Pages

2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

സ്നേഹത്തോടെ അച്ഛന്(കഥ)







പ്രിയപ്പെട്ട അച്ഛാ,

കത്തുകള്‍ ഔട്ട്‌ ഓഫ് ഫാഷനായ കാലത്ത് ഇത്രയും സുദീര്‍ഘമായ ഒരു മെയില്‍ അയച്ച് അച്ഛന്‍റെ വിലപ്പെട്ട സമയം അപഹരിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ..പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍  ഇതു പോലെ പേപ്പറുകളില്‍ നിറഞ്ഞിരുന്നു എന്ന് പലരും പറഞ്ഞു എനിക്കറിയാം..അന്ന് തിരിച്ചറിവില്ലല്ലോ. ഇന്ന് –അതേ വാര്‍ത്തകള്‍ ചാനലുകളിലും പത്രങ്ങളിലും ചോക്ലേറ്റുകളായി വിറ്റഴിയുമ്പോള്‍ സങ്കടത്തിന്‍റെയും അപമാനത്തിന്റെയും കനലുകള്‍ തൊണ്ട പൊള്ളിച്ച് വയറിനെ എരിച്ച് ..ഇതിന്‍റെ പേ രിലായിരുന്നല്ലേ പണ്ട് അമ്മ അച്ഛനുമായി വഴക്കിട്ടിരുന്നത്..തമ്മില്‍ തെറ്റി കുറെ നാള്‍ അമ്മ വീട്ടില്‍ പോയി നിന്നിരുന്നത് .അച്ഛന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു ബോര്‍ഡിംഗിലയച്ചത്.    ദയവായി ഈ മെയില്‍ വായിക്കാനായി പി എയെ ഏല്‍പ്പിക്കരുത്..അരിശത്തോടെ ഡിലീറ്റ് ചെയ്യരുത്..

അച്ഛാ .പണ്ടേ ഞാനൊരമ്മക്കുട്ടിയായിരുന്നു. അച്ഛനില്‍ നിന്നൊരകലം എന്തുകൊണ്ടോ അദൃശ്യമായി നിലനിന്നിരുന്നു ചെറുപ്പത്തില്‍ ഞാന്‍ വിസ്മയിക്കാറുണ്ടായിരുന്നു ,ചുവന്ന ബോര്‍ഡ് വച്ച കാറില്‍ അച്ഛനെങ്ങോട്ടാണീ പറക്കുന്നതെന്ന്..

അച്ഛാ ,എനിക്കൊരു സത്യമറിയണം..കോടതിയില്‍ ,പാര്‍ട്ടിക്ക് മുമ്പില്‍ ഒക്കെ അച്ഛന്‍ ഒരായിരം നുണകളുടെ  കെട്ടഴിച്ചാലും ഈ മകളോടെങ്കിലും അച്ഛന്‍ സത്യം തുറന്നു പറയണം..
പത്തറുപത് പേര്‍ വെറും പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ രണ്ടു മാസത്തോളം കൊണ്ടു നടന്ന് ചണ്ടിയാക്കി വലിച്ചെറിയുന്നത് എത്ര മാത്രം ഭീകരമാണെന്ന് അച്ഛാ ഈ പതിനേഴാം വയസ്സില്‍ മാത്രമാണ് എനിക്ക് ബോധ്യം വരുന്നത് ..എന്‍റെ അച്ഛന്‍ ഇത്ര വലിയൊരു ക്രിമിനലായിരുന്നോ എന്ന ചിന്തയാണ് എന്‍റെ ഉറക്കം കെടുത്തുന്നത്...എന്‍റെ പ്രിയപ്പെട്ട അച്ഛന് സ്വന്തം മകളാകാന്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയോട് ഇത്രയും പൈശാചികമായി പെരുമാറാനാകുമോ?

അച്ഛാ , സത്യത്തിന്‍റെ മുഖത്തെ ഒരു സ്വര്‍ണപ്പാത്രത്തിനും അടച്ചു വെക്കാനാവില്ല..അച്ഛന്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വാധീനിച്ച മൂന്നാം പ്രതി പോലും ഇപ്പോള്‍ അച്ഛനെതിരെ സംസാരിക്കുന്നു..ആ പെണ്‍കുട്ടിയെ കശക്കിയെറിയുന്നതില്‍ അച്ഛനും മുന്നിലുണ്ടായിരുന്നു എന്ന് ഭയത്തോടെയാണെങ്കിലും വെളിപ്പെടുത്തുന്നു..അച്ഛന്‍ മയക്കിയെടുത്ത പോലീസുകാര്‍ , പാര്‍ട്ടി നേതാക്കള്‍ ,എല്ലാം അച്ഛനു വേണ്ടി ഇപ്പോഴും വക്കാലത്ത് പാടുന്നുണ്ടെങ്കിലും എന്‍റെ മനസ്സില്‍ നിന്ന് സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല..

അതുകൊണ്ട് അച്ഛന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും നേര് പുറത്തു വരും വരെ ഇനി നാട്ടിലേക്കില്ല ഞാന്‍..ഇവിടെ വല്ല ഓഫീസ് വര്‍ക്ക് ചെയ്തിട്ടാണേലും പഠനം ഞാന്‍ പൂര്‍ത്തിയാക്കും..ഇതേപോലെ പരുന്തുകള്‍ റാഞ്ചിയെടുക്കുന്ന പെണ്കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും..

അച്ഛാ ,സ്വന്തമല്ലെങ്കിലും ഒരു മകളുടെ മാനത്തെ ഒരു ച്യൂയിംഗമായി ചവച്ചെറിഞ്ഞതിലും വലുതാണോ അച്ചന് കിട്ടുന്ന തടവുശിക്ഷ? അച്ഛനു നഷ്ടപ്പെടുന്ന സ്ഥാനമാനങ്ങള്‍..
ഇതെല്ലാം വായിച്ച് അച്ഛന്‍ അലറുന്നതെന്തെന്നു എനിക്കു കേള്‍ക്കാം – ഭ! വായടക്കെടീ ..
ഇല്ല അച്ഛാ ,കള്ളനായ അച്ഛന് നിഷ്കളങ്കയായ ഒരു മകള്‍ ജനിച്ച ആ നിമിഷത്തെ ഇനി മുതല്‍ ശപിച്ചോളൂ..നീതിയുടെ മുഖത്ത് കെട്ടിയ ആ കറുത്ത തുണി ഞാന്‍ വലിച്ചു ചീന്തുക തന്നെ ചെയ്യും ..

സ്നേഹത്തോടെ .

അപര്‍ണ

2015 ഏപ്രിൽ 8, ബുധനാഴ്‌ച

തൂലികാസൗഹൃദം(കഥ)


ഈ വയസ്സുകാലത്ത് മാധവന്‍ നായര്‍ ഫെയ്‌സ് ബുക്കിനു മുമ്പില്‍ ചടഞ്ഞിരുന്നത് തന്നെ പണ്ടെന്നോ നഷ്ടപ്പെട്ടു പോയ ഒരു തൂലികാ സുഹൃത്തിനെ തേടിയാണ്.വാരികയുടെ മൂലയില്‍ 25 കൊല്ലം മുമ്പ് പ്രത്യക്ഷപ്പെട്ട ആ പരസ്യം മാധവന്‍ നായര്‍ ഇന്നും ഓര്‍മിക്കുന്നു.

'സ്വതന്ത്ര ചിന്താഗതിക്കാരിയും എഴുത്തുകാരിയുമായ യുവതി സമാന ചിന്താഗതിക്കാരായ മാന്യന്മാരില്‍ നിന്നും സൗഹൃദം തേടുന്നു താല്പര്യമുള്ളവര്‍ ഈ അഡ്രസ്സിലേക്ക് കത്തുകളയക്കാന്‍ അപേക്ഷിക്കുന്നു.'

