Pages

2019 മേയ് 3, വെള്ളിയാഴ്‌ച

ജീവിതമല്ലിത് കഥ



ഭര്‍ത്താവ് :- ഉള്ളത് പറയാലോ , മിഥ്യയില്‍ നിന്ന് നിതാന്ത
സത്യത്തിലേക്ക് എത്തിയപ്പോള്‍ മാത്രമാണ്  ഭൂമിയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ പലതിലും ഒളിച്ചുവെക്കപ്പെട്ട മറ്റു ചിലതു കൂടി ഉണ്ടായിരുന്നു എന്നു മനസ്സിലാവുന്നത് .ഞാനെന്തു മാത്രം നിഷ്കളങ്കനും വിഡ്ഢിയുമായിരുന്നു . ആത്മാവ് ഒരു നീലവെളിച്ചമായി മൃതശരീരത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുമ്പോഴും അവള്‍ ബോഡിയുടെ നെഞ്ചത്ത് തല തല്ലി അലമുറയിടുമ്പോഴും അറിഞ്ഞില്ല , എല്ലാം നാടകമാണെന്ന് . ഇഷ്ടപ്പെട്ട പുട്ടും കടലയും അന്ന് രാവിലെ കഴിച്ചപ്പോള്‍ വല്ല ദുസ്വാദും ഉണ്ടായിരുന്നോ? ഓര്‍ക്കുന്നില്ല .അവളുടെ ചിരിവര്‍ത്തമാനങ്ങളിലായിരുന്നു ശ്രദ്ധ. അവള്‍ അന്ന്, ആ തെളിഞ്ഞ പ്രഭാതത്തില്‍, വളരെ ഉല്ലാസവതിയായിരുന്നു. വസന്തം എങ്ങും പൂക്കളെ വാരി വിതറിയിരുന്നു .കിളികളുടെ കളകൂജനം എങ്ങും അലയടിച്ചിരുന്നു . ഹൊ! മറ്റേതു ദിനത്തേക്കാളും ഞാനാ പ്രഭാതത്തെ എന്തു മാത്രം ഓര്‍മ്മിക്കുന്നു..കുഞ്ഞുങ്ങള്‍ രണ്ടു പേരും നിലത്തിരുന്ന് കളിപ്പുണ്ടായിരുന്നു. അവരുടെ നേരെ നീട്ടിയ ഉരുളകളെ സ്നേഹപൂര്‍വ്വം പിന്മടക്കി അവള്‍ കൊഞ്ചി , “എട്ടന് ഓഫീസില്‍ പോകണ്ടേ , അവര്‍ക്കൊക്കെ ഞാന്‍ കൊടുത്തു ..” ആ ഉരുള അവര്‍ കഴിച്ചിരുന്നെങ്കില്‍! ഈ കഷ്ടപ്പാടൊന്നും അവര്‍ക്ക് അനുഭവിക്കേണ്ടിയിരുന്നില്ല..

കൈ കഴുകുമ്പോഴാണ് ഭീമമായ എന്തോ ഒന്ന് വയറില്‍ നിന്ന് ഉരുണ്ടു കയറി തൊണ്ടയെ ഞെരിച്ചത് .വലിയ ശബ്ദത്തോടെ ഛര്‍ദിച്ചപ്പോള്‍ അവള്‍ വേവലാതിയോടെ ഓടിയെത്തി , “എന്തു പറ്റി ഏട്ടാ?” പുറം തിരുമ്മുമ്പോള്‍  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .ചുണ്ടുകള്‍ വിറച്ചിരുന്നു . “നീ വിഷമിക്കാതെടീ , അത് ഗ്യാസാവും .” ഞാന്‍ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു . “ഞാന്‍ കാര്‍ എടുക്കാം .ഹോസ്പിറ്റലില്‍ പോകാം ഏട്ടാ.” അവള്‍ ഡ്രൈവിംഗ് പഠിച്ചതെത്ര നന്നായെന്ന് ആ അവശതയിലും ഞാനോര്‍ത്തു . അവള്‍ എന്‍റെ അരുമയായിരുന്നു . എന്‍റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന വെള്ളപ്പൂച്ചക്കുട്ടി. എന്തു ഭംഗിയായിരുന്നു അവള്‍ക്ക് .എത്ര കുറച്ചേ ഞങ്ങള്‍ വഴക്കായിട്ടുള്ളൂ ..പക്ഷേ ഒരിക്കലും  എനിക്കവളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..

കാറില്‍ ചാരിയിരുന്നതേ ഓര്‍മയുള്ളൂ .അറിഞ്ഞിരുന്നില്ല, എല്ലാം പൂര്‍വനിശ്ചിതങ്ങളായ തിരക്കഥകള്‍ ആണെന്ന് .ഒരു നീളന്‍ സിനിമയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന്. ആയുസ്സിന്‍റെ നാല്പ്പതാം പടവില്‍ പോലും ഞാനെത്തിയിരുന്നില്ല . എന്‍റെ ഓമനക്കുഞ്ഞുങ്ങളെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല . ലാളിച്ചു മതിവന്നിരുന്നില്ല . എന്‍റെ അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു ഞാന്‍ ..അവര്‍ക്ക് വായ്ക്കരിയിടേണ്ടവന്‍.. അമ്മേ! അച്ഛാ!

അനന്തമായ വെള്ളപ്പാളികള്‍ക്കിടയിലൂടെ പതുക്കെ ഉരസിക്കളിക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ്‌ എന്‍റെ മകന്‍ അവന്‍റെ കുഞ്ഞ്ചിറകാല്‍ എന്നെ തൊട്ടത്. വിട്ടു പോയ പിഞ്ചുശരീരം അനുഭവിച്ച തീരാവേദനകള്‍ അവന്‍റെ നനുത്ത  ആത്മാവ് ഇപ്പഴും ഓര്‍മ്മിക്കുന്നു .ഇടയ്ക്കിടെ ഞെട്ടി വിറയ്ക്കുന്നു . രണ്ടാനച്ഛന്‍റെ ഇരുമ്പുകൈകള്‍ അവന്‍റെ ദേഹത്ത് കോറി വരച്ച മുറിവുകള്‍ , ചുവന്ന തിണര്‍പ്പുകള്‍..സിഗരറ്റ് കൊണ്ട് പൊള്ളിച്ച കുമിളകള്‍ ..ഈശ്വരാ! ഞാനൊന്ന് അടിക്കപോലും ചെയ്യാതിരുന്ന എന്‍റെ കുഞ്ഞുങ്ങള്‍  വന്യമൃഗങ്ങല്‍ക്കിടയിലാണല്ലോ പെട്ടു പോയത് .അവരെ പട്ടിണിക്കിടുന്ന , അവരെ കുത്തിച്ചതയ്ക്കുന്ന കല്ലുമനുഷ്യര്‍ക്കിടയില്‍ ..എന്‍റെ ദൈവമേ ..എന്‍റെ മൂത്ത കുഞ്ഞ് ..അവനെത്ര ചെറുതായിരുന്നു , എന്നിട്ടും അവന്‍ ഒറ്റയ്ക്കാണ് കുളിച്ചിരുന്നത് ,അനിയനെ കുളിപ്പിക്കുന്നതും അപ്പിയിട്ടാല്‍ വൃത്തിയാക്കുന്നതും ഒക്കെ അവനായിരുന്നു .അവനെന്തറിയാം ..കുഞ്ഞല്ലേ അവന്‍ ..വെറും ആറു വയസ്സുള്ള  ആ കുഞ്ഞുനാളത്തെ അവരെന്തിനാണ് ഊതിക്കെടുത്തിയത്?

