ജനപ്രിയകോമഡി സീരിയലില്‍ കുഞ്ഞിന്‍റെ പിറന്നാള്‍
അനാഥാലയത്തില്‍ വച്ചു നടത്തിയത് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് അയാള്‍ തന്‍റെ ഇളയ
കുഞ്ഞിന്‍റെ ഒന്നാംപിറന്നാള്‍ തൊട്ടടുത്തുള്ള സേവാസദനില്‍ വച്ച് നടത്താന്‍
തീരുമാനിച്ചത് .അനാഥകളും അഗതികളുമാണ് അവിടുത്തെ അന്തേവാസികള്‍.ക്യാറ്ററിങ്ങുകാരെ ഭക്ഷണവിതരണത്തിന്
ഏല്‍പ്പിക്കുമ്പോള്‍ പകിട്ട് നഷ്ടപ്പെട്ട കുറെ പൂക്കള്‍ക്കിടയില്‍ തന്‍റെ കുഞ്ഞും
അവന്‍ മുറിക്കുന്ന വെളുത്ത കേക്കും തിളങ്ങി നില്‍ക്കുന്നത് അയാള്‍ മനസ്സില്‍ കണ്ടു
.ഭാര്യക്കാകട്ടെ ഇതില്‍ ഒട്ടും താല്പര്യമില്ല .വീട്ടില്‍ വച്ചു ചെറുതായി ചടങ്ങ്
നടത്തി , പുറത്തു പോയി ഭക്ഷണം കഴിക്കണമെന്നും സിനിമ കാണണമെന്നുമായിരുന്നു അവള്‍
നിശ്ചയിച്ചിരുന്നത് . ഒടുവില്‍ മല്‍പിടുത്തത്തില്‍ അയാള്‍ തന്നെ വിജയിച്ചു
.അരക്വിന്‍ഡല്‍ മുഖവുമായി അവള്‍ സദനത്തിലേക്ക് അയാളോടൊപ്പം കാറിലേക്ക് കയറി.
അരക്ഷിതത്വം വിളര്‍ച്ച വരുത്തിയ ആ കുട്ടികള്‍ അവരെ
കൌതുകത്തോടെ എതിരേറ്റു. കേക്ക്മുറിയും മിട്ടായി വിതരണവും സദ്യയുമെല്ലാം അവരെ ഏറെ
സന്തോഷിപ്പിച്ചെന്നു തോന്നി. ഒന്നുരണ്ടു കുട്ടികള്‍ വിഷാദസ്വരത്തില്‍ പാട്ട് പാടി
.ചിലര്‍ നൃത്തം ചെയ്തു. എന്നിട്ടും അവരുടെ മുഖങ്ങളില്‍ വേണ്ടത്ര ആഹ്ലാദമില്ലെന്നു
തോന്നി അയാള്‍ക്ക്. കുട്ടികളില്‍ ചിലര്‍ കുഞ്ഞിനെ ഉമ്മ വെക്കാന്‍ തുടങ്ങിയപ്പോള്‍
ഭാര്യ വെറുപ്പോടെ അവനെ പിടിച്ചു വാങ്ങി മുറ്റത്ത് ഉലാത്താന്‍ തുടങ്ങി .വേഗം പോകാമെന്ന്
അവള്‍ കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു.
അവസാനഇനമായി അയാളുടെ ഒരു ആശംസാപ്രസംഗം വേണമെന്ന്
മാനേജര്‍ ആവശ്യപ്പെട്ടു .മുന്നിലിരിക്കുന്നതെല്ലാം അഴുക്ക് പുരണ്ട മുഖങ്ങളാണെന്ന് അയാള്‍ക്ക്
തോന്നി . പീള മാഞ്ഞിട്ടില്ലാത്ത കണ്ണുകള്‍ , ചില മൂക്കുകള്‍ അറപ്പോടെ ഒലിക്കുന്നു
..വെറുതെയല്ല ഭാര്യ കുഞ്ഞിനെ പിടിച്ചു വാങ്ങിയത് .”പ്രിയപ്പെട്ട കുട്ടികളേ”-
മനസ്സാന്നിദ്യം വീണ്ടെടുത്ത് അയാള്‍ പ്രസംഗം തുടങ്ങി .”നിങ്ങള്‍ അനാഥരല്ല.എത്രയോ
അഭ്യുദയകാംക്ഷികള്‍ നിങ്ങളുടെ ക്ഷേമത്തിനായി പണം ചിലവഴിക്കുന്നു ,വസ്ത്രങ്ങള്‍
ആഹാരം എല്ലാം നല്‍കിക്കൊണ്ടിരിക്കുന്നു .അത്കൊണ്ട് നന്നായി പഠിക്കാന്‍ ശ്രമിക്കുക
,നിങ്ങള്‍ അനാഥരല്ല എന്ന് എപ്പോഴും ഓര്‍മിക്കുക ...”