മാന്യമായ എഴുത്തുകള്‍ തങ്ങള്‍ക്കിടയില്‍ പറന്നുകൊണ്ടിരുന്നത് പത്തു വര്‍ഷങ്ങളാണ്.ലാന്‍ഡ് ഫോണും മൊബൈലും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് നീല ഇന്‍ലന്റുകള്‍ വാക്കുകളെ ഗര്‍ഭം ധരിച്ച് ആഴ്ചകളുടെ മാത്രം ഇടവേളകളോടെ ഓടിയണഞ്ഞിരുന്നപ്പോള്‍ എത്രയായിരുന്നു ആഹ്ലാദം.ഓരോ വരിയും ഒളിപ്പിച്ച നാനാര്‍ഥങ്ങളെ ധ്യാനിച്ചും വരികള്‍ക്കിടയില്‍ വായിച്ചും ഓരോ കത്തിനും ഒരായിരം വ്യാഖ്യാനങ്ങള്‍ നല്‍കി..ഒരാഴ്ച കത്തു മുടങ്ങിയാലുള്ള മനോവിഷമം ചില്ലറയായിരുന്നില്ല.വന്നു വന്ന് താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയെ പ്രണയിച്ചു തുടങ്ങിയോ എന്നും സംശയിക്കാതിരുന്നില്ല.തന്റെ രചനകള്‍ പലതും അവള്‍ ഗൌരവപൂര്‍വം വായിക്കുകയും അതിന്റെ അവലോകനം തൊട്ടടുത്ത കത്തില്‍ തന്നെ വിശദമായി എഴുതുകയും ചെയ്തിരുന്നു.
എന്നിട്ടും ഒരു കല്യാണാലോചനയിലേക്ക് പുരോഗമിക്കാന്‍ ഏതാണ്ട് അനുകൂല സാഹചര്യങ്ങളൊക്കെ ഒത്തു വന്നപ്പോഴേക്ക് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് പാര്‍വതീനായരുടെ എഴുത്തുകള്‍ നിലച്ചു.അഡ്രസ്സര്‍ കൈപറ്റിയില്ല എന്ന കുറിപ്പോടെ അയച്ച പല എഴുത്തുകളും തിരിച്ചു വന്നു.ആ വിഷാദത്തില്‍ നിന്നു കര കയറാന്‍ രണ്ടു മൂന്നു വര്‍ഷങ്ങളെടുത്തു.മറ്റൊരു കല്യാണം ഒരിക്കലും പ്രതീക്ഷിച്ചത്ര സന്തോഷം തന്നതുമില്ല.മനസ്സ് എന്നേ പാര്‍വതീനായര്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു.

പാര്‍വതി നായര്‍ എന്നെഴുതി സെര്‍ച്ച് ചെയ്തപ്പോള്‍ അനവധി പാര്‍വതികള്‍ മോണിറ്ററില്‍ നിറഞ്ഞു.ഇതിലുണ്ടാകുമോ തന്റെ സുഹൃത്ത്?ഒരിക്കലെങ്കിലും ഒന്നു കാണാന്‍, ഒന്നു മിണ്ടാന്‍..പുറം കടയുവോളം അയാള്‍ പരതിക്കൊണ്ടിരുന്നു.ഏതാണ്ട് തന്റെ ജനനത്തീയതിയുമായി ഒക്കുന്ന ഒന്നു രണ്ടു പാര്‍വതിമാര്‍ക്ക് റിക്ക്വസ്റ്റ് അയക്കുകയും ചെയ്തു.കൃത്യം ഒരാഴ്ച കഴിഞ്ഞ്മൂന്നു പാര്‍വതിമാര്‍ തന്റെ റിക്ക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തതായി അയാള്‍ കണ്ടെത്തി.മൂന്നിനും കണ്‍ഫേം അടിക്കുമ്പോള്‍ ഒന്നെങ്കിലും തന്റെ പഴയ പാര്‍വതിയാകണേയെന്നയാള്‍ പ്രാര്‍ഥിച്ചു. മൂന്നും സുന്ദരികളാണ്.

'മിസ്റ്റര്‍ മാധവന്‍ നായര്‍ ആര്‍ യു മൈ ഓള്‍ഡ് പെന്‍ഫ്രണ്ട്?'

ആ സന്ദേശം വായിച്ച് അയാള്‍ക്ക് ഉലകം കീഴടക്കിയ സന്തോഷമുണ്ടായി.

'പ്ലീസ് സെന്റ് മി യുവര്‍ അഡ്രസ്സ്.ഐ വാണ്ട് ടു സീ യു.ഷുവര്‍ ഐ ആം യുവര്‍ ഓള്‍ഡ് പെന്‍ഫ്രണ്ട്..'

അങ്ങനെ കുറിക്കുമ്പോള്‍ അയാള്‍ക്ക് ഉള്ളിലെവിടെയോ ഒരുറപ്പുണ്ടായിരുന്നു.ഇത് തന്റെ പാര്‍വതി തന്നെ.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് പാര്‍വതിയെ തിരഞ്ഞ് ആ പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ ഫോട്ടോയിലെ സുന്ദരി അയാളെ മോഹിപ്പിച്ചു. അയാളറിയാതെ ഒരു പുഞ്ചിരി അയാളുടെ അധരങ്ങളെ തൊട്ടു തലോടി. അന്നാ കല്യാണം നടന്നിരുന്നെങ്കില്‍! വ്യസനത്തോടെ അയാള്‍ ഓര്‍മിച്ചു.അഡ്രസ്സാകട്ടെ അയാളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുഗാന്ധി ഗ്രാമം കേട്ടിടത്തോളം അത് അശരണരുടെ കേന്ദ്രമാണ്. തന്റെ പാര്‍വതി ആരുമില്ലാത്തവളാണോ? ആര്‍ക്കറിയാം.

ദൂരേന്നേ ആ ഓറഞ്ചു കെട്ടിടം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ സ്മരണ അയാളിലേക്ക് കുടഞ്ഞിട്ടു. മുറ്റത്ത് ചെടിപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകള്‍..വേറെ കുറെ പേര്‍ പച്ചക്കറി കൃഷിയിലാണ്. ആകെ ജോലികളുടെ ബഹളം..ആരോടു ചോദിക്കും? വാര്‍ഡനെന്നു തോന്നിച്ച ഗൌരവക്കാരിയായ സ്ത്രീയെ സമീപിച്ചു.

'പാര്‍വതി നായര്‍. പി.കെ?'

'പാര്‍വതി നായരുടെ ആരാ? മൂന്നാലു കൊല്ലം ദീനം പിടിച്ചു കിടന്നപ്പോ തിരിഞ്ഞു നോക്കാന്‍ കണ്ടില്ലല്ലോ ആരെയും?'

നീരസം അവരില്‍ നിന്ന് തുപ്പലായി തെറിച്ചു.

'ങാ, ആരോരുമില്ലാത്തവരാണല്ലോ ഇവിടെയെത്തുന്നത്. പിന്നെയും ആരെയെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നതേ പോഴത്തം. നിങ്ങളാരാ?'

'ഒരു അകന്ന ബന്ധുവാ, ഒന്നു കാണാന്‍ വന്നതാ. ഞാന്‍ കുറെയായി നാട്ടിലുണ്ടായിരുന്നില്ല. വന്നപ്പഴാ അവരിവിടെയാണെന്ന് അറിഞ്ഞത്.'

കണ്ണും പൂട്ടി ഒരു നുണ തട്ടി വിട്ടു.

'കൂട്ടും കുടുമ്പോം പുറന്തള്ളിയത് വന്നപ്പഴാവും അറിഞ്ഞത്. ദാ, ആ റൂമിലുണ്ട്. ഏതു നേരോം ആ കമ്പ്യൂട്ടറിന്റെ മുന്നിലാ. വയ്യാത്തോണ്ട് പണിയിലൊന്നും കൂടണ്ടാലോ. അതും ഭാഗ്യം..'

ഉത്കണ്ഠയോടെ കാലുകള്‍ ഇടറിക്കൊണ്ട് മുന്നോട്ടു നടന്നു. എന്താവും വയ്യായ്ക?

അടുത്തെത്തിയപ്പോള്‍അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഭൂതത്തിനു പോലും ഇത്രയും വൈരൂപ്യമുണ്ടാവില്ലെന്ന് തോന്നിപ്പോയി. വസൂരിക്കലകള്‍ പോലെ മുഖം നിറയെ കറുത്തു കരിഞ്ഞ കുരുക്കള്‍. തുറിച്ച കണ്ണുകള്‍..കറുത്തു തടിച്ച ചുണ്ടുകള്‍..പക്ഷെ ആ എഴുത്തുകള്‍! അവയെത്ര മനോഹരമായിരുന്നു!