മകന്‍  :- ഒന്നാം ക്ലാസിലായിരുന്നു ഞാന്‍. പപ്പാ പോയ ശേഷം അത് മൂന്നാമത്തെ സ്കൂളായിരുന്നു . “ആരാ നിന്‍റെ മക്കളെ ഫീസ്‌ കൊടുത്ത് പഠിപ്പിക്കാന്‍? അവരിപ്പോ കലക്ടര്‍ ആവാന്‍ പോവല്ലേ “ എന്ന് അമ്മയോട് കലഹിച്ചാണ് അയാള്‍ എന്നെ ഗവര്‍മെന്‍റ് സ്കൂളിലേക്ക് മാറ്റിച്ചത്. ടീച്ചര്‍മാര്‍ക്കൊക്കെ എന്തിഷ്ടായിരുന്നു എന്നെ. “അവനെ കണ്ടോ, എത്ര നന്നായാ ചിത്രം വരയ്ക്കുന്നത് , എന്ത് നല്ല കുട്ടിയാ അവന്‍” എന്നൊക്കെ ടീച്ചര്‍മാര്‍ എന്നെപ്പറ്റി കുട്ടികളോട് പറയും. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന എന്നോട് ടീച്ചര്‍മാര്‍ ഇടയ്ക്കിടെ ചോദിക്കും എന്താണ് പ്രശ്നമെന്ന് . പേടിയായിരുന്നു . അയാളെപ്പറ്റി എന്തേലും ആരോടേലും പറഞ്ഞാല്‍  കൊന്നുകളയും എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത് .അയാളെ അച്ഛാ എന്നു വിളിക്കാത്തതിന് എത്രയാ ഞങ്ങളെ തല്ലിയത്.അയാളെങ്ങനെ ഞങ്ങളുടെ പപ്പയാവും? പപ്പാ ഞങ്ങളെ ഒരിക്കലും അടിച്ചിരുന്നില്ല .ഒരിക്കലും  കുടിച്ചിരുന്നില്ല .സിഗരറ്റ് വലിച്ചിരുന്നില്ല. .എത്ര മിട്ടായിയും ബിസ്ക്കറ്റും കളിക്കോപ്പുകളും വാങ്ങിത്തന്നിരുന്നു പപ്പാ . ഇപ്പോ ഒരു ബിസ്ക്കറ്റിന്‍റെ കഷ്ണം പോലും ആരും തരുന്നില്ല .എത്ര പഴകിയ ഡ്രസ് ഇട്ടോണ്ടാ ഞാന്‍ സ്കൂളില്‍ പോയിരുന്നത് .ബാഗ് അവിടവിടെ കീറിയിരുന്നു .സിബ് വിട്ടിരുന്നു അയാളോട് എന്തേലും ആവശ്യപ്പെട്ടാല്‍ കടിച്ചു കീറാന്‍ വരും ..പാരന്റ്സ്‌ മീറ്റിങ്ങിനു എത്ര തവണ ടീച്ചര്‍ വരാന്‍ പറഞ്ഞയച്ചു .ആരോട് പറയാന്‍ .പപ്പാ പോയതോടെ ഞങ്ങളെ വേണ്ടാതായ അമ്മയോടോ? സദാ കണ്ണ്‍ ചുവപ്പിച്ച് തല്ലാന്‍ നില്‍ക്കുന്ന അയാളോടോ? ടീച്ചര്‍ പറഞ്ഞിരുന്നു ഒരൂസം വീട്ടില്‍ വരുമെന്ന് .
അമ്മ പേടി കൊണ്ടാവും ഞങ്ങളെ തല്ലി കൊല്ലാനാക്കിയാലും ഒന്നും മിണ്ടാതിരുന്നത് . ഒരു തുള്ളി കണ്ണീര്‍ പോലുമില്ലാതെ അപരിചിതരെപ്പോലെ ഞങ്ങളെ നോക്കിയത് .പപ്പാ പോയതോടെ അമ്മയ്ക്ക് എന്താവും പറ്റിയത്? ഞങ്ങളെ എന്തിഷ്ടമായിരുന്നു അമയ്ക്ക് . പപ്പാ പോയ സങ്കടമാവും അല്ലേ?

നാല് വയസ്സുള്ള വാവയ്ക്കും കിട്ടിയിരുന്നു അടിയും ഇടിയും ഒക്കെ .അവന്‍ പാവം!  അലറി നിലവിളിക്കും .ഒരൂസം ഉറക്കെ കരയുന്ന അവന്‍റെ വായിലേക്ക് അയാള്‍ ഒരു തുണിക്കഷ്ണം കുത്തിത്തിരുകിക്കൊണ്ട് ആക്രോശിച്ചു –“ഒറ്റച്ചവിട്ടിനു കൊന്നു കളയും ശവമേ..”

അവര്‍ പാതിരാക്ക് വന്നു ബെല്ലടിച്ചപ്പോ സമയം എത്രയായിരുന്നൂന്നൊരു  നിശ്ചയവുമില്ല .കസേര നിരക്കി നീക്കി കുറ്റി തുറന്നപ്പോഴേക്കും അയാള്‍ വാതില്‍ തള്ളിത്തുറന്നു .കസേരയടക്കം ഞാന്‍ മറിഞ്ഞു വീണത് ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാളും അമ്മയും ആടിയാടി റൂമിലേക്ക് നടന്നു .ഈയിടെയായി അമ്മയും കുടിക്കുന്നുണ്ട് .വീണേടത്ത് നിന്നും തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും ഒരു തൊഴി എന്നെ ബോള്‍ കണക്കെ ചുമരിലേക്ക് അടിച്ചു തെറിപ്പിച്ചു . “ശവമേ , നിന്‍റെ അനിയനെ മൂത്രമൊഴിപ്പിച്ചേ കിടത്താവൂന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് .അവന്‍ ബെഡ് മൂത്രത്തില്‍ മുക്കിയത് കണ്ടോ..”ഞങ്ങള്‍ സിറ്റിംഗ് റൂമില്‍ പഴയൊരു ബെഡില്‍ നിലത്തായിരുന്നു കിടക്കാറ്.അവരുടെ റൂമില്‍ ഞങ്ങള്‍ കേറാറുമില്ല..ഒരു കാരണം കിട്ടിയ സന്തോഷത്തോടെ അയാളെന്നെ നിലത്തിട്ടു ചവിട്ടി ഞെരിച്ചു . ബഹളം കേട്ടു ഉണര്‍ന്ന വാവ നിലവിളിച്ചുകൊണ്ട് അയാളെ തടുക്കാന്‍ ശ്രമിച്ചു .അയാളവനെ ദൂരേക്ക് തട്ടിയെറിഞ്ഞു .അവന്‍ ബോധം കെട്ടുകാണും .അമ്മ ഉറങ്ങുകയാണോ ? അമ്മേ അമ്മേന്ന് ഞാന്‍ പ്രാണവേദനയോടെ കരഞ്ഞിട്ടും ഒരു മറുപടിയും ഉണ്ടായില്ല .ക്രൌര്യം ചുവപ്പിച്ച കണ്ണുകളോടെ അയാള്‍ വീണ്ടും അടുത്തെത്തി .ഒരു പ്രാണിയെയെന്നോണം എന്നെ തൂക്കിയെടുത്തു. പിന്നെ ചുമരിലേക്ക് ആഞ്ഞെറിഞ്ഞു .തല പിളരുന്ന ശബ്ദമാവാം ഞാനവസാനം കേട്ടത് .ചോരയുടെ പശയുള്ള ചൂടാവണം എന്നെ തൊട്ടത്. ആ വേദനയുടെ ആഴം! അതെന്നെ ബോധക്കേടിന്‍റെ പൊട്ടക്കിണറ്റിലേക്കെറിഞ്ഞു. പിന്നെ ..പിന്നെ..

എന്‍റെ വാവയ്ക്ക് എന്തേലും പറ്റിയോ ആവോ .ഞങ്ങളന്ന്‍ ഒന്നും കഴിച്ചിരുന്നില്ല .സ്കൂള്‍ ഉണ്ടായിരുന്നേല്‍ അവിടുന്ന്‍ കിട്ടുന്നത് വാവയ്ക്കും കൊടുക്കാമായിരുന്നു .ഞങ്ങളെ ഒറ്റയ്ക്കാക്കി കറങ്ങാന്‍ പോവല്‍ അയാളുടെയും അമ്മയുടെയും പതിവായിരുന്നു . ഹോട്ടലില്‍ നിന്ന് തിന്ന് കുടിച്ച് കാലുറയ്ക്കാതെ വന്ന അവര്‍ ഒരിക്കലും ചോദിച്ചില്ല , ഞങ്ങള്‍ എന്തേലും കഴിച്ചോ എന്ന്. അടുക്കളയില്‍ ഒരു ബിസ്ക്കറ്റ് പോലും കാണില്ല .ക്ലാസില്‍ കുട്ടികളുടെ സ്നാക്ബോക്സില്‍ നിന്ന് എത്ര തവണ കട്ട് തിന്നാന്‍ തോന്നിയിട്ടുണ്ടെന്നോ .പപ്പയെ കരുതി ഞാനാ വിചാരത്തെ അമര്‍ത്തും. കക്കുന്നവര്‍ ചീത്തയാണെന്ന് പപ്പാ പറഞ്ഞിട്ടുണ്ട് .എത്ര പട്ടിണിദിനങ്ങള്‍ ..പപ്പാ ആകാശത്തു നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും .എന്തിനായിരിക്കും ഞങ്ങളെ ഏതു നേരവും തല്ലുന്ന ആ ദുഷ്ടനെ അമ്മ കൂട്ടാക്കിയത്?