ഇറങ്ങാന്‍ നേരം നൃത്തം ചെയ്തവരില്‍ പെട്ട ഒരു
കുട്ടി അയാളുടെ വിരലില്‍ തൊട്ടു .ഒരു പൂവിതള്‍ സ്പര്‍ശിച്ചതായി അനുഭവപ്പെട്ടതിനാല്‍
അയാള്‍ അവളെ അനുകമ്പയോടെ നോക്കി .കുറച്ചൂടെ നല്ലൊരു ഉടുപ്പിട്ടാല്‍ ആ കുട്ടിക്ക്
ഒരു മാലാഖയുടെ മുഖമുണ്ടാവുമെന്ന് അയാള്‍ വിചാരിച്ചു . അയാള്‍ വാത്സല്യത്തോടെ
പുരികമുയര്‍ത്തി –“ഉം ?” അവള്‍ മന്ത്രസ്വരത്തില്‍ ചോദിച്ചു –“ചേട്ടാ
,ഞങ്ങളുടെയൊന്നും ബര്‍ത്ത്ഡേ എന്താ ഇല്ലാത്തത്? എന്താ ആരും കേക്ക് മുറിക്കാത്തത്?”
അയാളുടെ ഉള്ളിലേക്ക് ഒരു കൊള്ളിയാന്‍ കുട്ടിത്തറച്ചു. “മോളുടെ ബര്‍ത്ത് ഡേ എന്നാ? ചേട്ടന്‍
വന്നു കേക്ക് മുറിക്കാം കേട്ടോ .” “അറിഞ്ഞൂടാ ,ആന്‍റിയോട് ചോദിക്കണം”- അവള്‍
നിരാശയോടെ മന്ത്രിച്ചു .”സാരമില്ല , ഞാന്‍ ചോദിക്കാം കേട്ടോ ,അവിടുന്ന് എങ്ങനേലും
രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ അയാള്‍ പറഞ്ഞു .”ഉം,അപ്പൊ എല്ലാരുടെ ബര്‍ത്ത് ഡേയും
ചോദിക്കണം .എല്ലാറ്റിനും കേക്ക് മുറിക്കണം ..”അയാള്‍ നിസ്സഹായതയോടെ ആ
കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി വലിയൊരു നുണയെ ചവച്ചു ..”ആവട്ടെ മോളെ , ഞാന്‍
ചോദിക്കാം കേട്ടോ ..”
സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോഴും അവള്‍ അയാളുടെ കൈ
വിട്ടിരുന്നില്ല .അയാള്‍ തന്‍റെ കൈ സ്വതന്ത്രമാക്കാന്‍ ഒരുങ്ങുമ്പോഴാണ് മറ്റൊരു
ചോദ്യം അവളില്‍ നിന്ന് മഞ്ഞപ്പല്ലുകള്‍ കാണിച്ച് അയാളുടെ തൊണ്ടയിലേക്ക് ചാടി വീണത് –“ചേട്ടാ , എന്താണ് അനാഥര്‍ എന്നു
പറഞ്ഞാല്‍?”വാക്കുകളില്ലാതെ അയാളാ കുരുന്നിനെ ചേര്‍ത്തു പിടിച്ചു .ദുഖത്തിന്‍റെ
ചരല്‍കല്ലുകള്‍ തന്‍റെ നേരെ ആരോ എറിയുന്നു .ഒരു പരാജിതനായി പുറത്തിറങ്ങവേ താന്‍
ചെയ്തത് ദൈവത്തിന്‍റെ ഏത് എടിലാണ് എഴുതപ്പെടുക എന്ന് അയാള്‍ക്ക് സംശയമായി .സത്പ്രവൃത്തിയാണോ
,ദുഷ്പ്രവൃത്തിയാണോ? കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പിന്നില്‍ ആ കുഞ്ഞിന്‍റെ
കഠാരനോട്ടം തന്നെ പിളര്‍ക്കുന്നതായി അയാള്‍ക്ക് തോന്നി .അയാളുടെ ചങ്കില്‍ സങ്കടം
കല്ലിച്ചു .കണ്ണില്‍ ഉപ്പ് ഉറഞ്ഞു ......
നല്ല കഥ. ഇത്തരം "ദുഷ്പ്രവർത്തികൾ" നാട്ടിൽ പെരുകുന്നു. ദീപ നിഷാന്തിന്റെ ഒരനുഭവം ഇതുപോലെ വായിച്ചതോർക്കുന്നു.
മറുപടിഇല്ലാതാക്കൂ