'മാധവന്‍ നായരല്ലേ?'രൂപത്തിന് അനുരൂപമല്ലാത്ത മധുരസ്വരത്തില്‍ അവര്‍ ചോദിച്ചു.

'കാത്തിരിക്കായിരുന്നു ഞാന്‍. അന്ന് കല്യാണാലോചന വന്നപ്പോള്‍ എന്റെ കത്തുകള്‍ നിന്നു പോയതെന്താണെന്ന് മനസ്സിലായില്ലേ? സഹിക്കില്ല. സൌന്ദര്യത്തെ അത്ര മേല്‍ ആരാധിക്കുന്ന ലോകത്തിന് ഈ രൂപം ഒരിക്കലും സഹിക്കില്ല.'

'അപ്പോ ഫെയ്‌സ് ബുക്കിലെ ഫോട്ടോ?'

'അതോ? വ്യാമോഹം! സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നതു തന്നെ ആശകള്‍ മുറിയുമ്പോഴല്ലേ? നടക്കാതെ പോയ ഓരോ മോഹവും സ്വപ്നങ്ങളായി നമ്മെ തൊട്ടുണര്‍ത്തുന്നു.'

അവര്‍ ഊന്നുവടിയില്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേറ്റു. ഒരു ഭാഗത്തേക്ക് ചെരിയുന്ന നടത്തം. ഒരു കാലില്‍ മുടന്തുമുണ്ട്. ദൈവത്തിന്റെ സുദീര്‍ഘമായ പരിഹാസച്ചിരി വാനില്‍ നിന്നും മുഴങ്ങി.

'എന്താ ഒന്നും മിണ്ടാതെ? രൂപം കണ്ട് ഭ്രമിച്ചോ?" -'അവര്‍ സ്വയം നിന്ദിച്ചുകൊണ്ട് കിലുകിലെ ചിരിച്ചു.

'വീട്ടുകാര്‍ക്ക് വരെ വേണ്ട. പിന്നെയാണോ എന്നോ എപ്പഴോ പരിചയപ്പെട്ട ഒരു സുഹൃത്ത്. ഒരു ചായക്ക് പറയട്ടെ?'

'വേണ്ട.' -സങ്കല്പങ്ങളെല്ലാം ഉടഞ്ഞു തീര്‍ന്ന ഇച്ഛാഭംഗത്തോടെ അയാള്‍ തുടര്‍ന്നു.

"പോട്ടെ ഒരല്പം തിരക്കുണ്ട്."

അവര്‍ കുണ്ഠിതത്തോടെ അയാളെ നോക്കി. എന്തൊക്കെയോ പറയാനായി വാക്കുകള്‍ അവരുടെ ചുണ്ടുകളെ അലട്ടിക്കൊണ്ടിരുന്നു.

'ഫെയ്‌സ് ബുക്കില്‍ എന്റെ പോസ്റ്റുകള്‍  വായിക്കാറില്ലേ? കവിതകള്‍?'

'നന്നാവുന്നുണ്ട്, ഇനിയും എഴുതണം." - കടമ പോലെ വാക്കുകള്‍ ചവച്ചു തുപ്പി അയാള്‍ എഴുന്നേറ്റു.പുറത്തിറങ്ങുമ്പോള്‍ ചുംബിക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമാണ് പ്രണയിക്കുന്ന മനുഷ്യരത്രയുമെന്നൊരു അസംബന്ധചിന്ത അയാള്‍ക്കുള്ളില്‍ കണ്ണു പൊത്തിച്ചിരിച്ചു...  


2015 മാർച്ച് 17, ചൊവ്വാഴ്ച

നിഴല്‍ചിത്രങ്ങള്‍(കഥ)


'മുത്തശ്ശീ ,ദാ ഇപ്പം തുടങ്ങും , റേഡിയോയില്‍ അച്ഛന്റെയും കൂട്ടുകാരുടേം പരിപാടി ,കേക്ക്ണില്ലേ?'

കൊച്ചുമോള്‍ റേഡിയോ മുത്തശ്ശിയുടെ മുന്നിലേക്ക് നീക്കി വെച്ചു. ഓര്‍മകളുടെ കയത്തില്‍ നിന്ന് ഒരു പിടുത്തം കിട്ടിയപോലെ അവര്‍ തലയുയര്‍ത്തി.

'ങാ ,ഇപ്പഴാണോ? തൊറന്നു വെക്ക് കൊച്ചേ..'

'ദാ ,തൊറന്നു ,അമ്മയെ കൊറേ വിളിച്ച്..കരയാ ..'

'ങാ ,നീ മിണ്ടാതെ ഇരി ..മുത്തച്ഛനറിഞ്ഞോ?'

'പറയാനൊക്കെ പറഞ്ഞു .വെറുതെ തലയാട്ടി..എന്താ മുത്തശ്ശീ മുത്തച്ഛന്‍ ബെഡ്ഡില്‍ നിന്ന് എണീക്കാത്തെ?'

'വിധിയാ കുട്ട്യേ ,അതിന്റെ കയറ് മുറുക്യാ പിന്നെ അതാ യോഗം ,കിടപ്പ് ..'

കൊച്ചുമോള്‍ വല്ലാത്തൊരു സങ്കടത്തോടെ മുത്തശ്ശിയെ നോക്കി..അവള്‍ക്ക് ഓര്‍മ വെച്ച മുതല് ഈ വീട്ടില് വിഷമങ്ങളേയുള്ളൂ..കൂട്ടുകാരികള്‍ക്കൊക്കെ സന്തോഷക്കഥകളേ പറയാനുള്ളൂ..തന്റെ വീട് മാത്രം എന്താണാവോ ഇങ്ങനെ ..

'ആകാശവാണി –ഈ ഓണക്കാലത്ത് നിങ്ങള്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തിരുമുല്‍ക്കാഴ്ച..തടവുകാര്‍ അവതരിപ്പിക്കുന്ന പ്രത്യേക ഓണപ്പരിപാടി..പങ്കെടുക്കുന്നവര്‍
സാമുവല്‍ മുനിയറ ,രാജേഷ് അത്തോളി ,ദുല്‍ഖര്‍ കൊല്ലം ,വേണുഗോപന്‍ പാണാളി ,മുഹമ്മദ് അസ്ലം കോട്ടയം ...

പ്രിയ ശ്രോതാക്കളെ ,ഞങ്ങള്‍ തടവുകാര്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ടു മാത്രം നിങ്ങളീ പരിപാടി ശ്രദ്ധിക്കാതിരിക്കരുത്..ഒരു നിമിഷത്തെ കൈപ്പിഴ ,ക്രോധം അതല്ലെങ്കില്‍ ക്രൂരമായ നിയോഗം , അതാണ് ഈ ഇരുട്ടില്‍ ഞങ്ങളെ തളച്ചത്..ആദ്യമായി കവിതാലാപനം –സാമുവല്‍ മുനിയറ ..കവിതഒ എന്‍ വിയുടെ ഗോതമ്പുമണികള്‍ ..'

മുത്തശ്ശിക്ക് വ്യസനം തൊണ്ടയില്‍ പെരുങ്കല്ലായി തങ്ങിനില്‍ക്കയാണെന്നു തോന്നി..പറയുന്നത് അവനാണ് –വേണുഗോപന്‍ ..ഒരു നിമിഷത്തെ കൈപ്പിഴ അവന്റെ എത്ര കൊല്ലങ്ങളെയാണ് കട്ടുകൊണ്ടു പോയത്..ഓര്‍മകള്‍ അതിന്റെ പരുക്കന്‍കൈകളാല്‍ അവരെ പിറകോട്ടു വലിച്ചു..