ഭാര്യ  :-അമ്മയുടെയും അച്ഛന്‍റെയും വഴക്കിലേക്കാണ് ഞാന്‍ പിറന്നു വീണത് .ഓര്‍മ എത്തിയതില്‍ പിന്നെ അവരുടെ കശപിശയേ കണ്ടിട്ടുള്ളൂ .ശരിക്ക് ധാരണ ഉറച്ചപ്പോഴേക്കും വിവാഹമോചനത്തിലൂടെ അവര്‍ പരസ്പരം രക്ഷപ്പെട്ടിരുന്നു .ചെറുതാവുമ്പോ ക്ലാസിലെ കുട്ടികളെപ്പോലെ സ്നേഹമുള്ള അച്ഛനെയും അമ്മയെയും എവിടുന്നെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ചിരുന്നു .മനുഷ്യബാല്യം മാത്രം നെടുനാള്‍ മറ്റുള്ളവരുടെ ആശ്രയത്തില്‍ ആണല്ലോ .അത്  ചുടുന്ന വെയിലാണെങ്കിലും സഹിക്കതന്നെ ..നിരന്തരം തര്‍ക്കിച്ചും പോരടിച്ചും അച്ഛന്‍റെ സ്നേഹം നേടാം എന്നാവാം അമ്മ കരുതിയത് ,ഈ ഭൂമിയില്‍ സ്നേഹം എന്നൊന്നില്ലെന്ന് മനസ്സിലാവാന്‍ എത്ര കാലമെടുത്തു .ഓരോരുത്തരും മടുപ്പോടെ തങ്ങളുടെ വേഷങ്ങള്‍ ആടിത്തീര്‍ക്കുന്ന ഒരു കോമാളിനാടകം .
അമ്മ ദൂരെ ജോലിസ്ഥലത്തായതിനാല്‍ അമ്മൂമ്മയുടെ കൂടെ തറവാട്ടിലായിരുന്നു എന്‍റെ ജീവിതം .ആരോടും കൂട്ടില്ലാതെ , എല്ലാവരോടുമുള്ള പകയും വെറുപ്പും എന്‍റെ ഉള്ളിലേക്ക് തന്നെ തുപ്പിക്കൊണ്ട് ഞാന്‍ കഴിഞ്ഞു പോന്നു .ക്ലാസില്‍ ഒന്നാംസ്ഥാനക്കാരിയായിട്ടും ആരും അഭിനന്ദിക്കാന്‍ ഉണ്ടായിരുന്നില്ല .അമ്മയാകട്ടെ മറ്റൊരു വിവാഹത്തിന്‍റെ കൂടാരത്തില്‍ എത്തിപ്പെട്ടിരുന്നു .അത്രമേല്‍ ഒറ്റയ്ക്കായ ഒരു പെണ്‍കുട്ടി ..ഏകാന്തതയുടെ ചിതല്‍പുറ്റ് എനിക്ക് ചുറ്റും കൂടുതല്‍ ദൃഡമായി. ആരെങ്കിലും അതിലൊന്ന് തട്ടിയാല്‍ മതി , ഞാന്‍ പത്തി വിടര്‍ത്തി ചീറ്റാന്‍ ..പകയായിരുന്നു മനസ്സിന്‍റെ അടുപ്പില്‍ ഏതു നേരവും തിളച്ചു പൊങ്ങിയത് . ആരെയും എനിക്കിഷ്ടമായിരുന്നില്ല , ആരെയും ..

ഒരുപാട് നേര്‍ച്ചകള്‍ക്ക് ശേഷമാണ് ആദ്യകുഞ്ഞ്‌ പിറന്നത് .ഭര്‍ത്താവ് നല്ലവനായിരുന്നു .എന്നോട് രമ്യതയിലായിരുന്നു . എന്നിട്ടും ഉള്ളിന്‍റെയുള്ളില്‍ ഒരു അകല്‍ച്ച തോന്നിയിരുന്നു എപ്പോഴും . എനിക്ക് തുല്യതയുള്ള ഒരാള്‍ വേണമായിരുന്നു , പോരടിക്കാന്‍ , പകയോടെ സ്നേഹിക്കാന്‍ ..തണുത്ത ജലം പോലെയുള്ള മനുഷ്യരെ വെറുപ്പായിരുന്നു എനിക്ക് ..യാതൊരു അനക്കവുമില്ലാതെ കെട്ടിക്കിടയ്ക്കുന്ന വെള്ളം എന്തിനു കൊള്ളാം ..വെള്ളം എപ്പോഴും ഓജസ്സോടെ ഒഴുകണം ..അതാണ്‌ അതിന്‍റെ ജീവന്‍ ..പാമ്പിന്‍റെ സ്നേഹമാവാം ഞാനാശിച്ചത്, വിഷപ്പല്ല് ഉള്ളിലൊതുക്കി പ്രേമത്തോടെ ചുറ്റി വരിയുന്ന കരിമൂര്‍ഖന്‍ ..

അയാള്‍ മരിക്കുന്നതിനു മൂന്നു മാസം മുമ്പേ ഞങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു . ഏട്ടന്‍റെ മധുരമുള്ള മെസേജുകളും കോളുകളും എന്നെ ശര്‍ക്കരഭരണിയില്‍ പെട്ട ഈച്ചയെപ്പോലെ ഉന്മത്തയാക്കി . സ്നേഹത്തേന്‍ എന്‍റെ ഉള്ളില്‍ ഒഴുകി നിറഞ്ഞു .മുന്നിലുള്ള പ്രതിബന്ധത്തെ ചൊല്ലിയായിരുന്നു ഏട്ടന്‍  എപ്പോഴും വഴക്കടിച്ചത് .ഹാര്‍ട്ട് അറ്റാക്ക് എന്ന മാന്ത്രികവാക്ക് എന്തു വലിയൊരു കള്ളത്തെയാണ് പൊതിഞ്ഞു പിടിച്ചത് .ഇരുള്‍ പല അസത്യങ്ങളെയും മൂടി വെക്കുമ്പോലെ...ഈശ്വരാ ..ഒന്നും വേണ്ടിയിരുന്നില്ല ..

പരസ്പരം വേദനിപ്പിക്കല്‍ ഞങ്ങള്‍ക്ക് രസമായിരുന്നു . ഞങ്ങള്‍ സാഡിസ്റ്റുകള്‍ ആയത് കൊണ്ടാണോ അത്? അങ്കക്കോഴികളെപ്പോലെ ഞങ്ങള്‍ പോരടിച്ചു . അതിനിടെ കോഴിക്കുഞ്ഞുങ്ങളെ ആര് ശ്രദ്ധിക്കാന്‍? അവയെ കൊത്തിയാട്ടാനായിരുന്നു ഏട്ടന്‍ എപ്പോഴും ശ്രമിച്ചത് . “ശല്യങ്ങള്‍ , അവരുടെ പേരില്‍ നിന്‍റെ കിഴങ്ങന്‍ ഭര്‍ത്താവ് ഇട്ടതെല്ലാം എന്‍റെ കയ്യില്‍ എത്തിയില്ലേ? ഇനിയും എന്തിനാണ് അവരെ തൂക്കി നടക്കുന്നത്? ഒന്നുകില്‍ നിന്‍റെ വീട്ടില്‍ വിട് , അല്ലേല്‍ എവിടേലും കൊണ്ട് കള..”ഏട്ടന്‍ കലി തുള്ളിക്കൊണ്ട് ഏതു നേരവും പറഞ്ഞോണ്ടിരിക്കും . കോഴിക്കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ അധികം സ്ഥലം വേണ്ടല്ലോ , കുറെ ഭക്ഷണവും വേണ്ട ..അതായിരുന്നു എന്‍റെ ചിന്ത .എങ്ങനേലും വളര്‍ന്നുകൊള്ളും..

