഹപൂര്‍വ്വം .
അഞ്ചു തടവുകാര്‍ ,
ഒപ്പ് ..............................

   

2 അഭിപ്രായങ്ങൾ:

  1. കാലാന്തരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ജീവിതചര്യയുടെ തുറന്നുകാട്ടലാണ് ഈ കഥ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. "അക്ഷരത്തെറ്റിന്‍റെ ,കൊല്ലം മാറിയതിന്‍റെ,അപ്പൂപ്പന്‍റെ ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് " ആശംസകൾ.

    മറുപടിഇല്ലാതാക്കൂ