അഷിഖ ജനിച്ചതോടെയാണ് അപശ്രുതികള്‍ ആരംഭിച്ചത്..വൈകല്യമുള്ള കുട്ടി വീടിന്റെ ദോഷംകൊണ്ടാണെന്നായിരുന്നു ജോത്സ്യന്റെ കണ്ടുപിടുത്തം..പരിഹാരമായി പല പൂജകള്‍ ,കര്‍മങ്ങള്‍ ..എന്നിട്ടും കുട്ടി ഒന്നും മിണ്ടിയില്ല ,എഴുന്നേറ്റു നടന്നില്ല ..അത്രയും കാലം തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചിരുന്ന വേണു മൂകനായി..ഏകനായിരുന്ന് ചിന്തിച്ചു കൂട്ടാന്‍ തുടങ്ങി ..നിര്‍ബന്ധമായും പങ്കെടുക്കേണ്ട കല്യാണമായത് കൊണ്ടു മാത്രമാണ് ,തൊട്ടയല്പക്കമല്ലേ എന്ന സമാധാനത്തിലാണ് അവള്‍ ഉറങ്ങുമ്പോള്‍  താനും പോയത്.. ഒരു കരച്ചില്‍ പോലും കേട്ടിരുന്നില്ല..എന്തുള്‍വിളിയാലാണ് വേണു അവിടെ എത്തിയതാവോ?ചുണ്ട് തുടച്ച് ഒരു കാടന്‍പൂച്ചയെപ്പോലെ അവന്‍- അടുത്ത വീട്ടിലെ പത്താംക്ലാസ്സുകാരന്‍ പുറത്തിറങ്ങുകയായിരുന്നു..
അവനെ കോളറിനു പിടിച്ചു വലിച്ചുകൊണ്ട് വേണു ഉള്‍മുറിയിലേക്ക് പാഞ്ഞു കയറി..ഒരു നിലവിളി പാതിയിലെവിടെയോ ഞെരിച്ചമര്‍ത്തപ്പെട്ട് അഷിഖ വാ പൊളിച്ചു കിടപ്പായിരുന്നു..ചുണ്ടുകള്‍ നീലിച്ചു കല്ലിച്ചിരുന്നു ..

പിന്നെ വേണുവിന് ബോധമുണ്ടായിരുന്നില്ല..അവന്റെ കൈകളുടെ മരണക്കുരുക്കില്‍ നിന്ന് ശ്വാസം നിലക്കും വരെ ആ ചെറുക്കന് മോചനമുണ്ടായതുമില്ല..

'മുത്തശ്ശിയെന്തിനാ കരയണ്?'

കൊച്ചുമോള്‍ അവരെ തോണ്ടി വിളിച്ചു..

'ഒന്നൂല്ല ,അഷിച്ചേച്ചിയെ ഓര്‍ക്കണുണ്ടോ നീയ്?'

'ഉം ,കഴിഞ്ഞ കൊല്ലല്ലേ മരിച്ചത്? അതെന്താ ചേച്ചി മുത്തച്ഛനെപ്പോലെ എപ്പോഴും ബെഡ്ഡില്‍ ,എണീക്കാതെ..'

'മോള് അച്ഛന് വേണ്ടി എപ്പഴും പ്രാര്‍ഥിക്കണം..വേഗം തിരിച്ചു വരാന്‍..' 

'ഞാനെന്താ എന്നും പ്രാര്‍ഥിക്കണേന്നു മുത്തശ്ശിക്കറിയോ?'

'ഉം ,എന്താ?'

'അച്ഛന്‍ ഒരാളെ കൊന്ന കഥ എത്രയാളാ ചോദിക്കണ്..നമ്മളെ അറിയാത്ത ഒരു നാട്ടിലേക്ക് നമ്മള്‍ക്ക് പോണം ..അതിന് അച്ഛന്‍ വേഗം വരണം ...'

'പ്രിയശ്രോതാക്കളെ, ഈ ഓണക്കാലത്ത് ഇങ്ങനൊരു സന്തോഷം ഞങ്ങള്‍ക്ക് തന്നതിന് ,വാക്കുകളിലൂടെയെങ്കിലും ഞങ്ങളുടെ ഉറ്റവരുമായി വിദൂരബന്ധം പുലര്‍ത്താന്‍ സഹായിച്ചതിന്,എ ഡി ജി പിക്കും മറ്റു ജയില്‍ അധികാരികള്‍ക്കും ഞങ്ങള്‍ തടവുകാരുടെ ഒരായിരം നന്ദി ..ഞങ്ങള്‍ക്കിടയിലും കലാകാരന്മാരുണ്ടെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാകും..കലാകാരനും കൊലപാതകിക്കും ഇടയിലെ ദൂരം ഒരു കോമ മാത്രമാണ് ..ഒരു നിമിഷത്തെ കല്ലുവിധി ആ കോമയെ ഒരു പെരുംറബ്ബറായി മായ്ച്ചുകളയും..അഗാധമായ ഒരു ഗര്‍ത്തത്തില്‍ നമ്മുടെ ജീവിതം ഞെട്ടിയുണരും..എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...'

വേണുവിന്റെ ശബ്ദം ഏതോ വാതായനങ്ങള്‍ക്കപ്പുറത്ത് നിശ്ശബ്ദമായി..മുത്തശ്ശി നെഞ്ച് തടവിക്കൊണ്ട് പിറുപിറുത്തു'അവനെ കാണാന്‍ പോകണം ..എന്റെ കുട്ടിയെ ഇനിയെത്ര തവണ കാണാനാകും  ഈശ്വരാ .'

കൊച്ചുമോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയിരുന്നു ..

'വാ മോളേ ,ചോറുണ്ണാം..'

അവര്‍ അടുക്കളയിലേക്ക് നടന്നു ..അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ഒരു വലിയ നിഴലും ചെറിയ നിഴലും കൈ കോര്‍ത്തു പിടിച്ചു ........................   
 

2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

തണല്‍മരങ്ങള്‍(കഥ)




ബസില്‍ ഉറക്കം തൂങ്ങിയിരുന്ന എന്നെ തട്ടിയുണര്‍ത്തുന്നതായിരുന്നു ആ ചോദ്യം –

'കുട്ട്യേ ,ഈ ഫോണില് ഇപ്പം വിള്‍ച്ചത് ആരാന്ന് ഒന്ന് നോക്കിപ്പറഞ്ഞാ..നോക്കീട്ട് കണ്ണ് പിടിക്കണില്ല.'

യാത്രകളില്‍ അധികമാരുമായും സംസാരിക്കരുതെന്നാണ് ഉമ്മയുടെയും ഉപ്പയുടെയും ഉപദേശം. തനിച്ചുള്ള യാത്രകള്‍ ..നിത്യവും വാര്‍ത്തകളില്‍ ആരും നല്ലതൊന്നുമല്ലല്ലോ കേള്‍ക്കുന്നത്.
നോകിയയുടെ വളരെ പഴയ  ഫോണ്‍..സ്‌ക്രാച്ച് വീണ് സ്‌ക്രീന്‍  മങ്ങിപ്പോയിരിക്കുന്നു.

'സൈനുദ്ധീന്‍ എന്നൊരാളാ വിളിച്ചിരിക്കുന്നത്.'

'ആ , അത്ന്റെ മോനാ..അവ്‌ടെ ഇര്ന്നങ്ങനെ വിള്‍ച്ച്‌ട്ടെന്താ കാര്യം? ഉമ്മ ഹയാത്തില്  ണ്ടോന്ന് അറിയാനാവുംഹിമാറ്.'

ആ ശകാരം എന്നെ അലട്ടി. ഉമ്മ ചെറുതായി ദേഷ്യപ്പെടുമ്പോഴേക്ക് വലിയ സങ്കടമാണ് എനിക്ക്.

'മോള് ഒറ്റയ്ക്കാണോ?എവ്ട്ന്നാ വര്ണ്?'

മറുപടി പറയുംമുമ്പ് മനസ്സ് അവരെ ഒന്നൂടെ വിശകലനം ചെയ്തു. വല്ല തട്ടിപ്പും ആയിരിക്കുമോ?എന്റെ മേലാണെങ്കില്‍ ചെറിയ സ്വര്‍ണാഭരണങ്ങളുണ്ട്..

'ഉം ,കോഴിക്കോട്ട്ന്നാ.'

'അത് ശരി ,അവിടെന്താ പഠിക്കാണോ?'