അവരെ തല്ലിച്ചതച്ചാല്‍ പിന്നെ ഏട്ടനൊരു തത്വം പറച്ചിലുണ്ട് –“ഈ ലോകം അത്ര സുഖം ഒന്നും ഉള്ളതല്ല എന്നു നിന്‍റെ മക്കള്‍ മനസ്സിലാക്കണം .അങ്ങനൊരു തിരിച്ചറിവോടെ വളരണത് വളരെ നല്ലതാ .” ശരിയാവാം .അലമുറയിടുന്ന അവരെ നോക്കിക്കൊണ്ട് ഞാന്‍ ചിന്തിക്കും .രാപ്പകലെന്നില്ലാതെ മക്കളെ ഒറ്റയ്ക്കിട്ട് പോകുന്നതിനും എട്ടന് ന്യായമുണ്ട് –“നല്ല ധൈര്യത്തില് വളരാന്‍ ഇതൊക്കെ വേണം . ആദ്യമൊക്കെ ഇരുളില്‍ ആരൊക്കെയോ നില്‍പ്പുണ്ടെന്ന് തോന്നും .കഠിനമായി പേടിക്കും .പേടിച്ചു പേടിച്ചേ ആ പേടി മാറൂ . ചെറുതാവുമ്പോ അമ്മേം അച്ഛനും എത്ര തവണ എന്നെ ഒറ്റയ്ക്കാക്കിയിട്ടുണ്ട് .എന്നിട്ട് എനിക്കെന്തേലും പറ്റിയോ?  ലാഭങ്ങള്‍ മാത്രമല്ലേ മൊത്തം. നിന്‍റെ കഴുത്തില്‍ ഒരു താലി പോലും കെട്ടാതെ തന്നെ നിന്‍റെ മക്കടെ പേരിലുള്ള പണം എന്‍റെ കയ്യില്‍ എത്തിയില്ലേ? നീയറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ എന്‍റെ ഉള്ളിലുണ്ട് .ആത്മഹത്യകള്‍ , കൊലകള്‍ , അതിലെല്ലാം എന്‍റെ ചരടുവലികള്‍ ..ഒന്നും നീയറിയില്ല .” അത് പറഞ്ഞയാള്‍ എന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു . കൊല്ലുകയാണെന്നാണ് ഞാന്‍ കരുതിയത് .എന്നേലും കൊല്ലപ്പെടാം എന്നതിന്‍റെ സൂചനയായിരുന്നു അത്.

എന്‍റെ മൂത്ത കുഞ്ഞ് മരിച്ചതിന് ഫെയിസ് ബുക്കും വാട്സ് ആപ്പും യു ട്യൂബുമൊക്കെ എന്തിനാണ് നിലവിളിക്കുന്നത്? എനിക്കില്ലാത്ത ദെണ്ണം അവര്‍ക്കെന്തിനാ? ചെറുപ്പത്തില്‍ അമ്മാമന്മാര്‍ എത്ര അടിച്ചു എന്നെ .അമ്മൂമ്മ എത്ര വഴക്ക് പറഞ്ഞു .ആരേലും ഉണ്ടായിരുന്നോ എനിക്ക് വേണ്ടി ന്യായം പറയാന്‍ . ഞാന്‍ പ്രസവിച്ച മക്കളില്‍ നാട്ടുകാര്‍ക്കെന്താണ് കാര്യം?

ആദ്യമൊക്കെ എന്തു സ്നേഹായിരുന്നു എട്ടന് മക്കളോട് . എപ്പഴും അവരുടെ ഫോട്ടോ എടുക്കലും എഫ് ബിയില്‍ ഇടലും ..എന്തു ഭംഗിയാ നിന്‍റെ മക്കളെന്നു മുമ്പെത്ര തവണ പറഞ്ഞിരുന്നു .ഞാന്‍ സ്നേഹിച്ച ആ മനുഷ്യന്‍ തന്നെയോ ഇത്? ആ അട്ടഹാസങ്ങള്‍ രാക്ഷസസ്വരം പോലുണ്ട് . ശരിക്കും വിശ്വസിച്ചിരുന്നു , സ്നേഹമെന്നാല്‍ അയാളാണെന്ന് . മരവിച്ചു പോയി മനസ്സ് .ഈ അനീതികള്‍ , ഈ ഭേദ്യങ്ങള്‍ , മരുഭൂപോലുള്ള ജീവിതം ..ഒന്നു കരഞ്ഞിട്ട് കാലമെത്രയായി ..ഹൊ! ദൈവമേ!

സാക്ഷി :-മൂന്നു തുണ്ടം തുണിയില്‍ പൊതിയപ്പെടാന്‍ വേണ്ടിയാണോ ആ കുഞ്ഞ് ഇത്രയും വേദനകളും യാതനകളും സഹിച്ചത്?അവന്‍റെ ബുക്കില്‍ അവന്‍ വരച്ച എത്ര ചിത്രങ്ങളാണ് .അവര്‍ക്ക് ഉമ്മ കൊടുക്കുന്ന , ചോറ് കൊടുക്കുന്ന , കുളിപ്പിക്കുന്ന അവരുടെ പപ്പയുടെ രൂപം അവന്‍റെ പെന്‍സില്‍ കുത്തി വരച്ചത് എത്ര വടിവിലാണ് . . .പിന്നെ പപ്പയോടൊപ്പം നില്‍ക്കുന്ന ,പഴകിത്തുടങ്ങിയ കുറെ ഫോട്ടോകള്‍ .പിറന്നാളിന് കേക്ക് മുറിക്കുന്നത് , ടൂര്‍ പോകുന്നത് ,ചോറൂണിന് എടുത്തത് ,എഴുത്തിനിരുത്തിയതിന്‍റെ തിളങ്ങുന്ന ഓര്‍മകള്‍ ..സന്തോഷത്തിളക്കം മാത്രമായിരുന്നു ആ ചിത്രങ്ങള്‍ .
മറ്റൊരു കുഞ്ഞ്പുസ്തകം കണ്ണീരാല്‍ നനഞ്ഞതായിരുന്നു .ദിവസവും കിട്ടുന്ന അടിയുടെയും ഇടിയുടെയും നീതികേടുകളുടെയും കണക്കുകള്‍ അവന് അറിയാവുന്ന അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു .ഒന്നാം ക്ലാസുകാരനായ ,പ്രതിഭാശാലിയായ ആ  കുഞ്ഞ് ഒറ്റനിമിഷം കൊണ്ടാണ് ആനന്ദങ്ങളുടെ വെണ്‍മേഘങ്ങളില്‍ നിന്ന് ദുരിതങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് ഉരുണ്ടു വീണത്. പ്രാണിയെപ്പോലെ ഞെരിഞ്ഞമര്‍ന്നത്. അവന്‍റെ മൌനത്തില്‍ ഒരു പാട് പരാതികള്‍ ഒച്ച വെച്ചു ,തീരാത്ത സംശയങ്ങള്‍ കലപില കൂട്ടി .വിശപ്പ് വയറിനെ കാര്‍ന്ന് തിന്നുമ്പോഴൊക്കെ പപ്പാ തന്ന രുചിയോര്‍മ്മകള്‍ അവന്‍റെ കണ്ണില്‍ നിറഞ്ഞു കവിഞ്ഞു .
കല്ല്‌ പോലിരിക്കുന്ന അമ്മമാര്‍ , യാതൊരു കൂസലുമില്ലാതെ പുതിയ ഇരകളെ തേടുന്ന എട്ടുകാലിജന്മങ്ങള്‍ , നോക്കൂ , ഇത് സ്മരണകളുടെ മ്യൂസിയമാണ് .ഇവിടെ ചിത്രങ്ങള്‍ക്ക് പഞ്ഞമില്ല , കഥകള്‍ക്ക് ക്ഷാമമില്ല .കയ്ക്കുന്നതും  ,മധുരിക്കുന്നതുമായ  ഓര്‍മകള്‍ ..അതത്രെ മനുഷ്യര്‍ .ഇനിയും കഥകള്‍ ജനിക്കും , തുടരും , തുടര്‍ന്നുകൊണ്ടേയിരിക്കും ...


 


2019 ഏപ്രിൽ 4, വ്യാഴാഴ്‌ച

മൂന്നു ഇരകള്‍ [കഥ ]



അവര്‍ മൂന്നു ഇരകള്‍ ഒരേ വേദി പങ്കിട്ടതായിരുന്നു .”ഗുഡ് ബൈ ടു അട്ട്രോസിറ്റീസ്” എന്ന ക്യാമ്പയിന്‍റെ ഭാഗമായി സംസാരിക്കാനെത്തിയവരാണ് അവര്‍. സ്വന്തം അനുഭവങ്ങള്‍ ശ്രോതാക്കള്‍ക്ക് പകര്‍ന്നു കൊടുക്കുക ,അവരുടെ മനസ്സുകളില്‍ നന്മയുടെയും സഹാനുഭൂതിയുടെയും വിത്തുകള്‍ മുളപ്പിക്കുക, ഇതൊക്കെയായിരുന്നു ക്യാമ്പയിന്‍റെ ലക്ഷ്യം.
ചേതന എഴുന്നേറ്റപ്പോള്‍ കാണികള്‍ അവരെ ഭയത്തോടെ നോക്കി. ഉരുകിപ്പോയ മുഖപാതി , ഏത് മെയ്ക്കപ്പിനെയും അതിജീവിക്കുന്ന കറുത്ത പൊള്ളല്‍പാടുകള്‍. ദ്രവിച്ചു പോയ കണ്‍കുഴി ,  കോടിപ്പരന്ന മൂക്ക് , കുണ്ടും കുഴിയും നിറഞ്ഞ കവിള്‍ , കരിക്കട്ടപോലുള്ള കഴുത്ത് ..ഇതൊക്കെ കണ്ടാല്‍ ആരാണ് പേടിക്കാതിരിക്കുക? രാവും പകലും പോലെ അവരുടെ മുഖം വിരുദ്ധഭാവമണിഞ്ഞു നില്‍ക്കയാണെന്നു തോന്നും .ഒറ്റ നോട്ടം ..ആളുകള്‍ ഭീതിയോടെ  കണ്ണുകള്‍ താഴ്ത്തി കയ്യിലെ മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു.