'ഉം '

'എവിട്ക്കാ മോള് പോണ്?'

'പാലക്കാട്'

'ന്റെ പടച്ചോനേ,അത്രേം ദൂരം ഇജൊരു വാല്യക്കാരത്തി  ഒറ്റയ്ക്കാണോ പോണ്? കാലം ശരിയല്ല മോളേ..അന്റെ ഇമ്മേം  ഇപ്പേം എവ്‌ടെ?'

'ഗള്‍ഫിലാ, ഉപ്പാന്റെ നാട്ടിലേക്കാ പോണത്'

'ഉം ,ഇന്‍ക്ക് കൊട്ടപ്പൊറത്ത് എറങ്ങണം..അവിടെത്തുമ്പോള്‍ക്ക് ഞാന്‍ ഒറങ്ങിപ്പോയാ വിളിക്കണം ട്ടോ.ആശൂത്രീല് നിന്ന് നിന്ന് ചടച്ചു.'

'എന്തായിരുന്നു അസുഖം?'

'അതൊന്നും പറേണ്ടന്റെ കുട്ട്യേ. വയറ്റുവേദന..പുണ്ണ്ണ്ട് ന്നാ  ഡോകടര് പറയണ്..ഇല്ലാണ്ടിരിക്കോ? ദുനിയാവിലെ ഹയാത്ത്ന്റെ ഇടങ്ങേറ് അങ്ങനെ ഓരോന്നായി പൊറത്ത്ക്ക് ചാടും. പുണ്ണ്! , കാന്‍സര്‍ ,പേരങ്ങനെ മാറും ന്നേള്ളൂ..'

ആ തത്വജ്ഞാനം എന്നെ അമ്പരപ്പിച്ചു. വെറും ഒരു നാടത്തി എത്ര സൂക്ഷ്മമായി ജീവിതത്തെ വിലയിരുത്തുന്നു...

'എന്നിട്ട് കുറഞ്ഞോ?'

'എവടെ കൊറയണ്? മാസക്കണക്കിനു ആശൂത്രീപ്പോയി കെടക്കാമ്പറ്റോ? ഡോക്ടര്‍മാര്ക്കാണെങ്കില്‍ ഓലെ മുന്നിലെ വര്യങ്ങനെ നീണ്ടു കെടന്നാ മതി. അസുഖം മാറണേല്‍ റബ്ബ് വേറെ കനിയണം.പാവം മൂപ്പരെ കാല് മരക്കുറ്റിയായി. മടക്കുമ്പളും നീര്ത്തുമ്പളും വേദനീം വെര്‌ത്തോം...'

'ആര് ,ഇങ്ങളെ ഭര്‍ത്താവോ?'

'ആ ,മൂപ്പരന്നെ, ഓലന്നേള്ളൂ ഇന്‌ക്കൊരു തൊണ. മക്കളൊന്നുണ്ടായിറ്റ് ഒരു കാര്യും ഇല്ലന്റെ കുട്ട്യേ..മീശേം താടീം വെച്ച് പെണ്ണ് കെട്ടി കുട്ടി രണ്ടായിട്ടും ഒര്ത്തന് ഇപ്പളും ഞങ്ങള് ചെലവിന് കൊട്ക്കണം. മറ്റോന്‍ പിന്നെ ഞങ്ങളെ നോക്കീല്ലേലും ഓന്റെ പെണ്ണിനേം കുട്ട്യാളേം നോക്ക്യോളും..ഇച്ചെയ്ത്താന്‍ ആ സൈനുദ്ദീന്‍ ഉണ്ടല്ലോ, കള്ള് കുടിക്കാനും ശീട്ട് കളിക്കാനും അല്ലാണ്ട് ഓനെ ഒന്നിനും പറ്റൂല്ല. '

'അവരുടെ ഭാര്യ പറഞ്ഞാലും അയാള്‍ കേള്‍ക്കൂലെ?'

''അതന്നെ ഞങ്ങളും കര്തീത്. കല്യാണം കഴിഞ്ഞാലേലും ഓന്‍ നേരാകൂന്ന്. അപ്പെങ്കുട്ടീന്റെ കണ്ണീര് കാണുമ്പം ഖബറിലും ഞങ്ങക്ക് സമാധാനം കിട്ടൂന്ന് തോന്നണില്ല.'

'എന്നിട്ടിപ്പം എന്തിനാ അയാള്‍ വിളിക്ക്ണ്?'

'വിറ്റ് വിറ്റ് ഞ്ഞാകെ ആ മൂന്നു സെന്റും ഓട്ടുപൊരയും മാത്രേ ബാക്കീള്ളൂ. രണ്ട് ആമ്പെറന്നോരിക്കും ഓലെ ഓരി കിട്ടണം. പെങ്കുട്ട്യാളെ കെട്ടിക്കാന്‍ സ്ഥലം വിറ്റതോണ്ട് ഞ്ഞൊരു വക കൊട്ക്കണ്ടാന്നാ ഓലെ വര്‍ത്താനം. അത് ഓലെ പെരക്കാര് സമ്മയ്‌ക്കോ?അത് മാത്രോ ,പെര വിറ്റാ ഞാനും മൂപ്പരും എങ്ങോട്ട് എറങ്ങും? ഇത് വല്ലതും ആ ഇബ്ലീസീങ്ങള്‍ക്ക് അറിയണോ?അത് കച്ചോടാക്കാനാ ആ ഹംക്കിന്റെ വിളി..'

'ഇങ്ങള് രണ്ടാളും സട്രോങ്ങായിട്ടു നില്‍ക്കണം. വിട്ടു കൊടുക്കരുത്. ഉള്ളത് കൂടി പോയാല്‍ നിങ്ങളെവിടെ പോകും?'

'അതന്നെ മോളേ ഞാനും കര്ത്ണ്.ന്റെ കുട്ടി ഇമ്മാനേം ഇപ്പാനേം നല്ലോണം നോക്കണംട്ടോ. ഉമ്മാന്റെ കാല്‍ച്ചോട്ടിലാ സ്വര്‍ഗംന്നാ മുത്തുനബി പഠിപ്പിച്ചിരിക്ക്ണ്..'

'ബാ.' –വൃദ്ധനായ ഒരാള്‍ സീറ്റിനരികെ വന്ന് അവരെ തോണ്ടി. കൊട്ടപ്പുറം എത്താറായിരിക്കുന്നു. എഴുന്നേറ്റപ്പോള്‍ അവര്‍ക്ക് നില്‍പ്പുറച്ചില്ല..വീഴാന്‍ പോയ അവരെ അയാളുടെ ചുളിഞ്ഞ കൈ ക്ലേശത്തോടെ താങ്ങി.നരച്ച കാലന്‍കുട മറുകയ്യില്‍ തൂങ്ങുന്നു..വീഴാന്‍ പോകുമ്പോഴും അവര്‍ എന്നെ വിളിച്ചു മോളേ ,ഇറങ്ങാട്ടോ..'

ബസ് കുതിപ്പോടെ സഡന്‍ബ്രേക്കിട്ടു. എല്ലാവരും മേല്‍ക്കുമേല്‍ ചാഞ്ഞു. സീറ്റ്കമ്പിയിലടിച്ച കൈ ഉഴിഞ്ഞുകൊണ്ട് അവര്‍ പ്രാകിക്കൊണ്ടിരുന്നു. 'ഈ ഡൈവര്‍ക്ക് കണ്ണ് മോത്തൊന്നല്ലേ?അച്ചാര്‍കുപ്പി പോലല്ലേ ഓന്റെ കുല്‍ക്കല്..' 

ഉറക്കെയുള്ള ആ പ്രസ്ഥാവന എല്ലാവരെയും ചിരിപ്പിച്ചു. അയാള്‍ ദൈന്യത്തോടെ എല്ലാവരെയും നോക്കി അവരെ ഇറങ്ങാന്‍ സഹായിച്ചു. നരച്ച ആ സ്‌നേഹത്തണല്‍ എല്ലാ വെയിലും കൊണ്ട് നിറം കെട്ടു തുള വീണ് ദുര്‍ബലമായി അവര്‍ക്ക് മീതെ ചാഞ്ചാടി.അതെത്ര കാലത്തേക്കാവും? അതിനു കീഴെ ഒരു മങ്ങിയ നിഴലായി നടന്നു നീങ്ങിയ അവരുടെ ഇടറുന്ന കാലടികള്‍ ജീവിതത്തിന്റെ ചുരുക്കെഴുത്ത് എന്താണെന്ന് എന്നെ ഓര്‍മിപ്പിച്ചു...നിലക്കാത്ത ചോദ്യചിഹ്നങ്ങള്‍ ,അര്‍ധവിരാമങ്ങള്‍, ഒടുവില്‍ എത്തിച്ചേരുന്ന പൂര്‍ണവിരാമത്തിന്റെ വെള്ളപ്പുതപ്പ്...

സീറ്റിലേക്ക് ചാരിയിരുന്നപ്പോള്‍ തൊട്ടടുത്തു വന്നിരുന്ന ന്യൂജനറേഷന്‍ ഗേള്‍ ഇയര്‍ഫോണ്‍ ചെവിയിലേക്ക് തിരുകി..മുട്ടോളമെത്തുന്ന ഇറുകിയ പാന്റില്‍ താളമടിച്ചുകൊണ്ട് അവള്‍ ഒരു ഗെയിമിന്റെ തീരാത്ത രസത്തുരുത്തിലേക്ക് ഊളിയിട്ടു.. എന്റെ റബ്ബേ , ഓരോ യാത്രയും എന്തു മാത്രം വ്യത്യസ്തമായ ജീവിതസമസ്യകളെയാണ് മുന്നിലേക്കിടുന്നത്..

ഞാന്‍ സീറ്റിലേക്ക് ചാരി വെറുതെ കണ്ണടച്ചു.......................    

2014 ഡിസംബർ 21, ഞായറാഴ്‌ച

കാലാന്തരം(കഥ)

നഗരത്തിലെ പബ്ലിക് ലൈബ്രറിയില്‍ വിറ്റൊഴിക്കലാണ്. സാര്‍ത്ര് ,കാമു ,നീത്‌ഷെ തുടങ്ങിയവരുടെ മഹത്കൃതികളെല്ലാം അമ്പത് ശതമാനം വിലക്കുറവിലാണ് വില്പന. ലൈബ്രറിയില്‍ ആളുകളുടെ വരവു കുറഞ്ഞതോടെ ഒന്നു രണ്ടു എലികള്‍ വാസമുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. യഥാസമയം ലൈബ്രേറിയന്‍ കണ്ടു പിടിച്ചതു കൊണ്ടാണ് ഈ മഹാന്മാരെല്ലാം രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പരിപാവനമായ പല ഗ്രന്ഥങ്ങളുടെയും കഷ്ണരൂപങ്ങള്‍ മാത്രം കാണേണ്ടി വന്നേനെ.

ലൈബ്രറിയുടെ താഴെ റോഡ് സൈഡില്‍ തുറന്ന സ്ഥലത്തു വെച്ചായിരുന്നു പുസ്തകവില്പന. ഒരാഴ്ചയായി മേള തുടങ്ങിയിട്ട്. എന്നിട്ടും വല്യ പുരോഗതിയൊന്നുമില്ല. റോഡിനു എതിര്‍വശത്ത് ഒരു ടെക്‌സറ്റയില്‌സിലും വിറ്റൊഴിക്കല്‍ നടക്കുന്നുണ്ട്. അവിടെ തിരക്കു കൊണ്ട് ഇടയ്ക്കിടെ അവര്‍ ഷട്ടര്‍ താഴ്ത്തുന്നു. ആരും കളിയായിപോലും ഈ സൈഡിലേക്കൊന്നു നോക്കുന്നില്ല. നോക്കിയവരുടെ കണ്ണിലാകട്ടെ ആര്‍ക്കാണ് ഇക്കാലത്ത് പുസ്തകങ്ങള്‍ വേണ്ടത് എന്നൊരു ഭാവമാണ്. ഈ ചവറുകളെല്ലാം വായിക്കാന്‍ ആര്‍ക്കാണ് സമയം? അവര്‍ പുച്ഛത്തോടെ ഒരു ഗോഷ്ടി കാണിച്ച് മറ്റു വില്പന കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ലൈബ്രറി ഏതോ കൊര്‍പറേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ ബില്‍ഡിംഗ് കുറെ പുരാതനപുസ്തകങ്ങളുമായി ജീര്‍ണിക്കുന്നതില്‍ അവര്‍ കുറെ കാലമായി ആശങ്കയിലായിരുന്നത്രെ. ഏതൊക്കെയോ മുരട്ടുമനുഷ്യരുടെ സമരവും നിരാഹാരവുമൊക്കെ ഒതുക്കിയാണത്രെ അവരത് സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കിയിരിക്കുന്നത്. ലോകത്തിലെ എതുല്പന്നവും ലഭിക്കുന്ന ഒരു വമ്പന്‍ മാള്‍ പണിയലാണത്രെ അവരുടെ സ്വപ്നം.

ലൈബ്രേറിയന്‍ വിറ്റു പോയ പുസ്തകങ്ങളുടെ കണക്ക് പരിശോധിച്ചു. 'ജീവിതവിജയത്തിന് ഇരുപത്തഞ്ചു മാര്‍ഗങ്ങള്‍',  'എങ്ങനെ മത്സരിച്ചു മുന്നേറാം',  'ഓടുമ്പോള്‍ പിന്നിലുള്ളവരെ ശ്രദ്ധിക്കരുത്',  'ലൈംഗികത്തൊഴില്‍ ഒരു പുനര്‍വിചിന്തനം',  'ഒരു ലൈംഗികത്തൊഴിലാളിയുടെ കുമ്പസാരങ്ങള്‍',  'ഞാന്‍ ലൈംഗികത്തൊഴിലാളി' തുടങ്ങിയ പുസ്തകങ്ങളാണ് വില്പനയില്‍ കുതിക്കുന്നത്.  'സെക്‌സ് എങ്ങനെ ആസ്വദിക്കാം',  'നിങ്ങളുടെ ശരീരങ്ങളാല്‍ പങ്കാളിയുടെ മനസ്സറിയാം', തുടങ്ങിയ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റ് ഉണ്ട്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും അഞ്ചാറെണ്ണം അല്ലാത്തതെല്ലാം തീര്‍ന്നിട്ടുണ്ട്. ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ അയാള്‍ ഒരു മൂലയില്‍ അടുക്കി വച്ച പല മഹാന്മാരുടെയും പുസ്തകങ്ങള്‍ ശ്രദ്ധിച്ചു. 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' മൂന്ന്  അട്ടിയും ഒന്നുപോലും വിറ്റുപോയിട്ടില്ല.

എട്ടാം ക്ലാസ്സുകാരിയായ മകള്‍ ഒരിക്കല്‍ പറഞ്ഞതാണ് അപ്പോള്‍ അയാള്‍ക്ക് ഓര്‍മ വന്നത്. 'അച്ഛാ, ഇന്ന് ഗാന്ധിജിയെക്കുറിച്ച് ഒരു വിവരണം എഴുതിച്ചിരുന്നു ടീച്ചര്‍.'

'എന്നിട്ടു നീയെന്താ എഴുതിയത്?'അയാള്‍ ഉത്സുകനായി ചോദിച്ചു.

'എന്തെഴുതാന്‍? ടീച്ചര്‍ മുമ്പൊരിക്കല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും മടിയില്ലാത്ത മഹാനായിരുന്നു അദ്ദേഹമെന്ന്. പിന്നെ ഫ്രീഡം സ്ട്രഗ്ള്‍...'
'എന്നിട്ട് നീയതാണോ എഴുതിയത്?'