അവര്‍ സംസാരിക്കാന്‍ തുടങ്ങി – “പ്രിയപ്പെട്ടവരേ , എന്നെ കണ്ടതും നിങ്ങളുടെ ദൃഷ്ടികള്‍ താഴുന്നത് ഞാന്‍ ശ്രദ്ധിച്ചു .നോക്കൂ ഇതായിരുന്നു ഞാന്‍” , സ്റ്റേജില്‍ സ്ഥാപിച്ച വലിയൊരു ഫോട്ടോയിലേക്ക് അവര്‍ ചൂണ്ടി . അത്ഭുതത്തോടെ എല്ലാവരും നോക്കി , “ഇത്ര സുന്ദരിയായിരുന്നു ഇവരെന്നോ , അതിശയം തന്നെ” ..അവര്‍ പരസ്പരം പറഞ്ഞു .
ചേതന തുടര്‍ന്നു – “പേടിക്കേണ്ട , ഈയവസ്ഥ ആര്‍ക്കും ഏതു സമയത്തും വന്നു ചേരാം . വെറുപ്പിന്‍റെ ആസിഡ് ആണല്ലോ ഏവരുടെ ഉള്ളിലും തിളച്ചു പൊങ്ങുന്നത് . ഒരാളെ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു കുപ്പി ആസിഡ് മതി , അതാകട്ടെ സുലഭമായി കിട്ടാനുമുണ്ട് . തേനേ പാലേ എന്ന് അരുമയോടെ വിളിച്ചവന്‍ തന്നെയാണ് എന്നെ ഇങ്ങനെ വിരൂപയാക്കിയത് . അവന്‍ ഒരു ഫ്രോഡ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഞാനവനെ അവഗണിക്കാന്‍ തുടങ്ങിയതാണ് എല്ലാറ്റിനും കാരണമായത്.
സംഭവശേഷം ആറു മണിക്കൂറോളം മുഖം ഉരുകി പൊള്ളി വീര്‍ത്ത് ഞാന്‍ റോഡില്‍ കിടന്നു .ചുറ്റും കൂടിയ ആളുകള്‍ മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്ന തിരക്കിലായിരുന്നു . എന്നെ ഹോസ്പിറ്റലില്‍ എത്തിക്കൂ എന്നു ഞാന്‍ അലറി വിളിച്ചു .ചുറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നിസ്സംഗ തയാല്‍ കല്ലിച്ച ഭീകരമുഖങ്ങള്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ ചിരിയും വര്‍ത്തമാനവും തുടര്‍ന്നു .മാംസം ആസിഡില്‍ അലിഞ്ഞു തീരാറായപ്പോഴാണ് , ബോധം മറഞ്ഞു തുടങ്ങുമ്പോഴാണ് ഒരു വെളുത്ത കാര്‍ അരികെ നിര്‍ത്തിയത് .

ആശുപത്രിറൂമില്‍ കണ്ണ് തുറക്കുമ്പോള്‍ വിതുമ്പിക്കരയുന്ന അമ്മയും ചേച്ചിയും ആണ് അയാളെ കാണിച്ചു തന്നത് . ആകുലതയോടെ എന്നെ ഉറ്റുനോക്കുന്ന ഒരു മദ്ധ്യവയസ്കന്‍ , എന്നെ ഹോസ്പിറ്റലില്‍ എത്തിച്ച മഹാമനസ്കന്‍..കരുണ കണ്ണീര്‍കണമായി അയാളുടെ കണ്‍കോണുകളില്‍ പറ്റിക്കിടക്കുന്നു . വേദനയാല്‍ ഞാന്‍ വീണ്ടും വീണ്ടും നിലവിളിച്ചു . എന്‍റെ മനസ്സാണോ ശരീരമാണോ വേദനിക്കുന്നതെന്ന് എനിക്ക് വേര്‍തിരിക്കാനായില്ല .
അക്രമികളെയല്ല ഇരകളെയാണ് സമൂഹം ഒറ്റപ്പെടുത്തുക . മാസങ്ങള്‍ നീണ്ട ചികിത്സ ഞങ്ങളുടെ കിടപ്പാടം പോലും പണയപ്പെടുത്തി . ഭീകരരൂപം പ്രതിഫലിപ്പിച്ച കണ്ണാടികള്‍ ഞാന്‍ എറിഞ്ഞുടച്ചു .ഒന്നു പോലും എന്‍റെ പഴയ മനോഹരരൂപം കാണിക്കുന്നില്ല . കണ്ണാടികള്‍ക്ക് സ്മരണകള്‍ ഉണ്ടായിരുന്നെങ്കില്‍! വൃദ്ധര്‍ക്ക് യൌവനരൂപം കാണിക്കുന്ന ഒരു കണ്ണാടി , വിരൂപരായിത്തീര്‍ന്നവരെ പൂര്‍വകാലം ഓര്‍മിപ്പിക്കുന്ന ഒരു കണ്ണാടി .. ഈ വികൃതരൂപം ആരാണിനി ഇഷ്ടപ്പെടുക? വീട്ടിലും നാട്ടിലും ഞാനൊരു വിചിത്രജീവിയായി മാറില്ലേ? അങ്ങനെ നിരാശയുടെ പടുകുഴിയില്‍ ആണ്ടുകിടക്കുമ്പോഴാണ് ഫേസ്‌ബുക്കിലൂടെ ഞാന്‍ റിയ ദീദിയെ പരിചയപ്പെടുന്നത് .അവരാണ് എന്നെ പീസ്‌ എന്ന സംഘടനയില്‍ അംഗമാക്കിയത് .അവരാണെനിക്ക് പല ബ്യൂട്ടി ടിപ്സുകളും പറഞ്ഞു തന്നത് .ഉരുകിയൊലിച്ചത് പോലും സുന്ദരമാക്കാം എന്നു പഠിപ്പിച്ചത് . ആത്മവിശ്വാസത്തിന്‍റെ ഉന്നതപീഠത്തിലേക്ക് ദീദിയാണ് എന്നെ കൈ പിടിച്ചുയര്‍ത്തിയത് . പല തവണ ആത്മഹത്യക്ക് ശ്രമിച്ചതെല്ലാം വെറുതെയായിരുന്നെന്ന് അവരാണെന്നെ ബോധ്യപ്പെടുത്തിയത് . വിരൂപര്‍ക്കും മോഡലാവാമെന്ന അത്ഭുതസത്യം അവരാണ് എന്‍റെ ഉള്ളിലേക്കെറിഞ്ഞത് .

ഇന്ന് ഞാന്‍ ആശയറ്റവളല്ല . ഞാനല്ല ഒട്ടകപ്പക്ഷിയെപ്പോലെ മുഖം ഒളിപ്പിക്കേണ്ടത്, അക്രമികളാണ് . അവരാണ് കുറ്റബോധത്തില്‍ നീറി നീറി ഒടുങ്ങേണ്ടത്. നിങ്ങളോട് ഇത്ര നേരം സംസാരിക്കാന്‍ അവസരം തന്ന സംഘാടകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം ഞാന്‍ നിങ്ങളെ ഒന്നൂടെ ഓര്‍മിപ്പിക്കുന്നു – വീഴുന്നതല്ല പരാജയം , മറിച്ച് ഓരോ തവണയും എഴുന്നേല്‍ക്കാതിരിക്കുന്നതാണ് “