'ഏയ്, ഞാനിതാണ് എഴുതിയത് മഹാനൊക്കെയായിരുന്നെങ്കിലും ഗാന്ധി ഒരു വിഡ്ഢിയായിരുന്നു. രാഷ്ട്രീയത്തിലായിട്ടും  കുടുംബത്തിനായി ഒന്നും സമ്പാദിച്ചില്ല. സ്വന്തം സ്റ്റാറ്റസ് നോക്കാതെ ഒറ്റമുണ്ട് ചുറ്റി ചൂടും തണുപ്പും സഹിച്ചും സ്വന്തം ചെരുപ്പ് വരെ തുന്നിക്കൂട്ടിയും ആയുസ്സ് തീര്‍ത്തു. എന്നിട്ടും ഇത്രയൊക്കെ ആളുകള്‍ അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നു എന്നതിലും അദ്ഭുതമില്ല. അക്കാലത്ത് എല്ലാവരും വിഡ്ഢികളായിരുന്നു.'

അയാളാകെ അന്തം വിട്ടു. താന്‍ ദൈവം പോലെ പൂജിക്കുന്ന ഒരു മനുഷ്യന് വന്നു ചേര്‍ന്ന രൂപമാറ്റം അയാളെ കരയിച്ചു.സ്വന്തം പിതാവിനെക്കുറിച്ച് അവള്‍ എന്തു വിവരണമാവും തയ്യാറാക്കുക?
അയാള്‍ സങ്കടത്തോടെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എടുത്തു. മനോഹരമായ ആ വൃദ്ധമുഖത്തിന്റെ ചുളിവുകള്‍ അയാളുടെ കൈകള്‍ അറിഞ്ഞു. കണ്ണുകളുടെ സ്ഥാനത്ത് നനവുണ്ട്. അയാള്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു, ആ നനവ് ചുണ്ടോട് ചേര്‍ത്തു ഉപ്പുരസം! ഗാന്ധിജി! ഗാന്ധി പോലും കരയുന്നു.

'മഹാത്മാവേ, ഇക്കാലത്താണ് അങ്ങ് ജനിച്ചിരുന്നതെങ്കില്‍ എന്തു സമരമുറയായിരുന്നു സ്വീകരിക്കുക?' .അയാള്‍ നിശ്ശബ്ദം ചോദിച്ചു..........     

2014 നവംബർ 28, വെള്ളിയാഴ്‌ച

മൂന്നു ജന്മങ്ങള്‍..(കഥ)



മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു. ഏതോ മുക്കുവന്റെ വലയില്‍ ശ്വാസം മുട്ടി, പ്രാണവായുവിനായി നാക്കു നീട്ടി ,കണ്ണു തുറിച്ചു ഞാന്‍ പിടഞ്ഞു..ഏതോ വീടിന്റെ അടുക്കളയില്‍ ഒരു മൂര്‍ച്ചയുള്ള കത്തി എന്റെ വെള്ളിയുടുപ്പ് വകഞ്ഞുമാറ്റി..അതിന്റെ നിര്‍ദയമായ പല്ല് എന്റെ അകം വരെ മുറിപ്പെടുത്തി..വിരിയാറായി വയറില്‍ ഒട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അതു പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു..തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ രൂപപ്പെട്ടു..

രണ്ടാമത്തെ എന്റെ വേഷം ഒരു പശുവായിട്ടായിരുന്നു..പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു..കുട്ടിക്കു കരുതി വച്ചത് കൂടി സൂത്രത്തില്‍ കറന്നെടുത്ത് അവര്‍ എനിക്കായ് കാടിവെള്ളം നീക്കി വച്ചു..പാലിനു കൊള്ളില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്പനക്കാരന്‍ ഒരു നാള്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു..മൂന്നാം നാള്‍ എന്റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു..വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും പിടഞ്ഞുകൊണ്ടിരുന്നു..

മൂന്നാംജന്മം ഇതാ ഇതു തന്നെ –മനുഷ്യസ്ത്രീയായി ..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്..എന്റെ ദേഹം നോക്കൂ ..മീന്‍ വരിഞ്ഞ പോലെ, ഒരായിരം മുറിവുകള്‍ ..മല്ലിയും മുളകും പറ്റിപ്പിടിച്ച് മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു...നീറിക്കൊണ്ടിരിക്കുന്നു..ഉള്ളിന്റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല..നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല..മക്കള്‍ക്കും ഭര്‍ത്താവിനും ഒരു പാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു..ഇന്ന് –ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്റെ ആരായിരുന്നു എന്നാണ് അതിശയിക്കുന്നത്..പരിപ്പുപോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു? രുചിയുള്ള കറിയായി, ഉപ്പേരിയായി, ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു? രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല..ഉപേക്ഷിക്കപ്പെട്ടവളായി, ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ കടച്ചിലുമായി ..പെയ്‌തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്..

'മെഡിക്കല്‍കോളേജ് ആണുമ്മാ..സ്ഥിരവാസം പറ്റില്ല..ഇടയ്ക്കിടെ ഡ്രസ്സ് ചെയ്യലല്ലാതെ മുറിവുകള്‍ക്ക് വേറെ മാര്‍ഗമില്ല ..പണം ഒരു പാട് പൊടിക്കാന്‍ വേണം എന്തിനും.. ..അതില്ലല്ലോ ..നാളെ ഡിസ്ചാര്‍ജ് ചെയ്യും ..ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.'

നഴ്‌സിന്റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്റെ പേരില്‍ കൊടുത്ത രണ്ടു നമ്പരിലും അവള്‍ വിളിച്ചത്..രണ്ടും ഔട്ട് ഓഫ് കവറേജ് ഏരിയ ,അല്ലെങ്കില്‍ ബിസി ..അല്ലേല്‍ സ്വിച്ച്ഡ് ഓഫ് ..അവള്‍ക്കറിയില്ല ആരും വരാനില്ലെന്ന്..ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു..കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്..വളത്തിനല്ലാതെ അതെന്തിനു കൊള്ളാം? പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു ..അടിച്ചടിച്ച് ഈ ചണ്ടിയും ആരെങ്കിലും രണ്ടു കഷ്ണം കടലാസാക്കിയെങ്കില്‍..ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ..ഒരക്ഷരത്തിലേക്ക്‌പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന്  ഒന്നു തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞ്, ഒടിഞ്ഞു പോയ ശിരസ്സ് അങ്ങനേലും അതിന്റെ യഥാസ്ഥാനത്ത് ഒരു നിമിഷത്തേക്കെങ്കിലും നിലയുറപ്പിക്കുമല്ലോ...

2014 നവംബർ 10, തിങ്കളാഴ്‌ച

ഓര്‍മപ്പന്തലില്‍ അന്ന് (കഥ )


 ശരണാലയം കൊല്ലന്തോറും സന്ദര്‍ശിക്കല്‍ ഒരു പതിവായത് ഞാന്‍ പോലുമറിയാതെയാണ്.പേപ്പറിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ വേണ്ടിയാണ് ആദ്യം അവിടെയെത്തിയത്.അനേകം അഗതികള്‍ മുറുമുറുപ്പില്ലാതെ താമസിക്കുന്ന നരച്ച കെട്ടിടങ്ങള്‍ എന്തോ എന്നില്‍ പേരറിയാത്തൊരു വിഷാദമുണ്ടാക്കി.ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരു പഴയകാല സിനിമാനടിയുമുണ്ടായിരുന്നു.പതിനെട്ടാം വയസ്സില്‍ തന്നെ അമ്പതു വയസ്സുകാരി അമ്മയായി അഭിനയിച്ചു തുടങ്ങിയവര്‍.പത്തുപതിനഞ്ചു കൊല്ലം സിനിമയിലഭിനയിച്ചിട്ടും അവരീ അഗതിമന്ദിരത്തില്‍ എത്തിയതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.അതു ഞാന്‍ ചോദിക്കുകയും ചെയ്തു.ജീവിതം മയമില്ലാതെ വലിച്ചിഴച്ചത് കൊണ്ടാവും അവരുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടര്‍ച്ചയുണ്ടായിരുന്നു.ശരീരം വല്ലാതെ ആതുരമായിരുന്നു.

'എന്റെ കൊച്ചേ,പഴയ കാലല്ലേ?നാടകത്തീന്നാ ഞങ്ങളൊക്കെ സിനിമയിലെത്തിയത്.പൈസ കണക്ക് പറഞ്ഞൊന്നും വാങ്ങാറുണ്ടായിരുന്നില്ല.പിന്നെ പെണ്ണുങ്ങളായിട്ടും അഭിനയിക്കുന്നതിന്റെ ചീത്തപ്പേര് വേറെയും..വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രാ പിന്നേം പിടിച്ചു നിന്നത്.പലതിനും വഴങ്ങേണ്ടി വരും.അതങ്ങനൊരു ലോകാണല്ലോ.എന്തായാലും എന്റെ മക്കളൊക്കെ യാതൊരു അല്ലലൂല്ലാതെ വളര്‍ന്നത് സിനിമ തന്ന ചോറു കൊണ്ടു തന്നെയാ.അവരൊക്കെ ഇപ്പോ വല്യ ആള്‍ക്കാരായി.മകള്‍ ഇവിടെ കോഴിക്കോട് തന്നെയാ.അവളുടെ കൂടെത്തന്നായിരുന്നു.പക്ഷെ പ്രായം കൂടുന്തോറും ആളുകള്‍ അവരെത്ര അടുത്തവരായാലും സംസാരത്തിലൊക്കെ ഒരു കാഠിന്യം വരാന്‍ തുടങ്ങും.വലിഞ്ഞുകേറി വന്നതാണെന്ന് ഇടയ്ക്കിടെ നമ്മളെ ഓര്‍മിപ്പിക്കും.വല്ലാതങ്ങ് മടുത്തു കൊച്ചേ.അപ്പഴാ ഒരു ഫ്രണ്ട് ഈ അഗതിമന്ദിരത്തെ ക്കുറിച്ച് പറഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.കെട്ടും മാറാപ്പുമായി പുറപ്പെട്ടു.ഇപ്പഴാച്ചാ നടക്കാനും ബസില്‍ പോകാനുമൊന്നും പ്രയാസല്ല.കുറച്ചു കഴിഞ്ഞാ അതല്ലല്ലോ അവസ്ഥ.'

കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു.'ഇവിടെപ്പോ എന്താ ഒരു ബുദ്ധിമുട്ട്?ഓണായാലും പെരുന്നാളായാലും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കും.ഭക്ഷണം തുണി ഒന്നിനുമില്ല ഒരു മുട്ടും.ഓര്‍മകളാ പ്രശ്‌നം.ചമ്മട്ടി പോലെയാ അവ തലയെ അടിച്ചോണ്ടിരിക്കുന്നത്.'

'ഒക്കെ പിന്നേം ഓര്‍മിപ്പിച്ചതിന് അമ്മച്ചി എന്നോട് ക്ഷമിക്ക്.'


'ഏയ്,അതു സാരല്ല.ആരോടേലൊക്കെ മനസ്സു തൊറക്കണത് ഒരു സുഖാ..എനിക്ക് ദൈവാധീനം കൊണ്ട് നടക്കാനും ഇരിക്കാനും ഒരു കൊഴപ്പൂല്ല.ഈ ലേഖേനെ നോക്ക്.ഓര്‍മയെത്തിയ മുതല് അവളീ വീല്‍ചെയറിലാ.ദൈവം ചെലരെ കാണണില്യ കുട്ട്യേ.'

ലേഖ വറ്റിവരണ്ട ഒരു ചിരി ചിരിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

'പത്രത്തിലൊക്കെ ഞങ്ങടെ കഥ വരൂലോ.അതന്നെ സന്തോഷം.ആ അമ്മേടെ മക്കളെപ്പോലെ നന്ദി കെട്ടവര്‍ക്ക് ഒന്നു മാറിചിന്തിക്കാന്‍ അതുപകരിച്ചാലോ..ഒരു ചേട്ടനും ചേച്ചീം ഉണ്ടെനിക്ക്.പാടത്ത് വെള്ളം തിരിക്കാന്‍ പോയതാ അച്ഛന്‍ ഒരു ദിവസം.പിന്നെ കാണണത് കൊറെ ആളോള്‍ അച്ഛനെ എടുത്തോണ്ട് വരണതാ.ആ കിടപ്പ് രണ്ടു മാസം നീണ്ടു.അമ്മയോട് എപ്പഴും പറയും ലേഖേനെ വേദനിപ്പിക്കരുത്.അച്ഛന്‍ മരിക്കുമ്പോ പന്ത്രണ്ട് വയസ്സാ എനിക്ക്.വായനയുടെ ലോകത്തേക്ക് എന്നെ വഴി കാട്ടിയ വിളക്ക്.ഇന്ന് ഈ പുസ്തകങ്ങള്‍ മാത്രമാണ് എന്റെ ആലംബം..അമ്മയും മരിച്ചതോടെ ഞാനിവിടെയെത്തി.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരവരുടെ ജീവിതം തന്നെ പ്രധാനം.നമ്മളെപ്പോലെ ചില പടുമുളകള്‍ക്കല്ലേ അതില്ലാത്തതുള്ളു.'

'സന്തോഷല്ലേ ചേച്ചീ ഇവിടെ.'

'പിന്നേ,എത്ര അമ്മമാരാ എനിക്കിവിടെ.ചേച്ചിമാര്‍,അനിയത്തിമാര്‍..എന്നാലും ഇടയ്ക്ക് അറിയാതെ കണ്ണു നിറയും.അറിഞ്ഞൂടാ എന്താ കാരണംന്ന്..'

ആ ആര്‍ട്ടിക്ക്ള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് ഞാന്‍ അവിടെ ഒരു മെമ്പര്‍ തന്നെയായി.ഇപ്പോ മോഹനനെ കൂട്ടി വരണത് തന്നെ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ മാത്രല്ല,ലേഖച്ചേച്ചീനെ പരിചയപ്പെടുത്താനും കൂട്യാ.അവളെഴുതിയ കുറെ കവിതകള്‍ അന്നെന്നെ കാണിച്ചിരുന്നു.അതൊരു പുസ്തകമാക്കണം.

യശോദാമ്മ വല്ലാണ്ടങ്ങ് വയസ്സായ പോലെ, കൂനിപ്പിടിച്ചു നടക്കുന്നു.ലേഖച്ചേച്ചിയെ ചോദിച്ചപ്പോ അവര് വല്ലാതെ സങ്കടപ്പെട്ടു,പിന്നെ ഇരുട്ട് പതിയിരിക്കുന്ന ഒരു റൂമിലേക്ക് കൊണ്ടു പോയി.വീല്‍ ചെയര്‍ കുറെ പുസ്തകങ്ങളെ താങ്ങി ഇരിക്കുന്നു.

'നാലു ദിവസേ ആയുള്ളൂ.വീല്‍ ചെയര്‍ അവര് മാറ്റാനൊരുങ്ങിയപ്പോ ഞാനാ പറഞ്ഞത് അവളുടെ ഓര്‍മയ്ക്ക് ഒരാഴ്‌ചേലും അതവിടെ കിടക്കട്ടേന്ന്.പിന്നെ കൊച്ചിനോടൊരു കാര്യം ഏല്പിച്ചിരുന്നു.'യശോദാമ്മ ഏറ്റവും അടിയില്‍ നിന്ന് രണ്ടു നോട്ടുബുക്കുകള്‍ വലിച്ചെടുത്തു.
'എന്നേലും സൌകര്യപ്പെട്ടാ ഇതൊരു പുസ്തകാക്കാന്‍ പറഞ്ഞു അവള് '

താളുകള്‍ മറിക്കുമ്പോള്‍ കൈ വിറച്ചു.ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു

'മറ്റുള്ളവരുടെ വരമ്പുകള്‍ക്കുള്ളില്‍ പെട്ടു പോയവര്‍ക്കു വേണ്ടി
ചരിത്രത്തില്‍ ഒരു കാല്പാടു പോലും ശേഷിപ്പിക്കാനാവാത്ത വ്രണിതജന്മങ്ങള്‍ക്കു വേണ്ടി
പ്രസവിച്ചു പോയി എന്ന കുറ്റം കൊണ്ടു മാത്രം വേദന തിന്നുന്ന അനേകം അമ്മമാര്‍ക്കു വേണ്ടി  ഈ കവിതകള്‍ സമര്‍പ്പിക്കുന്നു
മഴ നിലാവ്
ലേഖ'    
……………………………………………………………………………………………………………………………………………..