അവര്‍ ഇരുന്നതും മറ്റൊരു സ്ത്രീ എഴുന്നേറ്റു. “പ്രിയപ്പെട്ടവരേ,”-അവര്‍ പറയാനാരംഭിച്ചു . ഞാന്‍ സീന , നിങ്ങള്‍ നിത്യേന വായിച്ചു തള്ളുന്ന ഓരോ വാര്‍ത്തയ്ക്ക് ശേഷവും നിങ്ങളാല്‍ പരിഹസിക്കപ്പെടുന്ന അനേകരുടെ പ്രതിനിധി. നിങ്ങളുടെ അമ്മയോ പെങ്ങളോ അല്ലാത്ത ഏതൊരു സ്ത്രീയും നിങ്ങള്‍ക്ക് കഴിച്ചു  തീര്‍ക്കാനുള്ള മാംസം മാത്രമാണെന്നാണ് നിങ്ങളുടെ ധാരണ . ഓരോരുത്തരുടെ ഉള്ളിലുമുണ്ട് തക്കം പാര്‍ക്കുന്ന ഒരു ചീറ്റപ്പുലി . ഒരു പാടു കാലം ഞാന്‍ പത്രങ്ങള്‍ക്ക് ചവച്ചിറക്കാനുള്ള ഒരു വാര്‍ത്ത മാത്രമായിരുന്നു . പേര് പോലും ഇല്ലാത്തവള്‍ , ഇര എന്ന് ലേബല്‍ ചെയ്യപ്പെട്ടവള്‍ .എന്നെ തടവിലിട്ടു നെടുനാള്‍ പീഡിപ്പിച്ച ഇരുപത്തഞ്ചു പേരെയും തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു .അല്ലെങ്കിലും എല്ലാവരുടെ കണ്ണിലും ഞാനായിരുന്നു കുറ്റക്കാരി . എനിക്കായിരുന്നു നീതി നിഷേധിക്കപ്പെട്ടത് . ചേതനയെപ്പോലെ ഒരു വിജയകഥ പറയാനായിരുന്നു എനിക്കും ഇഷ്ടം . പക്ഷേ എത്ര പൊരുതിയിട്ടും മാനക്കെടിന്‍റെ ചേറില്‍ പൂണ്ടു കിടക്കുകയാണ് എന്‍റെ കാലുകള്‍ . വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും സമൂഹം ഒന്നും മറക്കാതെ ചരല്‍വര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു . അമ്പുകളായ വാക്കുകളാല്‍ മുറിപ്പെടുത്തുന്നു . വഷളന്‍മുഖങ്ങള്‍ കാണേണ്ടി വരുന്നു , അശ്ലീലഭാഷണങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു . ചേതന ശരീരത്തിലാണ് ഉരുകിയൊലിച്ചതെങ്കില്‍ ഞാന്‍ ആത്മാവിലാണ് നുരുമ്പിച്ചത് . ദിനേനയാണ് ഒരു പൊങ്ങുതടിയായി മാറുന്നത് .

ഈ സംഘടന തരുന്ന ധൈര്യത്തിലാണ് ഞാന്‍ ഈ ചെളിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നത് . അവരണിയിച്ച പടച്ചട്ടയാലാണ്  വഷളന്‍മുഖങ്ങളെ അവഗണിക്കുന്നത് .അസഭ്യഭാഷണങ്ങള്‍ കേട്ടില്ലെന്നു നടിക്കുന്നത് . ചേതനയുടെ ആത്മകഥയുടെ പ്രകാശനം ഉണ്ടെന്നറിഞ്ഞു . കാല്‍ക്കീഴില്‍ അറപ്പിക്കുന്ന വേസ്റ്റ് ആണെങ്കിലും ഞാനും മുതുക് നിവര്‍ത്തുകയാണ് .പണ്ടെന്‍റെ കൂട്ടായിരുന്ന നൃത്തത്തെയും സംഗീതത്തെയും തിരിച്ചു പിടിക്കയാണ് . അഭിസാരികയുടെ കൂത്ത് എന്നു നിങ്ങള്‍ കളിയാക്കിയേക്കാം . വേദനിപ്പിക്കുന്നവരെ അവഗണിക്കലാണ് ജയിക്കാനുള്ള മാര്‍ഗം എന്നു അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ചു കഴിഞ്ഞു . ഏവര്‍ക്കും നന്മകള്‍ നേരുന്നു . നന്ദി നമസ്കാരം.”-അവസാനമായപ്പോഴേക്കും വിറയ്ക്കുകയും ചിലമ്പിക്കുകയും ചെയ്തു അവരുടെ വാക്കുകള്‍ .

അടുത്തത് ഒരു പുരുഷനായിരുന്നു . താടിയും മുടിയും നീണ്ട , അലക്ഷ്യമായി വസ്ത്രം ധരിച്ച ഒരാള്‍ . അയാളുടെ കണ്ണുകള്‍ക്ക് എന്തൊരു ആഴം! –“സ്നേഹിതരെ’ , മുഴക്കമുള്ള ശബ്ദം പ്രകമ്പനം കൊണ്ടു . “മൂന്നു ഇരകള്‍ സംസാരിക്കുന്നു എന്ന ക്യാപ്ഷന്‍ കണ്ടത് കൊണ്ടാവും ഇവിടെ ഇത്ര ആള്‍ക്കൂട്ടം . മൃഗീയതയേക്കാള്‍ ഭീകരമായ എന്തോ ഒന്ന്‍ മനുഷ്യരുടെ ഉള്ളിലുണ്ട് .ഇരയെ കാണുക , അവസരം കിട്ടിയാല്‍ പതിയിരുന്നാക്രമിക്കുക ഇതെല്ലാം എന്തിഷ്ടമാണ് മനുഷ്യര്‍ക്ക് . നായാടിയായിരുന്ന ആദിമമനുഷ്യന്‍ തന്നെയാവാം എന്നെയും നിങ്ങളെയും ഇപ്പോഴും നിയന്ത്രിക്കുന്നത് .

ആരും ഏതു നിമിഷവും തടവ് രുചിക്കാം . സ്വാതന്ത്ര്യത്തിനും പാരതന്ത്ര്യത്തിനും ഇടയിലെ നേര്‍രേഖ ഒരു മുടിനാരിന്‍റെ കനം പോലും ഉള്ളതല്ല . ജയില്‍ -എന്തൊരു വാക്കാണത് . മിന്നല്‍പ്പിണറാണത് . ഭീതിയേയും അനാഥത്വത്തേയും നിസ്സഹായതയേയുമാണ് ആ വാക്ക് ചങ്കിലേക്കെറിയുന്നത്. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല .ആര്‍ക്കെതിരെയും ഒളിയമ്പെയ്യുന്ന പ്രസംഗങ്ങള്‍ നടത്തിയിരുന്നില്ല. അധികാരത്തിന്‍റെ ഗൂഡതന്ത്രങ്ങളുടെ ഇരയാവുന്നത് നിര്‍ഭാഗ്യവും അപമാനവുമാണ്. എന്തെന്നാല്‍ മഹത്തായ ഒരു കാരണത്തിന്‍റെ പേരിലുമല്ല നമ്മള്‍ കാരാഗൃഹം അനുഭവിക്കുന്നത്. നമ്മുടെ നഷ്ടമായ യൌവനം ഒരു ചരിത്രത്തിലും രേഖപ്പെടുകയില്ല. ആയുസ്സില്‍ നിന്ന് പൊഴിഞ്ഞു പോകുന്ന ചതയ്ക്കപ്പെട്ട ചോര പുരണ്ട ഇതളുകള്‍ മാത്രമാണ് തടവ്‌ദിനങ്ങള്‍...

ലോകം പ്രേമത്തെക്കുറിച്ച് പ്രബന്ധങ്ങളെഴുതുന്ന ഒരു ഫെബ്രുവരി പതിനാലിനാണ് മുടി  ട്രിം ചെയ്ത ഒരാള്‍ കടയിലെത്തിയത് .”വരൂ “ എന്നു പറഞ്ഞുകൊണ്ട് എന്‍റെ കൈ പിടിച്ചു ഞെരിച്ചത് .”നിങ്ങളാരാ” എന്ന എന്‍റെ ചോദ്യം അയാളുടെ കത്തുന്ന കണ്ണുകളില്‍ വീണ് ചാരമായി .അത് ഇരുട്ടിലേക്കുള്ള യാത്രയായിരുന്നു. ഇരുട്ടറയില്‍ അവര്‍ എന്നെ തല്ലിച്ചതച്ചത് ഒരേ ചോദ്യം ചോദിച്ചാണ് –“ആ ഭീകരസംഘടനയുമായി നിനക്കുള്ള ബന്ധമെന്താണ്? നിന്നെ കണ്ടാലേ അറിയാം ഒരു ഭീകരനാണെന്ന്..”എന്താണ് ഭീകരന്‍റെ ലക്ഷണങ്ങള്‍? എനിക്കറിയില്ല .ക്രമേണ ഞാന്‍ ചോരയും ചലവും മാംസവും കലങ്ങിയ ഒരു വിചിത്രജീവിയായി മാറി. ഞരമ്പിലും എല്ലിലും വേദന കുത്തിപ്പറിച്ചു .അല്ലെങ്കിലേ വെറും നിലത്ത് പറ്റിക്കിടന്നിരുന്ന ഒരു ഉറുമ്പ് മാത്രമായിരുന്നു ഞാന്‍ .കയ്പ്പിന്‍റെ കല്‍ക്കഷ്ണങ്ങളാലാണ് അവരെന്നെ ചതച്ചരച്ചത് .മുജ്ജന്മത്തിലേ ഞാനിതെല്ലാം അര്‍ഹിച്ചിരുന്നു എന്ന മട്ടിലാണ് അവരെന്നോട് പെരുമാറിയത് .

പത്രങ്ങളില്‍ പല തവണ നിങ്ങളെന്‍റെ പടം  കണ്ടാസ്വദിച്ചു. ഇര എന്ന ബ്രാന്‍ഡ്നെയിമിന് കീഴില്‍ ഇഴയുന്ന എത്ര വ്യഥിതര്‍ , എത്ര പീഡിതര്‍.. ..ജയിലുകളുടെ നിഗൂഡമായ അറകള്‍ക്കുള്ളില്‍ എത്രയെത്ര നിരപരാധികളുടെ ചോരയും ചലവും കണ്ണീരുമാണ് ഉണങ്ങിപ്പിടിച്ചിരിക്കുന്നത് . അനീതിയുടെ എടുപ്പുകളാണെങ്ങും ..അസത്യത്തിന്‍റെ ആഹ്ലാദച്ചിരി നിങ്ങള്‍ക്ക് കേള്‍ക്കാനാവുന്നില്ലേ? ഒരു ഭീകരനാവുക എന്നത് ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒരു പദവിയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഞാനെന്‍റെ വാക്കുകള്‍ അവസാനിപ്പിക്കട്ടെ . നന്ദി ..”

അടുത്തത് പുസ്തകപ്രകാശനമായിരുന്നു . പന്തലിന്‍റെ അറ്റത്ത് പുസ്തകങ്ങള്‍ ആദായ വില്‍പ്പനക്ക് എന്നൊരു ബോര്‍ഡ് കണ്ടു . ആര്‍ക്കാണ് പുസ്തകം വായിക്കാന്‍ സമയം എന്നോര്‍ത്തുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ നടന്നു .ചിന്തയെ പ്രകമ്പനം കൊള്ളിച്ച മഹാന്മാരുടെ ഗ്രന്ഥങ്ങള്‍ മനുഷ്യസ്പര്‍ശം കൊതിച്ച് പൊടിയില്‍ പുതഞ്ഞു കിടക്കുന്നു .ഒരാളും തിരിഞ്ഞു നോക്കുന്നില്ല .ആളുകളെല്ലാം മറ്റൊരു കോണില്‍ തിക്കും തിരക്കുമാണ് .അടുത്ത് ചെന്നു നോക്കി .വെറുതെയല്ല , വസ്ത്രങ്ങള്‍ വിറ്റൊഴിക്കലാണ് .ശരീരത്തെ അണിയിച്ചൊരുക്കുന്ന തിരക്കില്‍ ഉള്ളിലൊരു ആത്മാവുണ്ടെന്നും അതിനും ഇത്തിരി ഭക്ഷണവും സുഗന്ധവും വേണമെന്നും ആരാണ് ഓര്‍ക്കുന്നത് . വരണ്ട ചുണ്ടും തിളക്കം കെട്ട കണ്ണുകളുമുള്ള പേക്കോലങ്ങളായ ആത്മാവുകള്‍ ഹീനശരീരങ്ങളെ വിട്ട് ഇടറി നടക്കുന്നില്ലെന്നാര് കണ്ടു ..
ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരിക്കുമ്പോള്‍ വീണ്ടുമാ പ്രസംഗങ്ങള്‍ ഉള്ളിലേക്ക് ചാടിക്കയറി .എന്തെലാം അനുഭവങ്ങളാണ് ഓരോരുത്തരും പേറുന്നത് ..അകലെയുള്ള വീട് ലക്ഷ്യമാക്കി കാര്‍ കുതിച്ചു . വെറുതെ കണ്ണുകള്‍ പുകഞ്ഞു . ഒരു കാര്യവുമില്ലാതെ കണ്ണീര്‍ ഷര്‍ട്ടിനെ ഉമ്മവച്ചു ...     

 


2019 ഫെബ്രുവരി 9, ശനിയാഴ്‌ച

ബര്‍ത്ത് ഡേ [കഥ ]



 ജനപ്രിയകോമഡി സീരിയലില്‍ കുഞ്ഞിന്‍റെ പിറന്നാള്‍ അനാഥാലയത്തില്‍ വച്ചു നടത്തിയത് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് അയാള്‍ തന്‍റെ ഇളയ കുഞ്ഞിന്‍റെ ഒന്നാംപിറന്നാള്‍ തൊട്ടടുത്തുള്ള സേവാസദനില്‍ വച്ച് നടത്താന്‍ തീരുമാനിച്ചത് .അനാഥകളും അഗതികളുമാണ് അവിടുത്തെ അന്തേവാസികള്‍.ക്യാറ്ററിങ്ങുകാരെ ഭക്ഷണവിതരണത്തിന് ഏല്‍പ്പിക്കുമ്പോള്‍ പകിട്ട് നഷ്ടപ്പെട്ട കുറെ പൂക്കള്‍ക്കിടയില്‍ തന്‍റെ കുഞ്ഞും അവന്‍ മുറിക്കുന്ന വെളുത്ത കേക്കും തിളങ്ങി നില്‍ക്കുന്നത് അയാള്‍ മനസ്സില്‍ കണ്ടു .ഭാര്യക്കാകട്ടെ ഇതില്‍ ഒട്ടും താല്പര്യമില്ല .വീട്ടില്‍ വച്ചു ചെറുതായി ചടങ്ങ് നടത്തി , പുറത്തു പോയി ഭക്ഷണം കഴിക്കണമെന്നും സിനിമ കാണണമെന്നുമായിരുന്നു അവള്‍ നിശ്ചയിച്ചിരുന്നത് . ഒടുവില്‍ മല്‍പിടുത്തത്തില്‍ അയാള്‍ തന്നെ വിജയിച്ചു .അരക്വിന്‍ഡല്‍ മുഖവുമായി അവള്‍ സദനത്തിലേക്ക് അയാളോടൊപ്പം കാറിലേക്ക് കയറി.

അരക്ഷിതത്വം വിളര്‍ച്ച വരുത്തിയ ആ കുട്ടികള്‍ അവരെ കൌതുകത്തോടെ എതിരേറ്റു. കേക്ക്മുറിയും മിട്ടായി വിതരണവും സദ്യയുമെല്ലാം അവരെ ഏറെ സന്തോഷിപ്പിച്ചെന്നു തോന്നി. ഒന്നുരണ്ടു കുട്ടികള്‍ വിഷാദസ്വരത്തില്‍ പാട്ട് പാടി .ചിലര്‍ നൃത്തം ചെയ്തു. എന്നിട്ടും അവരുടെ മുഖങ്ങളില്‍ വേണ്ടത്ര ആഹ്ലാദമില്ലെന്നു തോന്നി അയാള്‍ക്ക്. കുട്ടികളില്‍ ചിലര്‍ കുഞ്ഞിനെ ഉമ്മ വെക്കാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ വെറുപ്പോടെ അവനെ പിടിച്ചു വാങ്ങി മുറ്റത്ത് ഉലാത്താന്‍ തുടങ്ങി .വേഗം പോകാമെന്ന് അവള്‍ കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു.

അവസാനഇനമായി അയാളുടെ ഒരു ആശംസാപ്രസംഗം വേണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു .മുന്നിലിരിക്കുന്നതെല്ലാം അഴുക്ക് പുരണ്ട മുഖങ്ങളാണെന്ന് അയാള്‍ക്ക് തോന്നി . പീള മാഞ്ഞിട്ടില്ലാത്ത കണ്ണുകള്‍ , ചില മൂക്കുകള്‍ അറപ്പോടെ ഒലിക്കുന്നു ..വെറുതെയല്ല ഭാര്യ കുഞ്ഞിനെ പിടിച്ചു വാങ്ങിയത് .”പ്രിയപ്പെട്ട കുട്ടികളേ”- മനസ്സാന്നിദ്യം വീണ്ടെടുത്ത് അയാള്‍ പ്രസംഗം തുടങ്ങി .”നിങ്ങള്‍ അനാഥരല്ല.എത്രയോ അഭ്യുദയകാംക്ഷികള്‍ നിങ്ങളുടെ ക്ഷേമത്തിനായി പണം ചിലവഴിക്കുന്നു ,വസ്ത്രങ്ങള്‍ ആഹാരം എല്ലാം നല്‍കിക്കൊണ്ടിരിക്കുന്നു .അത്കൊണ്ട് നന്നായി പഠിക്കാന്‍ ശ്രമിക്കുക ,നിങ്ങള്‍ അനാഥരല്ല എന്ന് എപ്പോഴും ഓര്‍മിക്കുക ...”

ഇറങ്ങാന്‍ നേരം നൃത്തം ചെയ്തവരില്‍ പെട്ട ഒരു കുട്ടി അയാളുടെ വിരലില്‍ തൊട്ടു .ഒരു പൂവിതള്‍ സ്പര്‍ശിച്ചതായി അനുഭവപ്പെട്ടതിനാല്‍ അയാള്‍ അവളെ അനുകമ്പയോടെ നോക്കി .കുറച്ചൂടെ നല്ലൊരു ഉടുപ്പിട്ടാല്‍ ആ കുട്ടിക്ക് ഒരു മാലാഖയുടെ മുഖമുണ്ടാവുമെന്ന് അയാള്‍ വിചാരിച്ചു . അയാള്‍ വാത്സല്യത്തോടെ പുരികമുയര്‍ത്തി –“ഉം ?” അവള്‍ മന്ത്രസ്വരത്തില്‍ ചോദിച്ചു –“ചേട്ടാ ,ഞങ്ങളുടെയൊന്നും ബര്‍ത്ത്ഡേ എന്താ ഇല്ലാത്തത്? എന്താ ആരും കേക്ക് മുറിക്കാത്തത്?” അയാളുടെ ഉള്ളിലേക്ക് ഒരു കൊള്ളിയാന്‍ കുട്ടിത്തറച്ചു. “മോളുടെ ബര്‍ത്ത് ഡേ എന്നാ? ചേട്ടന്‍ വന്നു കേക്ക് മുറിക്കാം കേട്ടോ .” “അറിഞ്ഞൂടാ ,ആന്‍റിയോട് ചോദിക്കണം”- അവള്‍ നിരാശയോടെ മന്ത്രിച്ചു .”സാരമില്ല , ഞാന്‍ ചോദിക്കാം കേട്ടോ ,അവിടുന്ന് എങ്ങനേലും രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ അയാള്‍ പറഞ്ഞു .”ഉം,അപ്പൊ എല്ലാരുടെ ബര്‍ത്ത് ഡേയും ചോദിക്കണം .എല്ലാറ്റിനും കേക്ക് മുറിക്കണം ..”അയാള്‍ നിസ്സഹായതയോടെ ആ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി വലിയൊരു നുണയെ ചവച്ചു ..”ആവട്ടെ മോളെ , ഞാന്‍ ചോദിക്കാം കേട്ടോ ..”

സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോഴും അവള്‍ അയാളുടെ കൈ വിട്ടിരുന്നില്ല .അയാള്‍ തന്‍റെ കൈ സ്വതന്ത്രമാക്കാന്‍ ഒരുങ്ങുമ്പോഴാണ് മറ്റൊരു ചോദ്യം അവളില്‍ നിന്ന് മഞ്ഞപ്പല്ലുകള്‍ കാണിച്ച് അയാളുടെ തൊണ്ടയിലേക്ക് ചാടി  വീണത് –“ചേട്ടാ , എന്താണ് അനാഥര്‍ എന്നു പറഞ്ഞാല്‍?”വാക്കുകളില്ലാതെ അയാളാ കുരുന്നിനെ ചേര്‍ത്തു പിടിച്ചു .ദുഖത്തിന്‍റെ ചരല്‍കല്ലുകള്‍ തന്‍റെ നേരെ ആരോ എറിയുന്നു .ഒരു പരാജിതനായി പുറത്തിറങ്ങവേ താന്‍ ചെയ്തത് ദൈവത്തിന്‍റെ ഏത് എടിലാണ് എഴുതപ്പെടുക എന്ന് അയാള്‍ക്ക് സംശയമായി .സത്പ്രവൃത്തിയാണോ ,ദുഷ്പ്രവൃത്തിയാണോ? കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പിന്നില്‍ ആ കുഞ്ഞിന്‍റെ കഠാരനോട്ടം തന്നെ പിളര്‍ക്കുന്നതായി അയാള്‍ക്ക് തോന്നി .അയാളുടെ ചങ്കില്‍ സങ്കടം കല്ലിച്ചു .കണ്ണില്‍ ഉപ്പ് ഉറഞ്ഞു ......

2019 ജനുവരി 5, ശനിയാഴ്‌ച

അകക്കാഴ്ചകള്‍ [കഥ ]




എക്സറേ കണ്ണുകള്‍ എനിക്ക് ലഭിച്ചത് ഈയടുത്താണ് ..എതിന്‍റെയും ഉള്ളിലേക്ക് അനാവശ്യമായി ചുഴിഞ്ഞു നോക്കുന്ന എന്‍റെ സ്വഭാവം കൊണ്ടാണോ ആവോ  കണ്ണുകള്‍ക്ക് അങ്ങനെയൊരു മാറ്റം വന്നത് .അതോടെ എനിക്ക് ജീവിതം അങ്ങേയറ്റം ദുസ്സഹവും മടുപ്പ് നിറഞ്ഞതുമായി .ഈ പ്രായത്തിലും എന്‍റെ പ്രധാന വിനോദമായിരുന്നു വായ്‌നോട്ടം .ബസ് കാത്ത് നില്‍ക്കുമ്പോള്‍ സമയം കളയാന്‍ ഇത്ര നല്ലൊരു വഴി വേറെയില്ല .പക്ഷെ കഴിഞ്ഞ ആഴ്ച മുതലാണ്‌ എന്‍റെ കണ്ണുകള്‍ എന്നെ ചതിച്ചു തുടങ്ങിയത് .റോഡിലൂടെ പോകുന്ന സര്‍വമനുഷ്യരും വെറും അസ്ഥികൂടങ്ങളാണെന്നു എനിക്ക് തോന്നി. ആര്‍ക്കും ഒരു മുഖവ്യത്യാസവുമില്ല. ഇപ്പോള്‍ എനിക്കെന്‍റെ ഭാര്യയോട് അശേഷം മോഹമില്ല , കുഞ്ഞിനോട് ഒട്ടും വാത്സല്യം തോന്നുന്നില്ല .സ്കൂളില്‍ കുറെ അസ്ഥികൂടങ്ങളോട് വായിട്ടലച്ച് , സ്റ്റാഫ് റൂമില്‍ വേറെ കുറെ എണ്ണത്തിനോട്‌ മടുപ്പോടെ സംസാരിച്ച് ..ഹൊ ,എന്തു പതുക്കെയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്.

ഒരാശ്വാസത്തിനാണ് ഈ സാഹിത്യക്യാമ്പിലെത്തിയത് .മുത്തുപോലുള്ള വാക്കുകള്‍ ,ഉപമകള്‍ എല്ലാം ആര്‍ത്തിയോടെ പെറുക്കിയെടുത്തു .പക്ഷെ കാഴ്ചക്ക് ഒരു മാറ്റവുമില്ല ,സ്റ്റേജില്‍ നിറയെ അസ്ഥികൂടങ്ങള്‍ ..ശ്രോതാക്കള്‍ എഴുത്തുകാരുടെ ഓട്ടോഗ്രാഫിനു വേണ്ടി തിരക്ക് കൂട്ടിയപ്പോഴും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല .അസ്ഥികൂടങ്ങളുടെ വൃഥാധൃതികള്‍ ,അഹങ്കാരങ്ങള്‍ ,പൊങ്ങച്ചങ്ങള്‍ എല്ലാം ആസ്വദിക്കയായിരുന്നു. മഹത്വത്തിന്‍റെ പ്രകാശവലയം ഒരു തലയോട്ടിയുടെ മുകളിലും കാണാനായില്ല.
എത്ര ദിവസങ്ങളായി പലപല കണ്ണ്ഡോക്ടര്‍മാരെ കാണുന്നു. അസ്ഥികൂടങ്ങളുടെ മാംസയുടുപ്പുകള്‍ എന്നാണു തിരിച്ചു കിട്ടുക?പഴയ പോലെ ജീവിതം ആസ്വദിക്കാനാവുക? കണ്ണാടിയിലേക്ക് നോക്കാന്‍ പോലും ഭയം തോന്നുന്നു ...കണ്ണാടിയിലെ എന്‍റെ പ്രതിബിംബം ...ഹൊ!
Shareefa mannisseri